Showing posts with label ശ്രീരാമദേവൻ പറഞ്ഞ കഥകൾ. Show all posts
Showing posts with label ശ്രീരാമദേവൻ പറഞ്ഞ കഥകൾ. Show all posts

Monday, April 20, 2020

സാക്ഷി, ശ്രീരാമദേവൻ പറഞ്ഞ കഥകൾ

ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ ഒരു കഥയാണ്. നമ്മുടെയുള്ളിൽ ജ്ഞാനദീപം കൊളുത്തുവാൻ ഉപകരിക്കുമെങ്കിൽ നല്ലത്.
പണ്ട് ഒരു ഗ്രാമത്തിൽ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു . വീട്ടിൽ നിന്ന് അല്പം അകലെയുള്ള വയലിൽ കൃഷി ചെയ്ത് അയാൾ ജീവിതവൃത്തി കഴിച്ചു വന്നു.

വിവാഹം കഴിഞ്ഞു കുറെക്കാലം കഴിഞ്ഞാണ് അയാൾക്ക് ഒരു കുട്ടിയുണ്ടായത് . അതുകൊണ്ട് കർഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചു വളർത്തി . കുട്ടിയെ ഓമനയായി അവർ 'ഹാരു ' വെന്നാണു വിളിച്ചിരുന്നത് . കർഷകൻ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകർത്തവ്യ നിർവഹണത്തിൽ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല . ഗ്രാമീണർക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു . ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയെയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും  പറയുകയും ചെയ്തിരുന്നു . എങ്കിലും ഹാരുവിനോട് വലിയ വാത്സല്യമായിരുന്നു.

 ഒരു ദിവസം അയാൾ വയലിൽ ജോലിയെടുക്കുവാൻ പോയി . നേരം മധ്യാഹ്നമായി അപ്പോൾ ഒരു അയൽക്കാരൻ ഓടിവന്ന്  ഹാരുവിനു കോളറ ബാധിച്ചിരിക്കുന്നുവെന്നും അവൻ അവശനിലയിൽ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു . കൃഷിക്കാരൻ ഉടനെ മടങ്ങിവന്നു ചികിൽസക്കുവേണ്ട ഏർപ്പാടുകൾ ചെയ്തു . പക്ഷെ എല്ലാം നിഷ്ഫലമായി . ഹാരു മരിച്ചു . വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു . ഹാരുവിന്റെ അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി . കർഷകൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ശാന്തനായിരുന്നു . അയാൾ ഭാര്യയെയും മറ്റുള്ളവരെയും സമാധാനിപ്പിക്കാൻ തുടങ്ങി .

         *ഭാര്യ പറഞ്ഞു : “ നിങ്ങൾ എന്തൊരു ക്രൂരഹൃദയനാണ് ? നിങ്ങളുടെ ഹൃദയം പാറയാണോ ? നമ്മുടെ ഓമനമകൻ മരിച്ചിട്ട് ഒരു തുള്ളി കണ്ണുനീർപോലും വീഴ്ത്തുന്നില്ലല്ലോ ? 

നമുക്കു ദുഃഖം വരുമ്പോൾ അനുശോചിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ ദുഃഖത്തിനു ശമനമുണ്ടാവുക സ്വാഭാവികമാണല്ലൊ . എന്നാൽ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കർഷകൻ പറഞ്ഞു :
 " പ്രിയേ , ഇപ്പോൾ എനിക്ക് ഒരു സംശയം ! " ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു . ഇപ്പോഴാണോ നിങ്ങളുടെ സംശയം . നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങൾ കാണുന്നില്ലേ? എന്താണു നിങ്ങൾക്ക് ഒരു ദുഃഖവുമില്ലാത്തത് ?*

         കൃഷിക്കാരൻ വിവരിച്ചു : " ഞാൻ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു . ആ സ്വപ്നത്തിൽ ഞാൻ ഒരു രാജാവായിരുന്നു . എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരുമുണ്ടായിരുന്നു . ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു . അങ്ങനെ കൊട്ടാരത്തിൽ സുഖമായി താമസിച്ചുകൊണ്ടിരിക്കുമ്പോഴാണു ഞാൻ പെട്ടെന്ന് ഉണർന്നത് . അപ്പോൾ രാജകുമാരന്മാരുമില്ല , രാജ്ഞിയുമില്ല , കൊട്ടാരവുമില്ല . ഇപ്പോൾ എന്റെ സംശയം ഇന്നലെ രാത്രി നഷ്ടപ്പെട്ട ആറു കുട്ടികൾക്കുവേണ്ടി കരയണമോ , ഇപ്പോൾ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണ് . ' ഇതു കേട്ട് എല്ലാവരും അതിശയിച്ചു .

          കൃഷിക്കാരൻ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാർത്ഥമാണെന്നു അയാൾക്കറിയാമായിരുന്നു. രണ്ടും മനസ്സിന്റെ സൃഷ്ടിയാണ് . ജാഗ്രദവസ്ഥയിൽ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാൻ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു . സ്വപ്നാവസ്ഥയിൽ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ . നിദ്രയിൽ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാന നിദ്രയിൽ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു . അജ്ഞാനനിദ്രയിൽ ഉണർന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോൾ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാൽ അയഥാർത്ഥമാണെന്നു ബോധ്യപ്പെടുന്നു .