Monday, November 22, 2021

ശ്രീ മഹാലക്ഷ്മീ ധ്യാൻ യോഗ്

ശ്രീ മഹാലക്ഷ്മീ ധ്യാൻയോഗ്
1.ഗുരുവന്ദനം
(ശിരസിൽ സംഘടന മുദ്ര പിടിച്ച് കൊണ്ട് ചെല്ലുക )

വന്ദേഗുരുപദദ്വന്ദം
അവാങ്ങ്മനസ ഗോചരം
രക്തശുക്ളപ്രഭാമിശ്രം
അതർക്യം ത്രൈപുരം മഹാ:

2. ആസനപൂജ - 
ഇരിപ്പിടത്തിൽ നിന്ന് സ്വല്പം പിറകോട്ട് മാറി ഇരിപ്പിടം തൊട്ട് കൊണ്ട് ജപിക്കുക ഇരിപ്പിടത്തിൽ ദൈവീക ഊർജ്ജം ആയതായി സങ്കൽപ്പിക്കുക 

"പൃഥ്വീ ത്വയാ ധൃതാ ലോകാ 
ദേവീത്വം വിഷ്ണുനാ ധൃതാ 
ത്വാം ച ധാരയമാം ദേവീ 
പവിത്രം കുരു ച ആസനം" 

വീണ്ടും ഇരിപ്പിടത്തിൽ ഇരിക്കുക

3. ആത്മപൂജ - 
ഇരു കൈകളാലും
ദേഹം മുഴുവൻ
താഴെ നിന്ന് മേലോട്ട്  തലോടിക്കൊണ്ട് ചെയ്യുക , ഷഡ്ചക്രങ്ങളിലും ഊർജ്ജം നിറഞ്ഞതായി ഭാവിക്കുക )

ദേഹോ ദേവാലയ പ്രോക്താ 
ജീവോ ദേവ സനാതന 
ത്യജേത് അജ്ഞാൻനിർമ്മാല്യം 
സോഹം ഭാവേന പുജയേത് 

4.കരന്യാസ
പഞ്ചഭൂതങ്ങളും
ശുദ്ധമാകുന്നു എന്ന് ഭാവിച്ച് പെരുവിരൽ മുതൽ ചെറുവിരൽ വരെയും കൈപത്തി
മുഴുവനായും തലോടുക                          

ഓം അംഗുഷ്ഠാഭ്യാം നമഃ
ഓം തർജ്ജനീഭ്യാം സ്വാഹാ 
ഓം മധ്യമാഭ്യാം വഷട്    
ഓം അനാമികാഭ്യാം ഹും
ഓം കനിഷ്ഠികാഭ്യാം വൗഷട്       
കരതലകര പൃഷ്ഠാഭ്യാം ഫട്          

5. താളത്രയം
(താഴെ നിന്ന് മുകളിലേക്ക് 3 പ്രാവശ്യം കൈ കൊട്ടുക)
ഓം ഭൂർ ഭുവ സ്വരോം

6.ദിഗ് ബന്ധം

10 ദിക്കുകളും
അസ്ത്ര മുദ്രയാൽ
രക്ഷിക്കുക
ഓം പശു ഹും ഫഡ് (10)

7. സങ്കല്പം
ശ്രീ മഹാലക്ഷ്മീപ്രീത്യർത്ഥം
മഹാലക്ഷ്മീ ഉപാസന അഹം കരിഷ്യേൽ

8. പ്രാണായാമം
10 പ്രാവശ്യം ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക 

ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ അപ്പോൾ ഉദിച്ചുയരുന്ന  സൂര്യന്റെ സ്വർണ നിറത്തോടുകൂടിയശ്വാസം ശരീരത്തിലേക്ക് പ്രവേശിക്കുന്നതായി ഭാവിക്കുക

നിങ്ങൾ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും നിങ്ങളുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും നിറയുന്നതായി ഭാവിക്കുക

പ്രപഞ്ചത്തിലെ എല്ലാ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും നിങ്ങളിലേക്ക് വരുന്നത് അനുഭവിക്കുക

ഓരോ ഉച്ച്വാസത്തിലും
നിങ്ങളിലെ നിഷേധ വികാരങ്ങളും
നിങ്ങളിൽ നിന്നും നിങ്ങൾ  ഉപേക്ഷിക്കാൻ  ആഗ്രഹിക്കുന്ന  ശീലങ്ങൾ സ്വഭാവങ്ങൾ
എന്നിവ നിങ്ങളിൽ നിന്നും പുറത്തു പോകുന്നതായും ഭാവിക്കുക

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെ യും വളരെ അധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടെ സ്വീകരിക്കുക

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസത്തെ യും വളരെയധികം നന്ദിയോടെ
പോവാൻ അനുവദിക്കുക

നമുക്ക് ലഭിച്ച ആനന്ദത്തിനും സന്തോഷത്തിനും സൗഭാഗ്യത്തിനും ഹൃദയത്തിൽ നിറയെ നന്ദി അനുഭവിക്കുക

9. ഋഷി ഛന്ദോ ദേവതാ
ക്രമത്തിൽ 
മൂർദ്ധാവിലും
മേൽ ചുണ്ടിലും
ഹൃദയത്തിലും
സ്പർശിച്ച് ചൊല്ലുക
ബ്രഹ്മ ഋഷി
ഗായത്രീ ഛന്ദ
മഹാലക്ഷ്മീർ ദേവതാ

10. മൂലമന്ത്രം (16 to 108)

ഓം ഐം ഹ്രീം ശ്രീം ശ്രീം ഹ്രീം ക്ലീം ശ്രീ മഹാലക്ഷ്മ്യെ നമഃ (16)

ഋഷി ഛന്ദോ ദേവതാ
ക്രമത്തിൽ 
മൂർദ്ധാവിലും
മേൽ ചുണ്ടിലും
ഹൃദയത്തിലും
സ്പർശിച്ച് ചൊല്ലുക
ബ്രഹ്മ ഋഷി
ഗായത്രീ ഛന്ദ
മഹാലക്ഷ്മീർ ദേവതാ

11. മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി

മന്ത്രമൂര്‍ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി

യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃ

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതഃ

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

13.ദിശാ നമസ്ക്കാരം
ദിശാ നമസ്കാരം ചെയ്യുക

പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് . 

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ആത്മാർത്ഥമായി നന്ദി പറയുക . 

മന്ത്രം- ഓം സൂര്യായ നമഃ 

അഗ്നികോൺ 
( തെക്ക്- കിഴക്ക് ഭാഗം ) 

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ തുടങ്ങിയവയോട് നന്ദി പറയുക . 

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക . 

ഓം അഗ്നയേ നമ 

തെക്കു ഭാഗം

നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും 

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക . 

ഓം പിതൃഭ്യോ നമഃ 

നീ ര്റ്തി കോൺ - 
( തെക്ക് പടിഞ്ഞാറ് ഭാഗം )

നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക .
ഓം പൃഥീവൈ്യ നമഃ 

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക . 

ഓം വരുണായനമഃ 

വായുകോൺ 
( പടിഞ്ഞാറ് വടക്ക് ഭാഗം )

തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക . 

ഓാം വായവേ നമഃ 

വടക്ക് ഭാഗം : 
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ്ര ദായങ്ങൾക്കും നന്ദി പറയുക . 

