തൻറെ പുതിയ സിനിമയുടെ പൂജയിൽ പങ്കെടുക്കാൻ വേണ്ടി റോഷൻ ഒരുപാട് നിർബന്ധിച്ചപ്പോഴാണ് ജയന്തൻ പോവാൻ തീരുമാനിച്ചത്
അല്ലെങ്കിലും ഈ സിനിമാക്കാരൊക്കെ വലിയ ജാഢ കാണിക്കുന്നവരാണ് . അവരുടെ പൊങ്ങച്ചം കേട്ടിരിക്കാൻ വലിയ ബുദ്ധിമുട്ടായതിനാലാണ് അടുത്ത സുഹൃത്തായ റോഷനൊപ്പം ജയന്തൻ ലൊക്കേഷനിലേക്ക് പോവാതിരുന്നത്.
എന്നാൽ പുതിയ പടം ഒരു താന്ത്രിക പശ്ചാത്തലം ഉള്ള സിനിമയായതിനാൽ ജയന്തൻ്റെ അഭിപ്രായങ്ങളും ഇടപെടലുകളും വേണമെന്ന് റോഷൻ നിർബന്ധിച്ചതുകൊണ്ടാണ് പൂജയ്ക്ക് വിളിച്ചപ്പോൾ പോവാമെന്ന് നിശ്ചയിച്ചത് .
ജയന്തൻ വളരെ നേരത്തെ തന്നെ അവിടെ എത്തി
വലതു കൈ കൊണ്ട് തൻ്റെ കറുപ്പും വെളുപ്പും കലർന്ന താടിയിൽ വിരലോടിച്ചു കൊണ്ട് ഇടതു കൈ കൊണ്ട് ഇടതുകാലിൽ കയറ്റി വെച്ച വലതു കാലിൽ സാവധാനം തഴുകിക്കൊണ്ട് ഒരു ലയത്തിൽ ഇരിക്കുമ്പോഴാണ് പ്രൊഡ്യൂസറുടെ കൂടെവന്ന സ്ത്രീയെ ശ്രദ്ധിക്കുന്നത്.
നെറ്റിയിൽ ചന്ദനക്കുറി . അതിനു മുകളിൽ രക്ത വർണ്ണത്തിലുള്ള സിന്ദൂരം . നിതംബത്തെ മറക്കുന്ന ഇടതൂർന്ന മുടിയും സർപ്പ ദൃഷ്ടിയുമായി ,ഒരു പ്രത്യേക സുഗന്ധം പരത്തിക്കൊണ്ട് ഒരു ദേവതയെ പോലെ 5 തിരിയിട്ട് കത്തിച്ച വലിയ നിലവിളക്കിന് സമീപം അവൾ നിന്നപ്പോൾ വിളക്കിനെക്കാൾ ജ്വലിക്കുന്ന അഗ്നിജ്വാലയായി അവൾ തോന്നി.
എല്ലാവരുടെ ദൃഷ്ടിയും അവളിലാണ്. അവളാണെങ്കിൽ എല്ലാവരെയും ഒരു ചിരിയിൽ നിശബ്ദരാക്കി നിൽക്കുന്നു .
പൂജകളൊക്കെ കഴിഞ്ഞു എല്ലാവരും മറ്റുള്ളവരുടെ മുൻപിൽ അഭിനയിക്കുമ്പോൾ ഒട്ടും അഭിനയമില്ലാതെ തനതായ ശൈലിയിൽ പെരുമാറുന്ന ആ ആ സ്ത്രീയായിരുന്നു ജയന്തൻ്റെ ശ്രദ്ധയെ ആകർഷിച്ചത് .
റോഷൻ വന്ന് ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ്
ആ ഒരു ലയത്തിൽ നിന്നും എഴുന്നേറ്റത്.
റോഷനൊപ്പം ഇരിക്കുമ്പോൾആ സ്ത്രീയെക്കുറിച്ച് അവനോട് ചോദിച്ചു .
അവർ അച്ചായൻ്റ രാശിയാണെന്നായിരുന്നു മറുപടി.
