രാത്രി 7 മണിക്ക് ക്ലിനിക്കിൽ നിന്നും വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ കണ്ടത് ഉമ്മറത്തെ മേശയിൽ രാവിലെ ഞാൻ ചായ കുടിച്ചു വച്ച് ഗ്ലാസ് അതേപടി ഇരിക്കുന്നു. ഏകദേശം മുപ്പത്താറോളം ഉറുമ്പുകൾ അതിനു ചുറ്റും നടന്നു തിരുവാതിരക്കളി കളിക്കുന്നു. ഇത് കണ്ടപ്പോൾ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മൂർദ്ധാവിലേക്ക് എരിഞ്ഞ് കേറി വന്നു. "ഒരു നൂറ് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാവും ചായ കുടിച്ച ഗ്ലാസ് ഉടനെ തന്നെ എടുത്ത് കഴുകി വെക്കണമെന്ന് " പിന്നീട് ഒരു അലർച്ചയായിരുന്നു.
"ഈ ഗ്ലാസ് എടുത്ത് അകത്തു കൊണ്ട് വയ്ക്കാൻ നിന്റെ തന്തപ്പടി വരുമോ "
ഈ സമയം രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിലെ പണികളൊക്കെ ചെയ്തും വസ്ത്രങ്ങളെല്ലാം അലക്കി അയേൺ ചെയ്തും ഭംഗിയായി മേശപ്പുറത്ത് വെച്ച് എൻ്റെ പ്രശംസക്ക് വേണ്ടി കാത്തുനിൽക്കുന്ന പ്രിയതമ കേട്ടത് തന്റെ വംശ പാരമ്പര്യത്തെക്കുറിച്ച് പറയുന്നതാണ്.
ഏതു വികാരത്തിലാണോ നമ്മൾ ഒരു ചോദ്യം ചോദിക്കുന്നത് അതേ വികാരത്തിൽ മാത്രമാണ് നമുക്ക് തിരിച്ച് ഉത്തരവും ലഭിക്കുക.
അതുകൊണ്ടുതന്നെ ഞാൻ ചോദിച്ചത് വളരെ ദേഷ്യത്തിൽ ആയതിനാൽ ഉത്തരവും അതേ രീതിയിൽത്തന്നെയായി.
"ഇത്രയും നേരം ഈ വീട്ടിൽ എന്തൊരു മനസമാധാനം ഉണ്ടായിരുന്നു , നിങ്ങൾ വന്നു കേറിയതേ തുടങ്ങി പ്രശ്നങ്ങളും. ഭഗവാനേ എന്തിനാണ് ഇയാളെ ഇപ്പോ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത് ".
അത്യാവശ്യം ശബ്ദത്തിൽ തന്നെയാണ് അവളുടെ പ്രതികരണവും .
ചുറ്റുപാടുമുള്ള വീട്ടുകാർ അവരുടെ ആന്റിന പാരിജാതം സീരിയലിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വച്ചു.
രാവിലെ ഏഴുമണിക്ക് ക്ലിനിക്കിലേക്ക് പോയി വൈകിട്ട് 7മണിക്ക് തളർന്നവശനായി , ഇത്തിരി സമാധാനത്തിനും സന്തോഷത്തിനും വേണ്ടി വീട്ടിലേക്ക് വരുമ്പോൾ കെട്ടിയോളുടെ ഡയലോഗ്..... നിങ്ങളീ വീട്ടിലേക്ക് വരുന്നതാണ് സമാധാനക്കേട് എന്ന് .
ക്ഷമയുടെ നെല്ലിപ്പടിയും അതോടെ തകർന്നു.
"ഞാൻ ഈ വീട്ടിലേക്ക് വരുന്നതാണോടീ നിന്റെ പ്രശ്നം "
എന്ന് ചോദിച്ചു കൊണ്ട്
രഞ്ജിപണിക്കരെ മനസിൽ ധ്യാനിച്ച് കൈ ചുരുട്ടി ഞാൻ അകത്തേക്ക് ഒരൊറ്റ പോക്കാണ്.
"നിന്നോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടില്ലേ ചായകുടിച്ച ഗ്ലാസ് എടുത്തു കഴുകി വെക്കണമെന്ന് .. ഇത് രാവിലെ വച്ച ഗ്ലാസ് ഇപ്പോഴും ഈച്ചയും ഉറുമ്പും ആർത്ത് അവിടെത്തന്നെ കിടക്കുകയല്ലേ . അതൊന്നെടുത്തു വെക്കാതിരിക്കാനെന്താ നിന്റെ കൈയ്യൊടിഞ്ഞ് പോയോ" . ഞാൻ ആക്രോശിച്ചു.
