Tuesday, January 7, 2020

വിജ്ഞാന ഭൈരവ തന്ത്ര ത്തിൻറെ അവതാരിക

കുട്ടിക്കാലത്ത് ഭഗവത്ഗീത ക്ലാസ് കേട്ടപ്പോഴാണ് ആധ്യാത്മികതയുടെ മധുരം ഞാൻ ആദ്യമായി അനുഭവിച്ചത്. അത് പിന്നീട് എന്നെ വേദാന്തത്തിലേക്കും ഉപനിഷത്തുകളിലേക്കും ഒക്കെ എത്തിക്കുകയായിരുന്നു.

 ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യം വേദത്തിലും വേദാന്തത്തിലും ആണ് എന്ന് ഉറച്ചു വിശ്വസിച്ച്, വേദാന്തത്തിന്റേതായ ഒരു മാപിനി സൃഷ്ടിച്ച് അതിന്റേതായ ഒരു കൊട്ടാരവും മനസ്സിൽ പ്രതിഷ്ഠിച്ച് , വേദാന്തത്തിന്റേതായ ഒരു കണ്ണടയിലൂടെ ലോകത്തെ കണ്ടുകൊണ്ട്,  ശരിയും തെറ്റും തീരുമാനിച്ച് മുന്നോട്ടു പോകുമ്പോഴാണ് ഓഷോയെ പരിചയപ്പെടാനുള്ള ഭാഗ്യം ഉണ്ടാവുന്നത്.
 ഓഷോ ആദ്യം ചെയ്തത് വേദാന്തത്തിന്റേതായ മാപിനിയെ പൊട്ടിച്ചുകളയുകയും, എന്റെ  ചീട്ടുകൊട്ടാരം തവിടുപൊടി ആക്കുകയും, എന്റെ കണ്ണടയെ വലിച്ചെറിയുകയുമായിരുന്നു .  അങ്ങനെ തന്ത്രയുടെ ലോകത്തേക്ക്  ഓഷോ പുസ്തകങ്ങളിലൂടെ എത്തിപ്പെട്ടതിനു ശേഷമാണ്  കശ്മീര ശൈവിസത്തെക്കുറിച്ചും തന്ത്ര യിലെ വിവിധ ദർശനങ്ങളെക്കുറിച്ചും തൃകയെക്കുറിച്ചും പ്രത്യഭിജ്ഞയെ കുറിച്ചും ഒക്കെ മനസ്സിലാക്കാൻ ഇടയായത് .  ഓഷോയുടെ ലേഖനങ്ങളിൽ അപാരമായ ഒരു ധൈര്യം നമുക്ക് കാണാൻ സാധിക്കും. 

സ്വയം തിരിച്ചറിയാനും , നമ്മളെക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം തരാനും  കഴിവുള്ള ഏറ്റവും പ്രാചീനമായ ഫിലോസഫിയാണ് തന്ത്രം. ഭാരതം ലോകത്തിനു മുമ്പിൽ വച്ച  മൂന്ന് പ്രധാന ഫിലോസഫികളാണ്  ധർമ്മം, കർമ്മ നിയമങ്ങൾ,  ശുദ്ധ ബോധം എന്നിവ.  ഇതിൽ ധർമ്മം പ്രാപഞ്ചിക നിയമങ്ങളെക്കുറിച്ചും മറ്റും പറയുമ്പോൾ കർമ്മത്തിൽ പ്രവൃത്തി നിവൃത്തി മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ചർച്ച ചെയ്യുന്നത്. എന്നാൽ മറ്റ് മതങ്ങളെ അപേക്ഷിച്ച് ഭാരതത്തിലെ ഏറ്റവും വലിയ ഫിലോസഫി ഞാൻ ശിവൻ തന്നെയാണ് എന്ന തിരിച്ചറിവാണ് . ഈ ശുദ്ധ ബോധത്തിലേക്ക് (ചിദാനന്ദ രൂപം ശിവോഹം ) എത്തിപ്പെടാൻ തടസ്സമായി നിൽക്കുന്നത് മൂന്ന് തരത്തിലുള്ള മാലിന്യങ്ങൾ കാരണമാണ്. ആണവ മലം, കാർമികമലം, മായികമലം എന്നിവയാണവ.  ഈ മാലിന്യങ്ങളെ ശുദ്ധീകരിച്ച് സ്വയം  ഈശ്വരനായി മാറാനുള്ള 112 ധാരണ കളെക്കുറിച്ചാണ് വിജ്ഞാന ഭൈരവം ചർച്ച ചെയ്യുന്നത്.. 

