Showing posts with label ഓഷോ. Show all posts
Showing posts with label ഓഷോ. Show all posts

Monday, March 28, 2022

ഓഷോ ആശ്രമം , പൂനെ

അങ്ങനെ ജീവിതത്തിലെ
വലിയ ഒരു ആഗ്രഹം കൂടി സഫലമായി പൂനയിലെ കോറിഗോൺ , ഓഷോ ആശ്രമം
സന്ദർശിച്ചു.   അവിടെ നടക്കുന്ന
വിവിധ ധ്യാന പരിപാടികളിൽ പങ്കെടുത്തു. തികച്ചും അവാച്യമായ അനുഭൂതി
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്
ഓഷോ പുസ്തകം
വായിച്ച് തുടങ്ങുന്നത് 

വേദാന്തം തലക്ക് പിടിച്ച്
തനി വേദാന്തിയായി
നടക്കുന്ന കാലം
ആ സമയത്താണ്
എന്റെ സകല മത/വേദാന്ത ചില്ല് കൊട്ടാരത്തെ ബോംബ് വെച്ച് തകർത്ത് തരിപ്പണമാക്കി ഓഷോ തലയിൽ താമസമാക്കിയത്

"ഒഴിഞ്ഞ തോണി " യാണ് ആദ്യ പുസ്തകം പിന്നീട് ധ്യാനം ആദ്യത്തെയും അവസാനത്തെയും സ്വാതന്ത്യം,
ഇന്ത്യ എൻ പ്രിയങ്കരി, തന്ത്ര ലോകം , സംഭോഗത്തിൽ നിന്ന് സമാധിയിലേക്ക് തുടങ്ങി ഭ്രാന്തമായ വായനയായിരുന്നു.

ഓഷോ കേരളത്തിൽ
സെക്സ് ഗുരു എന്ന് അറിയപെടുന്ന കാലം
ഓളിച്ച് വെച്ച് പുസ്തകം
വായിക്കേണ്ട അവസ്ഥ

"ചെക്കൻ വഴി തെറ്റി പോവും
മോശം പുസ്തകങ്ങളാണ് വായിക്കുന്നത് " എന്ന് ബുജികൾ
അച്ചനെ ഉപദേശിക്കുന്ന സമയം

സത്യത്തിൽ ആ മനുഷ്യനോട് അഡിക്ഷൻ ആയ കാലം
നേരിട്ട് കാണണം എന്ന് എറെ ആഗ്രഹിച്ചിരുന്നു. തീവ്രമായ ആഗ്രഹത്താൽ ആയിരിക്കാം
പലപ്പോഴും സ്വപ്നത്തിൽ
ഓഷോയുടെ സാന്നിധ്യം
അറിഞ്ഞിട്ടുണ്ട്

വല്ലാത്ത ഒരു ധൈര്യമാണ്
ആർജ്ജവവമാണ് സ്വാതന്ത്യമാണ് ഓഷോ ദർശനങ്ങൾ തന്നിട്ടുള്ളത്

മതവും ആദ്യാത്മികതയും
രണ്ടും രണ്ട് വഴിയിലാണ്
എന്ന് തിരിച്ചറിവുണ്ടായ കാലം

ജീവിതത്തിലെ
ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൂനെയിലുള്ള
ഓഷോ ആശ്രമത്തിൽ
പോവുക അവിടുത്തെ
ഓഷോ ആദൃശ്യ സാന്നിധ്യം
അറിയുക എന്നത്

ഇപ്പോഴാണ് അതിന് സാധ്യമായത്
തികച്ചും ഗംഗീരമായ അനുഭവം
15 ഏക്കറിൽ വളരെ മനോഹരമായി വന്യമായി
എന്നാൽ വൃത്തിയായി ചിട്ടയോടെ നടക്കുന്ന സ്ഥാപനം