"അവനവൻ കുടിച്ച ഗ്ലാസ് എടുത്ത് അകത്തേക്ക് വെച്ചാൽ കയ്യിൽനിന്നും വളയൊന്നും ഊരിപ്പോവുകയില്ലല്ലോ ?, രാവിലെ മുതൽ വൈകിട്ട് വരെ നൂറുകൂട്ടം പണിയാണ് ഇവിടെ: ചായ കുടിച്ച ഗ്ലാസ് അകത്തേക്ക് വയ്ക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. എന്റെ അച്ഛനും ആങ്ങളയും ഒക്കെ അങ്ങനെ തന്നെയാണ് ചെയ്യാറ്".
അവള് പഴയ അയേൺ ലേഡി വിജയശാന്തിയെ തന്നെയാണ് മനസ്സിൽ വിചാരിച്ചത് എന്ന് തോന്നുന്നു .
ഒരു വീട്ടിലെ ഗ്ലാസ് കഴുകി വെക്കലും ഭക്ഷണം പാകം ചെയ്യലും എല്ലാം ഭാര്യയുടെ പണിയല്ലേ. ഇവൾക്ക് ഇവിടെ മല മറിക്കുന്ന വേറെന്ത് പണിയാണുള്ളത്. പകല് മുഴുവൻ പണിയെടുത്ത് അവള് പറയുന്ന സാധനങ്ങളൊക്കെ ഇവിടെ വാങ്ങിക്കൊണ്ടിട്ട് കൊടുക്കുന്നില്ലേ. എന്റെ ബിപി മൂർധാവ് കഴിഞ്ഞു ഉത്തരത്തിൽ മുട്ടിനിൽക്കുകയാണ്.
ദേഷ്യം വലതുകൈ വഴി കുതിച്ച് വന്നു .അവളുടെ അച്ഛൻ അവളുടെ പിറന്നാളിന് കൊടുത്ത മൈക്രോവേവ് ഓവൻ എടുത്ത് ഒരൊറ്റ ഏറ് .... ഓവൻ ഇപ്പോഴത്തെ രാഷ്ട്രീയ പാർട്ടിയെപ്പോലെ പലതായി വിഘടിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് കണ്ടപ്പോൾ അവൾക്കും സഹിച്ചില്ല . എന്റെ കൂട്ടുകാരൻ എനിക്ക് ഗൾഫിൽ നിന്നും കൊണ്ടുവന്ന് തന്ന പുതിയ ഫോൺ ഒരു ക്രിക്കറ്റ് ബൗളറുടെ ആവേശത്തോടുകൂടി അവൾ പിച്ചിലേക്ക് നീട്ടിയെറിഞ്ഞു. ഫോൺ 36 കഷ്ണമായി എന്നെ നോക്കി ഇളിക്കുന്നു. പിന്നീട് അവളുടെ ഓരോ സാധനങ്ങൾ ഞാനും, എൻറെ ഓരോ സാധനങ്ങൾ അവളും മത്സരിച്ച് എറിഞ്ഞുടയ്ക്കാൻ തുടങ്ങി. പന്തീരായിരം തേങ്ങയേറ് ഓർമ്മിപ്പിക്കുന്ന തരത്തിൽ ഓരോ സാധനങ്ങളായി ഭൂമിദേവിയെ ചുംബിച്ചുകൊണ്ടിരുന്നു .ഒടുക്കം യുദ്ധം കഴിഞ്ഞ കുരുക്ഷേത്രഭൂമി പോലെയായി വീട് . എട്ടര മണിക്ക് തൊട്ടടുത്തുള്ള ആക്രിക്കാരൻ ദേവസ്യ ചേട്ടന്റെ ഫോൺ. "ഹലോ ഞാൻ വരാറായോ " എന്ന്.
ഒടുക്കംഅവൾ പെട്ടിയും കിടക്കയുമെടുത്ത് അവളുടെ വീട്ടിലേക്ക് പോകുന്നതു വരെ എത്തി കാര്യങ്ങൾ .
ആരാണ് ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കിയത്? പിന്നീട് അതിനെക്കുറിച്ച് പല പ്രാവശ്യം ചിന്തിക്കുകയും, എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് പഠിക്കുകയും ജീവിതത്തിൽ ചില കാര്യങ്ങൾ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. വളരെ ക്ഷമയോടുകൂടി കാര്യങ്ങളെ പഠിക്കാനും ഏതു വിധത്തിലാണ് നമ്മൾ ഒരാളോട് സംസാരിക്കുന്നത് അതേ വികാരത്തിൽത്തന്നെ ആയിരിക്കും അവരുടെ മറുപടിയും എന്ന് മനസ്സിലായപ്പോൾ എന്നിൽ ഉണ്ടായ മാറ്റം വളരെ വലുതാണ്. ഞാൻ വലിയൊരു പാഠം പഠിക്കുകയായിരുന്നു.
