Thursday, September 24, 2020

മുസ്ലീം സ്ത്രീയിലെ ഗന്ധർവ്വ ബാധ

ഒരു മുസ്ലീം സ്ത്രീയിലെ ഗന്ധർവ്വ ബാധ 
മൂന്നു മാസം മുമ്പ് ക്ലിനിക്കിൽ കൗൺസലിംഗ് ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരു ഭാര്യയും ഭർത്താവും വന്നു . 35 വയസ്സായിരുന്നു ഭാര്യയ്ക്ക് ഭർത്താവിന് 42 , ഭാര്യയ്ക്ക് ശരീരത്തിൽ എവിടെ തൊട്ടാലും അസഹനീയമായ വേദന . ഒരു പാടുമരുന്നുകൾ കഴിച്ചു രക്ഷയില്ല . ആയുർവേദം അലോപ്പതി , ഹോമിയോപതി തുടങ്ങി എല്ലാ ചികിത്സകളും പരീക്ഷിച്ചു രക്ഷയില്ല . ഒടുവിൽ ജോത്സ്യന്റെ അടുത്തെത്തി പ്രശ്നം . അയാൾ പ്രശ്നം വച്ച് പ്രശ്നക്കാരനെ കണ്ടു പിടിച്ചു . ഇത് ഗന്ധർവ്വൻ കൂടിയതാണ് ! പോംവഴി ഒന്നു മാത്രം മന്ത്രവാദം ! ഇസ്ലാം മത വിശ്വാസികളായ അവർക്ക് മന്ത്രവാദം ചെയ്യാൻ ഭയം ഉണ്ടായിരുന്നു . എന്താണൊരു പോംവഴി എന്നറിയാൻ പള്ളിയിലെ സാമാന്യം അറബി മന്ത്രവാദം ഒക്കെ പിടിയുള ഒരു മുസലിയാരെ ചെന്നു കണ്ടു . അദ്ദേഹം അറബി മാന്ത്രിക പ്രകാരം ഒരു ഉറുക്ക് ജപിച്ച് അരയിൽ കെട്ടാൻ കൊടുത്തു . കെട്ടി . ഗന്ധർവ്വൻ മൊഴി ചൊല്ലി പോയി ! പക്ഷേ , രണ്ടു മാസം കഴിഞ്ഞപ്പോൾ പോയ ഗന്ധർവ്വനതാ അതേ സ്പീഡിൽ തിരിച്ചു വന്നിരിക്കുന്നു . തുടങ്ങിയില്ലേ വേദന ... ഒടുവിൽ മറ്റൊരു ജ്യോത്സ്യനെ ചെന്നു കണ്ടു . ഭാഗ്യത്തിന് അദ്ദേഹം ഞങ്ങളുടെ “ ബേസിക്ക് കൗൺസലിംഗ് ക്ലാസ് " കേട്ട ആളായിരുന്നു പുള്ളി പറഞ്ഞു ഇത് ആളു ഗന്ധർവ്വൻ തന്നെ യാണ് , ഒഴിപ്പിക്കാൻ പറ്റിയ ആൾക്കാരുണ്ട് ! അങ്ങനെയാണ് അവർ ക്ലിനിക്കിലെത്തുന്നത് . മന്ത്രവാദവും മന ശാസ്ത്രവും സമന്വ യിപ്പിക്കാവുന്ന ഇട ങ്ങളിൽ സമന്വയിപ്പിക്കാം എന്നാണ് എന്റെ അഭിപ്രായം . അതു തന്നെയാണ് ഡോ . ശ്രീനാഥ് കാരയാട്ടിന്റെയും അഭിപ്രായം . എന്തായാലും ഞങ്ങൾ രണ്ടു പേരും കേസ് നോക്കാം എന്ന് തീരുമാനിച്ചു . വേദനയുള്ള സ്ത്രീ ഒട്ടും സഹകരിക്കുന്ന മട്ടില്ല എന്തു ചോദിച്ചാലും ഒരു ക്ഷീണം ഉറക്കച്ചടവ് തീവ്രവേദന അനുഭവിക്കുന്ന മുഖഭാവം . ഭർത്താവിനോട് ചോദിച്ചു എന്താണ് യഥാത്ഥ പ്രശ് നമെന്ന് ? 
അയാൾ പറഞ്ഞുതുടങ്ങി . “ 
 

“ പ്രശ്നം ഓൾക്ക് പണ്ട് ഇണ്ട് , കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോൾ പിന്നെ ഒന്നിനും താൽപര്യല്യാണ്ടായി , ന്ച്ചാൽ ഈ ബന്ധപ്പെടാ നൊന്നും . ഓളങ്ങനെ ചത്ത പോലെ കെടക്കും , ആദ്യമൊക്കെ ഞാൻ എന്റെ കാര്യം കഴിഞ്ഞ് കെടക്കും . പിന്നെ പിന്നെ ഇനിക്കും താൽപര്യലാണ്ടായി . ഞങ്ങളത് കൂട്ടു കുടുംബാണ് . ഉപ്പ , ഉമ്മ അനിയൻ ഒക്കെണ്ട് വീട്ടിൽ . ഇനി ഓരൊക്കെ ഇളേളാണ്ടാണോ ന്നറിയില്ല ! ( ഭാര്യ ഇടം കണ്ണിട്ട് ഭർത്താവിനെ നോക്കി അയാളത് കണ്ടു ) ഓ ... ഇവള് വീടു മാറണന്ന് പറയേന് അന്ന് . ന്നാ പിന്നെ ആയിക്കൊട്ടെന്ന് വച്ച് . ഞമ്മള് വീട് മാറി . അതിനു ശേഷമാണ് ആകെ അൽ കുൽത്തായത് . ഓള് രാത്രിയായാൽ തൊടങ്ങും മോങ്ങാൻ , അവടെ വേദന ഇവടെ വേദന അങ്ങനെ . ഒരീസം ഓളൊറൊങ്ങുമ്പോ ഞാൻ പോയി ഓളെ കൈ ഞെക്കി നോക്കി , ഒരൊറ്റ നെലോളിയാണൊള് . അള്ളാ ജീവ് കത്തിപ്പോയിന്റെ ( ഭാര്യ അൽപ്പം ഊറി ചിരിക്കുന്നുണ്ടായിരുന്നു ) ഓൾക്ക് ചിരി ഇനിക്കാ ണെല്ലാ വേജാറും ! 

അയിനു ശേഷമാണ് ഞാനറിയണത് ഈ പൊര നിന്ന സ്ഥലത്ത് ഹിന്ദുക്കളെ ഒരു കാവായിന് പോലും . ഇയിന്റെ മൊയലാളി അതൊക്കെ വെട്ടീട്ടാണ് ഈ പൊര കെട്ടിയത് , ഓര്ക്ക് ഇവിടെ നിന്ന് നിവൃത്തിയില്ലാഞ്ഞിട്ടാണിത് വാടകയ്ക്കൊടുത്ത് പോയത് . അങ്ങനെയാണ് മറ്റെ മുപ്പെരെടുത്ത് പോയപ്പോ ഇത് ഗന്ധർവ്വൻ കൂടിയാതാണന്ന് പറഞ്ഞത് . പള്ളിക്കലൈ മുസ്ലിയാര് അരമേല് കെട്ടാൻ ഒരു ഏലസ്സ് തന്ന് കൊറെ ദിവസം ഓൾക്ക് നല്ല സുഖണ്ടായിരുന്ന് . ഞാനിടയടയ്ക്കിടപ്പെട്ട് ചോദിച്ചു “ ആ സമയത്ത് നിങ്ങൾ ബന്ധപ്പെട്ടോ ? ” ഉത്തരം പറഞ്ഞത് ഭാര്യയായിരുന്നു . “ ഓ അപ്പോ നല്ല റാഹത്തായിന " ( ഒരു നിമിഷം ഭർത്താവിനെ മറന്ന് പുറത്ത് ചാടിയ വാക്കുകൾ . മുഖത്ത് മൂന്ന് ഭാവങ്ങൾ മിന്നി മറഞ്ഞു സന്തോഷം , നാണം , മ്ലാനത . പിന്നെയവരൊന്നും പറഞ്ഞില്ല ) സാറെ ഇതെന്തെങ്കില്ലൊന്നാക്കി തരി . പണിക്കും പോവാൻ പറ്റണില്ല്യ , ഇയിന് ചെലവാക്കാൻ പൈസയുല്യ . 

ആ മനുഷ്യൻ ഞങ്ങളെ നോക്കി പറഞ്ഞു . നമ്മുക്ക് വഴിയുണ്ടാക്കാം ഗന്ധർവ്വന്റെ ആവശ്യമെന്താണന്നൊന്നു നോക്കട്ടെ . ഞങ്ങളെ മുന്നിലൊരുപാട് സമസ്യകളുണ്ടായിരുന്നു ! 

1.ആരാണീ ഗന്ധർവ്വൻ ? 

2. ഗന്ധർവ്വനെന്താ ഈ വീട്ടിൽ കാര്യം ? 

3.ഈ അസുഖം വൈദ്യശാസ്ത്രത്തിന് അതീതമാകുന്നതെങ്ങനെ ? 

4.എലസ്സ് കെട്ടിയാൽ തത്ക്കാലത്തേക്കെങ്കിലും ഗന്ധർവ്വൻ പോകുമോ ? 

എന്തായാലും ഈ വിഷയത്തിന് ഗഹനമായ ഒരു സമീപന മാവശ്യമുണ്ടെന്ന് മനസ്സിലായി , ഗന്ധർവ്വൻ മന്ത്രവാദത്തിലാ
രാണ് ? 

എന്താണ് പുള്ളിയുടെ സ്വഭാവസവിശേഷത ? 

എന്നൊക്കെ പഠിച്ചാൽ മാത്രമേ ഇവരുടെ ഉപബോധത്തിൽ പതിഞ്ഞ ഗന്ധർവ്വ ബിംബത്തെ കുടിയിറക്കാൻ സാധിക്കുക യുള്ളു എന്നു മനസ്സിലായി . അടുത്ത ഒരു ദിവസത്തേക്ക് കേസ് മാറ്റി വെച്ചു . 

ഇനി ഗന്ധർവ്വനാരെന്ന് നമ്മുക്ക് പരിശോധിക്കാം . ഗന്ധർവ്വാന്വേഷണ പരീക്ഷണങ്ങൾ ! 

 ഞാൻ ഗന്ധർവ്വൻ എന്ന പത്മരാജൻ സിനിമയിലൂടെ മലയാളി യുടെ പൊതു ബോധത്തിലേക്ക് കടന്നു വന്ന ഒരു സുന്ദരനാണ് ഗന്ധർവ്വൻ . തന്ത്ര സാഹിത്യപ്രകാരം അറുപത്തിനാലു കലകളായി ലോകം ചമച്ചു എന്നാണ് പറയുന്നത് മനുഷ്യൻ 52 മത് കലയാണ് . മനുഷ്യനു താഴെയായി പറക്കുന്നതും , നടക്കുന്നതും , ഇഴയുന്നതും , നീന്തുന്നതുമായി അനവധി ജീവികൾ ഉണ്ട് . അത്ഭുതമെന്ന് തോന്നും തന്ത്രയുടെ “ കാമ കലാ വികാസ ചകം ” കാണുമ്പോൾ . പരിണാമ സിദ്ധാന്തത്തിനോട് വളരെ അധികം ബന്ധമുണ്ട് ഇതിന് . മനുഷ്യ കലയ്ക്ക് മുകളിലേയ്ക്കുള്ളതാണ് യക്ഷന്മാൻ , കിന്നരന്മാർ , കിം പുരുഷന്മാർ , ഗന്ധർവ്വന്മാർ , ദേവന്മാർ അങ്ങനെ സദാശിവൻ വരെ എത്തും ഈ ചക്രം , ജീവികളുടെ ശാരീരിക പരിണാമത്തെക്കുറിച്ച് ഡാർവിൻ പറഞ്ഞു . 


തന്ത്ര അവരുടെ മാനസിക പരിണാമത്തെക്കുറിച്ചാണ് പറയുന്നത് ആ അർത്ഥത്തിൽ മനുഷ്യനു മുകളിലേക്കുള്ള എല്ലാ കലയും ഉയർന്ന മാനസികാവസ്ഥകളാണ് .

ഗന്ധർവ്വൻ ഉയർന്ന ഒരു മാനസിക അവസ്ഥയാണ് തന്ത്ര ത്തിന്റെ തത്ത്വം പറയുന്നത് . എന്നാൽ ആളുകളുടെ ശരീരത്തിൽ കയറുന്ന ഗന്ധർവ്വൻ എന്ന് മന്ത്രവാദം വിളിക്കുന്നത് ഒരു ആധി മാനസിക ( supramental being ) അവസ്ഥയെ ആണ് . ചില യഥാസ്ഥിക മന്ത്രവാദികൾ അതിനെ ഒരു “ വ്യക്തിയെ " പോലെ കണക്കാക്കിയാണ് മന്ത്രവാദം ചെയ്യാറ് . എന്നാൽ ചില പുരോഗമനവാദികളും തത്ത്വം ഗ്രഹിച്ചവരും ആയവർ ഈ മാനസി കാവസ്ഥയെ ആണ് ചികിത്സിക്കാറ് . ( ഉദ : സൂര്യകാലടി മന യിലെ സൂര്യൻ സുബ്രമണ്യൻ ഭട്ടതിരി മനഃശാസ്ത്ര പ്രകാരം മന്ത്രവാദത്തെ കാണുന്ന ആളാണ് ) നേരത്തെ സൂചിപ്പിച്ച വിഭാഗം ചികിത്സ താത്ക്കാലികമായെങ്കിലും ഫലിച്ചേക്കും . 

മുസ്ലിയാര് കെട്ടിക്കൊടുത്ത ഏലസ്സ് ഫലിച്ചത് ഇങ്ങനെയാണ് . എന്നാൽ തത്ത്വമറിഞ്ഞ് കുറച്ചു കൂടെ ആഴത്തിലായിരുന്നു സമീപനമെങ്കിൽ ഗന്ധർവ്വർ പിന്നെ തിരിച്ചു വരില്ലായിരുന്നു . മന്ത്രവാദം ബാധകളെ പ്രധാനമായും മൂന്നായി തരം തിരിക്കുന്നു . 

ബാധിച്ച വ്യക്തിയെ " പിണിയാളെന്ന് വിളിക്കുന്നു . കാരണം ബാധാ ദോഷങ്ങളെയും മറ്റും മന്ത്രവാദം പിണി ദോഷം എന്നാണ് പറയാറ് . പിണി ബാധിച്ചയാൾ പിണിയാൾ ! ബാധകൾ മൂന്നു വിധം 

1 , ഹന്തുകാമൻ പിണിയാളെ കൊല്ലണമെന്ന് ഉദ്ദേശിച്ച് കൂടുന്ന ബാധ , 

2 രന്തുകാമൻ പിണിയാളുമായി രമിക്കണമെന്നു ബാധ , 

3 .. ഭോക്തുകാമൻ പിണിയാളെ തിന്നണമെന്ന് ഉദ്ദേശിക്കുന്ന ബാധ . 

“ കൊല്ലുവാനും രമിപ്പാനും ബലികൊൾവതിനും 
പുനഃ ദുർഗഹം പീഢ ചെയ്യുന്നോരിങ്ങനെ മൂന്നു ജാതിയാം " 

ബാധയുണ്ടോ എന്ന് ജ്യോത്സ്യന്മാർ ബാധാ നിരൂപണം നടത്തിയാണ് കണ്ടു പിടിക്കുക . ( ചില ശാസ്ത്രീയതയും ഒരുപാട് വിശ്വാസാന്ധതയും ഇതിൽ ഉണ്ട് ) ഇങ്ങനെ നിരൂപിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് “ ഒഴിപാട് കാണുക എന്നാണ് പറയുക . ഓരോ ബാധകൾക്കും ഓരോ തരത്തിലാണ് മന്ത്രവാദ പരിഹാരം . ഗന്ധർവ്വൻ ആരെയൊക്കെ ബാധിക്കും ? രന്തുകാമൻ പൊതുവേ ഗർഭിണികളെയാണ് ബാധിക്കാറ് . 

