Tuesday, January 7, 2020

മോക്ഷപഥം

 മോക്ഷപഥം അഥവാ spiritual journey

വളരെ വലിയ താന്ത്രിക / ആദ്ധ്യാത്മിക   അനുഭവങ്ങൾ തന്നു കൊണ്ടാണ് 2018 കടന്നു പോയത് ഡിസംബർ മാസം മുപ്പതാം തീയതി കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കുള്ള യാത്രയിൽ ഒരു സാധകനുണ്ടായ   അവാച്യ (അതെന്താണന്നല്ലെ എനിക്കും വല്യ പിടിയില്ല, നല്ല ലേഖനമാവണമെങ്കിൽ ഇങ്ങനെ ചില പദങ്ങൾ വേണമെന്നാണ് ഒരിത് ) അനുഭവമാണ് ഇവിടെ കുത്തി കുറിക്കുന്നത് ( Feel - വിനയം ) 

യാത്ര ഗുരുവായൂർ ക്കാവുമ്പോൾ ഒരു ആധ്യാത്മിക ടച്ച് ഒക്കെ വേണമല്ലോ രാത്രി 9 മണിയോടുകൂടി ഞാനും വിനോദേട്ടനും  കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി ഗുരുവായൂർക്കുള്ള ബസ് നോക്കുമ്പോൾ നാലഞ്ചു ബസുകൾ  ഗുരുവായൂർക്ക് പോവാൻ തയ്യാറായി നിൽക്കുന്നു. ഞങ്ങൾ 
ആജികൾ ( ആദ്ധ്യാത്മിക ജീവികൾ) വലിയ സിദ്ധിയായിട്ടാണ് ഇതൊക്കെ കാണുന്നത്. ചമ്രവട്ടം വഴി പോന്നേ ബസ്സ് തന്നെ തിരഞ്ഞെടുത്തു ആധ്യാത്മിക യാത്രയാകുമ്പോൾ ചമ്രം പടിഞ്ഞിരിക്കലിന് വളരെ പ്രാധാന്യമുണ്ട് അതിന് ബുദ്ധിമുട്ടായതിനാലാണ് ചമ്രവട്ടം വഴിയുള്ള ബസ്സിൽ കയറാമെന്ന് നിശ്ചയിച്ചത് .ബസ്സിൽ ഡ്രൈവറും കണ്ടക്ടറും അടക്കം നാലഞ്ച് പേരെയുള്ളൂ എറ്റവും പിന്നിലിരിക്കുന്ന ആൾ ഗംഗാധരൻ എന്ന പേരിടാൻ പറ്റിയ ആൾ നടുവിൽ ഒരു ഫ്രിക്കൽ പയ്യൻ ക്ലിബേഷ് കുമാർ ന്ന് പേരിടാൻ പറ്റിയ ആളാണ്  ആശാരിമാരുടെ കയ്യിലെ ചെത്തുള്ളി പോലെ തലയാക്കി വെച്ച് തലയെയും മൊബൈൽ ഫോണിനെയും  ഒരു വെള്ള വയർ 
കൊണ്ട് ബന്ധപെടുത്തിയിരിക്കുന്നു. സുലോചന എന്ന പേരിടാൻ പറ്റിയ ചേച്ചി  മുന്നിലിരിക്കുന്നു .

ഒരു സ്പിരിച്വൽ ജേണി അല്ലെ നിന്നും ഇരുന്നും കിടന്നും ഒക്കെ യാത്ര ചെയ്യേണ്ടി വരും എന്നതിനാൽ  മുന്ന് പേർക്കിരിക്കാവുന്ന ഒരു സീറ്റിൽ  എൻ്റെ ആധിപത്യം സ്ഥാപിച്ചു.

