Monday, November 22, 2021

ശ്രീ മഹാലക്ഷ്മീ ധ്യാൻ യോഗ്

ശ്രീ മഹാലക്ഷ്മീ ധ്യാൻയോഗ്
1.ഗുരുവന്ദനം
(ശിരസിൽ സംഘടന മുദ്ര പിടിച്ച് കൊണ്ട് ചെല്ലുക )

വന്ദേഗുരുപദദ്വന്ദം
അവാങ്ങ്മനസ ഗോചരം
രക്തശുക്ളപ്രഭാമിശ്രം
അതർക്യം ത്രൈപുരം മഹാ:

2. ആസനപൂജ - 
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി ഇരിപ്പിടം തൊട്ട് കൊണ്ട് ജപിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക 

"പൃഥ്വീ ത്വയാ ധൃതാ ലോകാ 
ദേവീത്വം വിഷ്ണുനാ ധൃതാ 
ത്വാം ച ധാരയമാം ദേവീ 
പവിത്രം കുരു ച ആസനം" 

വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക

3. ആത്മപൂജ - 
ഇരു കൈകളാലും
ദേഹം മുഴുവൻ
താഴെ നിന്ന് മേലോട്ട്  തലോടിക്കൊണ്ട് ചെയ്യുക , ഷഡ്ചക്രങ്ങളിലും ഊർജ്ജം നിറഞ്ഞതായി ഭാവിക്കുക )

ദേഹോ ദേവാലയ പ്രോക്താ 
ജീവോ ദേവ സനാതന 
ത്യജേത് അജ്ഞാൻനിർമ്മാല്യം 
സോഹം ഭാവേന പുജയേത് 

4.കരന്യാസ
പഞ്ചഭൂതങ്ങളും
ശുദ്ധമാകുന്നു എന്ന് ഭാവിച്ച് പെരുവിരൽ മുതൽ ചെറുവിരൽ വരെയും കൈപത്തി
മുഴുവനായും തലോടുക                          

ഓം അംഗുഷ്ഠാഭ്യാം നമഃ
ഓം തർജ്ജനീഭ്യാം സ്വാഹാ 
ഓം മധ്യമാഭ്യാം വഷട്    
ഓം അനാമികാഭ്യാം ഹും
ഓം കനിഷ്ഠികാഭ്യാം വൗഷട്       
കരതലകര പൃഷ്ഠാഭ്യാം ഫട്          

5. താളത്രയം
(താഴെ നിന്ന് മുകളിലേക്ക് 3 പ്രാവശ്യം കൈ കൊട്ടുക)
ഓം ഭൂർ ഭുവ സ്വരോം

6.ദിഗ് ബന്ധം

10 ദിക്കുകളും
അസ്ത്ര മുദ്രയാൽ
രക്ഷിക്കുക
ഓം പശു ഹും ഫഡ് (10)

7. സങ്കല്പം
ശ്രീ മഹാലക്ഷ്മീപ്രീത്യർത്ഥം
മഹാലക്ഷ്മീ ഉപാസന അഹം കരിഷ്യേൽ

8. പ്രാണായാമം
10 പ്രാവശ്യം ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക 

ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ അപ്പോൾ ഉദിച്ചുയരുന്ന  സൂര്യന്റെ സ്വർണ നിറത്തോടുകൂടിയശ്വാസം ശരീരത്തിലേക്ക് പ്രവേശിക്കുന്നതായി ഭാവിക്കുക

നിങ്ങൾ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും നിങ്ങളുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും നിറയുന്നതായി ഭാവിക്കുക

പ്രപഞ്ചത്തിലെ എല്ലാ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും നിങ്ങളിലേക്ക് വരുന്നത് അനുഭവിക്കുക

ഓരോ ഉച്ച്വാസത്തിലും
നിങ്ങളിലെ നിഷേധ വികാരങ്ങളും
നിങ്ങളിൽ നിന്നും നിങ്ങൾ  ഉപേക്ഷിക്കാൻ  ആഗ്രഹിക്കുന്ന  ശീലങ്ങൾ സ്വഭാവങ്ങൾ
എന്നിവ നിങ്ങളിൽ നിന്നും പുറത്തു പോകുന്നതായും ഭാവിക്കുക

