Saturday, May 15, 2021

Transaction analysis part.1

Transaction analysis
Part 1
ട്രാൻസാക്‌ഷണൽ അനാലിസിസ് 
അഥവാ ആശയ വിനിമയ അപഗ്രഥനം എന്ന പദ്ധതി അവതരിപ്പിച്ചത് എറിക് ബേൺ എന്ന മനഃശാസ്ത്ര‌ജ്ഞനാണ്.

സിഗ്‌മണ്ട് ഫ്രായിഡിന്റെ മാനസികാപഗ്രഥന കണ്ടെത്തലുകളുടെ ചുവട് പിടിച്ചായിരുന്നുഅദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചത് . 

മനുഷ്യരുടെ സംഭാഷണങ്ങളിലൂടെ അവരുടെ ഉൾക്കാഴ്ച മനസ്സിലാക്കാൻ ഫ്രായിഡിന് കഴിഞ്ഞിരുന്നു. ആശയ വിനിമയത്തിലെ അപഗ്രഥനത്തിലൂടെ ഈ ഉൾക്കാഴ്ചയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുമെന്ന് ബേൺ തെളിയിച്ചു.

നാം ജനിക്കുമ്പോൾ നമ്മുടെ ഉള്ളിൽ വാസനാപ്രേരിതമായ പ്രവൃത്തികൾ (Instinctual drive - Id) ഉണ്ടായിരിക്കും. 

ഒരു കുട്ടി കത്തുന്ന തിരി പിടിക്കാൻ പോകുന്നതും
മൃഗങ്ങളെ കണ്ടാൽ അതിനടുത്തേക്ക് പോകുന്നതും
ഇതുകൊണ്ടാണ്

ഈ സ്ഥിതി നമ്മെ അപകടത്തിലേക്ക് നയിക്കും എന്നുള്ളതിനാൽ നമ്മുടെ മനസ്
അനുഭവങ്ങളിലൂടെയും യും അറിവിലൂടെ യും
പുതിയൊരു മാനസിക നില രൂപപ്പെടുത്തുന്നു.
തന്നെപ്പറ്റി തനിക്കുള്ള ബോധം/യാഥാർത്ഥ്യബോധം (Ego) എന്ന നിലയിലേക്ക് നാം എത്തിച്ചേരുന്നു. തിരിച്ചറിവ് എന്നും ഈ അവസ്ഥയെക്കുറിച്ച് പറയാനാകും.


മാതാപിതാക്കളുമായുള്ള സഹവാസത്തിലൂടെ, സാമൂഹിക നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാനുള്ള അന്തഃകരണ ശക്തി 
(Super Ego) പിന്നീട് നമ്മിൽ രൂപപ്പെടുന്നു.

പിന്നീടങ്ങോട്ട് എല്ലായ്പ്പോഴും നമ്മുടെ ആശയ വിനിമയങ്ങളിൽ ,ചിന്താധാരകളിൽ, പെരുമാറ്റ രീതികളിൽ എല്ലാം ഈ മൂന്ന് അവസ്ഥകളും സ്വാധീനം ചെലുത്തുന്നു.


എറിക് ബേൺ ഈ മൂന്ന് മാനസിക നിലകളും എങ്ങനെ നമ്മുടെ ആശയ വിനിയമത്തിലും വ്യക്തി ബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്നു എന്ന് അപഗ്രഥിച്ച് അവയ്ക്ക് ചൈൽഡ്, 
അഡൽറ്റ്, 
പേരന്റ് 
എന്നിങ്ങനെ മൂന്ന് അവസ്ഥകളാക്കി തിരിച്ച് ട്രാൻസാക്‌ഷണൽ അനാലിസിസ് എന്ന സിദ്ധാന്തം അവതരിപ്പിച്ചു.


നാം ഓരോരുത്തരും കടന്നു പോകുന്നത് നമ്മിൽ അന്തർലീനമായിരിക്കുന്ന ഈ മൂന്ന് മാനസിക നിലകളിലൂടെയാണ് .

ചില സന്ദർഭങ്ങളിൽ നമ്മുടെ പെരുമാറ്റം ഒരു കുട്ടിയെപ്പോലെയും ചിലപ്പോൾ വളരെ യാഥാർത്ഥ്യബോധത്തോടെയും 
മറ്റ് ചിലപ്പോൾ സാമൂഹ്യ നിയമങ്ങൾക്ക് അനുസൃതമായി/ധർമ്മാധർമ്മ വിവേചനപരമായുംമാറും.

വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയത്തിൽ ഈ മൂന്ന് മാനസിക നിലകളും നമ്മിൽ മാറിയും മറിഞ്ഞും പ്രത്യക്ഷമാകുന്നു. 

ഈ മൂന്ന് അവസ്ഥകളും എല്ലാ മനുഷ്യരിലും ഉണ്ടെങ്കിലും ഓരോ വ്യക്തിയിലും ഇതിൽ ഏതെങ്കിലും ഒരു മാനസിക നിലയാകും പ്രബലമായി നിൽക്കുന്നത്. അത് ഏതാണ് എന്ന് നാം ഓരോരുത്തരും കണ്ടെത്തുക എന്നതാണ് ട്രാൻസാക്‌ഷണൽ അനാലിസിസിന്റെ ആദ്യപടി.

അപഗ്രഥനത്തിന്റെ പ്രസക്തി
നാം ആദ്യമായി ഒരു വ്യക്തിയെ കാണുന്നു. അവർ തിരികെ കാണുന്നു. പിന്നീട് അത് ലോഹ്യം പറയലായി മാറുന്നു. അങ്ങനെ രണ്ട് വ്യക്തികൾ തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു പോസിറ്റീവ് ട്രാൻസാക്‌ഷനാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മോശമായി മാറുന്ന നെഗറ്റീവ് ട്രാൻസാക്‌ഷനും സംഭവിയ്ക്കാം. ഈ നിലകളെ ശരിയായ വിധത്തിൽ അറിഞ്ഞ് പെരുമാറാൻ ശ്രമിക്കുക. അതുപോലെ തന്നെ നാം ഇടപെടുന്ന വ്യക്തികളിലും ഈ മൂന്ന് നിലകളും ഉണ്ടെന്നും അവരും ഈ മൂന്ന് മാനസിക നിലകളിലൂടെ ആണ് കടന്നുപോകുന്നവരാണെന്നും എപ്പോഴും ഓർമ്മിക്കുക. ഈ തിരിച്ചറിവാണ് ട്രാൻസാക്‌ഷണൽ അനാലിസിസ് ട്രെയിനിംഗിലൂടെ നാം സ്വായത്തമാക്കുന്നത്.



വ്യക്തി ഭാവങ്ങളുടെ ഘടന (Structural analysis )
ഒന്നിനുമേലെ മറ്റൊന്നായി അടുക്കിവെച്ച മൂന്നുഗോളങ്ങൾ ഒരു പൊതു ആവരണത്തിനുള്ളിലായി ചിത്രീകരിച്ചാൽ മനുഷ്യവ്യക്തിത്വ ത്തിന്റെ ഘടനയായി . 
ഒരു വ്യക്തിയെ കണ്ടാൽ അവന്റെ വ്യക്തിത്വ ത്തിന്റെ ഘടനയിൽ എന്താണുള്ളത് എന്നു പറയാൻ പ്രയാസമാണ് . എങ്കിലും ഘടനയിൽ അധിഷ്ഠിതമായ പ്രവർത്തനശൈലി വളരെ പ്രകടമായി മനസ്സിലാക്കാം . വ്യക്തിഭാവങ്ങളുടെ ഉള്ളടക്കമനുസരിച്ചാണ് നമ്മുടെ സ്വഭാ വങ്ങൾ .

മൂന്നു വ്യത്യസ്ത മാനസിക തലങ്ങൾ ഓരോ വ്യക്തിയിലും ഉണ്ട് . അവ വളരെ വ്യക്തമായി തിരിച്ചറിയാവുന്നതുമാണ് .

പരസ്പരം ചേർത്ത് വച്ച 3 വൃത്തങ്ങളെ കൊണ്ടാണ് വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നത്

ഇംഗ്ലീഷ് അക്ഷരമാലയിലെ PAC എന്ന ക്യാപിറ്റൽ ലെറ്ററുകൾ ആണ് ഇതിന് ഉപയോഗിക്കുന്നത്
മുകളിലത്തെ വൃത്തം P എന്നും എന്നും മദ്ധ്യത്തിൽ ഉള്ളത് A എന്നും താഴെയുള്ളത് C എന്നുമാണ് അടയാളപ്പെടുത്താറുള്ളത്
P for Parent Ego state
A for Adult Ego State
C for Child Ego state

ഇതിൽ മുകളിലത്തെ വൃത്തത്തെ പിതൃഭാവത്തെ (Parent ego State 
ക്രിട്ടിക്കൽ പാരറ്റ് (critica parent) എന്നും നർച്ചറിംഗ് പാരറ്റ് (Nurturing Parent) എന്നും രണ്ടായി തിരിച്ചിരിക്കുന്നു

മദ്ധ്യത്തിലുള്ള
പക്വഭാവത്തിന് മറ്റ് വകഭേദങ്ങൾ ഇല്ല

ശിശു ഭാവത്തെ
പ്രധാനമായും
സഹജ ശിശു ഭാവം
(Natural child )
എന്നും 
മെരുങ്ങിയ ശിശുഭാവം
(Adapted child)
 എന്നും രണ്ടായി
വിഭജിച്ചിരിക്കുന്നു

Transaction Analysis introduction

 Transaction analysis
ഇരുപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ, ഡോക്ടർ എറിക് ബേൺ എന്ന കാനഡയിൽ ജനിച്ച അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഒരു മനഃശാസ്ത്രവിശകലനസങ്കേതമാണ് വിനിമയാപഗ്രഥനം (Transactional Analysis) എന്നറിയപ്പെടുന്നത്.

താരതമ്യേന സങ്കീർണമായ മനഃശാസ്ത്രാശയങ്ങളും മനോരോഗചികിത്സാസങ്കേതങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവയെ ലളിതമായി പ്രതിപാദിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിദ്യയുടെ പ്രധാന സവിശേഷത. സാധാരണക്കാരന്‌ മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ അമൂർത്തമായ മനസ്സിനെയും അതിന്റെ പ്രവർത്തനശൈലിയേയും അവതരിപ്പിക്കുകയാണ് ഡോ. ബേൺ ചെയ്തത്. ആ കാരണം കൊണ്ടുതന്നെ 1960-70 കാലഘട്ടത്തിൽ ഈ സമ്പ്രദായം പാശ്ചാത്യനാടുകളിൽ വളരെ പ്രചാരം നേടി. മനഃശാസ്ത്രരംഗത്ത് വിപ്ലവകരമായ, ഒരു നൂതന സമ്പ്രദായമായി ഈ സങ്കേതം കരുതപ്പെടുന്നു.

