ദേവീമാഹാത്മ്യചരിതം ചുരുക്കത്തിൽ...
തുലാം മാസം ഒന്നാം തീയതി ശക്തി പൂജ ചെയ്യാൻ നമ്മൾ തയാറെടുത്തിരിക്കുകയാണ് . ഈ അവസരത്തിൽ സർവ്വശക്തിസ്വരൂപിണിയായ ദേവിയേ സംബന്ധിച്ച് , മാതൃഭാവത്തിൽ ആരാധിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നവരാത്രി പൂജ ചെയ്യുന്ന എല്ലാവരും മനസ്സിലാക്കേണ്ടതാണ് .
ദേവീമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധമായിട്ടുള്ള ദുർഗ്ഗാ സപ്തശതി നമുക്കേവർക്കും അറിയാവുന്നതാണ് . ദേവിയേ കാളിയായും , ലക്ഷ്മിയായും , സരസ്വതിയായും മൂന്ന് ഭാവങ്ങളിൽ സങ്കല്പിച്ചു ആരാധിക്കുന്നു . അതിനായി കഥയെ മൂന്നായി തിരിച് പൂർവ്വഭാഗത്തിൽ ശ്രീമഹാകാളിയായും , മധ്യഭാഗത്തിൽ ശ്രീമഹാലക്ഷ്മിയായും ഉത്തരഭാഗത്തിൽ സരസ്വതിയായും ധ്യാനിക്കുന്നു .അതനുസരിച്ചു നവരാത്രികാലത്തും ആദ്യത്തെ മൂന്ന് ദിവസം കാളിയെയും പിന്നത്തെ മൂന്ന് ദിവസം ലക്ഷ്മിയേയും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയേയുമാണ് ആരാധിക്കുന്നത് .
മനുഷ്യജീവിത്തിൻ്റെ പ്രധാന ലക്ഷ്യം ജീവൻ്റെ പരമാത്മാവുമായിട്ടുള്ള അഭേദപ്രാപ്തിയാണല്ലോ . ഇതിന് പ്രതിബന്ധമായി നിൽക്കുന്ന അസുരഭാവങ്ങളായ ദേഷ്യം , രാഗം , കാമം , ക്രോധം , ലോഭം എല്ലാം നശിപ്പിച്ചു ശക്തിയുടെയും വീര്യത്തിൻ്റെയും വിളനിലമായ ഭയങ്കരിയായ കാളിയെ പൂജിക്കുന്നു .
അസുരഭാവങ്ങളെ അകറ്റിക്കഴിഞ്ഞാൽ പിന്നെ അധ്യാത്മികപുരോഗതിക്ക് ആവശ്യമായ ദൈവീസമ്പത്തിനെ വളർത്തിയെടുക്കുവാനായി ഐശ്വര്യദായകമായ ഭാവത്തെ പ്രതിനിധാനം ചെയ്യാൻ മഹാലക്ഷ്മിയേ പൂജിക്കുന്നു .
സാത്വികമായ സദ്‌വാസനകളെ വളർത്തി ദുർവാസനകളെ ഉന്മൂലനം ചെയ്ത് ശോഭനവും നിർമ്മലവുമായ മനസ്സിൽ പരമാർത്ഥജ്ഞാനത്തിൻറെ പ്രകാശമുണ്ടാകുന്നതിന് സഹായിക്കുന്നത് ജ്ഞാനസ്വരൂപിണിയായ മഹാസരസ്വതി ദേവിയാണ് .
സരസ്വതി പ്രസാദം കൊണ്ടുണ്ടാകുന്ന പരമാർത്ഥ ജ്ഞാനലബ്ധിയാണ് വിജയദശമിയായി ആഘോഷിക്കുന്നത് . നവരാത്രി വ്രതമെടുത്ത് മൂലമന്ത്രത്തോടെ പൂജ ചെയ്യുമ്പോൾ , ദേവീമാഹാത്മ്യത്തിലേ പതിമൂന്ന് അധ്യായങ്ങളിലൂടെ ചണ്ഡികയേ മനസിലാക്കുന്നതിനായി ഒരു ശ്രമം നടത്താവുന്നതാണ് .