ഓം സോമായ നമഃ 

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ 
( വടക്കുകിഴക്ക് ) 

ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

ഓം ഈശാനായ നമ : 

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം നന്ദി
പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

പൂർണ്ണ ദീക്ഷ

*"നിങ്ങൾ ഒരു നിസ്വനായി വേണംപോകാൻ"*
21 വർഷത്തെ ശ്രീവിദ്യാ സപര്യയുടെ പൂർണ്ണതക്കായി
ഗുരു സന്നിധിയിലേക്ക്
യാത്രപുറപ്പെടുന്ന സമയം, 

വലിയ രണ്ട് ബാഗുകളിലായി സാധനങ്ങൾ നിറച്ച് വണ്ടിയിൽ വെയ്ക്കുമ്പോഴാണ്
പിന്നിൽ നിന്നും
രാംജിയുടെ ശബ്ദം

മനസ്സിലായില്ലെന്ന ഭാവത്തിൽ
ഞാൻ അദ്ദേഹത്തിന്റെ
മുഖത്തേക്ക് നോക്കി

വിദൂരതയിലേക്ക് നോക്കി കൊണ്ട് അദ്ദേഹം തുടർന്നു

"നമ്മളീ ഭൂമിയിലേക്ക് വന്നതും നിസ്വനായിട്ടല്ലേ
പിന്നെ എന്തിനാണ്
ഈ യാത്രയിൽ ഇത്രയധികം ഭാരം " 

"ശ്രീനാഥേട്ടൻ
തികച്ചും
നിസ്വനായി വേണം
പൂർണ്ണ ദീക്ഷക്ക് പോവാൻ എന്നാണ്
എന്റെ അഭിപ്രായം "
രാംജി വ്യക്തമാക്കി

സത്യത്തിൽ
ആ വാക്കുകൾ
എന്റെ അഹങ്കാരത്തിന്റെ
ഭാരമാണ് ഇറക്കി വെച്ചത് അങ്ങനെ  ഒരു ചെറിയ തോൾസഞ്ചിയിൽ
നിത്യോപാസനാംഗമായ
മഹാമേരുവും അവശ്യ
വസ്ത്രങ്ങളും  മാത്രമെടുത്ത്
റെയിൽവേ സ്‌റ്റേഷനിലേക്ക്
പുറപ്പെട്ടു.

രാംജി തന്നെയാണ്
ബൈക്കിൽ സ്റ്റേഷനിൽ വിട്ടത്.

സ്റ്റേഷനിൽ നിന്നും യാത്ര പറഞ്ഞു അദ്ദേഹം തിരിച്ചു പോകുമ്പോൾ
ആകെ ആഗ്രഹിച്ചത്
എന്റെ ജീവിതത്തിലെ
ഏറ്റവും ധന്യമായ
ഈ മുഹൂർത്തത്തിൽ
രാംജി കൂടെ ഉണ്ടാവണം
എന്നായിരുന്നു.

ആഗ്രഹം അറിയിച്ചു കൊണ്ട്
ഒരു വാട്ട്സ്അപ് സന്ദേശം അയച്ചു.

എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിന് വരാതിരിക്കാൻ കഴിയില്ലെന്ന്

ബോധം ശക്തമായ
ഒരു ശൂന്യാവസ്ഥയിൽ
ആയിരുന്നു എന്ന് വേണം പറയാൻ
ഒരു പക്ഷെ
ആ അമൃതവർഷത്തിന്
ആത്മാവ് പാകപ്പെടുന്നതാവാം

ട്രയിൻ നിശ്ചയിച്ച പാളത്തിലൂടെ യാത്ര തുടർന്നു.

മഴയത്ത് മാഞ്ഞ്
മറഞ്ഞു പിന്നിലേക്കു പോകുന്ന കാഴ്ചകൾ കണ്ടപ്പോൾ ചിന്തിച്ചത്
പിന്നിട്ട ജീവിതത്തെയും
അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്
എന്ന എന്റെ
 ഗുരുനാഥനെ കുറിച്ചുമായിരുന്നു

 21 വർഷങ്ങൾക്ക് മുമ്പ്
ഇതേ പോലെ
ഗുരുനാഥന്റെ അടുത്തേക്ക് പോകുമ്പോൾ
കൂടെയുണ്ടായിരുന്നത് ദാരിദ്ര്യവും നിസ്സഹായതയും മാത്രമായിരുന്നു.

അന്ന് ഗുരുനാഥൻ മന്ത്രദീക്ഷക്കൊപ്പം എനിക്ക് തന്നത് മഹത്തായ ജീവിതവും വലിയ ഒരു കാഴ്ചപ്പാടും
ആയിരുന്നു.

ഗുരു ഗർഭത്തിൽ
കൂടുതൽ കാലം കഴിയാൻ സാധിച്ചില്ലെങ്കിലും
ഗുരുത്വമെന്ന ആ പൊക്കിൾക്കൊടി
എന്നും എന്നെ എന്റെ ഗുരുനാഥനുമായി ബന്ധിപ്പിച്ചിരുന്നു.

ശക്തമായ സാധനയുടെയും
പുരശ്ചരണത്തിന്റെയും
നാളുകൾ, 

യാത്ര തന്നെ ലക്ഷ്യമായിക്കണ്ട് പിന്നിട്ട വഴികൾ

ഗുരുനാഥൻ 
എന്നിൽ പാകിയ വിത്തുകൾ മുളച്ച് തുടങ്ങിയിരുന്നു.

ഗുരുപരമ്പരകളുടെ
അനുഗ്രഹത്താൻ
ഓരോ സ്ഥലത്തു നിന്നും ലഭിച്ചത് വലിയ സ്വീകാര്യത.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഗുരുമഹിമ  മനസിലാക്കാൻ തക്കവണ്ണം പക്വതയില്ലാത്ത കാലത്ത്,ദീക്ഷ എന്നത് ചോദിച്ചു വാങ്ങേണ്ടതല്ല ഗുരുനാഥൻ അറിഞ്ഞു തരേണ്ടതാണ് എന്ന തിരിച്ചറിവ് ഇല്ലാത്ത കാലത്ത്
ദീക്ഷയെ കുറിച്ച് ഗുരുനാഥനോട്
ചോദിച്ചപ്പോൾ

"ശിഷ്യൻ പാകമാവുമ്പോൾ ഗുരു പ്രത്യക്ഷപ്പെടും" എന്ന് പറഞ്ഞ് എന്റെ അഹങ്കാരം നിറഞ്ഞ ദീക്ഷാ മോഹത്തെ 
ഒടിച്ചുകളയുകയാണ് ഗുരുനാഥൻ ചെയ്തത്.

വീണ്ടും ഒരുപാട് യാത്രകൾ അനുഭവങ്ങൾ
അംഗീകാരങ്ങൾ,
ഒരുപാട് മഹാത്മാക്കളുമായുള്ള സഹവാസം,
രാംജിക്കൊപ്പമുള്ള
പഠനങ്ങൾ ,കാശ്മീര
ശൈവ ദർശനങ്ങൾ,
ഋതംഭര തുടങ്ങി
എന്തൊക്കെയോ
ഞാൻ പോലുമറിയാതെ
എന്റെ മനസ്സിനെയും ബോധത്തെയും പാക പെടുത്തിയിട്ടുണ്ടാവാം 

കഴിഞ്ഞ ഗുരുപൂർണിമ യോടനുബന്ധിച്ച്
ഗുരുനാഥനെ കാണാൻ ചെന്നപ്പോഴാണ്

"താൻ ഒരു ജ്യോത്സ്യനെ കണ്ടു കന്നിമാസത്തിൽ ഒരു മുഹൂർത്തം നിശ്ചയിക്കു പൂർണ്ണ ദീക്ഷക്ക് സമയമായി "
എന്ന് ഗുരുനാഥൻ പറയുന്നത് 

ആനന്ദം കൊണ്ട്
മതി മറന്ന നിമിഷങ്ങൾ
ഗുരുനാഥന്റെ വാക്കുകൾ ഒരു അലയൊലിയായി
കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഒരു സാധകനെ സംബന്ധിച്ച് ജീവിതത്തിൽ
ഇതിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യവും ഇല്ല

ജന്മാന്തരങ്ങളിലൂടെ വന്നു ചേർന്ന പാപങ്ങളെ ഏറ്റടുത്ത് ശിഷ്യനെ പാപത്തിൽ നിന്നും മുക്തനാകുകയും ശിഷ്യന് ജ്ഞാന മാർഗം ഉപദേശിച്ചു കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദീക്ഷ

ഗുരു പരമ്പരകളിലൂടെ
ഒഴുകി തന്നിൽ എത്തി നിൽക്കുന്ന മന്ത്രശക്തിയെ
പോഷണം ചെയ്തു തന്റെ ഉപാസ്യ ദേവതയുടെ ശക്തി ഉദ്ധീപിപ്പിച്ചു നാഡി മാർഗ്ഗേണ ശിഷ്യനിൽ ആത്മ സംയോജനം ചെയ്യുന്നതാണ്
ദീക്ഷാ ക്രിയകൾ ..

