ലല്ലേശ്വരീ അഥവാ ലല്ലാ ദേദ്
"ലല്ലയെന്ന ഞാൻ,
എൻ്റെയുള്ളിലെ സുഷ്മനയുടെ കവാടത്തിലൂടെ പ്രവേശിച്ചു.
ശിവ ശക്തി മേളനം ഞാൻ അവിടെ കണ്ടു.
ഹൊ! എന്തത്യത്ഭുതമാണത്.
ഞാൻ സമ്പൂർണ്ണമായും അതിൽ ലയിച്ചു ചേർന്നു.
എന്നിൽ ജീവൻ തുടിക്കുമ്പോൾ തന്നെ, സഹസ്രാരമാകുന്ന അമൃതസരസ്സിനുള്ളിൽ ഞാൻ മൃതിയടഞ്ഞു.
നിരന്തര പരിശീലനത്താൽ,
അന്വേഷകൻ വിശ്വപ്രപഞ്ചവുമായ് താദാത്മ്യം പ്രാപിക്കുന്നു.
പേരിനാലും രൂപത്താലും തീർത്ത ലോകം
ശൂന്യതയിൽ ലയിക്കുന്നു.
ശൂന്യത അപ്രത്യക്ഷമാകുമ്പോൾ,
എല്ലാ ദുരിതങ്ങൾക്കുമതീതമായ,
ഏറ്റവും മഹത്തരമായതെന്തോ
അതവശേഷിക്കുന്നു.
ഇതാണ്, അന്വേഷകാ യഥാർത്ഥ ശിക്ഷണം"........
മന്ത്രധ്വനി പോലെ ഈ വചനങ്ങൾ ഒഴുകി വരുന്നതെവിടെ നിന്നുമാണെന്നു നിങ്ങൾ ചെവിയോർക്കുക. അതേ ഈ വചനങ്ങളുടെ പിറവി ഭാരത ഭൂവിൻ്റെ സഹസ്രാരമായ കാശ്മീര ദേശത്തു നിന്നുമാണ്.
അതേ അവൾ തന്നെയാ കാശ്മീരദേശം പീഠമാക്കി അമർന്നുകൊണ്ട് പരമമായ ജ്ഞാനത്തെ ജ്ഞാനദാഹികളായ നിങ്ങൾക്കു പകർന്നു നൽകുന്നത്.
ലല്ലേശ്വരിയെന്നും ലാല ദെദ് എന്നും ലല്ലാമ്മ, ലല്ലാ യോഗേശ്വരി, ലല്ല ആരിഫ, ലലീ ശ്രീ എന്നിങ്ങനെ വിവിധ നാമത്താൽ പ്രകീർത്തിക്കപ്പെടുന്ന അവധൂത.
ആരാകുന്നു ലല്ലേശ്വരി? എന്നൊരു ചോദ്യമാകാം നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നത്.
സാധനയുടെ പടിയിൽ കാൽചുവടുറപ്പിക്കാൻ തുനിയുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നാമങ്ങളിൽ ഒന്നാണ് ലല്ലേശ്വരി.
കാശ്മീരദേശത്ത് പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പാംപോർ ഗ്രാമത്തിലെ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലായിരുന്നു ലല്ലേശ്വരിയുടെ ജനനം.
പന്ത്രണ്ടാം വയസ്സിൽ തന്നെ ലല്ലയെ വിവാഹം കഴിപ്പിച്ചയയ്ക്കുകയുണ്ടായി. ഭർതൃഗൃഹത്തിലെ അന്തേവാസികളുടെ ചിന്തകളും, ലല്ലയുടെ സ്വഭാവനുസാരമായ സദ്പ്രവണതകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.ലല്ലയുടെ ചിന്താധാരകൾ അന്നത്തെ ജനതയ്ക്ക് ഉൾക്കൊള്ളാനാകാത്തതിനാൽ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു.
ലല്ല അതിനു ശേഷം തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും ശൈവപാരമ്പര്യ ദീക്ഷിതനായിരുന്ന ശ്രീകണ്ഠ സിദ്ധനിലൂടെ ശിവനെ അറിഞ്ഞു തുടങ്ങുകയായിരുന്നു.
അതിനു ശേഷം കാശ്മീരി ശൈവ പാരമ്പര്യത്തിൽ ലല്ലേശ്വരി ഒരു മിന്നൽപിണർ ആയി മാറുകയായിരുന്നു.
അവർ ശൈവസിദ്ധാന്തതത്വങ്ങളെ കവിതകളായി കുറിച്ചു. നിഗൂഢമായ ആശയങ്ങൾ പേറുന്ന കവിതാ ശാഖയായ വചൻ അഥവാ വഖ്‌സിന്റെ സ്രഷ്ടാവാണ് ലല്ലേശ്വരി.മഹേശ്വരനെ അറിഞ്ഞു, ആത്മജ്ഞാനിയായി ശരീരബോധം വെടിഞ്ഞു നഗ്നസന്യാസിനിയായി പിന്നീടുള്ള കാലം ലല്ലേശ്വരി കശ്മീരദേശത്ത് സഞ്ചരിച്ചു.
ആധുനിക കാശ്മീരി ഭാഷയുടെ ജനനിയായിക്കൂടി ലല്ലേശ്വരി അംഗീകരിക്കപ്പെട്ടു. തൻ്റെ കവിതകൾ കുറിക്കുന്നതിനായ് ഗ്രാമീണഭാഷയാണ് അവര്‍ തിരഞ്ഞെടുത്തത്.സാധാരണ ജനത പോലും പരമമായ ജ്ഞാനം നേടണമെന്ന ചിന്ത തന്നെയായിരുന്നു ഹേതു.
