Monday, November 2, 2020

ചിദാനന്ദം

"ചിദാനന്ദം "
അല്ലെങ്കിലും അതങ്ങനെയാണ്.
ഓരോ കൂടി കാഴച കഴിയുമ്പോഴും വലിയ ഉൾക്കാഴ്ചയുമായാണ് അവിടുന്ന് പിരിയാറുള്ളത് .
ഈ പ്രാവശ്യവും  അങ്ങനെ തന്നെ.

ഇപ്രാവശ്യം സ്വാമിജി ഞങ്ങളെ ഞെട്ടിച്ചത്
പഴയ ഒരു സെപ്റ്റിക്ക് ടാങ്ക് ഒരു ഗംഭീര ഭൂഗർഭ ധ്യാനമുറിയാക്കിയാണ്.

ആരോ പറഞ്ഞു കേട്ട ഗുഹ കാണാൻ വന്ന 13 കാരനോട് സ്വാമിജി സംസാരിച്ചത് കേട്ടപ്പോഴാണ്
സംഭവം മനസ്സിലായത്.

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സനാതന സംസ്കാരം
പരിചയപ്പെടുത്താനുള്ള നമ്മുടെ പദ്ധതിയായ "ശരാഹ" എന്ന പദ്ധതിയെ കുറിച്ച് സ്വാമിജിയോട് സംസാരിക്കാനാണ് ആശ്രമത്തിൽ എത്തിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ  ആശ്രമത്തിൽ
സന്ദർശകരെ ആരെയും അനുവദിക്കുന്നില്ല എന്ന അറിവുള്ളതിനാൽ
വളരെ സംശയിച്ചാണ് സ്വാമിജിയെ വിളിച്ചത്.
ഉയർന്ന ബഹുമാനം കൊണ്ടാവാം ഇപ്പോഴും സ്വാമിജിയെ വിളിക്കാൻ ഒരു പേടിയാണ്. എപ്പോഴും വലിയ വലിയ കാര്യങ്ങളിൽ തിരക്കിലായിരിക്കുന്ന സ്വാമിജിയെ
നമ്മൾ ഈ ചെറിയ ചെറിയ കാര്യങ്ങൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കുന്ന കാര്യമാലോചിച്ചുള്ള വിഷമം കാരണം,
"ങ്ങള് വിളിക്ക്
ങ്ങള് വിളിക്ക്"
എന്ന് ഞാനും രാംജിയും 1 മണിക്കൂർ പരസ്പരം പറഞ്ഞു.
അവസാനം സ്വാമിജിയെ ബുദ്ധിമുട്ടിക്കുക എന്ന ചിന്തക്കു മുകളിൽ സ്വാമി ജിയോട് സംസാരിക്കാനുള്ള ഇഷ്ടം വിജയിച്ചപ്പോൾ രാംജി വിളിച്ചു. ഫോണിലുള്ള കോറോണ പ്രഭാഷണം കഴിഞ്ഞ ഉടനെ ആദ്യ ബെല്ലിൽ തന്നെ സ്വാമിജി ഫോണെടുത്തു.

അതുതന്നെയാണ് സ്വാമിജിയുടെ ഏറ്റവും വലിയ പ്രത്യേകത. ആരു വിളിച്ചാലും അത് ചെറിയകുട്ടി ആവട്ടെ പ്രമുഖരാവട്ടെ, ഫോൺ എടുക്കുകയും കൃത്യമായി മറുപടി കൊടുക്കുകയും ചെയ്യും.

"വന്നാൽ കാണാൻ പറ്റ്വോ" ന്ന് ചോദിച്ചു.
"ഇപ്പം എവിടാ?" ന്ന്  സ്വാമിജി.

"കോഴിക്കോട്, തൊണ്ടയാട്  ഓഫീസിൽ" ന്ന് ഉത്തരം.

കോവിഡ് നിയന്ത്രണത്താൽ സന്ദർശകരെ അനുവദിക്കാറില്ല എന്നാലും നിങ്ങൾ പോരൂന്ന്
സ്വാമിജി. ഞാനും രാംജി യും ഉടനെതന്നെ വണ്ടിയിൽ കയറി ആശ്രമത്തിലേക്ക് പുറപ്പെട്ടു.

