Thursday, January 21, 2021

ഗുരുസമക്ഷം

ഗുരു സമക്ഷം
ഡോ. ശ്രീനാഥ് കാരയാട്ട്
ശക്തിപീഠങ്ങൾ കൊണ്ട് അതിരുകെട്ടി സംരക്ഷിയ്ക്കപ്പെട്ട ആത്മീയഭൂമികയാണു ഭാരതം. അതുകൊണ്ടു തന്നെ രാഷ്ട്രീയ-മത-സാംസ്കാരിക അധിനിവേശങ്ങൾക്കു ഭാരതത്തിന്റെ ഭൗതികമായ മണ്ണിനെ കൊത്തി മുറിവേല്പിയ്ക്കാനായെങ്കിലും ആദ്ധ്യാത്മികകതയുടെ ഉറവ് കണ്ടെത്താനോ നശിപ്പിയ്ക്കാനോ സാധിച്ചില്ല. അത്രയേറെ ഹൃദയാഴങ്ങളിലായിരുന്നു ആ അമൃതപ്രവാഹത്തിന്റെ ശ്രോതസ്സ്. പക്ഷെ താരാപീഠമെന്നു പുകഴ്പെറ്റ, കേരളാചാരത്തിന്റെ ഈറ്റില്ലമായ, കല്ലടിക്കോടൻ മലവാരത്തിനു വിളനിലമായ കേരളമെന്ന തന്ത്രോർവിയിൽ ശക്തിപീഠങ്ങളിൽ ഒന്നുപോലും ഇല്ല എന്നതു വിചിത്രമാണ്. 
ഈ നാടിനെ സംരക്ഷിച്ചുപോന്നത് ശക്തിപീഠങ്ങളായിരുന്നില്ല, ശക്തിസാധകരായ ചില മനുഷ്യമനീഷികളായിരുന്നു. ഇവിടെ നവോദ്ധാനത്തിനു തുടക്കം കുറിച്ചതും സമൂഹത്തിൽ പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കിയതും സാധനയിലൂടെ ശക്തിയാർജ്ജിച്ചവരായിരുന്നു. രാഷ്ട്രം എന്ന ദേവതയെ ഉപാസിയ്ക്കാനുള്ള സ്വാമി വിവേകാനന്ദന്റെ ആഹ്വാനം കേവലം സ്വാതന്ത്ര്യലബ്ധിയെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. സ്വശരീരവും, രാഷ്ട്രവും, ദേവതയും ഒന്നായിത്തീരുന്ന സാമരസ്യത്തിൽ ഒരു സാധകന്റെ സ്വാത്മനിഷ്ഠമായ സാധന, രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിയ്ക്കും കാരണമാകും എന്ന തിരിച്ചറിവായിരുന്നു അതിനാധാരം. 
ജാതീയമായ വേർതിരിവുകൾ, സ്വന്തം സംസ്കാരത്തിലുള്ള അഭിമാനലോപം, സ്വധർമ്മാചരണലോപം എന്നീ ഗ്രന്ഥിത്രയങ്ങളെ ഭേദിച്ച് ഒതു ജനതയെ പൂർണതയുടെ സഹസ്രാരത്തിലേയ്ക്ക് ഉയർത്താൻ യത്നിച്ച അഭിനവ ഭഗീരഥന്മാരെ നമുക്കു സ്നേഹാദരങ്ങളോടെ സമരിയ്ക്കാം. 

ഇവരിൽ പ്രഥമഗണീയനാണ് ക്ഷേത്രസംരക്ഷണസമിതിയുടെ ആചാര്യനും തന്ത്രശാസ്ത്രവിശാരദനുമായിരുന്ന പി. മാധവ്ജി. 
ജീർണത ബാധിച്ച ആരാധനാകേന്ദ്രങ്ങളും അതുവഴി ക്ഷയിച്ച സംസ്കാരവും അപജയത്തിന്റെ ഇരുളിലേയ്ക്ക് തള്ളിവിടുമായിരുന്ന ഹൈന്ദവജനതയ്ക്ക് അക്ഷരാർത്ഥത്തിൽ വെളിച്ചമേകിയത് മാധവ്ജി എന്ന സൂര്യതേജസ്സായിരുന്നു. 