ജീവിതത്തിൽ ഒരിക്കലെങ്കിലും
പോയി കാണേണ്ട / അനുഭവിക്കേണ്ട സ്ഥലം
രജിസ്ട്രേഷൻ കൗണ്ടറിൽ
എത്തിയാൽ രജിസ്ട്രേഷൻ
നടപടികൾ പൂർത്തിയാക്കണം
മെറൂൺ നിറത്തിലുള്ള  ഗൗൺ ധരിച്ച് മാത്രമേ ആശ്രമത്തിൽ
പ്രവേശനമുള്ളൂ നമ്മുടെ പാകത്തിനുള്ള ഗൗൺ അവിടെ ലഭിക്കും ഭക്ഷണത്തിന്റെ കൂപ്പൺ ആദ്യമേ വാങ്ങി വെക്കണം കാന്റീനിൽ നിശ്ചിത സമയത്ത് ഭക്ഷണം ലഭിക്കും

രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്ന മെമ്പർഷിപ്പ് കാർഡ്
മൂന്ന് മാസം വാലിഡിറ്റി ഉള്ളതാണ് ഓട്ടോമാറ്റിക് സിസ്റ്റം ആയതിനാൽ ഐഡികാർഡ് കാണിച്ചാൽ മാത്രമേ നമുക്ക് അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ

രജിസ്ടേഷൻ കൗണ്ടറിൽ നിന്ന് തന്നെ ആശ്രമ വ്യവസ്ഥകൾ വിശദമായി പറഞ്ഞു തരും
ആശ്രമത്തിനകത്ത്ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും
അനുവദിക്കുന്നതല്ല 

വലിയ വലിയ ധ്യാന മണ്ഡപങ്ങളും
ആംഫി തിയേറ്റർ
വലിയ സ്വിമ്മിംഗ് പൂളും
പുൽത്തകിടികളും ബുദ്ധപ്രതിമകളും
മനോഹരങ്ങളായ പുഷ്പങ്ങളാൽ നിറഞ്ഞ
 ഉദ്യാനവും തുടങ്ങി
അനിർവ്വചനീയമായ ദൃശ്യാനുഭൂതി തരുന്ന രീതിയിലാണ് ആശ്രമം

എടുത്തു പറയേണ്ട സ്ഥലം 
ലാവോത് -സു പാർക്ക് ആണ്
കാടിന് നടുവിൽ മനോഹരമായി
നിർമ്മിച്ച ധ്യാന മണ്ഡപം,
ഇടതൂർന്ന വനത്തിൽ മാർബിൾ പതിച്ച കൃത്യമായ വഴി,
 പ്രധാന വഴിയിൽ നിന്നും ചെറിയ മാർപ്പിൾ പതിച്ച നടപ്പാതയിൽ
പോയാൽ ഏകാന്തമായി ധ്യാനത്തിലിരിക്കാൻ ധാരാളം ബഞ്ചുകൾ,
 ധ്യാനമണ്ഡപത്തിൽ
ഓഷോ ഉപയോഗിച്ച റോൾസ് റോയിസ് കാർ കാണാം അകത്തേക്ക് കയറണമെങ്കിൽ
വെള്ള സോക്സ് ധരിക്കണം
അത് അവിടെ ലഭിക്കും
ഒരു ധ്യാന കേന്ദ്രത്തിലും
മൊബൈൽ ഫോൺ അനുവദനീയമല്ല നമ്മുടെ id കാർഡിനൊപ്പം
ഫോൺ പുറത്ത് സൂക്ഷിക്കണം

അകത്ത് വേശിച്ചാൽ ഗംഭീരമായ ഓഷോയുടെ ലൈബ്രറിയിലൂടെ നടന്ന് (ഓഷോ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ കസേര നമുക്കവിടെ കാണാം ) പ്രത്യേകരീതിയിൽ ഉണ്ടാക്കിയ ശീതീകരിച്ച ഹാളിൽ എത്തും
അവിടെ മാത്രമാണ് നമുക്ക് ഓഷോയുടെ ചെറിയ ഒരു രൂപം കാണാൻ സാധിക്കുന്നത് അല്ലാതെ അവിടെ സമാധിമണ്ഡപമോ
പ്രതിമകളോ ഒന്നും തന്നെ കാണാൻ കഴിയില്ല

ആവശ്യക്കാർക്ക്
ഇരിക്കാനുള്ള ഷീറ്റ്, കുഷ്യൻ എന്നിവ അവിടെ ലഭിക്കും 
സമയക്രമത്തിൽ
വളരെ നിഷ്ഠയുള്ള സ്ഥലം ആണ് . കൃത്യസമയത്ത് ധ്യാനമുറിയിലേക്കുള്ള കവാടം അടക്കും പിന്നെ നമുക്ക് അകത്ത് കയറാൻ സാധിക്കുകയില്ല.

