ഒരു പോക്കറ്റടി കഥ
കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു . ഒരുപക്ഷേ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ പ്രോഗ്രാം ആയിരുന്നു അത് . ചെലവാക്കിയ 10000 രൂപ ചെറുതായി പോയോഎന്നുപോലും എനിക്ക് ഒരു സംശയം.
പേരറിയാത്ത, നേരിട്ട് കാണാൻ സാധിക്കാത്ത, പ്രഗത്ഭനായ, നന്മയുടെ മകുടോദാഹരണമായ, ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകൾ തന്ന ആ മഹാത്മാവിന്, ട്രെയിനർക്ക് അനന്ത കോടി പ്രണാമം .
ഒരു വാക്കുപോലും എന്നോട് സംസാരിക്കാതെ , നേരിട്ട് കാണാതെ, ജീവിതത്തിൽ അനുകൂലമായ ഒരുപാട് തീരുമാനങ്ങളെടുക്കാൻ എന്നെ പ്രാപ്തനാക്കിയ ആ മഹാഗുരുവിന് ഒരിക്കൽ കൂടി സാദര നമസ്കാരം .
ഇനി വിഷയത്തിലേക്ക് വരാം കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിനും തൊണ്ടയാടിനും ഇടയിൽ വച്ച് 10,000 രൂപയുംയും ക്രെഡിറ്റ് കാർഡും 6 എടിഎം കാർഡും ഒറിജിനൽ ലൈസൻസ് സും പാൻകാർഡും മറ്റ് പല പ്രധാന രേഖകളും അടങ്ങിയ എന്റെ പേഴ്സ് നഷ്ടപ്പെട്ടു .
പോക്കറ്റടിച്ചതാവാം എന്ന് അനുമാനിക്കുന്നു . കയ്യിൽ എടിഎം കാർഡോ പൈസയോ ഇല്ലാത്ത അവസ്ഥ...... പക്ഷെ ഒരുപാട് വലിയ കാര്യങ്ങളാണ് അതിലൂടെ പഠിക്കാൻ സാധിച്ചത് .
1.എപ്പോഴും ജാഗ്രതയോടെ ഇരിക്കുക . ബോധപൂർവം കാര്യങ്ങൾ ചെയ്യുക, അല്ലാതെ റോഡിലൂടെ അലക്ഷ്യമായി ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുകയല്ല വേണ്ടത് .കയ്യിലും പോക്കറ്റിലും ഉള്ള വസ്തുക്കളെ കുറിച്ച് വളരെ വ്യക്തമായ ധാരണ എപ്പോഴുമുണ്ടായിരിക്കണം. ( A ഫോർ അവയർനസ് പഠിപ്പിക്കുന്ന എനിക്ക് കിട്ടിയ ചോരശാസ്ത്ര നിരൂപണ പാഠം: )
2 . ഇന്നത്തെ കാലത്ത് ജീവിക്കാൻ ഞാൻ പണം കയ്യിൽ കരുതേണ്ട ആവശ്യമില്ല. കൂടുതൽ പണം കയ്യിൽ കരുതുന്നത് എല്ലാ തരത്തിലും അപകടമാണ്.( കാരണം കഴിഞ്ഞ ഒരാഴ്ചയായി ആയി ഒരു എടിഎം കാർഡും പേടിഎം ഉം ഉപയോഗിച്ചാണ് സന്തോഷകരമായി ജീവിച്ചു വരുന്നത്. ചിലവാക്കുന്ന കണക്ക് കൃത്യമായ സൂക്ഷിക്കപ്പെടും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത )
ക്യാഷ് ലെസ്സ് ട്രാൻസാക്ഷ നെക്കുറിച്ച് പതിനായിരം പ്രാവശ്യം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടും നുമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി അക്ഷരാർത്ഥത്തിൽ അത് നടപ്പിലാക്കി വരുന്നു.
