എന്താണ് ഷോഡശസംസ്‌കാരം?
BY ശ്രീനാഥജി
പേരിടല്‍, ചോറൂണ്, എഴുത്തിനിരുത്തല്‍ തുടങ്ങി ഒട്ടേറെ ആചാരങ്ങള്‍ നമുക്കിടയിലുണ്ട്. വാസ്തവത്തില്‍ ഇപ്പറഞ്ഞതെല്ലാം സംസ്‌കാരങ്ങളാണ്. സംസ്‌കാരമെന്നാല്‍ നല്ലതാക്കുക എന്നര്‍ഥം പറയാം. ഇംഗ്ലീഷില്‍ കള്‍ച്ചര്‍ എന്നു പറയുന്നതാണിത്. കള്‍ച്ചര്‍, കള്‍ട്ട് എന്നീ ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടായത് ലാറ്റിന്‍ പദമായ Colere യില്‍ നിന്നാണ്. Cult എന്നതിന് മതപരമായ വിശ്വാസമെന്ന് അര്‍ഥം പറയാം. Culture എന്നതിന് കൃഷി എന്ന അര്‍ഥവുമുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ എന്നെല്ലാം കേട്ടിട്ടില്ലേ. വിത്തുപാകി മുളപ്പിച്ചെടുക്കുന്നത് ധാന്യസംസ്‌കാരമാണ്. മനുഷ്യനെ വളര്‍ത്തി ആ വാക്ക് അന്വര്‍ഥമാക്കുന്ന രീതിയില്‍ ആക്കിത്തീര്‍ക്കുന്നത് മാനവസംസ്‌കാരമാണ്. ഋഗ്വേദത്തിലെ പ്രസിദ്ധമായ ഉപദേശം ‘മനുര്ഭവ ജനയാ ദൈവ്യം ജനം’ എന്നാണ്. അതായത് ‘മനുഷ്യനാകുക എന്നിട്ട് ദിവ്യഗുണങ്ങള്‍ തങ്ങളില്‍ വളര്‍ത്തുക’. ഇങ്ങനെ മനുഷ്യനെ സംസ്‌കരിച്ചെടുക്കുന്നതിന് 16 ആശയങ്ങളാണ് പ്രാചീന ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ജനനം മുതല്‍ മരണം വരെയുള്ള 16 സുപ്രധാന ഘട്ടങ്ങളെ തിരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എണ്ണം 16 ആയതുകൊണ്ട് ഷോഡശ സംസ്‌കാരമെന്ന് ഇതിനു പേരുവന്നു. അവ ഇങ്ങനെയാണ്.
1. ഗര്‍ഭാധാനം : ഗീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധി ഇത്യാദി ഗുണങ്ങളോടുകൂടിയ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുള്ള വൈദികമായ യജ്ഞപ്രക്രിയയാണ് ഗര്‍ഭാധാനം.
2. പുംസവനം : ഗര്‍ഭം തിരിച്ചറിഞ്ഞതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാസം ചെയ്യുന്ന സംസ്‌കാരകര്‍മമാണിത്. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനും ശാരീരിക വളര്‍ച്ചയ്ക്കും പുറമെ ഗര്‍ഭം അലസാതിരിക്കാന്‍കൂടി വേണ്ടിയാണ് പുംസവനം ചെയ്യുന്നത്.
3. സീമന്തോന്നയനം : ഗര്‍ഭം തിരിച്ചറിഞ്ഞ് നാലു മുതല്‍ എട്ടു മാസങ്ങല്‍ക്കുള്ളില്‍ ചെയ്യേണ്ടുന്ന സംസ്‌കാരക്രിയയാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിനും ഗര്‍ഭിണിയുടെ സന്തോഷത്തിനുംവേണ്ടിയാണ് ഇതു ചെയ്യുന്നത്.
4. ജാതകര്‍മം: പ്രസവ സമയത്തുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും നവജാതശിശുവുനെ പുതിയ ലോകത്തേക്ക് യജ്ഞത്തിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന സംസ്‌കരണപ്രക്രിയയാണിത്. കുഞ്ഞിന്റെ നാവില്‍ തേനും നെയ്യും സ്വര്‍ണം ചേര്‍ത്ത് ഈശ്വരന്റെ പേരായ ഓം എന്നെഴുതുന്നു.