അങ്ങനെ ഒക്ടോബർ
പത്തിന് ദീക്ഷ തീരുമാനിച്ചു.

കാലത്തിന് ദൈർഘ്യം
കൂടുതലാണ് എന്ന് തോന്നിയ ദിന രാത്രങ്ങൾ

അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു സന്ധ്യാനേരത്ത് ഗുരുനാഥന്റെ വീഡിയോ കോൾ 

"അല്ലെങ്കിൽ ഒക്ടോബർ 10 വരെ കാത്തു നിൽക്കണ്ട
നമുക്ക് സപ്തംബർ
27 ന് തന്നെ ദീക്ഷാ കലശം നടത്താം "

സന്തോഷാധിക്യത്താൽ
ശബ്ദം ഇല്ലാതായ
അവസ്ഥ 

എന്തൊക്കെ
ഒരുക്കങ്ങളാണ് 
ഞാൻ ചെയ്യേണ്ടത്
എന്ന ചോദ്യത്തിന്
മറുപടി ലഭിച്ചത്

"താൻ അങ്ങട് വന്നാ മാത്രം മതി ഒരുക്കങ്ങളെല്ലാം
അവിടെ റെഡി ആയിരിക്കും "

 എന്നാണ്

അക്ഷര ലക്ഷം പറഞ്ഞ്
(1അക്ഷരത്തിന് 1 ലക്ഷം എന്ന കണക്കിന്)
ദക്ഷിണ വാങ്ങുന്ന ഗുരുക്കൻമാർ ഉള്ള ഈ നാട്ടിൽ ഗുരുനാഥന്
ഇങ്ങനെ പറയാൻ സാധിച്ചത് സാമൂഹിക പ്രതിബദ്ധതയുടെ ,
നവോത്ഥാനത്തിന്റെ
ബിംബമായ മാധവ്ജിയിലൂടെ
പ്രവഹിച്ച ദർശനത്തിന്റെ അമൃത ധാരകൊണ്ടായിരിക്കാം

പിന്നീട് മുഹൂർത്തം ആവുന്നതുവരെ മനസ്സിന് ഒരു നിസ്സംഗത ആയിരുന്നു .ഒരുപക്ഷേ ശരീരവും മനസ്സും ആ വലിയ ബോധ പ്രവാഹത്തിന് തയ്യാറാവുന്നത് ആയിരിക്കാം

ചിന്തകൾക്ക് ഒപ്പം തന്നെ ട്രെയിനും സഞ്ചരിച്ചതിനാൽ
പെട്ടന്ന് തന്നെ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി

വിപിൻ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം 
എനിക്ക് കേട്ട് മാത്രം പരിചയമുള്ള പാഞ്ഞാൾ ഗ്രാമത്തിലെ
തോട്ടം മനയിലേക്ക്

കർമ്മഫലത്തിന്റെ ഭാണ്ഡങ്ങൾ മാത്രമായി ഭൂമിയിലേക്ക് ജനിക്കുന്ന ശിശുവിനെപ്പോലെ
തികച്ചും നിസ്വനായിത്തന്നെയാണ്
നേരിയ മഴയിൽ
സന്ധ്യക്ക് തോട്ടം മനയിൽ എത്തിയത്

പ്രൗഢഗംഭീരമായി പഴമയുടെ ചാരുതയിൽ ദീപ പ്രഭയോടെ നിൽക്കുന്ന ആ മനയുടെ അകത്തുനിന്നും
സാമവേദധ്വനികൾ, കാതോർത്താൽ നമുക്ക് ഇപ്പോഴും കേൾക്കാൻ സാധിക്കും

ഞാൻ എത്തുന്നതിനു മുമ്പ് തന്നെ ഗുരുനാഥൻ അവിടെ എത്തിയിരുന്നു
ഗുരുനാഥനെയും മനയിലെ വേട്ടക്കരനെയും നമസ്കരിച്ച്
ഗുരുനാഥനൊപ്പം
ഇരുന്നു.

വളരെ ഹൃദ്യമായ ആതിഥേയത്വം ആണ്
തോട്ടം മന കുട്ടൻ തിരുമേനിയിൽ നിന്നും കുടുംബത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്

മനയിൽ വേട്ടക്കരൻ പാട്ടിനോട് അനുബന്ധിച്ച് പൂജകളും ക്രിയകളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു

അന്നത്തെ ശുദ്ധി ക്രിയകൾക്ക് ശേഷം ഞാൻ എനിക്കു വേണ്ടി വ്യവസ്ഥ ചെയ്ത താമസസ്ഥലത്തേക്ക് പോയി.

രാത്രി 11 മണിക്ക്
ഫോൺ ചെയ്തപ്പോൾ രാംജിയുടെ കാൾ
"ശ്രീനാഥ് ഏട്ടാ ഞാൻ ഇവിടെ നിന്നും പുറപ്പെടുകയാണ് ഒന്നര മണിക്കൂർ കൊണ്ട് അവിടെ എത്തും "

 "ആനന്ദലബ്ദിക്കെ നിയെന്തു വേണം "
എന്ന അവസ്ഥയിലായിരുന്നു ഞാൻ

എന്നിൽ പൂർണ്ണത നിറയുന്ന സമയത്ത് എനിക്ക് ഒപ്പം പ്രിയ സഹോദരൻ രാംജി ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്

 നൂറിലധികം കിലോമീറ്ററുകൾ നല്ല മഴയത്ത് ബൈക്കോടിച്ച് രാത്രി ഒരു മണിക്ക് മുമ്പായി അദ്ദേഹം എത്തി 

രാവിലെ നേരത്തെ എഴുന്നേറ്റ് ഞങ്ങൾ
തോട്ടം മനയിലെത്തി
ശരീര ബോധം ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട 
ഒരു സാക്ഷി ബോധത്തിൽ തന്നെയാണപ്പോഴും

9 മണിയോടുകൂടി
കലശപൂജകൾ എല്ലാം തന്നെ കഴിഞ്ഞു
പ്രകൃതിയും മനസ്സും 
ശരീരവും ദീക്ഷക്ക് തയ്യാറായി

പുറത്ത് ഭൂമിയാകുന്ന ശിഷ്യനിൽ
സൂര്യനാവുന്ന ഗുരുവിൽ നിന്നും പ്രവഹിക്കുന്ന അമൃതവർഷം

അകത്ത്
അനാദിയായ
സാധനാ പാരമ്പര്യത്തിന്റെ
ഗംഗാ പ്രവാഹം
ഗുരു പരമ്പരകളിൽ കൂടി ഒഴുകി
ശക്തിപാതമായി
ശിഷ്യനിൽ പതിക്കുന്നു

ഗുരുനാഥന് അഭിമുഖമായി എന്നെ ഇരുത്തി കർമ്മഫലങ്ങളെ
ഭൂത ശുദ്ധി കൊണ്ട് കരിച്ച് തന്റെ ആത്മീയ തേജസ്സുകൊണ്ട് ശുദ്ധിവരുത്തി.

ഗുരുനാഥന്റെ ജീവിതത്തെക്കുറിച്ചും
മാധവജി നൽകിയ
ആർജ്ജവത്തെ കുറിച്ചും സംസാരിച്ചതിലൂടെ  ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം
എന്ന ശരിയായ പാത എനിക്ക് കാണിച്ചു തരികയായിരുന്നു.

"രാജ്യം ദേയം ശിരോ ദേയംന്ന ദേയം ഷോഡശാക്ഷരി "

രാജ്യം കൊടുക്കാം ശിരസ്സു കൊടുക്കാം
എന്നാലും ഷോഡശാക്ഷരി മന്ത്രം
നൽകരുത് എന്നാണ് ആചാര്യമതം.