അച്ചായൻ ഒരു ജ്വല്ലറി നടത്തുന്ന സമയത്ത് അവിടെ സെയിൽസ് ഗേളായി വന്ന പെൺകുട്ടിയാണ് ഭദ്ര മഹേശ്വരി എന്ന ഭാമ. അവൾ വന്നതിനു ശേഷമാണ് അദ്ദേഹത്തിന് ജീവിതത്തിലും ജ്വല്ലറിയിലും വലിയ വലിയ അത്ഭുതങ്ങൾ സംഭവിച്ചത്. അതിനാൽ തന്നെ അദ്ദേഹം ഏത് കാര്യത്തിനും പോകുമ്പോഴും അവളെയും കൂടെകൊണ്ടു പോകാറുണ്ട്.
നിനക്കറിയാലോ അച്ചായൻ ഇന്ന് എത്ര വലിയ ധനികൻ ആണെന്ന് ,അതിനെല്ലാം പിന്നിൽ അവൾ ആണെന്നാണ് അച്ചായൻ വിശ്വസിക്കുന്നത്.
അപ്പോൾ അച്ചായൻ്റ ഭാര്യയാണോ അത്?
ഞാൻ ചോദിച്ചു
അല്ല അച്ചായന് ഭാര്യയും കുട്ടികളുമൊക്കെ വേറെയുണ്ട്. ഇത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. വീട്ടുകാർക്കും ഈ വിഷയം നന്നായി അറിയാം. അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും നേരത്തെ ഉണ്ടായതാണ് എങ്കിലും അച്ചായൻ എപ്പോഴും അവളെ ഒപ്പം കൊണ്ടു നടക്കാറുണ്ട് .
റോഷൻ പറഞ്ഞു
ഭാമ വിവാഹം കഴിച്ചിട്ടില്ലേ?
ജയന്തൻ ചോദിച്ചു
ഇല്ല
ഒരുപക്ഷേ അച്ചായന് ഇഷ്ടമില്ലായിരുന്നു എന്ന് വേണം പറയാൻ
റോഷൻ പറഞ്ഞുതുടങ്ങിയപ്പോഴാണ് അച്ചായനും ഭാമയും അവരുടെ അടുത്തേക്ക് വന്നത്.
"ഇവൻ എൻ്റെ സുഹൃത്ത് ജയന്തൻ ആണ് ഞങ്ങൾ വളരെ കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ് ആള് വലിയ സ്പിരിച്വൽ ആണ് . മുഴുവൻ സമയവും ലോകം ചുറ്റ ലാണ് പണി പലപ്പോഴും ഹിമാലയത്തിലും കാശിയിലും ഒക്കെയാണ്. ഫിലോസഫിയും തന്ത്രവും യോഗയും മനസ്സും ഒക്കെയാണ് വിഷയങ്ങൾ .
ഞങ്ങൾ കാണുമ്പോൾ ദിവസങ്ങളോളം സംസാരിക്കാറുണ്ട് പല നിഗൂഡ വിഷയങ്ങളെക്കുറിച്ചും . നമ്മളുടെ പുതിയ സിനിമ ഒരു പ്രത്യേക വിഷയമായതിനാൽ ഞാനിവനെ ഇവിടെ പിടിച്ചു നിർത്തിയതാണ് "
എന്നൊക്കെ റോഷൻ ജയന്തനെ കുറിച്ച് അച്ചായനോട് പറയുമ്പോഴും ജയന്തൻ്റെ നോട്ടം ഭാമയുടെ കണ്ണുകളിലേക്കായിരുന്നു ഒരുപാടുകാലം പരിചയമുള്ള ഒരു വ്യക്തിയായിട്ടാണ് ജയന്തന് ഭാമയെ അനുഭവപ്പെട്ടത്. അതുപോലെതന്നെ ഭാമ ജയന്തൻ്റെയും കണ്ണുകളിലേക്ക് നോക്കി നിൽക്കുകയായിരുന്നു .
അപ്പോഴാണ് അച്ചായനെയും ഭാമയെയും റോഷൻ ജയന്തന് പരിചയപ്പെടുത്തിയത്
"ഇത് ജോസി അച്ചായൻ ഞങ്ങളൊക്കെ അച്ചായൻ എന്ന് വിളിക്കും സിനിമാക്കാരുടെ ഒക്കെ അന്നദാതാവാണ് ഇദ്ദേഹം. കൂടെയുള്ളത് ഭാമ ഇദ്ദേഹത്തിൻറെ സെക്രട്ടറിയാണ്".
ആരോ വന്ന് റോഷനെ വിളിച്ചപ്പോൾ
"എങ്കിൽ നിങ്ങൾ കുറച്ച് നേരം സംസാരിച്ചിരിക്കു"
ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു റോഷൻ തിരക്കുകളിലേക്ക് തിരഞ്ഞുനടന്നു .