 ഇതിന്റെ ഫലമായി ഈ സമ്പ്രദായം പല മാനസികാരോഗ്യപഠനസമൂഹങ്ങളിലും ജനപ്രിയമനഃശാസ്ത്രത്തിന്റെ ഒരു ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.


ശരീരാരോഗ്യം നിലനിർത്തുന്നതിന് ആഹാരം അനിവാര്യമാണ്. അതു പോലെ മനുഷ്യന് മാനസികാരോഗ്യം നിലനിർത്തുവാൻ സഹജീവികളുടെ അംഗീകാരവും പരിഗണനയും സ്നേഹവും ആവശ്യമാണ്. ശിശുക്കളിൽ ലാളനാതൃഷ്ണയായിട്ടാണ് (Stimulation-Hunger) ഇതു കാണുന്നത്. മാതാവിന്റ സ്പർശനവും ഉത്തേജനവും ലഭിക്കാതെ, ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശിശുക്കൾ വളരെ വേഗം രോഗങ്ങൾക്ക് കീഴടങ്ങുന്നുവെന്നും ഒടുവിൽ ജീവഹാനി പോലും സംഭവിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 

ശിശു വളരുന്നതോടെ ലാളനാതൃഷ്ണ, മറ്റാളുകളുടെ അംഗീകാരത്തിനുള്ള അഭിലാഷമായി, അംഗീകാരവാഞ്ഛയായി, (Recognition-Hunger) രൂപാന്തരപ്പെടുന്നു. 

എല്ലാ മുതിർന്നവരിലും അന്തർലീനമായ ഒരു അഭിലാഷമാണ് ഇത്. ശിശുക്കളൂടെ മേല്പറഞ്ഞ അവസ്ഥയ്ക്ക് സമാനമായി, മുതിർന്നവർ ദീർഘകാലം ഏകാന്തതടവനുഭവിക്കുമ്പോൾ താത്ക്കാലികമായ ചിത്തഭ്രമം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തടവുകാർക്ക്, ശാരീരികമായ പീഡനത്തേക്കാൾ അസഹനീയമാണ് ഏകാന്തവാസമെന്ന് ഡോ. ബേൺ തന്റെ ഗേംസ് പീപ്പിൾ പ്ലേ, എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരത്തിനുള്ള ഈ ആഗ്രഹം, പല വ്യക്തികളിൽ പല തോതിലാണു കാണുന്നത്. 

ഒരു ചലചിത്രനടന്, അജ്ഞാതരായ നിരവധി ആരാധകരുടെ അംഗീകാരം ഒരു പക്ഷേ വേണ്ടിവരുമ്പോൾ, ഒരു ശാസ്ത്രജ്ഞന് തന്റെ മാനസികാരോഗ്യം നിലനിർത്താൻ, വർഷത്തിലൊരിക്കൽ ലഭിക്കുന്ന അംഗീകാരം മതിയായിയെന്നു വരാം.

വിനിമയാപഗ്രധന വിദ്യയിൽ, സ്ട്രോക് (Stroke - സംവാഹനം; തലോടൽ, സ്നേഹപ്രകടനം, എന്നൊക്കെയുള്ള അർത്ഥത്തിൽ) എന്ന ഇംഗ്ലീഷുപദം, മനുഷ്യർ പരസ്പരം അംഗീകരിക്കുന്നതിന്നായി ചെയ്യുന്ന ചേഷ്ടയെ സൂചിപ്പിക്കുവായി ഉപയോഗിക്കുന്നു. മറ്റൊരാളുടെ അസ്തിത്വം അല്ലെങ്കിൽ സാന്നിദ്ധ്യം അംഗീകരിക്കുന്നതിനായി പ്രകടിപ്പിക്കുന്ന ഏതു ചേഷ്ടയും ഒരു സ്ട്രോക്കായി പരിഗണിക്കാം. ശിശുക്കളുടെ അസ്തിത്വം അല്ലെങ്കിൽ സാമീപ്യം അംഗീകരിക്കുന്നത് അവരെ ശാരീരികമായി ലാളിച്ചുകൊണ്ടാണ്; മുതിർന്നവരോടാകുമ്പോൾ അത് ഒരു ഉപചാരവാക്കോ ഒരു നോട്ടമോ മറ്റു ശരീരചേഷ്ടയോ ആയിട്ടാണ് പ്രകടിപ്പിക്കുന്നത്. ഇപ്രകാരം വാക്കുകളിലൂടെ, സംഭാഷണത്തിലൂടെ, ശരീരചേഷ്ടകളുലൂടെ നടക്കുന്ന സ്ട്രോക്കുകളുടെ, സ്നേഹത്തിന്റെ പരസ്പരക്കൈമാറ്റമാണ് വിനിമയം (Transaction) എന്നു പറയുന്നത്. സാമൂഹികവ്യവഹാരത്തിന്റെ ഒരു അടിസ്ഥാനയളവാണ് ഇത്.


സാമൂഹികമായി ഇടപഴകിക്കൊണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഭാവചേഷ്ടകളിൽ - ശരീരനില, നോട്ടം, വാക്കുകൾ, ശബ്ദവ്യതിയാനം, മറ്റ് അംഗവിക്ഷേപങ്ങൾ തുടങ്ങിയവകളിൽ - ഇടയ്ക്ക് പ്രകടമായ മാറ്റങ്ങൾ വരുന്നു എന്നത് അവ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്ന ഒരാൾക്ക് കാണാൻ കഴിയും.അതതു സമയത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന വികാരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് അവരുടെ ഭാവചേഷ്ടാദികളിൽ വരുന്ന വ്യത്യാസങ്ങൾ. ഈ മാറ്റങ്ങളും വ്യത്യാസങ്ങളും ആണ് ഒരു വ്യക്തിയ്ക്ക്, വിവിധ മാനസികനിലകൾ (Ego States) ഉണ്ട് എന്നതിന്റെ സൂചന മനഃശാസ്ത്രജ്ഞർക്കു നൽകിയത്. ഒരു വ്യക്തിയ്ക്കുണ്ടാവുന്ന ഓരോരോ ഭാവചേഷ്ടകളും‍, ഓരോരോ മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മാനസികനിലകളാണ്, ഭാവതലങ്ങളാണ് ഒരു വ്യക്തിയിൽ ഉള്ളത് :

വ്യക്തിയുടെ, മാതാപിതാക്കളുടെ മാനസികനിലയോട് സാദൃശ്യമുള്ള ഒരു ഭാവതലം. വിനിമയാപഗ്രഥനവിദ്യയിൽ, ഈ മനോഭാവതലത്തെ, പിതൃഭാവതലം 
(Parental Ego State) 
എന്നോ ചുരുക്കി, പിതൃഭാവം എന്നോ പറയുന്നു.


ബാഹ്യലോകയാഥാർത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി ഗ്രഹിക്കാനും പ്രതികരിക്കാനും കഴിവുള്ള ഒരു ഭാവതലം. ഇത് പക്വഭാവതലം 
(Adult Ego State) 
അല്ലെങ്കിൽ പക്വഭാവം എന്നു പറയുന്നു

വ്യക്തി ശിശുവായിരിയ്ക്കുമ്പോൾത്തന്നെ രൂപപ്പെട്ടുദൃഢമായതും ഓർമകളുടെയും അനുഭവങ്ങളുടെയും കലവറയായതുമായ ഒരു ഭാവതലം. ഇത് ശിശുഭാവതലം 
(Child Ego State) 
അല്ലെങ്കിൽ ശിശുഭാവം എന്നു പറയുന്നു.
ഒരു വ്യക്തി, ഒരു സമയത്ത്, ഏതെങ്കിലും ഒരു ഭാവതലത്തിൽ നിന്നുമാണ് പെരുമാറുക. എന്നാൽ അടുത്ത നിമിഷം മറ്റൊരു ഭാവത്തിൽ നിന്നും പെരുമാറുകയും ചെയ്യാം. 

പിതൃഭാവത്തിലായിരിക്കുമ്പോൾ അയാൾ അയാളുടെ പിതാവിനെ അല്ലെങ്കിൽ മാതാവിനെപ്പോലെ (അതുമല്ലെങ്കിൽ ആ സ്ഥാനം വഹിച്ചിരുന്ന ആളെപ്പോലെ) പെരുമാറുന്നു, ഭാവചേഷ്ടകൾ പ്രകടിപ്പിക്കുന്നു. 

പക്വഭാവത്തിലായിരിക്കുമ്പോൾ അയാൾ സ്വതന്ത്രമായി, യുക്തിയുക്തമായി, മുൻവിധിയില്ലാതെ, വികാരങ്ങൾക്കു കീഴ്പ്പെടാതെ ഒരു സാഹചര്യത്തെ വിലയിരുത്തുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും നിഗമനങ്ങൾ എടുക്കുകയും ചെയ്യുന്നു.

ഈ മൂന്നു ഭാവങ്ങൾ, എല്ലാ മനുഷ്യരിലും - മുതിർന്നവരിലും, ശിശുക്കളിലും, മാനസികവളർച്ചയില്ലാത്തവരിലും, ഉന്മാദരോഗമുള്ളവരിൽ (Schizophrenic) പോലും - നിലനിൽക്കുന്നു. ഓരോ വ്യക്തികളിലും അവ വ്യത്യസ്തമായിരിക്കും എന്നു മാത്രം. ഏതെങ്കിലും ഒരു ഭാവം മറ്റോന്നിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് പറയാനാവില്ല; മൂന്നു ഭാവങ്ങളും അതതിന്റേതായ ജീവിതമൂല്യങ്ങളുമുണ്ട്:

ശിശുഭാവം സന്തോഷത്തിന്റെ, സഹജാവബോധത്തിന്റെ (Intuition), സ്വാഭാവികാത്സുക്യത്തിന്റെ (Spontaneous Drive), ആവിഷ്കരണശേഷിയുടെ (Creativity), ഉറവിടമാണ്.