ഭോക്തൃ കാമനും അങ്ങനെ തന്നെയാണെന്ന് പറയാം , ഈ ബാധകളെ തടയാൻ ഗന്ധർവ്വൻ പാട്ട് എന്ന അനുഷ്ഠാന കർമ്മം നടത്താറുണ്ട് . കെന്ത്രോൻ പാട്ടെന്നാണിതിനെ വണ്ണാന്മാൻ വിളിക്കാറ് . കാമൻ , ഭൂതം , മാഞ്ഞാൻ , ഗന്ധർവ്വൻ , പിളളതീനി , കരുകലക്കി , രുധിരമോഹിനി തുടങ്ങിയ ബാധകളെ നീക്കുവാൻ ഈ പാട്ട് ഉപയോഗിക്കാറുണ്ട് . പാട്ട് ശ്രദ്ധിക്കൂ :

“ ചായ്ച്ചു കെട്ടും തലമുടിമലെ ബാധിച്ച ദേവത പോന്നൊഴിക ചന്ദനം ചാർത്തും നെറ്റിലെ ബാധിച്ച ദേവത പോന്നൊഴിക ഇങ്ങനെ എല്ലാ ശരീര ഭാഗങ്ങളിൽ നിന്നും ദേവതകളെ കുടിയിറക്കുന്നു . * 

മന്ത്രവാദവും മനശാസ്ത്രവും മന്ത്രം എന്ന വാക്കിന് മനസ്സു കൊണ്ടു സാധിക്കാവുന്നത് എന്നാണ് അർത്ഥം . മനസ്സിന്റെ വ്യാധികൾ മാറ്റാൻ മനസ്സു കൊണ്ടു തന്നെ സാധിക്കും എന്നതായിരിക്കണം മന്ത്രവാദ ത്തിന്റെ യുക്തി . ആ അർത്ഥത്തിൽ ആദിമ കൗൺസലിംഗ് ആണ് മന്ത്രവാദം . അത് അനുഷ്ഠാനപരമായി ചുരുക്കി കാണുമ്പോൾ മന്ത്രവാദത്തിന്റെ പൊരുൾ നഷ്ടപ്പെടുന്നു . 

മനശാസ്ത്ര പ്രകാരം ആരാണീ ഗന്ധർവ്വൻ ആധുനിക മനഃശാസ്ത്രം ഗന്ധർവ്വനെ പരിഗണിക്കുമോ ? 

പരിഗണിക്കും പക്ഷേ രന്തുകാമനെ Mania എന്നും 

ഭോക്ത കാമനെ Bulimia Nervosa എന്നും 

ഹന്തുകാമനെ Paranoid delusion എന്നുമൊക്കെയാണ് 

വിളിക്കാറ് എന്ന് മാത്രം ഇവയൊക്കെ പല കാരണങ്ങൾ കൊണ്ടുണ്ടാവുന്നതാണ് . ഒരോ കേസ് ഡയറി പരിശോധിക്കുമ്പോഴും ഇവ ഏതൊക്കെയാണെന്ന് നോക്കാം . ഈ കേസിൽ കൂടിയ ബാധ രന്തു കാമനായിരുന്നു എന്ന് ഹിപ്പ്നോട്ടെസ് ചെയ്തപ്പോൾ മനസ്സിലായി . ഹിപ്പ്നോട്ടിക്ക് നിദ്രയിൽ അവർ പറഞ്ഞ കാര്യങ്ങൾ ഈ വിഷയത്തിൽ വളരെ അറിവു നൽകുന്നതായിരിന്നു . അതെക്കുറിച്ചെഴുതാം . 


മുൻ നിശ്ചയിച്ച പോലെ ഗന്ധർവ്വനെയും കൊണ്ട് അവർ വന്നു . അവർ പർദ്ദ ധരിച്ചിരുന്നു ( ഒരു കാരണമുണ്ട് അതിന് ) . ഭർത്താവിനോട് പുറത്തിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു . ഹിപ്പ്നോട്ടെസ് ചെയ്യാൻ പോകുകയാണ് തയ്യാറാണോ എന്ന് ചോദിച്ചു ? 

അവൾ അർദ്ധ സമ്മതാവസ്ഥയിൽ തല കുലുക്കി , ശരി ഈ ചാരു കസേരയിലേക്ക് ചാരി ഇരിക്കൂ . അവൾ എഴുന്നേറ്റ് ചാരു കസരയിൽ ചാരി ഇരുന്നു എന്റെ മുഖത്തേക്ക് നോക്കി . ഞാൻ മുറിയിൽ തീവ പ്രഭയോടെ കത്തുന്ന ബൾബ് ചൂണ്ടി പറഞ്ഞു . “ തല കുറച്ചുയർത്തി ആ വെളിച്ചത്തിലേക്ക് നോക്കി കിടക്കുക ” അവർ അതനുസരിച്ചു . കണ്ണു നന്നായി തുറന്നു പിടിക്കുക , ശ്വാസഗതിയെ ശ്രദ്ധിക്കുക . ദീർഘമായി ശ്വസിക്കുക .. 

ഞാൻ പറയുന്നത് കേൾക്കുക .... 

ഞാൻ പറയുന്നത് മാത്രം കേൾക്കുക .... 

ഞാൻ പറയുന്നത് മാത്രമേ നിങ്ങളിപ്പോൾ കേൾക്കു ന്നുള്ളു .... 

ഇങ്ങനെ പല വിധം സജഷനുകൾ ആവർത്തിച്ചു കൊണ്ടേയിരുന്നു ... അവരുടെ കണ്ണുകളിൽ ഭാരം അനുഭവപ്പെട്ടു തുടങ്ങി , കൺപോളകൾ പതുക്കെ അടഞ്ഞു തുടങ്ങി ... മോഹനിദ്രയിലേക്ക് വഴുതി വഴുതി വീഴുന്നത് ശരീര ഭാഷ കൊണ്ടറിയാം : മോഹനിദ്രയ്ക്കും ബോധത്തിനു മിടയിലെ ഒരു നൂൽപ്പാലമാണ് ശ്രദ്ധിച്ചില്ലെങ്കിൽ ഉറങ്ങി പോകും അല്ലെങ്കിൽ ബോധത്തിൽ നിന്നു സംസാരിക്കും രണ്ടായാലും പരാജയമാണ് . മോഹനിദ്രയിൽ തന്നെ ആണോ എന്നറിയാൻ ചില പൊടി കൈകൊളൊക്കെ ഉണ്ട് ! ഒന്ന് രണ്ടെണ്ണം നോക്കിയപ്പോൾ ശരിയാണ് മോഹ നിദ്രയിലാണെന്ന് ഉറപ്പിക്കാൻ സാധിച്ചു . 

പൊതുവിൽ Freudians Pychoanalyst ( അങ്ങനെ ഒരു പ്രത്യേക വിഭാഗം ഇപ്പോൾ ഇല്ല ) കാൾ റോജസ് ചെയ്യുന്ന Free association അഥവാ സ്വത്രന്ത കഥനം ആണ് എനിക്കിഷ്ടമുള്ള രീതി ( ഫോയിഡ് പക്ഷേ ഹിപ്പ്നോട്ടിസത്തിന്റെ സങ്കേതം ഇതിന് ഉപയോഗിക്കാറില്ലായിരുന്നു . ) അവരോട് പറയാൻ ആവശ്യപ്പെട്ടു : അവരുടെ കുട്ടിക്കാലത്തെ പ്പറ്റി : അവ്യക്തമായി പറഞ്ഞു തുടങ്ങിയ വാക്കുകൾ വ്യക്തമായിത്തുടങ്ങി . “ 

കുട്ടിയാവുമ്പോ ... പൊരെല്ല് ഒക്കെ നല്ലതായിന് ബാപ്പ , ഉമ്മ , രണ്ടനിയന്മാര് . നല്ല കാലായിന് അത് . ബുദ്ധിമുട്ടൊന്നും ബാപ്പേം ഉമ്മേം : ഞമ്മളെ അറിയിച്ചില്ല . ഒക്കെ സുഖായിന് . ബാപ്പ പണിക്ക് പോവും വൈന്നേരം വരും , ഉമ്മ പൊരേല്ലെ പണിയെടുക്കും , ഞങ്ങളെല്ലാരും കൂടെ ചോറൊ കറിയൊക്കെ ഒരുമിച്ചിരുന്നു തിന്നും അങ്ങനെ നല്ലതായിന് " .... ഞാൻ : നിങ്ങൾ എത്ര വരെ പഠിച്ചു ? “ ഞാൻ ഒമ്പല്ല് നിർത്തിക്കണ് , തൊറ്റ് ട്ടൊന്നില്ലാ , നിർത്തിയതന്യാ ... ” ഞാൻ : ശരി , പഠിക്കുമ്പോൾ നിങ്ങളുടെ സുഹൃത്തുക്ക് ളാരൊക്കെയായിരുന്നു ? പറയൂ ... “ സുബൈദ , ഷബീറ , സുൽഫത്ത് ... ( ആലോചിച്ച ശേഷം ) ഉബൈദ് .. ( ദീർഘ നിശ്വാസം ) ... ഞാൻ : ഉബൈദിനെക്കുറിച്ച് പറയൂ ... “ ഉബൈദ് ന്റെ ഒരു ചങ്ങായിയായിന് " ... ( ഒന്നും പറയുന്നില്ല . നെടുവീർപ്പുകൾ മാത്രം . ) ഞാൻ : ഉബൈദുമായി നിങ്ങൾ ഇഷ്ടത്തിലായിരുന്നു ല്ലേ ? “ ങും .... ഓനിന്നെ കെട്ടണ്ണായിന് ഇന്റെ ബാപ്പ സമ്മതിച്ചില്ല ” ഇന്നെ കൊണ്ടിയാളെ നിക്കാഹ് കയിപ്പിച്ച് ഇനിക്കന്ന് പയിനഞ്ച് വയസ്സേ ഇളളൂ . മൂപ്പർക്ക് 22 ഉം " “ ഇനിക്ക് മുപ്പരെ ആദ്യഷ്ടല്ലായിന് , പോരാത്തതിന് മുപ്പരെ പൊരക്കാരയും " ( മുഖത്ത് ഒരു വിമ്മൽ ഉണ്ടായിരുന്നു അപ്പോ ? ) ഞാൻ എന്താ ഭർത്താവിന്റെ വീട്ടുകാരുമായി “ പ്രശ്നൊന്നില്ല ” ( പ്രശ്നം എന്ന വാക്ക് വന്നിരിക്കുന്നു , ഇല്ല എന്ന് കുട്ടി ചേർത്തെങ്കിലും ) 
ഞാൻ : പറയൂ ... - “ മൂപ്പരെ പൊരക്കാരൊക്കെ നല്ലത് തന്നെ " ബാപ്പേം അനിയനുമൊക്കെ നല്ലോരാ ( തോമാ സാർ പാവാ ... എന്ന മുഖഭാവ .. പല്ലിറുമൂന്നു ) ഞാൻ : ഭർത്താവിന്റെ അച്ഛനെ കുറിച്ച് പറയൂ .. " ( മൗനം ) ഞാൻ : പറയൂ ... “ ( വിക്കൽ , വിഷമം കണ്ണീരായി ഒഴുകി തുടങ്ങി .. കവിൾ കുതിർന്നു ) മൂപ്പരെ ബാപ്പ ... ഒരീസം ന്റെ കാലുളുക്കിയ അന്ന് കാലു തിരുമ്മി തന്ന് . എന്നിട്ട് “

ഉമ്മണ്ടായപ്പോക്കെ നല്ലമ്പോലെ ആയിന് ഉമ്മ ഉമ്മറത്തേക്ക് പോയപ്പം മുപ്പരെ സ്വഭാവം മാറി മൂപ്പര് അവിടെം ഇവിടേം ഒക്കെ ഞക്കാനൊക്കെ തുടങ്ങി ഞമ്മള് മുപ്പരെ കൈ തട്ടി അകത്തേക്ക് പോയി .... ( ആലോചിക്കുന്നു ) പിന്നെയൊരീസം ഞമ്മള് ഒറങ്ങുമ്പോൾ മുപ്പരിന്റടുത്ത് വന്ന് കെടന്ന് . ഞമ്മളാകെ വേജാറായി പോയി അന്ന് ഇത് പോലെ തന്നെയാ ഓരെ ( ഭർത്താവിന്റെ ) അനിയനും ഞമ്മളോട് , മുപ്പരിതൊന്നും പറഞ വിശ്വസിക്കുല്ല . അങ്ങന്യാ ഞമ്മള് വീട് മാറാൻ പറഞ്ഞ് മാറിയെ . എന്നിട്ടെന്തുണ്ടായി പറയൂ . “ ഒക്കെ നല്ലമ്പോലെയായിന് ഒരീസം അടുക്കളമ്മാരത്ത് നിക്കുമ്പോ ഒരു വെളിച്ചം പാഞ്ഞു വന്ന് ന്റെ മേലിടിച്ച് , ഞമ്മക്ക് തല ചുറ്റി , ചൊമര് പിടിച്ച് പതുക്കെ കുത്തിനിന്ന് നെലത്ത് , കൊറച്ച് കഴിഞ്ഞപ്പൊ അത് ആക്കായി , പിന്നെ എവടെ തൊട്ടാലും വേദനയാണ് . ഞാൻ തൊടുമ്പോല്യ മൂപ്പര് തൊടുമ്പോൾ പണിക്കര് പറഞ്ഞ് ഹിന്ദുക്കളെ കണ്ടെർവനാണ്ന്ന് , അങ്ങനാ പള്ളിക്കലൈ മുപ്പര് ഏലസ്സ് കെട്ടി തന്നത് . കൊറച്ചീസം സുഖായിരിന്നു പിന്നെ അത് പിന്നെം വന്ന് . ഇപ്പോ പഴേലും വേദനയാണ് . കൂടുതൽ വേദന എവിടെയാണ് ? “ മേല് മുഴുവനും ഇണ്ട് പക്ഷെ കൂടുതലും നെഞ്ചിന്റെ മേലും അരമ്മലും ആണ് " , ഇനിക്കറിയാ ഇനിക്ക് പ്രശ്നനൊന്നുല്യാന്ന് ന്റെ മുപ്പര് വിചാരിച്ചാ മാറും ഒക്കെ . ഈ ചതില്ലൊന്നും ഞമ്മള് പോയി പെടുല്ലായിന് ” ( അവർ പൊട്ടി കരയാൻ തുടങ്ങി , കണ്ണീര് വീണ് ചാരു കസേര കുതിർന്നു ) . 

ദേഹത്ത് വന്നിടിച്ച വെളിച്ചമാണോ ഗന്ധർവ്വൻ ?

 എന്തിനാ ഇവരുടെ ശ രീരത്തിൽ ഗന്ധർവ്വൻ വേദനയുണ്ടാക്കുന്നത് ?

 തുടങ്ങിയ ചോദ്യങ്ങളെ ഉത്തരമാണ് ഈ കേസിലെ ഗന്ധർവ്വനെ കണ്ടുപിടിക്കുന്നത് . 


1 ഗന്ധർവനൊരു മനഃശാസ്ത്ര പരിഹാരം 

ഈ കേസ് വ്യക്തമാക്കി തരുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം . 

മോഹനിദ്രയിൽ പറയുന്ന ഓരോ വാക്കും വളരെ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതാണ് . ഈ കേസിലും വാക്കുകൾ , അതനു ബന്ധിച്ച് വരുന്ന ഭാവങ്ങൾ ഒക്കെ ശ്രദ്ധാപൂർവ്വം കുറിച്ചിരുന്നു . നമ്മുക്കൊരോന്നായി നോക്കാം മനഃശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ് Early foundations are critical എന്നത് . ബാല്യത്തിൽ മനസ്സിൽ പതിയുന്ന അനുഭവങ്ങൾ പിൽക്കാല ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താം , എന്നാൽ ഈ കേസിൽ ശ്രദ്ധേയമായ ഒരു സംഭവ വികാസവും ഉണ്ടായതായി കാണുന്നില്ല , എന്നാൽ യൗവ്വനത്തിൽ ആഗ്രഹിച്ച ഒരു ബന്ധം വീട്ടുകാർ വിവാഹം നടത്തിക്കൊടുത്തില്ല . 

2 . വിവാഹം ഇഷ്ടപ്രകാരമല്ലായിരുന്നു അതുകൊണ്ട് പൊരുത്തക്കേട് ഉണ്ടായിരുന്നു . എന്നാൽ അവരുടെ ഇഷ്ടം മാനിക്കാതെ ഭർത്താവ് ആദ്യ രാത്രി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചു . ( വേദനാജനകവും ഒപ്പം ഭർത്താവിനോട് ഒരു നീരസം തോന്നുന്നതുമായിരുന്നു ഇത് പുതിയ ചുറ്റിപ്പാടിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥ , ആയിടയ്ക്കാണ് ഭർത്താവിന്റെ അച്ഛനും , അനിയനും നടത്തിയ കടന്നുകയറ്റം . മാനസികമായി ആകെ തളർന്നിരുന്നു അവർ . ആരോട് പറയും രതിയ്ക്ക് മാത്രം തന്നെ സമീപിക്കുന്ന ഭർത്താവിനോടൊ ? 

