സംഘകാല സ്ത്രീസമൂഹം ...
പുരാതന കേരള സ്ത്രീകള്‍ സംസ്‌കാരസമ്പന്നകളായിരുന്നുവെന്ന് സംഘകാലം തെളിയിക്കുന്നു. രാജ്ഞിക്ക് പ്രത്യേകം ബഹുമാന്യപദവി ഉണ്ടായിരുന്നു. മതപരമായ എല്ലാ ചടങ്ങുകളിലും രാജാവിനോടൊപ്പം രാജ്ഞിയും ആസനസ്ഥയാകാറുണ്ട്. 'പെരുംദേവി' എന്നാണ് ബഹുമാനപുരസ്സരം രാജ്ഞിയെ വിളിക്കുക. ബഹുഭാര്യാത്വം സാധാരണമായിരുന്നുവെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച് സംഘകൃതികളിൽ അധികം വിവരിച്ചു കാണുന്നില്ല. രാത്രിയില്‍ പെരുവഴിയില്‍ പന്തമേന്തി റോന്തുചുറ്റുന്ന കാവലാളുകള്‍ ജനജീവിതത്തിന് സുരക്ഷിതത്വം നല്‍കി.
സംഘകാലത്തെ സ്ത്രീകള്‍ സമരവീര്യത്തില്‍ പുരുഷന്മാരുടെ പുറകിലായിരുന്നില്ല. പടവെട്ടുന്ന വീരന്മാരെ വീര്യനാക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. സ്ത്രീകള്‍ നേരിട്ട് പോര്‍ക്കളത്തില്‍ ചെന്ന് പടയാളികളില്‍ ആവേശം വളര്‍ത്തി. പടക്കളത്തില്‍ വീരചരമം പ്രാപിക്കുക ഏറ്റവും വലിയ ബഹുമതിയായിരുന്നു. യുദ്ധത്തില്‍ രാജാവോ സേനാനായകനോ വധിക്കപ്പെട്ടാല്‍ ഉടനെ യുദ്ധം നിര്‍ത്തി, 'കുരവൈക്കൂത്ത്' എന്ന യുദ്ധനൃത്തം നടത്തും. യുദ്ധരംഗത്തെ മറ്റു രണ്ട് നൃത്തരൂപങ്ങളായിരുന്നു 'തുണക്ക് കൈക്കൂത്തും' 'അമല'യും. കുരവൈക്കൂത്തിലും തുണക്ക് കൈകൂത്തിലും സ്ത്രീകളാണ് പങ്കെടുക്കുക.
മകന്റെ വീരചരമത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഒരമ്മക്കുണ്ടായ അഭിമാനത്തെ 'പുറംനാനൂറി'ല്‍ വര്‍ണിക്കുന്നുണ്ട്. സ്ത്രീകള്‍ക്കുണ്ടായിരുന്ന ഉന്നത പദവി സംഘകാലത്തിന്റെ സവിശേഷതയായിരുന്നു. വിദ്യാഭ്യാസമുള്‍പ്പെടെ എല്ലാ സാമൂഹിക സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഉയര്‍ന്ന തോതില്‍ നിലനിന്നിരുന്ന വനിതാ വിദ്യാഭ്യാസത്തിന്റെ ഫലമായി വാസനാസമ്പന്നകളായ പല കവയിത്രികളും സംഘകാലത്തുണ്ടായിരുന്നു. സംഘകാലത്തെ ഏറ്റവും മികച്ച കവയിത്രിയായിരുന്നു ഔവ്വയ്യാര്‍. എ.ഡി അഞ്ഞൂറാം ആണ്ടിലായിരുന്നു ഔവ്വയ്യാര്‍ ജീവിച്ചിരുന്നത്. ശൈശവ വിവാഹം സംഘകാലത്ത് നിലവിലുണ്ടായിരുന്നില്ല. വിധവാ വിവാഹം പതിവായിരുന്നു. രഹസ്യമായി നടത്തിപ്പോന്നിരുന്ന ഗാന്ധര്‍വവിവാഹങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. തനിക്കിഷ്ടപ്പെട്ട സ്ത്രീയെ ലഭിക്കാതിരിക്കുന്ന പുരുഷന്‍ തന്റെ തീവ്രാനുരാഗത്തെ തെരുവീഥിയില്‍ പ്രഖ്യാപിക്കുന്ന രസകരമായ ഒരു സംഭവമുണ്ടായിരുന്നു.