അവിടെ നമ്മെ കൂടാതെ ഇതേപോലെ സ്വദേശികളും വിദേശികളുമായ ധാരാളം വ്യക്തികളെ കാണാം

ഒന്നുകിൽ അവർ എന്തു ചെയ്യുന്നു എന്ന് നോക്കി നിങ്ങൾക്ക് ഒരു കാഴ്ചക്കാരൻ ആവാം

അല്ലെങ്കിൽ നിങ്ങളുടെ അകത്തേക്ക് നോക്കി നിങ്ങൾക്ക് ഒരു സാക്ഷിയാവാം

സാധാരണ അവിടെയുള്ള ഒരാളും മറ്റൊരാളുടെയും കാര്യത്തിൽ ഇടപെടാറില്ല

കാരണം നമ്മൾ അവിടെ എത്തുന്നത് നമ്മളെ തന്നെ കണ്ടെത്താനാണ്

സ്നേഹപൂർവ്വം
ഡോ ശ്രീനാഥ്  കാരയാട്ട് 
29/ 03/22

രാവിലെ 7 മണി മുതൽ ധ്യാനങ്ങൾ ആരംഭിക്കും
7.30-8.30 AM
Schedule Silent Sitting 
( in Chuang - Tzu )

8.00-9.00 AM
Morning Classes in Buddha Grove ( Tai Chi / Chi Gong )

9.30-10.30 AM 
OSHO Audio TALKS OSHO

9.30-10.30 AM
OSHO Vipassana Meditation

11:00 - 12 pm
Morning Meditation

12.15 - 12.45
Dance celebration

2.45 3.45 PM
OSHO Nadabrahma Meditation

 4.15 5.15 PM 
OSHO Kundalini Meditation

6.40-8.30 PM    
OSHO Evening Meeting

എന്നതാണ് സമയക്രമം
ഓരോ ധ്യാനവും വിവിധ സ്ഥലങ്ങളിലായാണ് നടക്കുന്നത്

മൂന്നുദിവസം സം അഞ്ചു ദിവസം പത്ത് ദിവസം എന്നിങ്ങനെ ധാരാളം ചെറിയ കോഴ്സുകൾ ഇടയ്ക്കിടെ അവിടെ നടക്കാറുണ്ട്