ഒടുവിൽ വീട് മാറിയാൽ പ്രശ്നം പരിഹരിക്കപ്പെടും എന്നു തോന്നി . പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നു മാത്രമല്ല കൂടുതൽ വഷളായി ,

 ഗന്ധർവ്വന്റെ വിളയാട്ടം ഇവിടെയാണ് ഇവരുടെ മനസ്സിൽ ഗന്ധർവ്വൻ കടന്നു കയറിയ സംഭവം നമ്മൾ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടത് . • ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള മാറ്റം . ആശ്വാസ പ്രദമായിരിന്നു . എന്നാൽ പഴയ വീട്ടിലെ സാഹചര്യം കൊണ്ട് ഭർത്താവിനോട് തോന്നിയ നീരസം ലൈംഗീകതാത് പര്യമില്ലായ്മയായി ഭർത്താവ് കണക്കുകൂട്ടി . അദ്ദേഹവും ഇവരെ ശ്രദ്ധിക്കാതെയായി , മോഹ നിദ്രയിൽ ഇവർ ഒരു വാക്ക് പ്രയോഗിച്ചു . “ ചതി ” ( ഇനിക്കറിയാ ഇനിക്ക് പ്രശ്നനൊന്നുല്യാന്ന് ന്റെ മുപ്പര് വിചാരിച്ചാ മാറും ഒക്കെ . ഈ ' ചതി'ല്ലൊന്നും ഞമ്മള് പോയിപെടുല്ലായിന് " ) എന്താണീ ചതി ? ആരാണിവരെ ചതിച്ചത് ? മോഹനിദ്രയിൽ അവർ പറഞ്ഞ ഉത്തരം ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ആ ചതി ചെയ്തത് എന്നായിരുന്നു . ഭർത്താവിനാൽ തിരസ്കരി ക്കപ്പെട്ട സ്വന്തം ലൈംഗികത , അത് മനസ്സിലാക്കി സുഹൃത്ത് ചൂഷണം ചെയ്തു എന്നതാണ് ശരി . അതിൽ പിന്നീട് ഇവർക്ക് അതിയായ കുറ്റബോധമായി , ഈ പ്രശ്നത്തെ ഉപബോധമനസ്സ് മറി കടന്നത് അടുക്കള ഭാഗത്ത് നിന്ന് ഒരു വെളിച്ചം ശരീരത്തിൽ ഇടിച്ചു അതിനാൽ
ശരീരമാസകലം വേദനയാണെന്ന് പറഞ്ഞു കൊണ്ടാണ് . ( ഭർത്താവിന് തന്റെ അശുദ്ധമായ ശരീരം കൊടുക്കുന്നത് തെറ്റാണ് എന്ന കുറ്റബോധമാണിവിടെ ) 

അപ്പോൾ പണിക്കരെങ്ങനെ രാശി വെച്ചു പറഞ്ഞു ഗന്ധർവ്വ കഥ ? 

ഈ പ്രശ്നം ഇവർ പറഞ്ഞു തുടങ്ങിയതു തന്നെ വെളിച്ചം വന്നിടിച്ച കഥയിലാണ് . ശേഷം രാശി പലകയിൽ കാണുമല്ലോ . മുസ്ലിയാർ കെട്ടിയ ഏലസ്സ് താൽകാലികമായി ഉപബോധ മനസിനെ തൃപ്തിപ്പെടുത്തി . ആ സമയത്ത് ശാരീരിക ബന്ധവും നടന്നു . അത് പറഞ്ഞ സമയത്തെ വാക്ക് ശ്രദ്ധിക്കുക , “ ഓ അപ്പോ നല്ല റാഹത്തായിന് " . മുസ്ലിയാരുടെ ഏലസ്സ് തന്നെ ശുദ്ധമാക്കി എന്നാണ് അവർ ധരിച്ചത് . എന്നാൽ ഇവിടെ അടിസ്ഥാന പ്രശ്നം അടിയുറച്ച കുറ്റ ബോധമാണ് . അത് ഉണ്ടാവുന്നത് ഭർത്താവിന്റെ അവഗണന മൂലം സംഭവിച്ച " തെറ്റിൽ നിന്നാണ് . അവഗണിക്കപ്പെട്ട ലൈംഗികത , നിഷേധിക്കപ്പെട്ട സ്നേഹം , സമൂഹം അടിച്ചേൽപ്പിച്ച സദാചാരബോധം ഇവ അവർ ജീവിച്ചിരുന്ന സ്ഥലത്തെ വിശ്വാസവുമായി കുട്ടിച്ചേർത്താണ് ഇവരെ ബാധിച്ച ഗന്ധർവ്വനാവുന്നത് . 

ഗന്ധർവ്വൻ ഇല്ല എന്നാണോ ? 

അങ്ങനെ ഞാൻ പറഞ്ഞില്ല . പറയുകയമില്ല ഗന്ധർവ്വൻ എന്ന് നമ്മുടെ പൂർവ്വികർ ഇതിനെ വ്യക്തമായി പഠിച്ചാണ് പേരിട്ടത് . ഒരു അമേരിക്കക്കൊരിക്ക് ഇത് പോലെ ഗന്ധർവ്വർ കൂടില്ല . അവരുടെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട ഭ്രമ കൽപ്പനയാണ് അവർക്കുണ്ടാവുക . 

ഈ കേസ് കൗൺസലിംഗ് സിറ്റിംഗിലൂടെ പരിഹരിക്കപ്പെട്ടു . ഇന്നവർ സുഖമായി ശരീരവേദനയില്ലാതെ ദാമ്പത്യ ജീവിതം നയിക്കുന്നു .

 മന്ത്രവാദവും ഈ പ്രശ്നത്തെ മനശാസ്ത്രപരമായി തന്നെ യാണ് പരിഹരിക്കുക . 


Thursday, September 17, 2020

സുനിതയുടെ ചെറിയച്ഛൻ


പ്ലസ് വണ്ണിന് പഠിക്കുന്ന മകളെയും കൂട്ടിയാണ് ആ അമ്മ എന്റെ കൗൺസിലിംഗ് സെന്ററിലേക്ക് വന്നത്

അനുവാദത്തിന്, ഉപചാരങ്ങൾക്ക് കാത്തുനിൽക്കാതെ അമ്മ മകളെയും കൂട്ടി എൻറെ കൗൺസിലിംഗ് മുറിയിലേക്ക് കയറി വന്ന് കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞു തുടങ്ങി

സർ ആകെയുള്ള ഒരു മകളാണ്
പഠനത്തിൽ മിടുക്കിയായിരുന്നു. ടീച്ചർമാർക്ക് ഒക്കെ അവളെ കുറിച്ച് വളരെ നല്ല അഭിപ്രായവും ആയിരുന്നു
എന്നാൽ  ഇപ്പോൾ നാല് വിഷയത്തിലാണ് തോറ്റത്. എന്ത് ജോലി പറഞ്ഞാലും ചെയ്യാതെ മടിച്ചു ഒറ്റ ഇരിപ്പാണ്. നാളെ മറ്റൊരു വീട്ടിൽ കഴിയേണ്ട കുട്ടിയല്ലേ   ഇവൾ. ഞാനെന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് ദേഷ്യം പിടിക്കുകയാണ് ചെയ്യുന്നത്.
സാർ ഒന്ന് അവളെ ഉപദേശിച്ചു നന്നാക്കണം.

അമ്മ സ്വസ്ഥമായി കസേരയിൽ ഇരിക്കൂ,  നമുക്ക് സമാധാനം ഉണ്ടാക്കാം.
മോള് കുറച്ചുനേരം പുറത്തിരിക്കു.
ഞാൻ ഇടയിൽ കയറി പറഞ്ഞു

മകൾ കൗൺസിലിംഗ് റൂമിന്  പുറത്തുപോയി. സ്വീകരണ മുറിയിൽ  ഇരുന്നു.

അമ്മ തുടർന്നു.
കൗൺസിലിങ്ങിന് അവളുടെ സമ്മതത്തോടുകൂടി അല്ല വന്നത്. സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാൻ വേണ്ടിയാണ് എന്നു പറഞ്ഞു അവളെയും കൂട്ടി വന്നതാണ്.
കൗൺസിലിങ്ങിന് ആണെന്ന് പറഞ്ഞാൽ അവൾ വരില്ല . ഇവിടെ  എത്തിയപ്പോഴാണ് അവൾക്ക് മനസ്സിലായത്. അതിന്റെ  ദേഷ്യത്തിലാണ് ഇപ്പോൾ.

അച്ഛനും അമ്മയും ഏക മകളും അടങ്ങുന്നതാണ് ആകുടുംബം എന്നും,
തറവാടിനോട് ചേർന്നു ഒരു വീട് വെച്ച് താമസിക്കുകയാണെന്നും,  അച്ഛന് കൂലി പണിയാണ് എന്നും, അമ്മയുടെ പിന്നീടുള്ള സംഭാഷണത്തിൽ നിന്നും അറിയാൻ സാധിച്ചു.
അമ്മയോട്  സംസാരിച്ചതിന്
ശേഷം, ഞാൻ സുനിതയെ മുറിയിലേക്ക് വിളിച്ചു.

അറിയാതെ കൗൺസിലിംഗ് സെൻറിലേക്ക് കൊണ്ടുവന്ന അനിഷ്ടം അവളുടെ മുഖത്ത് നന്നായി കാണാൻ ഉണ്ടായിരുന്നു.

ഞാൻ എൻറെ പേര് പറഞ്ഞു പരിചയപ്പെട്ടു. അവളുടെ പേര് സുനിത എന്നാണെന്ന് അവൾ പറഞ്ഞു.

എനിക്കിപ്പോൾ കൗൺസിലിങ്ങിന്റെ ആവശ്യമൊന്നുമില്ല  "

എന്ന് പറഞ്ഞ് ആദ്യം അവൾ കൗൺസിലിംങിനോട്
സഹകരിച്ചില്ല.
(Step 1 Door opening)
ഞാനവളോട് റാപ്പോ ( Rapport ) ഉണ്ടാക്കുന്നതിനായി,
അവളുടെ സ്കൂൾ ജീവിതത്തെ കുറിച്ചും,  ഹോബികളെ കുറിച്ചും,  ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും,
വീടിനെയും,  വീട്ടുകാരെയും ക്കുറിച്ചൊക്കെ  ചോദിച്ചു  മനസിലാക്കി. 
അവളുടെ ലക്ഷ്യങ്ങൾ  അറിയാൻ  ശ്രമിച്ചു.

ഏത് വിഷയം സംസാരിക്കുമ്പോഴാണ് അവളുടെ ശബ്ദത്തിൽ വ്യതിയാനം ഉണ്ടാകുന്നത് എന്ന് ശ്രദ്ധിക്കുകയായിരുന്നു എന്റെ ലക്ഷ്യം.

വീടിനെയും വീട്ടുകാര്യങ്ങളെയും കുറിച്ച്  സംസാരിക്കുമ്പോഴാണ് അവളുടെ ശബ്ദത്തിൽ നേരിയ വിഷാദം എൻറെ ശ്രദ്ധയിൽപെട്ടത്.
(Step 2 Empathetic Listening)
സുനിതയ്ക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയാം സുനിത പറയുന്ന എല്ലാ കാര്യങ്ങളും 100% രഹസ്യമായി സൂക്ഷിക്കും. സുനിതയുടെ മനസ്സിൽ ശക്തമായ വിഷമം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി, എന്ന് ഞാൻ അവളോട് പറഞ്ഞു.

അവൾ സംശയത്തോടെ പുറത്തേക്ക് നോക്കി.

അവൾ പറയുന്ന കാര്യങ്ങൾ അവളുടെ അമ്മ കേൾക്കുമോ എന്ന ഉത്കണ്ഠയാണ് ആ നോട്ടം എന്ന് എനിക്ക്  മനസ്സിലായി.
സുനിത പറയുന്ന കാര്യങ്ങൾ ഞാൻ മാത്രമേ കേൾക്കുകയുള്ളൂ. ശബ്ദം  പുറത്തു  പോവില്ല.
എന്നെ വിശ്വസിക്കാം
സുനിത എന്നോട് പങ്കുവയ്ക്കുന്ന കാര്യങ്ങൾ ഞാൻ 100% രഹസ്യമായി സൂക്ഷിക്കും
എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുകയാണെങ്കിൽ എനിക്ക് ഒരു പക്ഷേ സുനിതയെ കൂടുതൽ സഹായിക്കാൻ കഴിഞ്ഞേക്കും.
എന്ന് പറഞ്ഞുകൊണ്ട്  ഞാൻ സുനിതയെ കേൾക്കാൻ തയ്യാറായി.

സുനിത കസേര  കുറച്ചുകൂടി എനിക്ക് അരികിലേക്ക് നീക്കിയിട്ടു,
എന്നിട്ട്  പറഞ്ഞു തുടങ്ങി,

സർ ഞാനും അമ്മയും അച്ഛനും അടങ്ങിയതാണ് ഞങ്ങളുടെ കുടുംബം. ഞങ്ങളുടെ വീടിനോട് ചേർന്ന് തന്നെയാണ് തറവാടുള്ളത്. അവിടെ അച്ഛൻറെ അനിയന്മാരും മറ്റു ബന്ധുക്കളും താമസിക്കുന്നു.

കഴിഞ്ഞ ദിവസം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്
അച്ഛൻറെ അനിയൻ പെട്ടെന്ന് റൂമിലേക്ക് കയറി വരികയും, എന്നോട് മോശമായി പെരുമാറുകയും ചെയ്തു. ഞാനാകെ പേടിച്ചു പോയി.
ഞാൻ ഉറക്കെ കരഞ്ഞു.
അച്ഛൻറെ അനിയൻ എൻറെ വായപൊത്തി പിടിക്കുകയും ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ, അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇപ്പോൾ രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല,
എപ്പോഴും ആ ചിത്രം മാത്രമാണ് മുമ്പിൽ വരുന്നത്.
എനിക്ക് ഇത് ആരോടും പറയാൻ സാധിക്കുന്നുമില്ല.

മാത്രമല്ല ഇപ്പോൾ അച്ഛനും അദ്ദേഹത്തിൻറെ കുടുംബവും തമ്മിൽ വളരെ സ്നേഹത്തിലാണ്.
ഇതെങ്ങാൻ അച്ഛൻ അറിഞ്ഞാൽ,
അച്ഛൻ വളരെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന പ്രകൃതക്കാരനാണ്. അച്ഛൻ എന്തെങ്കിലും കടുംകൈ ചെയ്യും.
ഞങ്ങളുടെ കുടുംബജീവിതം ആകെ താറുമാറാകും.

സാർ ഒരിക്കലും ഇത് ആരോടും പറയരുത്. ഒരു ദീർഘനിശ്വാസത്തോടെ സുനിത നിർത്തി.

കൗൺസിലിങ്ങിലെ ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾ ആയ  ഡോർ ഓപ്പണിങ്ങും, എംപതറ്റിക് ലിസണിംങ്ങും ഇവിടെ പൂർണമായി.

അവൾ പറയുന്ന എല്ലാ കാര്യങ്ങളും  വളരെ സൂക്ഷ്മതയോടെ,  വ്യക്തതയോടെ ഞാൻ നിരീക്ഷിച്ചു.

ഇനി അടുത്തത് മൂന്നാമത്തെ പടിയായ genuinenus ആണ്.

(Step 3 genuines)
ഇത് വളരെ  വിഷമകരമായ ഒരു അവസ്ഥയാണ്.
സുനിതയുടെ മാനസികാവസ്ഥ,  നിസ്സഹായത എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
ഈ ഒരു പ്രശ്നം നമുക്ക് ഒരുമിച്ച് പരിഹരിക്കാമെന്നും, ഈ പ്രശ്നം പരിഹരിച്ച് വീട്ടിൽ സമാധാന അന്തരീക്ഷം ഉണ്ടാവുന്നത് വരെ ഞാൻ സുനിതയുടെ കൂടെ ഉണ്ടാകുമെന്നും ഞാൻ  സുനിതയ്ക്ക് ഉറപ്പുകൊടുത്തു.

ഇനി നാലാമത്തെ പടിയായ റെസ്പെക്ട് (Respect)ആണ്.

