ഉത്തമ രക്ഷാകർത്തൃത്വം
കുട്ടികൾക്ക് എപ്പോഴാണ് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് '
"മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല അതിനുമുമ്പ് ഈ ചെക്കൻ ചെയ്യുന്ന ഓരോ പണി കണ്ടോ. അല്ലേലും അവനെ പറഞ്ഞിട്ടെന്താ .... നിങ്ങളുടെയല്ലേ മകൻ. ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ പ്രമാണം."
അടുത്തവീട്ടിലെ ബഹളം കേട്ടാണ് രാവിലെതന്നെ ഉണർന്നത് .
ഗീത ചേച്ചിയുടെ ശബ്ദം ഉയർന്നു കേൾക്കാം. മകനായിരിക്കും പ്രശ്നത്തിന് ആധാരം.
ജനലിലൂടെ നോക്കിയപ്പോൾ ഭർത്താവ് വിനയനും മകൻ ഗോപുവും ഡാകിനി ക്ക് മുൻപിൽ നിൽക്കുന്ന വിക്രമനേയും മുത്തുവിനെയും പോലെ അസ്തപ്രജ്ഞരായി അവിടെ നിൽക്കുന്നത് കണ്ടു .
മറ്റ് തിരക്കുകൾ ഇല്ലാത്തതിനാലും എഴുതാനുള്ള ഒരു വിഷയം തിരഞ്ഞു നടക്കുന്ന സമയമായതിനാലും കൂടുതൽ ശ്രദ്ധിക്കാൻ തന്നെ തീരുമാനിച്ചു.
'' രണ്ടാം ക്ലാസ്സിൽ എത്തിയല്ലേ
ഉള്ളു ഇപ്പോഴേ അവന് പ്രേമം തുടങ്ങി പോലും .അവന്റെ അടുത്തിരിക്കുന്ന കുട്ടിയെ അവൻ ഉമ്മവച്ചു എന്ന്. ആ കുട്ടി ടീച്ചറുടെ അടുത്ത് പരാതി പറഞ്ഞത്രെ. ഇത് ആ കുട്ടിയുടെ വീട്ടുകാർ അറിഞ്ഞാൽ ഇനി എന്തൊക്കെ പ്രശ്നങ്ങളാണോ ഭഗവാനെ ഉണ്ടാവാൻ പോകുന്നത്.
ഞാൻ അവൻറെ പുസ്തകം പരിശോധിച്ചപ്പോൾ ലൗ ചിഹ്നം വരച്ചു അവന്റെയും കൂടെ പഠിക്കുന്ന ആ കുട്ടിയുടെയും പേര് എഴുതിവെച്ചിരിക്കുന്നു.
ടീച്ചർ ആണ് എന്നെ വിളിച്ചു പറഞ്ഞത്. ഇപ്പോഴേ ശ്രദ്ധിക്കണം ഇല്ലെങ്കിൽ ഇവരൊക്കെ വളർന്ന് വലിയ പുള്ളികള് ആവും .
നിങ്ങൾ അവനെ വല്ല നല്ല കൗൺസിലറെയും കൊണ്ടുപോയി കാണിക്കൂ: ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കിൽ നാളെ വലിയ തലവേദനയായി മാറും:
ശ്രീനാഥ് സാറ് നിങ്ങളുടെ സുഹൃത്തല്ലേ. അദ്ദേഹത്തെ കൊണ്ടുപോയി കാണിക്കൂ, എന്നിട്ട് സ്ക്കൂളിൽ വന്നാമതീന്നാണ് ടീച്ചറ് പറഞ്ഞിരിക്കുന്നത്.
ഇതോ മറ്റോ പുറത്തറിഞ്ഞാൽ ഞാനെങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും."
ഗീതച്ചേച്ചി തൃശൂർ പൂരത്തിലെ അമിട്ടിന് തീ പിടിച്ച പോലെ പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുകയാണ്.