സ്വാരോചിഷ മന്വന്തരത്തിലേ സുമേദസ് മഹർഷി ചൈത്രവംശത്തിലെ സുരഥൻ എന്ന രാജാവിനോടും വൈശ്യനോടും ആദ്യന്തരഹിതയായ ദേവി ഈ പ്രപഞ്ചം മുഴുവനും സ്ഥിതിചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഗ്രന്ഥം ആരംഭിക്കുകയായി .
കല്പാന്തകാലത്ത് ഈ ജഗത്ത്മുഴുവനും വെള്ളത്തിൽ മുങ്ങിപോകുന്നു . ആ പ്രളയജലത്തിൽ സർവ്വേശ്വരനായ ഭഗവാൻ ശ്രീഹരി യോഗനിദ്രയിൽ ലയിച്ചിരുന്നു . അപ്പോൾ ഭഗവാൻ്റെ കർണമലത്തിൽനിന്നും മധുകൈടഭന്മാർ എന്ന അസുരന്മാർ രൂപം പൂണ്ടു .വീരപരാക്രമികളായ അവർ വെള്ളത്തിൽ നീന്തിത്തുടിച്ചു തങ്ങൾക്ക് എതിരിടാൻ തക്ക ഒരെതിരാളിയെ കാണാതെ വിഷമിക്കുമ്പോഴാണ് മഹാവിഷ്ണുവിൻ്റെ നാഭീകമലത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ബ്രഹ്‌മാവിനെ കണ്ടെത്തിയത് . തങ്ങളെ കണ്ട് ബ്രഹ്‌മാവ് പേടിച്ചു കണ്ണടച്ചിരിക്കുകയാണെന്ന് വിചാരിച്ച അവർ അദ്ദേഹത്തെ പോരിന് വിളിച്ചു . ധ്യാനത്തിൽ നിന്നും ഉണർന്ന ബ്രഹ്‌മാവ് സഹായത്തിനായി ശ്രീഹരിയുടെ നേരേ തിരിഞ്ഞു യോഗനിദ്രയിലായ മഹാവിഷ്ണുവിനെ ഉണർത്താനായി ഏകാഗ്രഹൃദയത്തോടെ ഭഗവാൻ്റെ നയനാരവൃന്ദത്തിൽ സ്ഥിതി ചെയ്യുന്ന ജഗദാമ്പയും വിശ്വേശരിയുമായ യോഗനിദ്രാഭഗവതിയേ പ്രസാദിപ്പിക്കുന്നതിന് സ്തുതിക്കുകയും ചെയ്തു .
ബ്രഹ്‌മാവിൻ്റെ അർത്ഥഗർഭമായ സ്തുതിയിൽ ദേവിപ്രസന്നയായി . ആശ്രിതവത്സലയും കരുണാവാരിധിയും ആയ ദേവി മധുകൈടഭ വധത്തിനായി വിഷ്ണുവിനെ ഉണർത്തുവാൻ വേണ്ടി ഹരിയുടെ നയനം , മുഖം , നാസിക , ബാഹു , ഹൃദയം , മാറിടം എന്നീ അവയവങ്ങളിൽ നിന്നും നിർഗമിച്ചു ബ്രഹ്‌മാവിൻ്റെ മുന്നിൽ പ്രക്ത്യക്ഷരൂപിണിയായി നിന്നു . അതീവ സന്തോഷത്തോടെ ബ്രഹ്‌മാവ് ദേവിയേ വന്ദിച്ചു . യോഗനിദ്രയിൽ നിന്നുണർന്ന ഭഗവാൻ അയ്യായിരം വർഷം മധുകൈടഭന്മാരുമായി യുദ്ധം ചെയ്തു . അവസാനം സർവേശ്വരനായ ശ്രീഹരി അവരോടു പറഞ്ഞു "വീരന്മാരായ അസുരന്മാരേ , നിങ്ങളുടെ പരാക്രമം കണ്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു . നിങ്ങൾക്ക് ഏതെങ്കിലും