Friday, June 5, 2020

ഓഷോ

ഓഷോ
രാവിലെ ആദ്യമായി തന്നെ കാത്തു നിൽക്കുന്നവന്റെ ക്ഷണം സ്വീകരിച്ച് ആ വീട്ടിലേക്ക് പോകുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയുമായിരുന്നു ബുദ്ധന്റെ ദിനചര്യ.
അദ്ദേഹത്തെ അവസാനമായി ക്ഷണിച്ചത് ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു. ബുദ്ധനെ ക്ഷണിക്കാൻ വന്ന രാജാവിന്റെ രഥം ഒരു അപകടത്തിൽപ്പെട്ട് രാജാവ് എത്താൻ വൈകിയതിനാലാണ് ആ പാവപ്പെട്ട മനുഷ്യന് ബുദ്ധനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കാൻ കഴിഞ്ഞത്. താമസിച്ചെത്തിയ രാജാവ് പറഞ്ഞു. " അങ്ങ് ഈ ക്ഷണം സ്വീകരിക്കരുത്. ഈ മനുഷ്യനെ എനിക്കറിയാം. ഇയാൾ തന്റെ ജീവിതകാലം മുഴുവനും അങ്ങ് ഈ പട്ടണത്തിൽ വരുമ്പോൾ ക്ഷണിക്കാൻ പലവട്ടം ശ്രമിച്ചുകൊണ്ടിരുന്നതും എനിക്കറിയാം.
പക്ഷെ അങ്ങേയ്ക്ക് നൽകുവാൻ ഇയാളുടെ കൈയ്യിൽ യാതൊന്നുമില്ല. അങ്ങ് എന്റെ ക്ഷണം സ്വീകരിക്കണം".
പക്ഷെ ബുദ്ധൻ പറഞ്ഞു. " എനിക്ക് ഈ ക്ഷണം നിരസിക്കുവാൻ സാധിക്കുകയില്ല. എനിക്ക് പോയേ തീരൂ ".
അങ്ങനെ അദ്ദേഹം ആ പാവപ്പെട്ടവന്റെ ക്ഷണം സ്വീകരിച്ച് അയാളുടെ വീട്ടിലേക്ക് പോയി. ആ പോക്ക് അദ്ദഹത്തിന്റെ ശരീരത്തിന് മാരകമാവുകയും ചെയ്തു. കാരണം ബീഹാറിലെ ദരിദ്ര ജനങ്ങൾ കൂണുകൾ ശേഖരിച്ച് അവ ഉണക്കി, മഴക്കാലത്തേക്ക് വേണ്ടി സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. അവരത് പച്ചക്കറിയായി ഉപയോഗിക്കുമായിരുന്നു. ചില സമയങ്ങളിൽ കൂണുകൾ വിഷമയമായിരുന്നു. ആ പാവപ്പെട്ട മനുഷ്യൻ ബുദ്ധനു വേണ്ടി കൂണുകൾ പാകം ചെയ്തു.
അവന്റെ പക്കൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. വെറും ചോറും, കൂണുകറിയും.

തനിക്കവൻ സമർപ്പിച്ച വസ്തുക്കളിലേക്ക് ബുദ്ധൻ നോക്കി, പക്ഷെ ആ ദരിദ്രമനുഷ്യനോട് വേണ്ട എന്ന് പറയുന്നത് അയാളെ വേദനിപ്പിക്കും. ആ ചവർപ്പുള്ള വിഷമയമായ കൂണുകൾ അങ്ങനെ അദ്ദേഹം കഴിച്ചു. അയാളോട് നന്ദി പറഞ്ഞു അവിടെ നിന്നു പോയി. അദ്ദേഹം ഭക്ഷ്യവിഷബാധയാൽ മരിക്കുകയും ചെയ്തു.

അന്ത്യനിമിഷത്തിൽ അദ്ദേഹത്തോട് ചോദിച്ചു. " അങ്ങ് എന്തിനത് സ്വീകരിച്ചു?
രാജാവും മറ്റു ശിഷ്യന്മാരും അങ്ങേക്ക് മുന്നറിയിപ്പ് നൽകിയതായിരുന്നു. അങ്ങേക്ക് വേണ്ടി ശരിയായ ഭക്ഷണം അയാൾക്ക് നൽകാനാവില്ലെന്ന് .അങ്ങേക്കാണെങ്കിൽ എൺപത്തി രണ്ട് വയസ്സായിരിക്കുന്നു. അങ്ങേക്ക് ശരിയായ പോഷണം ആവശ്യമായിരുന്നു.പക്ഷെ അങ്ങ് ഒന്നും ശ്രദ്ധിച്ചില്ല. അങ്ങേയ്ക്ക് എല്ലാം അറിയാമായിരുന്നു.

ബുദ്ധൻ പറഞ്ഞു." അതസാധ്യമായിരുന്നു. സത്യം ക്ഷണിക്കപ്പെടുമ്പോഴൊക്കെ അത് സ്വീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അവൻ എന്നെ മറ്റാരും ഇതുവരെ ക്ഷണിക്കാത്ത അത്രയും തീവ്രമായ അഭിവാഞ്ഛയോടേയും സ്നേഹത്തോടെയുമാണ് ക്ഷണിച്ചത്.
എന്റെ ജീവിതം അപകടപ്പെടുത്താവുന്ന അത്രയും മൂല്യമുണ്ടായിരുന്നു അതിന്".