പക്വഭാവം, ജീവസന്ധാരണത്തിന് ആവശ്യമായ സങ്കീർണമായ കണക്കുട്ടലുകളും നിഗമനങ്ങളും നടത്തുന്നു. ഉദാഹരണത്തിന്, ഒരു റോഡ് മുറിച്ചുകടക്കുന്നതിന്, വാഹനങ്ങളുടെ വേഗതകളെപ്പറ്റിയുള്ള സങ്കീർണമായ കണക്കുകൂട്ടലുകളും സാധ്യതാനിർണയങ്ങളും (Probability Estimates) നിഗമനങ്ങളും നടത്തുന്നത് പക്വഭാവമാണ് ; സുരക്ഷിതമായി മറുകരയെത്താൻ കഴിയുമെന്ന് കണക്കുകൂട്ടലുകൾ വ്യക്തമാകുമ്പോൾ മാത്രമാണ് റോഡു മുറിച്ചുകടക്കുവാൻ ഈ മാനസികഭാവം അയാളെ അനുവദിക്കുന്നത്. പിതൃ-ശിശു‍ഭാവങ്ങളെ നിയന്ത്രിക്കുക എന്ന ധർമ്മവും നിർവഹിക്കുന്നത് ഈ ഭാവമാണ്.


പിതൃഭാവമാവട്ടെ, രണ്ടു പ്രധാന ധർമ്മങ്ങളാണ് നിർവഹിക്കുന്നത്: ഒന്ന്, ഒരു വ്യക്തിയ്ക്ക് അയാളുടെ സ്വന്തം മക്കളെ വളർത്താനുള്ള കാര്യശേഷി നൽകുകയും തദ്വാരാ മനുഷ്യവംശത്തിന്റെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. 

 രണ്ട്, നിത്യജീവിതത്തിലെ നിരവധി ചെറുപ്രവൃ‍ത്തികളും ദിനചര്യകളും ഏറ്റെടുത്ത് അതിനെ സ്വയംനിയന്ത്രിത പ്രതികരണങ്ങളിലൂടെ ലഘൂകരിക്കുകയും ഇത്തരം ഒട്ടനവധി കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പക്വഭാവത്തെ സ്വതന്ത്രമാക്കി കൂടുതൽ പ്രധാന്യമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.


മൂന്നു ഭാവങ്ങളുടെയും യുക്തമായ തുലനമാണ് അർത്ഥപൂർണമായ ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നത്

Tuesday, April 20, 2021

ആരാണ് അഘോരികൾ?

കാശിയിലെ അഘോരി പറഞ്ഞു ചെയ്യുന്ന കർമത്തിനോടാണ് ലഹരി വേണ്ടത്


രാമ നാമ് സത്യ ഹേ ശ്രീ രാമ് നാമ് സത്യ ഹേ...' ദഹിപ്പിക്കാനുള്ള ഒരു ശവശരീരം പട്ടിൽ പൊതിഞ്ഞ് മണികർണികയിലേക്ക് കൊണ്ടുവരുകയാണ്. കാശിയിലെ ശ്മശാനമാണ് മണികർണിക, ഗംഗാതീരത്തെ ശവഭൂമി. ചത്തതും ജീവിക്കുന്നതുമായ ശരീരങ്ങൾ നിലയ്ക്കാതെ ഒഴുകുന്നു. മണികർണിക ഒരു ത്രിവേണിയാണ്. കത്തിക്കാൻ കൊണ്ടുവരുന്ന ശവങ്ങൾ, അത് കൊണ്ടുവരുന്ന മനുഷ്യർ, അണമുറിയാതെ എത്തുന്ന വിറക്... ഇവ മൂന്നും മണികർണികയിൽ സംഗമിക്കുന്നു.
ഞാൻ ഒരു ശവയാത്രയ്ക്ക് പിറകേ നടന്നുതുടങ്ങി, മൂക്കിലേക്ക് പനിനീരിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം. ഒരിക്കൽ ആരുടെയോ ആരൊക്കെയോ ആയിരുന്ന ഒരു ശരീരം, ഇന്ന് ആരാണെന്നുപോലും അറിയാത്ത ആരൊക്കെയോ ചേർന്ന്, പട്ടിൽ പൊതിഞ്ഞ് പട്ടടയിലേക്ക് എടുക്കുന്നു. ശവം പൊതിയുന്നവർക്ക് ബനാറസി മീഠാ പാൻ പൊതിയുന്ന ലാഘവംമാത്രം മുഖത്ത്. മരിച്ചയാളുടെ ബന്ധുക്കളോ കൂടെവന്നവരോ ആയവർക്ക് കണ്ണിൽ ചെറിയ നനവ്, നെടുവീർപ്പ്! കാശിയിലെ മരണം മോക്ഷം എന്നാണല്ലോ. കാലന്റെ കാലനായ കാലഭൈരവൻ കാശിയിൽവെച്ച് മരിക്കുന്നവർക്ക് ചെവിയിൽ മഹാതാരക മന്ത്രം ചൊല്ലിക്കൊടുക്കുമെന്നാണ് കേവല വിശ്വാസത്തിനപ്പുറത്തെ ബോധ്യം.
ശ്മശാനഘാട്ടിലെ പതിവുരീതികൾ നോക്കിയിരുന്നു. കാശിയിൽ ഞാനിത് രണ്ടാം വട്ടമാണ്. കഴിഞ്ഞതവണയും കൂടുതൽ സമയം ചെലവഴിച്ചത് ഈ ശ്മശാനത്തിൽത്തന്നെയാണ്. മരണം കാണുന്നതുപോലെ ആത്മീയമായ മറ്റൊരു കാര്യമില്ല. ജീവിതത്തിന്റെ അർഥം ചികഞ്ഞുനോക്കാൻ പറ്റിയൊരിടം ശ്മശാനംതന്നെയാണ്. ആരെയും തത്ത്വചിന്തകനാക്കുന്നിടം.

അങ്ങനെയിരിക്കുമ്പോളാണ് കുറച്ചുമാറി ഒരു സാധു ഇരിക്കുന്നത് കണ്ടത്. ഒറ്റനോട്ടത്തിൽ ഒരു നാഗസന്ന്യാസിയെപ്പോലെയുണ്ട്. ഒന്നു പരിചയപ്പെടണമെന്നൊരു മോഹം. പക്ഷേ, ഭയക്കണം, ധ്യാനത്തിനോ അവരുടെ െെസ്വരത്തിനോ നമ്മൾ തടസ്സമായാൽ തീർന്നു! ഒരു മുൻകാലാനുഭവം ഓർമയിലേക്കുവരുന്നു.
ഒരിക്കൽ രാമേശ്വരത്തുവെച്ച് ഒരു ശൈവ സന്ന്യാസിയുടെ കാലുപിടിക്കാൻ ചെന്നതും അയാൾ കാലുമടക്കി എന്നെ തൊഴിച്ചതും ഒരുമിച്ചായിരുന്നു. വേദനിച്ചില്ലെങ്കിലും അന്നു ഞാൻ ഭയന്നുപോയി. അതിൽപ്പിന്നെ ഒരുപാട് നാഗബാബമാരെ കാണുകയും അവരുടെ സ്നേഹം ലഭിക്കാനുമിടയായിട്ടുണ്ട്! പക്ഷേ, ഒരു സുരക്ഷിത അകലം എപ്പോഴും പാലിക്കാറുണ്ട്.
ബാബ കണ്ണടച്ചിരിക്കുകയാണ് ഒരു പത്തുമീറ്റർ മാറി ഞാൻ അദ്ദേഹത്തെ നോക്കിനിന്നു. മേലാസകലം തൂവെള്ളഭസ്മം. നീട്ടിയമുടി, താടി, പുരികമധ്യം ചുളിഞ്ഞിരിക്കുന്നത് ഒരു തൃക്കണ്ണിന്റെ പ്രതീതി ജനിപ്പിക്കുന്നു. വസ്ത്രമായി ഒരു കോണകം ഉണ്ടെന്നുതോന്നുന്നു. മുമ്പിലെരിയുന്ന അഗ്നികുണ്ഡം, ചാണക വറളികൾ അട്ടിയട്ടിയായി തൊട്ടടുത്ത് സൂക്ഷിച്ചിട്ടുള്ളത് കണ്ടാലറിയാം ബാബ കുറച്ചുനാളായി ഇവിടെ താമസം തുടങ്ങിയിട്ടെന്ന്. വൃത്തിയായി മണ്ണുകൊണ്ട് നിലം മെഴുകിയിട്ടുണ്ട്. നിലത്ത് ഒരു തൃശൂലം കുത്തിനിർത്തിയിട്ടുണ്ട്. നന്നായിത്തിളങ്ങുന്ന ഒരു പിച്ചള കമണ്ഡലുകൂടാതെ ഒരു പ്ലാസ്റ്റിക് ബോട്ടിലും ഒരു തുണിസഞ്ചിയും തീർന്നു ഭൗതികസമ്പാദ്യം!