വണ്ടിയിൽ കയറിയത് മുതൽ ആശ്രമത്തിൽ എത്തുന്നതുവരെ സ്വാമിയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു.

സ്വാമിജി എന്നും ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു.

10 വയസ്സുള്ളപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് ആ മഹാത്മാവിനെ. 
കൊളത്തൂരിൽ നിന്നും നടന്ന് നന്മണ്ട വന്ന് ക്ലാസ്സ് എടുക്കുന്ന സ്വാമിയെ കണ്ട അന്നു മുതൽ കടുത്ത ആരാധനനയാണ്.

വിശ്വാസത്തിന് മുകളിൽ യുക്തിചിന്ത നിലനിൽക്കുന്ന കാലത്താണ് സ്വാമിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാനിടയായത്.
വളരെ യുക്തിസഹമായ രീതിയിൽ  ലളിതമായ ഉദാഹരണങ്ങളിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന സ്വാമിയുടെ രീതി വളരെ പെട്ടെന്ന് ഞങ്ങളെപ്പോലെയുള്ള യുവാക്കളെ ആകർഷിക്കുന്നതിനാലാവാം അന്നുമുതൽ ഗുരുസ്ഥാനത്ത് സ്വാമിജി തന്നെയാണ്.

പിന്നീട് കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തതും അതിനുശേഷം സനാതന ധർമ്മ പരിഷത്തിന്റെ
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിജ്ഞാന പരിപാടികളിൽ സജീവമായി പങ്കെടുത്തതും
സ്വാമിജിയെ അടുത്തറിയാനും അപരിമിതമായ അനുഗ്രഹവും സ്നേഹവും അനുഭവിച്ചറിയാനും  സാധിച്ചു.
ഭിന്നിച്ച് നിൽക്കുന്ന ഹൈന്ദവ സംഘടനകളെ ഒന്നിച്ച് നിർത്താനും വിജ്ഞാനത്തിന്റെ മഹാ സാഗരത്തിലേക്ക് സനാതന ധർമ്മികളെ നയിക്കാനും സനാതന ധർമ്മ പരിഷത്തിന്റെ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട്.

സ്വാമിയോട്  ഒരു മണിക്കൂർ സംസാരിച്ചാൽ 100 പുസ്തകം വായിച്ച അറിവാണ് നമുക്ക് ലഭിക്കുന്നത്. അതും വളരെ ലളിതമായ ഭാഷയിൽ, ദൃഷ്ടാന്ത സഹിതം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സ്വാമിജിയുടെ കഴിവ് വാക്കുകൾക്കതീതമാണ്. കുഞ്ഞു കുട്ടികളോടും വൃദ്ധന്മാരോടും മഹാപണ്ഡിതന്മാരോടും അവർക്ക് അനുയോജ്യമായ രീതിയിൽ പെരുമാറുന്ന സ്വാമിജിയുടെ രീതി വളരെ അത്ഭുതത്തോടെ  ഒരുപാട് നോക്കി നിന്നിട്ടുണ്ട്. അത് ജീവിതത്തിൽ പകർത്താൻ ഒരുപാട് ശ്രമിച്ചിട്ടുമുണ്ട്

ഏതാണ്ട് അര മണിക്കൂറിനകം ഞങ്ങൾ അദ്വൈതാശ്രമത്തിൽ എത്തി.
സ്വാമിജിയെ അന്വേഷിച്ചു
സ്വാമിജി എവിടെയാണെന്ന് ആർക്കും അറിയില്ല 
അതങ്ങനെയാണ്

സ്വാമിജി എവിടെയാണ് ഉണ്ടായിരിക്കുക എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല.
കൊളത്തൂർ അദ്വൈതാശ്രമം, ഗുജറാത്തിലെ ആശ്രമം തുടങ്ങി അനേകം ആശ്രമങ്ങളുടെ മഠാധിപതി ആയിരിക്കുമ്പോഴും സ്വാമിജിയെ കാണാറ് കുട്ടികളുടെ അടുത്ത് അവർക്കൊപ്പം കളിക്കുന്നതോ ഭക്ഷണം വിളമ്പി കൊടുക്കുന്നതോ ആശ്രമത്തിലെ ചില്ലറ ജോലികൾ ചെയ്യുന്നതോ  ആയിട്ടൊക്കെയാണ്.