നിരാഹാരവ്രതമനുഷ്ഠിച്ചുകൊണ്ട്, പരസ്യമായി താന്‍ മരണം വരെ നിരാഹാരം തുടരുമെന്ന് ഉദ്‌ഘോഷിക്കുന്ന ഈ സമ്പ്രദായത്തെ 'മടലേറല്‍' എന്നാണ് വിളിച്ചുപോന്നത്. പനമടല്‍ കൊണ്ടുണ്ടാക്കിയ പൊയ്ക്കുതിരയുടെ മുകളില്‍ നിന്നുകൊണ്ട് മരണംവരെയുള്ള നിരാഹാരം വളരെ വിചിത്രമായിരുന്നു.
സംഘകൃതിയായ 'പുറംനാനൂറി'ല്‍ പതിനഞ്ചിലധികം സ്ത്രീകളുടെ കവിതകളുണ്ട്. ഈ കവിതകള്‍, ഗാനങ്ങള്‍ എല്ലാം തന്നെ പ്രഭുക്കന്മാരെയും രാജാക്കന്മാരെയും പ്രകീര്‍ത്തിച്ച് എഴുതിയവയാണ്. പ്രശസ്ത കവയിത്രികളായ കാക്കൈപാടിനിയാര്‍ നച്ചൈളയാര്‍, കുറമകള്‍ ഇളവെയ്‌നി, വെണ്ണിക്കുയത്തി, കുറമകള്‍ കുറി എയ്‌നി, മാചാത്തി തുടങ്ങിയവര്‍ കുറവ, വേട സമുദായങ്ങളുടെ പ്രതിനിധികളായിരുന്നു എന്നത് ജാതിവ്യവസ്ഥ തീണ്ടിയിട്ടില്ലാത്ത കേരളീയ സമൂഹത്തിന്റെ സവിശേഷതയായി കാണാം. സ്ത്രീകളുടെ സന്മാര്‍ഗനിഷ്ഠ മികച്ചതായിരുന്നുവെന്ന് കരുതപ്പെടുന്ന സംഘകാലത്തെ ചില ആചാരങ്ങള്‍ കൗതുകകരമാണ്. വധു വിവാഹദിവസം വരെ ധരിച്ചിരുന്ന കാല്‍ത്തള മാറ്റി, പകരം വരന്‍ നല്‍കുന്ന തള ധരിക്കുന്ന പതിവുണ്ടായിരുന്നു. ഈ ചടങ്ങ് 'ചിലമ്പുകഴിനോമ്പപ്' എന്ന് അറിയപ്പെട്ടു. പെണ്‍പണം കൊടുക്കുന്ന പതിവും അന്നത്തെ പ്രത്യേകതയായിരുന്നു. വധുവിന്റെ മാതാപിതാക്കള്‍ക്ക് വരന്‍ പണമോ മറ്റ് കാഴ്ചവസ്തുക്കളോ നല്‍കും.
സംഘകൃതികളില്‍ പ്രധാനമായും മൂന്ന് വിവാഹരീതികളാണ് പരാമര്‍ശിച്ചു കാണുന്നത്:
വധുവിനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയോ, രക്ഷിതാക്കള്‍ക്ക് പണം നല്‍കി യുവതിയെ സ്വന്തമാക്കുകയോ ചെയ്യുന്ന സമ്പ്രദായമാണ് 'കൈക്കിളൈ.' പരസ്പര സ്‌നേഹമുള്ള യുവതീയുവാക്കള്‍ രഹസ്യമായി വിവാഹം കഴിക്കുന്നത്, 'കളവ്' എന്ന പേരിലറിയപ്പെട്ടുപോന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ പരസ്യമായി വിവാഹം കഴിക്കുന്നതിനെ 'കര്‍പ്പ്' എന്നും വിളിച്ചുപോന്നു. പരസ്പരം സ്‌നേഹിക്കുന്നവരാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ പരസ്യമായി വിവാഹം കഴിച്ചിരുന്നത്. സംഘകാലത്ത് കൂടുതല്‍ പ്രചാരം 'കളവി' നായിരുന്നു. 'ചിലപ്പതികാരം', ഏക ഭാര്യാത്വത്തെ വാഴ്ത്തുന്ന സംഘകാല കൃതിയാണ്. ചിലപ്പതികാരത്തിലെ നായിക, ചാരിത്ര്യനിഷ്ഠയുള്ള സംഘകാല സ്ത്രീയുടെ പ്രതീകമാണ്. 'ചിലപ്പതികാര'ത്തിലെ നായികയായ കണ്ണകിയെ രക്ഷാകര്‍ത്താക്കള്‍ കോവലന് വിവാഹം ചെയ്തുകൊടുത്തത് മതപരമായ ചടങ്ങുകളോടുകൂടിയാണ്. വിവാഹശേഷം കോവലന്‍ മാധവിയെന്ന ദേവദാസിയില്‍ അനുരക്തനാകുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീവാഴ്ചയില്‍ ദുഃഖിതയാകുന്ന കണ്ണകി, അയാളെ വെറുക്കുന്നില്ല. മാത്രമല്ല, കണ്ണകിയുടെ അടുക്കലേക്ക് തിരിച്ചെത്തുന്ന കോവലനെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുന്നു. പിന്നീട് മധുരയിലെ പാണ്ഡ്യഭൂപതിയുടെ കിങ്കരന്മാര്‍ കോവലനെ വധിച്ചുവെന്നറിഞ്ഞപ്പോള്‍ ഒടുങ്ങാത്ത പകകൊണ്ട് മധുരാനഗരത്തെ അഗ്നിക്കിരയാക്കുന്ന കണ്ണകിയുടെ ചാരിത്രനിഷ്ഠ വാഴ്ത്തപ്പെടുന്നു. കണ്ണകിയുടെ സ്മരണ നിലനിര്‍ത്താന്‍ ചേരരാജാവായ ചെങ്കുട്ടവന്‍ തീര്‍ത്ത സ്മാരകമാണ് കൊടുങ്ങല്ലൂര്‍ കണ്ണകി ക്ഷേത്രമെന്ന് വിശ്വസിച്ചുപോരുന്നു.