അച്ചായൻ്റ ഫോൺ ബെല്ലടിച്ചപ്പോൾ ഒരു സെക്കൻഡ് എന്ന കൈകൊണ്ട് കാണിച്ച അച്ചായൻ ബഹളങ്ങളിൽ നിന്നും വളരെ ദൂരേക്ക് മാറി നിന്നു സംസാരിക്കുകയായിരുന്നു
അപ്പോൾ അവിടെ ജയന്തനും ഭാമയും മാത്രമായി
ഭദ്ര മഹേശ്വരി എന്നാണ് പേരല്ലേ?
ജയന്തൻ ഭാമ യോടു ചോദിച്ചു
ഞാൻ തന്നെ ആ പേര് മറന്നുപോയിരിക്കുന്നു എല്ലാവരും എന്നെ ഭാമ എന്നാണ് വിളിക്കാറ്
അവൾ പറഞ്ഞു.
"എൻറെ പേര് ജയന്തൻ എന്നാണ് ലോകം മുഴുവൻ തറവാട് എന്നുകരുതി ജീവിക്കുന്നു. ലോകത്ത് പ്രത്യേകിച്ച് ആരോടും ഒരു ബന്ധങ്ങളും കെട്ടുപാടുകളില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു ".
ജയന്തൻ പറഞ്ഞുനിർത്തി
"എനിക്കറിയാം സാറിനെ.
ചെന്നെയിലുള്ള രമണി ചേച്ചിയെ കാണുമ്പോഴൊക്കെ അങ്ങയെ കുറിച്ച് പറയാറുണ്ട്. അങ്ങനെ ചേച്ചിയിലൂടെ എനിക്ക് നന്നായി അറിയാം "ഭാമ പറഞ്ഞു
വളരെ നന്നായി സാധനകൾ അനുഷ്ഠിക്കുന്ന ഒരു പാട് സിദ്ധികൾ ഉള്ള ജയന്തൻ്റ ശിഷ്യയാണ് രമണി.
നിങ്ങളുടെ ബ്ലോഗുകൾ ഞാൻ വായിക്കാറുണ്ട്. യൂട്യൂബിലെ പല
പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുമുണ്ട് . കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നു
ഭാമ തുടർന്നു
"ഹാവൂ എന്നെ കേൾക്കുന്ന ഒരാളെയെങ്കിലും നേരിട്ട് കാണാൻ സാധിച്ചല്ലോ "
തെല്ല് തമാശയോടെ ജയന്തൻ മറുപടി പറഞ്ഞു
ആട്ടെ നിങ്ങൾക്ക് എങ്ങനെയാണ് രമണി ചേച്ചിയെ പരിചയം?
എങ്ങിനെയാണ് ഈ വിഷയങ്ങളോടൊക്കെ വളരെ താല്പര്യം തോന്നിയത് ?
ജയന്തൻ ചോദിച്ചു
"എനിക്ക് കുട്ടിക്കാലം മുതൽക്കേ നിഗൂഢമായ വിഷയങ്ങളെക്കുറിച്ചും അതീന്ദ്രിയ ധ്യാനത്തെ കുറിച്ചുമൊക്കെ അറിയാൻ വലിയ ആഗ്രഹമായിരുന്നു. ഓഷോ പുസ്തകങ്ങളിലൂടെ യാണ് ഞാൻ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത് ".
ഭാമ ജയന്തനോട് പറഞ്ഞു
ഭാമയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ജയന്തനെ മനസ്സിൽ വലിയ ആശ്ചര്യവും അത്ഭുതം തോന്നി
ഭാമയെ ആദ്യം കണ്ടപ്പോൾത്തന്നെ കണ്ണിൽ കണ്ട ആ തിളക്കം, തീക്ഷ്ണത, അത് ധ്യാനത്തിൽ നിന്ന് ജനിച്ചതാണെന്ന് ജയന്തന് തോന്നിയിരുന്നു .
മനസ്സിന് വളരെയധികം
ഇരുത്തം വന്ന ഒരാളോടാണ് താൻ സംസാരിക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ ജയന്തന് സ്വയം അഭിമാനവും ഭാമയോട് വളരെബഹുമാനവും തോന്നി
ഭാമയുടെ നാട് എവിടെയാണ്?
ജയന്തൻ ചോദിച്ചു
"ഇപ്പോൾ എൻറെ നാട് എറണാകുളത്താണ്. എൻറെ അച്ഛനുമമ്മയുമൊക്കെ മരിച്ചുപോയി .അല്ലെങ്കിലും കുറേ വർഷമായി നാടുമായോ ബന്ധുക്കളുമായോ എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു''
ഭാമ പറഞ്ഞു
കണ്ടിട്ട് വളരെ കുറച്ചു നിമിഷങ്ങളെ ആയിട്ടുള്ളൂവെങ്കിലും വളരെ വർഷത്തെ പരിചയമുള്ളതു പോലെയാണ് ഭാമ ജയന്തനോട് സംസാരിച്ചത്
വിവാഹമൊക്കെ......
ജയന്തൻ അർധോക്തിയിൽ നിർത്തി
"ഒരാൾക്ക് എന്നെ എല്ലാ കാലത്തേക്കും അതുപോലെ എനിക്ക് ഒരാളെ എല്ലാകാലത്തും സഹിക്കാൻ സാധിക്കുകയില്ല"
അതുകൊണ്ട് വിവാഹം കഴിച്ചിട്ടില്ല .കുടുംബം കുട്ടികൾ വിവാഹം എന്നുള്ളത് ഒന്നും ഇതുവരെ എൻറെ മനസ്സിലേക്ക് കടന്നു വന്നിട്ടില്ല .ആരോടും പ്രത്യേകിച്ച് ഒരു മമതയും ഇല്ലാതെ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു
അപ്പോഴേക്കും അച്ചായൻ ഫോൺ സംഭാഷണം കഴിഞ്ഞ് തിരിച്ചു വന്നിരുന്നു. അവർ സംഭാഷണം തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.
പിന്നെ കുറച്ചു നേരം സിനിമയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പലപല വിഷയങ്ങളെക്കുറിച്ചും അവർ സംസാരിച്ചുകൊണ്ടിരുന്നു
വീണ്ടും കാണാമെന്ന് ഫോർമലായി പറഞ്ഞുകൊണ്ട് എല്ലാവരും പിരിയുമ്പോൾ
ഒരുപാട് കാര്യങ്ങൾ പറയാൻ ബാക്കിവെച്ചുകൊണ്ട് മൗനമായി യാത്ര ചോദിച്ചു കൊണ്ട് അവരും പിരിയുകയായിരുന്നു
ഭാമയും അച്ചായനും രണ്ട് കാറിലാണ് മടങ്ങിപ്പോയത്
ശേഷം ജയന്തൻ റോഷനോടൊപ്പം അയാളുടെ കാറിൽ അവരുടെ താമസസ്ഥലത്തേക്ക് പോവുമ്പോൾ റോഷൻ സിനിമാ വിശേഷങ്ങൾ പലരോടും സംസാരിച്ചുകൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു. എന്നാൽ ജയന്തൻ്റ മനസ്സിൽ ഭാമ മാത്രമായിരുന്നു.
അവളുടെ കണ്ണുകളും നോട്ടവും നടത്തവും എല്ലാം ഒരു പ്രത്യേക ആകർഷകത്വം ഉണ്ടാക്കിയിരുന്നു. പെട്ടെന്നാണ് ജയന്ത് മനസ്സിലേക്ക് ഒരു വെളിച്ചം വീശിയത്
ഒരു യോഗിനിയുടെ ശരീരമാണ് അവർക്ക് . തന്ത്രശാസ്ത്രത്തിൽ വളരെ വിശേഷമായി പറഞ്ഞുവെച്ച ഒരു സ്ത്രീ പ്രകൃതമാണ് യോഗിനി. പണ്ടുകാലത്ത് വളരെയധികം ബഹുമാനത്തോടു കൂടിയാണ് യോഗിനികളെ മറ്റുള്ളവർ കണ്ടിരുന്നത്. അതെ ആ ഒരു യോഗിനിയെ ആണ് തനിക്ക് ഭദ്ര മഹേശ്വരി യിൽ കാണാൻ സാധിച്ചത് എന്ന് ജയന്തൻ തിരിച്ചറിയുകയായിരുന്നു
ഫോൺകോളുകൾ കഴിഞ്ഞപ്പോൾ അവരുടെ ചർച്ച വീണ്ടും ഭാമയിലേക്ക് തന്നെ തിരിച്ചെത്തി. ഒരുപക്ഷേ ഭാമയെ കുറിച്ച് കൂടുതൽ അറിയാനുള്ള ജയന്തൻ താൽപര്യം വിഷയത്തെ അതിലേക്ക് എത്തിക്കുകയായിരുന്നു .
ഇന്ന് കൊച്ചിയിലെ വളരെ ധനികയായ ഒരു സ്ത്രീയാണ് ഭാമ. അച്ചായൻ മാത്രമല്ല കൊച്ചിയിലെ വലിയ പല ബിസിനസുകാരുടെയും രാശിയാണ് ഭാമ. അവളൊരു കോടീശ്വരിയാണ് .ഇന്ന് കൊച്ചിയിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് അവളും കൂടി ചേർന്നാണ് .
റോഷൻ പറഞ്ഞു നിർത്തി
ഭാമയെക്കുറിച്ച് അറിയുന്തോറും ആഴം കൂടിവരികയാണെന്ന് ജയൻ തിരിച്ചറിഞ്ഞു. ജയന്തൻ വളരെ അത്ഭുതത്തോടുകൂടി റോഷൻറെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
അപ്പോഴേക്കും റോഷനെ ഉറക്കം അനുഗ്രഹിച്ചിരുന്നു എന്നാൽ ജയന്തൻ കണ്ണടച്ച് കിടക്കുകയായിരുന്നു
തൻറെ ഗുരുവിനോടൊപ്പം യാത്ര ചെയ്തതും ഇടയിലെപ്പോഴോ ആസാമിലെ കാമാഖ്യാ ക്ഷേത്രത്തിൽവച്ച് യോഗിനിയെ കുറിച്ചും ഗൂഢമായ കൗള സാധന പദ്ധതികളെ കുറിച്ചും പഞ്ചമകാര പൂജകളെ പറ്റിയുമൊക്കെ ഗുരുനാഥൻ ചർച്ചചെയ്തതും ജന്തൻ്റെ മനസ്സിലൂടെ കടന്നുപോയി എപ്പോഴോ ജയന്തനും ഉറക്കത്തിലേക്ക് വഴുതി വീണു.
അടുത്ത ഒരാഴ്ച പല തിരക്കുകളിലൂടെയും കടന്നു പോയി .എന്നാൽ ജയന്തൻ്റെ മനസ്സിലേക്ക് പലപ്പോഴും ഭാമ കടന്നു വരാറുണ്ടായിരുന്നു .
ഒരു ദിവസം രാവിലെ ഫോൺ ബെൽ അടിക്കുന്നത് കേട്ട് എടുത്തുനോക്കിയപ്പോൾ അത് ഭാമ യായിരുന്നു .
ഫോണിൻറെ മറുതലക്കൽ നിന്നും ഭാമ സംസാരിച്ചുതുടങ്ങി ഞാൻ ഇപ്പോൾ ചെന്നൈയിലാണ് കഴിഞ്ഞ ഒരാഴ്ച ദുബായിലായിരുന്നു ഇന്നാണ് ചെന്നൈയിലെത്തിയത് ഇപ്പോൾ ഞാൻ രമണി ചേച്ചിയുടെ അടുത്താണുള്ളത് ചേച്ചിയുടെ അടുത്തുനിന്നാണ് നമ്പർ ലഭിച്ചത് .നിങ്ങളെ കണ്ടു പോയതിന് ശേഷം തിരിച്ചറിയാനാവാത്ത എന്തൊക്കെയോ ചില മാറ്റങ്ങൾ എൻറെ ബോധമണ്ഡലത്തിലും മനസ്സിലും സംഭവിച്ചിട്ടുണ്ട്
രമണി ചേച്ചി പറയുകയായിരുന്നു പല ബന്ധങ്ങളും നമ്മൾക്ക് നിർവചിക്കാൻ കഴിയുന്നതിന് അപ്പുറത്തുള്ള ജന്മജന്മാന്തര മായി തുടരുന്ന പ്രക്രിയയാണ് എന്ന്
ആയിരിക്കാം
കേവലം ഒരാഴ്ച മുന്നേ പരിചയപ്പെട്ടവരാണ് നമ്മൾ എന്ന് വിശ്വസിക്കാനേ പറ്റുന്നില്ല അല്ലേ?
ഭാമ ചോദിച്ചു
അതെ അതെ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങൾക്കും കാരണവും എല്ലാ കാരണങ്ങൾക്ക് കാര്യവും ഉണ്ടാവും. ഇതൊന്നും നമ്മുടെ ചെറിയ ബുദ്ധിക്ക് മനസ്സിലാവണമെന്നില്ലല്ലോ
ജയന്തൻ പറഞ്ഞു
എനിക്ക് നേരിട്ട് കാണണമെന്നുണ്ട് കുറച്ചുസമയം സംസാരിക്കണമെന്നും . ഈ ഒരാഴ്ച മുഴുവൻ ഞാൻ കൊച്ചിയിലുണ്ട് കാണാൻ സാധിക്കുമോ?
ഭാമ ചോദിച്ചു
തൊട്ടടുത്ത വെള്ളിയാഴ്ച ഭാമയുടെ വില്ലയിൽ വച്ച് കാണാമെന്ന് നിശ്ചയിച്ചു കൊണ്ട് അവർ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെതന്നെ ജയന്തൻ ഭാമയുടെ വീട്ടിലെത്തി. വളരെ മനോഹരമായി അലങ്കരിച്ച വീടായിരുന്നു അത് .
വീട്ടിലെ ചുവരുകളിൽ എല്ലാം തന്നെ ബുദ്ധനും മീരയും കൃഷ്ണനും വിവിധ ഭാവങ്ങളിൽ. ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന ഓഷോയുടെ പുസ്തകങ്ങൾ . പിന്നെ തന്ത്രയുമായി ബന്ധപ്പെട്ട മറ്റനേകം പുസ്തകങ്ങൾ.
പൂജാമുറിയിൽ ധ്യാനനിരതനായിരിക്കുന്ന ഒരു ബുദ്ധൻ .
വളരെക്കാലത്തിനു ശേഷം കാണുന്ന ചിരപരിചിതനായ ഒരു സുഹൃത്തിനെ പോലെയാണ് ഭാമ ജയന്തനോട് സംസാരിച്ചത്. സംസാരത്തിനിടയിൽ തനിക്ക് സാധന അനുഷ്ഠിക്കാൻ പറ്റുമോയെന്നും മന്ത്രദീക്ഷ സ്വീകരിക്കാൻ സാധിക്കുമോയെന്നും ഭാമ ജയന്ത്നോട് ചോദിച്ചു
തീർച്ചയായും സാധനയുടെ വഴി നിങ്ങൾക്ക് കൂടിയുള്ളതാണ് എന്ന് ജയന്തൻ പറഞ്ഞപ്പോൾ എന്തോ അവരുടെ കണ്ണുകൾ നിറഞ്ഞു.
ജയന്തനറിയാമോ
ഞാൻ ഒരുപാട് ചീത്ത വഴികളിലൂടെ യാത്ര ചെയ്ത ഒരാളാണ്. ക്ഷേത്രങ്ങളിലും മറ്റും പോയിട്ട് ഒരുപാട് കാലമായി . തനി താന്തോന്നിയാണ് ഞാൻ ജീവിച്ചത്: ചിരിച്ചു കൊണ്ട് പറയുമ്പോഴും അവരുടെ കണ്ണിലെ തിരിച്ചറിയാനാവാത്ത ഒരു വികാരം തന്നെ വല്ലാതെ ഉലയ്ക്കുന്നതായി അയാൾക്ക് മനസ്സിലായി.
അതുകൊണ്ടാണ് സാധന ചെയ്യാൻ ഞാൻ യോഗ്യയാണോ എന്ന്ചോദിച്ചത്.
ഞാൻ ഈജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും പരിശുദ്ധയായ, യോഗ്യയായ സ്ത്രീയാണ് നിങ്ങൾ .എന്തുകൊണ്ടും ഈ പാത നിങ്ങൾക്ക് യോജിച്ചതാണ്.
ഒരുപക്ഷേ പണ്ടേ നിങ്ങൾ ഈ പാതയിൽ തന്നെയാണ് ഇപ്പോഴും അവിടെത്തന്നെയാണ് ഉള്ളത് എന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മാത്രം.