ബാബ കണ്ണുതുറക്കുമോ? അറിയില്ല തുറന്നാൽ നന്നായിരുന്നു എന്നുകരുതി നിൽപ്പുതുടർന്നു. കാൽ കഴച്ചുതുടങ്ങിയപ്പോൾ ബാബ കണ്ണുതുറന്നു. ഒരു ചാണകവറളിയെടുത്തു (ദൈവമേ എറിയാനാണോ?) നിലത്തടിച്ചുപൊട്ടിച്ചു രണ്ടു കഷ്ണമാക്കി ഒന്നെടുത്തു തീയിൽ വെച്ചു. പതുക്കെ മുഖമുയർത്തി നെറ്റി ചുളിച്ചുനോക്കി. കണ്ണിലേക്ക് തുളച്ചുകയറുന്ന തീക്ഷ്ണത ആ കണ്ണുകൾക്കുണ്ട്. ആ കൃഷ്ണമണിയുടെ ചലനം ''എന്താ വേണ്ടത്?'' എന്നുചോദിച്ചപോലെ. ഞാൻ പതുക്കെ ഒരുപടി ഇറങ്ങി. ''അടുത്തേക്ക് വന്നോട്ടെ'' എന്ന് പതിഞ്ഞസ്വരത്തിൽ ചോദിച്ചു. അല്പസമയം എന്നെയുഴിഞ്ഞൊന്നു നോക്കിയ ശേഷം അടുത്തേക്കുവരാൻ തലയാട്ടി. അടുത്തേക്കുചെന്നു. ഇരിക്കാൻ തുനിഞ്ഞപ്പോൾ സഞ്ചിയിൽനിന്ന് ബാബ ഒരു തോർത്തെടുത്ത് വലതുഭാഗത്തായി വിരിച്ചുതന്നു. അവിടിരുന്നു! എന്തു ചോദിക്കണമെന്നറിയാതെ എന്തൊക്കയോ ചിന്തിച്ചു.
ആരാണഘോരികൾ? എന്താണിവരിങ്ങനെ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ. ആ നിശ്ശബ്ദനിമിഷങ്ങളിൽ മനസ്സ് മുമ്പ് വായിച്ചും കേട്ടും ചോദിച്ചും അറിഞ്ഞ കാര്യങ്ങൾ ആവർത്തിച്ചുതുടങ്ങി. ശിവന് അഞ്ച് മുഖങ്ങളുണ്ട്, ഓരോ മുഖവും ഓരോന്നിനെ പ്രതിനിധാനം ചെയ്യുന്നു. പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന മുഖം സൃഷ്ടിയുടേതാണ് സദ്യോജാതനെന്ന് പേര്. വാമദേവനെന്ന് പേരുള്ള മുഖം സ്ഥിതിയാണ് കൈകാര്യം ചെയ്യുന്നത്, വടക്കോട്ട് തിരിഞ്ഞിരിക്കുന്നു. തെക്കോട്ടുള്ള മുഖമാണ് അഘോരം പുനരുജ്ജീവനമാണ് ഈ മുഖത്തിന്റെ ഉദ്ദേശ്യം. കിഴക്കോട്ടും വടക്കു കിഴക്കോട്ടുമായി തിരിഞ്ഞിരിക്കുന്ന തത്പുരഷനും ഈശാനനും ദൈവീകകൃപയുടെ മുഖങ്ങളാണ്. ശിവന്റെ അഘോരമുഖമാണ് അഘോരികളുടേത്. അഘോരം എന്ന വാക്കിനർഥം ഘോരമല്ലാത്തത് എന്നാണ്. എന്നാൽ, അഘോരികളെക്കുറിച്ചു പ്രചരിപ്പിച്ചിട്ടുള്ള നിറംപിടിപ്പിച്ച കഥകൾ ഭയമുള്ളവാക്കുന്നവയാണ്. ശവം തിന്നുന്ന അഘോരി, കാണുന്നവരെ ഉപദ്രവിക്കുന്ന അഘോരി, ശ്മശാനവാസി അഘോരി അങ്ങനെ എന്തെല്ലാം... എന്നാൽ, ഞാൻ പരിചയപ്പെട്ടിട്ടുള്ള അഘോരികളെല്ലാം കുട്ടികളുടെ മനസ്സുള്ളവരായിരുന്നു. അല്ലാത്തവരെ അഘോരി എന്നു വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അഘോരം പഠിപ്പിക്കുന്നതാണ് നിർമലരാവാൻ.
ലജ്ജ, ഭയം, രാഗം, അറപ്പ്, വെറുപ്പ്, കൊതി, മദം, ആർത്തി എന്നീ ഏടാകൂടത്തിൽനിന്ന് പുറത്തുകടക്കാനാണ് അഘോരസാധനകൾ. ശ്മശാനത്തിലെ സാധന ഭയമകറ്റും, കിട്ടിയത് ഭക്ഷിച്ചാൽ കൊതിയകലും നഗ്നത ലജ്ജയകറ്റും ഇങ്ങനെ ഇവരുടെ എല്ലാ പ്രവൃത്തികൾക്കും അവരുടേതായ കാരണങ്ങളുണ്ട്. എട്ടുകെട്ടു കെട്ടി ബന്ധിച്ച ഒരു കൊച്ചു കുട്ടിയുണ്ട് നമ്മുടെയൊക്കെ ഉള്ളിൽ, ഈ സമൂഹവും കുടുംബവും, മതവും രാഷ്ട്രവും എല്ലാം ചേർന്നു കെട്ടിയ ആ കൊച്ചുകുട്ടിയെ തുറന്നുവിട്ടാൽ അത് സദാശിവനായി എന്ന് അഘോരം പഠിപ്പിക്കുന്നു.


ശിവൻ അഘോരികൾക്ക് പാർവതിയുടെ ഭർത്താവും ഗണപതി, മുരുകന്മാരുടെ അച്ഛനുമായ പുരാണ കഥാപാത്രമല്ല. ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന അനന്തശക്തിയുടെ പേരാണ്. അതിനെ ഉണർത്തലാണ് അഘോരം. ശരീരംതന്നെയാണ് പ്രപഞ്ചം. പ്രപഞ്ചത്തെയറിയണമെങ്കിൽ ശരീരത്തെ അറിഞ്ഞാൽ മതിയെന്നിവർ പറയുന്നു. രാശിചക്രങ്ങൾ നോക്കി പ്രകൃതിയിലെ മാറ്റങ്ങളെ അറിയുന്നയിവർ പന്ത്രണ്ട് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മഹാകുംഭമേളയെ അതിവിശിഷ്ടമായി കരുതുന്നു. കുംഭമേളയുമായി ബന്ധപ്പെട്ട അമൃത്വീണ പുരാണകഥയല്ല ഇവരുടെ പ്രമാണം. ഈ പ്രകൃതിതന്നെയാണ് പ്രമാണം, അതിലെ ശക്തിയുടെ വേലിയേറ്റങ്ങളിലാണിവരുടെ ശ്രദ്ധ. വാരാണസിയിലെ ബാബാ കിനാരാം സ്ഥൽ, അഘോരികളുടെ പ്രമുഖകേന്ദ്രമാണ്. ശ്മശാനമെന്ന ആത്മവിദ്യാലയം ഇവർക്ക് ക്ഷേത്ര തുല്യമാണ്. 51 ശക്തിപീഠങ്ങൾക്ക് അടുത്തുള്ള ശ്മശാനങ്ങളാണെങ്കിൽ അതിവിശിഷ്ടമായി.
ചിന്തകൾ ഇങ്ങനെ പുരോഗമിക്കവേ ബാബ മുരടനക്കി. ആകാംക്ഷാപൂർവം ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തെങ്കിലും പറഞ്ഞാൽ കേൾക്കാം; ഒന്നും ചോദിക്കാനില്ല എനിക്ക്. ബാബ ചോദിച്ചു ''കാശി ഇഷ്ടമായോ?'' ''ആയി'' എന്നു പറഞ്ഞു. ''കാശി അങ്ങനെയാണ് ആരെയും ആകർഷിക്കും'' ബാബ പറഞ്ഞുതുടങ്ങി. ''ആത്മീയയത തേടുന്നവർക്ക് ഭൗതികതയും ഭൗതികത തേടുന്നവർക്ക് ആത്മീയതയും കൊടുക്കുന്ന വിചിത്ര ഭൂമിയാണിത്'' (അതെന്താണങ്ങനെ? സംശയം ഉണ്ടായിട്ടും ചോദിച്ചില്ല ) ബാബ തുടർന്നു ''വിശ്വനാഥൻ ഈ ഭൂമിയിലാകെ നിറഞ്ഞിരിക്കുന്നു!''
ഇടയ്ക്കൊന്നു നിർത്തി എന്നെ നോക്കി. എന്തെങ്കിലും പറയാനുണ്ടോ എന്ന ഭാവം മുഖത്ത്. എനിക്ക് ഒന്നും ചോദിക്കാനില്ലായിരുന്നു പ്രത്യേകിച്ച് ആത്മീയത, അതുകൊണ്ട് വളരെ അപക്വമായ ഒരു ചോദ്യം ചോദിച്ചു. ''അങ്ങയുടെ പൂർവാശ്രമം (സന്ന്യസിക്കുന്നതിനു മുമ്പ്) എന്താണ്?'' ''നദി മൂലം ഋഷി മൂലം'' ആരായരുതെന്ന് ഭാരതത്തിലൊരു പ്രമാണമുണ്ട്. നദിയുടെയും ഋഷിയുടെയും തുടക്കം അന്വേഷിക്കരുത് എന്നർഥം. എന്തു ജിജ്ഞാസയാണ് അത്തരമൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല.
ബാബ എന്നെ തുറിച്ചുനോക്കി, കൈയിലിരുന്ന കവണകൊണ്ട് കനൽ ശരിയാക്കി. (അരുതാത്ത ചോദ്യത്തിനു പൊള്ളിക്കാനുള്ള പുറപ്പാട് വല്ലതും ആണോ ഈശ്വരാ?) ബാബ കനലിൽ നിന്നും തലയുയർത്താതെ ഒറ്റശ്വാസത്തിൽ പറഞ്ഞു ''വീട് സുൽത്താൻപുർ ആണ്. സർക്കാർ ജോലിയായിരുന്നു. സന്ന്യസിക്കണമെന്നുതോന്നി അഖാഡയിൽ ചേർന്നു. രാമചന്ദ്രനാഥ് എന്ന് ദീക്ഷാനാമം സ്വീകരിച്ചു. പിന്നെ ഇവിടെത്തന്നെ'' (കൂടുതൽ ചോദിക്കാനനുവദിക്കാത്ത ഭാവമായിരുന്നു അപ്പോൾ മുഖത്ത് ).