സംഘകാല സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉപ്പും മത്സ്യവും വില്‍ക്കാന്‍ കമ്പോളത്തിലെത്താറുള്ള സ്ത്രീകളെക്കുറിച്ചും തുന്നല്‍പ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവരെക്കുറിച്ചും സംഘകാല കൃതിയില്‍ പരാമര്‍ശമുണ്ട്. മീന്‍പിടിത്തക്കാര്‍ 'പരവര്‍' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പരവ സ്ത്രീകള്‍ മത്സ്യം തെരുവില്‍ വില്‍ക്കാറുണ്ട്. ഉപ്പു വില്‍ക്കുന്നവര്‍ 'ഉമിത്തിയര്‍' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ഞാറു നടുക, കൊയ്യുക, പൂന്തോട്ടമുണ്ടാക്കുക എന്നീ ജോലികളും സ്ത്രീകളുടേതായിരുന്നു.
സംഘകാല സ്ത്രീകളുടെ ഒരു പ്രധാന വിനോദമായിരുന്നു നൃത്തം. 'അമ്മാന' (Ammanai) കളിക്കുക എന്ന വിനോദവും സ്ത്രീകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു.
നിറമുള്ള കല്ലുകള്‍ മുകളിലേക്ക് എറിഞ്ഞു പിടിച്ചുകൊണ്ടുള്ള അമ്മാന കളിയും ഊഞ്ഞാലാട്ടവുമായിരുന്നു വിശ്രമവേളകളിലെ സ്ത്രീകളുടെ വിനോദങ്ങള്‍. ശകുനം നോക്കുന്ന പതിവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. പോര്‍ക്കളത്തില്‍ വെച്ച് മുറിവേല്‍ക്കുന്ന ഭടന്മാരെ പ്രേതങ്ങള്‍ ബാധിക്കുമെന്ന് വിശ്വസിച്ചിരുന്നതിനാല്‍ മുറിവേറ്റ പടയാളിയുടെ അടുക്കല്‍ ജാഗരൂകയായി ഭാര്യയും ഉണ്ടായിരിക്കും. മുറിവേറ്റ ഭടന്‍ പോര്‍ക്കളത്തില്‍നിന്ന് വീട്ടിലെത്തിയാലും അയാള്‍ക്കരികില്‍ സുഗന്ധദ്രവ്യങ്ങള്‍ പുകച്ചുകൊണ്ട് പ്രാര്‍ഥനാനിരതയായ ഭാര്യയുണ്ടാകും. തമിഴ് കൃതിയായ 'തൊല്‍ക്കാപ്പിയ'ത്തില്‍ 'തൊടാക്കാഞ്ചി' യെന്നാണ് ഈ ആചാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രേതബാധയില്‍ വിശ്വസിച്ചിരുന്ന സ്ത്രീകള്‍ ബാധ ഒഴിപ്പിക്കുന്നതിനായി വേപ്പുമരത്തിന്റെ തോല്‍ ഉപയോഗിച്ച് വീണ, കുഴല്‍ തുടങ്ങിയ വാദ്യങ്ങളും പ്രയോഗിച്ചിരുന്നു. ഗൗളിശാസ്ത്രത്തില്‍ വിശ്വാസമുണ്ടായിരുന്ന സംഘകാല സ്ത്രീകള്‍ ചുവരില്‍നിന്നും പല്ലികള്‍ തറയില്‍ വീഴുന്ന സ്ഥലവും സമയവും ശ്രദ്ധിച്ചുപോന്നു. സ്ത്രീകളുടെ ഇടതുകണ്ണ് തുടിക്കുന്നത് ശുഭലക്ഷണമായി കരുതുന്ന സ്ത്രീകളാകട്ടെ, അഴിഞ്ഞ തലമുടിയുമായി എതിരെ വരുന്ന സ്ത്രീകളെ അപശകുനമായി വീക്ഷിച്ചു. കാക്ക കരയുന്നത് വിരുന്നുകാരുടെ ആഗമനത്തെ സൂചിപ്പിക്കുന്നതായും സ്ത്രീകള്‍ കരുതിപ്പോന്നു. വേപ്പ്(Neem) മരത്തെ ദിവ്യൗഷധമായി ബഹുമാനിച്ചവരായിരുന്നു സംഘകാല സ്ത്രീകള്‍. വേപ്പിന്‍തണ്ടും ഇലയും മുടിയില്‍ ചൂടിയാല്‍ പ്രേതങ്ങള്‍ ഒഴിഞ്ഞുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് കരയാതിരിക്കാന്‍ വേപ്പില അരച്ച് നെറ്റിയില്‍ പുരട്ടുകയും മുടിയില്‍ തിരുകുകയും ചെയ്തിരുന്നു. ഈ മുന്‍കരുതല്‍ പ്രേതബാധയില്‍നിന്നും തങ്ങളെ രക്ഷിക്കുമെന്ന് സംഘകാല സ്ത്രീകള്‍ വിശ്വസിച്ചുപോന്നു. ആര്‍ത്തവകാലങ്ങളില്‍, ആദ്യത്തെ പതിനഞ്ചു ദിവസം വീടുവിട്ടു പുറത്തുപോകാന്‍ ഭര്‍ത്താവിനെ അവര്‍ അനുവദിച്ചിരുന്നില്ല. ആദ്യത്തെ മൂന്ന് ദിവസം ഭാര്യയോട് സംസാരിക്കുന്നതില്‍നിന്നും ഭര്‍ത്താവിനെ കര്‍ശനമായി വിലക്കിയിരുന്നു. പ്രസവസമയത്തും ചില വിചിത്രമായ ആചാരങ്ങള്‍ അനുഷ്ഠിച്ചവരായിരുന്നു സംഘകാല സ്ത്രീകള്‍. പതിവായി വീട്ടുമുറ്റത്ത് കുളിക്കാറുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷം കുളത്തില്‍ പോയി കുളിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസവത്തെ തുടര്‍ന്നുള്ള 'പുല' കഴിയുന്നതുവരെ സ്ത്രീകള്‍ കുളത്തില്‍ പോയി ദേഹശുദ്ധി വരുത്തണമെന്നും മറ്റ് കുടുംബാംഗങ്ങളെ സ്പര്‍ശിച്ച് അശുദ്ധി വരുത്തരുതെന്നുമുള്ള ആചാരം സ്ത്രീകള്‍ കൃത്യമായി പാലിച്ചിരുന്നു.
വൃക്ഷങ്ങളെയും പൂര്‍വികരെയും ആരാധിച്ചിരുന്ന സംഘകാല ജനതയുടെ പ്രധാന ദേവത 'കൊറ്റവൈ' എന്ന സമര ദേവതയായിരുന്നു. ദേവതക്ക് മദ്യവും മാംസവും നിവേദിക്കുന്ന പതിവും ഇവര്‍ക്കുണ്ടായിരുന്നു. സംഘകാല സ്ത്രീകളുടെ വസ്ത്രം 'തഴയുട' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 'തഴയുട' ഇലകള്‍ ഞൊറിഞ്ഞുടുക്കുന്ന രീതിയാണ്. പച്ചിലകള്‍ ഗിരിവര്‍ഗക്കാരാണ് സാധാരണയായി ധരിക്കാറുണ്ടായിരുന്നതെങ്കിലും രാജകുമാരിമാര്‍ പോലും ഇഷ്ടവസ്ത്രമായി 'തഴയുട' ധരിച്ചുപോന്നു. സാധാരണ സ്ത്രീകള്‍ മേല്‍മുണ്ട് ധരിച്ചിരുന്നില്ല. എന്നാല്‍ സമ്പന്ന വര്‍ഗത്തില്‍പെട്ടവര്‍ മേല്‍മുണ്ട് ധരിച്ചിരുന്നു. വയലിലും മറ്റും പണിയെടുക്കുന്ന സ്ത്രീകളുടെ വസ്ത്രം മുട്ടുവരെ നീണ്ടുകിടക്കുന്ന കോണകവുമായിരുന്നു. പരിഷ്‌കാരികളായ സ്ത്രീകള്‍ മുടി അഞ്ചു രീതിയില്‍ കെട്ടിവെക്കാറുണ്ട്. കുഴല്‍, അഴകം, കൊണ്ട, പണിഞ്ച, തുഴ എന്നീ പേരുകളിലുള്ള മുടിക്കെട്ടിനെ ഐംബല്‍ എന്ന് വിളിച്ചുപോന്നു.
