Saturday, April 4, 2020

ഗുണ്ടയെ പ്രണയിച്ച പെൺകുട്ടി

എന്റെ കാൺസിലിംങ്ങ് അനുഭവങ്ങൾ
പുലർച്ചെ 4 മണിക്ക് നിർത്താതെ യുള്ള ഫോൺ ബെൽ കേട്ടുകൊണ്ടാണ് ഉണർന്നത്....._ ഫോണെടുത്തപ്പോൾ മറുതലക്കൽ നിന്നും കരച്ചിലോടു കൂടിയുള്ള ശബ്ദം.

"സർ ഞാനും ഭാര്യയും ഞങ്ങളുടെ ഏക മകളും ഇപ്പോൾ പോലീസ് സ്റ്റേഷനിലാണ്. സാർ ഇവിടം വരെ ഒന്നു വരണം ഞങ്ങൾ _ആത്മഹത്യയടെ വക്കിലാണ്_ "

ഇത്രയും കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ അദ്ദേഹം പറഞ്ഞു തീർത്തു.

"പ്രശ്നം എന്തു തന്നെ ആയാലും നമുക്ക് പരിഹാരമുണ്ടാക്കാം ഞങ്ങളെല്ലാവരും _നിങ്ങളുടെ കൂടെയുണ്ട്_ സമാധാനമായിരിക്കൂ... "
എന്ന മറുപടിയിൽ ഒരു ദീർഘനിശ്വാസം! 10 മണിക്ക് പോലീസ് സ്റ്റേഷനിൽ എത്താം എന്ന് ഉറപ്പുകൊടുത്ത് ഫോൺ കട്ട് ചെയ്തു.

വീണ്ടും ഉറങ്ങാനുള്ള എന്റെ മനസ്സിനു മുകളിൽ  കർത്തവ്യബോധം വിജയിച്ചതിനാൽ കൃതം 9.30 ന് തന്നെ പോലീസ് സ്റ്റേഷനിൽ എത്തി.

പോലീസ് സ്റ്റേഷനിൽ മുഷിഞ്ഞ വസ്ത്രധാരിയായ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്നതു കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ ശബ്ദമായിരിക്കാം നേരത്തെ ഫോണിലൂടെ കേട്ടത് എന്ന് ചിന്തിക്കുമ്പേഴേക്കും അദ്ദേഹം ഓടി വന്ന് കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. അടുത്ത് ഒരു കസാരയിൽ ഇദ്ദേഹത്തിന്റെ ഭാര്യ തളർന്ന് ഇരിക്കുന്നുണ്ടായിരിന്നു.
തൽക്കാലം അദ്ദേഹത്തെ ആശ്വസിപ്പിച്ച് പോലീസ് അധികാരിയെ കാണാൻ ചെന്നു
(ഏതെങ്കിലും ഒരു സ്ഥാപനത്തിൽ കൗൺസിലിംഗിന് പോയാൽ ആദ്യം തന്നെ അവിടുത്തെ അധികാരികളോട് അനുവാദം വാങ്ങിക്കണം.)

പ്രസ്തുത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നേരത്തെ പരിചയമുള്ള ആളായതിനാൽ ആദ്യം തന്നെ അദ്ദേഹത്തെ കണ്ടു 
കുശലാന്വേഷണങ്ങൾ കൈമാറിയ ശേഷം വിഷയത്തിലേക്ക് കടന്നു.

വിഷയം എസ് ഐ  യുടെ വാക്കുകളിലൂടെ 

"ഇന്നലെ രാത്രി ഇവരുടെ മകളെയും ഒരു പയ്യനെയും കൂടെ നൈറ്റ് പെട്രോളിംങ്ങിന് പോയ ടീം കസ്റ്റടിയിലെടുക്കുകയായിരുന്നു അവൻ ഒരു ഗുണ്ടയാണ് ഇവിടെ തന്നെ ഒരു പാട് കേസുകൾ ഉണ്ട്.
അവനപ്പുറത്തെ മുറിയിലുണ്ട്. പെൺകുട്ടി ഇപ്പോ വനിതാ സെല്ലിൽ ആണ് നിങ്ങൾ വരുന്നുണ്ടെന്ന് പറഞ്ഞതിനാൽ ഞങ്ങൾ ഇടപെട്ടിട്ടില്ല അവൾ അവന്റെ കൂടെയേ പോവൂ എന്ന വാശിയിലാണ്.

ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം എന്ന ആത്മഗതത്തിനു ശേഷം കാര്യങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്രം എനിക്ക് തന്നു കൊണ്ട് എസ്. ഐ മറ്റ് കാര്യങ്ങളിൽ മുഴുകി.

ഞാൻ ആദ്യം അച്ഛനെയും അമ്മയെയും കേൾക്കാൻ തീരുമാനിച്ചു. 

അച്ഛന്റെ വാക്കുകളിൽ
"സർ ഞങ്ങൾക്ക് വിവാഹത്തിനു ശേഷം 6 വർഷം കാത്തിരുന്നുണ്ടായ മോളാണ് അവൾക്ക് ആവോളം സ്നേഹവും സൗകര്യങ്ങളും നൽകിയാണ് ഞങ്ങൾ വളർത്തിയത് അവൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഹൈസ്ക്കൂൾ വരെ സ്ക്കൂൾ ഫസ്റ്റ് ആയിരുന്നു. അവളുടെ ആഗ്രഹപ്രകാരം തന്നെയാണ്  എൻട്രൻസ് കോഴ്സിന് പറഞ്ഞയച്ചതും എന്നാൽ പ്ലസ് 2 വിന് ശേഷം അവൾ ഉഴപ്പുകയും എൻട്രൻസ് ശ്രമം ഉപേക്ഷിച്ച് അവളുടെ ആവശ്യപ്രകാരം തന്നെ ഡിഗ്രിക്ക് ചേർക്കുകയും ചെയ്തു. അതൊന്നും അല്ല സാറെ ഇപ്പോ വിഷയം അവളിപ്പോ ഈ നാട്ടിലെ ഏറ്റവും വലിയ ഗുണ്ടയോടൊപ്പമാ  ഇന്നലെ ഒളിച്ചോടിയത്. അവനൊഴികെ വേറെ ആരാണെങ്കിലും  ഞാനവളെ  വിവാഹം ചെയ്തയക്കാം. പക്ഷെ അവന്റെ കൂടെ അവൾ പോയാൽ ഞാനും എന്റെ ഭാര്യയും കെട്ടി തൂങ്ങി മരിക്കും.  സാറ് എങ്ങിനെയെങ്കിലും അവളെ പറഞ്ഞ് ഒന്ന് മനസ്സിലാക്കിക്കണം.

" താഴത്തുവെച്ചാ ഉറുമ്പരിക്കും തലയില് വെച്ചാ പേനരിക്കും" എന്ന പോലയാ ഞങ്ങളവളെ വളർത്തിയത് എന്നിട്ടാണ് സാറേ അവൾ ഞങ്ങളോടിത് ചെയ്തത്.


കരഞ്ഞുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യ കൂട്ടി ചേർത്തു.

നേരെ അവരുടെ മകൾ രഞ്ജിനിയെ കണ്ടു 
വട്ടമുഖവും വലിയ കണ്ണുകളും നിരയൊത്ത പല്ലുകളും ഇരു നിറവും  ഒത്ത ശരീര പ്രകൃതവുമായ സുന്ദരിയായ അവൾ കരഞ്ഞ് കണ്ണുകൾ കലങ്ങി കൺമഷി പടർന്ന് പ്രതീക്ഷയോടെ എന്നെ കാത്തിരിക്കുന്നതു പോലെ എനിക്ക് തോന്നി.

ഞാൻ അവളെ സഹായിക്കാനാണ് വന്നതെന്നും വിശ്വസിക്കാമെന്നും ഉറപ്പുകൊടുത്തപ്പോൾ അവൾ സംസാരിച്ച് തുടങ്ങി അവളുടെ വാക്കുകളിൽ

"സർ എന്നെ ആരും മനസിലാക്കുന്നില്ല. വീട്ടിൽ എപ്പോഴും കുറ്റപെടുത്തൽ മാത്രമാണ്. ഞാൻ 2 തവണ അച്ഛന്റെ ആഗ്രഹപ്രകാരം എൻട്രൻസ് എഴുതി കിട്ടിയില്ല അന്നു മുതൽ എപ്പോഴും കുറ്റപ്പെടുത്തലുകളും ഉപദേശവുമാണ്. എനിക്ക് മടുത്തു  അനീഷിനെ കണ്ടതുമുതലാണ് ഞാൻ സംസാരിക്കാനും ചിരിക്കാനും തുടങ്ങിയത്. എനിക്ക് പാട്ട് പാടാനും പഠിക്കാനും ഒത്തിരി ആഗ്രമുണ്ടെന്ന് പല തവണ പറഞ്ഞിട്ടും അച്ഛനെന്നെ വിട്ടില്ല  ഇനി എന്നെ വീട്ടിലേക്ക് വിടല്ലേ സാർ....

