ഉത്തമ രക്ഷാ കർതൃത്വം
ഗുലാബ് ജാം
ദീർഘയാത്രകൾ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ എനിക്ക് എന്തെങ്കിലും സമ്മാനം ഒരുക്കി വെക്കുക എന്നുള്ളത് കുഞ്ഞുണ്ണിയുടെ ഒരു ശീലമാണ് . ഞാൻ അകത്തുകയറി സോഫയിലിരുന്ന് കണ്ണടച്ചിരിക്കും. അവൻ വൺ ടു ത്രീ പറയുമ്പോൾ ഞാൻ കണ്ണുതുറക്കുകയും മുമ്പിലുള്ള സമ്മാനം കണ്ട് അൽഭുതപ്പെടുകയും വേണം .മിക്കവാറും അവൻ വരച്ച ഒരു പുതിയ ചിത്രം ആയിരിക്കും സമ്മാനമായി ഉണ്ടാവുക.
ഒരിക്കൽ ഒരു ദീർഘയാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഞാൻ ഇതേപോലെ അകത്തുകയറി കണ്ണടച്ചിരുന്നു. അന്ന് ചിത്രത്തിന് പകരം ഒരു വലിയ ഭരണി നിറച്ചു ഗുലാബ് ജാം ആണ് അവൻ എനിക്ക് സമ്മാനമായി കരുതിയിരുന്നത്.
റെഡി വൺ ടൂ ത്രീ എന്ന ശബ്ദം പ്രതീക്ഷിച്ചിരുന്ന ഞാൻ കേട്ടത് വലിയ ഭരണി കുപ്പി താഴെ വീണുടയുന്ന ശബ്ദമാണ്. കണ്ണ് തുറന്നു നോക്കിയപ്പോൾ ഭരണി കുപ്പിയുമായി ഓടിവരുന്ന കുഞ്ഞുണ്ണി എന്തോ തടഞ്ഞു താഴെ വീണതാണ്. ഭരണി താഴെ വീണുടഞ്ഞ് അകത്തുള്ള ഗുലാബ് ജാമുൻ പഞ്ചസാരലായനിയിൽ മുങ്ങി മുറിയിൽ ആകെ ഒഴുകി നടക്കുന്നു. അതിനു നടുക്ക് വളരെ ദയനീയമായ നോട്ടത്തോടെ കുഞ്ഞുണ്ണി എന്റെ കണ്ണിലേക്ക് നോക്കി കിടക്കുകയാണ്.
ഞാൻ എങ്ങനെയാണ് പ്രതികരിക്കുക എന്നുള്ളതാണ് അവന്റെ മനസ്സിൽ മുഴുവൻ ഉണ്ടായിരുന്നത്.
എനിക്ക് രണ്ട് രീതിയിൽ ഇവിടെ പെരുമാറാവുന്നതാണ്.
ഒരു രീതി
(ദേഷ്യത്തോടെ കൂടി)
നിന്നോട് 100 പ്രാവശ്യം പറഞ്ഞിട്ടില്ലേ ഭരണി എടുക്കരുതെന്ന്. നശിപ്പിച്ചില്ലേ . മാറിനിൽക്ക് . ഇനി കുപ്പിച്ചില്ലും കൊണ്ട് മുറിഞ്ഞു എന്തെങ്കിലും അപകടം ഉണ്ടാക്കേണ്ട. എല്ലാം നശിപ്പിക്കാനായി ഉണ്ടായവൻ.
ഇങ്ങനെ പെരുമാറുമ്പോൾ അവൻ മനസ്സിലാക്കുന്നത് എൻ്റെ ഉദ്ദേശം കാണാതെ പ്രവർത്തി മാത്രമാണ് അച്ഛൻ കണ്ടത് എന്നാണ്. എന്റെ കയ്യിൽ നിന്നും എപ്പോഴെങ്കിലും എന്തെങ്കിലും അബദ്ധം പറ്റിയാൽ അച്ഛൻ എന്നെ ചീത്ത പറയും. അതിനാൽ ജീവിതത്തിൽ എന്ത് അബദ്ധം പറ്റിയാലും അത് അച്ഛൻ അറിയാതെ നോക്കണം. അന്നുമുതൽ അവൻ എന്നോട് കളവ് പറയാൻ തുടങ്ങും . അവന് പറ്റുന്ന തെറ്റുകൾ എന്നിൽനിന്നും മറച്ചുപിടിക്കാൻ ശ്രമിക്കും.
രണ്ടാമത്തെ രീതി
ഞാൻ ഓടിപ്പോയി പഞ്ചസാരലായനി കിടക്കുന്ന മകനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു അവനോട് പറയുക; "നിനക്കെന്നോടുള്ള സ്നേഹം എനിക്ക് അറിയാം. അതുകൊണ്ടാണല്ലോ നീ എനിക്ക് വേണ്ടി സമ്മാനവുമായി ഓടിവന്നത്. പക്ഷേ അബദ്ധവശാൽ അത് താഴെ വീണ് പൊട്ടിപ്പോയി. സാരമില്ല നമ്മൾക്ക് രണ്ടുപേർക്കും കൂടി ഇത് വൃത്തിയാക്കാം. കുപ്പിച്ചില്ലുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നുമാത്രം "
ഈ രണ്ടാമത്തെ രീതിയിൽ നിന്നും അവൻ മനസ്സിലാക്കുന്ന കാര്യം എനിക്ക് ജീവിതത്തിൽ
എന്ത് അബദ്ധം പറ്റിയാലും അച്ഛൻ കൂടെ ഉണ്ടാകും, അച്ഛനോട് എന്തും ധൈര്യമായി തുറന്നുപറയാം , എന്റെ പ്രവർത്തിയല്ല അച്ഛൻ കാണുന്നത് മറിച്ച് എന്റെ പ്രവർത്തിക്ക് പിന്നിലുള്ള ഉദ്ദേശം ആണ്.
അന്നുമുതൽ അവൻ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും അവന്റ അച്ഛനോട് പങ്കുവെക്കാൻ തുടങ്ങും. അച്ഛനും മകനും ഒരേസമയം തന്നെ അച്ഛനും മകനും അതുപോലെ തന്നെ ഏറ്റവും നല്ല സുഹൃത്തുക്കളും ആയിരിക്കും .നിങ്ങൾക്ക് മക്കൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ഇതാണ്. എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം. അവർ എന്ത് പറഞ്ഞാലും വിധിക്കാതെ കുറ്റപ്പെടുത്താതെ അത് മുഴുവൻ കേട്ടിരിക്കുകയും പരാതി പറയാതെ പരിഹാരങ്ങളെക്കുറിച്ച് ചിന്തിച്ചു ഉപദേശങ്ങൾ കൊടുക്കാതെ തീരുമാനം എടുപ്പിച്ചു അത് നടപ്പിലാക്കാൻ സഹായിക്കുന്ന അവരുടെ പ്രിയപ്പെട്ട അച്ഛൻ .ഇതാണ് യഥാർത്ഥ രക്ഷാകർതൃത്വം.
നല്ല അറിവാണ് സാർ പങ്കു വെച്ചത്. Premarital counseling ആരും പോകാൻ താല്പര്യം കാണിക്കാത്തത് മാര്യേജ് ലൈഫിനെ ബാധിക്കുന്നു. ഇത് കുട്ടികളെയും ബാധിക്കുന്നു.
ReplyDelete,, ലോകത്തിൽ എല്ലാവർക്കും ഈ അറിവ് അത്യാവശ്യമാണ്
ReplyDelete