(Step 4 respect)

സുനിത അനുഭവിക്കുന്ന വിഷമം അതിൻറെ പൂർണ്ണതയിൽ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 

എന്ന് ഞാൻ പറഞ്ഞു.,

തനിക്കുണ്ടായ ഒരനുഭവം ആരോടും തുറന്നു പറയാൻ കഴിയാതെ  വീർപ്പുമുട്ടുന്ന സുനിതയ്ക്ക് വലിയ ഒരു ആശ്വാസമായിരുന്നു അത്.
സുനിത ഒരു  ദീർഘ നിശ്വാസത്തോടെ  കസേര  യിലേക്ക് ചാരിയിരുന്നു.

അവൾ റിലാക്സ് ആയി എന്നതിൻറെ ലക്ഷണമാണ് അത്.

ഇനി അഞ്ചാമത്തെ സ്റ്റെപ്പ് ആയ കോൺക്രീറ്റ്നസ് (വ്യക്തത ഉണ്ടാക്കൽ ) ആണ് (Step 5 Concreteness)
ഈ വിഷയത്തിൽ വളരെ വ്യക്തമായ ഒരു ചിത്രം എനിക്ക് ലഭിക്കുന്നതിനുവേണ്ടി  ഞാൻ സുനിതയോട്  കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ  തുടങ്ങി.

എനിയെഗ്രാം അനുസരിച്ച് സുനിതയുടെ വ്യക്തിത്വം ഏതാണ് എന്നറിയുക എന്നതായിരുന്നു എൻറെ ആദ്യത്തെ ലക്ഷ്യം.

സംസാരിക്കുന്നതിന്  ഇടയ്ക്ക് കൈകൾ വിയർക്കുന്നതും,  ഹൃദയമിടിപ്പ് കൂടുന്നതും,  ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് നോക്കുന്നതും, എനിക്ക് കാണാമായിരുന്നു.

ഇതിൽ നിന്നും  സുനിത,
വളരെയധികം ഭയത്തോടെ, എല്ലാ പ്രശ്നങ്ങളെയും കാണുന്ന,
ഏറ്റവും കൂടുതൽ ഭയമുള്ള,
ഏറ്റവും കുറവ് ആത്മവിശ്വാസമുള്ള,
ആറാമത്തെ പേഴ്സണാലിറ്റിയാണ് (supporter)
എന്നെനിക്ക് തോന്നി.
അത് ഉറപ്പിക്കാനായി ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു

1.ജീവിതത്തിൽ വളരെ ആത്മവിശ്വാസം കുറവാണ് അല്ലേ ?
ഉത്തരം - അതെ

2 ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ പലപ്പോഴും പ്രയാസങ്ങൾ ഉണ്ടാവാറുണ്ട് അല്ലേ ?

ഉത്തരം :ഉണ്ട് ,എനിക്ക് ഒരിക്കലും ഒരു തീരുമാനത്തിൽ എത്താൻ കഴിയാറില്ല ഞാൻ എന്തെങ്കിലും ചെയ്താൽ തെറ്റി പോയാലോ എന്നുള്ള പേടിയാണ്.

3. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാനും, തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങളോട് പ്രതികരിക്കാനുമുള്ള ആർജ്ജവം  മനസ്സിലുണ്ടെങ്കിലും,  അത്  പ്രകടിപ്പിക്കാനുള്ള ധൈര്യം ഉണ്ടാവാറില്ല അല്ലെ?

ഉത്തരം.വളരെ കറക്റ്റ് ആണ് സർ.
ഈ വിഷയത്തിൽ തന്നെ,  എനിക്ക് പ്രതികരിക്കണമെന്ന് ഉണ്ടായിരുന്നു. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിചാണ് ഞാൻ ആരോടും പറയാതെ ഈ വിഷമം മുഴുവൻ ഒറ്റയ്ക്ക് സഹിക്കുന്നത്.

സുനിതയുടെ വ്യക്തിത്വ സവിശേഷതകൾ കൂടുതൽ അറിയുന്നതിനും വിഷയത്തിൽ കൃത്യമായ വ്യക്തത ഉണ്ടാക്കലും ആണ് അടുത്ത പടി

അതിനായി സുനിതയെ എനിയഗ്രാം ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി  ചോദ്യാവലിയും ഗ്രാഫും കൊടുത്ത്  പുറത്തുള്ള ടേബിളിലേക്ക് പറഞ്ഞയച്ചു.

ഈ സമയം  അമ്മയെ വിളിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുക എന്നതും എൻറെ ഉദ്ദേശം ആയിരുന്നു.

ഞാൻ സുനിതയുടെ അമ്മയെ വിളിച്ച് കാര്യങ്ങൾ
ഓരോന്നായി ചോദിച്ചു.

സുനിതയുടെ അച്ഛനെ കുറിച്ചും ബന്ധുക്കളെ കുറിച്ചും, പ്രത്യേകിച്ച്  ചെറിയച്ഛനെ കുറിച്ചും വിശദമായി തന്നെ  അന്വേഷിച്ചു.

ഞാൻ.
വീട്ടിൽ ആരൊക്കെയുണ്ട്

അമ്മ ,
ഞാനും കുട്യോളുടെ അഛനും മോളും മാത്രം
ഞാൻ:
സുനിത ഒറ്റ മോളോണോ ?
അമ്മ:
അതെ സാർ.പ്രസവം 
ഓപ്പറേഷനായിരുന്നു. കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഞാൻ :
നിങ്ങളുടെ ബന്ധുക്കളൊക്കെ എവിടെയാണ് താമസിക്കുന്നത് ?
അമ്മ :
അദ്ദേഹത്തിന്  ഭാഗമായി കിട്ടിയ ഭൂമിയിൽ ഞങ്ങൾ ഒരു വീട് വെച്ച് താമസിക്കുകയാണ്. തൊട്ടടുത്ത് തന്നെയാണ് തറവാട്.
അവിടെ അദ്ദേഹത്തിന് അച്ഛനും അമ്മയും സഹോദരന്മാരും അവരുടെ കുടുംബവും താമസിക്കുന്നു.
ഞാൻ :
എത്ര സഹോദരന്മാരാണ് ഉള്ളത്?

അമ്മ :
അവർ നാല് ആണും ഒരു പെണ്ണും ആണ് സാർ.
അതിൽ രണ്ടാമത്തേതാണ് അദ്ദേഹം.
ഞാൻ :
നിങ്ങൾ അവരുമായി നല്ല സൗഹാർദ്ദത്തിൽ തന്നെയല്ലേ ഉള്ളത്?
അമ്മ :
അതെ സർ അദ്ദേഹത്തിന് വലിയ കുടുംബസ്നേഹം ആണ്.
ഞങ്ങൾ പല വീടാണെങ്കിലും ഒറ്റ വീട് പോലെയാണ് കഴിയുന്നത്.
ഞാൻ :
സുനിതയുടെ അച്ഛൻറെ സഹോദരന്മാർ എല്ലാവരും വിവാഹമൊക്കെ കഴിഞ്ഞ് കുടുംബവുമായി തന്നെയല്ലേ അവിടെ താമസിക്കുന്നത്?
അമ്മ
അതെ സർ.
ഞങ്ങൾ ഒരു പുതിയ കറി ഉണ്ടാക്കിയാൽ പോലും അത് എല്ലാവരും ഒരുമിച്ച് വീതിച്ചാണ് കഴിക്കാറ്.

ഞാൻ :
വളരെ സന്തോഷം ഈ കാലഘട്ടത്തിൽ നിങ്ങളുടെ കുടുംബം ഒരു മാതൃക തന്നെയാണ്.
അമ്മ :
അതുതന്നെയാണ് സാർ നാട്ടുകാരും പറയുന്നത്.
അതുകൊണ്ടുതന്നെ അവൾ ഒറ്റ മോളാണെങ്കിലും ആ ഒരു കുറവും ഇല്ലാതെയാണ്  അവൾ
തറവാട്ടിലെ മറ്റു കുട്ടികൾക്കൊപ്പം വളർന്നത്.
ഞാൻ :
നിങ്ങൾ പുറത്ത് എവിടെയെങ്കിലും പോകുമ്പോൾ മകൾ ഒറ്റയ്ക്കാണോ വീട്ടിൽ ഉണ്ടാവാറുള്ളത്?
അമ്മ :
ഞാനവളോട് പറയാറുണ്ട് പേടിയുണ്ടെങ്കിൽ തറവാട്ടിൽ പോയി ഇരിക്കാൻ. പക്ഷേ അവൾ ഫോൺ നോക്കി വീട്ടിൽ റൂമിൽ തന്നെ ഇരിപ്പാണ് പതിവ്.

ഞാൻ
മോള് പ്രായപൂർത്തിയായി വരികയല്ലേ, അപ്പോൾ പിന്നെ ഇന്നത്തെക്കാലത്ത് ഒറ്റയ്ക്ക് ഇങ്ങനെ ഇരുത്തുന്നത്
ശരിയാണോ?

അമ്മ :
സർ വീട്ടിൽനിന്നും ഒന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കിയാൽ തറവാട്ടിൽ കേൾക്കാം.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി. അവരെല്ലാം  പെട്ടെന്ന് ഓടി  വരും. അവരെല്ലാവരും അവളെ
പൊന്ന് പോലെയാണ് സർ നോക്കുന്നത്.

കഴിഞ്ഞദിവസം ഒരു തേളിനെ കണ്ടു അവൾ അലറി വിളിച്ചപ്പോൾ എല്ലാവരും ഓടി വരികയുണ്ടായി.

10 -16 വയസ്സായി സർ ഇതുവരെ അവൾക്ക് ഒരു തൻറെടം വന്നിട്ടില്ല. ഇങ്ങനെ പേടിച്ചാൽ എന്താണ് ചെയ്യുക?  വേറൊരു വീട്ടിൽ കഴിയേണ്ട കുട്ടിയല്ലേ അവൾ. സാറേ, ഇതെല്ലാം ഒന്ന് അവളെ ഉപദേശിച്ചു നേരേയാക്കണം
ഞാൻ :
സുനിതയ്ക്ക് എന്ന് മുതലാണ് ഈ പ്രശ്നം തുടങ്ങിയത്?
അമ്മ
ഒരാഴ്ചയായി സാർ.
ഞാൻ :
അവൾ കുട്ടിക്കാലംമുതൽ എങ്ങനെയാണ്?
നല്ല ധൈര്യമുള്ള കുട്ടിയായിരുന്നോ?
അമ്മ
അവൾ വലിയ പെണ്ണ് ആയിട്ടും ഇപ്പോഴും എന്നെ കെട്ടിപ്പിടിച്ച് ആണ് സാറേ കിടന്നുറങ്ങുന്നത്.
ഒറ്റയ്ക്ക് കിടക്കാൻ പേടി ആണത്രേ. ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല.
ഞാൻ
അവൾ  ദിവസവും നന്നായി ഉറങ്ങാറുണ്ടോ?
അമ്മ
ഫോണിൽ  കളിച്ചിരുന്ന് വളരെ വൈകിയാണ് ഉറങ്ങുന്നത്. അതുകൊണ്ടുതന്നെ എഴുന്നേൽക്കുന്നതും വളരെ വൈകിയാണ്.

സാർ ഇതൊക്കെ അവളെ ഒന്ന് ഉപദേശിച്ചു നേരെയാക്കണം.
ഞാൻ :
ക്ഷമിക്കണം കൗൺസിലിംഗ് എന്ന് പറയുന്നത് ഉപദേശിക്കൽ അല്ല ഇപ്പോഴത്തെ കുട്ടികൾക്ക് ഉപദേശവും കുറ്റപ്പെടുത്തലും തീരെ ഇഷ്ടമല്ല.  അതുകൊണ്ടുതന്നെ കുറ്റപ്പെടുത്തുന്ന വരെയും ഉപദേശിക്കുന്ന വരെയും അനുസരിക്കാറും ഇല്ല.
അമ്മ :
അത് സാറ് പറഞ്ഞത് വളരെ ശരിയാണ്. ഞാൻ എന്തെങ്കിലും ഒരു നല്ല കാര്യം പറഞ്ഞു കൊടുത്താൽ അപ്പോൾ അവൾക്ക് ദേഷ്യമാണ്.
ഞാൻ :
അമ്മയും ദേഷ്യപ്പെട്ട് അല്ലേ അവളോട്  സംസാരിക്കാറുള്ളത്?
അമ്മ:
ഇതൊക്കെ കണ്ടാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ സാർ?
ഞാൻ :
നമ്മളെ കണ്ടല്ലേ കുട്ടികൾ വളരുന്നത്,
അതുകൊണ്ട് നമുക്ക് ശാന്തമായി അവരോട് കാര്യങ്ങൾ പറഞ്ഞു നോക്കാം.
ഇപ്പോഴത്തെ കുട്ടികൾ വളരെ നല്ലവരാണ്. നമുക്ക് അവരെ മാറ്റിയെടുക്കാൻ വളരെ എളുപ്പമാണ്. ദേഷ്യപെടാതെ
വളരെ സ്നേഹത്തോടെ ശാന്തമായി കാര്യങ്ങൾ പറയാൻ അമ്മയും ശ്രദ്ധിക്കു.

അപ്പോഴേക്കും  ഇനിയെഗ്രാം ടെസ്റ്റ്‌  പൂർത്തിയാക്കി ,  മകൾ എൻറെ അനുവാദത്തിനായി വാതിലിൽ മുട്ടി.

അമ്മയോട് കുറച്ചുനേരം പുറത്തിരിക്കാൻ പറഞ്ഞു,  ഞാൻ സുനിതയെ അകത്തേക്ക് വിളിച്ചു.

ആൻസർ കീ നോക്കിയപ്പോൾ
എൻറെ ഊഹം ശരിയാണ് എന്ന് മനസ്സിലായി.
സുനിതയുടെ ആറാമത്തെ വ്യക്തിത്വമാണ് (supporter)കൂടുതൽ ഉയർന്നു നിൽക്കുന്നത്.


(Step 6 Immediacy)

ആറാമത്തെ പടിയായ
ഇമ്മീഡിയൻസി (immediancy) ഇവിടെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.

(Step 7 Self-disclosure)

ഏഴാമത്തെ പടിയായ
സെൽഫ് ഡിസ്ക്ലോസറിലേക്ക് കടന്നു .

ഇന്ന് പെൺകുട്ടികൾക്ക്  നേരെ കാണുന്ന  ആക്രമണങ്ങളെ കുറിച്ചും,  അങ്ങനെ വന്നാൽ എങ്ങനെ പ്രതികരിക്കണമെന്നും
പ്രണയ കുരുക്കുകളെ  കുറിച്ചും,
എൻറെ  ചില അനുഭവ കഥകളിലൂടെ ഞാൻ സുനിതയെ ബോധ്യപ്പെടുത്തി.

സാറിപ്പോൾ നേരത്തെ കൗൺസിലിംഗിന് വന്നവരുടെ കഥകൾ എന്നോട് പറഞ്ഞതു പോലെ എന്റെ പ്രശ്നവും എല്ലാവരോടും പറയുമോ ?

സുനിത വളരെ സംശയത്തോടെ എന്നെ നോക്കി

ഒരിക്കലുമില്ല കൗൺസിലിംങ്ങ്
വളരെ ധാർമികതയുള്ള ഒരു കല യാണ് അതിനാൽ ഒരാൾ വിശ്വസിച്ച് നമ്മുടെ അടുത്ത് പറയുന്ന കാര്യങ്ങൾ ഒരിക്കലും മറ്റൊരാളോട് പറയില്ല - ഞാൻ പറഞ്ഞു

അപ്പോ സാറ് ഇപ്പോ
എന്നോട് ..................
അവൾ അർദ്ധോക്തിയിൽ
നിർത്തി

സംഭവങ്ങൾ സത്യമാണെങ്കിലും
വ്യക്തികളും സ്ഥലങ്ങളും സന്ദർഭങ്ങളും സാങ്കൽപികമാണ്

ഓ ആശ്വാസമായി
അങ്ങനെയാണെങ്കിൽ
സാറ് ഇതും എല്ലാവരോടും പറഞ്ഞു കൊള്ളു ഇത്തരം സന്ദർഭങൾ വന്നാൽ എങ്ങനെയൊക്കെ പെരുമാറാം എന്ന് സാധാരണക്കാർക്ക് മനസിലാക്കാമല്ലോ
അവൾ പറഞ്ഞു.

(Step 8 Confrontation)

ഞങ്ങൾ എട്ടാമത്തെ പടിയായ  കോൺഫ്രൺഡേഷൻ (confrontation) ലേക്ക്  കടന്നു.