 ഭാരതത്തിന്റെ ശക്തമായ രണ്ട് ആധ്യാത്മിക ശാഖകളാണ് വേദവും തന്ത്രവും. ശ്രുതിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇവരണ്ടും എന്ന കല്ലൂകഭട്ട സിദ്ധാന്തത്തിൽ  ( ശ്രുതിം ച ദ്വിവിധാ  പ്രോക്ത വൈദികീ താന്ത്രികീ  തഥാ : ) നിന്നും തന്നെ ഭാരതം ഈ രണ്ട് ശാഖകൾക്കും കൊടുത്ത തുല്യ പ്രാധാന്യം വ്യക്തമാവുമല്ലോ. വേദാന്തം ബുദ്ധിപരമായ കസർത്തുകളിലൂടെയും തർക്ക ശാസ്ത്രത്തിലൂടെയും വിതർക്കത്തിലൂടെയും അദ്വൈതത്തെ കുറിച്ച് പറയുമ്പോൾ  ശക്തമായ അനുഭവങ്ങളിലൂടെ നമ്മളെ ഈശ്വരൻ ആക്കി തീർക്കലാണ് തന്ത്ര ചെയ്യുന്നത് .ഭാരതത്തിൻ്റെ  ഇന്നേവരെയുള്ള പാരമ്പര്യം പരിശോധിച്ചാൽ ബോധോദയം ഉണ്ടായിട്ടുള്ളത് തന്ത്രയുടെ പാതയിൽ സഞ്ചരിച്ചവർക്കാണ് എന്ന് വ്യക്തമാകും .  ബുദ്ധൻ, കൃഷ്ണൻ,  മഹാവീരൻ തുടങ്ങി ആധുനിക കാലഘട്ടത്തിൽ ഉദയം ചെയ്ത ഓഷോ തുടങ്ങിയ തത്വചിന്തകർക്ക് പ്രചോദനമായത്  തന്ത്രയായിരുന്നു എന്ന് പരിശോധിച്ചാൽ ബോദ്ധ്യമാവും. ധ്യാന രീതികളിലൂടെ മനുഷ്യനെ ബോധത്തിൻ്റെ ഉത്തുംഗശൃംഗങ്ങളിൽ എത്തിച്ചത് തന്ത്രയുടെ പാതയിൽ സഞ്ചരിച്ചവർ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ അവർ ഉപയോഗിച്ചത്  വിജ്ഞാന ഭൈരവ തന്ത്ര വിദ്യകൾ  തന്നെയായിരുന്നു. ഭാരതത്തിലെ ഋഷിമാർ പ്രകൃതിയിൽ നിന്നും അറിവു നേടിയിരുന്നത്  ധ്യാന മാർഗ്ഗത്തിലായിരുന്നു. ധ്യാനം തന്ത്രയുടെ മതമാണ് . മുഹമ്മദ് 41ദിവസം ഹിറാഗുഹയിൽ തപസ്സ് ചെയ്തപ്പോഴാണ് മുഹമ്മദ് നബി ആയി ഉയർന്നത് .  യേശുദേവന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കാലഘട്ടത്തിൽ അദ്ദേഹവും ധ്യാന മാർഗ്ഗത്തിൽ തന്നെയായിരുന്നു എന്ന് അഭിപ്രായമുണ്ട്.

 ഞാനെന്ന ബോധത്തെ പ്രപഞ്ച ബോധത്തിലേക്ക്, ഈശ്വര ബോധത്തിലേക്ക് എത്തിക്കാൻ വേണ്ടി ഭൈരവിയും ഭൈരവനും തമ്മിലുള്ള സംവാദമാണ് വിജ്ഞാന ഭൈരവ തന്ത്രം ഓരോ വ്യക്തിയെയും ബോധോദയത്തിൻ്റെ  പാതയിലേക്ക് എത്തിക്കാനുള്ള 112 ധാരണകളെയാണ് വിജ്ഞാന ഭൈരവ തന്ത്രം ചർച്ച ചെയ്യുന്നത്. ഓരോ വ്യക്തിക്കും അവർക്ക്  അനുഗുണമായ രീതിയിലുള്ള  ധാരണകളെ തെരഞ്ഞെടുത്ത് പരിശീലനം നടത്തി ഉയർന്ന ബോധത്തിലേക്ക് എത്താനുള്ള മാർഗമാണ് വിജ്ഞാന ഭൈരവ തന്ത്രം. ഇതിൽ ചർച്ച ചെയ്യുന്ന 112 ധാരണകളും ഒരാൾക്കുള്ളതല്ല. ഓരോരുത്തരുടെയും അഭിരുചിയുടേയും വാസനകളുടേയും അടിസ്ഥാനത്തിൽ ഉചിതമായ ധാരണകളെ തിരഞ്ഞെടുത്ത് പരിശീലനം നടത്തി ഞാൻ തന്നെയാണ് ശിവൻ എന്ന് സ്വയം തിരിച്ചറിയാനുള്ള ക്രിയാ പദ്ധതികളാണ് ഇതിൽ ചർച്ച ചെയ്യുന്നത്.


 ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജ്ഞാനദാഹികൾ മുഴുവൻ  ഭാരതത്തിലേക്ക് ഒഴുകിയത്  ഇത്തരം വിദ്യകൾ അഭ്യസിക്കാൻ ആയിരുന്നു.  ബോധോദയം നേടിയ ഏതൊരാളും സഞ്ചരിച്ചിരുന്നത് വിജ്ഞാന ഭൈരവത്തിൻ്റെ  പാതയിലൂടെയായിയിരുന്നു . എന്നാൽ വേദാന്തത്തിന് ലഭിച്ച പൊതു സ്വീകാര്യത തന്ത്രത്തിന് ലഭിച്ചിരുന്നില്ല. കാരണം തന്ത്ര ധീരന്മാരുടെ,വീരന്മാരുടെ പാതയാണ് .  അതുകൊണ്ടുതന്നെ അധികമാരും ഈയൊരു വിഷയത്തെ കൈകാര്യം ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല.

1818 ലായിരുന്നു ആദ്യമായി അച്ചടിരൂപത്തിൽ ഈ ഗ്രന്ഥം ലോകത്തിന് ലഭിക്കുന്നത്. കാശ്മീർ സീരീസ് ടെക്സ്റ്റ് വിഭാഗത്തിലായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം.
രുദ്രയാമള തന്ത്രത്തിന്റെ ഭാഗമായി ഭൈരവാഗമ വിഭാഗത്തിലാണ് വിജ്ഞാൻ ഭൈരവതന്ത്രം വരുന്നത്. ശുദ്ധ ബോധത്തിന് പ്രാധാന്യം നൽകിയ തന്ത്രവിദ്യയാണ് ഇതിന്റേത്.  സ്വയം പരാസംവിത് ബോധം ഉയരാൻ എന്താണ് മാർഗ്ഗം എന്ന പാർവതിയുടെ ചോദ്യത്തിനുള്ള ഉത്തരമായണ് ശിവൻ ഈ തന്ത്ര അവതരിപ്പിക്കുന്നത്. തൃക ദർശനത്തിലെ പണ്ഡിതരും ആചാര്യരും വളരെയധികം പ്രാധാന്യമാണ് ഈ ഗ്രന്ഥത്തിന് നൽകിയിരിക്കുന്നത് എന്നതിൽ നിന്നു തന്നെ തന്ത്രലോകത്തിൽ വിജ്ഞാൻ ഭൈരവതന്ത്രത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ. തൃക ദർശനം ഭാരതിയാചാര്യന്മാരെ മാത്രമല്ല യേശുവിനെപ്പോലും സ്വാധീനിച്ച ഒന്നാണ്.ശിവൻ, ശക്തി, നര എന്ന് ഒരുവിഭാഗം പറയുമ്പോൾ പശു, പാശം, പതി എന്ന് മറ്റൊരു വ്യാഖ്യാനം തൃകക്കുണ്ട്. തൃ മൂർത്തി സങ്കല്പവും തൃകയിൽ വരുന്നതു തന്നെ. യേശുദേവൻ അവതരിപ്പിച്ച പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന തത്വത്തിലും തൃക ദർശനത്തിന്റെ സ്വാധീനം കാണാവുന്നതാണ്. 