ഫോൺ വിളിച്ചപ്പോൾ
ക്ഷേത്രത്തിന് അരികിലേക്ക് വരാൻ പറഞ്ഞു.

മുമ്പ് പൊട്ടിപ്പൊളിഞ്ഞ ഒരു ക്ഷേത്രവും അതിനോടു ചേർന്ന ഒരു ചെറിയ ഹാളും മാത്രമായിരുന്നു അദ്വൈതാശ്രമം
ഹാളിനോട് ചേർന്നുള്ള ചെറിയ ഒരു മുറിയിലാണ് സ്വാമിജി താമസിച്ചിരുന്നത്. ഒരുപാട് തവണ അവിടുത്തെ അന്ന ക്ഷേത്രത്തിൽനിന്നും
അമൃതിനു തുല്യമായ ഭക്ഷണം കഴിച്ചിട്ടുണ്ട്.

അത് ഇന്നും അങ്ങനെ തന്നെയാണ്.
ഭക്ഷണം എന്തുതന്നെയായാലും അതിന് അസാധ്യമായ സ്വാദാണ് സ്വാമിയുടെ മനസ്സ് ആയിരിക്കാം അതിനു പിന്നിൽ.

സ്വാമിജിയുടെ പ്രവർത്തനഫലമായി ഇന്ന് ആശ്രമം ഗുരുകുലവും വൃദ്ധസദനങ്ങളും വിദ്യാലയവും ഒക്കെയായി വളരെ വലിയ പ്രസ്ഥാനമായിരിക്കുന്നു.

സ്വാമിജിയെ കണ്ടയുടനെ സാധാരണ ചോദിക്കുന്ന ചോദ്യം തന്നെ സ്വാമിജി ആവർത്തിച്ചു.

വല്ലതും കഴിച്ചിട്ടാണോ വരുന്നത് ?

ഉത്തരം, "അല്ല സ്വാമിജി വിളിച്ച ഉടനെ ഓടി വരികയാണുണ്ടായത്."

"എങ്കിൽ പിന്നെ വല്ലതും കഴിച്ചിട്ട് ആവാം വർത്തമാനം."

അതങ്ങനെയാണ്.
ആരെങ്കിലും സ്വാമിജിയെ ദ്വേഷിക്കാൻ വേണ്ടി ആശ്രമത്തിലേക്ക് പോയാലും ഭക്ഷണം കഴിപ്പിച്ചതിനു ശേഷം മാത്രമേ വർത്തമാനം ഉള്ളൂ.

"ഞങ്ങൾക്ക് ഭക്ഷണം കരുതിയിട്ടുണ്ടാവുമോ?"
 എന്ന് ചോദ്യം.

"എന്തെങ്കിലുമൊക്കെ കാണും ഉള്ളത് എല്ലാവർക്കും കൂടി കഴിക്കാം" എന്ന് മറുപടി.
സ്വാമിജിയും ഞങ്ങൾക്കൊപ്പം അന്ന ക്ഷേത്രത്തിലേക്ക് വന്നു.
ബ്രഹ്മചാരികൾ ഞങ്ങൾക്ക് ഭക്ഷണം തന്നു.
സ്വാമിജി കൂടെ ഇരുന്ന് കഴിപ്പിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

നിങ്ങളുടെ നടന്നുകൊണ്ട് വർത്താനം പറയുന്ന പരിപാടി ഒന്നുരണ്ടെണ്ണം കണ്ടു. അസ്സലായിട്ടുണ്ട്. എന്ന് ഇടയിൽ സ്വാമിജി പറഞ്ഞു

18 മിസ്റ്റിക്കുകളെക്കുറിച്ച് ഞാനും രാജിയും ചേർന്ന് അവതരിപ്പിച്ച പരിപാടി സ്വാമിജി കണ്ടു എന്ന് മാത്രമല്ല അതിനെക്കുറിച്ച് ഞങ്ങളോട് അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ വയറിനൊപ്പം മനസ്സും നിറഞ്ഞു.

