ഭാഷ
വിദൂരദേശത്തേക്കൊരു വള്ളം പോവുകയായിരുന്നു. വള്ളപ്പലകയിൽ ഒരു താപസൻ ഇരിപ്പുണ്ടായിരുന്നു. വിവരദോഷികളായ ചില സഹയാത്രികർ അയാളെ ശല്യം ചെയ്യാൻ തുടങ്ങി. ഒരുത്തൻ ചെരിപ്പൂരി അയാളുടെ തലയ്ക്കിട്ടുകൊട്ടി. പ്രാർഥനയിൽ മുഴുകിയിരുന്ന താപസന്റെ കണ്ണുകളിൽനിന്ന് മിഴിനീർ ധാരയായൊഴുകി.
മാനത്തുനിന്നൊരു അശരീരി മുഴങ്ങി: 'എന്റെ കുഞ്ഞേ, നീയൊന്നു മൂളിയാൽ ഞാനീ വള്ളംതന്നെ മറിച്ചിടാം.'കുരുത്തംകെട്ട സഹയാത്രികർക്ക് അതോടെ ഇരിക്കപ്പൊറുതിയില്ലാതായി. കുറ്റബോധം സഹിക്കവയ്യാതെ അവർ താപസന്റെ കാൽക്കൽവീണ് മാപ്പിരന്നു.
പ്രാർഥന കഴിഞ്ഞുണർന്ന താപസൻ പറഞ്ഞു: 'പേടിക്കേണ്ട.' പിന്നെ മാനത്തേക്ക് മുഖമുയർത്തി അയാൾ തുടർന്നു 'എന്റെ ദൈവമേ, ഏത് സാത്താന്റെ ഭാഷയിലാണ് നീ ഇപ്പോൾ സംസാരിച്ചത്
മറിച്ചിടണമെന്നാണെങ്കിൽ ഈ സഞ്ചാരികളുടെ കുറുമ്പുകാട്ടുന്ന മനോഭാവത്തെ മറിച്ചിടൂ! അല്ലാതെ ഈ വള്ളത്തെ മറിച്ചിട്ടിട്ടെന്തു ഫലം?'
അതിന് മറുപടിയെന്നോണം അശരീരി മുഴങ്ങിക്കേട്ടു: 'കുഞ്ഞേ എനിക്ക് തൃപ്തിയായി. നീ സാത്താന്റെ ഭാഷയെ തിരിച്ചറിഞ്ഞല്ലോ!'
ആദ്യംകേട്ട ആ അശരീരി ദൈവത്തിന്റേതല്ലായിരുന്നു.
സാത്താന്റെ ഭാഷ മനസ്സിലാവുന്നവനേ ദൈവഭാഷ മനസ്സിലാവൂ.
No comments:
Post a Comment