പ്രശ്നം അവിടെ നിന്നും ഇങ്ങോട്ടേക്ക് അരങ്ങ് മാറ്റാനുള്ള പുറപ്പാടാണ്. അപ്പോഴാണ് ഫോണ് ബെല്ലടിച്ചത് .അത് വിനയൻ ആണെന്ന് ചിന്തിക്കാൻ മെൻഡലിസം ഒന്നും പഠിക്കേണ്ട കാര്യമില്ല .ഫോണെടുത്തു ഞാനവനോട് പറഞ്ഞു,
"ഞാനെല്ലാം ഇവിടെനിന്ന് കേൾക്കുന്നുണ്ടായിരുന്നു. ക്ലിനിക്കിലേക്ക് വന്നോളൂ. ഞാൻ അവിടെ ഉണ്ടാവും. ശ്രീമതിയേയും കുട്ടിക്കൊള്ളു. "
രാവിലെ 10 മണിക്ക് വിനയനും ഗീതയും മകനും ക്ലിനിക്കൽ എത്തി. സ്വീകരണമുറിയിൽ മോന് കളിക്കാനുള്ള പസിൽസ് കൊടുത്തു വിനയനേയും ഗീതയേയും കൗൺസിലിംഗ് മുറിയിലേക്ക് വിളിച്ചു. രാവിലത്തെ കലാപരിപാടികൾ ഞാൻ കേട്ടു എന്ന ചെറിയൊരു ജാള്യത അവർക്ക് ഉണ്ടെന്ന് എനിക്ക് മനസിലായി.
കാര്യങ്ങൾ ഗീത ഒന്നുകൂടി വിശദമായി എന്നോട് പറഞ്ഞു .
"നിങ്ങൾ ഗോപുവിനോട് ഇതിനെ കുറിച്ച് അന്വേഷിച്ചുവോ ?"
ഞാനവരോട് ചോദിച്ചു "
ഇല്ല ഇത്തരം കാര്യങ്ങളൊന്നും ഞങ്ങളിതുവരെ അവനുമായി സംസാരിച്ചിട്ടില്ല .ഏഴ് വയസ്സുള്ള അവൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ഞങ്ങൾ കരുതി ഇല്ല. സാറൊന്ന് അവനെ വിളിച്ച് ഉപദേശിക്കണം. ഇനി മേലാൽ ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് അവനെക്കൊണ്ട് സത്യം ചെയ്യിപ്പിക്കണം: " ഗീതച്ചേച്ചി കരയുവാനുള്ള ഒരുക്കത്തിലായിരുന്നു:
ഞാൻ ഗോപുവിനെ വിളിച്ചു കാര്യങ്ങളൊക്കെ ചോദിച്ചു. എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് . അവൻ വളരെ നിഷ്കളങ്കമായി മറുപടി പറഞ്ഞു .
കൂടെ പഠിക്കുന്ന കുട്ടിയോട് ഇഷ്ടം തോന്നിയതും ചിത്രം വരച്ചതും ഉമ്മ കൊടുത്തതും അവൻ വളരെ രസകരമായിത്തന്നെ എന്നോട് അവതരിപ്പിച്ചു. അവനിഷ്ടം വരുമ്പോൾ അവൻറെ അച്ഛനുമമ്മയ്ക്കും അനിയത്തിക്കും ധാരാളം ഉമ്മകൾ കൊടുക്കാറുണ്ടത്രേ. ചിത്രം വരച്ചത് സിനിമ കണ്ടിട്ടാണെന്നും പറഞ്ഞു. അവനെ വീണ്ടും കളിക്കാൻ വിട്ട് ഞാൻ ഗീതയേയും വിനയനെയും വിളിച്ചു.
"പേടിക്കാനൊന്നുമില്ല. നമ്മൾ കരുതുന്നതു പോലെ അത്ര ഗൗരവത്തിൽ എടുക്കേണ്ട വിഷയവുമല്ല."
