Sunday, December 20, 2020

ആത്മാവ് എന്താണ് ഓഷോ

ബോധോദയം:  ഭൂതകാലത്തോട്  വിരാമം -
*   *   *   *   *   *   *   *   *   *   *   *   *   *   *   *
എന്റെ  കുട്ടിക്കാലം  മുതൽക്കുതന്നെ  ഞാൻ  മൗനവുമായി  പ്രണയത്തിലായിരുന്നു.  എനിക്ക്  കഴിയാവുന്നേടത്തോളം  സമയം  ഞാൻ  നിശബ്ദമായി  ഇരിക്കുക  പതിവായിരുന്നു. സ്വാഭാവികമായി  എന്റെ  കുടുംബം  മുഴുവൻ  കരുതി  ഞാൻ  ഒന്നിനും കൊള്ളാതെയായിത്തീരുമെന്ന് -  അവർ  ശരിയുമായിരുന്നു!  തീർച്ചയായും  ഞാൻ  ഒന്നിനും  കൊള്ളരുതാത്തവനാണെന്ന്  തെളിഞ്ഞു,  എന്നാൽ  ഞാൻ  അതിൽ  ഖേദിക്കുന്നില്ല.

അത്  ഇത്രത്തോളം  വരെ  എത്തി:  ചിലപ്പോൾ  ഞാനവിടെ  ഇരിക്കുകയാവും.  അപ്പോൾ  എന്റെ  അമ്മ  അടുത്തുവന്ന്  ഇങ്ങനെ  പറയും -
"ഇവിടെ  ആരുമില്ല,  മാർക്കറ്റിൽ  പോയി  പച്ചക്കറികൾ  വാങ്ങാൻ  ആരെയെങ്കിലും  എനിക്ക്  വേണമായിരുന്നു."  ഞാൻ അവരുടെ മുമ്പിൽ ഇരിക്കുകയായിരിക്കും,  എന്നാൽ  ഞാൻ  പറയും - "ആരെയെങ്കിലും  കണ്ടാൽ  ഞാൻ  അവരോടു  പറയാം."
ഞാനവിടെ  ഉള്ളത്  ഒന്നുമില്ലാത്തതിന്   തുല്യമാണെന്നതുപോലെ  അംഗീകരിക്കപ്പെട്ടു.  ഞാനവിടെ  ഉണ്ടായാലും  ഇല്ലെങ്കിലും  അതൊരു  പ്രശ്നമായിരുന്നില്ല.

ഒന്നു രണ്ടു  തവണ  അവർ  ശ്രമിച്ചു  നോക്കി,  അതിനുശേഷം  "അവനെ  വെറുതെ  വിടുന്നതായിരിക്കും  നല്ലത്.  അവൻ  അവിടെ  ഉള്ളതായി  കണക്കാക്കേണ്ടതില്ല" എന്ന്  അവർ  തീരുമാനിച്ചു.  കാലത്ത്  അവർ  പച്ചക്കറി  വാങ്ങാൻ  എന്നെ  മാർക്കറ്റിൽ  അയക്കും.  വൈകുന്നേരമാകുമ്പോൾ  ഞാൻ  വന്നിട്ട്  പറയും,  "നിങ്ങൾ  എന്തിനായിരുന്നു  എന്നെ  അയച്ചതെന്ന്  ഞാൻ  മറന്നുപോയി.  ഇനിയിപ്പോൾ  മാർക്കറ്റ്   പൂട്ടികഴിഞ്ഞിരിക്കും..."

എന്റെ  അമ്മ  പറഞ്ഞു, "ഇത്  നിന്റെ  കുറ്റമല്ല,  ഞങ്ങളുടെതന്നെ  കുറ്റമാണ്.  ദിവസം  മുഴുവൻ  ഞങ്ങൾ  കാത്തിരിക്കുകയായിരുന്നു.  പക്ഷെ,  ഞങ്ങൾക്ക്  ആദ്യമേ  നിന്നോട്  പറയേണ്ട   കാര്യമില്ലായിരുന്നു.  നീ  എവിടെയായിരുന്നു?" 
ഞാൻ  പറഞ്ഞു, "ഞാൻ  വീട്ടിൽനിന്ന്   പുറത്തിറങ്ങിയപ്പോൾ  അവിടെ  നമ്മുടെ   അടുത്ത്  ഒരു  മനോഹരമായ  ബോധിവൃക്ഷം  ഉണ്ടല്ലോ?"  ഗൗതമബുദ്ധൻ  ജാഗരണം  പ്രാപിച്ച അതേതരത്തിൽപെട്ട  വൃക്ഷം.

