Tuesday, January 7, 2020

അഷ്ടാവക്രഗീത

ഉപനിഷത്പ്രതിപാദ്യമായ ആത്മജ്ഞാനത്തെ പ്രാപിച്ച് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷസുഖമനുഭവിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന പല ഗീതകളുമുണ്ട്. ശ്രീമദ് ഭഗവദ്ഗീതയാണ് അതില്‍ ഏറ്റവും പ്രസിദ്ധം. അതുപോലെയുള്ള മറ്റൊരു ഗീതയാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത.
അഷ്ടാവക്രമുനിയും ജനകമഹാരാജാവും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഇതില്‍ വേദാന്തശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. വേദാന്ത ശാസ്ത്രചര്‍ച്ചയേക്കാള്‍ അദ്വൈതാനുഭൂതിയ്ക്കാണ് അഷ്ടാവക്ര ഗീതയില്‍ മുന്‍തൂക്കം. ഭഗവദ്ഗീതയെ അപേക്ഷിച്ച് ഇതിലെ പ്രതിപാദനശൈലി കൂടുതല്‍ സരളവും, ഋജുവുമാണ്.

അഷ്ടാവക്രമുനി

ജനകസദസ്സില്‍വച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദിയുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തില്‍ ആരണ്യപര്‍വത്തിലെ തീര്‍ഥയാത്രാപര്‍വത്തില്‍ (132-134 അധ്യായങ്ങള്‍) അഷ്ടാവക്രീയം എന്ന പേരില്‍ ചേര്‍ത്തിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, ‘വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും’ എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍  അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. പന്ത്രണ്ടു വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

വിഷ്ണുപുരാണത്തില്‍ അഷ്ടാവക്രനെപ്പറ്റി വേറൊരു കഥ പറഞ്ഞുകാണുന്നു. വെള്ളത്തില്‍നിന്നു തപസ്സു ചെയ്യുമ്പോള്‍ ചില ദേവസ്ത്രീകള്‍ അദ്ദേഹത്തെ കണ്ടു പൂജിച്ചു. സന്തുഷ്ടനായി എന്തെങ്കിലും വരം ചോദിച്ചുകൊള്ളുവാന്‍ അഷ്ടാവക്രന്‍ അവരോടു പറഞ്ഞു. അത്യുത്തമനായ പുരുഷനെ ഭര്‍ത്താവായി ലഭിക്കണമെന്നവരമാണ് അവര്‍ ചോദിച്ചത്. കരയ്ക്കു കയറി തന്നെത്തന്നെ സ്വീകരിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തന്റെ വൈരൂപ്യവും വക്രതയും കണ്ട് അവര്‍ ചിരിച്ചപ്പോള്‍ മുനി ക്രുദ്ധനായി, വരം ലഭിച്ചശേഷം അവര്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെടുമെന്നു ശപിച്ചു. തന്നെ പരിഹസിച്ച ദേവസ്ത്രീകള്‍ മനുഷ്യസ്ത്രീകളായിത്തീരട്ടെ എന്നു ഇദ്ദേഹം ശപിച്ചുവെന്നും അവരാണ് ഗോപസ്ത്രീകളായി പിന്നീട് ജനിച്ചതെന്നും കഥയുണ്ട്.

അഷ്ടാവക്രഗീതയുടെ ഉദ്ഭവത്തിനെക്കുറിച്ചുള്ള ഐതിഹ്യകഥ:

ഒരിക്കല്‍ ജനകമഹാരാജാവ് നിദ്രയിലാണ്ടിരിക്കെ താന്‍ ഒരു യാചകനായി ദാരിദ്യദുഃഖമനുഭവിക്കുന്നതായുള്ള സ്വപ്നം കണ്ടിട്ട് ഞെട്ടിയുണര്‍ന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു സംശയമുദിച്ചു, “സ്വപ്നത്തില്‍ ഞാന്‍ ഒരു യാചകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു രാജാവാണ്. സ്വപ്നവേളയില്‍ ഞാന്‍ യാചകനാണെന്നത് സത്യമായി അനുഭവപ്പെട്ടു. ഇപ്പോള്‍ ഞാന്‍ രാജാവാണെന്നുള്ളതും സത്യമായി അനുഭവപ്പെടുന്നു. ഇവയിലേതാണ് യഥാര്‍ഥത്തില്‍ സത്യമായിട്ടുള്ളത്?”.

അദ്ദേഹം ഈ സംശയം തന്റെ മന്ത്രിമാരോടും, രാജസദസ്സിലെ സകല വിദ്വാന്മാരോടും ചോദിച്ചു. അവര്‍ക്കാര്‍ക്കും തന്നെ ഇതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ജനകമഹാരാജാവ് വിഷണ്ണനായിരിക്കുമ്പോള്‍ അതിതേജസ്വിയായ ഒരു യുവതപസ്വി അദ്ദേഹത്തിന്റെ മുന്നില്‍ വന്നെത്തി. അദ്ദേഹമായിരുന്നു വിഖ്യാതനായ അഷ്ടാവക്രമുനി. ജന്മനാ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ എട്ട് വളവുകളുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അഷ്ടാവക്രനെന്ന് അറിയപ്പെട്ടിരുന്നത്.

ജനകന്‍ മുനിയോട് ചോദിച്ചു, “മുനേ, ജാഗ്രദവസ്ഥയാണോ അതോ സ്വപ്നാവസ്ഥയാണോ സത്യമായുള്ളത്?” ജനകന്റെ ഈ സംശയം കേട്ടിട്ട് അഷ്ടാവക്രന്‍ ജനകനോട് പറഞ്ഞു, “രാജന്‍, ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും അങ്ങയ്ക്കുണ്ടായ അനുഭവങ്ങള്‍ എല്ലാം തന്നെ മിഥ്യയാണ്. ജാഗ്രത്തും, സ്വപ്നവും ഒരു പോലെ മിഥ്യയാണ്. അങ്ങ് രാജാവോ, യാചകനോ അല്ല, അവയില്‍ നിന്നെല്ലാം ഭിന്നമായ ചൈതന്യസ്വരൂപമായ ആത്മാവാണ്”. ആത്മാവ് മാത്രമാണ് അദ്വിതീയമായ സത്യം.”

ഇതിനെ തുടര്‍ന്ന് ജനകമഹാരാജാവും അഷ്ടാവക്രമുനിയുമായി ഉണ്ടായ സംവാദമാണ് അഷ്ടാവക്രഗീത എന്ന പേരില്‍ അറിയപ്പെടുന്നത്.

അഷ്ടാവക്രഗീതയും ശ്രീരാമകൃഷണ-വിവേകനന്ദന്മാരും

ശ്രീമദ് വിവേകാനന്ദസ്വാമികള്‍ ആദ്യകാലത്ത് ശ്രീരാമകൃഷ്ണപരമഹംസദേവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹം നരേന്ദ്രനെ (വിവേകാനന്ദസ്വാമികളുടെ പൂര്‍വ്വനാമം) അഷ്ടാവക്രഗീത വായിക്കുവാനായി പ്രേരിപ്പിച്ചിരുന്നുവെന്ന് വിവേകാനന്ദസ്വാമികളുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം തൊട്ടുതന്നെ ബ്രഹ്മസമാജത്തിലെ അനുയായിയായിരുന്ന നരേന്ദ്രന് അദ്വൈതത്തില്‍ അഭിരുചിയില്ലാതിരുന്നതുകൊണ്ട് അഷ്ടാവക്രഗീത വായിക്കുവാന്‍ മടിച്ചപ്പോള്‍ രാമകൃഷ്ണദേവന്‍ “എനിക്കു വേണ്ടിയെങ്കിലും ഇതൊന്ന് ഉച്ചത്തില്‍ വായിക്കൂ” എന്ന് പറഞ്ഞ് നിരവധി തവണ നരേന്ദ്രനെക്കൊണ്ട് അഷ്ടാവക്രഗീത വായിപ്പിച്ചിട്ടുള്ളതില്‍ നിന്നും ഈ ഗ്രന്ഥത്തിന് എത്ര മാത്രം പ്രാധാന്യമാണ് ശ്രീരാമകൃഷ്ണദേവന്‍ കല്പിച്ചിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

വിഷയസുഖത്തില്‍ വിരക്തി വന്ന ഏതൊരാള്‍ക്കും സദ്ഗുരുവിനെ കണ്ടുമുട്ടിയാല്‍ പിന്നെ മറ്റു യാതൊരുപാധിയും കൂടാതെ തന്നെ താനാരാണ് എന്നറിഞ്ഞ് മുക്തി നേടാം എന്നാണ് അഷ്ടാവക്രമുനി നല്‍കുന്ന സന്ദേശം. സ്ത്രീപുരുഷ, ബാലവൃദ്ധാദി ഭേദമില്ലാതെ മുക്തി ഏവരുടെയും ജന്മാവകാശമാണ് എന്ന് ഈ ഗീത നമ്മെ ഉപദേശിക്കുന്നു. മുക്തി നേടുന്നതിന് ഒരാളുടെ ജാതി, വര്‍ണ്ണം, ദേശം, മതം, എന്നിവയൊന്നും തന്നെ തടസ്സമല്ല. നിത്യമുക്തനായ ആത്മാവാണ് താന്‍ എന്ന് തിരിച്ചറിയുക മാത്രമേ അതിന് വേണ്ടയായിട്ടുള്ളൂ.

No comments:

Post a Comment