3 ലൈസൻസിന്റേയോ മറ്റ് പ്രധാന രേഖകളുടെ ഒറിജിനൽ എവിടെ യെങ്കിലും സൂക്ഷിച്ചുവെച്ച് കോപ്പികൾ മാത്രം കൊണ്ട് നടക്കുക (ഞാൻ നേരത്തെ അങ്ങനെ ആയിരുന്നു എന്നാൽ ഒരിക്കൽ ട്രെയിനിൽ കയറിയപ്പോൾ ഒർജിനൽ ഐഡി ഇല്ലാത്തതിനെ പേരിൽ ടി. ടി . ഫൈൻ അടിച്ചു. അതിനുശേഷമാണ് ഒറിജിനൽ ലൈസൻസ് കയ്യിൽ വെക്കാൻ തുടങ്ങിയത് . ഇന്നത്തെ കാലത്ത് ലൈസൻസ് നമ്പർ കൊടുത്താൽ കൃത്യമായി ലൈസൻസിന്റ വിശദാംശങ്ങൾ കിട്ടുന്ന ആപ്ലിക്കേഷനുകൾ ഉള്ളപ്പോൾ നിരക്ഷരകുക്ഷിയായ ആ TTRനെ നന്ദിയോട് കൂടി സ്മരിക്കുന്നു )
ബാങ്ക് അക്കൗണ്ടുകൾ ഫോണുമായി ബന്ധിപ്പിക്കുകയും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സ്വന്തമായി തന്നെ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. അതിന് ബാങ്കുമായി ബന്ധപ്പെടേണ്ട ആവശ്യമേയില്ല.
അഞ്ചോ ആറോ എടിഎം കാർഡുകൾ പേഴ്സിൽ കൊണ്ടുനടക്കാതെ ഒന്നോ രണ്ടോ കാർഡുകൾ മാത്രം പേഴ്സിൽ വയ്ക്കുക. ( പലരുടെ പേഴ്സിലും സ്വന്തം കാർഡ് പോരാഞ്ഞിട്ട് ഭാര്യയുടേയും മക്കളുടേയും പറ്റുമെങ്കിൽ അയൽവക്കക്കാരന്റേയും വരെ കാർഡ് ഉണ്ടാകും. ഒന്നിലധികം കാർഡ് ഉള്ളത് താനൊരു മഹാസംഭവമാണെന്ന് മറ്റുള്ളവർക്ക് തോന്നും എന്ന അബദ്ധ ധാരണ കൊണ്ടായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത് .)
ക്രെഡിറ്റ് കാർഡിന്റേയും മറ്റ് പ്രധാന രേഖകളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ( 48 മെഗാപിക്സലിൽ വരെയല്ലേ മൊബൈൽ ക്യാമറ ഉള്ളത്. കൂടാതെ സ്കാനറും ) ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ബാങ്ക് കാർഡ് നമ്പർ ചോദിക്കുമ്പോൾ ജബ ജബ എന്ന് പറയേണ്ടിവരും.
ഇന്ന് മനുഷ്യന് ജീവിക്കാൻ പണം കയ്യിൽ കൊണ്ടു നടക്കണ്ട ആവശ്യമില്ല. വേണമെങ്കിൽ തന്നെ ആയിരം രൂപയ്ക്ക് താഴെ മാത്രം കയ്യിൽ സൂക്ഷിച്ചാൽ മതിയാകും. ബാക്കി എല്ലാ ട്രാൻസാക്ഷനും കാർഡ് വഴിയോ പേടിഎം വഴി ആക്കുന്നതോ ആണ് നല്ലത് എന്നാണ് പ്രശ്നവശാൽ ഉത്തമമായി കണ്ടത് ഉത്തമാ .....
ഇനിയും അനേകം കാര്യങ്ങൾ ആ മഹാത്മാവിൽ നിന്നും ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും വിസ്താര ഭയത്താൽ ഇപ്പോൾ എഴുതുന്നില്ല. പിന്നീട്
ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്ന് വിചാരിക്കുന്നു.