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെ യും വളരെ അധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടെ സ്വീകരിക്കുക

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസത്തെ യും വളരെയധികം നന്ദിയോടെ
പോവാൻ അനുവദിക്കുക

നമുക്ക് ലഭിച്ച ആനന്ദത്തിനും സന്തോഷത്തിനും സൗഭാഗ്യത്തിനും ഹൃദയത്തിൽ നിറയെ നന്ദി അനുഭവിക്കുക

9. ഋഷി ഛന്ദോ ദേവതാ
ക്രമത്തിൽ 
മൂർദ്ധാവിലും
മേൽ ചുണ്ടിലും
ഹൃദയത്തിലും
സ്പർശിച്ച് ചൊല്ലുക
ബ്രഹ്മ ഋഷി
ഗായത്രീ ഛന്ദ
മഹാലക്ഷ്മീർ ദേവതാ

10. മൂലമന്ത്രം (16 to 108)

ഓം ഐം ഹ്രീം ശ്രീം ശ്രീം ഹ്രീം ക്ലീം ശ്രീ മഹാലക്ഷ്മ്യെ നമഃ (16)

ഋഷി ഛന്ദോ ദേവതാ
ക്രമത്തിൽ 
മൂർദ്ധാവിലും
മേൽ ചുണ്ടിലും
ഹൃദയത്തിലും
സ്പർശിച്ച് ചൊല്ലുക
ബ്രഹ്മ ഋഷി
ഗായത്രീ ഛന്ദ
മഹാലക്ഷ്മീർ ദേവതാ

11. മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി

മന്ത്രമൂര്‍ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി

യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃ

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതഃ

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

13.ദിശാ നമസ്ക്കാരം
ദിശാ നമസ്കാരം ചെയ്യുക

പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് . 

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക . 

മന്ത്രം- ഓം സൂര്യായ നമഃ 

അഗ്നികോൺ 
( തെക്ക്- കിഴക്ക് ഭാഗം ) 

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക . 

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക . 

ഓം അഗ്നയേ നമ 

തെക്കു ഭാഗം

നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും 

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക . 

ഓം പിതൃഭ്യോ നമഃ 

നീ ര്റ്തി കോൺ - 
( തെക്ക് പടിഞ്ഞാറ് ഭാഗം )

നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ 

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക . 

ഓം വരുണായനമഃ 

വായുകോൺ 
( പടിഞ്ഞാറ് വടക്ക് ഭാഗം )

തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക . 

ഓാം വായവേ നമഃ 

വടക്ക് ഭാഗം : 
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക . 

ഓം സോമായ നമഃ 

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ 
( വടക്കുകിഴക്ക് ) 

ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

ഓം ഈശാനായ നമ : 

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

പൂർണ്ണ ദീക്ഷ

*"നിങ്ങൾ ഒരു നിസ്വനായി വേണംപോകാൻ"*
21 വർഷത്തെ ശ്രീവിദ്യാ സപര്യയുടെ പൂർണ്ണതക്കായി
ഗുരു സന്നിധിയിലേക്ക്
യാത്രപുറപ്പെടുന്ന സമയം, 

വലിയ രണ്ട് ബാഗുകളിലായി സാധനങ്ങൾ നിറച്ച് വണ്ടിയിൽ വെയ്ക്കുമ്പോഴാണ്
പിന്നിൽ നിന്നും
രാംജിയുടെ ശബ്ദം

മനസ്സിലായില്ലെന്ന ഭാവത്തിൽ
ഞാൻ അദ്ദേഹത്തിന്റെ
മുഖത്തേക്ക് നോക്കി

വിദൂരതയിലേക്ക് നോക്കി കൊണ്ട് അദ്ദേഹം തുടർന്നു

"നമ്മളീ ഭൂമിയിലേക്ക് വന്നതും നിസ്വനായിട്ടല്ലേ
പിന്നെ എന്തിനാണ്
ഈ യാത്രയിൽ ഇത്രയധികം ഭാരം " 

