Saturday, May 15, 2021

Transaction Analysis introduction

 Transaction analysis
ഇരുപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ, ഡോക്ടർ എറിക് ബേൺ എന്ന കാനഡയിൽ ജനിച്ച അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഒരു മനഃശാസ്ത്രവിശകലനസങ്കേതമാണ് വിനിമയാപഗ്രഥനം (Transactional Analysis) എന്നറിയപ്പെടുന്നത്.

താരതമ്യേന സങ്കീർണമായ മനഃശാസ്ത്രാശയങ്ങളും മനോരോഗചികിത്സാസങ്കേതങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവയെ ലളിതമായി പ്രതിപാദിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിദ്യയുടെ പ്രധാന സവിശേഷത. സാധാരണക്കാരന്‌ മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ അമൂർത്തമായ മനസ്സിനെയും അതിന്റെ പ്രവർത്തനശൈലിയേയും അവതരിപ്പിക്കുകയാണ് ഡോ. ബേൺ ചെയ്തത്. ആ കാരണം കൊണ്ടുതന്നെ 1960-70 കാലഘട്ടത്തിൽ ഈ സമ്പ്രദായം പാശ്ചാത്യനാടുകളിൽ വളരെ പ്രചാരം നേടി. മനഃശാസ്ത്രരംഗത്ത് വിപ്ലവകരമായ, ഒരു നൂതന സമ്പ്രദായമായി ഈ സങ്കേതം കരുതപ്പെടുന്നു.

 ഇതിന്റെ ഫലമായി ഈ സമ്പ്രദായം പല മാനസികാരോഗ്യപഠനസമൂഹങ്ങളിലും ജനപ്രിയമനഃശാസ്ത്രത്തിന്റെ ഒരു ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.


ശരീരാരോഗ്യം നിലനിർത്തുന്നതിന് ആഹാരം അനിവാര്യമാണ്. അതു പോലെ മനുഷ്യന് മാനസികാരോഗ്യം നിലനിർത്തുവാൻ സഹജീവികളുടെ അംഗീകാരവും പരിഗണനയും സ്നേഹവും ആവശ്യമാണ്. ശിശുക്കളിൽ ലാളനാതൃഷ്ണയായിട്ടാണ് (Stimulation-Hunger) ഇതു കാണുന്നത്. മാതാവിന്റ സ്പർശനവും ഉത്തേജനവും ലഭിക്കാതെ, ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശിശുക്കൾ വളരെ വേഗം രോഗങ്ങൾക്ക് കീഴടങ്ങുന്നുവെന്നും ഒടുവിൽ ജീവഹാനി പോലും സംഭവിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 

ശിശു വളരുന്നതോടെ ലാളനാതൃഷ്ണ, മറ്റാളുകളുടെ അംഗീകാരത്തിനുള്ള അഭിലാഷമായി, അംഗീകാരവാഞ്ഛയായി, (Recognition-Hunger) രൂപാന്തരപ്പെടുന്നു. 

എല്ലാ മുതിർന്നവരിലും അന്തർലീനമായ ഒരു അഭിലാഷമാണ് ഇത്. ശിശുക്കളൂടെ മേല്പറഞ്ഞ അവസ്ഥയ്ക്ക് സമാനമായി, മുതിർന്നവർ ദീർഘകാലം ഏകാന്തതടവനുഭവിക്കുമ്പോൾ താത്ക്കാലികമായ ചിത്തഭ്രമം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തടവുകാർക്ക്, ശാരീരികമായ പീഡനത്തേക്കാൾ അസഹനീയമാണ് ഏകാന്തവാസമെന്ന് ഡോ. ബേൺ തന്റെ ഗേംസ് പീപ്പിൾ പ്ലേ, എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരത്തിനുള്ള ഈ ആഗ്രഹം, പല വ്യക്തികളിൽ പല തോതിലാണു കാണുന്നത്. 

ഒരു ചലചിത്രനടന്, അജ്ഞാതരായ നിരവധി ആരാധകരുടെ അംഗീകാരം ഒരു പക്ഷേ വേണ്ടിവരുമ്പോൾ, ഒരു ശാസ്ത്രജ്ഞന് തന്റെ മാനസികാരോഗ്യം നിലനിർത്താൻ, വർഷത്തിലൊരിക്കൽ ലഭിക്കുന്ന അംഗീകാരം മതിയായിയെന്നു വരാം.