സമ്പന്ന സ്ത്രീകള്‍ വിലയേറിയ ആഭരണങ്ങളും രത്‌നങ്ങളും അണിഞ്ഞിരുന്നു. ചിപ്പികള്‍ കൊണ്ടുള്ള മാലയാണ് കുറത്തികള്‍ ധരിച്ചിരുന്നത്. കുറത്തിയെ സ്‌നേഹിക്കുന്നവന്‍ സ്‌നേഹോപഹാരമായി നല്‍കിയിരുന്നത് 'പുലിപ്പല്ലാ'യിരുന്നു. പുലിപ്പല്ല് കോര്‍ത്ത മാലകള്‍ അണിയാറുള്ള സ്ത്രീകള്‍ കുപ്പിവളകളും മുത്തുമാലയും ധരിക്കാറുണ്ട്. മുത്ത് പതിച്ച മുത്തരിഞ്ഞാണവും കാലില്‍ പാദസരവും സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. പുലിപ്പല്‍ത്താലി, ഐംമ്പടത്തായി, പൊല്‍ക്കാശ്, ചുട്ടി, കുഴല്‍, തോള്‍വള തുടങ്ങിയ ആഭരണങ്ങളും സംഘകാല സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. ആഘോഷാവസരങ്ങളിലാണ് സാധാരണയായി അവര്‍ ആഭരണങ്ങളണിയാന്‍ ഇഷ്ടപ്പെടുക. വിധവകളും സന്യാസിനികളും ശിരസ്സ് മുണ്ഡനം ചെയ്തിരുന്നു. വിധവകളില്‍ ചിലര്‍ 'സതി'യനുഷ്ഠിക്കാറുണ്ട് എങ്കിലും അത് നിർബന്ധിതമല്ലായിരുന്നു ദക്ഷിണ കേരളത്തിലെ രാജാവായ ആയ് അണ്ടിരന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിധവകള്‍ സതിയനുഷ്ഠിച്ചിരുന്നു. സതിയനുഷ്ഠിക്കുന്ന വിധവകളുടെ പട്ടടകളില്‍ സ്ഥാപിക്കുന്ന സ്മാരകശിലകളാണ് 'പുലച്ചിക്കല്ലുകള്‍.'
പനംകരിക്കും ഇളനീരും കരിമ്പിന്‍ നീരും ചേര്‍ത്തുണ്ടാക്കുന്ന 'മുന്നീര്‍' എന്ന ലഹരി പദാര്‍ഥം സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. ഭാവനാസമ്പന്നരായ കവയിത്രികളെ ആദരിച്ചുകൊണ്ട് സ്ത്രീകളുടെ കഴിവുകള്‍ എക്കാലവും അംഗീകരിച്ചവരായിരുന്നു സംഘകാലത്തെ ഭരണാധികാരികള്‍. നച്ചെള്ളൈയാര്‍ എന്ന കവയിത്രിക്ക് ഒമ്പത് തുലാം പൊന്ന് നല്‍കി ആദരിച്ചതായി ചരിത്രം പറയുന്നുണ്ട്. സംഘകാലത്തെ പ്രശസ്ത കവയിത്രിയായ ഔവ്വയ്യാര്‍, തോഴികളോടൊപ്പം നാഞ്ചില്‍ വള്ളുവരെന്ന നാടുവാഴിയുടെ നാട് സന്ദര്‍ശിച്ചതിനെക്കുറിച്ച് 'പുറംനാനൂറി'ല്‍ വിശദീകരിക്കുന്നുണ്ട്. എ.ഡി ഒന്നും ആറും നൂറ്റാണ്ടുകള്‍ക്കിടയിലുള്ള ഒരു കാലഘട്ടത്തില്‍ നാടുവാണിരുന്നതായി കരുതപ്പെടുന്ന പ്രതാപശാലിയായിരുന്നുവത്രെ നാഞ്ചില്‍ വള്ളുവര്‍.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാലപ്പഴക്കം ഇന്നും വ്യക്തമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും പ്രസ്തുത ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് കാരണം ഒരു ആദിമ ദ്രാവിഡ സ്ത്രീയായ പെരുമാട്ടുവള്ളുവത്തിയാണെന്ന് ഐതിഹ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി ആറാം ശതകത്തില്‍ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന അനന്തപുരം(തിരുവനന്തപുരം) വള്ളുവ വംശക്കാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അനന്തന്‍കാട്ടില്‍ അരിവാള്‍ കൊണ്ട് കിഴങ്ങ് ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുവള്ളുവത്തിയുടെ അരിവാള്‍ ഒരു ശിലാവിഗ്രഹത്തില്‍ തടഞ്ഞുവെന്നും വള്ളുവത്തി ഈ വിഗ്രഹം അരയാലിന്‍ ചുവട്ടില്‍ പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം.