ആദ്യം വേണ്ടത് അവരുടെ ടെൻഷൻ കുറക്കുക എന്നതായതു കൊണ്ടാണ് ഞാൻ ഇങ്ങിനെ പറഞ്ഞത്. നമ്മുടെ സദാചാര ചിന്തകളും കപട പാപബോധവുമാണ് ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങളെ മറെറാരു തലത്തിലേക്കെത്തിക്കുന്നതെന്നും ഞാനവരോട് പറഞ്ഞു.
കുട്ടികൾക്ക് ലൈംഗികതയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതോ വികലമായ ധാരണകൾ വച്ച് പുലർത്തുന്നതോ ആണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നതെന്നും അവരെ പറഞ്ഞ് മനസ്സിലാക്കി.
യഥാർത്ഥത്തിൽ നമ്മുടെ കുട്ടികൾക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
"അല്ല സാറേ ഇത്തരം കാര്യങ്ങളൊക്കെ കൊച്ച് കുട്ടികളോട് നമുക്ക് പറഞ്ഞു കൊടുക്കാൻ പറ്റ്വോ ?
"നാണത്തിൽ പൊതിഞ്ഞ ഗീതച്ചേച്ചിയുടെ സംശയം തന്നെയാണ് യഥാർത്ഥത്തിൽ ഈ സമൂഹത്തിലെ ബഹു ഭൂരിപക്ഷം വരുന്ന മാതാപിതാക്കളുടേയും പ്രശ്നം:
''വളരെ നല്ല ഒരു സംശയമാണ് ചേച്ചി ചോദിച്ചത്." ലൈംഗികവിദ്യാഭ്യാസം എന്നുള്ളത് ഒരു പ്രത്യേക ദിവസം ഒരു പ്രത്യേക വയസ്സിൽ കസാലയിൽ ഇരുത്തി പഠിപ്പിക്കേണ്ട ഒരു വിഷയമല്ല . ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ വളർന്നുവരുമ്പോൾ അവർ കണ്ടും കേട്ടും പഠിക്കേണ്ട ഒരു വിഷയമാണ് ലൈംഗിക വിദ്യാഭ്യാസം. . മാതാപിതാക്കളുടെ ലൈംഗിക ആരോഗ്യവും ലൈംഗിക ചിന്താരീതികളും കുഞ്ഞുങ്ങളിൽ വളരെ ആഴത്തിൽ സ്വാധീനം ചെലുത്താറുണ്ട് .
കുട്ടികൾ വളരെ ജിജ്ഞാസുക്കൾ ആണ് .ജനിച്ച സമയം മുതൽ അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും .ലോകത്തുള്ള എല്ലാ കാര്യങ്ങളും അവരെ സംബന്ധിച്ച് അത്ഭുതമാണ് .
ഞാൻ എങ്ങനെ ഉണ്ടായി എന്നതാണ് കുട്ടിയുടെ ആദ്യത്തെ ചോദ്യം '
പലപ്പോഴും കാര്യങ്ങൾ വിശദമാക്കി കൊടുക്കാനുള്ള ലജ്ജ കാരണം " നിന്നെ തവിട് കൊടുത്ത് വാങ്ങിയതാണെന്നോ, അങ്ങാടിയിൽ നിന്നും കളഞ്ഞുകിട്ടിയതാണെന്നോ " തരത്തിലുള്ള വളരെ വികലമായ അറിവാണ് കുട്ടികളുടെ സബ് കോൺഷ്യസിലേക്ക് നമ്മൾ കൊടുക്കുന്നത്.