പറഞ്ഞത് നന്നായിട്ടുണ്ടെങ്കിലും  ഇനി പറയുമ്പോൾ കുറച്ചുകൂടി വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു വേണം അവതരിപ്പിക്കാൻ
എന്ന ഒരു  നിർദ്ദേശവും.

അതങ്ങനെയാണ്.
ആദ്യം വളരെ പോസിറ്റീവായി നമ്മോട് സംസാരിച്ചു എല്ലാ നല്ല വശങ്ങളെയും അഭിനന്ദിച്ചതിനുശേഷമാണ് സ്വാമിജി നിർദ്ദേശങ്ങൾ പറയാറുള്ളത്.

നമ്മൾ ഏവരും സ്വീകരിക്കേണ്ട ഒരു മാതൃക തന്നെയാണ് ഇത്.

ശേഷം ഞങ്ങൾ എല്ലാവരും വീണ്ടും ക്ഷേത്ര നടയിൽ പോയി.
സ്വാമിജി ഒരു മതിലിലും ഞങ്ങൾ താഴെയും ആയിരുന്നു.

പിന്നീട് തന്ത്രവും വേദവും വേദാന്തവും ആയി ഗംഭീരമായ ചർച്ച തന്നെയാണ് നടന്നത്.

അതിനിടയിൽ അതിലേ വരികയും പോവുകയും ചെയ്യുന്ന എല്ലാവരോടും അവർക്ക് അനുസരിച്ചുള്ള ഭാഷയിൽ സ്വാമിജി സംസാരിക്കുന്നുണ്ടായിരുന്നു.
ചെറിയ കുട്ടികളെ പോലും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വാമിജിയുടെ സ്വഭാവത്തിലൂടെ, ശരിയായ സന്യാസം ഞങ്ങക്ക്
മനസ്സിലാക്കാനുള്ള ഒരു അവസരം ആയിരുന്നു.

ഒരാളെയും നിന്ദിക്കാതെ ഞാൻ പഠിച്ചത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന ചിന്താഗതി ലവലേശം പോലും ഇല്ലാതെ,

എല്ലാവർക്കും അവർ മനസ്സിലാക്കിയതും പഠിച്ചതും ആണ് ശരി എന്ന വലിയ പാഠം മനസ്സിലാക്കി തരുന്ന രീതിയിലായിരുന്നു സ്വാമിജി സംസാരിച്ചത്.

സംസാരിച്ചു തുടങ്ങിയപ്പോഴാണ് വേദാന്തത്തിൽ മാത്രമല്ല തന്ത്രശാസ്ത്രത്തിലും മറ്റ് ഭാരതീയമായ എല്ലാ ദർശനങ്ങളിലും സ്വാമിജിക്ക് അതീവമായ പാണ്ഡിത്യം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായത്. 

സംസാരത്തിനിടയിൽ അതീവ പാണ്ഡിത്യം ഉള്ള വേദാന്ത സിംഹത്തെയും വളരെ കണിശക്കാരനായ ഒരു യുക്തിവാദിയെയും
വളരെ കൗതുകമുള്ള ഒരു ജിജ്ഞാസു വിനെയും
അർത്ഥവത്തായ തമാശകളിലൂടെയും ദൃഷ്ടാന്തത്തിലൂടെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന രസികനായ ഒരു ഗുരുവിനെയും സ്വാമിജിയിൽ കാണാൻ സാധിച്ചു.

അപ്പോഴാണ് ആരോ പറഞ്ഞു കേട്ട് ഗുഹ കാണാൻ വേണ്ടി 13 വയസ്സുകാരൻ എത്തിയത്.

എവിടെ പോകുന്നു എന്ന് സ്വാമിജി.
ഗുഹ കാണണമെന്ന് എന്ന് വിദ്യാർത്ഥി.

ശരി ഗുഹ കാണാം.
കുറച്ച് ചോദ്യങ്ങൾ ചോദിക്കട്ടെ എന്നായി സ്വാമിജി.

ചെറിയ പരുങ്ങലോടെ അവൻ ഉം എന്ന് മൂളി.

