Wednesday, June 2, 2021

റിംപോചെയും ലാമയുടെ പുനർജന്മവും ആർ.രാമാനന്ദ്

റിംപോചെയും ലാമയുടെ പുനർജന്മവും
പുനർജന്മം ഉണ്ടോ? ഉണ്ടെങ്കിലെന്ത് ഉണ്ടിലെങ്കിലെന്ത് എന്ന നിലപാടാണ് എനിക്കുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലെ പേരു പറഞ്ഞാൽ നാലാളറിയുന്ന ഒരു സൈക്കോളജിസ്റ്റ് എവിടെയോ പോയി മൂപ്പരുടെ പൂർവ്വജന്മം കണ്ടു പിടിച്ചു കളഞ്ഞു! തീർന്നോ.. എവിടുന്ന്? ഇപ്പോ മൂപ്പരുടെ പണി കഴിഞ്ഞ ജന്മത്തിലെ ഭാര്യയുടെ വീട്ടുക്കാർക്ക് ഓണം വിഷു റംസാൻ അങ്ങനെ വിശേഷാവസരങ്ങൾ ഏതുമാകട്ടെ കുപ്പായം ഇയാളുടെ വക തന്നെ! ഈ തിരോന്തരത്തുക്കാരന്റെ തൊന്തരവ് കണ്ടപ്പോൾ തീരുമാനിച്ചതാണ് ഇനി അഥവാ പൂർവ്വജന്മം ഉണ്ടെങ്കിൽ തന്നെ അറിയണ്ടാന്ന്... വല്ല ഒച്ചോ, പെരുച്ചാഴിയോ, ഈനാംപേച്ചിയോ വല്ലതും ആയിരുന്നെങ്കിൽ പൂർവ്വജന്മസ്മൃതി ഓർത്തെടുത്ത് നിർവൃതി കൊള്ളാൻ വയ്യ.

ഏകദേശം നാലു വർഷം മുമ്പാണ് തിരുവനന്തപുരം സായി ഗ്രാമത്തിലെ ആനന്ദ് കുമാർ സാറിനെയും (K.N. Anandkumar) ഭാര്യ വിനീത ചേച്ചിയെയും പരിചയപ്പെടുന്നത്. ബുദ്ധ മാർഗ്ഗം ഹൃദയത്തിനോട് ചേർത്ത് വച്ച ജീവിതമാണ് വിനീത ചേച്ചിയുടെത്.. ഒരു ബുദ്ധ തന്നെ... ചേച്ചിയാണ് എനിക്ക് കുടകിലെ പസാങ് ദാപ്പയെ പരിചയപ്പെടുത്തി തരുന്നത്... 

ഞാനും ഡോണയും ഒരിക്കൽ ബൈക്കു യാത്രയായി കുടകിൽ എത്തിയപ്പോൾ പസാങ് ഞങ്ങളെ സ്വീകരിച്ചു.. അവിടെയുണ്ടായിരുന്ന വളരെ മുതിർന്ന ഒരു ലാമയുടെ പുനർജന്മമായ റിംമ്പോച്ചയെ പരിചയപ്പെടാൻ കൂട്ടികൊണ്ടു പോയി. 

അന്ന് ഏതാണ്ട് എട്ടു വയസ്സ് പ്രായമുള്ള കുട്ടി.. ഞങ്ങളാ മുറിയിലേക്ക് കയറിയപ്പോൾ ഹൃദ്യമായി ചിരിച്ചു... സത്യം അന്നോളം ഞാൻ അങ്ങനെ ഒരു ചിരി കണ്ടിട്ടില്ല.... എത്രെയൊ നാളത്തെ പരിചയം തോന്നി... അടുത്ത് പോയിരുന്നു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു. പസാങ് അത് ടിബറ്റൻ ഭാഷയിലേക്ക് മൊഴിമാറ്റി റിംമ്പോച്ചയെ കേൾപ്പിച്ചു.... ആ സംസാരത്തിനിടയിൽ ഉടനീളം എന്റെ വലത്ത് കൈപ്പത്തി കൊണ്ടിടത്ത് കൈപ്പത്തി അമർത്തിപ്പിടിച്ചാണ് ഞാനിരുന്നത് പസാങ് മൊഴിമാറ്റം തുടരുന്നതിനിടെ റിം എന്റെ കൈയ്യിൽ പിടിച്ചു പറഞ്ഞു എന്താ ടിബറ്റുക്കാരെ പോലെ ഇങ്ങനെ പിടിക്കുന്നത്! ടിബറ്റ് എന്ന് കേൾക്കുമ്പോഴെ ഒരു ഉൾത്തരിപ്പ് ഓർമ്മയുറച്ച കാലം മുതൽ ഉണ്ടോ? ഉണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം... 