അവിടെ  മനോഹരമായ  ഒരു  ബോധിവൃക്ഷം  ഉണ്ടായിരുന്നു.  അത്  എന്നെ  പ്രലോഭിപ്പിച്ചു  കൊണ്ടിരുന്നു.  അതിന്റെ  ചുവട്ടിൽ  അതീവ   നിശബ്ദതയും  തണുപ്പായിരുന്നു.  അവിടെ  ആരും  ശല്യം  ചെയ്യാൻ  ഉണ്ടായിരുന്നില്ല. അതിനാൽ  ആ  വഴി  കടന്നുപോകുമ്പോൾ   അൽപനേരം  അതിനു  ചുവട്ടിൽ  ഇരിക്കാതെ  കടന്നുപോകാൻ  എനിക്ക്  സാധിച്ചില്ല.  ആ  ശാന്തിയുടെ  നിമിഷങ്ങൾ  ചിലപ്പോൾ  ദിവസം   മുഴുവൻ  നീണ്ടുനിന്നിരുന്നുവെന്നാണ്  എനിക്ക്  തോന്നുന്നത്.

ചിലപ്പോൾ  ഞാൻ  വളരെ  വൈകി വീട്ടിലെത്തുമ്പോൾ  അവർ  എന്നെ  രണ്ടുസ്ഥലങ്ങളിൽ  അന്വേഷിക്കുമായിരുന്നു.  ഒന്ന്  എന്റെ  നാനിയുടെ  വീട്,  മറ്റേത്  ആ  ബോധിവൃക്ഷം -  അവർ  ആ ബോധിവൃക്ഷത്തിന്റെ  ചുവട്ടിൽ തിരക്കിയെത്താൻ  തുടങ്ങിയപ്പോൾ  ഞാൻ  അതിന്റെ  മുകളിൽ  കയറി  അവിടെ  ഇരിക്കാൻ  തുടങ്ങി.  അവർ വരുകയും ചുറ്റും  നോക്കുകയും  ചെയ്തു.  എന്നിട്ട്  പറഞ്ഞു, "അവൻ  ഇവിടെയൊന്നും  ഇല്ലെന്നു  തോന്നുന്നു."  ഞാൻ   സ്വയം  തലകുലുക്കികൊണ്ടു  പറയും, "അതെ,  അത്  ശരിയാണ്,  ഞാൻ  ഇവിടെയില്ല."

ശരീരത്തിൽനിന്നു  പുറത്താകുന്ന  എന്റെ  ആദ്യത്തെ  അനുഭവം  ഒരു  മരത്തിൽനിന്ന് വീണുകൊണ്ടായിരുന്നു.  സർവകലാശാലയുടെ  തൊട്ടുപുറകിൽ  ഞാൻ  ധ്യാനിച്ചിരിക്കുക  പതിവായിരുന്നു.  അവിടെ  മനോഹരമായ  ഒരു  കുന്നിൻപ്രദേശത്ത്  ഉയരമുള്ള  മൂന്നു വൃക്ഷങ്ങൾ ഉണ്ടായിരുന്നു.  അവിടെയാകെ  നിശബ്ദമായിരുന്നു.  ആരും  അങ്ങോട്ട്  ചെല്ലാറുണ്ടായിരുന്നില്ല.  ഞാൻ  പതിവായി  ഒരു  മരത്തിലിരുന്ന്  ധ്യാനിക്കുമായിരുന്നു. ഒരുദിവസം  പെട്ടെന്ന്  ഞാൻ  കണ്ടു:  ഞാൻ  ആ  മരത്തിൽ  ഇരിക്കുന്നു,  അതേസമയം  എന്റെ  ശരീരം  താഴെവീഴുകയും  നിലത്തു  കിടക്കുകയും  ചെയ്യുന്നു.  ഒരു  നിമിഷത്തേക്ക്  അതിനെ  എങ്ങനെ  അഭിമുഖീകരിക്കണമെന്ന്  എനിക്ക്  തിരിച്ചറിയാൻ  കഴിഞ്ഞില്ല.   സർവ്വകലാശാലയിലേക്ക്  പാല്  കൊണ്ടുവരാറുണ്ടായിരുന്നു  ഒരു  ഗ്രാമീണസ്ത്രീ  യാദൃശ്ചികമായി  എന്റെ  ശരീരം  താഴെവീഴുന്നത്  കാണുകയും  അവർ  അടുത്തുവരികയും  ചെയ്തു.  അവർ  കേട്ടിട്ടുണ്ടായിരിക്കണം:  ആന്തരികശരീരം  ബാഹ്യശരീരത്തിൽ നിന്ന്  വേർപെട്ടിരിക്കുമ്പോൾ  നിങ്ങൾ  കണ്ണുകൾക്കിടയിൽ  മൂന്നാം കണ്ണിൽ  തടവിയാൽ  ശരീരം  വിട്ടിരിക്കുന്ന  ആത്മാവിന്  ആ  കവാടത്തിലൂടെ  അകത്തേക്ക്  പ്രവേശിക്കാൻ  കഴിയുമെന്ന്.