(ഇവിടെയാണ് നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഉള്ളത്.)

സത്യത്തിൽ സുനിത തൻറെ വ്യക്തിത്വത്തിന്റെ പ്രത്യേകത കൊണ്ട് അദ്ദേഹത്തെ തെറ്റിദ്ധരിച്ചത് ആണെങ്കിലോ,  എന്ന സംശയം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു.

മുമ്പ് സമാനമായ കേസുകൾ
ഉണ്ടായിട്ടുണ്ട് എന്നാൽ അങ്ങനെ ഒരു മുൻ വിധിയോടെ നമ്മൾ പെരുമാറാനും പാടില്ല
ഇവിടെ കാര്യക്കളുടെ സത്യാവസ്ഥ ഇതിന്റെ ഭാഗമായ എല്ലാവരുടെയും ഭാഗത്ത് നിന്ന് ന്നേക്കി കാണണം എന്നതാണ്
അടുത്ത വഴി

സുനിത പറയുന്ന കാര്യവും യഥാർത്ഥത്തിൽ സംഭവിച്ച കാര്യവും ഒന്നു തന്നെയാണോ ?

എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടോ ?

എന്ന് തിരിച്ചറിയലായിരുന്നു  ഈ പടിയിൽ എനിക്ക് ചെയ്യാനുള്ളത്.

സുനിതക്ക് ചെറിയച്ഛനെക്കുറിച്ചുള്ള  അഭിപ്രായം എന്താണെന്ന് ഞാൻ ചോദിച്ചു.

അച്ഛനെക്കാൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു അവരെല്ലാവരും
സ്വന്തം മോളെ പോലെ ആയിരുന്നു അവരെല്ലാവരും എന്നോട് പെരുമാറിയിരുന്നത്.

എന്നാണ് സുനിത അതിന് മറുപടിയായി എന്നോട് പറഞ്ഞത്.

ചെറിയ അച്ഛന്  മദ്യപാനം പുകവലി തുടങ്ങിയ ഏതെങ്കിലും ശീലങ്ങൾ ഉണ്ടോ ?

മുമ്പ് എപ്പോഴെങ്കിലും ഇതുപോലുള്ള ഏതെങ്കിലും സ്വഭാവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?

സുനിതയോട് മുമ്പ് എപ്പോഴെങ്കിലും ഈ രീതിയിൽ അതിൽ പെരുമാറിയിട്ടുണ്ടോ  ?

എന്ന് ചോദിച്ചു

ഇങ്ങനെ യാതൊരു ദുശീലങ്ങളും ഇല്ലാത്ത ആളാണ് അദ്ദേഹം എന്നും മോഡേൺ ആയി വസ്ത്രം ധരിക്കാനുള്ള തൻറെ ആഗ്രഹത്തെ പലപ്പോഴും എതിർത്തത് അദ്ദേഹം ആണെന്നും അവൾ പറഞ്ഞു

ബുദ്ധിമുട്ടില്ലെങ്കിൽ
അന്ന് നടന്ന സംഭവങ്ങൾ വളരെ വ്യക്തമായി പറയാൻ   ഞാൻ
സുനിതയോട് പറഞ്ഞു

സുനിത ടി വി കണ്ടിരിക്കുമ്പോൾ
ചെറിയച്ഛൻ പെട്ടെന്ന് അകത്തേക്ക് കയറി വരികയും,
അത് കണ്ട് പേടിച്ച് സുനിത കരഞ്ഞപ്പോൾ
ചെറിയച്ഛൻ വായ പൊത്തിപ്പിടിച്ച്
ഒച്ച വയ്ക്കരുത് എന്നും,
ആരെങ്കിലും അറിഞ്ഞാൽ  മരിക്കേണ്ടിവരും,  എന്നും,
എന്തൊക്കെയോ പറഞ്ഞു.

അവൾ പറഞ്ഞത്.

ചെറിയച്ഛൻ സുനിതയെ ഉപദ്രവിക്കാൻ  ശ്രമിച്ചിട്ടുണ്ടായിരുന്നോ ? 
ഞാൻ ചോദിച്ചു

ഉപദ്രവിച്ച് ഒന്നുമില്ല ഞാൻ പേടിച്ച് അലറിവിളിച്ചു കരഞ്ഞപ്പോൾ
എൻറെ വായ പൊത്തി പിടിക്കുകയും,
ഇത് പുറത്ത് ആരോടും പറയരുത് എന്ന് പറഞ്ഞു അവിടുന്ന് പോവുകയും ചെയ്തു.
അവൾ പറഞ്ഞു.

സുനിത ഒറ്റയ്ക്ക് വീട്ടിലിരിക്കുമ്പോൾ വാതില് സുരക്ഷിതമായി അടച്ചിടേണ്ടതല്ലേ?
ഞാൻ ചോദിച്ചു.

അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് അവൾ മറുപടി പറഞ്ഞത്.

പിന്നീട് ഈ വിഷയത്തെക്കുറിച്ച്  ചെറിയച്ഛനോട് എന്തെങ്കിലും ചോദിച്ചിരുന്നുവോ?
ഞാൻ ചോദിച്ചു.
സുനിത :
ഇല്ല ഞാൻ നേരത്തെ സ്കൂളിലേക്ക് പോകും. വളരെ വൈകിയാണ് വരുന്നത്.
അതിനുശേഷം ഞാൻ കണ്ടിട്ടില്ല.
ഞാൻ :
ചെറിയച്ഛൻ മുറിയിലേക്ക് വന്നപ്പോൾ  സുനിത പേടിച്ചു കരഞ്ഞത് കണ്ടു വായ പൊത്തിപ്പിടിച്ചതാവാനും
സാധ്യതയില്ലേ ?
ഞാൻ വെറുതെ എൻറെ ഒരു സംശയം ചോദിച്ചു എന്ന് മാത്രം.

സുനിത :
സാറ് പറഞ്ഞത് ശരിയാണ്.
ഞാൻ എൻറെ ഭാഗത്തുനിന്ന് മാത്രമേ ചിന്തിച്ചുള്ളൂ.
ഞാൻ ആകെ ഭയന്നു വിറച്ചു പോയി.

നമ്മുടെ ചുറ്റിലും ഇത്തരം സംഭവങ്ങൾ ഒക്കെ അല്ലേ നടക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരിയുടെ ചെറിയച്ഛൻ
മദ്യപിച്ച് ബോധമില്ലാതെ
അവളോട് മോശമായി പെരുമാറ്റിയിരുന്നു
ആ സമയത്ത് അവളുടെ അമ്മ കണ്ടത് കൊണ്ടാണ് രക്ഷപ്പെട്ടത്
ഞാൻ :
ഇങ്ങനെ ഒരു സംശയം സുനിതയ്ക്ക് ഉണ്ടെങ്കിൽ അത് ചെറിയച്ഛനോട് ചോദിച്ചു വ്യക്തമാക്കേണ്ടത് അല്ലേ?

സുനിത.
ഇത് ആരോടും പറയാൻ പറ്റാത്ത ഒരു വിഷമത്തിലായിരുന്നുഞാൻ.
സാർ ഒന്ന് ചെറിയച്ചനെ   വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമോ ?
അവൾ ചോദിച്ചു

കൗൺസലിങ്ങിൽ അങ്ങനെ സാധിക്കില്ല. ഞാൻ എന്ത് പറഞ്ഞാണ് സുനിതയുടെ ചെറിയച്ചനെ  വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുക?
ഇത് പോലീസ് സ്റ്റേഷൻ ഒന്നുമല്ലല്ലോ. പോലീസുകാർക്ക് അങ്ങനെയൊക്കെ ചെയ്യാം
എന്നാൽ കൗൺസിലിംഗിൽ
തൊട്ടു മുമ്പിൽ ഇരിക്കുന്ന ആളെ ശക്തരാക്കി (empower) അവരിലൂടെ പ്രശ്നപരിഹാരം കാണുന്നതാണ്  രീതി.

സുനിത ആദ്യം ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്തുകയാണ് വേണ്ടത്

ചെറിയച്ഛൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ ആവാത്ത അപരാധമാണ്.
പോക്സോ വകുപ്പ് അനുസരിച്ച്
ഇത് മറച്ചുവെക്കുന്നത് പോലും വലിയ കുറ്റമാണ്.
14 ദിവസം ജാമ്യമില്ലാതെ ജയിലിൽ കിടക്കണം.
അതിനു വേണ്ട എല്ലാ സപ്പോർട്ടും ധൈര്യവും സുനിതയ്ക്ക്  ഞങ്ങൾ തരാം.
എന്ന് ഞാൻ ഉറപ്പു കൊടുത്തു.

പക്ഷേ എന്തെങ്കിലും ആവശ്യത്തിന് അദ്ദേഹം അങ്ങോട്ട് കയറി വന്നപ്പോൾ
സുനിത പെട്ടെന്ന് പേടിച്ച് കരഞ്ഞത്കണ്ട് എന്ത് ചെയ്യണമെന്നറിയാതെ
വായ് പൊത്തിയത് ആണെങ്കിലോ?

ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ മരിക്കും എന്ന് പറഞ്ഞത് എന്തിനാണ് ?
സുനിത ചോദിച്ചു

സുനിത ചെറിയച്ഛനെ തെറ്റിദ്ധരിച്ച് പുറത്തുപറഞ്ഞാൽ ഉണ്ടാവുന്ന മാനക്കേട് ഓർത്ത്
അദ്ദേഹം അങ്ങനെ പറഞ്ഞതാ ണെങ്കിലോ?
ഞാൻ സുനിതയ്ക്ക് തന്നെ ആ ചിന്ത വിട്ടുകൊടുത്തു.

കഴിഞ്ഞദിവസം ഒരു തേളിനെ കണ്ടു അവൾ അലറി വിളിച്ചു എന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ  ഞാൻ അവളുടെ ഭയത്തെ കുറിച്ച് മനസ്സിലാക്കിയതാണ് 

ഒരു തേളിനെ അപ്രതീക്ഷിതമായി കണ്ട് അലറി വിളിച്ചിട്ടുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഒരു മനുഷ്യനെ കണ്ടാലും അവൾ ഇതു തന്നെയാണല്ലോ ചെയ്യുക
എന്ന എൻറെ ചിന്തയിൽ നിന്നാണ് ഞാൻ ഈ ചോദ്യം ചോദിച്ചത്.

"മോൾ എന്തിനാണ് ഇങ്ങനെയൊച്ച വെക്കുന്നത് ചെറിയച്ഛൻ അല്ലേ.
മോള് ഒച്ചവച്ചാൽ ആൾക്കാർ തെറ്റിദ്ധരിക്കും
എന്ന് ചെറിയച്ഛൻ പറയുന്നുണ്ടായിരുന്നു.
സുനിത കൂട്ടിച്ചേർത്തു

പക്ഷേ ആ സമയത്ത് എനിക്ക് അതൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.
ഞാൻ ആകെ ഭയന്നു വിറച്ചു പോയി
നമ്മൾ സിനിമയിലും സീരിയലിലും ഒക്കെ പലതും കാണുന്നതല്ലേ സാർ.

മാത്രവുമല്ല ഇന്നത്തെ പത്രത്തിൽ നിറയെ ഇത്തരം സംഭവങ്ങൾ ആണല്ലോ

ഞാനപ്പോൾ സ്വബോധത്തിൽ ആയിരുന്നില്ല
സാർ ആകെ പേടിച്ചു വിറച്ച അവസ്ഥയിലായിരുന്നു

എന്ന് അവൾ പറഞ്ഞു.

(Step 9 Contentparaphrase)

ഞങ്ങൾ ഒൻപതാമത്തെ പടിയായ contentparaphrase ലേക്ക്  പ്രവേശിച്ചു.

തറവാട് നോട് ചേർന്ന്  ചെറിയ ഒരു വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന കുട്ടിയാണ് സുനിത.
എല്ലാ കാര്യത്തിലും വളരെ മിടുക്കി ആണെങ്കിലും പൊതുവേ ആത്മവിശ്വാസം കുറഞ്ഞ,  എല്ലാ കാര്യങ്ങളെയും വളരെയധികം ഭയത്തോടെ കാണുന്ന പ്രകൃതമാണ് സുനിതയ്ക്ക് ഉള്ളത്.

കഴിഞ്ഞ ദിവസം വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ
ഒന്ന് പെട്ടെന്ന് മുറിയിലേക്ക് ഇളയച്ഛൻ കയറി വന്നപ്പോൾ
അത് തന്നെ ഉപദ്രവിക്കാൻ ആയിരിക്കും എന്ന് കരുതി
അലറി വിളിക്കുകയും
ചെറിയച്ഛൻ വായ പൊത്തി പിടിക്കുകയും ചെയ്തു.

ചെറിയച്ഛൻ ഉപദ്രവിക്കാൻ വന്നതാണോ, അല്ല..  സുനിത കരഞ്ഞപ്പോൾ വായപൊത്തി പിടിച്ചതാണോ... എന്ന് നമുക്ക് വ്യക്തമായി അറിയില്ല.

സുനിത അത് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല

സുനിതയുടെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട്.

എന്തുവന്നാലും ഈ വിഷയം നമുക്ക് പരിഹരിക്കണം.
ഈ പ്രശ്നത്തെ നമുക്ക് നേരിടണം
ഇത് മറ്റാരെങ്കിലും അറിഞാൽ
ചെറിയച്ഛൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു  emotional blackmail  ചെയ്തതാവാം.

അദ്ദേഹം  തെറ്റായ രീതിയിൽ  ആണ് സുനിതയോട് പെരുമാറിയത് എങ്കിൽ ശക്തമായി പ്രതികരിക്കുകയും അദ്ദേഹത്തിന് ശിക്ഷ വാങ്ങി കൊടുക്കുകയും വേണം.

പക്ഷേ അതിനു മുൻപ് നമുക്ക് വ്യക്തമായി അത് അറിയേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ അതിൽ വ്യക്തത വരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്.

എന്തായാലും ഈ വിഷയത്തിൽ ആ സമയത്ത് ഒച്ച വെക്കാൻ കാണിച്ച  സുനിതയുടെ ധൈര്യത്തെ ഞാൻ അങ്ങേയറ്റം അഭിനന്ദിച്ചു.

ആ പ്രശ്നത്തിൽ നിന്നും ഒളിച്ചോടുകയോ പ്രശ്നത്തെ പേടിച്ച് ഇരിക്കുകയോ അല്ല വേണ്ടത്
കൃത്യമായി അതിനെ നേരിടുകയാണ് വേണ്ടത്.


(Step 10 Brain Storming)ഞങ്ങൾ പത്താമത്തെ സ്റ്റെപ്പ് ആയ ബ്രെയിൻ സ്റ്റോമിങ് (Brain storming)എത്തി.

ഈ വിഷയത്തെ മറികടക്കാൻ നേരിടാൻ എന്തൊക്കെ വഴികളുണ്ട് എന്ന്  കൃത്യമായി എഴുതി വയ്ക്കാൻ ഞാൻ സുനിതയോട് ആവശ്യപ്പെട്ടു

1.പോക്സോ വകുപ്പ്ചേർത്ത് ചെറിയച്ഛന് എതിരെ കേസ് കൊടുക്കുക.

ഗുണം :ഇനി മേലാൽ അദ്ദേഹം ഇത്തരം കാര്യങ്ങൾക്ക് മുതിരില്ല.
സമൂഹത്തിലെ മറ്റുള്ളവർക്ക് ഇതൊരു മാതൃക ആയിരിക്കും.

ദോഷം :യഥാർത്ഥത്തിൽ അദ്ദേഹം  അപ്രതീക്ഷിതമായി മുറിയിലേക്ക് കയറി വന്നതാണ് എങ്കിൽ അദ്ദേഹം നിരപരാധിയാണ്.
നിരപരാധിയായ അദ്ദേഹത്തെ തെറ്റിദ്ധരിച്ചാൽ അത് കുടുംബ ബന്ധങ്ങളെ ബാധിക്കും .

2.വളരെ ധൈര്യത്തോടുകൂടി ഈ വിഷയത്തെ നേരിടാൻ തീരുമാനിക്കുക അച്ഛനെയും അമ്മയെയും ഒന്നിച്ചിരുത്തി സംഭവങ്ങൾ നടന്നത് പോലെ പറയുക.

ഗുണം :അവർ  സൗമ്യമായി ചെറിയ അച്ഛനോട് സംസാരിച്ചു കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കും.