സങ്കുചിതമായ ജാതിചിന്തകളിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന തിരിച്ചറിവിൽ, അന്നത്തെ പ്രഗത്ഭരായ വൈദിക താന്ത്രിക ശാസ്ത്ര പണ്ഡിതന്മാരെ നേരിൽ കണ്ട് ഇതു ബോധ്യപ്പെടുത്തുന്ന ദൗത്യം മാധവ്ജി ഏറ്റെടുത്തു. അതു വഴിവച്ചത് കേരളചരിത്രത്തിലെ നാഴികക്കല്ലായ പാലിയം വിളമ്പരത്തിലേയ്ക്കാണ്. വീണ്ടെടുക്കപ്പെട്ട ക്ഷേത്രങ്ങളുടെ, ആചാരം പുനഃസ്ഥാപിയ്ക്കപ്പെട്ട കാവുകളുടെ, സർവോപരി തന്ത്രശാസ്ത്രത്തെ കൈകാര്യം ചെയ്യാൻ കെല്പുള്ള സ്വാഭിമാനമുള്ള ഒരു ജനതയുടെ പൂവും പ്രസാദവും ബാക്കിവച്ചായിരുന്നു  62 വർഷം നീണ്ട ആ ജീവിതമഹായാഗം അവസാനിച്ചത്. 

അതിനോടകം തന്നെ തന്റെ സ്വപ്നലക്ഷ്യത്തിലേയ്ക്കു കേരളജനതയെ നയിയ്ക്കാൻ കരുത്താർന്ന ഒരു ശിഷ്യഗണത്തേയും തന്ത്രവിദ്യാപീഠം എന്ന സ്ഥാപനത്തേയും ആ മഹാമനീഷി സൃഷ്ടിച്ചിരുന്നു. 

"രാജ്യം ദേയം ശിരോ ദേയം ന ദേയോ ഷോഡശാക്ഷരീ" എന്ന് ആഗമം ഉദ്ഘോഷിയ്ക്കുന്ന ശ്രീവിദ്യാപദ്ധതിയിൽ ഏഴു പുണ്യശരീരികളെ പൂർണദീക്ഷിതരാക്കി, തന്റെ പ്രാണന്റെ പതിനാറുകലകളും അവർക്കു പകുത്തു നല്കി മാധവ്ജി ശരീരം വെടിഞ്ഞപ്പോഴേയ്ക്കും മാറ്റത്തിന്റെ വിത്തുകൾക്ക് കേരളമണ്ണിൽ വേരു മുളച്ചിരുന്നു. 

അമൂല്യമായ ആ മന്ത്രരത്നം ലഭിച്ചവരെല്ലാം തന്നെ പ്രിയഗുരുനാഥന്റെ ഇച്ഛയെ ജീവിതവ്രതമായി സ്വീകരിച്ചു. അവരിൽ ഒരാളാണ് അപ്പു എന്നു മാധവ്ജി സ്നേഹത്തോടെ വിളിച്ചിരുന്ന തന്ത്രരത്നം ശ്രീ അഴകത്തു ശാസ്തൃശർമൻ നമ്പൂതിരിപ്പാട്. 
1125 ആം ആണ്ട് ഇടവം 6 നു തിരുവാതിര നക്ഷത്രത്തിൽ അഴകത്തു മന ബ്രഹ്മശ്രീ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. ഭാര്യ ശ്രീമതി നളിനി അന്തർജ്ജനം, മകൾ രമാദേവി. 

1972 ൽ തിരുവില്വാമലയിലെ ബ്രഹ്മസ്വം മഠത്തിൽ അദ്ദേഹം തന്ത്രപഠനത്തിനു ചേർന്നു. പിന്നീട് ആ സ്ഥാപനം കുന്ദംകുളത്തെ സഭാമഠമായും ആലുവയിലെ തന്ത്രവിദ്യാപീഠമായും വളർന്നു.  കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റേയും മാധവ്ജിയുടേയും ശിക്ഷണത്തിൽ ആറു വർഷത്തെ സംസ്കൃത-വേദ-തന്ത്ര പഠനം പൂർത്തിയാക്കിയ ശാസ്തൃശർമൻ നമ്പൂതിരിപ്പാടിന് തന്ത്രരത്ന പുരസ്കാരം കൈമാറിയത് ജഗദ്ഗുരു കാഞ്ചി കാമകോടി ശങ്കരാചാര്യരാണ്. 

ഇന്നു കേരളത്തിന് അകത്തും പുറത്തുമായി 350 ൽ ഏറെ ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇദ്ദേഹം. 600 ൽ ഏറെ പ്രതിഷ്ഠാകർമ്മങ്ങളും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 

തന്ത്രശാസ്ത്ര വിശാരദൻ എന്നതിലുപരിയായി ഒരു സാമൂഹ്യപരിഷ്കർത്താവ് എന്ന സ്ഥാനമാണ് ഇദ്ദേഹത്തിനു കൂടുതൽ യോജിയ്ക്കുക. പാലിയം വിളമ്പരത്തിനും മുൻപു തന്നെ സമൂഹത്തിന്റെ സമസ്ത മേഖലയിലുമുള്ള ബ്രാഹ്മണരല്ലാത്ത ജനങ്ങളെ തന്ത്രശാസ്ത്രത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തി ഒരു ക്ഷേത്രം കൈകാര്യം ചെയ്യാവുന്ന നിലയിലേയ്ക്ക് എത്തിയ്ക്കുക എന്ന കർമ്മത്തിന് ഇദ്ദേഹം തുടക്കം കുറിച്ചിരുന്നു. 