അതിനാൽ  അവർ  എന്റെ  മൂന്നാം കണ്ണിൽ  തടവി.  എന്റെ  നെറ്റിയിൽ  അവർ  തടവുന്നത്  എനിക്ക്  കാണാൻ  കഴിഞ്ഞിരുന്നു.  അടുത്തനിമിഷം  ഞാൻ  കണ്ണുകൾ  തുറന്നുകൊണ്ട്  അവരോട്  ചോദിച്ചു,  അങ്ങനെ  ചെയ്യണമെന്ന്  അവർ  എങ്ങനെ  മനസ്സിലാക്കിയെന്ന്.  അവർ  കേവലം  അത്  കേട്ടിട്ട്  മാത്രമേ  ഉണ്ടായിരുന്നുള്ളൂ.  അതൊരു  പ്രാചീനമായ  ഗ്രാമമായിരുന്നു.  പരമ്പരാഗതമായി  അങ്ങനെ  ഒരു  ആശയം  അവർ കേട്ടിട്ടുണ്ടായിരുന്നു.

ആ  ദിവസം  അത്രയും  വിചിത്രവും   അത്ഭുതകരവുമായിരുന്നു.  അതൊരു   പൊട്ടിച്ചിതറുന്ന  അനുഭവമായിരുന്നു.  ഭൂതകാലം  ഒരിക്കലും  എന്റേതായിരുന്നില്ലാത്തതുപോലെ അപ്രത്യക്ഷമായികൊണ്ടിരുന്നു,  അത്  ഞാൻ  എവിടെയോ  വായിച്ചതുപോലെ  തോന്നിച്ചു.  ഞാൻ  അതിനെക്കുറിച്ച്  സ്വപ്നം  കണ്ടിരുന്നതുപോലെ.  അത്  മറ്റാരുടെയോ  കഥ  ഞാൻ  കേട്ടത് പോലെ.  ഞാൻ  എന്റെ  ഭൂതകാലത്തിൽനിന്നും  കുത്തഴിക്കപ്പെട്ടു  കൊണ്ടിരിക്കുകയായിരുന്നു.  എന്റെ   ചരിത്രത്തിൽനിന്ന് പിഴുതെറിയപ്പെടുകയായിരുന്നു.  എന്റെ  ആത്മകഥ  എനിക്ക്  നഷ്ടപ്പെട്ടുകൊണ്ടിരുന്നു,  ഞാനൊരു  അനസ്‌തിത്വo.  മനസ്സ്   അപ്രത്യക്ഷമായിക്കൊണ്ടിരിന്നു.  അത്   ലക്ഷക്കണക്കിന്  നാഴികകൾ  അകലേക്ക്   നീങ്ങിക്കൊണ്ടിരുന്നു.  അതിനെ  പിടികൂടാൻ  യാതൊരു  മാർഗവും  ഇല്ലായിരുന്നു.  മതിലുകൾ   അപ്രത്യക്ഷമായികൊണ്ടിരുന്നു, വിവേചനങ്ങൾ   അപ്രത്യക്ഷമായിക്കൊണ്ടിരിന്നു .......

                                   ആത്മകഥയിൽ നിന്ന് ......

4 comments: