മരണത്തെ തോൽപിച്ച ശ്രീലക്ഷ്മി
രാവിലെ മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിതയും ആസ്വദിച്ച് കൊണ്ട് കാറിൽ ക്ലിനിക്കിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ "ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം.... " എന്ന വരി എത്തിയപ്പോഴാണ് എൻ്റെ കവിതാസ്വാദനത്തിനെ തടസപ്പെടുത്തിക്കൊണ്ട് ഫോൺ വന്നത് അടുത്ത സുഹൃത്ത് ഡോ :ശ്രീജിത്താണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗത്തിൽ സർജനാണ്.അലോസരത്തോടെ ഫോൺ കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും എൻ്റെ വിരലുകൾ എൻ്റെ അനുവാദം കൂടാതെ തന്നെ പച്ച ബട്ടനിൽ അമർത്തി ഫോൺ അറ്റൻ്റ് ചെയ്യുകയായിരുന്നു. "നീയിപ്പോൾ എവിടെയാ "
ശ്രീജിത്തിൻ്റെ ചോദ്യം ഇടറിയതായിരുന്നു അവൻ്റെ ശബ്ദത്തിൽ എന്തോ ഒരു മാറ്റം തിരിച്ചറിഞ്ഞ് ഞാൻ കാറ് സൈഡിലൊതുക്കി അവനോട് ചോദിച്ചു
"എന്താടാ എന്തു പറ്റി നിൻ്റെ ശബ്ദത്തിലൊരു മാറ്റം ജലദോഷം പിടിച്ചോ "കുറുന്തോട്ടിക്കും വാതമോ
ശ്രീ .... ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലായിരുന്നോ നമ്മുടെ ശ്രീലക്ഷ്മിയെ കുറിച്ച് അവളുടെ റിസൾട്ട് വന്നു പോസിറ്റീവാണ്
നി പെട്ടന്ന് ഇവിടേക്ക് വാ
ശരി.. ഞാൻ നേരെ അവിടേക്ക് വരാം നിയൊന്ന് ആ സെക്യൂരിറ്റി യോട് പറയണം എന്നെ കാത്തിവിടാൻ വെള്ള പേൻറും നീല കുർത്തയുമാണ് എൻ്റെ വേഷം ഞാൻ മറുപടി പറഞ്ഞ് കാറ് നേരെ മെഡിക്കൽ കോളേജിനെ ലക്ഷ്യമാക്കി വിട്ടു. മെഡിക്കൽ കോളേജിലേക്കുള്ള വഴിയും ഡ്രൈവിങ്ങും എൻ്റെ ഉപബോധ മനസ്സ് എറ്റെടുത്തപ്പോൾ ബോധ മനസ്സ് ശ്രീലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകളാൽ സജീവമായി
@ @ @ @ @ @
കോളേജിൽ പഠിക്കുന്ന കാലത്ത് ഭരതനാട്യത്തിലുള്ള ഭ്രമത്താൽ കലാലയ വേദികളിലും ഭരതനാട്യ വേദികളിലും മുമ്പിൽ തന്നെ സ്ഥാനം പിടിച്ച് പരിപാടികൾ കാണാറുണ്ടായിരുന്നു അങ്ങിനെയാണ് ഞാൻ ആദ്യമായി ശ്രീലക്ഷ്മിയെ കാണുന്നത്. വട്ടമുഖവും ഉണ്ടക്കണ്ണുകളും നടത്തത്തിൽ ഉള്ള പ്രത്യേക താളവും മുഖത്തുള്ള ലാസ്യ ഭാവവും കാണുമ്പോൾ തന്നെ അറിയാമായിരുന്നു ജൻമനാ അവളൊരു നർത്തകിയാണ്. പല തവണ കലാതിലകമായിരുന്നു ശ്രീലക്ഷ്മി . ആരാധനയായിരുന്നു അവളോട് .കാണണമെന്നും പരിചയപ്പെടണമെന്നും ഒരു പാട് ഞാൻ ആഗ്രഹിച്ചിരുന്നു
പിന്നീട് കാലങ്ങൾക്കു ശേഷംവളരെ ആകസ്മികമായി അവളുടെ കോളേജിൽ സയൻസ് ക്ലബിൻ്റെ ഉത്ഘാടനത്തിന് പോയപ്പോഴാണ് അവളെ കാണുന്നതും അടുത്ത് പരിചയപെടുന്നതും ഉത്ഘാടനം കഴിഞ്ഞ് പോരുമ്പോൾ അവൾ പ്രവീൺ എന്ന ഒരു സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു അപ്പോളവളുടെ മുഖത്തുണ്ടായ ഭാവത്തിൽ നിന്നും അത് കേവലം ഒരു സുഹൃത്ത് മാത്രമല്ല എന്ന് എനിക്ക് മനസ്സിലായി അത് അവൾക്കും മനസിലായതിനാൽ ഒരു കള്ളച്ചിരിയിലൊതുക്കി യാത്ര പറഞ്ഞു
പെട്ടന്ന് ഒരു ആംബുലൻസ് ' ഓവർ ടേക്ക് ചെയ്തപ്പോൾ ബോധമസ്സ് ഓർമ്മകളുടെ കഴിഞ്ഞ കാലങ്ങളിൽ നിന്നും വർത്തമാനകത്തേക്ക് വന്നു അപ്പോഴേക്കും കോളേജിൽ എത്തിയിരുന്നു കാർ പാർക്ക് ചെയ്യാൻ സ്ഥലമന്വേഷിച്ച് അവസാനമെത്തിയത് മോർച്ചറിക്ക് മുമ്പിലാണ് അവിടെ കാറൊതുക്കി വേഗത്തിൽ ശ്രീജിത്തിൻ്റെ റൂമിലേക്ക് നടന്നു സെക്യുരിറ്റിയുടെ മുഖത്തെ വിനയഭാവം ശ്രീജിത്തിൻ്റെ കോളിൻ്റെതാവാം എന്നെനിക്ക് മനസിലായി
ശ്രീജിത്തിൻ്റെ റൂമിലേക്ക് കയറുമ്പോൾ അവൻ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു ഞാൻ അടുത്തെത്തിയത് അവൻ അറിഞ്ഞില്ല.
എന്തിനാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?
എൻ്റെ ചോദ്യം അവനെ ചിന്തയിൽ നിന്നുമുണർത്തി
ഞാൻ ഫോണിലൂടെ പറഞ്ഞില്ലെ നമ്മുടെ ശ്രീലക്ഷ്മിയുടെ കാര്യം അവളുടെ ബയോക്സി റിസൾട്ട് വന്നു പോസിറ്റീവാണ് പിറ്റ്യൂട്ടറി ഗ്ലാൻറിലാണ് ട്യൂമർ വല്ലാതെ സ്പ്രെഡായിട്ടുണ്ട് നാലാമത്തെ സ്റ്റേജാണെന്നാണ് MRI സ്ക്കാൻ റിസൾട്ട് പരിശോധിച്ച തരകൻ സാർ പറഞ്ഞത് ഇതെങ്ങനെ അവളോടും ബന്ധുക്കളോടും പറയും
നീ നിൻ്റെതായ രീതിയിൽ കാര്യങ്ങൾ അവരോട് പറയു. കഴിഞ്ഞ ദിവസം AIDS പോസിറ്റീവായ ഒരു ഗർഭിണി റിസൾട്ട് അറിഞ്ഞപ്പോൾ നാലാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു ശേഷം ഇപ്പോ ഞങ്ങൾക്കും ഇത്തരം കാര്യങ്ങൾ പേഷ്യൻ്റിനെ അറിയിക്കാൻ പേടിയാ - ശ്രീജിത്ത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി
എന്താണ് സംഭവം നീ ഒന്ന് തെളിച്ച് പറ അവള് രക്ഷപെടില്ല എന്നാണോ തരകൻസാർ പറഞ്ഞത്?
അതെ നാലാമത്തെ സ്റ്റേജാണ് പാലിയേറ്റീവ് കെയർ മാത്രമേ പറ്റു
അവൻ പറഞ്ഞു
വേറെ എവിടെയെങ്കിലും കൊണ്ടു പോയാൽ ഐ മീൻ വിദേശത്തോ മറ്റോ എന്തെങ്കിലും ഹോപ്പ് ? ഞാൻ ചോദിച്ചു
ഇന്ന് ഏറ്റവും നല്ല ചികിത്സ ലഭിക്കുന്നത് തിരുവനന്തപുരം RCC യിലാണ് പക്ഷെ വൈകിപ്പോയി
അവൻ പറഞ്ഞു
എന്തുകൊണ്ട് ഇത്രയും കാലം അറിഞ്ഞില്ല ഞാൻ വീണ്ടും ചോദിച്ചു
മൈഗ്രേനാണെന്ന് കരുതി ചികിത്സിക്കുകയായിരുന്നത്രെ തലവേദന വരുമ്പോഴൊക്കെ പെയിൻ കില്ലർ കഴിക്കുകയായിരുന്നു
കഴിഞ്ഞ ദിവസം മൂക്കിൽ നിന്നും ബ്ലഡ് വന്നപ്പോഴാ ഇവിടേക്ക് കൊണ്ടുവന്നത് സ്കാനിങ്ങിൽ റിപ്പോർട്ടിൽ ഞാനാണ് പിറ്റുട്ടറിയിലെ മുഴ കണ്ടത് ബയോക്സിക്കയച്ച് കാത്തുനിൽക്കുകയായിരുന്നു
അവൻ മറുപടി പറഞ്ഞു
ബയോക്സിക്കയച്ചപ്പോൾ മുതൽ അവർ ഭയങ്കര ആശങ്കയിലാ പേടിക്കാനൊന്നുമില്ല എന്നാണ് ഇന്ന് രാവിലെ വരെ ഞാനവരോട് പറഞ്ഞത് ആണായും പെണ്ണായും ഒറ്റ മോളാ ഇതറിയുമ്പം എന്തായിരിക്കും അവരുടെ അവസ്ഥ നീ തന്നെ അവരെ പറഞ്ഞ് ആശ്വസിപ്പിക്ക്
അവൻ്റെ ശബ്ദത്തിൽ അനുകമ്പയുണ്ടായിരുന്നു
അവളുടെ വിവാഹം കഴിഞ്ഞായിരുന്നോ?
എൻ്റെ സംശയം ഞാനവനോട് ചോദിച്ചു
ഇല്ല അടുത്ത വർഷം ഏപ്രിലിൽ നാലിനേക്ക് വിവാഹം നിശ്ചയിച്ചതാണ്
വരൻ പ്രവീൺ തന്നെയാണോ?
എൻ്റെ ആകാംഷ
അതെ നാല് വർഷത്തെ ശീതസമരത്തിന് ശേഷമാണ് അവളുടെ വീട്ടുകാർ ഇതിന് സമ്മതിച്ചത് എന്നിട്ടിപ്പോ ഇങ്ങനെയായി
അവൻ നെടുവീർപ്പിട്ടു
"ഈ ഒരു അവസ്ഥയിലാണല്ലോ ഭഗവാനെ അവളെ കാണേണ്ടി വന്നത് "
എന്ന ആത്മരോദനത്തോടെ ഞാൻ ശ്രീലക്ഷ്മിയെ കാണാൻ അവളുടെ അടുത്തേക്ക് പോയി വാർഡ് അടുത്താണെങ്കിലും അത്
വളരെ ദീർഘമേറിയയാത്രയായിട്ടാണ് തനിക്ക് തോന്നിയത്
കരയാതെ ശബ്ദമിടറാതെ ഈ വിവരം അവളെയും കുടുംബത്തെയും അറിയിക്കാനുള്ള ശക്തി തനിക്കും ധൈര്യത്തോടെ അത് നേരിടാനുള്ള കരുത്ത് അവർക്കും നെൽകണമേ എന്ന് സകല ദൈവങ്ങളോടും പ്രാർത്ഥിച്ച് ഞാൻ അവളുടെ വാർഡിലെത്തി
മുഖത്ത് വളരെ അധികം ടെൻഷനുണ്ടെങ്കിലും കരഞ്ഞ് കൺമഷി പടർന്ന വിടർന്ന കണ്ണുകളിൽ പുഞ്ചിരി വിടർത്തിക്കൊണ്ട് അവൾ ചോദിച്ചു
സർ ബയോപ്സി റിസൾട്ട് വന്നു എന്നറിഞ്ഞു എൻറെ കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ല അല്ലേ
ഞാൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ഒരു പുഞ്ചിരി മുഖത്ത് വരുത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ.
അവൾ തുടർന്നു
രാവിലെ ശ്രീജിത്ത് സാർ എന്നെ കണ്ടപ്പോൾ കാണാത്ത ഭാവത്തിൽ നടന്നപ്പോഴും അദ്ദേഹത്തിൻറെ മുഖത്ത് ഒളിപ്പിച്ചുവെച്ച പുഞ്ചിരിയുടെ പിന്നിലുള്ള ആഴത്തിലുള്ള വേദന കണ്ടപ്പോഴും എനിക്ക് സംശയമുണ്ടായിരുന്നു ഇപ്പോൾ സാറിനെ കൂടി കണ്ടപ്പോൾ എനിക്ക് ഉറപ്പായി.
ബയോക്സി
റിസൾട്ട് നെഗറ്റീവ് ആയിരുന്നങ്കിൽ ശ്രീജിത്ത് സാർ രാവിലെ തന്നെ വന്ന് സന്തോഷത്തോടെ പറയുമായിരുന്നല്ലോ ?