എന്തുകൊണ്ട് തന്ത്ര നിലനിൽക്കണം; അത് സാമാന്യ ജനവിഭാഗങ്ങളിലേക്ക് എത്തണം എന്നതിന് മികച്ച ഉത്തരമാണ്   സെമിറ്റിക് മതങ്ങളിലെ ദൈവ സങ്കല്പം. അവർ ഈശ്വരനെ മേഘങ്ങൾക്ക് അപ്പുറത്ത് എവിടെയോ പ്രതിഷ്ഠിച്ചപ്പോൾ, ഈശ്വരനെ ഒരു ഇടനിലക്കാരനായി മാത്രം  കണ്ടപ്പോൾ  ഞാൻ തന്നെയാണ് ഈശ്വരൻ എന്ന ഫിലോസഫി ലോകത്തിനു മുമ്പിൽ വച്ച് തന്ത്ര തന്റെ അധീശത്വം ഉറപ്പിച്ചു..  ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന് പറയുമ്പോൾ ഈശ്വരനെ സൃഷ്ടിച്ചത് ആരാണ് എന്ന ചോദ്യത്തിന് സെമിറ്റിക് മതങ്ങളും മറ്റ് ഫിലോസഫികളും കൈമലർത്തി.  തന്ത്രമാണ്  അതിനുത്തരം പറഞ്ഞത് . ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതല്ല ശിവൻ സ്വയം പ്രപഞ്ചമായി അവതരിച്ചതാണ് എന്ന ഉത്തരത്തിലൂടെ ലോകത്തിൽ മറ്റാർക്കും നൽകാനാകാത്ത ഒരു തത്വശാസ്ത്രം തന്ത്ര അവതരിപ്പിച്ചു. "സ്വ കാമായതെ ബഹുസ്യാം പ്രജായതെ: " എന്ന തന്ത്രയുടെ യുക്തിയെ ഖണ്ഡിക്കാൻ സാധിക്കാത്തതാണ് തന്ത്രയുടെ അപ്രമാദിത്വത്തിന് കാരണവും.

വിജ്ഞാന ഭൈരവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രഥമ ദൃഷ്ട്യാ അത് കേരളത്തിന് അന്യമായ ഒരു ചിന്താരീതിയാണെന്നു തോന്നും. പക്ഷേ വിജ്ഞാൻ ഭൈരവതന്ത്രയുടെ സ്വാധീനം പരോക്ഷമായെങ്കിലും നമ്മുടെ കാവുകളിലെ തെയ്യങ്ങളേയും കോമരങ്ങളേയും സ്വാധീനിച്ചിട്ടുണ്ട് എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. കോലക്കാരൻ, കോമരം എന്നിവർ മാനുഷിക ഭാവത്തിൽ നിന്നും ഉയർന്ന് സ്വയം ദൈവമായി മാറുന്നതിൽ  വിജ്ഞാന ഭൈരവതന്ത്രയിലെ ധാരണകൾ അറിഞ്ഞോ അറിയാതെയോ സ്വാധീനം ചെലുത്തി എന്നു പറയുന്നതിൽ യാതൊര പാകതയും ഇല്ല.

കൂടാതെ പതഞ്ജലി മഹർഷി ഉൾപ്പെടെയുള്ള ഋഷിമാരെയും വിജ്ഞാൻ ഭൈരവതന്ത്രം വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. പാതഞ്ജല യോഗസൂത്രത്തിലെ പ്രാണായാമങ്ങളുടെ ആദിമരൂപം ഈ തന്ത്രയുടെ ധാരണകളാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

 വിജ്ഞാന ഭൈരവ ത്തെക്കുറിച്ച് കേട്ട കാലം മുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു അതിന് മലയാളത്തിൽ തർജ്ജിമ വേണമെന്നത് . തഥാഗത നോയട്ടിക് ആൻഡ് റിസർച്ച് അക്കാഡമിയുടെ (TANTRA ) ഫേസ്ബുക്ക് പേജിൽ ശ്രീ .രാമാനന്ദ് ഈ ധാരണകളെ വീഡിയോ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ ലഭിച്ച അഭിനന്ദനങ്ങൾക്ക് കാരണം സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലാണ് അദ്ദേഹം ആ കൃത്യം നിർവഹിച്ചത് എന്നതായിരുന്നു: പുസ്തക രൂപത്തിൽ അദ്ദേഹം ഈ ധാരണകളെ അവതരിപ്പിക്കുമ്പോഴും ഈ ഭാഷാ ലാളിത്യം നിലനിർത്തി എന്നത് തികച്ചും ശ്ലാഘനീയമായ കാര്യമാണ്.  ഈ വീഡിയോകൾ കണ്ട് ധാരണകൾ പരിശീലിക്കാനും തന്ത്രയുടെ വലിയ ലോകത്തേക്ക് പ്രവേശിക്കാനും അനേകം പേർക്ക് സാധിച്ചിട്ടുണ്ട്. വിജ്ഞാൻ ഭൈരവതന്ത്രത്തെ ഈ രൂപത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഒരു പക്ഷേ ശ്രീ: രാമാനന്ദ് ആയിരിക്കാം. അന്നേ വിജ്ഞാൻ ഭൈരവത്തെ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന അഭ്യർത്ഥന പല ഭാഗത്തു നിന്നും ഉയർന്നു വന്നിരുന്നു. തന്ത്രമാർഗ്ഗത്തിൽ ചരിക്കുന്ന നിരവധി പേരുടെ ആഗ്രഹവും കൂടിയായിരുന്നു ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം . ആ സ്വപ്ന സാക്ഷാത്കാരമാണ് ഇതിലൂടെ പൂവണിഞ്ഞത്.  ഈ ഗ്രന്ഥം കേരളത്തിന്റെ ആധ്യാത്മിക ലോകത്ത് ഒരു വലിയ ചലനം തന്നെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  ഭാരത സംസ്കാരത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് പ്രത്യഭിജ്ഞയും കാശ്മീരി ശൈവിസം ഒക്കെ. 