ലല്ല എന്ന പദത്തിനര്‍ത്ഥം പ്രിയപ്പെട്ടവള്‍ , അന്വേഷി എന്നൊക്കെയാണ്. സാക്ഷാത് മഹാദേവൻ തന്നിൽ തന്നെയാണ് കുടികൊള്ളുന്നതെന്ന സത്യം തിരിച്ചറിഞ്ഞ ലല്ലയുടെ വചനങ്ങൾ വൈദ്യുത പ്രവാഹ സമമായിരുന്നു.
ലളിതമായ വാക്കുകളിലൂടെ, ഹ്രസ്വമായ വരികളിലൂടെ സങ്കീര്‍ണ്ണമായ യോഗരഹസ്യങ്ങളെപ്പറ്റിയും അവബോധത്തിന്റെ വിഖ്യാതമായ ലോകങ്ങളെപ്പറ്റിയുമാണ് അവര്‍ പാടിയത്.
ലല്ലയുടെ ഒരു വാക്കിൽ പോലും നിഗൂഢത തേടുവാൻ സാധിക്കുമെന്നതാണ് സത്യം .
സനാതന ധർമ്മത്തിൻ്റെ കുറേയേറെ സാമ്യതകൾ സൂഫിസത്തിനുമുള്ള തിനാൽ സൂഫി ഗുരുവായിരുന്ന ഷെയ്ക്ക് നൂഹ്റ് ദീൻ വാലി യുമായ് പരിചയത്തിലാകുകയും ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതിനാൽ ഇസ്ലാം മതവിശ്വാസികൾക്കിടയിൽ ബീവി ലല്ല ആരിഫ എന്ന നാമത്തിലും ലല്ലേശ്വരി അറിയപ്പെട്ടു.
കാശ്മീര ദേശത്തുടനീളം തൻ്റെ ദിവ്യാനുഭൂതികൾ വചനങ്ങളാക്കി അവൾ സഞ്ചരിച്ചു.
"ദൈവത്തെ തേടി ഞാന്‍
അനവധി അലഞ്ഞു.
ശ്രമമുപേക്ഷിച്ച്
പിന്‍തിരിയാനൊരുങ്ങിയപ്പോഴോ,
പൊടുന്നനെ, അതാ അവന്‍ .
എന്റെ ഉള്ളില്‍ തന്നെ.
ഹേ, ലല്ലേ
നീയെന്തിനിനിയും ഒരു
ഭിക്ഷാടകയെപ്പോലെയലയുന്നു?
പരിശ്രമിക്കുക.
അവന്‍ നിനക്ക് ദര്‍ശനം തരും.
ഹൃദയത്തില്‍ ,
ആനന്ദത്തിന്റെ രൂപത്തില്‍ ..."
പാമരനു പോലും ഈശ്വര സാക്ഷാത്കാരം ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് ലല്ലയുടെ വചനങ്ങൾ കുറിക്കപ്പെട്ടു.
മതഭേദചിന്തകൾക്കതീതമായ് ഈശ്വര ദർശനം സാദ്ധ്യമാക്കിയ ലല്ല ഇന്നും പല നാമങ്ങളിൽ, പല മത വിശ്വാസികൾക്കുമുള്ളിലും വസിച്ചു കൊണ്ട് അറിവുകൾ പകരുന്നുണ്ട്.
പൗരോഹിത്യ, ആത്മീയ മേഖലകളിൽ പുരുഷ വീക്ഷണങ്ങൾ മാത്രം കണ്ടു പരിചയിച്ച നമ്മൾ ലല്ലേശ്വരിയെ പോലെയുള്ള അവധൂത ജന്മങ്ങളെ അറിഞ്ഞു തുടങ്ങണം.
ഒരു പക്ഷേ ആത്മീയ പാതയിൽ പോലും സ്ത്രീകൾക്ക് മേൽക്കൈ നേടാൻ സാധിക്കുമെന്നതാണ് സത്യം.
സ്ത്രീ പ്രകൃതി തന്നെയാണ്.
അവൾക്കു മാത്രമാണ് മറ്റാരെക്കാളും സ്വയം തിരിച്ചറിയാൻ ഉടനടി സാധിക്കുക.
എനിക്ക് പറയാനുള്ളതും സാധനയിലേക്ക് നടന്നു കയറുന്ന ശക്തി സ്വരൂപിണികളോടാണ്.
നിങ്ങൾക്ക് അറിവ് പകരാൻ, വ്യക്തമായ പാത തെളിച്ചു നടന്നവർ, ലല്ലേശ്വരിയെ പോലുള്ളവർ മുന്നിലുണ്ട്.
അവരെ തേടുക.
അവരുടെ ചിന്തകൾ അറിയുക.
നിങ്ങൾ മനസ്സിലാക്കുന്നതു പോലെ അവരെ ഒരിക്കലും പുരുഷന്മാർക്ക് പെട്ടെന്നു മനസ്സിലാക്കുവാൻ | കഴിയില്ലെന്ന സത്യം തിരിച്ചറിയുക.
യാത്ര തുടരുക.......
🔱 ഗുരു സ്വാമി 🔱
🙏
ReplyDelete🙏🏻🙏🏻🙏🏻nanniyund, avarude kavithakalum Martin Malayalam hot kittunnundo sir ,koosuthalariyan thalparyamund🙏🏻
ReplyDeleteഇൗ അമ്മയെ കുറിച്ചുള്ള അറിവിന് ഒരുപാട് നന്ദി സർ
ReplyDelete