"ശ്രീനാഥേട്ടൻ
തികച്ചും
നിസ്വനായി വേണം
പൂർണ്ണ ദീക്ഷക്ക് പോവാൻ എന്നാണ്
എന്റെ അഭിപ്രായം "
രാംജി വ്യക്തമാക്കി

സത്യത്തിൽ
ആ വാക്കുകൾ
എന്റെ അഹങ്കാരത്തിന്റെ
ഭാരമാണ് ഇറക്കി വെച്ചത് അങ്ങനെ  ഒരു ചെറിയ തോൾസഞ്ചിയിൽ
നിത്യോപാസനാംഗമായ
മഹാമേരുവും അവശ്യ
വസ്ത്രങ്ങളും  മാത്രമെടുത്ത്
റെയിൽവേ സ്‌റ്റേഷനിലേക്ക്
പുറപ്പെട്ടു.

രാംജി തന്നെയാണ്
ബൈക്കിൽ സ്റ്റേഷനിൽ വിട്ടത്.

സ്റ്റേഷനിൽ നിന്നും യാത്ര പറഞ്ഞു അദ്ദേഹം തിരിച്ചു പോകുമ്പോൾ
ആകെ ആഗ്രഹിച്ചത്
എന്റെ ജീവിതത്തിലെ
ഏറ്റവും ധന്യമായ
ഈ മുഹൂർത്തത്തിൽ
രാംജി കൂടെ ഉണ്ടാവണം
എന്നായിരുന്നു.

ആഗ്രഹം അറിയിച്ചു കൊണ്ട്
ഒരു വാട്ട്സ്അപ് സന്ദേശം അയച്ചു.

എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിന് വരാതിരിക്കാൻ കഴിയില്ലെന്ന്

ബോധം ശക്തമായ
ഒരു ശൂന്യാവസ്ഥയിൽ
ആയിരുന്നു എന്ന് വേണം പറയാൻ
ഒരു പക്ഷെ
ആ അമൃതവർഷത്തിന്
ആത്മാവ് പാകപ്പെടുന്നതാവാം

ട്രയിൻ നിശ്ചയിച്ച പാളത്തിലൂടെ യാത്ര തുടർന്നു.

മഴയത്ത് മാഞ്ഞ്
മറഞ്ഞു പിന്നിലേക്കു പോകുന്ന കാഴ്ചകൾ കണ്ടപ്പോൾ ചിന്തിച്ചത്
പിന്നിട്ട ജീവിതത്തെയും
അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്
എന്ന എന്റെ
 ഗുരുനാഥനെ കുറിച്ചുമായിരുന്നു

 21 വർഷങ്ങൾക്ക് മുമ്പ്
ഇതേ പോലെ
ഗുരുനാഥന്റെ അടുത്തേക്ക് പോകുമ്പോൾ
കൂടെയുണ്ടായിരുന്നത് ദാരിദ്ര്യവും നിസ്സഹായതയും മാത്രമായിരുന്നു.

അന്ന് ഗുരുനാഥൻ മന്ത്രദീക്ഷക്കൊപ്പം എനിക്ക് തന്നത് മഹത്തായ ജീവിതവും വലിയ ഒരു കാഴ്ചപ്പാടും
ആയിരുന്നു.

ഗുരു ഗർഭത്തിൽ
കൂടുതൽ കാലം കഴിയാൻ സാധിച്ചില്ലെങ്കിലും
ഗുരുത്വമെന്ന ആ പൊക്കിൾക്കൊടി
എന്നും എന്നെ എന്റെ ഗുരുനാഥനുമായി ബന്ധിപ്പിച്ചിരുന്നു.

ശക്തമായ സാധനയുടെയും
പുരശ്ചരണത്തിന്റെയും
നാളുകൾ, 

യാത്ര തന്നെ ലക്ഷ്യമായിക്കണ്ട് പിന്നിട്ട വഴികൾ

ഗുരുനാഥൻ 
എന്നിൽ പാകിയ വിത്തുകൾ മുളച്ച് തുടങ്ങിയിരുന്നു.