ശ്രീവിദ്യ സമ്പ്രദായത്തിലെ
അതിഗഹനങ്ങളായ നിയമങ്ങളെക്കുറിച്ചും
രഹസ്യങ്ങളെക്കുറിച്ചും
ഗുരുനാഥൻ ഉപദേശിച്ചു
ശേഷം പൂർണ്ണ കലശാഭിഷേകം
ശിരസ്സിൽ പതിച്ചപ്പോൾ
ഇന്നുവരെ ഞാൻ കടന്നുവന്ന എല്ലാ ശരീരങ്ങളും ജീവിതങ്ങളും
ഒരു മിന്നായം പോലെ എന്റെ ബോധതലത്തിലൂടെ
ഓടി മറയുന്നത് സാക്ഷി ഭാവത്തിൽ എനിക്ക് അനുഭവിക്കാൻ സാധിച്ചു
സ്ഥലകാല സീമകളുടെ അപ്പുറത്തേക്ക് ബോധം സഞ്ചരിച്ച നിമിഷം ഞാൻ തന്നെയാണ് പ്രപഞ്ചം എന്നറിഞ്ഞ
നിമിഷം
സാക്ഷാൽ രാജരാജേശ്വരി തന്നെ
ഗുരുനാഥന്റെ രൂപത്തിൽ
പ്രത്യക്ഷപ്പെട്ടതായാണ്
എനിക്ക് അനുഭവപ്പെട്ടത്
അത് വിവരണാതീതമായ അനുഭവമാണ്
രഹസ്യവും

തുടർന്ന് ദീക്ഷാ നാമവും
ജീവിതത്തിൽ അനുഷ്ഠിക്കേണ്ട
നിത്യ നൈമിത്തിക
കൃത്യങ്ങളും പഠിപ്പിച്ചു ഒരു പുതിയ ജീവിതത്തിലേക്ക് ........

ഗുരുനാഥാ
ഈ ജന്മം മുഴുവൻ
ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു

ഈ ഭൂമിയിൽ എവിടെയോ ജനിച്ചു ഒന്നും ആവാതെ പോകുമായിരുന്ന എന്നെ
സനാഥൻ ആക്കിയതിന്

സ്വസമുദായത്തിൽ നിന്നും ഉണ്ടായ ശക്തമായ എതിർപ്പുകൾ അവഗണിച്ചു
മാധവ്‌ജിയിൽ നിന്നും ലഭിച്ച അഗ്നിയെ  ജ്വലിപ്പിച്ച് ജാതിയുടെ മതിൽക്കെട്ടുകൾ തകർത്തു
ഈ ലോകത്തിന് വെളിച്ചം നൽകിയതിന്
ഈ നാട്തന്നെ എന്നും അങ്ങയോടു കടപ്പെട്ടിരിക്കുന്നു.

ബ്രാഹ്മണ്യം
ജന്മസിദ്ധം അല്ല
കർമ്മസിദ്ധം 
ആണെന്ന്
സ്വന്തം പ്രവർത്തികളിലൂടെ
നടപ്പിലാക്കി
യഥാർത്ഥത്തിൽ നവോത്ഥാനം
നടത്തിയ
അങ്ങയെ
ലോകം മുഴുവൻ അങ്ങനെ ആദരിക്കുന്നു

ഒരുപാട് നന്ദി
രാംജി
ധന്യമായ ഈ മുഹൂർത്തത്തിൽ എന്റെ കൂടെ ഉണ്ടായിരുന്നതിന്

ഗുരു മഹിമയും ദീക്ഷയും വരികളിലൂടെ വരച്ചതിന് , (FB Post)

നന്ദി ലാലേട്ടാ
എന്റെ പുതു ജന്മത്തിൽ എനിക്കും
ഗുരുനാഥനും നൽകിയ പ്രഥമ  അഭിവാദനത്തിന്

നന്ദി 
കുട്ടേട്ടാ (തോട്ടം മന)
എൻറെ പുനർജന്മം  ധന്യം ആക്കിയതിന്
എൻറെ പുതുജനത്തിന് രാജകീയമായ സംവിധാനങ്ങൾ ഒരുക്കിയതിന്,
ഒരിക്കലും മറക്കാത്ത ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചതിന്
ഒരു പാട് നന്ദി
അങ്ങയുടെ കുടുംബത്തിനും
ശിഷ്യഗണങ്ങൾക്കും

ഒരു പാട് ഒരു പാട് നന്ദി,
പൂർണ്ണ ദീക്ഷിതതായ
വിവരം മാധവ്ജി പേജിലൂടെ വർദ്ധിച്ച സന്തോഷത്തോടെ
ആധികാരികമായി
ലോകത്തെ അറിയിച്ച
പ്രിയ സഹോദരൻ
ജയകുമാർ ഹരിഹരൻ ജീ

നന്ദി
എനിക്കൊപ്പം ദീക്ഷിതനായ
കുന്നുപറമ്പ്
പിന്നെ
നിങ്ങൾ തന്നു കൊണ്ടിരിക്കുന്ന
അതിരില്ലാത്ത
സ്നേഹത്തിനും
കരുതലിനും
കണക്കറ്റ നന്ദി

ശ്രീനാഥ് കാരയാട്ട്
30/09/21

Sunday, September 5, 2021

Mission Attappadi

MISSION ATTAPPAADI !!
വിശക്കുന്നവന് അന്നവും അറിവില്ലാത്തവന് ആശയങ്ങളും നാട്ടാചാര പ്രകാരം വന്ദ്യ വയൊധികർക്കു ഓണക്കോടികളും പേറി ഞങ്ങൾ ത്രുശുർക്കാർ മൂന്നാമതും അട്ടപ്പാടി മലനിരകൾ താണ്ടി...!! പറഞ്ഞുറപ്പിച്ചിരുന്ന തിയ്യതിയിൽ (Aug 31 ) കൂടിച്ചേർന്ന ആദിവാസി ഗോത്ര വർഗക്കാരും നമ്മളും പിന്നെ ഇടക്കെപ്പോഴോ വന്നു പോയ മഴ മേഘങ്ങളും ...

ജൈവ വൈവിധ്യത്താൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൈലന്റ് വാലി വനമേഖലയുടെ ബഫർ സോണ്‍- ഇൽ സ്ഥിതി ചെയ്യുന്ന തടിക്കുണ്ട് എന്ന ആദിവാസി ഊരിലെക്ക് ദുഷ്ക്കരമായ വന പാതയിലൂടെ നമ്മുടെ പ്രവർത്തകർ ഒരേ മനസ്സോടെ നടന്നു കയറി... തളർച്ച ആവേശമാക്കിയും ദാഹം സേവനമാക്കിയും യാത്രദുരിതങ്ങൾ ത്യാഗമാക്കിയും ഊരിലെത്തിയ നമ്മളെ അവർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു..
ആദിവാസികൾ നേരിടുന്ന ദുഷ്ക്കരമായ വിഷയങ്ങളെ മനശാസ്ത്രത്തിന്റെ നിഗൂഡ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി സരളമാക്കിയ ഡോക്ടർ ശ്രീനാഥ് അവരിലേക്ക് തിരിച്ചറിവിന്റെ പുതിയ വെളിച്ചം പകർന്ന് നല്കി... ഇത്തിരി നേരത്തേക്ക് എങ്കിലും ആ കാടും അവിടത്തെ കാറ്റും നമ്മൾ ത്രുശുർക്കാരുടെതായി... 

ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന documenteriy -ഉടെ ഔദ്യൊദികമായ സ്വിച്ച് ഓണ്‍ കർമ്മവും അവിടെ നടന്നു. അതിനു വേണ്ട ഷൂട്ടിങ്ങിന്റെ ഭാഗമായി നമ്മുടെ ടീം അംഗങ്ങൾ പിന്നെയും കാടുകൾ കയറി ഇറങ്ങി... 

അട്ടപ്പാടിയിൽ നമ്മൾ തുടങ്ങി വച്ച ഈ സഹായ - സഹകരണ -ബോധ വല്ക്കരണ പരിപാടികൾ ഇവിടം കൊണ്ട് തീരുന്നില്ല . വരും നാളിൽ ചെയ്യാൻ പോകുന്ന സൽകർമ്മങ്ങളുടെ ശില സ്ഥാപനം മാത്രമാണ് ഇപ്പോൾ നടന്നത് എന്ന് നമ്മൾ ഓരോരുത്തരും മനസ്സില് ഉറപ്പിച്ചു.