ഇതാണ് അസ്തിത്വത്തിന്റെ നിയമം. സത്യത്തെ കീഴടക്കനാവുകില്ല.പക്ഷെ അതിനെ ക്ഷണിക്കാനാകും. നമ്മുടെ ഭാഗത്തുനിന്ന് ആകെ വേണ്ടത് സമ്പൂർണ്ണമായ ഒരു ക്ഷണമാണ്. നമ്മുടെ സത്തയുടെ ചെറിയൊരു അംശം പോലും പിടിച്ചു വയ്ക്കാതെ നമ്മൾ ലഭ്യമാണെങ്കിൽ
തുറന്നിരിക്കുകയാണെങ്കിൽ ആതിഥേയനെ സ്വീകരിക്കാൻ തയ്യാറെണെങ്കിൽ, അപ്പോൾ ആതിഥേയൻ വരുന്നു. അതൊരിക്കലും മറിച്ചായിരുന്നിട്ടില്ല.

പരമ നായ അതിഥിക്ക് വേണ്ടി ഒരുവൻ ഒരു ആതിഥേയനാകേണ്ടതുണ്ട്. അതിനെയാണ് ഞാൻ ധ്യാനം എന്ന് വിളിക്കുന്നത്. അതു നിങ്ങളെ തികച്ചും ഒഴിഞ്ഞതാക്കുന്നു,.
അജ്ഞാതമായതിനുള്ള ഒരു ക്ഷണം, പേരിടാനാവാത്തതിനുള്ള ഒരു ക്ഷണം, നിങ്ങളുടെ ജീവിതത്തെ സാഫല്യമാക്കിത്തീർക്കുന്നത് യാതൊന്നാണോ, യാതൊന്നില്ലാതെ നിങ്ങളുടെ ജീവിതം വ്യർത്ഥമായ ഒരു വ്യായാമം മാത്രമായിത്തീരുന്നുവോ, അതിനു വേണ്ടിയുള്ള ഒരു ക്ഷണം.എന്നാൽ ഒരാൾക്ക് അതിലധികം മറ്റൊന്നും ചെയ്യാനില്ല: ഒരു ക്ഷണം സമർപ്പിക്കുകയും കാത്തിരിക്കുകയും ചെയ്യുക.
ഇതിനെയാണ് ഞാൻ പ്രാർത്ഥന എന്നു വിളിക്കുന്നത്. ഒരു ക്ഷണവും അത് സംഭവിക്കാൻ പോകുന്നു എന്ന ആഴമുള്ള പ്രത്യാശയോടെയുള്ള കാത്തിരുപ്പും.
അത് സംഭവിക്കുകയും ചെയ്യുന്നു. അത് എല്ലായ്പോഴും സംഭവിച്ചിട്ടുണ്ട്!
ബുദ്ധൻ പറയുന്നു - ഇത് അസ്തിത്വത്തിന്റെ പരമമായ നിയമമാകുന്നു.
അയ് ധമ്മോ സ ന ന്ത നോ-

ഓഷോ- ഓഷോ- ഓഷോ-

Tuesday, March 31, 2020

ഓഷോ എന്ന മഹാ ഗുരുവിന് പ്രണാമം

ആത്മാന്വേഷണത്തിൻറെ യാത്രയ്ക്ക് ഇടയിലെപ്പോഴോ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ്  ഒരു ബുദ്ധിക്ക് സ്ഥിരതയില്ലാത്ത കുട്ടി എന്തോ ഒരു കാര്യത്തിനുവേണ്ടി വാശി പിടിച്ച് കരയുന്നത് കണ്ടത് ആ കുട്ടിയുടെ അച്ഛൻ ആ കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്തുപോയി നോക്കിയപ്പോഴാണ് ഓഷോയുടെ  പുസ്തകത്തിന് വേണ്ടിയാണ് ആ കുട്ടി കരയുന്നത്. കുട്ടിയുടെ ശ്രദ്ധ തിരിക്കാനായി ഐസ്ക്രീമും മിഠായികളും മറ്റുപലതും അച്ഛൻ ഓഫർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സത്യത്തിൽ ആർക്കാണ് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്.
 പുസ്തകത്തിൻറെ ചട്ടിയിലെ  തീവ്രമായ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി ആ കുട്ടി ആ പുസ്തകത്തിനു വേണ്ടി വീണ്ടും വാശി പിടിച്ചു കൊണ്ടിരിക്കുന്നു. ഒരു പുസ്തകത്തിന്റെ പുറം ചട്ടയിലെ ചിത്രത്തിലെ കണ്ണുകൾ ഒരു കുട്ടിയെ ഇത്രത്തോളം തന്നിലേക്ക് ആകർഷിക്കുന്നു ഉണ്ടെങ്കിൽ ആ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ എത്ര ആയിരം മനുഷ്യരെ തന്നിലേക്ക് ആകർഷിച്ചിട്ടുണ്ടാവും.