കൂടാതെ ലൈംഗികാവയവങ്ങൾ ആണെന്നറിയാതെ കുഞ്ഞുങ്ങൾ സ്വന്തം ലൈംഗിക അവയവങ്ങൾ കൊണ്ട് കളിക്കാറുണ്ട്. അവർ ശരീരത്തെ ഒരു ഏകകമായി മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. ലൈംഗികാവയവങ്ങൾ ശരീരത്തിലെ ഏറ്റവും സംവേദനക്ഷമമായ അവയവങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ കൊണ്ട് കളിക്കുന്നതിൽ അവൻ ആഹ്ലാദിക്കുന്നു.
.
ഇവിടെയാണ് കുഞ്ഞിന്റെ മനോ ലോകത്തിലേക്ക് സമൂഹം പ്രവേശിക്കുന്നത്. 'അരുത് 'എന്നാണ് കുട്ടികൾ ആദ്യം കേൾക്കുന്ന ഏറ്റവും വൃത്തികെട്ട വാക്കുകൾ. ഈ ഒറ്റവാക്കിൽ തുടങ്ങി നിരവധി അരുതുകൾ അവൻ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്നു.
മാതാപിതാക്കൾ - അവരുടെ തീക്ഷ്ണമായ കണ്ണുകൾ' : അരുത് എന്ന നോട്ടം , വാക്ക് ഇവ അനുഭവിച്ചപ്പോൾ തനിക്ക് സ്വാഭാവികമായും വളരെ ആനന്ദപ്രദമായ തോന്നിയിരുന്ന ആ പ്രവർത്തിയിൽ നിന്ന്; അവൻ്റെ ലൈംഗികാവയവത്തിൽ നിന്ന് ; അവൻ കൈകൾ പിൻവലിക്കുന്നു. യഥാർത്ഥത്തിൽ ആ പ്രവർത്തിയിൽ അവൻ ഒരു പാട് ആനന്ദിച്ചിരുന്നു .അതിൽ ലൈംഗികതയുടെ അംശം തെല്ലു പോലും ഉണ്ടായിരുന്നില്ല. അവൻറെ ശരീരത്തിലെ ഏറ്റവും സംവേദനക്ഷമമായ, ഏറ്റവും സജീവമായ ഭാഗമായിരുന്നു അത്. നമ്മൾ ഈ പ്രവർത്തിയെ തെറ്റായി കണ്ട് അവനിൽ കുറ്റബോധം സൃഷ്ടിക്കുന്നു . നമ്മുടെ പാപബോധം അവന്റെ സ്വാഭാവിക ലൈംഗികതയെ നശിപ്പിക്കുന്നു . നമ്മൾ അവൻ്റെ ഉണ്മയിൽ വിഷം കലർത്താൻ തുടങ്ങുന്നു.
പിന്നീട് അവൻ തന്ത്രപരമായി പെരുമാറാൻ തുടങ്ങും . മാതാപിതാക്കൾ അടുത്തുള്ളപ്പോൾ അവൻ ലൈംഗികാവയവങ്ങളുമായി കളിക്കാതിരിക്കുകയും അവന്റെ സ്വകാര്യ നിമിഷങ്ങൾ ഇതിനായി മാറ്റി വെക്കുകയും ചെയ്യുന്നു. അവന്റ ആദ്യ കളവിന് തുടക്കമായിരിക്കുന്നു . ഇല്ല ഇനി അവന് സത്യസന്ധത പറ്റില്ല. ആരാണ് അവനെ കളവ് ചെയ്യാൻ പഠിപ്പിക്കുന്നത്. ?
ലൈംഗീകത നിങ്ങൾ അവനിൽനിന്നും മറച്ചുപിടിക്കാൻ ആഗ്രഹിക്കുന്നു . അപ്പോഴൊക്കെ അവൻ അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യപ്പെടുകയാണ് ചെയ്യുന്നത്. മറച്ചു വച്ച ഒന്നിനെ അറിയാനുള്ള ആകാംക്ഷ മനുഷ്യ സഹജമാണല്ലോ.
പിന്നീട് ആ മറയ്ക്കു പിന്നിലുള്ളതിനെ കണ്ടെത്താനായിരിക്കും കുട്ടികൾ ശ്രമിക്കുക. അവർ സ്വാഭാവികമായും അതിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്യും.