ഇനിയും ഇങ്ങോട്ട് വരണേ എന്ന അവരുടെ നിഷ്കളങ്കമായ സ്നേഹ വായ്പ്പുകൾക്ക് മുന്നിൽ ശിരസ്സ്‌ നമിച്ചു കൊണ്ട് കാടിറങാറായപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു...കാട്ടുവഴികളിൽ ഇരുൾ പരന്നു. പോകുന്ന വഴിയിൽ ആന ഇറങ്ങിയിട്ടുണ്ട് എന്ന വാർത്ത ചിലരിലെങ്കിലും ഭീതി ഉണർത്തി. എങ്കിലും നമ്മൾ പതിയെ കാടിറങ്ങി.... കയ്യിൽ വെളിച്ചവുമായി കാടിന്റെ മക്കൾ മുന്നിൽ വഴി തെളിയിച്ചു നടന്നു. 

ആദിവാസികളുടെ നിഷ്കളങ്കതയും നമ്മൾ നാട്ടുവാസികളുടെ അഹങ്കാരവും തമ്മിൽ ചേർത്തു വയ്ക്കുന്നിടത്താണ് അവർക്ക് നഷ്ടങ്ങൾ ഉണ്ടാവുന്നത്, അവർ ചൂഷണം ചെയ്യപ്പെടുന്നത്. അവർക്ക് വേണ്ടത് സഹതാപമല്ല, അവരുടെ ഭിക്ഷാപാത്രത്തിലേക്ക് നമ്മൾ കമിഴ്ത്തുന്ന അവജ്ഞയുടെ പാഴ്മണികൾ അല്ല, പകരം അവരുടെ ബോധമണ്ഡലത്തിലേക്ക് അറിവിന്റെ നാളം പകരാൻ എന്ന് നമുക്ക് ആവുന്നോ അന്നേ അവർ രക്ഷപെടുന്നുള്ളൂ, അന്നേ നമ്മൾ വിജയിക്കുന്നുള്ളൂ... അന്നേ ഞങ്ങൾ ഈ യജ്ഞം അവസാനിപ്പിക്കുനുള്ളൂ... ജയ് ഹിന്ദ്‌

Saturday, June 19, 2021

മായിയമ്മ

മായിയമ്മ
ഹരി ഓം.

" കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ"

മധുസൂതനൻ നായർ സർ എഴുതിയ വരികൾ ആണ് ..

1986 വരെ കന്യാകുമാരിയിൽ എത്തുന്നവർക്ക് തെരുവ് നായ്കളുമായി കഴിയുന്ന ഒരു വൃദ്ധയായ അമ്മയെ കാണാൻ കഴിയുമായിരുന്നു .. ചിലപ്പോൾ കുഞ്ഞു പട്ടികുട്ടിക്കളെ എടുത്തു തന്റെ നഗ്നമായ മാറിലെ മുലകൾ കൊടുക്കുന്നതും കാണാം ..

ഈ അമ്മയെ തേടി ആണ് ഇന്ത്യൻ രാഷ്‌ട്രപതി ആയിരുന്ന ഗ്യാനി സെയിൽ സിങ് എത്തിയത്..

എത്ര കാലമായി മായിയമ്മ കന്യാകുമാരിയിൽ ഉണ്ടായിരുന്നു എന്ന് ആർക്കും വ്യക്തം അല്ല .. മാറ്റം ഇല്ലാത്ത രൂപമായി മായിയമ്മയെ അവിടെ കണ്ട തലമുറകൾ നൂറിൽ ഏറെ പ്രായം ഉണ്ടാകും എന്ന് പറയുന്നു..

മിന്നൽ വേഗത്തിൽ ആർത്തിരമ്പുന്ന കടലിലേക്ക് ഓടി ഇറങ്ങുന്ന അമ്മയെ നിമിഷങ്ങൾ കൊണ്ട് ദൂരെ ചെങ്കുത്തായ പാറകളിൽ കാണാം .. ഒപ്പം ഇപ്പോഴും നടക്കുന്ന കുറച്ചു ശ്വാന ഗണങ്ങളും...

ഹുങ്കാര നാദവുമായി കടൽ കലി പൂണ്ട ദിനങ്ങളിൽ ആഴക്കടലിൽ ഇന്നും അമ്മയെ കണ്ടു എന്ന്  മീൻ പിടുത്തകാർ സാക്ഷ്യം പറയുന്നു ..

ചിലപ്പോൾ കടൽ കരയിൽ.... മറ്റു ചിലപ്പോൾ  ഒഴിഞ്ഞ മണ്ഡപത്തിൽ...  തെരുവിൽ ഒക്കെയായി 'അമ്മ കഴിഞ്ഞു .. അമ്മയുടെ അടുത്ത് നിന്ന് രോഗങ്ങൾ വിട്ടു അകന്നവർ , ജീവിത പ്രാരാബ്ധം ഒഴിഞ്ഞവർ ഒക്കെ അമ്മയെ തേടി വന്നു ...

പുലർകാലങ്ങളിൽ ഏതേലും കടയിൽ കേറി ഭക്ഷണം എടുത്തു നായ്ക്കൾക്കു കൊടുക്കുക അമ്മയുടെ പതിവ് ആയിരുന്നു .. 'അമ്മ തന്റെ   കടയിൽ കേറണം എന്ന പ്രാർഥനയോടെ മാത്രമേ ഓരോ കടയുടെയും വാതിലുകൾ തുറക്കപ്പെട്ടിരുന്നുള്ളു ..

ജഗദ്ഗുരു  ശ്രീ  ചന്ദ്രശേഖരേന്ദ്ര  സരസ്വതി സ്വാമികൾ സത്യസായി ബാബ, മാതാ അമൃതാന്ദന്ദമയി ദേവി, ജഗ്ഗി വാസുദേവ് തുടങ്ങിയവർ എല്ലാം കന്യാകുമാരിയുടെ തീരങ്ങളിൽ മായിയമ്മയെ കാണാൻ വന്നവർ ആണ് ..

1986 വരെ 'അമ്മ കന്യാകുമാരിയിൽ കഴിഞ്ഞു .. അതിനു ശേഷം ആരോടും പറയാതെ മകനെ പോലെ ഒപ്പം കൂടിയ രാജേന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂട്ടി സേലത്തേക്കു പോയി .. പുറം ലോകത്തിൽ നിന്നും അകന്നു കുറച്ചു കാലം അവിടെ കഴിഞ്ഞു ..

ഭാരതത്തിൽ ഉണ്ടായിരുന്ന മറ്റൊരു അത്ഭുതം ആയിരുന്ന കോടി സ്വാമികൾ പ്രപഞ്ചത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ച മായിയമ്മ 1991 സേലത്തെ ചെറിയ പർണശാലയിൽ ജീവസമാധി ആയി ..

ഇന്നും ഇളയ രാജ ഉൾപ്പടെ ഒരു പാട് ആളുകൾ അമ്മയുടെ സമാധിക്ക് അരികിൽ എത്താറുണ്ട് ..

ഭാരത്തിന്റെ സംസ്കാരം .. ഈ നാടിൻറെ അറിവുകൾ ... ആഴി പോലെ ആണ് .. ജാതിയുടെയും ഉച്ചനീചത്വങ്ങളെയും കുറിച്ച് പറഞ്ഞു ഈ സംസ്കാരത്തെ പറ്റി അവഹേളിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർക്ക് ഒരു പക്ഷെ ഇത് ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല ..

മായിയമ്മ ഒന്നും ആയി വന്നില്ല ഒന്നുമായി പോയതും ഇല്ല .. ആരിൽ നിന്നും ഒന്നും വാങ്ങിയില്ല ..ആരുടെ മുന്നിലും കൈ നീട്ടിയില്ല ...