കുലശേഖര കാലഘട്ടത്തില്‍
സംഘകാലത്തിന്റെ അവസാനമാകുമ്പോള്‍ കുറവര്‍, പാണര്‍ എന്നീ സമുദായങ്ങളിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും സമത്വവും നഷ്ടപ്പെടുന്നുണ്ട്. ശൈശവ വിവാഹം നിലവില്‍ വരികയും സ്ത്രീ വിദ്യാഭ്യാസത്തിന് മങ്ങലേല്‍ക്കുകയും ചെയ്തു ...
എ.ഡി 800 മുതല്‍ 1102 വരെ തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരണം നടത്തിയ കുലശേഖര രാജാക്കന്മാരുടെ ഭരണകാലത്ത് നിലനിന്നിരുന്ന 'മേനിപ്പൊന്ന്' എന്ന പദപ്രയോഗത്തിന് ചരിത്രകാരന്മാര്‍ നല്‍കിയത് ഊഹാപോഹങ്ങളിലൂടെയുള്ള അനുമാനങ്ങളായിരുന്നു. സ്ത്രീകള്‍ ആഭരണമണിഞ്ഞിരുന്നത് ആഭരണമണിയുവാനുള്ള സ്വാതന്ത്ര്യം രാജാക്കന്മാര്‍ സ്ത്രീകള്‍ക്ക് അനുവദിച്ചുനല്‍കിയത് കൊണ്ടാവണമത്രേ! കുലശേഖര കാലഘട്ടത്തിനു മുമ്പുള്ള സ്ത്രീകള്‍ ആഭരണമണിഞ്ഞിരുന്നത് സ്വന്തം താല്‍പര്യപ്രകാരമായിരുന്നുവെന്ന് കാണാം. സ്ത്രീകള്‍ക്ക് ആഭരണം നിഷിദ്ധമായിരുന്നതായി ചരിത് കുലശേഖര കാലഘട്ടത്തിലായിരുന്നു .
നാട്യത്തിന്, നൃത്തത്തിന് മറ്റൊരു പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. ദേവദാസികളെ നര്‍ത്തകിമാരായി തെരഞ്ഞെടുത്തുകൊണ്ട് ആരാധിപ്പിക്കപ്പെടുവാനുള്ള ശ്രമങ്ങളും കുലശേഖര കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ദേവദാസി സമ്പ്രദായം കാലക്രമേണ ഇല്ലാതാവുകയും സംസ്‌കാര സമ്പന്നമായ ക്ഷേത്രകലകള്‍ക്ക് വഴിമാറുകയും ചെയ്ത പ്രൗഢി പിന്നീട് നാം ദര്‍ശിക്കുന്നത് സാംസ്‌കാരികോന്നമനത്തിന്റെ ഫലമായാണ്.