വരം വേണമെങ്കിൽ വരിച്ചുകൊള്ളുക . അത് സാധിച്ചുതരാൻ ഞാൻ സന്നദ്ധനാണ് അപ്പോൾ മായാവ്യാമോഹിതരായി തീർന്ന ദ്യൈത്യന്മാർ പറഞ്ഞു "ദുർബലരായ ശത്രുക്കളിൽ നിന്നും ആരാണ് വരം വാങ്ങുക , നിനക്ക് എന്ത് വരം വേണമെങ്കിലും ഞങ്ങൾ തരാം ചോദിച്ചുകൊള്ളൂ .. " .ഇത് തന്നെ അവസരം എന്ന് കണ്ട സമയജ്ഞനായ മഹാവിഷ്ണു പറഞ്ഞു " നിങ്ങൾ രണ്ടു പേരുമെനിക്ക് വധ്യരായിത്തീരണമെന്നാണ് വരം വേണ്ടത് " . തങ്ങൾ വഞ്ചിതരായിത്തീർന്നെന്ന സത്യം മനസിലാക്കിയ അസുരന്മാർ പറഞ്ഞു മരിക്കുന്നതിൽ ഞങ്ങൾക്ക് ഭയമില്ല .എന്നാൽ ഒട്ടും ജലമില്ലാത്ത സ്ഥലത്തു വച്ചുവേണം ഞങ്ങളെ കൊല്ലുവാൻ " സർവത്ര ജലമായിരുന്നതിനാൽ തങ്ങളെ കൊല്ലുന്നത് അസാധ്യമായിരിക്കുമെന്നാണ് അവർ കരുതിയത് . അത് കേട്ട ഭഗവാൻ വിശ്വരൂപം ധരിച്ചു മധുകൈടഭന്മാരെ തൻ്റെ തുടയിൽ കിടത്തി ചക്രം കൊണ്ട് ശിരസ്സ് ച്ഛേദിച്ചു .
മാധ്യമചരിതത്തിൽ രണ്ട് മൂന്ന് നാല് അധ്യായങ്ങളിലായിട്ട് ദേവിയുടെ ആവിർഭാവം വ്യക്തമാകുന്നു . ദ്വിതീയാദ്ധ്യായത്തിൽ അസുരരാജാവായ മഹിഷൻ ദേവേന്ദ്രനെ പോരിന് വിളിക്കുകയും , നൂറ് വർഷം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ , മഹിഷൻ സ്വയം ഇന്ദ്രനായി ത്രിലോകം അടക്കി വാഴുകയും ചെയ്തു .
ദേവന്മാർ ബ്രഹ്‌മാവിനെ ശരണം പ്രാപിച്ചു . ബ്രഹ്‌മാവ് അവരോടൊപ്പം ശ്രീഹരിയും ശ്രീപരമേശ്വരനും ഇരിക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ധരിപ്പിച്ചു .സ്വഭക്തന്മാരായ ദേവന്മാരുടെ കഷ്ടസ്ഥിതികൾ അതീവ കോപത്തോടെ നിന്ന ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ മുഖത്ത് നിന്ന് മഹത്തായ തേജസ്സ് ആവിർഭവിച്ചു . ആ സമയത്തു തന്നെ ദേവന്മാരുടെ ശരീരങ്ങളിൽ നിന്നും അത്യുജ്ജ്വലമായ തേജസ്സ് ആവിർഭവിച്ചു . ക്രമേണ ഈ തേജസ്സെല്ലാം ചേർന്ന് ഒരു നാരീരൂപം പൂണ്ട് മൂന്ന് ലോകങ്ങളിലും പ്രകാശം പരത്തി . ശൈവതേജസ്സ് ആ ദിവ്യരൂപത്തിൻറെ മുഖവും , വൈഷ്ണവതേജസ്സ് ബാഹുക്കളും , ബ്രഹ്മതേജസ്സ് പാദങ്ങളുമായി .