_*ഇനി നമുക്ക് വിഷയത്തെ പഠിക്കാം*_

രണ്ട് കാര്യത്തിൽ നമുക്ക് വ്യക്തത ഉണ്ടാവേണ്ടതുണ്ട്
A. ആരുടെ നിർബന്ധം കൊണ്ടാണ് Entrance Exam ന് പോയത്?

B. അച്ഛനും അമ്മയും  കൊടുത്ത സ്നേഹം എന്തുകൊണ്ടാണ്  അവളറിയാതെ പോയത് ?

അഛന്റെ നിർബന്ധം കൊണ്ടാണ് എൻട്രൻസ് എക്സാമിന് തയ്യാറായത് എന്നത് പിന്നീട് അവളുടെ അച്ഛന്റെ വാക്കുകളിൽ നിന്നിറഞ്ഞു. അതേപോലെ അവൾ ആഗ്രഹിക്കുന്ന തരത്തിലുള്ള അംഗീകാരം അവൾക്ക് കിട്ടിയിട്ടില്ല എന്നും അറിയാൻ സാധിച്ചു. കാരണം

 _എനിയെഗ്രാം_ ( 9 തരത്തിലുള്ള വ്യക്തിത്വങ്ങളെ കുറിച്ചുള്ള പഠനം) അനുസരിച്ച് രഞ്ജിനിയുടെ  വ്യക്തിത്വം 2 ആണ്. സ്വന്തം ആവശ്യങ്ങൾ തുറന്ന് പറയാന് മടിക്കുന്നവരും ഒരുപാട് അംഗീകാരം ആഗ്രഹിക്കുന്നവരുമാണ് ഇവർ.)

 സ്നേഹം ഒരിക്കലും പ്രകടിപ്പിക്കരുത് കുട്ടികൾ വഷളായി പോകും എന്ന് വിശ്വസിച്ച അച്ഛൻ വേണ്ടത്ര അംഗീകാരം കൊടുക്കാതെയാണ് വളർത്തിയതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ( ഒന്നേ ഉള്ളൂ എങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്നാണവരുടെ പ്രമാണം)

ശേഷം മകളുടെ കൂടെ ഇരിക്കുകയും അവളെ കേൾക്കാനും തയ്യാറായി.

 കുട്ടിക്കാലം മുതൽ ഡാൻസ് പഠിക്കാനും പാട്ട് പഠിക്കാനുമുള്ള തന്റെ ആഗ്രഹം രക്ഷിതാക്കളോട് പല തവണ പറഞ്ഞിരുന്നെങ്കിലും ഒരു ഡോക്ടറെ തന്നിൽ കണ്ട അവർ അതിന് ശ്രദ്ധ കൊടുത്തിരുന്നില്ലന്നും അവൾ പറഞ്ഞു. കഴിഞ്ഞ ദിവസം റസിഡൻസ് അസോസിയേഷന്റെ പരിപാടിയിൽ താൻ പാട്ട് പാടിയതും അവിടെയുണ്ടായിരുന്ന അനീഷ് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും അപ്പോൾ തുടങ്ങിയ സൗഹൃദം ഇപ്പോൾ പ്രണയമായതാണെന്നും എങ്ങിനെയെങ്കിലും തന്നെ ഈ നരകത്തിൽ ( വീട്ടിൽ ) നിന്നും രക്ഷിക്കണമെന്നും അവൾ കരച്ചിലിനിടയിൽ പറഞ്ഞവസാനിപ്പിച്ചു.   

അനീഷിനോടുള്ള പ്രണയത്തെക്കാൾ വീട്ടുകാരുടെ അംഗീകാരം ലഭിക്കുന്നിലെന്ന തോന്നലും, അവളുടെ ഇഷ്ട വിഷയങ്ങളായ പാട്ട് പാടാനും അഭിനയിക്കാനും ഉളള താൽപര്യം നടക്കാത്തതിലുള്ള നിരാശയും ചേർന്ന് അതിന്  കാരണക്കാരായ വീട്ടുകാരോടുള്ള ശത്രുതയായി മാറിയതായിരുന്നു അവളുടെ ഈ തീരുമാനത്തിന്റെ പിന്നിലുള്ള കാരണം എന്ന്  അവളുടെ അംഗചലനങ്ങളിൽ ( Body Language) നിന്നും വാക്കുകളുടെ പിന്നിലുള്ള വികാരങ്ങളിൽ (Feelings) നിന്നും മനസ്സിലായി.