ജയന്തൻ മറുപടി പറഞ്ഞു
ബുദ്ധൻറെ അടുത്ത് ദീക്ഷക്ക് വന്ന അമ്രപാളിയാണ് ജയന്തന് അപ്പോൾ ഓർമ്മ വന്നത്. ലോകത്തുള്ള മുഴുവൻ ധനികരും രാജാക്കന്മാരും അമ്രപാളിയുടെ ഒരു നോട്ടത്തിനു വേണ്ടിയോ ഒരു പുഞ്ചിരിക്കു വേണ്ടിയോ ആഗ്രഹിച്ചിരുന്ന സമയത്ത് അമ്രപളി ആഗ്രഹിച്ചിരുന്നത് ശ്രീബുദ്ധൻ്റ പാതയാണ് .
അമ്രപളി യെ കുറിച്ചും ബുദ്ധനെ കുറിച്ചും തന്ത്രയുടെ പാതയെ കുറിച്ചുമൊക്കെ വളരെ നേരം അവർ സംസാരിച്ചിരുന്നു വളരെയധികം താൽപര്യത്തോടെ ഭാമ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു
എല്ലാത്തിനും ജയന്തൻ മറുപടി പറഞ്ഞു കൊണ്ടിരുന്നു.
ശരീരം കൊണ്ട് ഞാൻ പലരുമായും ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ആദ്ധ്യാത്മികമായും മാനസികമായും ഞാൻ ജീവിതത്തിൽ ആദ്യമായി കണക്ട് ആവുന്നത് നിങ്ങളും ആയിട്ടാണ് രമണിചേച്ചി പറഞ്ഞതുപോലെ ജന്മജന്മാന്തര ബന്ധമാണിത് എന്ന് തോന്നുന്നു
ഭാമ പറഞ്ഞു
സന്ധ്യക്ക് തിരിച്ചു പോകുന്നതിനു മുമ്പായി ജയന്തൻ അവൾക്ക് ദീക്ഷ നൽകി .ജയന്തൻ തന്റെ ഇരുകാലുകളിലും നമസ്കരിക്കുന്ന ഭാമയെ മെല്ലെ പിടിച്ചുയർത്തി തന്നിലേക്ക് ചേർത്ത് പിടിച്ച് മൂർദ്ധാവിൽ ഒരു ചുമ്പനം
നെൽകി
ഏതോ ഒരജ്ഞാത ശക്തി തന്നിലൂടെ അവളിലേക്കൊഴുകിയിറങ്ങുന്നത് അയാൾ അനുഭവിച്ചു.
ഒരു വൈദ്യുതി തരംഗം തന്റെ ശരീരം മുഴുവൻ പടർന്നു കേറുന്നത് ഭാമ തിരിച്ചറിയുകയായിരുന്നു. ബോധാബോധങ്ങൾക്കിടയിലെ നേർത്ത അതിർവരമ്പിലൂടെ താൻ കടന്നു പോകുന്നതും ഏതൊക്കെയോ അഴുക്കുകൾ തന്നിൽ നിന്നും ഒഴുകിയിറങ്ങുന്നതും അവൾ തിരിച്ചറിഞ്ഞു . ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശാന്തിയും സമാധാനവും തന്നിൽ നിറയുന്നതും ഭാമ അറിയുകയായിരുന്നു .
വൈകീട്ട് യാത്ര പറഞ്ഞ് ജയന്തൻ കാറിൽ കയറുന്നതു വരെ ഭാമ വളരെക്കുറച്ചേ സംസാരിച്ചുള്ളൂ. താനിന്നു വരെ അറിയാതിരുന്ന ഒരാനന്ദലഹരിയിൽ നീരാടുകയായിരുന്നു അവൾ.
കാർ മുന്നോട്ടു നീങ്ങിയപ്പോൾ ജയന്തൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഉമ്മറത്തെ തൂണും ചാരി അവൾ നിൽക്കുന്നുണ്ടായിരുന്നു .
ഒരു മാഹായാഗത്തിലെ ഹോമകുണ്ഡത്തിൽ നിന്നും ജ്വലിച്ചുയർന്നു വിളങ്ങുന്ന അഗ്നിജ്വാല പോലെ തോന്നി അപ്പോൾ അവളെ കണ്ടപ്പോൾ:
പിന്നീട് തൻറെ ഉദരത്തിൽ കാൻസറിനെ സാന്നിധ്യം കണ്ടപ്പോഴും അതിനെ തോൽപ്പിക്കാൻ ഭാമക്ക് കഴിഞ്ഞത് ജയന്തൻ
നൽകിയ സംരക്ഷണത്തിൻ്റെ കരുത്തായിരുന്നു
ഡോ: ശ്രീനാഥ് കാരയാട്ട്
No comments:
Post a Comment