റിം ഞങ്ങളെ സ്വന്തം മുറിയിലേക്ക് കൈപ്പിടിച്ച് കൂട്ടി കൊണ്ട് പോയി. മനോഹരമായ മുറി. പല ചിത്രങ്ങളും കളിക്കോപ്പുകളും കാണിച്ചു തരുന്നതിനിടെ ഒരു ഫോട്ടോ ചൂണ്ടി കാണിച്ചു പറഞ്ഞു ഇതാ ഞാൻ... നോക്കിയപ്പോൾ ഒരു വൃദ്ധനായ ലാമയുടെ ചിത്രം. ഇതാരാ? റിം പറഞ്ഞു ഞാൻ, കഴിഞ്ഞ ജന്മത്തിലെ ഞാൻ!

നാലു വർഷങ്ങൾക്ക് ശേഷം
ഇന്നലെ റിംമ്പോച്ചയെ വീണ്ടും കണ്ടു... അന്നത്തെ ഹൃദ്യമായ ചിരി വീണ്ടും... മനം നിറഞ്ഞു.. ഋതംഭരയുടെ ബ്രോഷർ കൊടുത്തു.പ്രോജക്ടിനെ കുറിച്ചു പറഞ്ഞു. അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിച്ചു... ... ആ കുഞ്ഞി കൈവച്ചതിലനുഗ്രഹിച്ചു... ബ്രോഷർ തുറന്നു വായിക്കാൻ നോക്കി പക്ഷെ എല്ലാം മലയാളത്തിൽ.പക്ഷെ ഒരു മന്ത്രം മാത്രം ഞങ്ങൾ ടിബറ്റൻ ഭാഷയിൽ എഴുതിയിരുന്നു
 'ഓം മണി പത്മേ ഹും'
റിം അതു വായിച്ചു... ചിരിച്ചു കൊണ്ടെന്നെ നോക്കി...
ടിബറ്റുക്കാർക്ക് ഈ മന്ത്രം എപ്പോഴും ഉള്ളിലുണ്ടാവും... ആരും അത് പറഞ്ഞു തന്നില്ലെങ്കിൽ പോലും.....

ഓം മണിപത്മേഹും

ചോദ്യം :ഷിബു ഭാസ്ക്കർ

ഗുരുപത്മേ എന്നൊരു മന്ത്രം മ്മടെ നാട്ടിലും ഉണ്ടല്ലോ ഇല്ലേ 

അതിരിക്കട്ടെ ഒരു കൊരട്ടു കാര്യം പറയട്ടെ 

ഈ ലാമക്കുട്ടിയോടു എല്ലാവരും വൃദ്ധ ലാമ അദ്ദേഹത്തിന്റെ പുനർജനമം ആണ് ആണ് പറഞ്ഞു പറഞ്ഞു അതിനു അങ്ങിനെ മനസ്സു ഉറച്ചു പോയതാകാൻ വഴിയില്ലേ 
❤ഓം മണിപത്മേ ഹും❤