ദേവദാസി സമ്പ്രദായം
കേരളത്തില്‍ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ള എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറില്‍നിന്ന് ലഭിച്ച ഗോദാവരിയുടെ ചോക്കൂര്‍ശാസനം (എ.ഡി 932) തെളിവാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. സാധാരണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നപ്പോള്‍ ദേവദാസികള്‍ക്ക് ഇഷ്ടാനുസരണം വിദ്യ അഭ്യസിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. വിദ്യാസമ്പന്നയും കുലീനയുമായ സ്ത്രീക്ക് ലഭിക്കുന്ന മാന്യമായ ഒരു ബഹുമതിയായി തേവിടിച്ചിസ്ഥാനം കണക്കാക്കിയിരുന്നത്രെ. പത്താം നൂറ്റാണ്ടില്‍ വേണാട് ഭരിച്ചിരുന്നതെന്ന് കരുതപ്പെട്ടിരുന്ന കുലശേഖര ആഴ്വ്വാരുടെ പുത്രി, ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിപദം അലങ്കരിച്ചിരുന്നു. ദേവദാസികളെ വിവാഹം കഴിക്കുന്നതിന് രാജാക്കന്മാരും തയാറായിരുന്നതായി ഇളംകുളം രേഖപ്പെടുത്തിയിട്ടുണ്ട്. 'കൊല്ലവര്‍ഷം നാനൂറാമാണ്ടില്‍ വേണാട് വാണിരുന്ന വീരകേരള വര്‍മന്റെ പത്‌നി ദേവദാസി (കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിക്കളത്രം) യായിരുന്നു. ഓടനാട് രാജാവായ ഇരവികേരള വര്‍മന്റെ പത്‌നി, ചെറുകുട്ടത്തിയെന്ന നര്‍ത്തകിയായിരുന്നു. 'ഉണ്ണിയാടി ചരിതം' എന്ന കാവ്യത്തിലെ നായിക ഉണ്ണിയാടി, ചെറുകര കുട്ടത്തിയുടെ പുത്രിയാണ്. ദേവദാസികള്‍ വിശ്വാസയോഗ്യകളായിരുന്നുവെന്നും ഇളംകുളം രേഖപ്പെടുത്തിയിട്ടുണ്ട്. - വീര പാണ്ഡ്യന്റെ ഭാര്യ, ചോക്കത്താണ്ഡാര്‍ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് നല്‍കുന്ന 200 പുതുപൊന്നച്ച് (സ്വര്‍ണനാണയങ്ങള്‍) തേവടിയാര്‍ കന്റണ്ടി തിരുവാണ്ടിയേ(ദേവദാസി)യാണ് ഏല്‍പ്പിക്കുന്നതെന്ന് ക്ഷേത്രത്തില്‍ കൊത്തിവെച്ചിട്ടുള്ള കൊല്ലം 432 ധനു ഒന്‍പതാം തീയതിയിലെ ശാസനത്തില്‍നിന്ന് മനസ്സിലാക്കാം. തൃപ്പാപ്പൂര്‍ മൂപ്പനായിരുന്ന ഇരവിവര്‍മന്‍ (വേണാട്) കൊല്ലം 665 ചിങ്ങം 21-ാം തീയതി ശുചീന്ദ്രം ക്ഷേത്രത്തില്‍ ഉഷഃപൂജയും മറ്റും ഏര്‍പ്പെടുത്തുന്നതിന് വിട്ടുകൊടുക്കുന്ന വസ്തുക്കള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന് പാത്രീഭൂതയും ദേവദാസികളില്‍ വെച്ച് ശ്രേഷ്ഠതയുമായ പെരുമാള്‍ പായരേയാണ് ഏല്‍പ്പിക്കുന്നതെന്ന് അവിടെയുള്ള, പ്രസിദ്ധം ചെയ്തിട്ടില്ലാത്ത മറ്റൊരു ശിലാരേഖയിലുണ്ട്. ദേവദാസി പദം 'പട്ടത്താനം' പോലെ പ്രതിഫലം പറ്റിയുള്ള ഒരു കഴകമായിരുന്നുവെങ്കിലും 'ഊഴിയ'മായും ഈ സ്ഥാനം സ്വീകരിക്കുവാന്‍ പലരും തയാറായിരുന്നു.