വിനിമയാപഗ്രധന വിദ്യയിൽ, സ്ട്രോക് (Stroke - സംവാഹനം; തലോടൽ, സ്നേഹപ്രകടനം, എന്നൊക്കെയുള്ള അർത്ഥത്തിൽ) എന്ന ഇംഗ്ലീഷുപദം, മനുഷ്യർ പരസ്പരം അംഗീകരിക്കുന്നതിന്നായി ചെയ്യുന്ന ചേഷ്ടയെ സൂചിപ്പിക്കുവായി ഉപയോഗിക്കുന്നു. മറ്റൊരാളുടെ അസ്തിത്വം അല്ലെങ്കിൽ സാന്നിദ്ധ്യം അംഗീകരിക്കുന്നതിനായി പ്രകടിപ്പിക്കുന്ന ഏതു ചേഷ്ടയും ഒരു സ്ട്രോക്കായി പരിഗണിക്കാം. ശിശുക്കളുടെ അസ്തിത്വം അല്ലെങ്കിൽ സാമീപ്യം അംഗീകരിക്കുന്നത് അവരെ ശാരീരികമായി ലാളിച്ചുകൊണ്ടാണ്; മുതിർന്നവരോടാകുമ്പോൾ അത് ഒരു ഉപചാരവാക്കോ ഒരു നോട്ടമോ മറ്റു ശരീരചേഷ്ടയോ ആയിട്ടാണ് പ്രകടിപ്പിക്കുന്നത്. ഇപ്രകാരം വാക്കുകളിലൂടെ, സംഭാഷണത്തിലൂടെ, ശരീരചേഷ്ടകളുലൂടെ നടക്കുന്ന സ്ട്രോക്കുകളുടെ, സ്നേഹത്തിന്റെ പരസ്പരക്കൈമാറ്റമാണ് വിനിമയം (Transaction) എന്നു പറയുന്നത്. സാമൂഹികവ്യവഹാരത്തിന്റെ ഒരു അടിസ്ഥാനയളവാണ് ഇത്.


സാമൂഹികമായി ഇടപഴകിക്കൊണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഭാവചേഷ്ടകളിൽ - ശരീരനില, നോട്ടം, വാക്കുകൾ, ശബ്ദവ്യതിയാനം, മറ്റ് അംഗവിക്ഷേപങ്ങൾ തുടങ്ങിയവകളിൽ - ഇടയ്ക്ക് പ്രകടമായ മാറ്റങ്ങൾ വരുന്നു എന്നത് അവ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്ന ഒരാൾക്ക് കാണാൻ കഴിയും.അതതു സമയത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന വികാരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് അവരുടെ ഭാവചേഷ്ടാദികളിൽ വരുന്ന വ്യത്യാസങ്ങൾ. ഈ മാറ്റങ്ങളും വ്യത്യാസങ്ങളും ആണ് ഒരു വ്യക്തിയ്ക്ക്, വിവിധ മാനസികനിലകൾ (Ego States) ഉണ്ട് എന്നതിന്റെ സൂചന മനഃശാസ്ത്രജ്ഞർക്കു നൽകിയത്. ഒരു വ്യക്തിയ്ക്കുണ്ടാവുന്ന ഓരോരോ ഭാവചേഷ്ടകളും‍, ഓരോരോ മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മാനസികനിലകളാണ്, ഭാവതലങ്ങളാണ് ഒരു വ്യക്തിയിൽ ഉള്ളത് :

വ്യക്തിയുടെ, മാതാപിതാക്കളുടെ മാനസികനിലയോട് സാദൃശ്യമുള്ള ഒരു ഭാവതലം. വിനിമയാപഗ്രഥനവിദ്യയിൽ, ഈ മനോഭാവതലത്തെ, പിതൃഭാവതലം 
(Parental Ego State) 
എന്നോ ചുരുക്കി, പിതൃഭാവം എന്നോ പറയുന്നു.


ബാഹ്യലോകയാഥാർത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി ഗ്രഹിക്കാനും പ്രതികരിക്കാനും കഴിവുള്ള ഒരു ഭാവതലം. ഇത് പക്വഭാവതലം 
(Adult Ego State) 
അല്ലെങ്കിൽ പക്വഭാവം എന്നു പറയുന്നു

വ്യക്തി ശിശുവായിരിയ്ക്കുമ്പോൾത്തന്നെ രൂപപ്പെട്ടുദൃഢമായതും ഓർമകളുടെയും അനുഭവങ്ങളുടെയും കലവറയായതുമായ ഒരു ഭാവതലം. ഇത് ശിശുഭാവതലം 
(Child Ego State) 
അല്ലെങ്കിൽ ശിശുഭാവം എന്നു പറയുന്നു.
ഒരു വ്യക്തി, ഒരു സമയത്ത്, ഏതെങ്കിലും ഒരു ഭാവതലത്തിൽ നിന്നുമാണ് പെരുമാറുക. എന്നാൽ അടുത്ത നിമിഷം മറ്റൊരു ഭാവത്തിൽ നിന്നും പെരുമാറുകയും ചെയ്യാം. 