ഈ വിഷയങ്ങൾ ഞാൻ രഞ്ജിനിയുടെ രക്ഷിതാക്കളുമായി  ചർച്ച ചെയ്യുകയും  തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കുറവുകൾ മനസ്സിലാക്കിയ അവർ  അവളെ കെട്ടിപ്പിടിച്ച് അതിന് ക്ഷമ ചോദിക്കുകയും ചെയ്തു.

തന്റെ പ്രണയം വീട്ടുകാരോടുള്ള ദേഷ്യത്തിന്റെ സൃഷ്ടിയാണെന്നും അനീഷുമൊത്തുള്ള ജീവിതം അവളുടെ ലക്ഷ്യമല്ലെന്നും അവളെ ബോധ്യപെടുത്തുകയാണ് പിന്നീട് ഞാൻ ചെയ്തത്

അനീഷുമായുള്ള പ്രണയബന്ധം  
 3 മാസത്തേക്ക്   Freez ചെയ്യാനും (നേരിട്ടോ ഫോണിലോ ബന്ധപ്പെടാതിരിക്കുക) (പ്രണയബന്ധം പൂർണ്ണമായി ഒഴിവാക്കണം എന്ന് ഞാനപ്പോൾ നിർബന്ധം പിടിച്ചില്ല ) 
ഇപ്പോൾ  രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോവാനും ഉള്ള തീരുമാനം രഞ്ജിനി തന്നെ എടുക്കുകയും ചെയ്തു.

മകൾക്ക് _അർഹിക്കുന്ന അംഗീകാരം അവൾ ആഗ്രഹിക്കുന്ന രീതിയിൽ_ തന്നെ  കൊടുക്കണമെന്ന് അച്ഛനെയും അമ്മയെയും ബോധ്യപ്പെടുത്തിയ ശേഷം ഞങ്ങൾ പിരിഞ്ഞു.

പിന്നീട്  കൊച്ചി എയർപ്പോർട്ടിൽ വെച്ച് കാണുമ്പോൾ അവർ മണാലിയിൽ  വിനോദയാത്ര പോയി തിരിച്ചു വരുന്ന വഴി ആയിരുന്നു .  മകൾ ആ പ്രണയബന്ധം പൂർണ്ണമായും ഉപേക്ഷിച്ചതായും നന്നായി പഠിക്കുന്നുണ്ടെന്നും രഞ്ജിനിയുടെ അച്ഛന്റെ വാക്കുകളിൽ നിന്നും  അറിയാൻ സാധിച്ചു.

ഇപ്പോൾ ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗമാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും ആ അമ്മ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടായിരുന്നു.

Friday, April 3, 2020

തലയിലെഴുത്ത്

ഉത്തമ രക്ഷാകർത്തൃത്വം
തലയിെഴുത്ത്
ജനിച്ച  സമയം മുതൽ ഏതാണ്ട് ഏഴ് വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഒരു കുട്ടി അവൻറെ തലയിലെഴുത്ത് 
രൂപപ്പെടുത്തിയെടുക്കുന്നത് ആ സമയത്ത് അവൻ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപബോധ മനസിൽ സൂക്ഷിക്കുകയും അത് പിന്നീട് അവരുടെ സ്വഭാവം ആയി മാറുകയും ചെയ്യുന്നു വളരെ സൂക്ഷ്മ ദൃഷ്ടിയോടുകൂടി ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളെയും വളരെ വ്യക്തമായി മനസ്സിലാക്കി  അവനവൻറെതായ ഒരു വ്യക്തിത്വവും രീതിയും ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് അതിനാൽതന്നെ കുഞ്ഞായിരിക്കുന്ന സമയം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വളർത്തുന്ന അമ്മമാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്

ഒരു കുട്ടി ഏറ്റവും കൂടുതൽ കോപ്പി ചെയ്യപ്പെടുന്നത് അവൻറെ അച്ഛനെയും അമ്മയെയും അധ്യാപകരെയും വീട്ടിലുള്ള മറ്റുള്ളവരെയും ആണ് 
 നമ്മളുടെ ഒരു പ്രവൃത്തി അല്ല അവൻ കോപ്പി ചെയ്യുന്നത് ആ പ്രവർത്തിക്ക് പിന്നിലുള്ള മെസ്സേജാണ്  അവരുടെ സ്വഭാവം ആയിമാറുന്നത് 