5. നാമകരണം : പേരിടല്‍ ചടങ്ങിനെയാണ് നാമകരണം എന്നു പറയുന്നത്. പ്രസവിച്ചതിനു പതിനൊന്നാമത്തെയോ നൂറ്റിയൊന്നാമത്തെയോ അതല്ലെങ്കില്‍ ഒന്നാം പിറന്നാളിനോ ആണ് നാമകരണസംസ്‌കാരം നടത്തേണ്ടത്.
6. നിഷ്‌ക്രമണം : പ്രസവശേഷം കുഞ്ഞിനെ ആദ്യമായി വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങാണിത്. ഇതില്‍ സൂര്യനെയും ചന്ദ്രനെയും മറ്റും കുഞ്ഞിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. സ്വച്ഛമായ വായുസഞ്ചാരം പരിചയപ്പെടുത്തുന്നു.
7. അന്നപ്രാശനം : ആറുമാസം പ്രായമായ കുഞ്ഞിന് ആദ്യമായി ധാന്യാഹാരം നല്‍കുന്ന സംസ്‌കാര പ്രക്രിയയാണ് അന്നപ്രാശനം. ഇതിനെത്തന്നെയാണ് നാമിന്ന് ചോറൂണ്‍ എന്നു വിളിച്ചുവരുന്നത്. യജ്ഞത്തില്‍ അവശേഷിക്കുന്ന ചോറ് തൈരും, നെയ്യും, തേനും ചേര്‍ത്ത് മന്ത്രസഹിതം കുഞ്ഞിനെ ഊട്ടുന്ന ചടങ്ങാണിത്.
8. ചൂഡാകര്‍മം : കുഞ്ഞിന്റെ മുടി ആദ്യമായി വടിക്കുന്ന (മൊട്ടയടിക്കുന്ന) സംസ്‌കാരകര്‍മമാണിത്. ഒന്നാമത്തെയോ മൂന്നാമത്തെയോ വയസ്സിലാണ് ഇതു ചെയ്യുന്നത്. ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും മൊട്ടയടിക്കല്‍ സഹായിക്കുമെന്ന് ആയുര്‍വേദാചാര്യന്മാരായ ചരകനും സുശ്രുതനും പറയുന്നു.
9. കര്‍ണവേധം : മൂന്നാമത്തെയോ അഞ്ചാമത്തെയോ വയസ്സില്‍ കുട്ടികളുടെ കാതുകുത്തുന്ന സംസ്‌കാരകര്‍മമാണിത്. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കാത് കുത്തേണ്ടതാണ്. ആഭരണങ്ങള്‍ അണിയുന്നതിനും ആരോഗ്യസംരക്ഷണത്തിനുമാണ് കര്‍ണവേധം ചെയ്യുന്നതെന്ന് ആയുര്‍വേദാചാര്യന്മാരായ ചരകനും സുശ്രുതനും അഭിപ്രായപ്പെടുന്നു.
10. ഉപനയനം : വേദപണ്ഡിതനായ ഒരു ആചാര്യന്‍ കുഞ്ഞിനെ തന്റെ ശിഷ്യനായി സ്വീകരിക്കുന്ന സംസ്‌കാരകര്‍മമാണ് ഉപനയനം. ഒരു കുട്ടിയെ ആദ്യമായി പൂണൂല്‍ ധരിപ്പിക്കുന്നതും ഈ സംസ്‌കാരക്രിയയിലാണ്. ഇതോടുകൂടിയാണ് ഒരു കുട്ടി രണ്ടാമത് ജനിച്ചവന്‍ എന്ന അര്‍ഥത്തില്‍ ദ്വിജന്‍ എന്ന പേരിനര്‍ഹനാകുന്നത്.
