നമ്പർ 10
മാനസികരോഗവും കൗൺസിലിങ്ങും
കോഴിക്കോടുള്ള വളരെ ഉയർന്ന ഉദ്യോഗപദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എന്റെ കൗൺസിലിംഗ് സെന്ററിൽ വന്നു . അദ്ദേഹം സ്വയം പരിചയപ്പെടുത്തിയ ശേഷം തുടർന്നു . അമ്മയ്ക്ക് 80 വയസ്സായി . ഈയിടെയായി ചില മാനസിക പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് . സാർ ഒന്ന് വീട്ടിൽ വരണം . പ്രായമായ അമ്മയെ എന്തു പറഞ്ഞ് കൊണ്ടുവരും . മാത്രമല്ല , അമ്മ ചെറിയ ഒരു വാശിക്കാരിയാണ് . അമ്മയ്ക്ക് അസുഖമുണ്ടെന്ന് സമ്മതിക്കുന്നില്ല . ദയവായി സാറ് രാവിലെ വരുന്ന വഴിയോ തിരിച്ച് പോകുന്ന വഴിയോ ഒന്ന് വീട്ടിൽ കയറിയാൽ നന്നായിരുന്നു . ഞങ്ങളുടെ സുഹൃത്താണെന്ന ഭാവത്തിൽ വന്നാൽ മതി , അങ്ങനെ ആരെങ്കിലും വന്നാൽ അമ്മ അവരോട് നന്നായി സംസാരിക്കാറുണ്ട് . അദ്ദേഹം നിർത്തി .
സാർ ഞാൻ വീട്ടിൽ പോയി കൗൺസിലിംഗ് നടത്താറില്ല . ഇവിടെ വന്നാൽ മാത്രമേ നടക്കൂ . അത് ഞങ്ങളുടെ ധാർമ്മികതയുടെ ഭാഗമാണ് . മരണം സംഭവിച്ച വീട്ടിലോ അതീവ രോഗാവസ്ഥയിൽ കിടക്കുന്നവർക്കോ ആവശ്യമുണ്ടെങ്കിൽ വീട്ടിൽ പോവാറുണ്ടെന്നല്ലാതെ മറ്റ് കേസുകൾക്കൊന്നും വീട്ടിൽ പോയി കൗൺസിലിംഗ് ചെയ്യാറില്ല . ഞാൻ പറഞ്ഞു .
സർ ഇത്രയും സ്റ്റെപ്പ് കയറി ( എന്റെ കൗൺസിലിംഗ് സെന്റർ രണ്ടാം നിലയിലാണ് ) ഇവിടെ വരാൻ ബുദ്ധിമുട്ടാണ് . രണ്ട് ഹാർട്ട് അറ്റാക്ക് കഴിഞ്ഞതാണ് .
സർ എങ്ങനെയെങ്കിലും ഒന്നു വരണം .
അവസാനം അയാളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അടുത്ത ദിവസം അയാളുടെ വീട്ടിലെത്തി . വലിയ ബംഗ്ലാവ് . അമ്മ ഉമ്മറത്തു തന്നെ ഇരിക്കുന്നു . കുളിച്ച് ചന്ദനക്കുറിയും തൊട്ട് രാമായണം വായിക്കുകയാണ് . എന്നെക്കണ്ടപ്പോൾ എഴുന്നേറ്റ് സ്വീകരിച്ചിരുത്തി . ആരാണെന്നും എന്താണെന്നു മൊക്കെ ചോദിച്ചു . അമ്മയുടെ മകന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ കാണാനാണ് വന്നതെന്നും പറഞ്ഞു . മകനെ അകത്തേക്ക് നീട്ടിവിളിച്ച് അവരൊക്കെ എഴുന്നേൽക്കാൻ വൈകും എന്നുപറഞ്ഞ് ഞങ്ങൾ വർത്തമാനം പറഞ്ഞു തുടങ്ങി , രാമായണത്തിൽ തുടങ്ങി ലോകത്തിലെ സകല
വിഷയത്തിലും ആ അമ്മയ്ക്ക് പാണ്ഡിത്യം ഉണ്ടെന്ന് എനിക്കു മനസ്സിലായി . അങ്ങനെ പല വിഷയങ്ങളും സംസാരിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ ശരീരഭാഷയും പോസ്റ്ററും ഒക്കെയാണ് .
ഇല്ല ഒരു തരത്തിലുള്ള മാനസിക പ്രശ്നമോ രോഗമോ അമ്മയ്ക്ക് ഇല്ല എന്ന തീരുമാനത്തിൽ ഞാൻ എഴുന്നേറ്റു . അതിനിടയിൽ മകൻ വരികയും ഞാൻ വെറുതെ ഒരു പേപ്പർ അയാളുടെ കൈയിൽ കൊടുക്കുകയും ചെയ്തു .