ഗുരുപരമ്പരകളുടെ
അനുഗ്രഹത്താൻ
ഓരോ സ്ഥലത്തു നിന്നും ലഭിച്ചത് വലിയ സ്വീകാര്യത.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഗുരുമഹിമ  മനസിലാക്കാൻ തക്കവണ്ണം പക്വതയില്ലാത്ത കാലത്ത്,ദീക്ഷ എന്നത് ചോദിച്ചു വാങ്ങേണ്ടതല്ല ഗുരുനാഥൻ അറിഞ്ഞു തരേണ്ടതാണ് എന്ന തിരിച്ചറിവ് ഇല്ലാത്ത കാലത്ത്
ദീക്ഷയെ കുറിച്ച് ഗുരുനാഥനോട്
ചോദിച്ചപ്പോൾ

"ശിഷ്യൻ പാകമാവുമ്പോൾ ഗുരു പ്രത്യക്ഷപ്പെടും" എന്ന് പറഞ്ഞ് എന്റെ അഹങ്കാരം നിറഞ്ഞ ദീക്ഷാ മോഹത്തെ 
ഒടിച്ചുകളയുകയാണ് ഗുരുനാഥൻ ചെയ്തത്.

വീണ്ടും ഒരുപാട് യാത്രകൾ അനുഭവങ്ങൾ
അംഗീകാരങ്ങൾ,
ഒരുപാട് മഹാത്മാക്കളുമായുള്ള സഹവാസം,
രാംജിക്കൊപ്പമുള്ള
പഠനങ്ങൾ ,കാശ്മീര
ശൈവ ദർശനങ്ങൾ,
ഋതംഭര തുടങ്ങി
എന്തൊക്കെയോ
ഞാൻ പോലുമറിയാതെ
എന്റെ മനസ്സിനെയും ബോധത്തെയും പാക പെടുത്തിയിട്ടുണ്ടാവാം 

കഴിഞ്ഞ ഗുരുപൂർണിമ യോടനുബന്ധിച്ച്
ഗുരുനാഥനെ കാണാൻ ചെന്നപ്പോഴാണ്

"താൻ ഒരു ജ്യോത്സ്യനെ കണ്ടു കന്നിമാസത്തിൽ ഒരു മുഹൂർത്തം നിശ്ചയിക്കു പൂർണ്ണ ദീക്ഷക്ക് സമയമായി "
എന്ന് ഗുരുനാഥൻ പറയുന്നത് 

ആനന്ദം കൊണ്ട്
മതി മറന്ന നിമിഷങ്ങൾ
ഗുരുനാഥന്റെ വാക്കുകൾ ഒരു അലയൊലിയായി
കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഒരു സാധകനെ സംബന്ധിച്ച് ജീവിതത്തിൽ
ഇതിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യവും ഇല്ല

ജന്മാന്തരങ്ങളിലൂടെ വന്നു ചേർന്ന പാപങ്ങളെ ഏറ്റടുത്ത് ശിഷ്യനെ പാപത്തിൽ നിന്നും മുക്തനാകുകയും ശിഷ്യന് ജ്ഞാന മാർഗം ഉപദേശിച്ചു കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദീക്ഷ

ഗുരു പരമ്പരകളിലൂടെ
ഒഴുകി തന്നിൽ എത്തി നിൽക്കുന്ന മന്ത്രശക്തിയെ
പോഷണം ചെയ്തു തന്റെ ഉപാസ്യ ദേവതയുടെ ശക്തി ഉദ്ധീപിപ്പിച്ചു നാഡി മാർഗ്ഗേണ ശിഷ്യനിൽ ആത്മ സംയോജനം ചെയ്യുന്നതാണ്
ദീക്ഷാ ക്രിയകൾ ..

അങ്ങനെ ഒക്ടോബർ
പത്തിന് ദീക്ഷ തീരുമാനിച്ചു.