ഭക്ഷണം കഴിച്ചോ എന്ന് സ്വാമിജി ചോദിച്ചു.

കഴിച്ചെന്ന് മറുപടി.

ആ ഭക്ഷണം കുറച്ചു കഴിഞ്ഞാൽ എന്താവും എന്നായി അടുത്ത ചോദ്യം.

ഡാകിനിയുടെ മുമ്പിൽ പെട്ട ലുട്ടാപ്പിയെ പോലെ അവൻ പരുങ്ങി.

മലം ആവും അല്ലേ എന്ന് സ്വാമിജിയുടെ ചോദ്യം

അവൻ അതേ എന്ന് ചെറിയ ജാള്യതയോടെ തലയാട്ടി.

ആ മലം നമ്മൾ എവിടെയാണ് കളയുന്നത്?

ഉത്തരം കക്കൂസിൽ.

മലം കളഞ്ഞാൽ നമ്മൾ ആരായി? എന്ന് സ്വാമിജി

പയ്യന് ഉത്തരമില്ല.

നിർമ്മലൻ ആവും അല്ലേ എന്ന് സ്വാമിജി ചോദിച്ചു.

അതെ എന്ന് അവൻ തലയാട്ടി.

നിങ്ങൾ ഇപ്പോൾ കാണാൻ പോകുന്ന ഗുഹ
പത്ത് പതിനഞ്ച് വർഷം സെപ്റ്റിക് ടാങ്ക് ആയി ഉപയോഗിച്ചത് ആയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
അത് ഇപ്പോൾ ഒരു ധ്യാന മുറി ആക്കി മാറ്റുകയാണ് ചെയ്തത്.

മലം കളഞ്ഞു നിർമ്മലൻ ആവാനാണ് കക്കൂസ് ഉപയോഗിക്കുന്നതെങ്കിൽ മനസ്സിലെ ചിന്തയിലെ മാലിന്യങ്ങൾ കളഞ്ഞ് നിർമ്മലൻ ആവാനാണ് ഋഷിമാർ ഗുഹകൾ ഉപയോഗിച്ചിരുന്നത് എന്ന് സ്വാമിജി പറഞ്ഞു.

ഒരു വിഷയത്തെ എത്ര ഭംഗിയായാണ്
സ്വാമിജി അവതരിപ്പിക്കുന്നത് എന്ന് വളരെ അത്ഭുതത്തോടെ കൂടി ഞങ്ങൾ നോക്കി നിൽക്കുകയായിരുന്നു.

ശേഷം പല വിഷയങ്ങളും ചർച്ച ചെയ്തതിനുശേഷം ഞങ്ങളും ഗുഹ കാണാൻ പോയി.

ശരിക്കും അത്ഭുതപ്പെട്ടുപോയി.

ചെറിയ ഒരു വാതിൽ തുറന്നാൽ ഒരു കവാടമാണ്.
ആ കവാടത്തിലൂടെ സ്റ്റെപ്പ് ഇറങ്ങി അടിയിലേക്ക് പോയാൽ അവിടെ ഏതാണ്ട് ആറടി ഉള്ള ഒരു ഗുഹയാണ്. ലൈറ്റ് ഓഫ് ചെയ്താൽ കൂരാക്കൂരിരുട്ട്. സ്വാമിജി തന്നെ കണ്ടുപിടിച്ച ഒരു ടെക്നോളജിയാൽ പുറത്തുള്ള തണുത്ത വായു അകത്തേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോവുകയും ചെയ്യുന്നത് അനുഭവിച്ചറിയാം.

വെറുതെ നമ്മൾ ആഴത്തിലുള്ള ധ്യാനാവസ്ഥയിലേക്ക് പോകുന്ന അനുഭവം.

സ്വാമിജി ഞങ്ങളോടായി പറഞ്ഞു,

ഈയൊരു കാര്യം ആശ്രമത്തിൽ ചർച്ചയ്ക്ക് വെച്ചപ്പോൾ എല്ലാവരും എതിർത്തതാണ്.

സ്വാമിജിക്ക് നല്ലൊരു ഗുഹ വേറെ ഉണ്ടാക്കി തരാം എന്ന് എല്ലാവരും പറഞ്ഞു.