 പത്താം ക്ലാസിൽ പഠിക്കുമ്പോൾ  ആണ് ഓഷോ ജീവിതത്തിലേക്ക് വരുന്നത്. ഒഴിഞ്ഞ തോണി എന്ന പുസ്തകത്തിലൂടെയാണ് ഓഷോയിലേക്ക് എത്തുന്നത്. ഓഷോയുടെ മുഖമുള്ള പുസ്തകം വായിക്കുമ്പോൾ ഒരു പ്രത്യേക കണ്ണോടു കൂടിയാണ് മറ്റുള്ളവർ നമ്മളെ നോക്കിക്കണ്ടിരുന്നത്. ചെക്കന്റെ പോക്ക് ശരിയല്ല ഒന്ന് ശ്രദ്ധിച്ചോളൂ എന്ന് അച്ഛനോട് ഉപദേശിച്ച് വരും കുറവല്ല.

 സത്യത്തിൽ അത് തന്നെയാണ് സംഭവിച്ചതും അതുവരെയുള്ള എല്ലാ സങ്കൽപങ്ങളും തച്ചുടച്ച് നമ്മൾ കെട്ടിയുണ്ടാക്കിയ  വലിയൊരു ചീട്ടു കൊട്ടാരത്തെ തവിടു പൊടിയാക്കി  പുതിയ കണ്ണിലൂടെ ലോകത്തെ കാണാനുള്ള കാഴ്ചയാണ് അദ്ദേഹം എനിക്ക് തന്നത്. 

കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ എത്ര ദിവസങ്ങൾ 15 രൂപ ടിക്കറ്റ് എടുത്തു ഓഷോ പുസ്തകം വായിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തിട്ടുണ്ട്. അഷ്ടാവക്രൻ ആണ് ഏറ്റവും ആഴത്തിൽ എന്നെ സ്പർശിച്ചത്.
നേമിയേയും ലവോത്സു വിനെയും സരതുഷ്ട്രരെ യും താവോയേയും സെനിനെയും  നമുക്ക് പരിചയപ്പെടുത്തിയതും ആ മഹാത്മാവാണ്

സാക്ഷി  ആവേണ്ടത് എങ്ങനെ എന്ന് വളരെ ധൈര്യത്തോടുകൂടി നമ്മളോട് പറഞ്ഞത് അഷ്ട്രാവക്രനിലൂടെ ഓഷോയാണ്. കാലദേശങ്ങളെ അപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു അനുഗ്രഹം ( Time Travel)എന്നെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒന്ന് ഓഷോ ആണ് പിന്നെ ഒന്ന് രമണമഹർഷിയും. 
ഓഷോപുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിക്കുന്നത് അറിവല്ല ഒരു ഷോക്കാണ് ,ഒരു വെളിച്ചമാണ്. ഇപ്പോഴും ഓഷോയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ അദ്ദേഹം മുമ്പിലിരുന്ന് പറഞ്ഞുതരുന്നത് ആയിട്ടാണ് അനുഭവപ്പെടാറുള്ളത്.
 ഏതെങ്കിലും പ്രതിസന്ധിയിൽ നിങ്ങൾ എത്തിനിൽക്കുമ്പോൾ തീർച്ചയായും ഓഷോയുടെ ഒരു പുസ്തകം എടുത്ത് ഒരു പേജ് മറച്ചാൽ നിങ്ങൾക്കുള്ള ഉത്തരം ആ പേജിൽ ഉണ്ടാവും എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം. ഇത്ര ധീരതയോടെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ ഒരു മനുഷ്യനെ ഭൂമിയിൽ നമ്മൾ വേറെ കണ്ടിട്ടില്ല. എത്ര ആയിരം പുസ്തകങ്ങളാണ് ആ മനുഷ്യൻ വായിച്ച് തള്ളിയത് എത്രയായാലും പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്. 