ദോഷം :ചിലപ്പോൾ വൈകാരിക പരമായി  അച്ഛൻ ഇടപെടാൻ സാധ്യതയുണ്ട്.
അതുകൊണ്ടാണ് ഇത്രയും നേരം അച്ഛനോട് പറയാതിരുന്നത്.

3.വിഷയം അമ്മയോട് ചർച്ചചെയ്യുക

ഗുണം :അമ്മ വളരെ സൗമ്യമായി അച്ഛനെ അറിയിച്ചു അവർ ഒന്നിച്ചു പോയി ചെറിയച്ചനെ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക.

ദോഷം :അമ്മയും വൈകാരിക പരമായി ഇടപെടാൻ സാധ്യതയുണ്ട്.

4.ഈ വിഷയം സുനിത എൻറെ മുമ്പിൽവെച്ച് അമ്മയോട് പറയുക
അമ്മയുടെ അഭിപ്രായം അറിയുക.
കാരണം സുനിത സുനിതയുടെ കാഴ്ചപ്പാടിലൂടെയാണ് വിഷയങ്ങളെ കാണുന്നത്.

അമ്മയുടെ കാഴ്ചപ്പാടിലൂടെ ഈ വിഷയത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

അത് ഒരുപക്ഷേ വിഷയത്തെക്കുറിച്ചുള്ള വ്യക്തത നമുക്ക് ലഭിക്കുകയും
ഈ വിഷയം പരിഹരിക്കാനുള്ള ഒരു വഴി കാണുകയും ചെയ്യും.

5. ഈ വിഷയം ആരോടും പറയാതെ വിടാം ഇനി ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ വരാതെ ശ്രദ്ധിക്കാം

ഗുണം
സുനിത ഒഴികെ ആർക്കും
ടെൻഷൻ ഉണ്ടാവില്ല

ദോഷം :
ഇത് ഒരു അപൂർണ്ണ സമസ്യയായി
(In full filled business) എന്നും സുനിതയെ വേട്ടയാടും

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ
ശിക്ഷിക്കപെടില്ല

(Choice of solutions)

പതിനൊന്നാമത്തെ പടിയായ ചോയ്സ് ഓഫ് സൊല്യൂഷനിൽ(choice  of  solution )
ഞങ്ങൾ നാലാമത്തെ വഴി തെരഞ്ഞെടുത്തു.

അമ്മയേയും കൂടി മുറിയിലേക്കു വിളിച്ചു.

സുനിത ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണം അവൾക്ക് ഉണ്ടായ ഒരു ഭയം ആണെന്നും
ആ ഭയത്തിന് കാരണം
അപ്രതീക്ഷിതമായി അവളുടെ മുറിയിലേക്ക് കയറിവന്ന
ചെറിച്ചച്ചൻ ആണ് എന്നും
സൗമ്യമായി സുനിത അമ്മയോട് പറഞ്ഞു. അപ്പോഴേക്കും അവൾ കരഞ്ഞുതുടങ്ങിയിരുന്നു.

കാര്യങ്ങൾ വളരെ ക്ഷമയോടെ കേട്ട് അമ്മ കരയുന്ന സുനിതയെ ചേർത്തു പിടിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്തു.

അച്ഛനോട് സൗമ്യമായി അമ്മ കാര്യങ്ങൾ പറയാമെന്നും
ചെറിയച്ഛൻ ദുരുദ്ദേശ്യത്തോടെ ഒരിക്കലും  അങ്ങനെ ചെയ്യില്ല എന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.

ഇനിയഗ്രാം എന്ന ശാസ്ത്രം അനുസരിച്ച്
മകൾ 6 എന്ന(supporter) വ്യക്തിത്വത്തിനുടമയാണ്
ആത്മവിശ്വാസം വളരെ കുറവാണ്.
അതുപോലെതന്നെ ധാരാളം കാര്യങ്ങൾ ചിന്തിച്ചു കൂട്ടി
അത് സത്യമാണെന്ന് കരുതുകയും ചെയ്യുന്ന
പ്രകൃതം അയാൾക്കുണ്ട് എന്നും
ഇത് ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയതാണ് ഇപ്പോൾ അയാൾ അനുഭവിക്കുന്ന വിഷമത്തിന് കാരണം എന്നും ഞാൻ
അമ്മയോട് പറഞ്ഞു.

എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞപ്പോൾ തന്നെ വളരെ വലിയ ആശ്വാസമായി എന്ന് സുനിത അപ്പോൾ തന്നെ വ്യക്തമാക്കി.

(Step 12 Action plan)

പന്ത്രണ്ടാമത്തെ പടിയിൽ ഈ വിഷയം എങ്ങനെ പരിഹരിക്കാം എന്ന് ഞങ്ങൾ മൂന്ന് പേരും കൂടി ചർച്ച ചെയ്തു.

ഇത് എങ്ങനെയൊക്കെ പരിഹരിക്കാമെന്നാണ് അമ്മയുടെ അഭിപ്രായമെന്ന് ഞാൻ അമ്മയോട് ചോദിച്ചു.

ഞങ്ങൾ എല്ലാ കാര്യങ്ങളും തുറന്ന് ചർച്ച ചെയ്യുന്നവരാണ് എന്നും
ഈ വിഷയം അച്ഛനോടു സംസാരിക്കുന്നതാണ് നല്ലത് എന്നും അമ്മ പറഞ്ഞു.

വിഷയങ്ങൾ തുറന്നു ചർച്ച ചെയ്യാതെ എല്ലാവരും മനസ്സിൽ വെച്ചാൽ അത് പിന്നീട് ബന്ധങ്ങളുടെ ഉലച്ചിലിന് കാരണമാവുമെന്നും അമ്മ വ്യക്തമാക്കി.

ഇപ്പോഴത്തെ പത്രവാർത്തകളും സീരിയലുകളും സിനിമകളും കണ്ടു കുട്ടികളൊക്കെ വലിയ
ടെൻഷനിലാണ് സാറെ.
കുറച്ച് ആത്മവിശ്വാസവും ധൈര്യവും ഒക്കെ ഇവൾക്ക്  കൊടുക്കണം.
നാളെ ഇങ്ങനെ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ
നിന്ന് പേടിക്കാതെ
ചെപ്പ കുറ്റി നോക്കി ഒന്ന് കൊടുക്കുകയാണ് വേണ്ടത്
എന്ന് ഇപ്പോളത്തെ കുട്ട്യോളൊക്കെ
പറഞ്ഞു മനസ്സിലാക്കണം.
അതാ എനിക്ക് പറയാനുള്ളത്
എന്ന് അമ്മ തനത് ശൈലിയിൽ പറഞ്ഞു.

ഇത്രയും കാര്യങ്ങൾ  ചെയ്തു  രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിക്കാം എന്ന് പറഞ്ഞു വളരെ സന്തോഷത്തോടുകൂടി അമ്മയും മകളും ക്ലിനിക്കിൽ നിന്നും തിരിച്ചുപോയി

അന്ന് തന്നെ അവർ വീട്ടിൽ പോയി അച്ഛനോട് കാര്യങ്ങൾ പറഞ്ഞു
അപ്പോഴാണ് അച്ഛൻ പറയുന്നത്.

"ഈ സംഭവം അന്ന് തന്നെ
അവൻ ( ചെറിയച്ചൻ )എന്നോട് പറഞ്ഞിരുന്നു ഞാൻ  നിങ്ങളോട് പറയാൻ മറന്നു പോയതാണ് "

കെ എസ് എഫ് ഇ (KSFE) യുടെ പാസ്ബുക്ക് എടുക്കാൻ വേണ്ടി
ഞാനാണ് അവനെ ഇങ്ങോട്ട് പറഞ്ഞയച്ചത്. അവൾ പെട്ടെന്ന് കരഞ്ഞപ്പോൾ ചുറ്റുവട്ടത്തെ ആൾക്കാർ വന്നു തെറ്റിദ്ധരിക്കേണ്ട എന്നുകരുതി അവളുടെ വായ പൊത്തിയതും
അവൻ പറഞ്ഞു.

ഇവളുടെ മനസ്സിൽ ഇപ്പോഴും അത് വലിയ വിഷമമായി നിൽക്കുന്നുണ്ട് എന്ന് എനിക്കും അറിയില്ലായിരുന്നു.

എന്തായാലും അത് നമ്മൾക്ക് ഇന്ന് തന്നെ തീർക്കണം

എന്ന് പറഞ്ഞുകൊണ്ട് സുനിതയെയും അമ്മയെയും കൂട്ടി കൊണ്ട് അദ്ദേഹം തറവാട്ടിലേക്ക് പോവുകയും അനിയനെ വിളിച്ച്
കാര്യങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു

അപ്പോൾ അവിടേക്ക് വന്നത് പാസ്ബുക്ക് എടുക്കാൻ ആണ് എന്നും
മോളുടെ കരച്ചിൽ കേട്ട് ആകെ വെപ്രാളത്തിലായി പോയതിനാലാണ്
വായ പൊത്തിപ്പിടിച്ച് അങ്ങനെ പറഞ്ഞതൊന്നും
അത് തെറ്റായിപ്പോയി അതിനു ക്ഷമിക്കണം എന്നും
ചെറിയച്ഛൻ സുനിതയോട് പറഞ്ഞു.

ആ സമയത്ത് പെട്ടെന്ന് പേടിച്ചു പോയിട്ടാണ് കരഞ്ഞത് എന്നും
ഇങ്ങനെയൊക്കെ ചിന്തിച്ചതിനും
ഇത്രയും ദിവസം ദേഷ്യത്തോടെ പെരുമാറിയതിനും സുനിത ചെറിയച്ഛനോടും ക്ഷമ പറഞ്ഞു.

അവർ ക്ലിനിക്കിൽ കൗൺസിലിങ്ങിന് വന്ന വിവരവും
അവർ ചർച്ച ചെയ്തു

അവിടുന്ന് തന്നെ എന്നെ വിളിക്കുകയും
കാര്യങ്ങൾ കൃത്യമായി അപഗ്രഥിച്ചതിന് അങ്ങേയറ്റം നന്ദി പറയുകയും ചെയ്തു.

അടുത്തദിവസം അവരോട് എല്ലാവരോടും ഒന്നിച്ച് ക്ലിനിക്കിലേക്ക് വരാമോ ഞാൻ ചോദിച്ചു.

(Step 13 check back time)

തീർച്ചയായും ഞങ്ങളെല്ലാവരും അടുത്തദിവസം ഒന്നിച്ചു വന്ന് സാറിനെ കാണുന്നുണ്ട്  എന്ന് പറഞ്ഞു  സംഭാഷണം അവസാനിപ്പിച്ചു

ഇനി എങ്ങാനും
ചെറിയച്ഛൻ  മോശമായ ഒരു മനോഭാവത്തോടു കൂടിയാണോ അവളോട് പെരുമാറിയത് എന്ന എന്റെ നേരിയ ചിന്തയായിരുന്നു അവരെ വീണ്ടും കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടതിന് പിന്നിൽ.

അടുത്തദിവസം ക്ലിനിക്കിൽ വന്ന
ചെറിയച്ഛനോട് ഞാൻ ഏറെ നേരം സംസാരിക്കുകയും
അദ്ദേഹത്തിൻറെ  സംസാരത്തിൽ നിന്നും
അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണെന്നും അബദ്ധവശാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്നും അദ്ദേഹത്തിൻറെ വാക്കുകൾക്കിടയിൽ നിന്നും എനിക്ക് വായിക്കാൻ സാധിച്ചു

പെൺകുട്ടികൾ ഒറ്റക്കിരിക്കുന്ന മുറിയിലേക്ക് ഏത് കാര്യത്തിന് പോവുകയാണെങ്കിലും
വാതിലിനു മുട്ടി അവരുടെ അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ
അങ്ങനെ ചെയ്യാതെ പെട്ടെന്ന് മുറിയിലേക്ക് കയറിയതാണ്
ചെറിയച്ഛൻ ചെയ്ത തെറ്റ്
എന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മപ്പെടുത്തി.

മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ
വാതിൽ സുരക്ഷിതമായി അടയ്ക്കണമെന്നും വളരെ ആത്മവിശ്വാസത്തോടെ വിഷയങ്ങളെ അപഗ്രഥിച്ച് നേരിടണമെന്നും
ജീവിതത്തിൽ ഇങ്ങനെ എന്ത് സംഭവങ്ങൾ ഉണ്ടായാലും അത് മറച്ചുവയ്ക്കാതെ അച്ഛനോടും അമ്മയോടും അപ്പോൾത്തന്നെ തുറന്നു പറയുകയാണ് വേണ്ടത് എന്നും സുനിതയെയും ഓർമപ്പെടുത്തി.

സുനിത പിന്നീട് ആത്മവിശ്വാസമുള്ള കുട്ടിയായി
വളരെ സന്തോഷത്തോടുകൂടി പഠിച്ച് ഉയർന്ന ക്ലാസുകളിലേക്ക് പോവുകയും സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ ജീവിക്കുകയും ചെയ്യുന്നു.

Dr sreenath karayatt

Friday, August 28, 2020

8 തരം വിവാഹങ്ങൾ

ഗർഭാധാനസമയത്തുള്ള ഭാര്യാഭർത്താക്കന്മാരുടെ മാനസികാവസ്ഥ അടിസ്ഥാനപ്പെടുത്തി വിവാഹത്തെ എട്ടായി തരംതിരിച്ചിട്ടുണ്ട് - 


1 , ബ്രാഹ്മ്യം

 സ്ത്രീക്ക് വളരെ പ്രാധാന്യം കൊടുത്തികൊണ്ട് , വളരെ സന്തോഷിപ്പിച്ച് സ്തീയെ ദേവതയായിക്കണ്ട് - ഗർഭാധാനം നടത്തുക . ജനിക്കുന്ന സന്താനം ഈശ്വര തുല്ല്യനായിരിക്കും . 

2 ദൈവം

യാഗം ചെയ്തതിനുശേഷം അതിൽ നിന്നും ഉത്പന്നമാകുന്ന പ്രസാദം സ്വീകരിച്ച് ഹവിസ്സുകൾ കഴിച്ച് , ബഹ്മചര്യം പാലിച്ച് ശേഷം ഗർഭാധാനം നടത്തുക . ജനിക്കുന്ന കൂട്ടി ഉയർന്ന ധർമ്മബോധമുള്ളവനും ശ്രേഷ്ഠനുമായിരിക്കും . ധർമ്മത്ത നയിക്കുന്നവനായിത്തീരും 

 3. ആർഷം 
വിധിയാം വണ്ണം ബ്രഹ്മചര്യം പൂർത്തിയാക്കിയശേഷം സൽസന്താനലബ്ധിക്ക് ആഗ്രഹിച്ച് ഗർഭാ ധാനം നടത്തുക . ശ്രേഷ്ഠനായ രാജ്യസ്നേഹിയായ ശാന്തസ്വഭാവക്കാരനായ എല്ലാവർക്കും ആശ്രയമായ സന്താനം ഉണ്ടാവും . കന്യാദാനം - എന്ന വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളാണ് ഇതിൽ പെടുന്നത് . 

4.പാജാപത്യം 
നിയമങ്ങൾ അനുസരിച്ച് , വധൂവരന്മാരുടെ പ്രായം തമ്മിലുള്ള വ്യത്യാസം ( കുറഞ്ഞത് 10 വയസ്സ ങ്കിലും കൂടുതൽ - പുരുഷന് ഉണ്ടാവുന്നത് നല്ലതാണെന്ന് ആചാര്യമതം ) കാലം , ദേശം , കുലമഹിമ എന്നിവ കണക്കിലെടുത്ത് ജാതകപൊരുത്തം നോക്കി വിവാഹം കഴിക്കുകയും അതിൽ സന്താനങ്ങൾ ഉണ്ടാവുകയും ചെയ്യുക . ആ സന്താനങ്ങൾ ശ്രേഷ്ഠന്മാരായിരിക്കും . ധർമ്മം , നീതി എന്നിവക്ക് പ്രാധാന്യം നൽകുന്നവരായിരിക്കും എന്ന് ആചാര്യമതം . 

5. ഗാന്ധർവ്വം 
കാലമോ , ദേശമോ , സമയമോ നോക്കാതെ കേവലം ശാരീരിക സുഖത്തിന് വേണ്ടി ലൈംഗികബന്ധ ത്തിൽ ഏർപ്പെടുമ്പോൾ അറിയാതെ കുട്ടികൾ ജനിക്കുന്നു . ഇവർ തന്റെ സുഖത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കുന്നവരായിരിക്കും . ലൈംഗിക പ്രശ്നങ്ങളും കണ്ടേക്കാം , പൊതുവെ ലൈംഗികതീഷ് കൂടുതലാ യിരിക്കും . അവൻ വീടിനും മാതാപിതാക്കൾക്കും എന്നും തലവേദനയായിരിക്കും . 