എന്തായാലും അതിലെ പണം മാത്രമെടുത്ത് ബാക്കിയുള്ള എല്ലാ പേപ്പറുകളും കാർഡുകളും "കുതിരവട്ടം പോസ്റ്റ് ഓഫീസിലെ " പോസ്റ്റ് ബോക്സിൽ ആ മഹാത്മാവ് നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും അത് തിരിച്ച് ലഭിക്കുകയും ചെയ്തു. ഇത്രയും കരുണ എന്നോട് കാണിച്ച കരുണാവാരിധേ..... ഭക്തവത്സലാ....... അങ്ങേയ്ക്ക് അനന്ത കോടി പ്രണാമം:
കുതിരവട്ടം പോസ്റ്റ് ഓഫീസിൽ തന്നെ അദ്ദേഹം ഇത് ഇടാൻ കാരണം മറ്റെന്തോ ചില അർഥതലങ്ങൾ കൂടി നമുക്ക് മനസ്സിലാക്കി തരാനാവും:
എന്തായാലും വിചക്ഷണൻമാരോട് ആലോചിച്ച് അർത്ഥതലങ്ങളും കൂടി കണ്ടെത്തിയതിനുശേഷം നേരത്തെ പറഞ്ഞ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം .
പിന്നെ
നമ്മളുടെ അഡ്രസ്സും ഫോൺ നമ്പറും എപ്പോഴും ഒരു കടലാസിൽ എഴുതി പേഴ്സിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ് . അല്ലാത്തപക്ഷം ആർക്കെങ്കിലും നമ്മുടെ പേഴ്സ് കളഞ്ഞു കിട്ടിയാൽത്തന്നെ ഉടമയെ കണ്ടെത്താൻ അയാൾക്ക് കവടി നിരത്തേണ്ടിവരും. എനിക്കും പറ്റി അബദ്ധം. പോസ്റ്റ് ഓഫീസിൽ രേഖകൾ ലഭിച്ചപ്പോൾ എൻറെ ഫോൺ നമ്പർ അതിൽ ഇല്ലാത്തതിനാൽ കൗൺസിലേഴ്സ് അസോസിയേഷന്റെ കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ എറണാകുളത്തുള്ള എൻറെ സുഹൃത്ത് റിക്സനെ വിളിച്ചാണ് പോസ്റ്റ് മാസ്റ്റർ വിവരമറിയിച്ചത് .
കള്ളൻ ഗുരുവിനെക്കുറിച്ച് ഭാഗവതത്തിൽ (24 ഗുരുക്കന്മാരിൽ ഒരാളായി )പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.
എന്നെ കൂടുതൽ ബോധവാൻ ആക്കാൻ കൂടുതൽ അവേർനസോടു കൂടെ ജീവിക്കാൻ പ്രാപ്തനാക്കിയ ആ കള്ളനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ് കട്ടെടുത്തു പറഞ്ഞുകൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം.
NB ഈ മെസേജ് എങ്ങാനും കറങ്ങി തിരിഞ്ഞ് അങ്ങയുടെ കയ്യിലെത്തിയാൽ കള്ളൻ ഗുരുവേ ,' രത്നാകര കുല മഹാ സത്വമേ മഹാനുഭാവുലു എന്റെ അനന്ത കോടി പ്രമാണങ്ങൾ സ്വീകരിച്ച് ഒരു സർട്ടിഫിക്കറ്റുകൂടി തരാൻ അപേക്ഷ അതും കുതിരവട്ടം പോസ്റ്റാഫീസിൽ ഇട്ടാൽ മതിയാവും
ഡോ: ശ്രീനാഥ് കാരയാട്ട്
നമസ്തേ ജി 🙏
ReplyDeleteഅനുഭവമെന്ന ഗുരു തന്നെയാണ് ഏറ്റവും വലിയ പാഠം...അങ്ങയുടെ ഉള്ളിലെ നന്മ തിരിച്ചറിഞ്ഞിട്ടോ അല്ലയോ ആ വ്യക്തിയെ സ്മരിക്കുന്നു.പ്രണമിക്കുന്നു .🙏
🤗🤓👍👌🙏
ReplyDeleteഇക്കാലത്ത് ഇത്ത്രേം നല്ല കള്ളൻമാരോ... 😃
ReplyDeleteജീവിതത്തിലെ ഏറ്റവും നല്ല ഗുരുവായ അനുഭവത്തിലേക്ക് അഡ്മിഷൻ തരാനെത്തിയ ഒരു ലിങ്ക്...🙏
എന്റെ പേഴ്‌സ് പോക്കറ്റടിച്ചു കള്ളൻ കൊണ്ടു പോയി എന്നുള്ള ഒരു വാചകം ആവശ്യത്തിന് നർമം കലർത്തി, പുട്ടിനു തേങ്ങ പീര പോലെ ഗുണപാഠം കൂടി ചേർത്ത്,വായനക്കാർക്ക് മുഷിയാതെ, കള്ളന് പോലും പ്രണാമം അർപ്പിച്ചു, കാലികപ്രസക്തി ഉളവാക്കും വിധം എഴുതിയ ശ്രീനാഥ് ജിയുടെ ആ കഴിവിനെ നമസ്കരിക്കുന്നു. മോഹനചന്ദ്ര റാവു, കോഴഞ്ചേരി.