പുതിയത് ഒന്ന് ഉണ്ടാക്കുന്നതിൽ അല്ല കാര്യം
പഴയതിനെ ഉപയോഗിക്കുക എന്നതിലാണ്.

ഉപേക്ഷിക്കാനും പുതിയ ഉണ്ടാക്കാനും എളുപ്പമാണ്. എന്നാൽ എല്ലാവരാലും ഉപേക്ഷിക്കുന്ന ഒരു വസ്തുവേ ശ്രേഷ്ഠം ആക്കി മാറ്റുന്നതാണ് മഹനീയം എന്ന് സ്വാമിജി
സ്വന്തം പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ഇവിടെ ചെയ്തത്.

കുറച്ചുസമയം ആ ഭൂഗർഭ അറയിൽ ഇരുന്നതിനു ശേഷം സ്വാമിജിക്കൊപ്പം സ്വാമിജിയുടെ മുറിയിലേക്ക് പോയി. സ്വാമിജി അവിടെ കുട്ടികൾക്ക് കൊടുക്കാനായി സൂക്ഷിച്ചുവെച്ച
കൽക്കണ്ടവും സ്വാമിയുടെ കൈകൊണ്ടുതന്നെ ചായയും ഞങ്ങൾക്ക് തന്നു.

അതിനിടയിലും ധാരാളം ആളുകൾ അവിടെ വരികയും സ്വാമിയെ നമസ്കരിക്കുകയും
ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പലരും സന്തോഷത്താൽ നിറകണ്ണുകളോടെയാണ് അവിടെ നിന്നും പോയത്.

പ്രണയകുരുക്കിൽ അകപ്പെട്ട് ചതിക്കുഴിയിൽ അകപ്പെട്ട കോളേജ് വിദ്യാർത്ഥിനി അടക്കം
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികൾ വരെ അതിലുണ്ടായിരുന്നു.

ഈയിടെയായി ആശ്രമം നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ ഗൃഹപ്രവേശത്തിനു വേണ്ടി ക്ഷണിക്കാൻ വന്ന അമ്മയെയും മകളെയും
അനുഗ്രഹത്തോടൊപ്പം  ജീവിക്കാനുള്ള ആത്മവിശ്വാസവും നൽകിയാണ് സ്വാമിജി അയച്ചത്.

അവരുടെ നന്ദി നിറഞ്ഞ നിറ കണ്ണുകളിൽനിന്നും
ആശ്രമവും സ്വാമിജിയും ചെയ്യുന്ന നിശബ്ദ പ്രവർത്തനങ്ങൾ എത്ര മഹത്തരമാണ്
എന്നാണ് ഞങ്ങൾ ആലോചിച്ചത്.

ഇന്ന് 100 രൂപയുടെ യുടെ വസ്ത്രം കൊടുക്കാൻ വേണ്ടി 10000 രൂപ ചെലവാക്കി ഫോട്ടോയും വീഡിയോയും പത്രക്കാരെയും ചാനലുകാരെയും വിളിച്ച് മേനി നടിക്കുന്ന എല്ലാവർക്കും തന്നെ ഇതൊരു മാതൃകയാണ്.

സന്ധ്യയ്ക്ക് ആറു മണിക്ക് അവിടെ നിന്ന് ഇറങ്ങുമ്പോൾ ജീവിതത്തിൽ 
ശക്തമായ ഒരു ദിശാബോധവും  വെളിച്ചവും ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അതങ്ങനെയാണ്.
ആശ്രമത്തിൽ നിന്നും തിരിച്ചു പോകുന്ന എല്ലാരുടെയും മുഖത്ത് ഈയൊരു ആത്മവിശ്വാസവും സന്തോഷവും എപ്പോഴും ഉണ്ടാവാറുണ്ട്

അല്ലെങ്കിലും
അതങ്ങനെയാണ്.

2 comments:

  1. Dear Sreenath & Ramu
    ധന്യ നിമിഷങ്ങൾ
    സ്നേഹപൂർവ്വം
    അമ്മ

    ReplyDelete
  2. വന്ദേ ഗുരുപരമ്പരാം

    ReplyDelete