ശ്രീ: രാമാനന്ദ് തന്റെ ജീവിത നിയോഗം പോലെ ഏറ്റെടുത്തിരിക്കുന്ന ഒരു പ്രവർത്തിയാണ് ഭാരതത്തിന്റെ തായ് വേരായ തന്ത്രയെ പുനരുദ്ധരിക്കുക എന്നത്. തന്ത്രയെക്കുറിച്ചുള്ള ലേഖനങ്ങളായും സെമിനാറുകളായും അദ്ദേഹം ചെയർമാനായ തഥാഗതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തന്ത്ര ക്ലാസുകളിലൂടെയും സുസ്തർഹ്യമായ രീതിയിൽ അദ്ദേഹം അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. 

ഈയൊരു ഗ്രന്ഥത്തിലൂടെ  വളരെ ആധികാരികമായും  ഒരു അക്കാദമിക് തലത്തിലൂന്നിയുമാണ് അദ്ദേഹം ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ  "കുട്ടിച്ചാത്തൻ,  അയ്യപ്പൻ, ശാസ്താവ് എന്ന പുസ്തകത്തിലായാലും അദ്ദേഹത്തിന്റെ പ്രഥമ ഗ്രന്ഥമായ തന്ത്രരഹസ്യത്തിലായാലും ഈ ആധികാരികതയും  അക്കാഡമിക്ക് നിലവാരവും കാണാൻ സാധിക്കും.  

 ശ്രീ: രാമാനന്ദിൽ നിന്നും തന്ത്രകേരളം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. തന്ത്രസംബന്ധിയായ ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷ ഇല്ലെന്നു തന്നെ പറയാം. ഈ കുറവ് നികത്താൻ ഇദ്ദേഹത്തെപ്പോലെ തന്ത്രയെ ആഴത്തിൽ അനുഭവിച്ചവർക്ക് മാത്രമേ സാദ്ധ്യമാവുകയുമുള്ളൂ . തന്ത്രമാർഗ്ഗ രഹസ്യം, യോഗിനീ ഹൃദയം, യക്ഷിണീതന്ത്രം എന്നീ ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹമെന്നത് കേരളത്തിലെ താന്ത്രിക രെ സംബന്ധിച്ചേടത്തോളം അതീവ സന്തോഷം പകരുന്ന ഒരു കാര്യമാണ്. ഇതേപോലെ തൃക ദർശനത്തെക്കുറിച്ചും കാശ്മീരശൈവിസത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ വളരെ പെട്ടെന്ന് തന്നെ എഴുതി കേരളത്തിന്റെ താന്ത്രിക പാരമ്പര്യത്തിന് ഒരു വൻ  മുതൽക്കൂട്ടാക്കി മാറ്റി  ഭാരതത്തിന്റെ താന്ത്രിക പാരമ്പര്യത്തെ വീണ്ടെടുക്കാൻ സാധിക്കുന്ന ഒരു സത്കർമ്മത്തിന് താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ ഗുരുപരമ്പരകൾക്കും പ്രണാമങ്ങൾ അർപ്പിച്ച് കൊണ്ട്  പ്രിയ സഹോദരൻ രാമാനന്ദ് അങ്ങേക്ക് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി .
ഡോ: ശ്രീനാഥ് കാരയാട്ട് 
(Thathagatha noitic and thatric research academy )

No comments:

Post a Comment