ആലുവയിലെ അദ്വൈതാശ്രമത്തിൽ പത്തു ദിവസം നീണ്ടുനിന്ന ഒരു ശിബിരത്തിലൂടെ നാനാജാതിയിൽപെട്ട ജിജ്ഞാസുക്കളെ അദ്ദേഹം ക്ഷേത്രതന്ത്രം പഠിപ്പിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച കാഞ്ചി മഠാധിപതിയുടെ താത്പര്യപ്രകാരം മാധവ്ജിയുടെ നിർദേശം സ്വീകരിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പൂജാപദ്ധതികളിലെ വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് അവയുടെ  തത്ത്വചിന്തയിലൂന്നിയ ഒരു പൊതുവായ രീതിയിലേയ്ക്കു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു വിജയിപ്പിച്ചു. 
ബ്രാഹ്മണ്യം ജന്മം കൊണ്ടു തീരുമാനിയ്ക്കപ്പെടുന്ന ഒന്നല്ല എന്നു പ്രവൃത്തിയിലൂടെ പ്രഖ്യാപിച്ച ഇദ്ദേഹത്തിന് സമൂഹത്തിൽ നിന്നും നിരവധി എതിർപ്പുകളെ നേരിടേണ്ടതായി വന്നു. അഖിലകേരള തന്ത്രി സമാജത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ സംഘടനയിൽ നിന്നും മാറ്റിനിർത്തി. അവിടെയാണ് ഒരു തികഞ്ഞ സാധകന്റെ മനോധൈര്യവും ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും പ്രകടമായത്. എതിർത്തു നിന്നവർ പോലും കാലക്രമത്തിൽ അദ്ദേഹത്തിന്റെ ആശയത്തിനൊപ്പം ചേർന്നു പ്രവർത്തിയ്ക്കേണ്ടതായിവന്നു.

പട്ടാമ്പിയ്ക്കടുത്തു സ്ഥിതി ചെയ്യുന്ന അഴകത്തു മനയിൽ ഗുരുകുലരീതിയിൽ അദ്ദേഹത്തെ പരിചരിച്ചു വിദ്യ പഠിച്ച ശിഷ്യർക്കെല്ലാം തന്നെ ഒരച്ഛന്റെ കരുതലും അമ്മയുടെ സ്നേഹവും അദ്ദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. വിദ്യ തേടി തന്റെയടുത്തു വരുന്ന അർഹതപ്പെട്ട ഒരാളെയും അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല.
പറവൂർ രാകേഷ് തന്ത്രി
കാരുമാത്ര വിജയൻ തന്ത്രി
ശ്രീനാഥ് കാരയാട്ട് തുടങ്ങി പ്രമുഖ നിര തന്നെ ഇദ്ദേഹത്തിന് ശിഷ്യസമ്പത്തായുണ്ട്
പ്രഗത്ഭരായ ഇദ്ദേഹത്തിന്റെ ശിഷ്യർ ഗുരുപരമ്പരയുടെ യശസ്സും പ്രൗഢിയും കാത്തുപോരുന്നതിൽ ശ്രദ്ധാലുക്കളാണ്. 

ശ്രീ പി. ഇ. ബി. മേനോൻ,  മോഹൻലാൽ, യേശുദാസ്, ഡോ ശ്രീനാഥ് കാരയാട്ട്, സലിംകുമാർ തുടങ്ങി രാഷ്ട്രീയ , സിനിമ, സാമൂഹിക മേഘലകളിൽ പ്രവർത്തിക്കുന്ന  പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ ഇദ്ദേഹത്തിന്റെ അനുഗ്രഹത്തിന്റെ അനുഭൂതി അനുഭവിച്ചവരായിട്ടുണ്ട്. 

സർവസൗഭാഗ്യങ്ങൾക്കും നടുവിൽ ഒരു സാക്ഷിയായി നിറഞ്ഞ പുഞ്ചിരിയോടെ തന്റെ പ്രിയശിഷ്യരെ സ്വീകരിയ്ക്കാനായി അഴകത്തു മനയുടെ പൂമുഖത്തും അതേസമയം കാർക്കശ്യവും ദീർഘവീക്ഷണവുമുള്ള ഒരു നേതാവായി തന്ത്രവിദ്യാപീഠത്തിന്റെ അധ്യക്ഷസ്ഥാനത്തും ഒരുപോലെ അദ്ദേഹം ശോഭിയ്ക്കുന്നു.

No comments:

Post a Comment