ReplyDeleteശ്രീനാഥ് സാര്‍, അങ്ങ് കള്ളനെ പ്രണമിക്കുമ്പോള്‍ ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. ഇത് ഇത്രയും നന്നായി അവതരിപ്പിച്ചതിനും മറ്റുള്ളവരുടെ കണ്ണ് തുറക്കാന്‍ അവസരം ഉണ്ടാക്കിയതിനും.
ReplyDeleteരത്നവല്ലി. വി,വി.
ഹ ഹ ഹ അടിപൊളിയായി എഴുത്ത്..ഒപ്പം ഗുണപാഠവും..
ReplyDeleteExcellent presentation 🙏✌️
ReplyDeleteഎല്ലാ പ്രവർത്തികളിലും നന്മ കാണുന്ന അങ്ങയുടെ മനസ്സിന് കോടി പ്രണാമം
ReplyDeleteഇത് ഞങ്ങൾക്ക് നല്ലൊരു പാഠം തന്നെയാണ്
ബാലചന്ദ്രൻ
ഒന്നിലധികം കാർഡ് ഉള്ളത് താനൊരു മഹാസംഭവമാണെന്ന് മറ്റുള്ളവർക്ക് തോന്നും എന്ന അബദ്ധ ധാരണ കൊണ്ടായിരിക്കും ഇങ്ങിനെ...... (അങ്ങിനെ അല്ല. ട്രാൻസ്ഫർ ചെയ്യുന്ന ആൾക്ക് ചിലപ്പോൾ അടുത്തുള്ള ബാങ്ക് തന്നെ വേണമെന്നുള്ളതിനാൽ എല്ലാ ബാങ്കിന്റെയും അക്കൗണ്ട് നമ്പർ കൊടുക്കും. അവർ ഏതു ബാങ്കിൽ ഇടുമെന്നു ആർക്കറിയാം. അതുകൊണ്ട് എല്ലാ കാർഡുകളും പേഴ്സിൽ വെക്കുക തന്നെ. മദ്യ ലഹരിയിൽ പൊലീസുകാരെ ഡ്യൂട്ടി ചയ്യാൻ അനുവദിക്കില്ല. കണ്ടുപിടിക്കപെട്ടാൽ ട്രാൻസ്ഫർ അല്ല ഡിസ്മിസ് ഫ്രം സർവീസ് ആണ് എന്ന് പറയുന്ന സർക്കാർ ഇല്ലാത്തിടത്തോളം കാലം ഒറിജിനൽ ലൈസൻസ് തന്നെ പേഴ്സിൽ സൂക്ഷിക്കണം )
ReplyDeleteനമസ്തേ ജി 🙏
ReplyDeleteഅനുഭവം ഗുരു
ഒരു പോക്കറ്റടി അപാരത.... 🤣🤣
ReplyDeleteവളരെ രസകരമായി.. ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു.. 🙏🙏🙏