പിതൃഭാവത്തിലായിരിക്കുമ്പോൾ അയാൾ അയാളുടെ പിതാവിനെ അല്ലെങ്കിൽ മാതാവിനെപ്പോലെ (അതുമല്ലെങ്കിൽ ആ സ്ഥാനം വഹിച്ചിരുന്ന ആളെപ്പോലെ) പെരുമാറുന്നു, ഭാവചേഷ്ടകൾ പ്രകടിപ്പിക്കുന്നു. 

പക്വഭാവത്തിലായിരിക്കുമ്പോൾ അയാൾ സ്വതന്ത്രമായി, യുക്തിയുക്തമായി, മുൻവിധിയില്ലാതെ, വികാരങ്ങൾക്കു കീഴ്പ്പെടാതെ ഒരു സാഹചര്യത്തെ വിലയിരുത്തുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും നിഗമനങ്ങൾ എടുക്കുകയും ചെയ്യുന്നു.

ഈ മൂന്നു ഭാവങ്ങൾ, എല്ലാ മനുഷ്യരിലും - മുതിർന്നവരിലും, ശിശുക്കളിലും, മാനസികവളർച്ചയില്ലാത്തവരിലും, ഉന്മാദരോഗമുള്ളവരിൽ (Schizophrenic) പോലും - നിലനിൽക്കുന്നു. ഓരോ വ്യക്തികളിലും അവ വ്യത്യസ്തമായിരിക്കും എന്നു മാത്രം. ഏതെങ്കിലും ഒരു ഭാവം മറ്റോന്നിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് പറയാനാവില്ല; മൂന്നു ഭാവങ്ങളും അതതിന്റേതായ ജീവിതമൂല്യങ്ങളുമുണ്ട്:

ശിശുഭാവം സന്തോഷത്തിന്റെ, സഹജാവബോധത്തിന്റെ (Intuition), സ്വാഭാവികാത്സുക്യത്തിന്റെ (Spontaneous Drive), ആവിഷ്കരണശേഷിയുടെ (Creativity), ഉറവിടമാണ്.


പക്വഭാവം, ജീവസന്ധാരണത്തിന് ആവശ്യമായ സങ്കീർണമായ കണക്കുട്ടലുകളും നിഗമനങ്ങളും നടത്തുന്നു. ഉദാഹരണത്തിന്, ഒരു റോഡ് മുറിച്ചുകടക്കുന്നതിന്, വാഹനങ്ങളുടെ വേഗതകളെപ്പറ്റിയുള്ള സങ്കീർണമായ കണക്കുകൂട്ടലുകളും സാധ്യതാനിർണയങ്ങളും (Probability Estimates) നിഗമനങ്ങളും നടത്തുന്നത് പക്വഭാവമാണ് ; സുരക്ഷിതമായി മറുകരയെത്താൻ കഴിയുമെന്ന് കണക്കുകൂട്ടലുകൾ വ്യക്തമാകുമ്പോൾ മാത്രമാണ് റോഡു മുറിച്ചുകടക്കുവാൻ ഈ മാനസികഭാവം അയാളെ അനുവദിക്കുന്നത്. പിതൃ-ശിശു‍ഭാവങ്ങളെ നിയന്ത്രിക്കുക എന്ന ധർമ്മവും നിർവഹിക്കുന്നത് ഈ ഭാവമാണ്.


പിതൃഭാവമാവട്ടെ, രണ്ടു പ്രധാന ധർമ്മങ്ങളാണ് നിർവഹിക്കുന്നത്: ഒന്ന്, ഒരു വ്യക്തിയ്ക്ക് അയാളുടെ സ്വന്തം മക്കളെ വളർത്താനുള്ള കാര്യശേഷി നൽകുകയും തദ്വാരാ മനുഷ്യവംശത്തിന്റെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. 

 രണ്ട്, നിത്യജീവിതത്തിലെ നിരവധി ചെറുപ്രവൃ‍ത്തികളും ദിനചര്യകളും ഏറ്റെടുത്ത് അതിനെ സ്വയംനിയന്ത്രിത പ്രതികരണങ്ങളിലൂടെ ലഘൂകരിക്കുകയും ഇത്തരം ഒട്ടനവധി കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പക്വഭാവത്തെ സ്വതന്ത്രമാക്കി കൂടുതൽ പ്രധാന്യമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.


മൂന്നു ഭാവങ്ങളുടെയും യുക്തമായ തുലനമാണ് അർത്ഥപൂർണമായ ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നത്

No comments:

Post a Comment