ലോകത്തുള്ള മുഴുവൻ ആൾക്കാരും എന്നോട് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് ഞാൻ മാത്രമാണ് എന്ന കണ്ടെത്തലിലേക്കാണ് , തിരിച്ചറിവിലേക്കാണ് ഈ സംഭവങ്ങൾ എന്നെ കൊണ്ടെത്തിച്ചത്... പിന്നീട് നടന്ന സംഭവങ്ങളിലേക്ക്......
🔸🔸🔸🔸🔸🔸🔸🔸🔸
രാവിലെ 7 മണിക്ക് ക്ലിനിക്കിലേക്ക് പോയ ഞാൻ വൈകുന്നേരം ഏഴുമണിക്ക് തിരിച്ചു വരുമ്പോൾ കണ്ടത് രാവിലെ ചായ കുടിച്ചു വച്ച് ഗ്ലാസ്സ് മേശപ്പുറത്ത് തന്നെ ഇരിക്കുന്നതാണ്. ഉറുമ്പുകൾ അതിന് ചുറ്റും നടന്ന് ഒപ്പന കളിക്കുന്നു . ഇത് കണ്ടപ്പോൾ എന്റെ പെരുവിരലിൽ നിന്നും തരിപ്പ് മുകളിലേക്ക് കയറിയില്ല. പകരം തലച്ചോറിൽ നിന്നും അറിവ് ഹൃദയത്തിലേക്കാണ് വന്നത് .ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് പോയി. ഭാര്യ രാവിലെ മുതൽ വൈകിട്ട് വരെ അത്യധ്വാനം ചെയ്ത് വീട് മുഴുവൻ വൃത്തിയാക്കി വച്ചിരിക്കുന്നു. വസ്ത്രങ്ങൾ എല്ലാം ഭംഗിയായി അലക്കിത്തേച്ച് ഇസ്തിരിയിട്ട് വച്ചിരിക്കുന്നു .
"ഇന്ന് വീട് വളരെ വൃത്തി ആയിട്ടുണ്ടല്ലോ. നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അല്ലേ .നിന്നെപ്പോലെ ഒരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഭാഗ്യവാൻ തന്നെ." ഒരു അപ്രിസിയേഷൻ ഞാൻ അവർക്ക് കൊടുത്തു .അത് കേട്ട അവൾ മായാവിയെ കണ്ട രാധയെ പോലെ സന്തോഷം കൊണ്ട് വിജ്രംഭിതയായി, നമ്ര ശീർഷയായി നിൽക്കുകയായിരുന്നു. അപ്പോൾ, ഞാനവളോട് ചോദിച്ചു "നമ്മുടെ ഗ്ലാസിൻ്റെ കാര്യം ......."
"സോറി ചേട്ടാ " എന്ന് പറഞ്ഞ് കൊണ്ട് ഓടിപ്പോയി അവൾ ഗ്ലാസ്സ് കഴുകി വെച്ചു .
എൻ്റെ ചോദ്യമിതാണ് എൻ്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്തായിരുന്നു
അത് ഞാൻ തന്നെ ആയിരുന്നു
എന്റെ പെരുമാറ്റരീതികൾ ആയിരുന്നു
ഇപ്പോ എൻ്റെ വീട്ടിൽ സന്തോഷം കൊണ്ടുവന്നതാരാണ് ?
ഈ ഞാൻ തന്നെ.
ഈ തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.
എല്ലാവരും ഒന്ന് ഹൃദയത്തില് കൈ വെച്ച് പറഞ്ഞെ
"എന്റെ വീട്ടിലെ എല്ലാ പ്രശ്ന്ങളുടെയും ഉത്തരവാദി ഞാനാണ്"
"എന്റെ വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താനുള്ള ഉത്തരവാദിത്വം എനിക്കാണ്"
🔸🔸🔸🔸🔸🔸🔸🔸🔸
"നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ ......."
*ഡോ: ശ്രീനാഥ് കാരയാട്ട്.*
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
ReplyDeleteCorrect
ReplyDeleteഒരു നല്ല സന്ദേശം.
ReplyDeleteകുടുംബ ബന്ധങ്ങൾ തകരുന്നത് ഇത് പോലുള്ള നിസാരമായ കാര്യങ്ങൾ അല്ലേ തുടക്കത്തില്‍ ഉണ്ടാകുന്നതു.