6. ആസുരം 
പണത്തെ മുൻനിർത്തി നടക്കുന്ന വിവാഹബന്ധം . അതിൽ ജനിക്കുന്ന സന്താനങ്ങളും . ഇവർ പൊതുവെ സ്വാർത്ഥന്മാരായിരിക്കും എന്ന് പറയുന്നു . സ്ത്രീയെ വില കൊടുത്തു വാങ്ങുക , സുന്ദരികളായ സ്ത്രീകളുടെ രക്ഷിതാക്കൾക്ക് ധാരാളം പണം കെ അവളുടെ താൽപര്യവും ഇഷ്ടവും വിവാഹം ചെയ്യുന്നതും ഗർഭാധാനം നടത്തുകയും ചെയ്യുക , അതിൽ ജനിക്കുന്ന കുട്ടികൾ പണത്തിന പ്രാധാന്യം നൽകുന്നവരായിരിക്കും . നീതിയും ധർമ്മവും എല്ലാം പണത്തിന് താഴെ നിർത്തുന്നവരായിരി ക്കും ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾ . 

7. രാക്ഷസം പെൺകുട്ടിയുടെ മനസിന് പ്രാധാന്യം കൊടുക്കാതെ അവളുടെ താൽപര്യങ്ങൾ മനസിലാക്കാതെ അധികാരം ഉപയോഗിച്ചോ ചതിയിലൂടെയോ വിവാഹം നടത്തി ഗർഭാധാനം നടത്തി സന്താനങ്ങൾ ഉണ്ടാവു ന്നു . ഇത്തരത്തിൽ ജനിക്കുന്ന സന്താനങ്ങൾ ഒരിക്കലും സന്തോഷമില്ലാത്തവരും മാനസിക ബലം തീരെ ഇല്ലാത്തവരും നിഷേധാത്മകചിന്തകൾ ( Negative thinking ) ഉള്ളവരും ആയിരിക്കും . എപ്പോഴും പരാതി പറയുന്ന പ്രകൃതക്കാരായ ഇവർ പൊതുവെ നാടിനും വീടിനും ഗുണമില്ലാതെ പ്രശ്നക്കാരായി തീരാനാണ് സാധ്യത . 

8. പൈശാചികം 

പെൺകുട്ടിക്ക് പ്രാധാന്യം കൊടുക്കാതെ ബലാൽക്കാരേണയോ , മയക്കികിടക്കുന്ന സമയത്തോ , ലൈംഗികബന്ധം നടത്തുന്നതാണ് പൈശാചികം . ബലാത്സംഗം ഇതിൽപെടുന്നതാണ് . ഇങ്ങനെ ജനി ക്കുന്ന സന്താനങ്ങൾ രാഷ്ട്രത്തിന് തന്നെ ദോഷമുള്ളവരാവും . അംഗവൈകല്യമുള്ളവരും , ബുദ്ധിമാദ്ധ്യമു ള്ളവരും ഇത്തരത്തിൽ ഉണ്ടാവും . ഭീകരന്മാരും ദുഷ്ടന്മാരുമായ സന്താനങ്ങൾ ഇത്തരത്തിൽ ഉണ്ടാവുന്നു എന്ന് പൂർവ്വികമതം . എന്നാൽ ഇങ്ങനെ ഒക്കെ പറഞ്ഞതിന്നാലും ഏതുതരത്തിലുള്ള വിവാഹമായാലും ഗർഭാധാനസമയം നല്ല മനസ്സ് നല്ല മുഹൂർത്തം എന്നിവ ഉണ്ടായാൽ സന്താനം ശ്രേഷ്ഠസന്താനമായിരിക്കും . ഗർഭാധാനം നടത്തേണ്ട രീതിയെക്കുറിച്ചും ആയുർവേദത്തിൽ ചർച്ച ചെയ്യുന്നുണ്ട് . ഏതുതരത്തിൽ ഗർഭാധാനം നടത്തുമ്പോൾ ഏതുസ്വഭാവത്തിലുള്ള കുട്ടികൾ എന്ന് സുശ്രുതസംഹിതയിൽ ശാരീരസ്ഥാ നത്ത് വിശദമായി പറയുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ പുരുഷസന്താനം സ്ത്രീസന്താനം എന്ന രണ്ടുവി ഭാഗത്തെയും നപുംസകം എന്ന എട്ട് വിഭാഗം സന്താനങ്ങളെക്കുറിച്ചും പറയുന്നു . ആസക്യ , സഭഗന്തികം , കുംഭിക , ഊർഷ്യകം , ഷണ്ഡകം എന്നീ അഞ്ച് തരത്തിലുള്ള നപുംസകങ്ങ ളെപ്പറ്റി ആയുർവേദാചാര്യന്മാർ പറയുന്നു . കണ്ടാൽ സ്ത്രീയെപ്പോലെയെ പുരുഷന്മാരെപോലെയോ തോന്നാമെങ്കിലും ചേഷ്ടകളിലും പ്രകൃതത്തിലും സ്വഭാവത്തിലും ഇവർ വ്യത്യാസപ്പെട്ടിരിക്കും . ഇതിൽ സ്ത്രീ അടിയിലും പുരുഷൻ മുകളിലും ആയി ഗർഭാധാനം നടത്തുന്നതാണ് ശ്രേഷ്ഠം . ഇങ്ങനെ വിധിപ കാരം ഗർഭം ധരിച്ചുണ്ടാകുന്ന സൽസന്താനങ്ങൾ സൗന്ദര്യമുള്ളവരും സത്യഗുണപ്രധാനികളും ദീർഘായു സ്സുള്ളവരും മാതാവിനും പിതാവിനും സൗഖ്യമുണ്ടാക്കുന്നവരും ആയിരിക്കും . ( സുശ്രുതസംഹിത , ശാരീര സ്ഥാനം 32 -ാം അനുവാകം )

/

Wednesday, August 12, 2020

ധ്യാന പരിശീലനങ്ങൾ

വളരെ ആഴത്തിലുള്ള ധ്യാനം പരിശീലിക്കുന്നതിനായി ഉള്ള ചില വ്യായാമങ്ങൾ ആണ് താഴെ കൊടുക്കുന്നത്

1.ത്രാടകം
നിങ്ങളുടെ ശ്രദ്ധയെ വികസിപ്പിക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ത്രാടകം ത്രാടകം എന്നാൽ ഒരു വസ്തുവിലേക്കു ഇമ വെട്ടാതെ  മറ്റൊരു ചിന്ത മനസ്സിൽ വരാതെ നോക്കി കാണാനുള്ള മനസിന്റെ വ്യായാമമാണ് .
ഒരു വിളക്കിലെ ദീപമോ , മെഴുകുതിരിയേയോ , തിളങ്ങുന്ന എന്തെങ്കിലും പ്രത്യേക ആകൃതിയിലുള്ള വസ്തുവോ , അല്ലെങ്കിൽ കുങ്കുമ പൊട്ടോ തുടങ്ങിയവ ഉപയോഗിക്കാം .

ഇമവെട്ടാതെ വസ്തുവിലേക്ക് മാത്രം നോക്കി നിൽക്കുക മനസ്സിലെ ചിന്തകളെ ശ്രദ്ധിക്കുക കണ്ണന് ക്ഷീണം വരുമ്പോൾ മാത്രം കണ്ണുകളടച്ച്
ആ ദൃശ്യം മനസ്സിൽ കാണാൻ ശ്രമിക്കുക
ചിന്തകളെ നിരീക്ഷിക്കുക
ദിവസവും ഈ ധ്യാനം ചെയ്യുന്നത് നിങ്ങളിലെ ശ്രദ്ധയെ വർധിപ്പിക്കും , ചിന്തകളെ കുറക്കാൻ സഹായിക്കുകയും ചെയ്യും.

2.ശക്തി ക്രിയ ധ്യാനം


മനസിലെ ചിന്തകളെ ശാന്തമാക്കാൻ മറ്റൊരു വഴിയുള്ളതു
നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളെയും തുടർച്ചയായി ചലിപ്പിക്കുക എന്നതാണ് .
എഴുന്നേറ്റു നിൽക്കുക ,
നിങ്ങളുടെ വിരലുകളെല്ലാം അടക്കുകയും
നിവർത്തികയുംചെയ്യുക
നിങ്ങളുടെ കൈകൾ കറക്കുക , നിന്നനിലിൽ ചാടുക ,
തല കുലുക്കുക , ശബ്ദമുണ്ടാക്കുക , നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളും സജീവവും ചലിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് ഉറപ്പുവരുത്തുക .
യാതൊരു നിയന്ത്രണവുമില്ലാതെ പ്രകൃതിയുടെ താളത്തിനനുസരിച്ച് ശരീര അവയവങ്ങൾ നിർത്താതെ ചലിപ്പിക്കുക
ആവശ്യമെങ്കിൽ പശ്ചാത്തലത്തിൽ ദ്രുതതാളത്തിൽ ഉള്ള സംഗീതം വെക്കാം
ഏകദേശം പത്ത് മിനിറ്റോളം നിങ്ങൾ ഇത് ചെയ്തുകഴിഞ്ഞാൽ ,
പെട്ടെന്ന് നിർത്തി വേഗത്തിൽ ധ്യാനത്തിന് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക
എല്ലാ ബാഹ്യചിന്തകളും നിങ്ങളുടെ മനസ്സിൽ നിന്ന് പുറന്തള്ളപ്പെടും . നിങ്ങളുടെ കിതപ്പിൽ മാത്രം ശ്രദ്ധനൽകുക ,
മനസ്സിനെയും ശരീരത്തെയും
ശ്വാസഗതിയും ശ്രദ്ധിക്കുക
വളരെ ആഴത്തിലുള്ള ധ്യാനത്തിലേക്ക്
നിങ്ങൾ നയിക്കപ്പെടും

പശ്ചാത്തലത്തിൽ സംഗീതം ക്രമീകരിക്കുക യാണെങ്കിൽ
10 മിനിറ്റ് ദ്രുത താളവും പിന്നീട് 30 മിനിറ്റോളം ഓടക്കുഴൽ നാദമോ ശാന്തമായ ഏതെങ്കിലും സംഗീത ഉപകരണങ്ങളുടെ ശബ്ദമോ ക്രമീകരിച്ചു വെക്കുന്നത് കൂടുതൽനന്നായിരിക്കും
ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ അസുഖമുള്ളവർ
 ശാരീരികമായ അവശതയും ബുദ്ധിമുട്ടുമുള്ളവർ 
ഈ രീതി സ്വീകരിക്കേണ്ടതില്ല
വളരെ ദ്രുതഗതിയിൽ നിങ്ങൾ ചലിക്കുമ്പോൾ ചലനം നിയന്ത്രണാതീതം ആവാനും വീഴാനും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധേണം ഒരു റൂം അടച്ചിട്ടിരുന്ന് ചെയ്യുന്നതാണ് നല്ലത്.  ഒന്നിലധികം പേർ ഒന്നിച്ച് ചെയ്യുന്നതും നല്ലതാണ്
3.മഹാ ശ്വസനക്രിയ
എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് ശ്വാസത്തെ ശ്രദ്ധിക്കുക
ഒരു ശ്വാസം പുറത്തേക്കു വിട്ട് അടുത്ത ശ്വാസം അകത്തേക്ക് എടുക്കുന്നതിന് മുമ്പുള്ള സമയത്തെ ശ്രദ്ധിക്കുക
ശ്വാസത്തിലെ വിടവ് എന്നാണ് ഇതിനെ പറയുന്നത്
ശ്വാസത്തിലെ വിടവ് ശ്രദ്ധിക്കുക
അകത്തേക്ക് എടുക്കുന്ന ശ്വാസം നിങ്ങളുടെ ജീവനാണ് പുറത്തേക്ക് വിടുന്ന ശ്വാസം നിങ്ങളുടെ മരണമാണ്അതിനാൽ ശ്വാസം പുറത്തുവിട്ടു അടുത്തശ്വാസം അകത്തേക്ക് എടുക്കുന്നതിന് മുമ്പ് ഉള്ള സമയെത്തെ സംയമനം ചെയ്താൽമരണത്തിനുശേഷം അടുത്ത ജന്മത്തിനു മുമ്പുള്ള സമയത്തെ അറിയാൻ സാധിക്കും ജീവാത്മാവിനെ അറിയാൻ സാധിക്കും
പരമാത്മാവിനെ അറിയാൻ സാധിക്കും
ഇത് വിജ്ഞാന ഭൈരവ തന്ത്രത്തിലെ വളരെ വിശേഷപ്പെട്ട ഒരു ധാരണയാണ്.

4. വിപസന - 1
സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് കണ്ണുകൾ അടച്ചു വെച്ചു കൊണ്ട്
ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ വയർ വികസിക്കുന്നതും ശ്വാസം പുറത്തേക്കു വിടുമ്പോൾ ഒട്ടുന്നതായും  ശ്രദ്ധിച്ചു ശ്വാസഗതിയെനിരീക്ഷിക്കുക

5. വിപസന - 2
സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് കണ്ണുകൾ അടച്ചു വച്ചു കൊണ്ട്ശ്വാസോച്ഛാസം നിരീക്ഷിക്കുക
ശ്വാസം അകത്തേക്ക്എടുക്കുമ്പോൾ
നാസാഗ്രഭാഗത്ത് നേരിയ തണുപ്പും
ശ്വാസം പുറത്തേക്ക് വിടുമ്പോൾ നേരിയ ചൂടും അനുഭവപ്പെടുന്നത്ശ്രദ്ധിക്കുക



Tuesday, June 23, 2020

കർക്കിടക വാവ് ബലി

ഈ കൊറോണക്കാലത്ത് നമ്മളെങ്ങിനെ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടും ........... ?

നമസ്കാരം.

ജൂലൈ 20ന് ഹൈന്ദവ സഹോദരങ്ങൾ കർക്കിടക വാവുബലി ആചരിക്കുകയാണ് . സാധാരണ ഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി അവർ വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്. എന്നാൽ കൊറോണ കാരണം ഈ വർഷം ജനങ്ങൾക്ക് ഒത്തുകൂടി ബലിയിടാനുള്ള സാഹചര്യം ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സനാതന ധർമ്മവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും , തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുമുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒരു ഗംഗാപ്രവാഹം പോലെ  ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ഇങ്ങനെ  നമ്മൾ തലമുറകളിലേക്ക് പകർന്നു നൽകിയത്  മഹത്തായ ഹൈന്ദവ സംസ്കാരത്തെത്തന്നെയാണ്.

ഋഷി പ്രോക്തവും ചിരപുരാതനവുമായ സനാതന സംസ്കാരത്തെ നിലനിർത്തേണ്ടത് ഓരോഹിന്ദുവിൻ്റേയും കടമയും കർത്തവ്യവുമാണ്. ഈ സംസ്കാരത്തിനെതിരെ ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികൾ വന്നപ്പോഴൊക്കെ അതിനെ അതിജീവിച്ച പാരമ്പര്യമാണ് നമ്മുടേത്. കൊറോണ ഉയർത്തുന്ന ഈ വെല്ലുവിളിയേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്.

കർക്കിടക വാവിന് മുഴുവൻ ഹൈന്ദവ വിശ്വാസികളും അവരവരുടെ വീടുകളിൽ  ബലി ചടങ്ങുകൾ നടത്തി നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ ; സംസ്കാരത്തെ , കെടാത്ത ഒരു യാഗാഗ്നിയായി പ്രോജ്വലിപ്പിക്കാം.

ബലി ചടങ്ങുകളിലെ അജ്ഞതകൊണ്ട് ഒരു ഹിന്ദുവിനും  തൻ്റെ ബലി ചടങ്ങുകളിൽ മുടക്കം വരാൻ പാടില്ല. താല്പര്യമുള്ള മുഴുവൻ സനാതന വിശ്വാസികളേയും ബലി ക്രിയാ ചടങ്ങുകൾക്കായി പ്രാപ്തരാക്കുക എന്ന മഹത് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്  ഭാരതീയ ധർമ്മ പ്രചാരസഭയും അതിൻ്റെ ആചാര്യനായ ഡോ: ശ്രീനാഥ് കാരയാട്ടും.