കാലത്തിന് ദൈർഘ്യം
കൂടുതലാണ് എന്ന് തോന്നിയ ദിന രാത്രങ്ങൾ

അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു സന്ധ്യാനേരത്ത് ഗുരുനാഥന്റെ വീഡിയോ കോൾ 

"അല്ലെങ്കിൽ ഒക്ടോബർ 10 വരെ കാത്തു നിൽക്കണ്ട
നമുക്ക് സപ്തംബർ
27 ന് തന്നെ ദീക്ഷാ കലശം നടത്താം "

സന്തോഷാധിക്യത്താൽ
ശബ്ദം ഇല്ലാതായ
അവസ്ഥ 

എന്തൊക്കെ
ഒരുക്കങ്ങളാണ് 
ഞാൻ ചെയ്യേണ്ടത്
എന്ന ചോദ്യത്തിന്
മറുപടി ലഭിച്ചത്

"താൻ അങ്ങട് വന്നാ മാത്രം മതി ഒരുക്കങ്ങളെല്ലാം
അവിടെ റെഡി ആയിരിക്കും "

 എന്നാണ്

അക്ഷര ലക്ഷം പറഞ്ഞ്
(1അക്ഷരത്തിന് 1 ലക്ഷം എന്ന കണക്കിന്)
ദക്ഷിണ വാങ്ങുന്ന ഗുരുക്കൻമാർ ഉള്ള ഈ നാട്ടിൽ ഗുരുനാഥന്
ഇങ്ങനെ പറയാൻ സാധിച്ചത് സാമൂഹിക പ്രതിബദ്ധതയുടെ ,
നവോത്ഥാനത്തിന്റെ
ബിംബമായ മാധവ്ജിയിലൂടെ
പ്രവഹിച്ച ദർശനത്തിന്റെ അമൃത ധാരകൊണ്ടായിരിക്കാം

പിന്നീട് മുഹൂർത്തം ആവുന്നതുവരെ മനസ്സിന് ഒരു നിസ്സംഗത ആയിരുന്നു .ഒരുപക്ഷേ ശരീരവും മനസ്സും ആ വലിയ ബോധ പ്രവാഹത്തിന് തയ്യാറാവുന്നത് ആയിരിക്കാം

ചിന്തകൾക്ക് ഒപ്പം തന്നെ ട്രെയിനും സഞ്ചരിച്ചതിനാൽ
പെട്ടന്ന് തന്നെ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി

വിപിൻ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം 
എനിക്ക് കേട്ട് മാത്രം പരിചയമുള്ള പാഞ്ഞാൾ ഗ്രാമത്തിലെ
തോട്ടം മനയിലേക്ക്

കർമ്മഫലത്തിന്റെ ഭാണ്ഡങ്ങൾ മാത്രമായി ഭൂമിയിലേക്ക് ജനിക്കുന്ന ശിശുവിനെപ്പോലെ
തികച്ചും നിസ്വനായിത്തന്നെയാണ്
നേരിയ മഴയിൽ
സന്ധ്യക്ക് തോട്ടം മനയിൽ എത്തിയത്

പ്രൗഢഗംഭീരമായി പഴമയുടെ ചാരുതയിൽ ദീപ പ്രഭയോടെ നിൽക്കുന്ന ആ മനയുടെ അകത്തുനിന്നും
സാമവേദധ്വനികൾ, കാതോർത്താൽ നമുക്ക് ഇപ്പോഴും കേൾക്കാൻ സാധിക്കും

ഞാൻ എത്തുന്നതിനു മുമ്പ് തന്നെ ഗുരുനാഥൻ അവിടെ എത്തിയിരുന്നു
ഗുരുനാഥനെയും മനയിലെ വേട്ടക്കരനെയും നമസ്കരിച്ച്
ഗുരുനാഥനൊപ്പം
ഇരുന്നു.

വളരെ ഹൃദ്യമായ ആതിഥേയത്വം ആണ്
തോട്ടം മന കുട്ടൻ തിരുമേനിയിൽ നിന്നും കുടുംബത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്

മനയിൽ വേട്ടക്കരൻ പാട്ടിനോട് അനുബന്ധിച്ച് പൂജകളും ക്രിയകളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു

അന്നത്തെ ശുദ്ധി ക്രിയകൾക്ക് ശേഷം ഞാൻ എനിക്കു വേണ്ടി വ്യവസ്ഥ ചെയ്ത താമസസ്ഥലത്തേക്ക് പോയി.