ഓരോ ദേവന്മാരുടെയും തേജസ്സ് അടങ്ങിയ ശരീരത്തോടും എല്ലാവരാലും സമ്മാനിക്കപ്പെട്ട ആയുധങ്ങളാലും അസുരന്മാരെ നേരിട്ട ദേവി തൃതീയോദ്ധ്യായത്തിൽ മഹിഷാസുരനെ വധിക്കുകയുണ്ടായി .
ചതുർത്ഥൊദ്ധ്യായത്തിൽ മഹിഷാസുരവധത്തിൽ സന്തോഷം പൂണ്ട ദേവന്മാർ ദേവിയേ സ്തുതിക്കുവാൻ തുടങ്ങി .മഹാവിഷ്ണുവിൻ്റെ വക്ഷസ്ഥലത്തിൽ വസിക്കുന്ന മഹാലക്ഷ്മിയായും , ശ്രീശങ്കരൻൻ്റെ അർധാഗ്നിയായ ശ്രീ പാർവ്വതിയായും കാണപ്പെടുന്നത് ഈ ദേവി തന്നെയാണ് . സർവ്വലോക മഹേശ്വരിയായ ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നവർക്ക് ലോകത്തിൽ ധനവും ധർമവും പുത്രദാരാദി സമ്പത്തുകളും കീർത്തിയുമെല്ലാമുണ്ടാകുന്നു .
മൂന്നാമത്തെ ഭാഗത്തിൽ അഞ്ച് മുതൽ പതിമൂന്ന് വരെയുള്ള അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു . മൂന്നാമത്തെ ഭാഗമായ ഉത്തരചരിതത്തിലെ പഞ്ചമോദ്ധ്യായത്തിൽ ദേവിദൂതസംവാദം നടക്കുന്നു .ശുംഭനിശുംഭന്മാർ എന്ന അസുരന്മാർ ദേവേന്ദ്രനേ യുദ്ധത്തിനു വിളിച്ചു . യുദ്ധത്തിൽ പരാജിതരായ ദേവന്മാർ ഹിമാലയ സാനുക്കളിൽ ചെന്ന് ദേവിയേ സ്തുതിക്കുവാൻ തുടങ്ങി . ഗംഗാസ്നാനത്തിനായി വന്ന ശ്രീപാർവർതി സ്തുതിവാക്യങ്ങൾ കേട്ട് ചോദിച്ചു " ദേവന്മാരേ , നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് ? " . ഉടനേ ദേവിയുടെ ശരീരകോശത്തിൽ നിന്നും മംഗളസ്വരൂപിണിയായ ഒരു ശക്തി ആവിർഭവിച്ചു പറഞ്ഞു "അമ്മെ , ശുംഭനിശുംഭന്മാരാൽ സ്വർഗ്ഗത്തിൽ നിന്നും ഓടിക്കപ്പെട്ട ഈ ദേവന്മാർ സ്തുതിക്കുന്നത് എന്നെത്തന്നെയാണ് " ശ്രീപാർവതിയുടെ ദേഹാകോശത്തിൽ നിന്നും രൂപം പൂണ്ട ആ അംബികയാണ് പിന്നീട് കൗശികി എന്ന പേരിൽ പ്രസിദ്ധയായത് .ആ ശക്തി പുറത്തു വന്നപ്പോൾ ഗൗരിയുടെ ദേഹം തൃഷ്‌ണവർണ്ണമായതിനാൽ അന്ന് മുതൽ കാളിക എന്ന പേരിലും ദേവി അറിയപ്പെട്ടു തുടങ്ങി .