"ഉണ്ണുന്നില്ല ഉറങ്ങുന്നില്ല
ഊരാകെ പകരുന്ന മായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്ന മായിയമ്മ"
ഉണ്മയറിയുന്ന മായിയമ്മ

(കടപ്പാട് ) - അരുൺ രാജേന്ദ്രൻ

Sunday, June 6, 2021

ബുദ്ധനും പുനർ ജൻമവും

ബുദ്ധനും പുനർ ജൻമവും
ഒരിക്കൽ ഒരു കൊടുംകുറ്റവാളി കൊലപാതകി പാപിയായ ഒരുവൻ ഗൗതമ സിദ്ധാർത്ഥ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ ആശ്രമത്തിൽ എത്തി. അയാൾ ഭയപ്പെട്ടിരുന്നു അയാളെ ആശ്രമത്തിൽ ഉള്ളവർ അകത്തുകടക്കാനും ബുദ്ധനെ കാണാനും അനുവദിക്കുമോ എന്ന്. അതുകൊണ്ട് ആളുകൾ അധികം ഇല്ലാത്ത സമയം നോക്കിയാണ് അയാൾ അവിടെ ചെന്നത് പിന്നെ പ്രധാന കവാടത്തിലൂടെയല്ലാതെ മതിൽ ചാടിയാണ് ചെന്നത്. നിർഭാഗ്യവശാൽ ബുദ്ധൻ ഭിക്ഷാടനത്തിനായി പുറത്തുപോയിരുന്ന സമയമായിരുന്നു, അയാളെ ബുദ്ധന്റെ ശിഷ്യന്മാർ കൈയോടെ പിടികൂടി. അയാൾ ശിഷ്യന്മാരോട് പറഞ്ഞു ഞാൻ മോഷ്ടിക്കാനോ മറ്റു ദുരുദ്ദേശത്തോടെയോ വന്നതല്ല. നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു എല്ലാവർക്കും എന്നെ അറിയാം ഞാൻ ഒരു കുപ്രസിദ്ധ കുറ്റവാളിയാണ്. ഈ നാട്ടിലെ നാട്ടുകാർ ഏറ്റവും ഭയപെടുന്നവനും വെറുക്കപ്പെടുന്നവുമായ വ്യക്തിയാണ് ഞാൻ . അതുകൊണ്ട് നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു ''ഞാൻ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്ന് എന്ന് നിങ്ങൾ വിശ്വസിക്കുമോ എന്നും ഭയപ്പെട്ടിരുന്നു''. അപ്പോൾ ശിഷ്യന്മാർ അയാളെ ബുദ്ധന്റെ പ്രിയശിഷ്യന്മാരിൽ ഒരാളായ സരിപുത്രയുടെ പക്കൽ കൊണ്ടുചെന്നു. സരിപുത്ര ഒരു ജോതിഷനായിരുന്നു, അദ്ദേഹത്തിന് ആളുകളുടെ മുൻ ജന്മങ്ങൾ കാണാൻ കഴിവുള്ള ആളായിരുന്നു. ശിഷ്യന്മാർ സാരിപുത്രയോട് പറഞ്ഞു ഈയാളെ നോക്കു ഇയാൾ ഈ ജന്മത്തിൽ കൊലപാതകിയും പാപിയും കള്ളനും ഒക്കെയാണ് പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഇയ്യാൾ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടോ എന്ന് നോക്കണം അതുകൊണ്ടാണോ ഇയ്യാൾ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നത് എന്ന സംശയം ദുരീകരിക്കണം അതുകൊണ്ട് ഇയാളുടെ കഴിഞ്ഞ ജന്മങ്ങൾ ഒന്ന് പരിശോധിക്കണം എന്നും പറഞ്ഞു. സാരിപുത്ര അദ്ദേഹത്തിന്റെ എൺപത്തിനാല് ജന്മങ്ങളിലോട്ട് നോക്കാൻ ഇടയായി അയാൾക്ക് മുൻകാലങ്ങളിലും പറഞ്ഞതിൽനിന്നും ഒരു മാറ്റവും ഉണ്ടായിരുന്നില്ല സാരിപുത്രപോലും വിറയ്ക്കാൻ തുടങ്ങി അതുകണ്ട്. സാരിപുത്ര പറഞ്ഞു ഇയ്യാൾ വളരെ അപകടകാരിയാണ് അംഗീകൃത സ്ഥാപിത പാപിയാണ്. ഇയ്യാളിൽ പരിവർത്തനം അസംഭവ്യമാണ്. ഇനി ബുദ്ധനുപോലും ഒന്നും ചെയ്യാൻ സാധിക്കില്ല.

   സാരിപുത്ര പറഞ്ഞു ഇയ്യാളെ വെളിയിൽ തള്ളു ഇപ്പോൾ തന്നെ ബുദ്ധനുപോലും ഇയ്യാളെ മാറ്റിയെടുക്കാൻ സാധിക്കില്ല. അയ്യാൾ ജന്മനാ സ്ഥാപിതകുറ്റവാളിയാണ് ഇയ്യാളിൽ മാറ്റം കൊണ്ടുവരുക അസംഭവ്യമാണ്.

എനിക്ക് ഇതിൽക്കൂടുതൽ കാണാനുള്ള ത്രാണിയില്ല കണ്ടത് മതി.

    ആ മനുഷ്യനെ ബുദ്ധന്റെ ശിഷ്യന്മാർ അവിടെനിന്നും പുറത്തുതള്ളി. പരിവർത്തനത്തിനു ഒരു സാധ്യതയും ഇല്ല എന്ന് മനസിലാക്കിയ അയ്യാൾക്ക് വളരെയധികം മാനസികമായി മുറിവേറ്റിരുന്നു ബുദ്ധനിൽ അഭയം പ്രാപിക്കാനുള്ള അയാളുടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു. അയ്യാൾ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. അവിടെ പ്രധാന കവാടത്തിന്റെ മൂലയിൽ മതിലിനോട് ചേർന്നുനിന്നു അയ്യാൾ തല ഭിത്തിയോൾ അടിക്കാൻ തുടങ്ങി സ്വയം മരിക്കാൻ. ഭിക്ഷാടനത്തിനു ശേഷം മടങ്ങിവരുന്ന ബുദ്ധൻ അതുകാണാൻ ഇടയായി. ബുദ്ധൻ അയ്യാളെ തടഞ്ഞു അയാളെ ശിഷ്യനാക്കാൻ തീരുമാനിച്ചു അകത്തോട്ട് കൊണ്ടുപോയി.

                     കഥ പറയുന്നത് ഇങ്ങനെയാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ബോധോദയം ലഭിക്കുകയും ഒരു ബുദ്ധൻ ആയിമാറാനും സാധിച്ചു. അപ്പോൾ എല്ലാവരും ആശ്ചര്യപെടാൻ തുടങ്ങി. സാരിപുത്ര ബുദ്ധന്റെ പക്കൽ ചെന്ന് ചോദിച്ചു എന്റെ കഴിവുകളെല്ലാം കപടമാണോ എന്റെ ജ്യോതിഷ ഫലങ്ങളും കപടമാണോ? ഞാൻ ഇയ്യാളുടെ എൺപത്തിനാൽ ജന്മങ്ങൾ നോക്കിക്കണ്ടു! അതൊക്കെ വെറുതെയായിരുന്നോ? എങ്ങനെ ഇത് സംഭവിച്ചു?

                      ഗൗതമൻ ബുദ്ധൻ പറഞ്ഞു . '' നീ അയാളുടെ കഴിഞ്ഞ ജന്മങ്ങൾ അല്ലെ നോക്കിയത് നീ അയാളുടെ ഭാവി നോക്കിയിരുന്നില്ല. കഴിഞ്ഞത് കഴിഞ്ഞതാണ് ഏതു നിമിഷത്തിൽ വേണമെങ്കിലും ഒരാൾ മാറണമെന്ന് തീരുമാനിച്ചാൽ മാറാനാകും. അയ്യാളുടെ ആ തീരുമാനമാണ് നിർണായകമാകുന്നത്. പിന്നെ ഒരു മനുഷ്യൻ എൺപത്തിനാലു ജന്മങ്ങൾ സംഘർഷഭരിതമായ വീർപ്പുമുട്ടലുകളിലൂടെ കടന്നു പോകുമ്പോൾ അയ്യാൾ മാറാൻ നിർബന്ധിതനാകുന്നു. അയാളുടെ ആവശ്യത്തിന്റെ ദൃഢതയും വ്യാപ്തിയും തീവ്രതയും അനന്തമാണ്. അതുകൊണ്ട് തന്നെ ഏഴുദിവസങ്ങളിൽ അത് സംഭവ്യമാണ്.