ബല്ലാത്ത ജാതി ജന്മം തന്നെ. ഞങ്ങൾ അൽകുൽത്ത് കളുടെ നേതാവാണ് ഓഷോ.ജനനമരണങ്ങളില്ലാത്ത മഹാഗുരുവിന് അനന്തകോടി പ്രണാമങ്ങൾ. ഞങ്ങൾ അൽകുൽത്ത്കളുടെ ചർച്ചയിൽ നിന്നും സ്വരുക്കൂട്ടി ലഭിച്ച ആശയങ്ങളാണ്. രാംജിയോടും ഹരീഷ് ജിയോടും കടപ്പാട്.

Monday, January 6, 2020

എന്നെ സ്വാധീനിച്ച ഓഷോ കഥകൾ ഭാഷ

ഭാഷ 
വിദൂരദേശത്തേക്കൊരു വള്ളം പോവുകയായിരുന്നു. വള്ളപ്പലകയിൽ ഒരു താപസൻ ഇരിപ്പുണ്ടായിരുന്നു. വിവരദോഷികളായ ചില സഹയാത്രികർ അയാളെ ശല്യം ചെയ്യാൻ തുടങ്ങി. ഒരുത്തൻ ചെരിപ്പൂരി അയാളുടെ തലയ്ക്കിട്ടുകൊട്ടി. പ്രാർഥനയിൽ മുഴുകിയിരുന്ന താപസന്റെ കണ്ണുകളിൽനിന്ന് മിഴിനീർ ധാരയായൊഴുകി.

മാനത്തുനിന്നൊരു അശരീരി മുഴങ്ങി: 'എന്റെ കുഞ്ഞേ, നീയൊന്നു മൂളിയാൽ ഞാനീ വള്ളംതന്നെ മറിച്ചിടാം.'കുരുത്തംകെട്ട സഹയാത്രികർക്ക് അതോടെ ഇരിക്കപ്പൊറുതിയില്ലാതായി. കുറ്റബോധം സഹിക്കവയ്യാതെ അവർ താപസന്റെ കാൽക്കൽവീണ് മാപ്പിരന്നു.

പ്രാർഥന കഴിഞ്ഞുണർന്ന താപസൻ പറഞ്ഞു: 'പേടിക്കേണ്ട.' പിന്നെ മാനത്തേക്ക് മുഖമുയർത്തി അയാൾ തുടർന്നു 'എന്റെ ദൈവമേ, ഏത് സാത്താന്റെ ഭാഷയിലാണ് നീ ഇപ്പോൾ സംസാരിച്ചത് 

മറിച്ചിടണമെന്നാണെങ്കിൽ ഈ സഞ്ചാരികളുടെ കുറുമ്പുകാട്ടുന്ന മനോഭാവത്തെ മറിച്ചിടൂ! അല്ലാതെ ഈ വള്ളത്തെ മറിച്ചിട്ടിട്ടെന്തു ഫലം?'
അതിന് മറുപടിയെന്നോണം അശരീരി മുഴങ്ങിക്കേട്ടു: 'കുഞ്ഞേ എനിക്ക് തൃപ്തിയായി. നീ സാത്താന്റെ ഭാഷയെ തിരിച്ചറിഞ്ഞല്ലോ!'
ആദ്യംകേട്ട ആ അശരീരി ദൈവത്തിന്റേതല്ലായിരുന്നു.
സാത്താന്റെ ഭാഷ മനസ്സിലാവുന്നവനേ ദൈവഭാഷ മനസ്സിലാവൂ.