 യാത്ര തുടങ്ങി 
"എൻ്റെ സീറ്റിൽ ഇരിക്കാൻ ആരെങ്കിലും വന്നാൽ അയാൾ പാമ്പ് കടിയേറ്റ് ഹോസ്പിറ്റലിൽ കൊണ്ടു പോകും വഴി പേപ്പട്ടി കടിച്ച് മരിക്കണെ ഭഗവാനെ"
 എന്ന് പ്രാർത്ഥിച്ച് യാത്ര ആരംഭിച്ചു
ആദ്ധ്യാത്മിക യാത്ര (spiritual journey) തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മനുഷ്യന് 3കാല് ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് അറിഞ്ഞു തുടങ്ങി മന്ന് കാല് ഇല്ലാത്തതിനാലാണല്ലോ ഡ്രൈവർക്ക് രണ്ട് കാല് കൊണ്ട്  മുന്ന് കുറ്റി (ക്ലച്ച് ,ബ്രേക്ക്, അകസിലേറ്റർ) കൈകാര്യം 
(കാൽ കാര്യം) ചെയ്യേണ്ടി വന്നത് അതിനാൽ തന്നെ കാല് കൊണ്ട് ബ്രേക്ക് ഡാൻസ് കളിക്കാൻ  മടി കരണമായിരിക്കാം ഡ്രൈവർ ബ്രേക്കിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നില്ല   "മുത്തശ്ശി ങ്ങള് കത്തോളീ'' ന്നും പറഞ്ഞ് വണ്ടി ഒരു പോക്കാണ്