11. വേദാരംഭം : ശിഷ്യന് ആദ്യമായി ഗായത്രി എന്ന ഗുരുമന്ത്രം ദീക്ഷയായി നല്‍കുന്ന സംസ്‌കാരകര്‍മമാണ് വേദാരംഭം.
12. സമാവര്‍ത്തനം : പൂര്‍ണ ബ്രഹ്മചര്യവ്രതം പാലിച്ച് സകല വിദ്യകളും അഭ്യസിച്ചതിനുശേഷം ബ്രഹ്മചാരിയെ താന്‍ പഠിപ്പിച്ച സ്ഥാപനവും തന്റെ വീട്ടുകാരും അംഗീകരിക്കുന്ന സംസ്‌കാര കര്‍മമാണിത്.
13. വിവാഹം : ബന്ധുക്കളുടെയും ആചാര്യന്റെയും അനുഗ്രഹത്തോടെ ഗൃഹസ്ഥാശ്രമ(കുടുംബജീവിത)ത്തിലേക്ക് പ്രവേശിക്കാനുള്ള സംസ്‌കാര കര്‍മമാണ് വിവാഹം. വിവാഹ ജീവിതത്തില്‍ ഉണ്ടാവാനിടയുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും അവയെ എതിരിടാനുമുള്ള പ്രാപ്തി കൈവരിക്കാനുള്ള രഹസ്യക്രിയകളടങ്ങിയതാണ് വിവാഹ സംസ്‌കാരം.
14. വാനപ്രസ്ഥം: വിവാഹ സംസ്‌കാരത്തിലൂടെ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്ന വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മങ്ങളെല്ലാം നിവര്‍ത്തിച്ചതിനു ശേഷം (മക്കളും പേരക്കുട്ടികളും ഉണ്ടായ ശേഷം) പ്രവേശിക്കുന്ന ആശ്രമമാണ് വാനപ്രസ്ഥം. ഇതിന് വനത്തിലേക്കുള്ള യാത്ര എന്നുമാത്രം അര്‍ഥം കൊടുക്കുന്നത് ശരിയായിരിക്കില്ല. അറിവിന്റേതായ വനത്തിലേക്കാണ് വ്യക്തി യാത്രയാകുന്നത്.
15. സംന്യാസം : വാനപ്രസ്ഥാശ്രമ ജീവിതത്തോടെ വിവേക-വൈരാഗ്യാദികള്‍ നേടിയ ജ്ഞാനവൃദ്ധര്‍ തുടര്‍ന്നു സ്വീകരിക്കുന്ന ആശ്രമമാണ് സംന്യാസാശ്രമം. അതുവരെ താന്‍ നേടിയ അറിവുകള്‍ മുഴുവനും ലോകത്തിലെല്ലാവര്‍ക്കും ഉപകാരപ്പെടുന്നതിനുവേണ്ടി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് സംന്യാസിയുടെ ചര്യയാണ്. അതിനിടയ്ക്ക് മരണം വന്നാല്‍പോലും അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സംന്യാസി തയ്യാറുമായിരിക്കും.
16. അന്ത്യേഷ്ടി : ഭസ്മാന്തം ശരീരം എന്നാണ് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈദികര്‍ ഒരു വ്യക്തി മരിച്ചാല്‍ മൃതശരീരം അഗ്നിയില്‍ ദഹിപ്പിക്കുകയാണ് ചെയ്യാറ്. ഇത് സംസ്‌കാര ക്രിയകളില്‍ ഒടുവിലത്തേതുമാണ്. ജീവന്‍ വേര്‍പെട്ടുപോയ ശരീരത്തെപ്പോലും സംസ്‌കരിക്കുന്ന വൈദിക പദ്ധതി.
ഈ പതിനാറ് സംസ്‌കാരങ്ങളാണ് ഹിന്ദുവിന്റെ നൈമിത്തിക ആചരണങ്ങള്‍. ഈ ക്രിയകളിലൂടെ സംസ്‌കരിക്കപ്പെട്ടവരായിരുന്നു നമ്മുടെ പൂര്‍വസൂരികളായ ആദര്‍ശ പുരുഷന്മാരെല്ലാംതന്നെ.
No comments:
Post a Comment