ധൈര്യമായി പറഞ്ഞോളൂ സാർ ഞാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തിനെയും നേരിടാൻ എൻ്റെ മനസ്സിനെ പാകപെടുത്തിയിരിക്കുന്നു.
വളരെ പക്വതയോടെ അവൾ പറഞ്ഞ് നിർത്തി.
ആ വായാടിയായ പൊട്ടി പെണ്ണിൽ നിന്നും ശ്രീലക്ഷ്മി
ഒരു പാട് ഉയർന്നിരിക്കുന്നു.
ഒന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ
എല്ലാം ദൈവത്തി ൻറെ തീരുമാനങ്ങൾ അല്ലേ
ഞാനവളോട് പറഞ്ഞു
ഈ ദൈവം എന്താണ് എൻ്റെ കാര്യത്തിൽ മാത്രം ഇത്ര ക്രൂരൻ ആവുന്നത് സാർ?
അവൾ ചോദിച്ചു
ശ്രീലക്ഷ്മീ നീ സ്റ്റീഫൻ ഹോക്കിങ്ങ് സിൻ്റ കഥ കേട്ടിട്ടില്ലേ?
ദിവസങ്ങൾ മാത്രം ആയുസ്സു പറഞ്ഞ അദ്ദേഹം മെഡിക്കൽ സയൻസിൻ്റ സമസ്ത പ്രവചനങ്ങളെയും തൻ്റെ ഇഛാശക്തി കൊണ്ട് തോൽപിച്ച് പിന്നീട് വളരെക്കാലം ജീവിച്ചില്ലേ?
മനസ്സ് തീരുമാനിച്ചാൽ അതിനപ്പുറം ഒന്നും പോവില്ല ആഗ്രഹം തീവ്രവും ശക്തവുമാണങ്കിൽ ഈ പ്രപഞ്ചം മുഴുവൻ നമുക്കു വേണ്ടി ഗൂഡാലോചന ചെയ്യും എന്ന് പൗലോ കൊയ് ലോ പറഞ്ഞത് നീ വായിച്ചില്ലേ ഞാൻ മറുപടിയായി ചോദിച്ചു
സർ അതൊക്കെ മറ്റൊരാൾക്ക് അസുഖം വരൂമ്പോൾ പറയാവുന്ന വാക്കുകളാണ് സ്വന്തമനുഭവത്തിൽ വരുമ്പോൾ മനസ്സിൽ വരില്ല സാർ അവൾ പ്രതിവചിച്ചു
സർ സത്യം പറയൂ ഒരു മാസം കൂടിയെങ്കിലും ഞാൻ ജീവിക്കുമോ ഇന്നലെ മുതൽ ഉറങ്ങുമ്പോഴും മൂക്കിൽ നിന്നും രക്തം വരുന്നുണ്ട് ദയവായി എന്നോട് സിംപതി കാണിക്കരുത് സാർ അതാണെനിക്ക് ഇഷ്ടമില്ലാത്തത്
ജീവിതത്തെയും മരണത്തെയും പ്രണയിക്കാൻ ഓഷോ തന്ന ധൈര്യമുണ്ട്
അവൾക്കൊപ്പമെത്താൻ ഞാൻ ഇനിയും ഒരുപാട് ഉയരേണ്ടിയിരിക്കുന്നു.
ഞാൻ അവളുടെ കണ്ണുകളിൽ സ്നേഹത്തോടെയും ബഹുമാനത്തോടെ നോക്കി കൊണ്ട് പറഞ്ഞു
ശ്രീലക്ഷ്മി നീ ഒരു സാധാരണ പെൺകുട്ടിയല്ല അനുഗ്രഹീതയാണ്.