ശരി , ഞാൻ പോയിട്ടു വരാം . അമ്മയോട് സംസാരിച്ചതിൽ സന്തോഷം എന്നുപറഞ്ഞ് തിരിഞ്ഞപ്പോഴാണ് അമ്മ പിന്നിൽ നിന്നും വിളിച്ച് ചോദിച്ചത് . സത്യത്തിൽ മോൻ വന്നത് എന്നെ കാണാനല്ലെ ? ശരിക്കും എന്റെ ഉള്ളാന്ന് കിടുങ്ങി . ഈ അമ്മയ്ക്ക് ഇതെങ്ങനെ മനസ്സിലായി .
അമ്മ തുടർന്നു ,
മോൻ എന്നെക്കാണാൻ വന്നതാണെന്ന് എനിക്ക് മനസ്സിലായി . മോനും ചേർന്ന് നാലാമത്തെ ആളാണ് ഇത് . എനിക്ക് ഭ്രാന്താണ് എന്ന് വരുത്തി തീർക്കാൻ എന്റെ മക്കൾ കാണിക്കുന്നതാണ് . കാരണം അവർ സ്വത്ത് ഭാഗം വെയ്ക്കാൻ പറഞ്ഞപ്പോൾ എന്റെ കാലശേഷമേ അത് നടക്കൂ എന്ന് ഞാൻ പറഞ്ഞു . കാരണം ഇവർ ഇത് വിറ്റാൽ എനിക്ക് ഈ മണ്ണിൽ ഉറങ്ങണം , എന്ന എന്റെ അഗ്രഹം സാധിക്കില്ല .
ഇത് കേട്ടപ്പോൾ എനിക്ക് ആ മക്കളോട് വളരെ രോഷവും വിഷമവും തോന്നി . ഇങ്ങനെ യൊക്കെ മനുഷ്യർ ഉണ്ടാവുമോ , എങ്ങനെയാണ് ഇവരെ ഇത് പറഞ്ഞ് മനസ്സിലാക്കുക എന്നൊക്കെ ഓർത്ത് ഞാൻ തിരിഞ്ഞ് നടന്നപ്പോൾ ആ അമ്മ വീണ്ടും എന്നെ വിളിച്ച് അരികിൽ വന്ന് പറഞ്ഞു .
മോൻ ഇത് വേറാരോടും പറയണ്ട . രഹസ്യമാണ് . മാതാ അമൃതാനന്ദമയി അമ്മ കഴിഞ്ഞാൽ പിന്നെ ആ സ്ഥാനത്തേക്ക് ഞാനാണ് എന്ന് പറഞ്ഞ് ഒരൊറ്റ പൊട്ടിച്ചിരിയാണ് .
നല്ല ചിത്ത ഭ്രമമാണ് . “ ഇതാണ് ആ രേഖ ” എന്ന് പറഞ്ഞ് കൈകാണിച്ച് ചിരിക്കുന്ന വിയറ്റ്നാം കോളനിയിലെ ശങ്കരാടിയെയാണ് എനിക്ക് ഓർമ്മ വന്നത് . അപ്പോഴാണ് ചിത്തഭ്രമത്തിന് കുളിക്കാതിരിക്കലോ , വസ്ത്രത്തിൽ ശ്രദ്ധയില്ലാതിരിക്കലോ ഒന്നുമല്ല ലക്ഷണം . എന്നെനിക്ക് മനസ്സിലായത് വേഷം കൊണ്ടു മാത്രം നമുക്ക് ഒരാളുടെ വിഷയം മാനസിക പ്രശ്നമാണോ രോഗമാണോ എന്നറിയാൻ സാധിക്കില്ല . ഇതു വ്യക്തമാക്കാനാണ് ഈ കേസ് പറഞ്ഞത് . ഇങ്ങനത്തെ സാഹചര്യത്തിൽ MSE ( Mental Status Examination ) നടത്തുകയാണ് വേണ്ടത് . ഏതെങ്കിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാർ MSE ചെയ്തു തരും . ആ റിപ്പോർട്ടു മായാണ് നമ്മൾ ശരിക്കും സൈക്യാട്രിസ്റ്റിനെ സമീപിക്കേണ്ടത് .
ഇത്തരം കേസുകൾ കൗൺസിലിങ്ങിലൂടെ മാറുകയില്ല തീർച്ചയായും സൈക്യാട്രിക് ഡോക്ടറെ കാണിച്ച് ഔഷധ
ചികിത്സ തന്നെ ചെയ്യേണ്ടതാണ്