ദേവന്മാരെ അനുഗ്രഹിച്ചയച്ച ദേവി നവയൗവനത്താൽ സകല മനോഹരിയായ മോഹന രൂപം ധരിച്ചു കർണാനന്ദമായ പാട്ടുപാടി ഉല്ലസിച്ചുകൊണ്ടിരുന്നു . ആ സമയം ശുംഭനിശുംഭന്മാരുടെ ഭൃത്യന്മാരായ ചണ്ഡമുണ്ഡന്മാർ ദേവിയുടെ സൗന്ദര്യം കണ്ട് രാജധാനിയിൽ വിവരം അറിയിച്ചു . സുഗ്രീവൻ എന്ന ദൂതനേ ദേവിയുടെ അടുത്തേയ്ക് ആദ്യമായി രാജാവിൻറെ ഇംഗിതം അറിയിക്കുവാൻ അയച്ചു .അത് പരാജയമായതിനാൽ പിന്നീട് ധൂമ്രലോചനൻ ദൗത്യമേറ്റെടുക്കുന്നു .
ഷഷ്‌ടോധ്യായത്തിൽ ധൂമ്രലോചനവധവും നടക്കുന്നു . സപ്തമോദ്ധ്യായത്തിൽ അംബികയുടെ നേരേ പാഞ്ഞടുക്കുന്ന ചണ്ഡമുണ്ഡന്മാരേ വധിക്കാൻ ദേവിയുടെ ലലാടദേശത്തു നിന്നും ഭയങ്കര സ്വരൂപിണിയായ കാളി പ്രത്യക്ഷപ്പെടുന്നു. കാളി ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയെടുത്തു ചണ്ഡികാദേവിയുടെ അടുത്ത് ചെന്ന് പറഞ്ഞു " ഭവതി ആരംഭിച്ചിരിക്കുന്ന യുദ്ധയജ്ഞത്തിൽ ബലിയർപ്പിക്കുവാനായി ഈ ശിരസ്സുകൾ കൊണ്ടുവന്നിരിക്കുന്നു .ഇതിൻ്റെ തുടർച്ചയായി ശുംഭനിശുംഭന്മാരെ നീ തന്നെ വധിക്കുക . " കാളിയുടെ വീരകൃത്യത്തിൽ സന്തുഷ്ടയായ ദേവി കാളിയോട് പറഞ്ഞു "നീ ഇനി മുതൽ ചാമുണ്ഡ എന്ന പേരിൽ പ്രസിദ്ധയായിതീരും ഭവതിയെ ആരാധിക്കുന്നവരുടെ സകല ദുഃഖങ്ങളും ശമിക്കുകയും ചെയ്യും .
അഷ്ടമോദ്ധ്യായത്തിൽ രക്തബീജനെ വധിക്കുന്നു . രക്തബീജൻ ഒരു പ്രത്യേക ശക്തിയുള്ള അസുരനാണ് . തൻ്റെ ശരീരത്തിൽ നിന്നും വീഴുന്ന ഓരോ തുള്ളി രക്തത്തിൽ നിന്നും അവനെ പോലെ വീരപരാക്രമികളായ അസുരന്മാർ ആവിർഭവിക്കുമെന്ന വരം അവനു ലഭിച്ചിട്ടുള്ളതാണ് .രക്തബീജൻ്റെ കഥ ഒരു പ്രതീകമായി എടുക്കാവുന്നതാണ് നമ്മുടെ മനസിലുണ്ടാവുന്ന കാമത്തെയാണ് രക്തബീജനായി പ്രകീർത്തിച്ചിരിക്കുന്നത് ഒരു കാമത്തിൽ നിന്നും അനേകം കാമാങ്ങളുണ്ടാവുന്നതിനെയാണ് രക്തബീജൻ്റെ രക്തത്തിൽ നിന്നും അനേകം അസുരന്മാരുണ്ടാകുന്നതായി സങ്കൽപ്പിക്കുന്നത് .കാമങ്ങളെയല്ലാം നശിപ്പിച്ചു ശാന്തി നേടണമെങ്കിൽ സങ്കൽപാവസ്ഥയിൽ തന്നെ ദേവിയുടെ സഹായം ഉപയോഗിച്ചു കാമങ്ങളെ നശിപ്പിക്കണം .എങ്കിൽ പിന്നെ കാമങ്ങൾ അങ്കുരിക്കുകയേയില്ല .