കൊല്ലം 428 ല്‍ ചോളപുരം ക്ഷേത്രം പുതുക്കി പണികഴിപ്പിച്ച അവസരത്തില്‍, രണ്ട് ദേവദാസികള്‍ക്ക് തേവിടിച്ചി സ്ഥാനം നല്‍കുന്നുണ്ട്. ചെങ്കോടന്‍ പൂവാണ്ടി എന്ന ധനികക്ക് ദേവദാസി പട്ടം നല്‍കുന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കുടുംബാംഗങ്ങളെ ദേവദാസികളായി ക്ഷേത്രത്തിന് സമര്‍പ്പിച്ചവരില്‍ പ്രഭുക്കളും ഉണ്ടായിരുന്നു (കുണവന്‍ വടുകന്‍ എന്ന പ്രഭു ചോളപുരം ക്ഷേത്രത്തിലേക്ക് തന്റെ ഇളയ സഹോദരിയായ കോമഗവല്ലിയെ ദേവദാസി പദമലങ്കരിക്കുവാന്‍ അനുവദിച്ചതിനെക്കുറിച്ചുള്ള പരാമര്‍ശം കേരള ചരിത്രത്തിലുണ്ട്. സംഭാവനയായി 61 അച്ച് (സ്വര്‍ണനാണയങ്ങള്‍) നല്‍കുവാന്‍ പ്രഭു, ക്ഷേത്രഭരണാധികാരികളെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ശുചീന്ദ്രം ക്ഷേത്രത്തില്‍ നാടകശാല, വസന്തമണ്ഡപം, ഇളയനായിനാര്‍ മണ്ഡപം തുടങ്ങി പലതും ദേവദാസികള്‍ പണികഴിപ്പിച്ചതാണെന്ന് അവിടെയുള്ള ശിലാരേഖകളില്‍നിന്ന് തെളിഞ്ഞു. ഇളയ നായിനാര്‍ മണ്ഡപം പണികഴിപ്പിച്ച, കേരളപുരം ക്ഷേത്രത്തിലെ ദേവദാസിയായ സീതമ്മയുടെയും അമ്മ മാലതിക്കുട്ടിയുടെയും നര്‍ത്തകിയുടെ വേഷത്തിലുള്ള പ്രതിമകള്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ ശ്രീകോവിലിനടുത്തുണ്ട്. കൊല്ലവര്‍ഷം 393-ല്‍ കണ്ടിയൂര്‍ ക്ഷേത്രം പുതുക്കിപ്പണിത അവസരത്തില്‍ വേണാട് രാജാവായ ഇരവി കേരള വര്‍മനും ഓടനാടു രാജാവായ ഇരാമന്‍ കോതവര്‍മനും കണ്ടിയൂര്‍ തേവിടിച്ചി ഉണ്ണിയോട് അഭിപ്രായമാരാഞ്ഞിരുന്നു. ക്ഷേത്രത്തില്‍ കൊത്തിവച്ചിട്ടുള്ള (കൊല്ലവര്‍ഷം 393 മേടം എട്ട്) വട്ടെഴുത്തു രേഖയും ഇതിന് തെളിവാണ്. ശുചീന്ദ്രം ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി കോവില്‍ നിര്‍മിച്ചത് ഈ ദേവദാസിയുടെ സഹായം കൊണ്ടാണെന്നും ക്ഷേത്രരേഖകളില്‍ പരാമര്‍ശിച്ചു കാണുന്നു. കുലശേഖര ഭരണകാലത്ത് ദേവദാസികള്‍ ആദരണീയരായിരുന്നു എന്നും അവരില്‍ ചിലര്‍ ഉദാരമതികളുമാണെന്ന് മനസ്സിലാക്കുവാന്‍ ഈ ക്ഷേത്രരേഖകള്‍ സഹായകമാണ്. സംഗീതവും നൃത്തവും കാഴ്ചവെച്ച് ക്ഷേത്രസമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്ന ദേവദാസികള്‍, പതിനാലാം നൂറ്റാണ്ടില്‍ ധാര്‍മികാധഃപതനത്തിലേക്ക് വഴുതി വീഴുന്നുണ്ട്. ദേവദാസി സമ്പ്രദായം പതിനഞ്ചാം നൂറ്റാണ്ടില്‍ സാംസ്‌കാരിക പരിവേഷത്തിന്റെ മറവില്‍ നടത്തുന്ന വ്യഭിചാരമായി അധഃപതിച്ചതോടെ, സമൂഹത്തില്‍ ദേവദാസികള്‍ പരിഹാസപാത്രങ്ങളായി മാറി.
പ്രാചീന മണിപ്രവാള കാവ്യങ്ങളായ ഉണ്ണിയച്ചി ചരിതം, ഉണ്ണിയാടി ചരിതം, ഉണ്ണിചിരുതവി ചരിതം ഇവയെല്ലാം ദേവദാസികള്‍ നായികമാരായുള്ള കാവ്യങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കുലീന സ്ത്രീകൾ ദേവാദാസി പദം സ്വീകരിക്കുന്നതിൽ നിന്നും സ്വയം ഒഴിഞ്ഞുമാറുന്നുണ്ട് . പതിനഞ്ചാം നൂറ്റാണ്ടില്‍, തകര്‍ച്ചയുടെ മൂര്‍ധന്യാവസ്ഥയിലെത്തുന്ന ദേവദാസികളുടെ സാംസ്‌കാരിക ജീര്‍ണതയെ ചിത്രീകരിക്കുന്ന കാവ്യമാണ് ചന്ദ്രോത്സവത്സവം
(മേദിനി വെണ്ണിലാവ് എന്ന ദേവദാസി നടത്തിയ ചന്ദ്രോത്സവത്തെ കുറിച്ചുള്ള വര്‍ണനയാണ് ഇതിലെ പ്രതിപാദ്യം. കുടികാരി, തേവിടിച്ചി, നങ്ങച്ചി തുടങ്ങിയ പേരുകളില്‍ അവർ അറിയപ്പെട്ടിരുന്നു .
1930 - ല് ആണ് തിരുവതാംകൂർ ഗവർമെന്റ് ദേവദാസി സമ്പ്രതായം നിരോധിക്കുന്നത്
കടപ്പാട് ,,, ഗൂഗിൾ
No comments:
Post a Comment