ഇതു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ സാമാന്യം നന്നായി വസ്ത്രംധരിച്ച ഒരു മധ്യവയസ്കൻ പടിയിറങ്ങിവന്നു. ഒരു പൊതിതുറന്ന് മധുരമുള്ള രണ്ടു പലഹാരമെടുത്ത് ചെറിയ രണ്ടുപൊതികളാക്കി ബാബയ്ക്ക് സമർപ്പിച്ചു. അതിൽ ഒന്ന് ബാബ എന്റെ നേരേ നീക്കി. ഭക്തിപൂർവം സ്വീകരിച്ചു. മധ്യവയസ്കൻ നമസ്കരിച്ചെഴുന്നേറ്റു. ബാബ എന്നെനോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''കാശിയിലെ ഈ ഘാട്ടുകളെല്ലാം വൃത്തിയായപ്പോൾ സമൂഹത്തിലെ മാന്യൻമാർ ഇവിടെവന്നു നമസ്കരിക്കുന്നു. എന്നാൽ, ഇവിടെ അഴുക്കായി വൃത്തിഹീനമായി കിടന്നപ്പോഴും ഞാനിവിടെ ഇരിക്കാറുണ്ട്. അന്ന് നമസ്കരിക്കാറുള്ള പാവങ്ങൾ ഇന്നും വരാറുണ്ട്.'' ഇതു പറഞ്ഞദ്ദേഹം ആകാശത്തേക്കുനോക്കി പൊട്ടിച്ചിരിച്ചു. ചിരിക്കിടയിൽ പറഞ്ഞു ''വിശ്വനാഥൻ പോലും വൃത്തിയില്ലാത്ത സ്ഥലത്തിരുന്നാൽ ഇത്തരക്കാർ വരില്ല.'' ബാബ പറഞ്ഞത് ശരിവെക്കാനെന്നോണം രണ്ടുപേർ, കാഴ്ചയിൽത്തന്നെ അറിയാം ഏഴകളാണെന്ന് പതുക്കെ നടന്നുവന്നു വണങ്ങിയവിടെയിരുന്നു. മുഷിഞ്ഞവസ്ത്രം എന്നാൽ, ഭക്തി ത്രസിക്കുന്ന മുഖങ്ങൾ. ബാബ അവരെ ആശീർവദിച്ചു. ഒരാളൊടെന്തോ പറഞ്ഞു, അയാൾ എഴുന്നേറ്റു പിരിഞ്ഞുപോയി. മ​റ്റേയാൾ ബാബയ്ക്കടുത്തേക്ക് നീങ്ങിയിരുന്നു, അനുവാദം ചോദിച്ച് സഞ്ചിയിൽ നിന്നെന്തോ പുറത്തെടുത്തു. അരണ്ടവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു. ഒരു മണ്ണിന്റെ ഛില്ല
(സന്യാസിമാർ പുകവലിക്കാനായി ഉപ​േ​യാഗിക്കുന്ന മൺകുഴൽ) മാണ്. ബാബ സഞ്ചിയിൽ കൈയിട്ട് പച്ചനിറമുള്ള എന്തോ ചെറിയ ഉണ്ടയിൽനിന്നൊരു നുള്ളെടുത്ത് സഹായിക്കു കൊടുത്തു. അയാളത് കുടക്കമ്പിപോലെ ചെറിയ ഒരു ഇരുമ്പുകമ്പിയിൽ ഉരുട്ടിപ്പിടിപ്പിച്ചു. തീപ്പെട്ടികൊണ്ട് ആ ഉണ്ട കത്തിച്ചു. ധുനിയിൽനിന്ന് ഈയാവശ്യത്തിന് തീയെടുത്തില്ല എന്നത് എന്നിൽ കൗതുകമുണർത്തി. കത്തിക്കരിഞ്ഞ ആ ഉണ്ട കൈയിൽ കരുതിയ പുകയിലപ്പൊടിയുടെകൂടെ തിരുമ്മി ചില്ലത്തിൽ കരുതലോടെ നിറച്ച് ബാബയ്ക്കു കൊടുത്തു. കൈചുരുട്ടി ഒരു പ്രത്യേകരീതിയിൽ ചില്ലം അതിനിടയ്ക്കുവെച്ച് വീണ്ടും തീപ്പെട്ടി കത്തിച്ച് തീകൊളുത്തി ബാബ ആഞ്ഞാഞ്ഞു വലിച്ചു. ചില്ലത്തിന്റെ അറ്റത്തെ തീ നീറിക്കത്തുന്നു. ബാബയുടെ മൂക്കിലൂടെ രണ്ടു വെളുത്ത കൊമ്പുപോലെ പുക പുറത്തേക്ക്. ചില്ലം, ബാബ എന്റെ നേർക്കുനീട്ടി. വലിച്ചുപരിചയമില്ലാത്തതുകൊണ്ട് എന്റെ ശ്രമം പാഴായി. ബാബയും സഹായിയും മാറിമാറി വലിച്ച് അതു തീർത്തു. കഷ്ടി രണ്ടുതവണ വലിക്കാനേ അതുണ്ടായിരുന്നുള്ളൂ എന്നതാണ് കൗതുകകരം. അത്രയ്ക്ക് ആഞ്ഞാണ് ബാബ ഒരോ തവണയും വലിച്ചുതീർത്തത്.
ബാബ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ചോദിച്ചു ''അങ്ങയ്ക്ക് ഭാംഗ് വേണോ..?'' ''നിങ്ങൾ ഭാംഗ് കഴിക്കുമോ'' എന്ന് മറുചോദ്യം. ''ഇല്ല, അങ്ങയെപ്പോലെ ആരെയെങ്കിലും കണ്ടാൽ തരാം എന്നുകരുതി സർക്കാർ ഭാംഗ് വിൽപ്പനക്കടയിൽനിന്ന് വാങ്ങിയതാണ്''. ബാഗുതുറന്ന് ഒരുണ്ട ഭാംഗ് ആദരപൂർവം നീട്ടി. അദ്ദേഹം അതുവാങ്ങി സഞ്ചിയിൽ വെച്ചു. എന്നിട്ടു ഉപദേശമെന്നമട്ടിൽ പറഞ്ഞു ''യോഗികൾ ഭാംഗ് ഉപയോഗിക്കുന്നതുകണ്ടിട്ട് നിങ്ങൾ ഉപയോഗിക്കരുത്. ഭാംഗും ചരസ്സും കഞ്ചാവുമൊക്കെ സാധാരണക്കാരുടെ ആത്മശക്തിയെ തളർത്തും. ഞങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങളുടേതായ കാരണങ്ങൾ ഉണ്ട്. വീര്യത്തെ ഉയർത്താനാണ് ഞങ്ങളുടെ ശ്രമം. അതുവഴിയാണ് സിദ്ധികൾ ലഭിക്കുന്നത്. സിദ്ധികൾ ലോകർക്കുപയോഗത്തിനാണ്. അല്ലാതെ ഞങ്ങളുടെ സ്വാർഥതയ്ക്കല്ല. പക്ഷേ, സാധനയില്ലാത്തവർ അതുപയോഗിച്ചാൽ വീര്യം കെടും. കുടുംബജീവിതം താറുമാറാവും. അതുകൊണ്ട് മാറി നടക്കുക. ചെയ്യുന്ന കർമത്തിനോടാണ് ലഹരി വേണ്ടത്. അതിലും വലിയലഹരി ഇല്ല എന്നാണ് ഭൈരവൻ പറയുന്നത്''

''ഈ അമാവാസി ദിവസം നിങ്ങൾ വന്നത് നന്നായി. എന്റെ സഹോദരസന്ന്യാസികളൊക്കെ കാടുകയറി, ശിവരാത്രി സാധനയ്ക്ക്. ഞാൻമാത്രം പോയില്ല. നിങ്ങളെ കണ്ടത് നന്നായി: ഒറ്റനിറമുള്ള പശുവിന്റെ പാലും നെയ്യും ആവശ്യത്തിന് കഴിക്കണം, മനസ്സിലായോ?'' ഇത്രയും പറഞ്ഞ് ആ സാധു എന്റെ മറുപടി കാക്കാതെ കണ്ണുകളടച്ചു. ആ ശാന്തഗംഭീരമായ മുഖത്തേക്കു നോക്കി ഞാനിരുന്നു...
ഈ ലളിതജീവികളെക്കുറിച്ചാണല്ലോ ബീഭത്സകഥകളെല്ലാം... സ്വാമി രാമ 'ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം' എന്ന പുസ്തകത്തിൽ മാംസം ജിലേബിയാക്കിയ അഘോരിയെക്കുറിച്ച് പറയുന്നുണ്ട്. മാംസമോ, മധുരമോ, വിഷമോ അമൃതോ ആകട്ടെ അഘോരികൾക്ക് അതിൽ ഭേദമില്ല. നന്മ തിന്മകൾ എന്ന ദ്വന്ദ്വങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളില്ല. പ്രകൃതിയോടു ചേർന്ന് കുട്ടികളുടെ നിർമലമായ മനസ്സും ശരീരവുമായി, ആരോടും പരിഭവമില്ലാതെ സ്ഥായിയായ ഈർഷ്യയില്ലാതെ സമ്പൂർണ പരിത്യാഗികളായി അഘോരികൾ...!
(ജെ.എൻ.യു.വിലെ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)


Sunday, March 21, 2021

എന്റെ പൂർവ്വ ജൻമങ്ങൾ

എന്റെ പൂർവ്വ ജൻമങ്ങൾ

ധന്യമായ ഒരു മുഹൂർത്തം കൂടി 

എൻറെ ജീവിതത്തിലേക്ക് ചേർക്കപ്പെട്ടു 

 കർണാടകയിലെ കുടക് ജില്ലയിലെ കുശാൽനഗർ എന്ന സ്ഥലത്തിനടുത്ത് ഹുതുകൂർ  ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്ത് ആ ഗ്രാമത്തിന്റെ മുഴുവൻ ആദരവ് സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു


 ജീവിതത്തിലെ വളരെ വലിയ ഒരു നിയോഗം ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്  കാരണം ഇത് ജന്മജന്മാന്തര മായുള്ള  കർമ്മത്തിന്റെ പൂർണതയാണ് പല പല ജീവിത സന്ദർഭങ്ങളിലൂടെയും ആ സമയത്ത് എൻറെ മനസ് കടന്നു പോയി 

ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുമ്പാണ്  ആത്മ സുഹൃത്തായ സജി പണിക്കർ ഒരു യാത്രയിൽ എന്നോട് പറയുന്നത് 

 "ശ്രീനാഥ് ജി ഞങ്ങൾ പാരമ്പര്യമായി ജോതിഷം നോക്കുന്ന  ഒരു പഴയ ക്ഷേത്രം കർണാടകത്തിലെ കുശാൽ നഗരത്തിനടുത്ത് ഹുതു കൂർ എന്ന ഒരു ഗ്രാമത്തിൽ ഉണ്ട് എൻറെ അച്ഛൻറെ അച്ഛൻ ആയി അവിടെ ജോതിഷം നോക്കാൻ പോയി തുടങ്ങിയതാണ് പിന്നീട് അച്ഛനി ലേക്കും ഇപ്പോൾ  എന്നിലേക്കും എത്തപ്പെട്ടു 

"അവിടെ ഒരു സ്വാമിയുണ്ട് അദ്ദേഹമാണ് ഇപ്പോൾ ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും നടത്തുന്നത് കുറെ വർഷങ്ങളായി അവിടെ നവീകരണം ഒന്നും നടന്നിട്ടില്ല നമ്മൾ അതിൻറെ നവീകരണം നടത്തിയാലോ ഒരു ഗ്രാമം മുഴുവൻ ആ ക്ഷേത്രത്തിന് പിന്നിലുണ്ട്   വളരെ  നന്മയുള്ള ഉള്ള ഒരു ഗ്രാമം അറിവില്ലായ്മയാലും മറ്റെന്തൊക്കെയോ കാരണങ്ങളാലും ഇപ്പോൾ അവർക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്  പക്ഷേ കൃത്യമായ  നിർദ്ദേശം കൊടുക്കാൻ ഒരാൾ ഉണ്ടെങ്കിൽ  ആ ഗ്രാമം തന്നെ നമുക്ക്  ഒരു സ്വർഗ്ഗം ആക്കി മാറ്റാൻ കഴിയും 


ശ്രീനാഥ് ജി കൂടെയുണ്ടെങ്കിൽ ഈ ക്ഷേത്രം കേന്ദ്രമാക്കി നമുക്കെല്ലാവർക്കും കൂടി കൈകോർത്ത് പിടിച്ച് അത് ചെയ്യാം "

ജ്യോതിഷത്തെയും മനശാസ്ത്രത്തെ യും ഒരേപോലെ പഠിച്ച് കവടികളുടെ സഹായത്തോടെ കൗൺസിലിങ് ചെയ്തു ആയിരക്കണക്കിന്  കുടുംബങ്ങളെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് സമൃദ്ധിയിലേക്ക് സമ്പന്നതയിലേക്ക് കൊണ്ടുവന്ന മഹാത്മാവാണ് സജീപ്പണിക്കർ തൻറെ മുൻപിൽ പ്രശ്നപരിഹാരത്തിനായി വരുന്ന എല്ലാവർക്കും തന്നെ പൂജകളോ വഴിപാടുകളോ മാത്രം ഉപദേശമായികൊടുക്കാതെ മാനസികമായ സൈക്കോളജിക്കൽ അപ്രോച്ചിലൂടെ അവരെ ഓരോരുത്തരെയും എംപവർ ചെയ്തു ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനുള്ള അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു പ്രത്യേക രീതിയാണ് സജിയേട്ടനിൽ ഞാൻ കണ്ടിട്ടുള്ളത് അതുകൊണ്ടുതന്നെ  അദ്ദേഹത്തിന്  കുശാൽ നഗറിൽ വലിയ ഒരു ആചാര്യസ്ഥാനം ആണ് ഇപ്പോഴുള്ളത്  

ഈ ആവശ്യം കേട്ടപ്പോൾ എനിക്ക്  വളരെ അധികം സന്തോഷം  തോന്നി അതിലേറെ കുശാൽനഗർ എന്ന് കേട്ടപ്പോൾ ഒരു മിന്നൽ പിണർ മനസിൽ ഉണ്ടായതും ഞാൻ ഞാനറിഞ്ഞു കാരണം


 ബ്രയാൻ വേൽസിന്റെ  many life many masters എന്ന പുസ്തകം വായിച്ച കാലം മുതൽ (2012) തുടങ്ങിയ ഭ്രാന്താണ് പാസ്ററ് ലൈഫ് റിഗ്രഷനെ കുറിച്ച് പഠിക്കണമെന്നും ചെയ്യണമെന്നും പിന്നീട് വളരെകാലം അതിനു പിന്നാലെ ആയിരുന്നു. പൂർവ്വ ജൻമ ധ്യാനം പഠിപ്പിക്കുന്ന ഗുരുക്കൻമാരെ അലഞ്ഞു നടന്നു കേരളത്തിൽ ഇല്ല ബോംബയിലും ബാംഗ്ലൂരുമുണ്ട് പിന്നെ എല്ലാം വിദേശങ്ങളിൽ ആണ് പക്ഷെ മുപ്പതിനായിരവും അതിനു മുകളിലുമാണ് ചാർജ്ജ് ഈടാക്കുന്നത് നമ്മൾ കഷ്ടി മുഷ്ടി ജീവിച്ച പോവുന്ന കാലം എന്നിട്ടും ഈ ഉദ്ദേശത്തിൽ പല ക്ലാസിനും പോയി പക്ഷെ കര്യമുണ്ടായില്ല 


അങനെ ഒരിക്കൽ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് യൂറ്റൂബിൽ ബ്രയാൻ വേൽസിന്റെ ഗൈഡഡ് മെഡിറ്റേഷൻ  ഉണ്ടെന്നറിഞ്ഞത് സെർച്ച് ചെയ്ത് കണ്ടുപിടിച്ചു തയ്യാറായി ചെയ്തു നോക്കി  ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്സന്റ് ആയതിനാൽ കൃത്യമായി ഫോളോ ചെയ്യാൻ സാധിച്ചില്ല മാത്രവുമല്ല  എന്റെ മനസ്സ് ലോജിക്കിൽ കുടുങ്ങി വളരെ സംശയത്തോടെയാണ് ധ്യാനം ചെയ്തതും അതിനാൽ ധ്യാന അനുഭവം ലഭിച്ചില്ല എന്ന് മാത്രമല്ല  ഒന്നും കാണാനും സാധിച്ചില്ല
പിന്നീട് അനവധി പ്രാവശ്യം ധ്യാനം കേട്ട്  കേട്ട് മനസിന് പരിചിതമാക്കി (അന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് മാതൃ ഭാഷയിൽ ആരെങ്കിലും ഈ ഒരു ധ്യാനം യൂറ്റൂബിൽ അപ്ലോഡ് ചെയ്തിരുന്നെങ്കിൽ എന്ന് )
വീണ്ടും തയ്യാറായി പരിശീലിച്ചു പക്ഷേ അന്നും ഒന്നും കാണാൻ സാധിച്ചില്ല ഉറങ്ങി പോവുകയാണ് ചെയ്തത്
പിന്നീട് 5 തവണ ആവർത്തിച്ചു ഒന്നും കണ്ടില്ല ചിലചിത്രങ്ങൾ മാത്രം സ്വപ്നത്തിലെന്നോണം കണാൻ കഴിഞ്ഞു

അങ്ങനെ ഇതെല്ലാം തട്ടിപ്പാണ് ഇതൊന്നും നടക്കുന്ന കാര്യമല്ല ഇതെല്ലാം വ്യക്തികളുടെ ഹാലൂസിനേഷൻ ആണ്എന്ന തീരുമാനത്തിലെത്തി ആ വിഷയത്തെ അങ്ങ് വിടാൻ തീരുമാനിച്ചു

പക്ഷേ അപ്പോഴും ബ്രിയാൻ വെയിൽസും അദ്ദേഹത്തിൻറെ പുസ്തകത്തിലെ കാതറിന്റെ അനുഭവങ്ങളും എല്ലാം തന്നെ  മനസ്സിൽ ഉത്തരമില്ലാത്ത ഒരു സമസ്യയായി ബാക്കി നിൽക്കുന്നുണ്ടായിരുന്നു

പൂർവ്വജന്മ സിദ്ധാന്തം സത്യമാണെങ്കിൽ അത് എൻറെ അനുഭവത്തിൽ വരണം
ഇല്ലെങ്കിൽ ഇത് തികച്ചും വിഡ്ഢിത്തം ആയ ആശയമാണ് എന്ന്  ലോകത്തോട് പറയണം എന്ന തീരുമാനത്തിൽ കൂടുതൽ പഠിക്കാൻ തീരുമാനിച്ചു

ഒരു വിഷയത്തെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ച ഒരാൾക്ക് മാത്രമേ അത് തെറ്റാണ് എന്ന് പറയാനുള്ള അധികാരം ഉള്ളൂ

പൂർവ്വജന്മ സിദ്ധാന്തത്തെ അംഗീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഭാരതീയവും  വൈദേശികവുമായ  ആശയങ്ങൾ മനസ്സിലാക്കാനായി  ധാരാളം പുസ്തകങ്ങൾ വായിക്കുകയും  ലേഖനങ്ങൾ  പഠിക്കുകയും യൂട്യൂബ് ക്ലാസുകൾ കേൾക്കുകയും ചെയ്തു 

ശേഷം  വിദേശത്തുള്ള പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ  ക്ലാസിൽ ചേരുകയും
വളരെ ശാസ്ത്രീയമായി ആയി പടികളായി പാസ്റ്റർ ലൈഫ് റിഗ്രഷൻ തെറാപ്പി പഠിച്ച് ഈ വിഷയത്തിൽ എന്നിൽ നിലനിൽക്കുന്ന എല്ലാ സംശയങ്ങൾക്ക് ദൂരീകരണം വരുത്തി
കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു

കോഴ്സ് ശാസ്ത്രീയമായി പടികളായി പിടിച്ചപ്പോഴാണ് ഷഡ് ചക്രങ്ങ കുറിച്ചും അതിൻറെ ശുദ്ധീകരണത്തെ കുറിച്ചുമൊക്കെ മനസ്സിലായത്
അപ്പോഴേക്കും ചെറിയ ചെറിയ ധ്യാനങ്ങളിലൂടെ ദീർഘനേരം ധ്യാനിക്കാനുള്ള പരിശീലനം ശരീരത്തിനും മനസ്സിനും ലഭിക്കുകയും ചെയ്തു


വളരെ നിഷ്ഠയോടെ ഞാൻ സമർപ്പണത്തോടെ  പാസ്റ്റ് ലൈഫ് റിഗ്രഷൻ ധ്യാനം  ചെയ്തപ്പോഴാണ് ഒരു തിരശ്ശീലയിൽ എന്നവണ്ണം എനിക്ക് എൻറെ പൂർവ ജന്മങ്ങൾ കൃത്യമായി കാണാൻ സാധിച്ചത് ഒരു സിനിമ കാണുന്നതുപോലെ എൻറെ തൊട്ടുമുമ്പുള്ള  ജീവിതം കാണാൻ സാധിച്ചു കഴിഞ്ഞ ജന്മത്തിലെ വിവിധ സന്ദർഭങ്ങളിലൂടെ ജീവിതത്തെ എനിക്ക് അറിയാൻ സാധിച്ചു സ്ഥലവും കാലഘട്ടവും അപ്പോൾ വ്യക്തമായി കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും സ്ഥലത്തിൻറെ പേര് മനസ്സിലായിട്ടുണ്ടായിരുന്നില്ല

എന്നാൽ പിന്നീട് ഞാൻ എൻറെ മനസ്സിനോട് ചോദ്യങ്ങൾ ചോദിച്ചു പൂർവ്വജന്മ ധ്യാനം ചെയ്തപ്പോൾ
അത് കർണാടകയിലെ 

(കുടക് )കുശാൽനഗർ എന്ന സ്ഥലമാണ് എന്ന് അറിയാൻ സാധിച്ചു

എന്റെ പൂർവ്വ ജൻമം


ഞാൻ പ്രസൂതികാ (gynecology) വിഷയത്തിൽ വളരെ പ്രഗൽഭനായ ഒരു വൈദ്യൻ ആയിരുന്നുവെന്നും
വളരെയധികം യാത്ര ചെയ്യുന്ന ഒരാളായിരുന്നു എന്നുംആധ്യാത്മിക വിഷയത്തിലും വൈദ്യ വിഷയത്തിലുംവളരെയധികം താൽപര്യം ഉണ്ടായിരുന്നുവെന്നും ഭരണാധികാരികളുമായി ഉണ്ടായ ഒരു തർക്കത്തെതുടർന്ന് അന്ന് തീർത്ഥയാത്ര പോവുകയും ഹരിദ്വാറിൽ ശരീരം ഉപേക്ഷിക്കുകയും ചെയ്തതായി കാണാൻ കഴിഞ്ഞു