നവമോദ്ധ്യായത്തിൽ നിശുംഭവധം നടക്കുന്നു .
ബാണവർഷങ്ങളെക്കൊണ്ട് നിശുംഭനെ ദേവി വധിച്ചു .നിശുംഭന്റെ മരണത്തിൽ വർധിച്ച പ്രതികാര ബുദ്ധിയിൽ ശുംഭൻ ദേവിയേ വെല്ലു വിളിച്ചു . " മറ്റുള്ള സ്ത്രീകളുടെ ശക്തിയേ ആശ്രയിച്ചല്ലേ നീ യുദ്ധം ചെയ്യുന്നത് കഴിയുമെങ്കിൽ ഒറ്റയ്ക്ക് വന്ന് യുദ്ധം ചെയ്യൂ .... "
" ഞാൻ ഏകയാണ് നീ കാണുന്നതെല്ലാം വിഭൂതികൾ മാത്രമാണ് . " ബ്രഹ്‌മാണി മുതലായ മാതൃഗണങ്ങളെല്ലാം ദേവിയുടെ ശരീരത്തിൽ ലയിച്ചു ചേർന്നു. അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടന്നു .ദേവി വെറും 'ഹും'കാരം കൊണ്ട് തന്നെ ശുംഭനെ നിഷ്പ്രഭനാക്കി വധിച്ചു .
നമുക്ക് ലഭിച്ചിരിക്കുന്ന മന്ത്രദീക്ഷയിലെ ഹ്രീം എന്ന ബീജാക്ഷരത്തിൻറെ അർത്ഥവും വ്യാപ്തിയും എത്രവലുതാണെന്നു മനസ്സിലാക്കി ജപം ചെയ്യുക .
സന്തോഷംകൊണ്ട് ദേവന്മാർ ഒന്നടങ്കം ദേവീസ്തുതികൾ ആലപിച്ചു തുടങ്ങി . പതിനൊന്നാം അധ്യായത്തിലേ നാരായണീ സ്തുതി ശ്രവിച്ച ദേവി പറഞ്ഞു " ഈ സ്തോത്രങ്ങൾ കൊണ്ട് എന്നെ ശ്രദ്ധയോടെ സ്തുതിക്കുന്നവരുടെ എല്ലാബാധകളും ഞാൻ തീർത്തുകൊടുക്കുന്നതാണ്. മധുകൈടഭനാശം , മഹിഷാസുരമർദ്ദനം , ശുംഭനിശുംഭവധം , എന്നീ എൻറെ ലീലകളെ അഷ്ടമി , നവമി , ചതുർദശി എന്നീ തിഥികളിൽ കീർത്തിക്കുന്നവർക്ക് യാതൊരു ആപത്തും പാപവും ഉണ്ടാകുന്നതല്ല .മാത്രമല്ല .ദാരിദ്ര്യം ,ഇഷ്ടവിരഹം , ശത്രുഭയം ,ചോരഭയം , രാജഭയം , ശസ്ത്രാഭയം , മുതലായവ ഒന്നും അവരെ ബാധിക്കുന്നതല്ല .