       ഗൗതമൻ ബുദ്ധൻ പറഞ്ഞു! ''സാരിപുത്ര നിനക്കു ഇതുവരെ ബോധോധയം ലഭിച്ചു ബുദ്ധൻ ആവാൻ സാധിച്ചിട്ടില്ല''. നീ നല്ല മനുഷ്യൻ ആണ്, നിനക്ക് നല്ല മുൻകാല ജന്മങ്ങളും ഉണ്ടായിരുന്നു-- അതുകൊണ്ടു തന്നെ നിനക്ക് ഭൂതകാലത്തിന്റെ വീർപ്പുമുട്ടലുകളോ അലട്ടുകളോ ബാധ്യത ആയിട്ടു ഉണ്ടാകുന്നില്ല. നിനക്ക് ചുറ്റും നിന്റേതായ ഒരു നീതിബോധം നിന്നോടൊപ്പം അഹങ്കാരമായി നിലനിൽക്കുന്നുണ്ട്. നീ ഒരു ഭ്രാമ്മണാനായി പല ജൻമം ഒരു ജ്ഞാനിയായി ബഹുമാക്കിക്കപ്പെടുന്നവനായി ജീവിച്ചിരിക്കുന്നു. പക്ഷേ നീ ഈ മനുഷ്യനെ നോക്കു അയ്യാൾ എൺപതിത്തിനാലു ജന്മങ്ങളും സ്വയം വീർപ്പുമുട്ടി വ്യഥഭാരം ചുവന്നാണ് ജീവിച്ചത്. അയാൾക്ക് അതിൽനിന്നും മോചിതനാവേണ്ടത് അത്യാവശ്യമായിരുന്നു. അയാൾക്ക് മോക്ഷപ്രാപ്തിയല്ലാതെ മറ്റൊരാവശ്യവും ഇല്ല. അതുകൊണ്ടു തന്നെ അത്ഭുതങ്ങൾ സംഭവ്യമാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ആ കാരാഗൃഹത്തിൽ നിന്നും മോചിതനായി. ഭൂതകാലത്തിന്റെ തീവ്രതയാണ് അയാളെ നയിച്ചത്.

                  മനുഷ്യന്റെ ബോധോദയത്തിലോട്ടുള്ള പരിവർത്തനത്തിനായി വളരെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യമാണ് ഇത്. ആത്മാർഥമായി ആഴത്തിൽ കുറ്റബോധമുള്ളവർ എളുപ്പത്തിൽ പരിവർത്തനത്തിനു വിധേയമാകും. എന്നാൽ സ്വയം നല്ലവനാണ് എന്ന് കരുതുകയും ചെയുന്ന പ്രവർത്തിയെല്ലാം ശരിയാണെന്നും ധരിക്കുന്ന ഒരാൾ പരിവർത്തനപ്പെടാൻ ബുദ്ധിമുട്ടാണ്. അസാന്മാർഗിയായ വ്യക്തി എളുപ്പത്തിൽ പരിണാമത്തിനു വിധേയമാകും. അതുകൊണ്ട് തന്നെ സതാചാര പ്രിയരായ ആളുകൾ എന്റെ അടുത്തു വരുമ്പോൾ ഞാൻ അത്ര കാര്യമാക്കാറില്ല. പക്ഷേ ഒരു അസാന്മാർഗിയായ ഒരുവൻ ആണെങ്കിൽ ഞാൻ വളരെ തല്പരനാണ് ഞാൻ അവനിൽ പൂർണമായി നിക്ഷേപം നടത്തും അയാളുടെ കൂടെ തന്നെ ഉണ്ടാകും കാരണം അവിടെ സാധ്യത കൂടുതലാണ് അയാളുടെ ആവശ്യത്തിന്റെ തീവ്രതയും വ്യാപ്തിയും ദൃഢതയും അതിനു എന്നെ കൂടുതൽ സഹായിക്കും . 🙏ഓഷോ🙏

Wednesday, June 2, 2021

റിംപോചെയും ലാമയുടെ പുനർജന്മവും ആർ.രാമാനന്ദ്

റിംപോചെയും ലാമയുടെ പുനർജന്മവും
പുനർജന്മം ഉണ്ടോ? ഉണ്ടെങ്കിലെന്ത് ഉണ്ടിലെങ്കിലെന്ത് എന്ന നിലപാടാണ് എനിക്കുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലെ പേരു പറഞ്ഞാൽ നാലാളറിയുന്ന ഒരു സൈക്കോളജിസ്റ്റ് എവിടെയോ പോയി മൂപ്പരുടെ പൂർവ്വജന്മം കണ്ടു പിടിച്ചു കളഞ്ഞു! തീർന്നോ.. എവിടുന്ന്? ഇപ്പോ മൂപ്പരുടെ പണി കഴിഞ്ഞ ജന്മത്തിലെ ഭാര്യയുടെ വീട്ടുക്കാർക്ക് ഓണം വിഷു റംസാൻ അങ്ങനെ വിശേഷാവസരങ്ങൾ ഏതുമാകട്ടെ കുപ്പായം ഇയാളുടെ വക തന്നെ! ഈ തിരോന്തരത്തുക്കാരന്റെ തൊന്തരവ് കണ്ടപ്പോൾ തീരുമാനിച്ചതാണ് ഇനി അഥവാ പൂർവ്വജന്മം ഉണ്ടെങ്കിൽ തന്നെ അറിയണ്ടാന്ന്... വല്ല ഒച്ചോ, പെരുച്ചാഴിയോ, ഈനാംപേച്ചിയോ വല്ലതും ആയിരുന്നെങ്കിൽ പൂർവ്വജന്മസ്മൃതി ഓർത്തെടുത്ത് നിർവൃതി കൊള്ളാൻ വയ്യ.

ഏകദേശം നാലു വർഷം മുമ്പാണ് തിരുവനന്തപുരം സായി ഗ്രാമത്തിലെ ആനന്ദ് കുമാർ സാറിനെയും (K.N. Anandkumar) ഭാര്യ വിനീത ചേച്ചിയെയും പരിചയപ്പെടുന്നത്. ബുദ്ധ മാർഗ്ഗം ഹൃദയത്തിനോട് ചേർത്ത് വച്ച ജീവിതമാണ് വിനീത ചേച്ചിയുടെത്.. ഒരു ബുദ്ധ തന്നെ... ചേച്ചിയാണ് എനിക്ക് കുടകിലെ പസാങ് ദാപ്പയെ പരിചയപ്പെടുത്തി തരുന്നത്... 

ഞാനും ഡോണയും ഒരിക്കൽ ബൈക്കു യാത്രയായി കുടകിൽ എത്തിയപ്പോൾ പസാങ് ഞങ്ങളെ സ്വീകരിച്ചു.. അവിടെയുണ്ടായിരുന്ന വളരെ മുതിർന്ന ഒരു ലാമയുടെ പുനർജന്മമായ റിംമ്പോച്ചയെ പരിചയപ്പെടാൻ കൂട്ടികൊണ്ടു പോയി. 

അന്ന് ഏതാണ്ട് എട്ടു വയസ്സ് പ്രായമുള്ള കുട്ടി.. ഞങ്ങളാ മുറിയിലേക്ക് കയറിയപ്പോൾ ഹൃദ്യമായി ചിരിച്ചു... സത്യം അന്നോളം ഞാൻ അങ്ങനെ ഒരു ചിരി കണ്ടിട്ടില്ല.... എത്രെയൊ നാളത്തെ പരിചയം തോന്നി... അടുത്ത് പോയിരുന്നു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു. പസാങ് അത് ടിബറ്റൻ ഭാഷയിലേക്ക് മൊഴിമാറ്റി റിംമ്പോച്ചയെ കേൾപ്പിച്ചു.... ആ സംസാരത്തിനിടയിൽ ഉടനീളം എന്റെ വലത്ത് കൈപ്പത്തി കൊണ്ടിടത്ത് കൈപ്പത്തി അമർത്തിപ്പിടിച്ചാണ് ഞാനിരുന്നത് പസാങ് മൊഴിമാറ്റം തുടരുന്നതിനിടെ റിം എന്റെ കൈയ്യിൽ പിടിച്ചു പറഞ്ഞു എന്താ ടിബറ്റുക്കാരെ പോലെ ഇങ്ങനെ പിടിക്കുന്നത്! ടിബറ്റ് എന്ന് കേൾക്കുമ്പോഴെ ഒരു ഉൾത്തരിപ്പ് ഓർമ്മയുറച്ച കാലം മുതൽ ഉണ്ടോ? ഉണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം... 