എല്ലാവരും ഒന്നിച്ചിരുന്ന് സിനിമ കാണുമ്പോൾ സിനിമയിൽ ചുംബനരംഗങ്ങളോ പ്രണയ രംഗങ്ങളോ വരുമ്പോൾ നിങ്ങൾ ചാനൽ മാറ്റുമ്പോൾ അത് തന്നിൽ നിന്ന് മറച്ചുവെക്കുന്ന എന്തോ ഒന്നാണെന്ന ബോധം അവരിലുണ്ടാവും. തുടർന്ന് അതിനെക്കുറിച്ച് അറിയാൻ അവൻ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു . കുഞ്ഞായിരിക്കുന്ന സമയത്തു തന്നെ അവരുടെ ചോദ്യങ്ങൾക്ക് വ്യക്തമായും സത്യസന്ധമായും മറുപടി പറയുക എന്നുള്ളതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി .
അതുപോലെതന്നെ പ്രണയവും ലൈംഗികതയും എന്താണെന്ന് അവരെ കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. കുട്ടികൾ എപ്പോഴും അനുകരിക്കാൻ ശ്രമിക്കുന്നത് സിനിമയിൽ കണ്ട രംഗങ്ങളും വീട്ടിൽ കണ്ട രംഗങ്ങളും ആണ്. പലപ്പോഴും താൻ എന്താണ് ചെയ്യുന്നത് എന്ന് അറിയാതെയാണ് അവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് . നിങ്ങൾ അവരുടെ നന്മ മാത്രമാണ് കാണേണ്ടത് , സ്നേഹം മാത്രമാണ് അനുഭവിക്കേണ്ടത്. കുഞ്ഞിന്റെ നിഷ്കളങ്കതയെ തിരിച്ചറിയുകയും അവനെ കുറ്റപ്പെടുത്താതെ അവനിലുണരുന്ന സംശയങ്ങളെ അവന് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കുകയുമാണ് ചെയ്യേണ്ടത്.
വളരെ നിസ്സാരമായ ഒരു വിഷയം ഇത്ര വലുതാക്കിയ അധ്യാപകർക്കും ഈ സംഭവത്തിൽ വളരെയധികം പങ്കുണ്ട്.
അതുപോലെതന്നെ ഗീതച്ചേച്ചി രാവിലെ പറഞ്ഞ വാക്കുകൾ ; "മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ല.... നിങ്ങളുടെയല്ലേ മകൻ..." തുടങ്ങിയ വാക്കുകൾ എല്ലാം തന്നെ കുട്ടികളിൽ സംഘർഷം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. കൺഫ്യൂഷൻ സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. ലൈംഗികത ഒരിക്കലും നിഷേധിക്കാൻ പറ്റാത്ത ഒരു പ്രകൃതിജന്യമായ പ്രതിഭാസമാണ് . നമ്മളെല്ലാവരും ജനിച്ചത് തന്നെ ലൈംഗിക പ്രവൃത്തിയിലൂടെയാണെന്നും ഈ പ്രവർത്തി മറ്റെല്ലാ പ്രവർത്തനങ്ങളേയും പോലെ വളരെ ശ്രേഷ്ഠമായ ഒരു പ്രക്രിയ ആണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത് . ആ തിരിച്ചറിവാണ് മാതാപിതാക്കളിൽ ആദ്യം ഉടലെടുക്കേണ്ട ചിന്താ ധാര .