സമകാലീന  കേരളത്തിലെ ആചാര്യശ്രേഷ്ഠരിൽ പ്രമുഖനും  , ഭാരതമൊട്ടാകെ അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകനും , അന്ത്യേഷ്ടികർമ്മങ്ങളിൽ അഗാധജ്ഞാനവുമുള്ള വ്യക്തിയാണ്  ഡോ. ശ്രീനാഥ് കാരയാട്ട്

എങ്ങിനെയാണ് വാവുബലി ചടങ്ങുകൾ നടത്തേണ്ടത് എന്ന് ലളിതമായ ഒരു വീഡിയോയിലൂടെ നമുക്കായി വിശദീകരിച്ച് തരികയാണ് ശ്രീനാഥ് ജി. ഈ വീഡിയോകണ്ട് പഠിച്ചോ ഇതിൽ നോക്കിയോ നിങ്ങൾക്ക് അനായാസം ബലി ക്രിയ അനുഷ്ഠിക്കാവുന്നതാണ്. 

ഈ കർക്കിടക വാവിന് മുഴുവൻ സനാതന ധർമ്മവിശ്വാസികളും തങ്ങളുടെ വീടുകളിൽ ബലികർമ്മങ്ങൾ നടത്തുന്നതോടൊപ്പം ഈ സന്ദേശം മുഴുവൻ ഹൈന്ദവ വിശ്വാസികളിലും എത്തിക്കാനും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

Link 
https://youtu.be/OVNzztqxY-o

ബലി ക്രിയകളെക്കുറിച്ച് നിങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക്  വാട്സ് ആപ് സന്ദേശങ്ങൾ മാത്രം അയക്കുക

ഇത് PDF ഫോർമാറ്റിലോ 
mp3 ഫോർമാറ്റിലോ  വേണമെന്നുള്ളവർ താഴെ നൽകിയ ലിങ്ക് ഉപയോഗിക്കുക 

*PDF*

http://bharatheeyadharmapracharasabha.blogspot.com/2020/06/blog-post_27.html 

*Audio*
 
https://drive.google.com/file/d/13Mb1mcmiWUGqJkwN3EFVeJn69HFd2W-4/view?usp=drivesdk


വിഷ്ണു മനയ്ക്കൽ 
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാരസഭ
 9995689331



ഓഷോ - സ്ത്രീ

വേഴ്ച നിങ്ങൾ ആഘോഷമാക്കുക. അത് ഇടിച്ചു വീഴ്ത്തി ഓടിക്കളയുന്ന ഏർപ്പാടാക്കരുത്. പെണ്ണ് ഉന്മാദാവസ്ഥയിലെന്നപോലെ പെരുമാറുന്നത് കണ്ട് നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവളങ്ങനെ പെരുമാറും. അവളുടെ ശരീരം തീർത്തും ഭിന്നമായ മറ്റൊരിടമാണ്. അതവൾക്ക് നിയന്ത്രിക്കാനാവില്ല. നിങ്ങളതിന് ശ്രമിച്ചാൽ അവൾ ജഡം പോലെയാകും, കോടിക്കണക്കിനു പുരുഷന്മാർ സത്യത്തിൽ ശവഭോഗമാണ് നടത്തുന്നത് !!
കാമകലയെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ കൃതി വാൽസ്യായന മഹർഷിയുടെ കാമശാസ്ത്രം ആണ്‌. എൺപത്തിനാല് കേളീ രീതികൾ അതിൽ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യൻ പാതിരിമാർ പൗരസ്ത്യദേശത്തെത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയി. അവർക്ക് ഒര് രീതി മാത്രമേ അറിയുമായിരുന്നുള്ളൂ, പുരുഷൻ മുകളിൽ. അപ്പോൾ പുരുഷന് കൂടുതൽ ചലന സ്വാതന്ത്ര്യം ഉണ്ട്, സ്ത്രീ അടിയിൽ ഒരു ശവം പോലെ. 
സ്ത്രീ മുകളിലായിരിക്കണം എന്ന വാൽസ്യായനന്റെ നിർദ്ദേശം വളരെ കൃത്യമായിരുന്നു. സ്ത്രീ വളരെ ലോലയായിരുന്നിട്ടും പുരുഷൻ അവൾക്ക് മുകളിൽ ആവുന്നത് അവളെ നിയന്ത്രണത്തിൽ നിർത്താനാണ്. പെണ്ണിന് കണ്ണ് തുറക്കാൻ പോലും പാടില്ല. പുരുഷൻ മേലെയായുള്ള രീതി കിഴക്കൻ നാടുകളിൽ "മിഷനറിപ്പണി" എന്ന പേരിൽ ആണറിയപ്പെടുന്നത്.
പുരുഷനോടൊത്താകുമ്പോൾ  നിയന്ത്രണം നഷ്ടമാകും എന്നുള്ള ഭയം സ്ത്രീകൾ കളയണം. പുരുഷൻ ഭയക്കുന്നെങ്കിൽ ഭയക്കട്ടെ. അതവന്റെ വിവരക്കേട്. നിങ്ങൾ പക്ഷെ നിങ്ങളോട് നീതി പുലർത്തുക. സത്യസന്ധത പുലർത്തുക. അതല്ലെങ്കിൽ നിങ്ങൾ സ്വയം വഞ്ചിക്കുകയാണ്. രതിമൂർച്ഛയെന്ന അനുഭവത്തിൽ ഒരു നിയന്ത്രണവും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുത്. രതിമൂർച്ഛയെന്നാൽ പരസ്പരം ലയിക്കലാണ്. ഉരുകിച്ചേരലാണ്, അഹങ്കാരം വെടിയലാണ്, മനസ്സ് ഇല്ലാതാവലാണ്, സമയം സ്തംഭിക്കലാണ്. അത് പങ്കാളിയില്ലാതെ തന്നെ പരമമായ ആനന്ദത്തിൽ എത്തിപ്പെടാനും സമയം വെടിയാനുമുള്ള നിങ്ങളുടെ അന്വേഷണങ്ങൾക്ക് തിരി കൊളുത്തും. ഞാൻ അതിനെ "അധികാരികധ്യാനം " എന്ന് വിളിക്കുന്നു. 
ഓഷോ - The Book of Women

Wednesday, June 10, 2020

ലല്ലേശ്വരീ

ലല്ലേശ്വരീ അഥവാ ലല്ലാ ദേദ്
"ലല്ലയെന്ന ഞാൻ,
എൻ്റെയുള്ളിലെ സുഷ്മനയുടെ കവാടത്തിലൂടെ പ്രവേശിച്ചു.
ശിവ ശക്തി മേളനം ഞാൻ അവിടെ കണ്ടു.
ഹൊ! എന്തത്യത്ഭുതമാണത്.
ഞാൻ സമ്പൂർണ്ണമായും അതിൽ ലയിച്ചു ചേർന്നു.
എന്നിൽ ജീവൻ തുടിക്കുമ്പോൾ തന്നെ, സഹസ്രാരമാകുന്ന അമൃതസരസ്സിനുള്ളിൽ ഞാൻ മൃതിയടഞ്ഞു.
നിരന്തര പരിശീലനത്താൽ,
അന്വേഷകൻ വിശ്വപ്രപഞ്ചവുമായ് താദാത്മ്യം പ്രാപിക്കുന്നു.
പേരിനാലും രൂപത്താലും തീർത്ത ലോകം
ശൂന്യതയിൽ ലയിക്കുന്നു.
ശൂന്യത അപ്രത്യക്ഷമാകുമ്പോൾ,
എല്ലാ ദുരിതങ്ങൾക്കുമതീതമായ,
ഏറ്റവും മഹത്തരമായതെന്തോ
അതവശേഷിക്കുന്നു.
ഇതാണ്, അന്വേഷകാ യഥാർത്ഥ ശിക്ഷണം"........

മന്ത്രധ്വനി പോലെ ഈ വചനങ്ങൾ ഒഴുകി വരുന്നതെവിടെ നിന്നുമാണെന്നു നിങ്ങൾ ചെവിയോർക്കുക. അതേ ഈ വചനങ്ങളുടെ പിറവി ഭാരത ഭൂവിൻ്റെ സഹസ്രാരമായ കാശ്മീര ദേശത്തു നിന്നുമാണ്.
അതേ അവൾ തന്നെയാ കാശ്മീരദേശം പീഠമാക്കി അമർന്നുകൊണ്ട് പരമമായ ജ്ഞാനത്തെ ജ്ഞാനദാഹികളായ നിങ്ങൾക്കു പകർന്നു നൽകുന്നത്.
ലല്ലേശ്വരിയെന്നും ലാല ദെദ് എന്നും ലല്ലാമ്മ, ലല്ലാ യോഗേശ്വരി, ലല്ല ആരിഫ, ലലീ ശ്രീ എന്നിങ്ങനെ വിവിധ നാമത്താൽ പ്രകീർത്തിക്കപ്പെടുന്ന അവധൂത.
ആരാകുന്നു ലല്ലേശ്വരി? എന്നൊരു ചോദ്യമാകാം നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നത്.
സാധനയുടെ പടിയിൽ കാൽചുവടുറപ്പിക്കാൻ തുനിയുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നാമങ്ങളിൽ ഒന്നാണ് ലല്ലേശ്വരി.
കാശ്മീരദേശത്ത് പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പാംപോർ ഗ്രാമത്തിലെ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലായിരുന്നു ലല്ലേശ്വരിയുടെ ജനനം.
പന്ത്രണ്ടാം വയസ്സിൽ തന്നെ ലല്ലയെ വിവാഹം കഴിപ്പിച്ചയയ്ക്കുകയുണ്ടായി. ഭർതൃഗൃഹത്തിലെ അന്തേവാസികളുടെ ചിന്തകളും, ലല്ലയുടെ സ്വഭാവനുസാരമായ സദ്പ്രവണതകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.ലല്ലയുടെ ചിന്താധാരകൾ അന്നത്തെ ജനതയ്ക്ക് ഉൾക്കൊള്ളാനാകാത്തതിനാൽ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു.
ലല്ല അതിനു ശേഷം തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും ശൈവപാരമ്പര്യ ദീക്ഷിതനായിരുന്ന ശ്രീകണ്ഠ സിദ്ധനിലൂടെ ശിവനെ അറിഞ്ഞു തുടങ്ങുകയായിരുന്നു.
അതിനു ശേഷം കാശ്മീരി ശൈവ പാരമ്പര്യത്തിൽ ലല്ലേശ്വരി ഒരു മിന്നൽപിണർ ആയി മാറുകയായിരുന്നു.
അവർ ശൈവസിദ്ധാന്തതത്വങ്ങളെ കവിതകളായി കുറിച്ചു. നിഗൂഢമായ ആശയങ്ങൾ പേറുന്ന കവിതാ ശാഖയായ വചൻ അഥവാ വഖ്‌സിന്റെ സ്രഷ്ടാവാണ് ലല്ലേശ്വരി.മഹേശ്വരനെ അറിഞ്ഞു,  ആത്മജ്ഞാനിയായി ശരീരബോധം വെടിഞ്ഞു നഗ്നസന്യാസിനിയായി പിന്നീടുള്ള കാലം ലല്ലേശ്വരി കശ്മീരദേശത്ത് സഞ്ചരിച്ചു.
ആധുനിക കാശ്മീരി ഭാഷയുടെ ജനനിയായിക്കൂടി ലല്ലേശ്വരി അംഗീകരിക്കപ്പെട്ടു. തൻ്റെ കവിതകൾ കുറിക്കുന്നതിനായ് ഗ്രാമീണഭാഷയാണ് അവര്‍ തിരഞ്ഞെടുത്തത്.സാധാരണ ജനത പോലും  പരമമായ ജ്ഞാനം നേടണമെന്ന ചിന്ത തന്നെയായിരുന്നു ഹേതു.
ലല്ല എന്ന പദത്തിനര്‍ത്ഥം പ്രിയപ്പെട്ടവള്‍ , അന്വേഷി എന്നൊക്കെയാണ്. സാക്ഷാത് മഹാദേവൻ തന്നിൽ തന്നെയാണ് കുടികൊള്ളുന്നതെന്ന സത്യം തിരിച്ചറിഞ്ഞ ലല്ലയുടെ വചനങ്ങൾ വൈദ്യുത പ്രവാഹ സമമായിരുന്നു.
ലളിതമായ വാക്കുകളിലൂടെ, ഹ്രസ്വമായ വരികളിലൂടെ സങ്കീര്‍ണ്ണമായ യോഗരഹസ്യങ്ങളെപ്പറ്റിയും അവബോധത്തിന്റെ വിഖ്യാതമായ ലോകങ്ങളെപ്പറ്റിയുമാണ് അവര്‍ പാടിയത്.
ലല്ലയുടെ ഒരു വാക്കിൽ പോലും നിഗൂഢത തേടുവാൻ സാധിക്കുമെന്നതാണ് സത്യം .
സനാതന ധർമ്മത്തിൻ്റെ കുറേയേറെ സാമ്യതകൾ സൂഫിസത്തിനുമുള്ള തിനാൽ സൂഫി ഗുരുവായിരുന്ന ഷെയ്ക്ക് നൂഹ്റ് ദീൻ വാലി യുമായ് പരിചയത്തിലാകുകയും ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതിനാൽ  ഇസ്ലാം മതവിശ്വാസികൾക്കിടയിൽ  ബീവി ലല്ല ആരിഫ എന്ന നാമത്തിലും ലല്ലേശ്വരി അറിയപ്പെട്ടു.
കാശ്മീര ദേശത്തുടനീളം തൻ്റെ ദിവ്യാനുഭൂതികൾ വചനങ്ങളാക്കി അവൾ സഞ്ചരിച്ചു.

"ദൈവത്തെ തേടി ഞാന്‍
അനവധി അലഞ്ഞു.
ശ്രമമുപേക്ഷിച്ച്
പിന്‍തിരിയാനൊരുങ്ങിയപ്പോഴോ,
പൊടുന്നനെ, അതാ അവന്‍ .
എന്റെ ഉള്ളില്‍ തന്നെ.
ഹേ, ലല്ലേ
നീയെന്തിനിനിയും ഒരു
ഭിക്ഷാടകയെപ്പോലെയലയുന്നു?
പരിശ്രമിക്കുക.
അവന്‍ നിനക്ക് ദര്‍ശനം തരും.
ഹൃദയത്തില്‍ ,
ആനന്ദത്തിന്റെ രൂപത്തില്‍ ..."

പാമരനു പോലും ഈശ്വര സാക്ഷാത്കാരം ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് ലല്ലയുടെ വചനങ്ങൾ കുറിക്കപ്പെട്ടു.
മതഭേദചിന്തകൾക്കതീതമായ് ഈശ്വര ദർശനം സാദ്ധ്യമാക്കിയ ലല്ല ഇന്നും പല നാമങ്ങളിൽ, പല മത വിശ്വാസികൾക്കുമുള്ളിലും വസിച്ചു കൊണ്ട് അറിവുകൾ പകരുന്നുണ്ട്.
പൗരോഹിത്യ, ആത്മീയ മേഖലകളിൽ പുരുഷ വീക്ഷണങ്ങൾ മാത്രം കണ്ടു പരിചയിച്ച നമ്മൾ ലല്ലേശ്വരിയെ പോലെയുള്ള അവധൂത ജന്മങ്ങളെ അറിഞ്ഞു തുടങ്ങണം.
ഒരു പക്ഷേ ആത്മീയ പാതയിൽ പോലും സ്ത്രീകൾക്ക് മേൽക്കൈ നേടാൻ സാധിക്കുമെന്നതാണ് സത്യം.
സ്ത്രീ പ്രകൃതി തന്നെയാണ്.
അവൾക്കു മാത്രമാണ് മറ്റാരെക്കാളും സ്വയം തിരിച്ചറിയാൻ ഉടനടി സാധിക്കുക.
എനിക്ക് പറയാനുള്ളതും സാധനയിലേക്ക് നടന്നു കയറുന്ന ശക്തി സ്വരൂപിണികളോടാണ്.
നിങ്ങൾക്ക് അറിവ് പകരാൻ, വ്യക്തമായ പാത തെളിച്ചു നടന്നവർ, ലല്ലേശ്വരിയെ പോലുള്ളവർ മുന്നിലുണ്ട്.
അവരെ തേടുക.
അവരുടെ ചിന്തകൾ അറിയുക.
നിങ്ങൾ മനസ്സിലാക്കുന്നതു പോലെ അവരെ ഒരിക്കലും പുരുഷന്മാർക്ക് പെട്ടെന്നു മനസ്സിലാക്കുവാൻ | കഴിയില്ലെന്ന സത്യം തിരിച്ചറിയുക.
യാത്ര തുടരുക.......

        🔱 ഗുരു സ്വാമി 🔱