റിം ഞങ്ങളെ സ്വന്തം മുറിയിലേക്ക് കൈപ്പിടിച്ച് കൂട്ടി കൊണ്ട് പോയി. മനോഹരമായ മുറി. പല ചിത്രങ്ങളും കളിക്കോപ്പുകളും കാണിച്ചു തരുന്നതിനിടെ ഒരു ഫോട്ടോ ചൂണ്ടി കാണിച്ചു പറഞ്ഞു ഇതാ ഞാൻ... നോക്കിയപ്പോൾ ഒരു വൃദ്ധനായ ലാമയുടെ ചിത്രം. ഇതാരാ? റിം പറഞ്ഞു ഞാൻ, കഴിഞ്ഞ ജന്മത്തിലെ ഞാൻ!

നാലു വർഷങ്ങൾക്ക് ശേഷം
ഇന്നലെ റിംമ്പോച്ചയെ വീണ്ടും കണ്ടു... അന്നത്തെ ഹൃദ്യമായ ചിരി വീണ്ടും... മനം നിറഞ്ഞു.. ഋതംഭരയുടെ ബ്രോഷർ കൊടുത്തു.പ്രോജക്ടിനെ കുറിച്ചു പറഞ്ഞു. അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിച്ചു... ... ആ കുഞ്ഞി കൈവച്ചതിലനുഗ്രഹിച്ചു... ബ്രോഷർ തുറന്നു വായിക്കാൻ നോക്കി പക്ഷെ എല്ലാം മലയാളത്തിൽ.പക്ഷെ ഒരു മന്ത്രം മാത്രം ഞങ്ങൾ ടിബറ്റൻ ഭാഷയിൽ എഴുതിയിരുന്നു
 'ഓം മണി പത്മേ ഹും'
റിം അതു വായിച്ചു... ചിരിച്ചു കൊണ്ടെന്നെ നോക്കി...
ടിബറ്റുക്കാർക്ക് ഈ മന്ത്രം എപ്പോഴും ഉള്ളിലുണ്ടാവും... ആരും അത് പറഞ്ഞു തന്നില്ലെങ്കിൽ പോലും.....

ഓം മണിപത്മേഹും

ചോദ്യം :ഷിബു ഭാസ്ക്കർ

ഗുരുപത്മേ എന്നൊരു മന്ത്രം മ്മടെ നാട്ടിലും ഉണ്ടല്ലോ ഇല്ലേ 

അതിരിക്കട്ടെ ഒരു കൊരട്ടു കാര്യം പറയട്ടെ 

ഈ ലാമക്കുട്ടിയോടു എല്ലാവരും വൃദ്ധ ലാമ അദ്ദേഹത്തിന്റെ പുനർജനമം ആണ് ആണ് പറഞ്ഞു പറഞ്ഞു അതിനു അങ്ങിനെ മനസ്സു ഉറച്ചു പോയതാകാൻ വഴിയില്ലേ 
❤ഓം മണിപത്മേ ഹും❤

ഉത്തരം
രാമാനന്ദ്

Shibu K Bhaskaran ആയിരിക്കാം, അവർക്ക് പുനർജന്മം ആണോ എന്ന് കണ്ടുപിടിക്കാൻ എന്തൊക്കെയോ ഏർപ്പാടുകൾ ഉണ്ട്. ഈ ആശ്രമത്തിലെ ഒരു ലാമ സമാധി ആയപ്പോൾ അദ്ദേഹം ടിബറ്റൻ സെറ്റിൽമെൻറ്ലെ മറ്റൊരിടത്ത് ജനിച്ചു എന്ന വിവരം ഇവർക്ക് ലഭിച്ചു ( അതെങ്ങനെയെന്നു പറഞ്ഞില്ല, ടിബറ്റൻ സെറ്റിൽമെൻറ്ൽ മാത്രം എങ്ങനെയാണ് ജനിക്കുന്നത് എന്നും പറഞ്ഞില്ല) ഈ വിവരം അവർ ദലൈലാമയെ അറിയിച്ചു, അദ്ദേഹം എന്തെല്ലാം ഒക്കെയോ ചെയ്തു ഇത് പഴയ ലാമ തന്നെയാണ് എന്ന് ഉറപ്പിച്ചു, അങ്ങനെ ഈ കുഞ്ഞിനെ ചത്തീസ്ഗഡിലെ ഒരു ടിബറ്റൻ സെറ്റിൽമെൻറ് നിന്ന് എടുത്തു കൊണ്ടുവന്നു. ദേശാടനം സിനിമയെ ഓർത്തുപോയി ഞാൻ. പക്ഷേ ഒരു ടിബറ്റൻ കുടുംബത്തിന് കിട്ടാവുന്ന വലിയ ഭാഗ്യമാണ് ഒരു റിമ്പോച്ചെ. പഴയ ലാമ ഉപയോഗിച്ച വസ്തുക്കൾ മറ്റു പല വസ്തുക്കളും കൂടെ വെക്കുകയും അതിൽനിന്ന് കൃത്യമായി ഈ കുഞ്ഞ് തൻറെ പഴയ വസ്തുക്കൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് ഒരു രീതിയാണ്. യേശു ജനിച്ച സമയത്ത് യേശു ഒരു റിംപോച്ച ആണെന്ന് സംശയം ഉണ്ടായിരുന്നതായി ഹോൾഗർ ക്രസ്റ്റൻ രേഖപ്പെടുത്തുന്നുണ്ട്, കിഴക്കുനിന്നും വന്ന മൂന്നു ദിവ്യന്മാർ ബൗദ്ധരായ ലാമമാർ ആയിരുന്നുവെന്നും അവർ കുഞ്ഞിനെ ദിവ്യമായ പുനർജന്മം ആണോ എന്ന് പരിശോധന നടത്തിയെന്നും, അല്ല എന്ന് ബോധ്യപ്പെട്ട സമയത്ത് തിരിച്ചുപോയി എന്നും അദ്ദേഹം പറയുന്നു. 
 നമ്മുടെ കുഞ്ഞ് റിംപോച്ചയിലേക്ക് വന്നാൽ അദ്ദേഹത്തിൻറെ പഴയ ജന്മത്തിൽ ഒരു തത്ത അദ്ദേഹത്തിൻറെ മുറിയിൽ ഉണ്ടായിരുന്നത്രേ. ഈ കുഞ്ഞു ബോധം വന്ന ഈ കാലഘട്ടത്തിൽ എൻറെ തത്ത എവിടെ എന്ന് ചോദിച്ചു അത്രേ, ആരോ ഒരു പ്ലാസ്റ്റിക് തത്തയെ കൊണ്ടു കൊടുത്തപ്പോൾ ഇതല്ല അത് പറക്കും എന്ന് പറഞ്ഞത്രേ ! ഇതൊക്കെ പറഞ്ഞും കേട്ടും ഉള്ള അനുഭവങ്ങളാണ് , പുനർജന്മവും പൂർവ ജന്മവും ഇന്നും സയൻറിഫികലി വാലിഡേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. പിന്നെ, ഇതൊന്നുമില്ലെങ്കിൽ പോലും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല എങ്കിൽ ലോകം ഏകതാനമായ ഒരു ദുസ്സഹ വരണ്ട ഇടമായി പോവില്ലേ! അതുകൊണ്ട് ഞാൻ ഇത് പുനർജന്മമാണ് എന്ന് തെളിയിക്കാൻ പറയുന്ന കഥകളെയും , അല്ല എന്ന് ശഠിക്കുന്ന വിശ്വാസങ്ങളെയും ഒരേപോലെ കേൾക്കാറുണ്ട്. അതിലാണ് ഒരു ത്രിൽ!