ലൗ ചിഹ്നം വരച്ച് അവൻറെ അച്ഛന്റേയും അമ്മയുടെ പേരുകൾ അതിലെഴുതിയും, അവന്റേയും അമ്മയുടെ പേരെഴുതിയും അവർ നാലുപേരുടെയും പേരെഴുതിയും ക്ലാസിലുള്ള എല്ലാവരുടെയും പേര് അതിൽ എഴുതിയും ആ ഒരു സ്നേഹത്തെ വിശ്വപ്രേമം ആക്കി മാറ്റുകയാണ് വേണ്ടത്. അവന്റ ഉള്ളിലുണരുന്ന നിഷ്കളങ്ക സ്നേഹത്തെ മനസ്സിലാക്കുകയും അതിനെ അംഗീകരിക്കുകയും അവന്റ നന്മയെ തിരിച്ചറിയുമാണ് നമ്മൾ ചെയ്യേണ്ടത് .
നമ്മുടെ ഉള്ളിലുള്ള കപട സദാചാരബോധവും വികലമായ ലൈംഗിക അറിവുകളുമാണ് നിഷ്കളങ്കരായ കുട്ടികളിലെ ഇത്തരം പ്രവർത്തികളെ മഞ്ഞക്കണ്ണട വച്ച് കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത് .യഥാർത്ഥ പ്രേമത്തിന്റെ നിർമ്മലതയേയും പവിത്രതയേയും തിരിച്ചറിഞ്ഞ് കാമവും പ്രേമവും തമ്മിലുള്ള വെത്യാസം മനസ്സിലാക്കേണ്ടത് ഓരോ രക്ഷിതാവുമാണ്: അത് ശരിയായ രീതിയിൽ സ്വന്തം കുഞ്ഞുങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വവും അവർക്കാണ്.
പിന്നീട് ഗോപുവിന്റെ സ്കൂളിലെ പിടിഎ പ്രസിഡണ്ട് കൂടിയായിരുന്ന വിനയൻറെ അപേക്ഷപ്രകാരം ആ സ്കൂളിൽ പോവുകയും അവിടുത്തെ രക്ഷിതാക്കൾക്ക് കുട്ടികളിലെ ലൈംഗിക അവബോധത്തെ കുറിച്ച് വിശദമായി ക്ലാസെടുക്കുകയും, അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബോധവൽക്കരിക്കുകയും ചെയ്തു
വിവിധ പാരന്റിംഗ് ക്ലാസുകളിൽ അമ്മമാർ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഡോ: ശ്രീനാഥ് കാരയാട്ടിന്റെ മക്കളോടെങ്ങനെ ഡയറിയിൽ നിന്നും
This sort of decissions will be a great help for the youngsters.
ReplyDeleteവളരെ ഗുണം ചെയ്യുന്ന പാഠം.🙏💞
ReplyDeleteValuable information thanku sreenadhj
ReplyDeleteലൈംഗികതയെ പറ്റി കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട വിധം നന്നായി അവതരിപ്പിച്ച, ശ്രീനാഥ് സാറിന് നമസ്കാരം. മോഹൻചന്ദ്ര റാവു, കോഴഞ്ചേരി.
ReplyDeleteവളരെ നന്നായിട്ടുണ്ട്, എങ്ങനെ അവതരിപ്പിക്കാം എന്ന് വിശദമാക്കിയതിന് വളരെ നന്ദിയുണ്ട്
ReplyDeleteനല്ലതായ യാഥാർഥ്യം
ReplyDeleteI wish that every 'Gopu' of our society get a chance to hear from Guruji. If it's possible no Hathras like cases will repeat in our country.
ReplyDeleteThank you Sir
ReplyDeleteനമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പാടെ മറ്റേണ്ടിയിരിക്കുന്നു
ReplyDeleteവളരെ ഉപകാരപ്രദമായ അറിവ്.. നന്ദി ജി... 🙏
ReplyDeleteOm sree sat durubabaye nama🙏🌼🙏anivaryamayum oro kunjungalude chodyathinum kodukenda arivukal manasilakkanulla visadamaya Padam namuk lefikendiyirikunnu,sir schoolil kodutha class namuk theerchayayum tharanam🙏🌼🙏
ReplyDelete