ആ ജന്മത്തിലെ തുടർച്ചയെന്നോണം ഈ ജന്മത്തിലും ഞാൻ അറിയാൻ ആയ കാലം മുതൽ ചിന്തിച്ചു തുടങ്ങിയ വിഷയം ഗർഭ സംസ്ക്കാരത്തെ കുറിച്ചും  നല്ല കുട്ടികളെ എങ്ങനെ ഉണ്ടാക്കിയെടുക്കാം ( സുപ്രജ )
എന്ന വിഷയത്തെക്കുറിച്ചു മൊക്കെയാണ്
എനിക്ക് (ഡോക്ടറേറ്റ് ലഭിച്ചതും ഈ വിഷയത്തിലാണ് അതേപോലെതന്നെ ചെറുപ്പകാലത്തു തന്നെ ആധ്യാത്മികമായ അന്വേഷണവും  ശക്തമായ ഒരു ചോദനയായി ഉള്ളിലെവിടെയോ നിലനിൽക്കുന്നുണ്ടായിരുന്നു .
കഴിഞ്ഞ ജന്മത്തിലെ തുടർച്ചയെന്നോണം ഈ ജന്മവും ചെയ്യുന്നത് അതേ പ്രവർത്തികൾ ഒക്കെ തന്നെയാണ് 17 വയസ്സിൽ  യാത്രചെയ്യാൻ തുടങ്ങിയതാണ് യാത്രകൾ എപ്പോഴും ഒരു ഭ്രാന്താണ്  യാത്രകൾ ചെയ്തുകൊണ്ടിരിക്കുന്നു ആദ്യത്തെ യാത്രയാവട്ടെ ഹരിദ്വാറിലെ കുംഭമേളക്കും
(എൻറെ ഹരിദ്വാർ യാത്ര യെ കുറിച്ചുള്ള യാത്രാവിവരണം  ബ്ലോഗിൽ എഴുതിയതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
http://sreenathji.blogspot.com/2020/01/blog-post_51.html
ആവശ്യമുള്ളവർക്ക് വായിക്കാം)

 ആ കാലം മുതൽ കുശാൽനഗറിനോട് അതിയായ ഒരു സ്നേഹം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു നീയതിയുടെ തീരുമാനം ഇതാ കുശാൽ നഗറിലെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൻറെ ആചാര്യ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി നിയോഗം എൻറെ മുന്നിൽ നിൽക്കുന്നു 

 സജി ചേട്ടനിൽ ഉള്ള വിശ്വാസം കൊണ്ടും കുശാൽ നഗരത്തോടുള്ള എൻറെ  ശക്തമായ അഭിനിവേശം കൊണ്ടും രണ്ടാമതൊന്നാലോചിക്കാതെ

ഞങ്ങൾ അവിടേക്ക് പുറപ്പെട്ടു ചുറ്റിലും കാടും പുഴകളും വന്യമൃഗങ്ങളും നിറഞ്ഞ  ഒരു കൊച്ചു ഗ്രാമം കൃഷിയും പശുക്കളും ഗോശാലകളും അതിലേറെ നന്മയുള്ള ഒരുപാട് മനുഷ്യർ അവർക്കിടയിൽ ദൈവം പോലത്തെ ഒരു മനുഷ്യൻ സുബ്രഹ്മണ്യസ്വാമി അദ്ദേഹത്തിൻറെ അച്ഛൻ തമിഴ്നാട്ടിൽ ആയിരുന്നു ജോലിസംബന്ധമായി കർണാടകത്തിൽ എത്തിയതാണ് അദ്ദേഹമാണ് ഈ ക്ഷേത്രം കണ്ടുപിടിക്കുന്നതും നവീകരണം നടത്തുന്നതും ഇന്ന് കാണുന്ന സ്ഥിതി യിൽ എത്തിച്ചതും അതിനുശേഷം ഒരു കർത്തവ്യം പോലെ സുബ്രഹ്മണ്യസ്വാമി ഏറ്റെടുക്കുകയായിരുന്നു തൻറെ ജീവിതം മുഴുവൻ ആ ക്ഷേത്രത്തിനു വേണ്ടി സമർപ്പിച്ച ഒരു മഹാത്മാവായിരുന്നു സ്വാമിയും

ക്ഷേത്ര നവീകരണം നടന്ന ഒരു വർഷത്തിനുശേഷം ക്ഷേത്രത്തിലെ ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ  ഞങ്ങളെ ഏൽപ്പിച്ച് സ്വാമി ശാന്തിയുടെ ലോകത്തേക്ക് യാത്രയായി


 കുശാൽനഗർ എന്നെ സംബന്ധിച്ച് എൻറെ സ്ഥലം തന്നെയാണ് അവിടുത്തെ ഓരോരുത്തരും എൻറെ ബന്ധുക്കളും നാട്ടുകാരനാണ് അവിടുത്തെ സ്ഥലങ്ങളെല്ലാം തന്നെ എനിക്ക് പരിചിതമായി തോന്നിയിരുന്നു പല പൂർവ്വ സ്മൃതികളും എന്നിലേക്ക് തന്നെ തിരിച്ചുവരുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പിന്നീടുള്ള അഞ്ച് വർഷം മിക്കവാറും മാസങ്ങളിൽ കുശാൽനഗർ പോവുകയും അവിടുത്തെ ജനങ്ങളുടെ കൂടെ ഇരിക്കുകയും അവരുടെ സുഖദുഃഖങ്ങളിൽ  പങ്കാളിയാവുകയും ഭാഗമാവുകയും ചെയ്തിരുന്നു ആ ഒരു ക്ഷേത്രത്തിൻറെ പരിചയത്തിൽ അവിടെയുള്ള മറ്റു പല ക്ഷേത്രങ്ങളുടെ ആചാര്യ സ്ഥാനം ഏറ്റെടുക്കാനും പുഷ്പഗിരി പോലുള്ള ഉള്ള വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങൾ നവീകരിക്കാനും അവിടെയൊക്കെ നമ്മുടെ സന്ദേശം എത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് 
തന്ത്ര യുടെ
ഒരു സഹവാസക്യാമ്പ് നടന്നത് അവിടെയായിരുന്നു

കഴിഞ്ഞ പ്രളയകാലത്ത് കുടകിൽ പലസ്ഥലത്തും വെള്ളപ്പൊക്ക പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ ക്ഷേത്രത്തിനും ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാതിരുന്നതും ഭഗവാൻറെ അനുഗ്രഹം ആയിട്ടാണ് അവർ കാണുന്നത് 

കഴിഞ്ഞദിവസം ചണ്ഡിക ഹോമത്തിനായി അവിടെയെത്തിയപ്പോൾ  അവർ  അനുമോദന സദസ് ഒരുക്കിയിരുന്നു

സജി പണിക്കരുടെ പിതാവായ സുധാകരകര പണിക്കർ , എന്റെ അസാന്നിധ്യത്തിൽ അവിടുത്തെ കാര്യങ്ങൾ ചെയ്യുന്ന എൻറെ കനിഷ്ഠ സഹോദരൻ കൂടിയായ ഹരി എന്നിവരെയും എനിക്കൊപ്പം ആദരിക്കുകയുണ്ടായി 


വളരെ വലിയ ഒരു നിയോഗം ആയിട്ടാണ് ഞാൻ ഇതിനെല്ലാം കാണുന്നത് 

ജന്മാന്തരം ആയി തുടർന്നു വരുന്ന ഒരു സമസ്യയിലെ പൂരകങ്ങൾ ആവാം എല്ലാ പ്രവർത്തികളും സാക്ഷിത്വത്തോടെ  നോക്കിക്കാണുകയാണ് ചെയ്യുന്നത് 

എന്റെ അതിനു മുമ്പുള്ള ഒരു  ജൻമം
നേപ്പാളിൽ ബുദ്ധ സന്ന്യാസി ആയിട്ടായിരുന്നു അതിനെ കുറിച്ച് പിന്നീട് എഴുതാം

സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്

Thursday, March 4, 2021

ബഹുമാനം

ബഹുമാനം
👀 ഒരിക്കൽ ഒരു *അധ്യാപകൻ* ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു. *“നമുക്ക് എത്ര കിഡ്നിയുണ്ട്?”*
 *“നാല്”* അവൻ മറുപടി പറഞ്ഞു.
ക്ലാസ്സിൽ *കൂട്ടച്ചിരി* മുഴങ്ങി. അവന് പക്ഷെ ഒരു *ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.*
കുട്ടികൾക്ക് പറ്റുന്ന *ചെറിയ തെറ്റുകൾ* പോലും *പർവ്വതീകരിച്ച്* കാണിച്ച് അതിൽ *ആനന്ദം* കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു. *“എല്ലാവരും കേട്ടല്ലോ?* നാല് കിഡ്നിയാണ് പോലും… ആരെങ്കിലും പുറത്തു പോയി കുറച്ച് *പുല്ല്* പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ *ഒരു കഴുതയുണ്ട്.* അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു. *“എനിക്കൊരു ചായയും..”*
ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. *അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി.*
 *“കടക്കെടാ പുറത്ത്…”* അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് *ആക്രോശിച്ചു.*
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ *പറഞ്ഞു.....*
“താങ്കൾ എന്നോട് ചോദിച്ചത് *നമുക്ക്* എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ *ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്.* നമുക്ക് നാല് കിഡ്നിയുണ്ട്. *എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും.* ‘നമുക്ക് ‘ എന്നത് *ദ്വന്ദ്വങ്ങളെ* സൂചിപ്പിക്കുന്ന പദമാണ്. 
താങ്കൾ *എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ* ചോദിച്ചിരുന്നെങ്കിൽ ഞാൻ *രണ്ട്* എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. 
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. *ദഹനക്കേടുണ്ടാകും.”*
ക്ലാസ്സിൽ വീണ്ടും *കൂട്ടച്ചിരി.*
അധ്യാപകൻ ആകെ *ഇളിഭ്യനായി* നിന്നു. എപ്പോഴും മറ്റുള്ളവരെ *പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന* അയാൾക്ക് ജീവിതത്തിൽ കിട്ടിയ *ഏറ്റവും വലിയ അടിയായിരുന്നു* അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ *ആളാവാൻ* മുതിർന്നിട്ടില്ല.
ഇത് ഇന്ന് പലർക്കും ഒരു *പാഠമാണ്.* നമുക്ക് പല കാര്യങ്ങളെക്കുറിച്ചും *അറിവുണ്ടെന്ന് കരുതി* അത് *മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്.* 
ആരെയും *വില കുറച്ചു* കാണുകയുമരുത്. *ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും.* 
*മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും.* അതിനാൽ *വാക്കും പ്രവൃത്തിയും* സൂക്ഷിക്കുക. *ബഹുമാനം നൽകി ബഹുമാനം നേടുക.*
💐💐💐💐💐💐💐

കടപ്പാട് പോസ്റ്റ്

Monday, February 22, 2021

ഓഷോ

സെക്സ് പാപമാണെന്ന് ആരാണ് പറഞ്ഞത്? 
സെക്സ് വൃത്തികേടാണ് എന്ന് വരുത്തിത്തീര്‍ത്തത് ആരാണ്? 