രാത്രി 11 മണിക്ക്
ഫോൺ ചെയ്തപ്പോൾ രാംജിയുടെ കാൾ
"ശ്രീനാഥ് ഏട്ടാ ഞാൻ ഇവിടെ നിന്നും പുറപ്പെടുകയാണ് ഒന്നര മണിക്കൂർ കൊണ്ട് അവിടെ എത്തും "

 "ആനന്ദലബ്ദിക്കെ നിയെന്തു വേണം "
എന്ന അവസ്ഥയിലായിരുന്നു ഞാൻ

എന്നിൽ പൂർണ്ണത നിറയുന്ന സമയത്ത് എനിക്ക് ഒപ്പം പ്രിയ സഹോദരൻ രാംജി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്

 നൂറിലധികം കിലോമീറ്ററുകൾ നല്ല മഴയത്ത് ബൈക്കോടിച്ച് രാത്രി ഒരു മണിക്ക് മുമ്പായി അദ്ദേഹം എത്തി 

രാവിലെ നേരത്തെ എഴുന്നേറ്റ് ഞങ്ങൾ
തോട്ടം മനയിലെത്തി
ശരീര ബോധം ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട 
ഒരു സാക്ഷി ബോധത്തിൽ തന്നെയാണപ്പോഴും

9 മണിയോടുകൂടി
കലശപൂജകൾ എല്ലാം തന്നെ കഴിഞ്ഞു
പ്രകൃതിയും മനസ്സും 
ശരീരവും ദീക്ഷക്ക് തയ്യാറായി

പുറത്ത് ഭൂമിയാകുന്ന ശിഷ്യനിൽ
സൂര്യനാവുന്ന ഗുരുവിൽ നിന്നും പ്രവഹിക്കുന്ന അമൃതവർഷം

അകത്ത്
അനാദിയായ
സാധനാ പാരമ്പര്യത്തിന്റെ
ഗംഗാ പ്രവാഹം
ഗുരു പരമ്പരകളിൽ കൂടി ഒഴുകി
ശക്തിപാതമായി
ശിഷ്യനിൽ പതിക്കുന്നു

ഗുരുനാഥന് അഭിമുഖമായി എന്നെ ഇരുത്തി കർമ്മഫലങ്ങളെ
ഭൂത ശുദ്ധി കൊണ്ട് കരിച്ച് തന്റെ ആത്മീയ തേജസ്സുകൊണ്ട് ശുദ്ധിവരുത്തി.

ഗുരുനാഥന്റെ ജീവിതത്തെക്കുറിച്ചും
മാധവജി നൽകിയ
ആർജ്ജവത്തെ കുറിച്ചും സംസാരിച്ചതിലൂടെ  ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം
എന്ന ശരിയായ പാത എനിക്ക് കാണിച്ചു തരികയായിരുന്നു.

"രാജ്യം ദേയം ശിരോ ദേയംന്ന ദേയം ഷോഡശാക്ഷരി "

രാജ്യം കൊടുക്കാം ശിരസ്സു കൊടുക്കാം
എന്നാലും ഷോഡശാക്ഷരി മന്ത്രം
നൽകരുത് എന്നാണ് ആചാര്യമതം.

ശ്രീവിദ്യ സമ്പ്രദായത്തിലെ
അതിഗഹനങ്ങളായ നിയമങ്ങളെക്കുറിച്ചും
രഹസ്യങ്ങളെക്കുറിച്ചും
ഗുരുനാഥൻ ഉപദേശിച്ചു
ശേഷം പൂർണ്ണ കലശാഭിഷേകം
ശിരസ്സിൽ പതിച്ചപ്പോൾ
ഇന്നുവരെ ഞാൻ കടന്നുവന്ന എല്ലാ ശരീരങ്ങളും ജീവിതങ്ങളും
ഒരു മിന്നായം പോലെ എന്റെ ബോധതലത്തിലൂടെ
ഓടി മറയുന്നത് സാക്ഷി ഭാവത്തിൽ എനിക്ക് അനുഭവിക്കാൻ സാധിച്ചു
സ്ഥലകാല സീമകളുടെ അപ്പുറത്തേക്ക് ബോധം സഞ്ചരിച്ച നിമിഷം ഞാൻ തന്നെയാണ് പ്രപഞ്ചം എന്നറിഞ്ഞ
നിമിഷം
സാക്ഷാൽ രാജരാജേശ്വരി തന്നെ
ഗുരുനാഥന്റെ രൂപത്തിൽ
പ്രത്യക്ഷപ്പെട്ടതായാണ്
എനിക്ക് അനുഭവപ്പെട്ടത്
അത് വിവരണാതീതമായ അനുഭവമാണ്
രഹസ്യവും