ഉത്തരം
രാമാനന്ദ്

Shibu K Bhaskaran ആയിരിക്കാം, അവർക്ക് പുനർജന്മം ആണോ എന്ന് കണ്ടുപിടിക്കാൻ എന്തൊക്കെയോ ഏർപ്പാടുകൾ ഉണ്ട്. ഈ ആശ്രമത്തിലെ ഒരു ലാമ സമാധി ആയപ്പോൾ അദ്ദേഹം ടിബറ്റൻ സെറ്റിൽമെൻറ്ലെ മറ്റൊരിടത്ത് ജനിച്ചു എന്ന വിവരം ഇവർക്ക് ലഭിച്ചു ( അതെങ്ങനെയെന്നു പറഞ്ഞില്ല, ടിബറ്റൻ സെറ്റിൽമെൻറ്ൽ മാത്രം എങ്ങനെയാണ് ജനിക്കുന്നത് എന്നും പറഞ്ഞില്ല) ഈ വിവരം അവർ ദലൈലാമയെ അറിയിച്ചു, അദ്ദേഹം എന്തെല്ലാം ഒക്കെയോ ചെയ്തു ഇത് പഴയ ലാമ തന്നെയാണ് എന്ന് ഉറപ്പിച്ചു, അങ്ങനെ ഈ കുഞ്ഞിനെ ചത്തീസ്ഗഡിലെ ഒരു ടിബറ്റൻ സെറ്റിൽമെൻറ് നിന്ന് എടുത്തു കൊണ്ടുവന്നു. ദേശാടനം സിനിമയെ ഓർത്തുപോയി ഞാൻ. പക്ഷേ ഒരു ടിബറ്റൻ കുടുംബത്തിന് കിട്ടാവുന്ന വലിയ ഭാഗ്യമാണ് ഒരു റിമ്പോച്ചെ. പഴയ ലാമ ഉപയോഗിച്ച വസ്തുക്കൾ മറ്റു പല വസ്തുക്കളും കൂടെ വെക്കുകയും അതിൽനിന്ന് കൃത്യമായി ഈ കുഞ്ഞ് തൻറെ പഴയ വസ്തുക്കൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് ഒരു രീതിയാണ്. യേശു ജനിച്ച സമയത്ത് യേശു ഒരു റിംപോച്ച ആണെന്ന് സംശയം ഉണ്ടായിരുന്നതായി ഹോൾഗർ ക്രസ്റ്റൻ രേഖപ്പെടുത്തുന്നുണ്ട്, കിഴക്കുനിന്നും വന്ന മൂന്നു ദിവ്യന്മാർ ബൗദ്ധരായ ലാമമാർ ആയിരുന്നുവെന്നും അവർ കുഞ്ഞിനെ ദിവ്യമായ പുനർജന്മം ആണോ എന്ന് പരിശോധന നടത്തിയെന്നും, അല്ല എന്ന് ബോധ്യപ്പെട്ട സമയത്ത് തിരിച്ചുപോയി എന്നും അദ്ദേഹം പറയുന്നു. 
 നമ്മുടെ കുഞ്ഞ് റിംപോച്ചയിലേക്ക് വന്നാൽ അദ്ദേഹത്തിൻറെ പഴയ ജന്മത്തിൽ ഒരു തത്ത അദ്ദേഹത്തിൻറെ മുറിയിൽ ഉണ്ടായിരുന്നത്രേ. ഈ കുഞ്ഞു ബോധം വന്ന ഈ കാലഘട്ടത്തിൽ എൻറെ തത്ത എവിടെ എന്ന് ചോദിച്ചു അത്രേ, ആരോ ഒരു പ്ലാസ്റ്റിക് തത്തയെ കൊണ്ടു കൊടുത്തപ്പോൾ ഇതല്ല അത് പറക്കും എന്ന് പറഞ്ഞത്രേ ! ഇതൊക്കെ പറഞ്ഞും കേട്ടും ഉള്ള അനുഭവങ്ങളാണ് , പുനർജന്മവും പൂർവ ജന്മവും ഇന്നും സയൻറിഫികലി വാലിഡേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. പിന്നെ, ഇതൊന്നുമില്ലെങ്കിൽ പോലും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല എങ്കിൽ ലോകം ഏകതാനമായ ഒരു ദുസ്സഹ വരണ്ട ഇടമായി പോവില്ലേ! അതുകൊണ്ട് ഞാൻ ഇത് പുനർജന്മമാണ് എന്ന് തെളിയിക്കാൻ പറയുന്ന കഥകളെയും , അല്ല എന്ന് ശഠിക്കുന്ന വിശ്വാസങ്ങളെയും ഒരേപോലെ കേൾക്കാറുണ്ട്. അതിലാണ് ഒരു ത്രിൽ!

No comments:

Post a Comment