ഈ ദേവീമാഹാത്മ്യം നിത്യവും വീട്ടിൽ വായിക്കുകയാണെങ്കിൽ എൻ്റെ സാന്നിധ്യം അവർക്കവിടെ അനുഭവപ്പെടുന്നതാണ് . ശരത്കാലത്ത് എൻ്റെ ഈ മാഹാത്മ്യം സ്മരിച്ചു കൊണ്ട് എന്നെ പൂജിക്കുകയാണെങ്കിൽ സർവ്വവിധബാധകളിൽ നിന്നും മുക്തരായി തീരുമെന്ന് മാത്രമല്ല ധനധാന്യാദി സമ്പത്തുകളും പുത്രമിത്രാദികളും വർദ്ധിക്കുകയും ചെയ്യും .യുദ്ധത്തിൽ വിജയം സിദ്ധിക്കുവാനും ശത്രുനാശത്തിനും ഉത്തരോത്തരം മംഗളം ഉണ്ടാകുന്നതിനും എൻ്റെ ഈ മാഹാത്മ്യ ശ്രവണം സഹായിക്കുന്നതാണ് .അതുകൊണ്ട് ഭൂതപ്രേതപിശാചാദി ബാധകളും ഇല്ലാതാവും .ധൂപദീപാദി സമർപ്പണം ,ബ്രാഹ്മണഭോജനം , ദ്രവ്യദാനം , ദേവതാപൂജ മുതലായ സദ്ക്രിയകളോട് കൂടി എൻ്റെ മാഹാത്മ്യം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നത്കൊണ്ട് പാപനാശവും പുണ്യവർദ്ധനയും ആയുരാരോഗ്യസമ്പദ്സമൃദ്ധിയും ഉണ്ടാകുന്നതാണ് .വനാന്തരങ്ങളിൽ കാട്ടുതീയുടെ നടുവിൽപെടുമ്പോഴും ,ക്രൂരമൃഗങ്ങളെനേരിടേണ്ടി വരുമ്പോഴും ,രാജകോപംകൊണ്ട് വധശിക്ഷയ്ക്ക് വിധിക്കപെടുമ്പോഴും ,അഗാധമായ സമുദ്രത്തിൽ പതിച്ചു മരണത്തെ അഭിമുഖീകരിക്കുമ്പോഴും ,മഹാരോഗങ്ങളാൽ ആക്രമിക്കപെടുമ്പോഴും എൻ്റെ മാഹാത്മ്യത്തെ സ്മരിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ അവൻ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപെടുന്നു . സംസാര ദുഃഖത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്കു ദുഃഖശമനത്തിനുള്ള സിദ്ധൗഷധമാണ് ഈ മാഹാത്മ്യ പാരായണം . “
ഇത്രയും പറഞ്ഞ് ചണ്ഡവിക്രയമായ ചണ്ഡികാ ദേവന്മാർ നോക്കിനിൽക്കേ അവിടെ തന്നെ അന്തർദ്ധാനം ചെയ്തു . ദേവന്മാർ അസുരനാശത്താൽ തങ്ങളുടെ യജ്ഞഭാഗങ്ങളെയെല്ലാം വീണ്ടും ലഭിച്ചത് കൊണ്ട് സന്തുഷ്ടരായി സ്വസ്ഥാനങ്ങളിലേക്ക് പോയി . തങ്ങളുടെ നായകന്മാരായ ശുംഭനിശുംഭന്മാർ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ള അസുരസൈന്യങ്ങളെല്ലാം പാതാളത്തിലേക്ക് ഓടിപ്പോയി . ഇങ്ങനെ സനാതനിയായ ആ ദേവിയാണ് വീണ്ടും വീണ്ടും വന്നു ഈ വിശ്വത്തെ പരിപാലിക്കുന്നത് .ജഗത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് ഹേതുഭൂതയും ആ ദേവിയാണ് . പ്രസന്നയായാൽ ആ ദേവി ഐശ്വര്യവും വിജ്ഞാനവും നല്കുന്നു . അല്ലെങ്കിൽ അലക്ഷ്മിയായി വിപത്തിനേയും നാശത്തിനെയും ഉണ്ടാക്കുന്നു .ജഗത്തിനേ മുഴുവൻ മോഹിപ്പിക്കുന്നതും ആ ദേവിതന്നെയാണ് .
ഇഷ്ടപ്രദായിനിയായ ആ ദേവിയുടെ അനുഗ്രഹം നമ്മിലുണ്ടാകുവാനായി നമുക്കു പ്രാർത്ഥിക്കാം.
പ്രസീദ ഭഗവത്യംബ
പ്രസീദ ഭക്തവത്സലേ
പ്രസാദം കുരുമേ ദേവീ
ദുർഗ്ഗേ ദേവി നമോസ്തുതേ
No comments:
Post a Comment