 വളരെക്കാലം മുമ്പ് ഈ വഴിയിൽ ഒരു റോഡുണ്ടായിരുന്നു എന്നാണ് ചരിത്രകാരൻമാർ പറയുന്നത് എന്തായും ഇപ്പോ മലകളും പുഴകളും താണ്ടി യുള്ള യാത്രയാണ് 
കയ്യിലുള്ള ബാഗ് തലക്ക് വെച്ച് സീറ്റിൽ "ഗ" എന്ന് എഴുതിയ പോലെ കിടന്ന് ധാരണ ചെയ്യാനാരംഭിച്ചു അല്ലെങ്കിലും ശിവസൂത്രവും, വിജ്ഞാന ഭൈരവ തന്ത്രവും പഠിച്ചേപ്പിന്നെ ചെയ്യുന്നതെല്ലാം ധാരണയാണ് ( എന്ത് പ്രവൃത്തി ചെയ്യുമ്പോഴും അതിന് സാക്ഷിയായി നിൽക്കുന്ന പ്രവൃത്തിയില്ലാത്ത എന്നെ നിരീക്ഷിക്കുക) ബസ്സ് വലിയ ഗട്ടറുകളിൽ ചാടുമ്പോൾ ശരീരം നന്നായി കുലുങ്ങുന്നുണ്ടെങ്കിലും ഇളക്കമില്ലാതെ ഇരിക്കുന ശുദ്ധ ബോധത്തെ ധാരണ ചെയ്തു കൊണ്ട് കിടന്നു പലപ്പോഴും ഞാനിരിക്കുന്നത് എയർ ബസ്സിലാണോ എന്ന് സംശയിക്കുന്ന തരത്തിൽ ഞാൻ മിക്കപ്പോഴും  വായുവിൽ തന്നെ ആയിരുന്നു.
ബസ്സ് തിരൂർ കഴിയുമ്പോഴേക്കും ഒരു പരുവമായിരുന്നു എന്നാൽ ഡ്രൈവർ അപ്പോഴും നല്ല ആവേശത്തിൽ ആയിരുന്നു ഓരോ കുഴിയിൽ ചാടുമ്പോഴും കുണ്ഡലിനി മൂലാധാരത്തിൽ നിന്നും സഹസ്രാരത്തിലേക്കും തിരിച്ചും നെയ്തുകാരുടെ ഓടംപോലെ ഓടി കളിക്കുകയായിരുന്നു കുണ്ഡലിനി ഉദ്ദാപനമാണ് ബോധോദയം എങ്കിൽ എനിക്ക്  പത്ത് പ്രാവശ്യമെങ്കിലും ബോധോദയം (enlightenment) ഉണ്ടായിട്ടുണ്ട് 
ബസ്റ്റ് ചാവക്കാട് എത്തിയപ്പോൾ ഒരു ബൈക്കുകാരനെ ചെറുതായി ഒന്നു തട്ടി അവൻ ചെറുതായൊന്നു മരിച്ചോ എന്നും സംശയം സാരമില്ല ഇതിലും  വലുതെന്തോ വരാനുള്ളത്  ഇങ്ങനെ തീർന്നെന്ന് കരുതിയാ മതി അലെങ്കിലും ആ സ്ഥലത്തിൻ്റെ പേര് ആ അഹങ്കാരി ആലോചിക്കണ്ടെ അല്ലെങ്കിലും ശുദ്ധ ബോധത്തിന്;ആത്മാവിന് ജനന മരണങ്ങളൊന്നും ഇല്ലല്ലോ ഈ ശരീരബോധമൊക്കെ പശുക്കൾക്കല്ലെ. ശിവൻ ശക്തിയിൽ തട്ടി വിമർശിക്കുന്നതല്ലെ എല്ലാം . മായയുടെ കഞ്ചുകകളിൽ പെട്ട് പ്രവൃത്തിയിൽ കുടുങ്ങി നട്ടം തിരിയുകയല്ലെ നമ്മൾ ചെയ്യുന്നത് ഒരാളെയെങ്കിലും നിവൃത്തിയിലേക്ക് നയിക്കുന്നെങ്കിൽ അയാളല്ലെ മഹാഗുരു 
ഇതൊക്കെ കണ്ട് വിനോദേട്ടൻ അസ്ഥ പ്രജ്ഞൻ ആയി ഇരിക്കുന്നുണ്ടായിരുന്നു 
അങ്ങനെ 12 മണിയോടു കൂടി "ഗുരുവായൂരിൽ എത്തി "എന്ന കണ്ടക്ടറുടെ  അശരീരി കേട്ടപ്പോഴാണ് എഴുന്നേറ്റ് എൻ്റെ കിഡ്നിയും വൻ കുടലും ചെറുകുടലും പ്ലീഹയും ഹൃദയവുമൊക്കെ ഗൂഗിൾ നോക്കി യഥാസ്ഥാനത്ത് വെച്ച് താഴെക്ക് നോക്കുമ്പോ അത്ഭുതം എൻ്റെ ചെരുപ്പ് ഞാനഴിച്ചു വെച്ച സ്ഥലത്തു തന്നെ ഉണ്ട്  ഞാനൊട്ടും പ്രതീക്ഷിച്ചതല്ല (വീണ്ടും സിദ്ധി) ഗുരുവായൂരപ്പൻ്റെ ഒരു അനുഗ്രഹം ( സാക്ഷ്യം പറയാനുള്ളത്) 
ഗുരുവായൂർ ഇറങ്ങി അങ്ങേരോട് നന്ദി പറഞ്ഞ് 1 ചായയും നുറുക്കും ( നുറുക്ക് മൂന്നര ചുറ്റുള്ള കുണ്ഡലിനിയുടെ പ്രതീകമാണല്ലോ) കഴിച്ച് യാത്ര അവസാനിപ്പിച്ചു

വാൽ കഷ്ണം :ഈ മെസേജ് 25 പേർക്ക് ( വാട്സ് അപ് വഴി) അയച്ചു കൊടുത്ത ഒരാൾക് ഇന്നലെ ലോട്ടറി 10 രുപ അടിച്ചു

ഇത് തട്ടിപ്പാണെന്ന് പറഞ്ഞ രൊളെ ഇന്നലെ ഒരു ചോണനുറുമ്പ് കടിച്ചു 

ഇനി  ങ്ങളെ ഷ്ടം



2018ലെ നല്ല അനുഭവങ്ങൾ തന്ന എല്ലാവർക്കും ഒരു പാട് നന്ദി 
ഡോ: ശ്രീനാഥ് കാരയാട്ട്

No comments:

Post a Comment