ജീവന്‍ രൂപപ്പെടുന്നത് സെക്സില്‍ നിന്നല്ലേ. . . 

ജീവന്‍ നിലനില്‍ക്കുന്നതും സെക്സ് ഉളളതു കൊണ്ടല്ലേ.. . . 


സ്വാഭാവികമായ വികാരമാണ് ലൈംഗികത. പുഴയൊഴുകുന്നതു പോലെ, കാറ്റു വീശുന്നതു പോലെ,

 പൂ മണക്കുന്നതു പോലെ, മഴ പൊഴിയുന്നതു പോലെ, തികച്ചും സ്വാഭാവികമായ ജൈവതാളം. പ്രണയം എന്ന മനോഹരമായ വാക്കിന്റെ പിന്നില്‍ എന്തിന് അതിനെ ഒളിപ്പിക്കണം? 

കാല്‍പനികയുടെ മേഘപടലങ്ങള്‍ കൊണ്ട് എന്തിനതിനെ മൂടണം? 

പലര്‍ക്കും സെക്സ് ഒരാശ്വാസമാണ്. മനസിന്റെ പിരിമുറുക്കത്തില്‍ നിന്നും താല്‍ക്കാലിക മോചനത്തിനാണ് പലരും സെക്സില്‍ ഏര്‍പ്പെടുന്നത്. രതി നല്‍കുന്ന പരമാനന്ദം അവര്‍ക്ക് അന്യമാണ്. എത്തിപ്പിടിക്കാനാവാത്ത വിധം അപ്രാപ്യ്രമാണ് അവര്‍ക്ക് രതിയുടെ യഥാര്‍ത്ഥ ശക്തിയും ചൈതന്യവും. ലൈംഗികാവയവങ്ങളിലൂടെ അനുഭവപ്പെടുന്ന നേരിയ അനുഭൂതിയെ രതിമൂര്‍ച്ഛയായി അവര്‍ തെറ്റിദ്ധരിക്കുന്നു. അതല്ല യഥാര്‍ത്ഥ അനുഭൂതി. 

സെക്സില്‍ പങ്കെടുക്കുന്നു എന്ന പ്രാധാന്യമേ ലൈംഗികാവയവങ്ങള്‍ക്കുളളൂ. യഥാര്‍ത്ഥ അനൂഭൂതിയെന്നത് ശരീരമാകെ ത്രസിപ്പിക്കുന്ന അവാച്യമായ ഒരനുഭവമാണ്. എന്താണ് രതിമൂര്‍ച്ഛ എന്ന് പലരും ചോദിക്കുന്നു. ശരീരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് അത് വെറും ഊര്‍ജം മാത്രമാവുന്ന അവസ്ഥയെന്നാണ് ഞാന്‍ അതിനെ നിര്‍വചിക്കുന്നത്. ശരീരം ഒരു മിന്നല്‍പിണറായി മാറുന്ന അവസ്ഥ. ശരീരത്തിന്റെ അനന്തകോടി അണുക്കളും ഒന്നായി, ഒരേ താളത്തില്‍ ഉലയണം. രതിമൂര്‍ച്ഛയിലാവുക എന്നു പറഞ്ഞാല്‍ നിങ്ങള്‍ ശരീരത്തിന്റെ ആദിമ രൂപത്തിലേയ്ക്ക് മടങ്ങുന്നു എന്നാണ്. 

ശരീരം വലിയ സമുദ്രമാണെങ്കില്‍ അതിന്റെ ഏറ്റവും ആഴമുളള ബിന്ദുവാണ് രതിമൂര്‍ച്ഛ. അവിടെയെത്തുമ്പോള്‍ നിങ്ങള്‍ ഉപരിതലം മറക്കുന്നു. ആഴങ്ങളിലേയ്ക്കുളള യാത്രയും അവിടെയെത്തുമ്പോഴുളള നിര്‍വൃതിയും മാത്രമാണ് സത്യം. വെറുമൊരു സ്പന്ദനം മാത്രമായി അവിടെയെത്തുക. ആ യാത്രയും അനുഭവവും അറിയുക. എളുപ്പം എത്തിപ്പിടിക്കാവുന്നതല്ല ഈ അവസ്ഥ. ലൈംഗികമായ പരമാനന്ദം അനുഭവിക്കണമെങ്കില്‍ മനസിനെ പാകപ്പെടുത്തണം. അത് ക്ലേശകരമാണ്. എന്നാലും എത്തിപ്പിടിക്കേണ്ട ലക്ഷ്യം അത്രയും പ്രാധാന്യമുളളതുമാണ് ഒരു നിമിഷത്തില്‍ തീരുന്ന ക്രിയ വെറും ഒരു സ്ഖലനത്തിന്റെ - മൂര്‍ച്ഛയുടെ നൈമിഷിക സുഖമല്ല രതിമൂര്‍ച്ഛ. അത് വളരെ തുച്ഛമാണ്. അര്‍ത്ഥമില്ലാത്തതും. അത് നിങ്ങള്‍ക്ക് നിരാശ മാത്രമാണ് നല്‍കുന്നത്. ക്ഷീണവും. പഴയ മനുഷ്യനില്‍ നിന്നും ഒരു മാറ്റവും നിങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. 

ശാരീരികമായും മാനസികമായും. സെക്സ് ലളിതമാണെന്ന് പുരുഷന്‍ കരുതുന്നു. എന്തിന് വെറുതെ സമയം കളയണമെന്നാണ് അവന്റെ വിചാരം. എത്രയും വേഗം അവളിലേയ്ക്ക് പ്രവേശിക്കുക. മിനിട്ടുകള്‍ക്കുളളില്‍ കാര്യം നടത്തുക. ഇതാണ് പുരുഷന്റെ രീതി. 

എന്നാല്‍ ഇത് ക്രൂരതയാണെന്ന് ഓര്‍മ്മിക്കുക. അവളുടെ ശരീരത്തില്‍ ഒരു മരവിപ്പ് മാത്രമാണ് നിങ്ങളുടെ പ്രയത്നം അവശേഷിപ്പിക്കുന്നത്. ഒരു ചെറിയ അവയവത്തിനു ചുറ്റും ഏതാനും നിമിഷം മാത്രം നീണ്ടു നില്‍ക്കുന്ന സുഖകരമെന്ന് തോന്നുന്ന ഒരു മരവിപ്പ് തന്നെയാണ് നിങ്ങള്‍ക്കും കിട്ടുന്നത്. ഇതല്ല പരമമായ അനൂഭൂതി. ഇത് വെറുമൊരു ആശ്വാസം മാത്രമാണ്. ഇതിനെ രതിമൂര്‍ച്ഛയെന്ന് വിളിക്കാനാവില്ല. രതിമൂര്‍ച്ഛയനുഭവിക്കാത്ത ശരീരം വെറും ശവമാണ്. നിഷ്ക്രിയരായ പങ്കാളികളായി പരസ്പരം സംഭവിക്കുന്നതെന്തെന്നറിയാതെ ആത്മ - പര വഞ്ചനകളില്‍ അവസാനിക്കുന്നു ഓരോ ലൈംഗികവേഴ്ചയും. 

അതി തീവ്രമായ
 ആഗ്രഹമുണരുമ്പോള്‍ മാത്രം സെക്സില്‍ ഏര്‍പ്പെടുക. അല്ലാത്തപ്പോള്‍ നിര്‍ദ്ദയം അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

ഓഷോ


Thursday, February 18, 2021

ബലിക്രിയ എന്തിന്

ഭാരതീയ ധർമ്മ പ്രചാര സഭ സനാതന ധർമ്മം പഠിപ്പിക്കാനും ഈ വിഷയങ്ങളിൽ ഉണ്ടാവുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാനുമായി വാട്സ് ആപ്പ് കൂട്ടായ്മകൾ നടത്തുന്നുണ്ട്.

ഈ ഗ്രൂപ്പുകളിലൊക്കെ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ഒരു സംശയമാണ്  ബലി ക്രിയകളെക്കുറിച്ച്.

* ഒരാൾ മരിച്ചാൽ എന്തിനാണ് ബലിയിടുന്നത് ?

* മരിച്ചവർക്ക് ചോറ് കൊടുക്കേണ്ട ആവശ്യമുണ്ടോ ?

* ആത്മാവിന് പുനർജന്മമുണ്ടെന്നല്ലേ ഹിന്ദു പുരാണങ്ങൾ പറയുന്നത്. അപ്പോൾ പിതൃക്കൾക്കായി ബലിയിടേണ്ട ആവശ്യമെന്താണ് ?

* മരണം നടന്നാൽ എത്ര ദിവസം ബലിയിടണം ?

* വീട്ടിൽ ബലിയിടാമോ ?

* പല തരം ബലികൾ ഉണ്ടല്ലോ: അതെന്തിനാണ് ?

* പിതൃക്കളെ ആവാഹിച്ച് തിരുനെല്ലിയിലും തിരുനാവായിലുമൊക്കെ പോയി ബലി ക്രിയ നടത്തിയാൽ പിന്നീട് അവർക്ക് വേണ്ടി ബലിയിടേണ്ട ആവശ്യമുണ്ടോ ?

ഇത്തരത്തിലുള്ള  നിരവധി സംശയങ്ങൾ പലരും ഉന്നയിക്കാറുണ്ട്.

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യനും  മ: നശാസ്ത്രജ്ഞനുമായ ഡോ: ശ്രീനാഥ് കാരയാട്ട്  നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.

ബലിയുടെ ശാസ്ത്രീയവും, ആത്മീയവും, മാനസീകവുമായ തലങ്ങളെ വളരെ ലളിതമായ ഭാഷയിൽ ശ്രീനാഥ് ജി ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.

ഈ വീഡിയോ മുഴുവൻ ഹൈന്ദവ സഹോദരങ്ങളിലും എത്തിക്കുക.

ഭാരതീയ ധർമ്മത്തിന്റെ പ്രചാരകരാവുക: