Tuesday, February 18, 2020

ഇരുട്ടടിയുടെ മനഃശാസ്ത്രം!

ഇരുട്ടടിയുടെ മനഃശാസ്ത്രം!


ഈ ലോകം എന്നാൽ എന്ത്? 


ഇന്ത്യൻ തത്വ ചിന്ത അതിനെ നിങ്ങളുടെ കാഴ്ചപ്പാട് എന്നാണ് വിളിക്കുന്നത്. ലോകാവസാനം എല്ലാവര്ക്കും ഉണ്ട് . 


അവർ മരിക്കുമ്പോൾ ആണ് എന്ന് മാത്രം. നമ്മുക്ക് ഒന്ന് കൂടെ ചിന്തിച്ചു നോക്കാം.. 


ഈ ലോകം ഉണ്ട് എന്ന് നമ്മുക്ക് അറിവ് ലഭിക്കുന്നത് എങ്ങനെയാണു? 

അഞ്ചു ഇന്ദ്രിയങ്ങളിലൂടെ ലോകത്തെ കേൾക്കുന്നു, കാണുന്നു, മണക്കുന്നു,രുചിക്കുന്നു, സ്പർശിക്കുന്നു. 


എന്നാൽ ഒരാൾ ജനിച്ചതേ അഞ്ചു ഇന്ദ്രിയങ്ങൾ ഇല്ലാതെ ആണെങ്കിൽ അയാൾക്ക്‌ ലോകം ഉണ്ടോ? 


നമ്മുക്കയാളെ കാണാം, കേൾക്കാം, തൊടാം പക്ഷെ നമ്മുക്കയാളെ എങ്ങനെ ബോധ്യപെടുത്താം ഈ ലോകം നിലവിൽ ഉണ്ട് എന്ന്? 


ഒരിക്കലും സാധ്യമല്ല അതായതു അയാൾ ജനിച്ച കാര്യം പോലും അയാൾ അറിയുന്നില്ല. 


ഇന്നത്തെ കാലത്തു ഇതൊരു അസുഖമാണ് വികാലാംഗതയാണ് എന്നാൽ യോഗ ഇതിനെ സമാധി എന്നാണ് വിളിക്കുന്നത്.. 


അറിഞ്ഞു കൊണ്ട് ലോകത്തിൽ നിന്നും ഉൾ വലിയുമ്പോൾ ഉള്ളിലെ ആനന്ദ സ്വരൂപം നമ്മുക്കറിയാനാകുമെന്നാണ് യോഗ പറയുന്നത്. 


ധ്യാനത്തിന്റെ യുക്തിയും അത് തന്നെ. കണ്ണടയ്ക്കു, കാതടയ്ക്കു, മൂക്കടയ്ക്കു, നാക്കടക്കു, സ്പര്ശമേല്ക്കാതിരിക്കു എന്നൊക്കെ ധ്യാനിക്കുമ്പോൾ പറയുന്നത് ഇത് കൊണ്ടാണ്.


ഇത് ലോകത്തെ നിഷേധിക്കുക ആണോ? അല്ല തീർച്ചയായും അല്ല.


അഞ്ചു ഇന്ദ്രിയങ്ങളുടെ ഒഴുകി വരുന്ന അറിവുകളാണ് ലോകം എന്ന ധാരണ നമുക്കുണ്ടാകുന്നത്. 


അഞ്ചു ഇന്ദ്രിയങ്ങൾ കൂട്ടിമുട്ടുന്ന ഇടം ആണ് മനസ്സ്, മനസ്സിൽ ശേഖരിച്ച കാര്യങ്ങളെ ബുദ്ധി എന്ന അരിപ്പ കൊണ്ട് അരിച്ചെടുത്തു നമ്മൾ പുറത്തു വിടും, കൈ, കാൽ, ലിംഗം, ഗുദം, വായ എന്നിവയിലൂടെ ആണ് പുറത്തേക്കുള്ള സംവേദനം. അകത്തേക്കുള്ള സംവേദനം ജ്ഞാനേന്ദ്രിയങ്ങളിലൂടെയും പുറത്തേക്കുള്ളത് ഈ പറഞ്ഞ കർമേന്ദ്രിയങ്ങളിലൂടയും ആണ്. 


ബുദ്ധിയുടെ അരിപ്പ നമ്മൾ വെക്കുന്നത് എവിടെയാണ്? പുറത്തേക്കു വിടുന്ന ഭാഗത്താണ്. അകത്തേക്ക് വരുന്ന ഇടത്തു ഒരു അരിപ്പയും ഇല്ല. 


ഒരു ഉദാഹരണം പറയാം.


നമ്മുടെ കണ്ണ് മുതൽ നാക്കു വരെയുള്ള അഞ്ചു  ഇന്ദ്രിയങ്ങളും ഒരു കുടത്തിലേക്കു വെള്ളം കൊണ്ടുവരുന്ന അഞ്ചു കുഴലുകൾ ആണ് എന്ന് കരുതുക. ഈ കുടം നമ്മുടെ മനസ്സാണ്. കുടത്തിൽ നിന്ന് പുറത്തേക്കു പോകുന്ന അഞ്ചു കുഴലുകൾ ആണ് കൈ മുതൽ ഗുദം വരെയുള്ള അഞ്ചു ഇന്ദ്രിയങ്ങൾ. 


ഒരാളോട് നമ്മുക്ക് കലശലായ ദേഷ്യം ഉണ്ടാകുന്നു. ഒരു പക്ഷെ അയാളെ കാണുമ്പോൾ കേൾക്കുമ്പോൾ തൊടുമ്പോൾ അങ്ങനെ ഏതു വിധേനെയും ആവാം. ഈ ദേഷ്യം നമ്മുടെ മനസിലാണ് രൂപപ്പെടുന്നത്. അയാളെ ഒന്ന് പൊട്ടിച്ചു കൊടുക്കണം 

എന്നോ നല്ല അസ്സൽ ചീത്ത വിളിക്കണമെന്നോ നമ്മുടെ ഉള്ളിൽ ഉണ്ട്. പക്ഷെ ഈ സാഹചര്യത്തിൽ അത് ചെയുന്നത് നമ്മുക്ക് തന്നെ ദോഷം ഉണ്ടാക്കും എന്ന് ബുദ്ധി നമ്മളെ ഉപദേശിക്കും അപ്പോൾ തല്ലാൻ ഓങ്ങിയ കൈ കൊണ്ട് നമ്മൾ തലോടും. പക്ഷെ ബുദ്ധി എന്ന അരിപ്പ നമ്മുടെ ഉള്ളിൽ ഉണ്ടായ ഈർഷ്യ എന്ന അഴുക്കിനെ താൽക്കാലികമായി മാത്രമേ തടഞ്ഞുള്ളൂ, ആ അഴുക്കു പുറത്തു പോകാതെ ഉള്ളിൽ കിടക്കുകയും, നമ്മുക്ക് പ്രതികൂലമല്ലാത്ത സാഹചര്യത്തിൽ നമ്മൾ അയാളെ തല്ലുകയും ചെയ്യും. ഇങ്ങനെ ആണ് ഇരുട്ടടി ഉണ്ടാകുന്നത്. 


ഉള്ളിൽ കിടക്കുന്ന ഈർഷ്യ കെട്ടു നാറുന്നതിനെയാണ് നമ്മൾ പക എന്ന് വിളിക്കുന്നത്. 


ചോദ്യം ഇതാണ് പുറത്തോട്ടു പോകുന്ന കുഴലിൽ വെച്ച ബുദ്ധി എന്ന അരിപ്പ അകത്തോട്ടു വരുന്ന കുഴലിൽ വെച്ചാൽ എന്ത് സംഭവിക്കും??


പതഞ്ജലിയും ബുദ്ധനും പറയുന്നത് പരമാനന്ദം സംഭവിക്കും എന്നാണ്... ബുദ്ധനും പതഞ്ജലിയും എട്ടു അരിപ്പകളെ കുറിച്ച് പറയുന്നു അഷ്ടാംഗ മാർഗം എന്ന് ബുദ്ധൻ അഷ്ടാംഗ യോഗം എന്ന് പതഞ്ജലി....

കടപ്പാട് 

Ramanand Kalathingal

No comments:

Post a Comment