തുടർന്ന് ദീക്ഷാ നാമവും
ജീവിതത്തിൽ അനുഷ്ഠിക്കേണ്ട
നിത്യ നൈമിത്തിക
കൃത്യങ്ങളും പഠിപ്പിച്ചു ഒരു പുതിയ ജീവിതത്തിലേക്ക് ........

ഗുരുനാഥാ
ഈ ജന്മം മുഴുവൻ
ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു

ഈ ഭൂമിയിൽ എവിടെയോ ജനിച്ചു ഒന്നും ആവാതെ പോകുമായിരുന്ന എന്നെ
സനാഥൻ ആക്കിയതിന്

സ്വസമുദായത്തിൽ നിന്നും ഉണ്ടായ ശക്തമായ എതിർപ്പുകൾ അവഗണിച്ചു
മാധവ്‌ജിയിൽ നിന്നും ലഭിച്ച അഗ്നിയെ  ജ്വലിപ്പിച്ച് ജാതിയുടെ മതിൽക്കെട്ടുകൾ തകർത്തു
ഈ ലോകത്തിന് വെളിച്ചം നൽകിയതിന്
ഈ നാട്തന്നെ എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണ്യം
ജന്മസിദ്ധം അല്ല
കർമ്മസിദ്ധം 
ആണെന്ന്
സ്വന്തം പ്രവർത്തികളിലൂടെ
നടപ്പിലാക്കി
യഥാർത്ഥത്തിൽ നവോത്ഥാനം
നടത്തിയ
അങ്ങയെ
ലോകം മുഴുവൻ അങ്ങനെ ആദരിക്കുന്നു

ഒരുപാട് നന്ദി
രാംജി
ധന്യമായ ഈ മുഹൂർത്തത്തിൽ എന്റെ കൂടെ ഉണ്ടായിരുന്നതിന്

ഗുരു മഹിമയും ദീക്ഷയും വരികളിലൂടെ വരച്ചതിന് , (FB Post)

നന്ദി ലാലേട്ടാ
എന്റെ പുതു ജന്മത്തിൽ എനിക്കും
ഗുരുനാഥനും നൽകിയ പ്രഥമ  അഭിവാദനത്തിന്

നന്ദി 
കുട്ടേട്ടാ (തോട്ടം മന)
എൻറെ പുനർജന്മം  ധന്യം ആക്കിയതിന്
എൻറെ പുതുജനത്തിന് രാജകീയമായ സംവിധാനങ്ങൾ ഒരുക്കിയതിന്,
ഒരിക്കലും മറക്കാത്ത ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചതിന്
ഒരു പാട് നന്ദി
അങ്ങയുടെ കുടുംബത്തിനും
ശിഷ്യഗണങ്ങൾക്കും

ഒരു പാട് ഒരു പാട് നന്ദി,
പൂർണ്ണ ദീക്ഷിതതായ
വിവരം മാധവ്ജി പേജിലൂടെ വർദ്ധിച്ച സന്തോഷത്തോടെ
ആധികാരികമായി
ലോകത്തെ അറിയിച്ച
പ്രിയ സഹോദരൻ
ജയകുമാർ ഹരിഹരൻ ജീ

നന്ദി
എനിക്കൊപ്പം ദീക്ഷിതനായ
കുന്നുപറമ്പ്
പിന്നെ
നിങ്ങൾ തന്നു കൊണ്ടിരിക്കുന്ന
അതിരില്ലാത്ത
സ്നേഹത്തിനും
കരുതലിനും
കണക്കറ്റ നന്ദി

ശ്രീനാഥ് കാരയാട്ട്
30/09/21