കല കൊണ്ടും ഉയർന്ന ആധ്യാത്മികത കൊണ്ടും സമ്പന്നമാണ് നിൻറെ ബോധമണ്ഡലം. നിൻ്റെ മനസ്സിന് ഈയൊരു സാഹചര്യത്തെ അതിജീവിക്കാൻ സാധിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
സർ എനിക്ക് ഇതിനപ്പുറം കടക്കാൻ സാധിക്കും ജീവിതത്തെയും മരണത്തേയും ഒരേമനസ്സോടെ കൂടി സ്വീകരിക്കാൻ ഞാൻ തയ്യാറായി
സാറിന് പറ്റുമെങ്കിൽ എൻറെ കുടുംബത്തെയും പ്രവീണിനെയും ഇത് പറഞ്ഞു മനസ്സിലാക്കണം . മരണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമാണ് ഒരാൾ ജീവിക്കാൻ ആരംഭിക്കുന്നത് എന്ന് ഓഷോ പറയുന്നത് ഇപ്പോഴാണ് യഥാർത്ഥത്തിൽ എനിക്ക് മനസ്സിലാവുന്നത് കുറച്ചു ദിവസങ്ങൾ ഞാൻ എങ്ങനെയാണ് ജീവിക്കേണ്ടത് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒന്ന് പറഞ്ഞുതരാമോ അവൾ ചോദ്യഭാവത്തിൽ എൻറെ മുഖത്തേക്ക് നോക്കി ...... നിനക്കെന്താണ് ചെയ്യാൻ തോന്നുന്നത് അതൊക്കെ ചെയ്യുക ഞാനവളോട് പറഞ്ഞു
എല്ലാവരും പ്രവർത്തിക്കുന്നത് ഭാവിക്ക് വേണ്ടിയാണ് , ഭാവിയിൽ ജീവിക്കുന്നത് വേണ്ടിയുള്ള സംഭാരങ്ങൾ ഒരുക്കുന്നതിനു വേണ്ടിയാണ് .
ഇവിടെ ഭാവി തന്നെ കയ്യിലില്ലാത്ത
എനിക്ക് ഒന്നും ചെയ്യാനില്ല
കുറച്ചു സമയത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു
സർ എൻറെ ഇനിയുള്ള ദിവസങ്ങൾ ഞാൻ ഉപയോഗിക്കുന്നത് എല്ലാവരോടും നന്ദി പറയാനാണ്
എനിക്ക് തന്ന സ്നേഹത്തിന്,
നല്ല നല്ല അനുഭവങ്ങൾക്ക്, എല്ലാവരോടും നേരിട്ട് നന്ദിപറയണം. എനിക്ക് ആരോടും പരാതിയില്ല നന്ദി മാത്രമേ ഉള്ളൂ ഞാൻ കാരണം ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ പറയണം വളരെ സന്തോഷത്തോടുകൂടി ഈ ലോകത്തോട് യാത്ര പറഞ്ഞു മറ്റൊരു ലോകത്തേക്ക് യാത്ര പോകണം.
ശേഷം ആത്മാ ആത്മാവിനെക്കുറിച്ചും ജീവൻറെ ഗതിയെ കുറിച്ചും അവൾ ഒരുപാട് ഒരുപാടൊരുപാട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു ഞാൻ എനിക്ക് കഴിയും വിധം ഉത്തരങ്ങളും പറഞ്ഞു അവസാനം ശ്രീജിത്തിനെ പോലും കാണാതെ അവിടെ നിന്നും തിരിച്ച് ഇറങ്ങുമ്പോൾ ഞാൻ ചിന്തിച്ചത് പ്രകാരമായിരുന്നു ഞാനും അവളും തമ്മിൽ എന്താണ് വ്യത്യാസം
അവളുടെ മരണം അവൾക്കറിയാം എന്നാൽ
എൻ്റ മരണം എനിക്കറിയില്ല
അവൾ ജീവിക്കുന്നു
ഞാൻ എന്നോ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നു
എനിക്ക് എൻറെ "ഇന്നു "കൾ നഷ്ടമാകുന്നു.
തുടങ്ങണം ഇന്ന് തന്നെ ജീവിക്കാൻ ......
നന്ദി പറയാൻ.......
സ്നേഹിക്കാൻ......
ജീവിതം ആഘോഷിക്കാൻ.......
ഒരുപാട് ഒരുപാട് ഒരുപാട് വലിയ പാഠങ്ങളാണ് അവൾ എന്നെ പഠിപ്പിച്ചത്
അവൾ ശ്രീലക്ഷ്മി ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിൽ
നന്ദി നന്ദി നന്ദി
ഡോ: ശ്രീനാഥ് കാരയാട്ടിൻ്റെ കേസ് ഡയറിയിൽ നിന്ന്
Heart touching
ReplyDeleteമനുഷ്യന് അസാധ്യമായി ഒന്നും ഇല്ല. പക്ഷെ ഒറ്റയ്ക്ക് ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് ജീവിതത്തിൽ ചുറ്റുമുള്ളവരുടെ പിന്തുണ വലിയതാണ്.മനസിന് ഉറപ്പ് ഉണ്ടെങ്കിൽ എല്ലാത്തിനെയും അതി ജീവിക്കാൻ കഴിയും എന്ന് സാർ ഇവിടെ പറഞ്ഞു തന്നു
ReplyDelete