വളരെ നല്ല ആശയം
ReplyDeleteനല്ല അറിവ്🙏🙏
ReplyDeleteസ്വന്തം പാതിയോട് അങ്ങ് ആദ്യ പാതിയിൽ പറഞ്ഞ പോലെ പെരുമാറില്ല എന്ന് അറിയാമെങ്കിലും വീട്ടിലെ വഴക്ക് കാണാൻ നാട്ടുകാർക്ക് നല്ല രസമുണ്ടായിരുന്നു.
രണ്ടാം പാതിയിൽ ഗ്ലാസിലെ ഉറുമ്പ് എന്നെ കടിച്ചു എന്ന് പറഞ്ഞ് ഗ്ലാസുമായി കയറിച്ചെല്ലുകയല്ലേ ഉണ്ടായത് ? ☺
ശ്രീനാഥ് ജിയുടെ ക്ലാസ് കിട്ടുന്നതിന് മുൻപ് വരെ, എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി ഞാൻ തന്നെ ആയിരുന്നു. പക്ഷേ, ഇപ്പോൾ അത് മാറി..🙏🤗
ReplyDeleteവിതച്ചത് അല്ലേ കൊയ്യാൻ പറ്റൂ....🙏
ReplyDeleteബ്ലോഗ് നന്നായി എല്ലാവർക്കും അവരെ തന്നെ മനസിലാക്കാൻ സഹായിക്കുന്നു, അവതരണ രീതിയും രസം തരുന്നു.
ReplyDeleteഹൊ സൂപ്പർ..നല്ല സന്ദേശം..വായിച്ചു ചിരിച്ചു മരിച്ചു..
ReplyDeletenamaskaaram
ReplyDeletenamaskaaram
ReplyDeleteഎത്ര വലിയ സന്ദേശം. അവനവനെ തന്നെയും,വീടിനേയും,നാടിനെയും, രാജ്യത്തെയും,ലോകത്തെയും, തന്നെ മാറ്റി മറിക്കുന്ന സന്ദേശം ഇത് എല്ലാവരിലും എത്തിയെങ്കിൽ... എല്ലാവരും ഉൾക്കൊണ്ടെങ്കിൽ... വലിയൊരു സന്ദേശം തന്നെയാണിത്.വളരെയധികം നന്ദി.
ReplyDeleteനമസ്തേ ജി ..🙏
ReplyDeleteജീവിക്കാൻ അറിയുമെങ്കിൽ ജീവിതം എത്ര മനോഹരം
നന്ദി ജി..🙏
Really, its a recognition 🙏🙏
ReplyDeleteOm sree satgurubabaye nama🙏🏻🌼🙏jeevithathe namethra sangeernamamakunnu,ariv lefichu ini sangeerthanamamakan sremikaam namukonnay e logam muzhuvanum ath padarnnu parilasikatte🙏🌼🌼🌼🙏
ReplyDeleteകാര്യങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കു
ReplyDelete.ന്നു എല്ലാം വളരെ ശരിയാണ്.
ബാലചന്ദ്രൻ
എന്റെ വീട്ടിലെ എല്ലാ പ്രശ്ന്ങളുടെയും ഉത്തരവാദി ഞാനാണ്
ReplyDeleteഎന്റെ വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താനുള്ള ഉത്തരവാദിത്വം ഇനി മുതൽ എനിക്കാണ്. ഞാൻ അത് 100% ചെയ്യുന്നതായിരിക്കും..🙏🙏
തികച്ചും ശരിയാണ് പക്ഷെ ചിലപ്പോൾ നാം അറിയാതെ തന്നെ വേണ്ടാത്തത് പറഞ്ഞ് പോകും
ReplyDelete🙏നമസ്തേ ജി
ReplyDeleteനല്ല സന്ദേശം, ജീവിതം സുഖ സുന്ദരമാക്കം...
സാറിന്റെ ക്ലാസ്സിലൂടെ എനിക്ക് അനവധി മാറ്റങ്ങൾ ഉണ്ടായി. ഞാൻ ആത്യം സ്വയമേ നന്നായി. മറ്റുള്ളവരെ വിധിക്കുന്നത് നിർത്തി. ഞാനും എന്റെ കുടുംബവും ഇപ്പോൾ ഹാപ്പി aa👍🏻. ഒരു തരത്തിൽ ഉള്ള പ്രശ്നം ഇല്ല. Thank yu ജി
ReplyDeleteThank you ശ്രീനാഥ്ജി, വളരെ മനോഹരമായ സന്ദേശം... ഒരു കുടുംബത്തിലെ ഒരാൾ നന്നായാൽ... കൂടെ ഉള്ളവരും നന്നാവും..... Family is the foundation 🥰🥰🙏🙏
ReplyDelete