ഉദാഹരണത്തിന് എൻറെ അമ്മ എനിക്ക് ചോറ് തന്നത് അമ്പിളിയമ്മാവനെ നോക്കൂ എന്ന് പറഞ്ഞിട്ടാണ് അമ്പിളി അമ്മാവൻ ആണ് എന്നുള്ള ഒരു സങ്കല്പമാണ് എനിക്ക് തന്നിരുന്നത് എന്നാൽ എൻറെ അടുത്ത വീട്ടിലെ കുട്ടിക്ക് അമ്മ ചോറ് കൊടുത്തത്
" മോനെ വേഗം കഴിച്ചോ ഇല്ലെങ്കിൽ ഞാൻ ഏട്ടന് കൊടുക്കും "
എന്ന് പറഞ്ഞിട്ടാണ് 
ആഅമ്മ അവിടെ
കൊടുക്കുന്ന മെസേജ്  
സ്വന്തം സഹോദരൻ ശത്രുവാണ്  എന്നതാണ്  ഏട്ടന് കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഊണ് കഴിക്കുന്നത് , 

  അവിടെ അമ്മ സൃഷ്ടിക്കുന്നത് ഭിന്നിപ്പാണ്

രണ്ടു കുട്ടികൾ ഉള്ള ഒരു വീട്ടിലേക്ക് ഇന്ന് അച്ഛൻ വരുന്നത് 2 ബോളുമായിട്ടാണ്  

"പച്ച ബോള് നിനക്കാണ് ചുവപ്പ് നിനക്കാണ് " 

എന്ന് പറഞ്ഞ് രണ്ടു പേർക്കും ഓരോ ബോൾ വീതം കൊടുക്കുന്നു

ഇവിടെ രണ്ടു കുട്ടികൾക്ക് കളിക്കാൻ എത്ര പന്ത് ആവശ്യമുണ്ട് ?
ഒന്ന് മതി

ഇവിടെ  രണ്ട് കുട്ടികൾക്ക് 2 പന്ത് വാങ്ങിക്കൊടുക്കുന്ന അച്ഛൻ കൊടുക്കുന്ന  മെസ്സേജ് 
നിങ്ങൾ പങ്കുവെക്കേണ്ട വർ അല്ല എന്നതാണ്

നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മിഠായി കിട്ടിയാൽ അത് ഷർട്ടിൽ  വെച്ച് കടിച്ചു പൊട്ടിച്ചു ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും കൊടുക്കുന്ന ,പങ്കുവെക്കുക എന്ന ശീലം നമുക്ക് ഉണ്ടായപ്പോൾ 
നിങ്ങൾ  പങ്കുവെക്കേണ്ടവർ അല്ല എന്നുള്ള മെസ്സേജ് ആണ് ഇന്നത്തെ അമ്മമാർ കുട്ടികൾക്ക് കൊടുക്കുന്നത്


കുട്ടികാലത്ത് അച്ഛനുമമ്മയും ഒരു കുട്ടിയെ എങ്ങനെയാണ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത് എന്നതും പ്രാധാന്യമുള്ളതാണ്   ഉദാഹരണത്തിന് ആരെങ്കിലും വീട്ടിൽ വിരുന്നു വന്നാൽ ഒരു അച്ഛൻ മകളെ പരിചയപ്പെടുത്തുന്നത് 
"ഇവൾ എൻറെ മകളാണ് നന്നായി പഠിക്കും പക്ഷേ എന്തുചെയ്യാനാണ് ഒന്നും തലയിൽ നിൽക്കില്ല "
എന്നാണ് ഇത് അനവധി പ്രാവശ്യം കേൾക്കുന്ന മകൾ അവളുടെ ഉപബോധമനസ്സിൽ ശക്തമായി എഴുതിവയ്ക്കുന്നത് 
"ഞാനെന്ത് പഠിച്ചാലും മനസിൽ നിൽക്കില്ല "
എന്നുള്ളതാണ് പിന്നീട് ജീവിതാവസാനം വരെ ആ കുട്ടി എന്ത് പഠിച്ചാലും അത് തലയിൽ നിൽക്കാത്ത ഒരു അവസ്ഥ സംജാതമാവുകയും ചെയ്യും
ഇത്തരത്തിലുള്ള മൂന്ന് ലക്ഷത്തോളം സ്ക്രിപ്റ്റ്കളാണ് ഒരു കുഞ്ഞിന് 
7 വയസിനകം ലഭിക്കുന്നത്

 അതുപോലെ  മഴ നനഞ്ഞാൽ പനി വരും എന്നും നമ്മൾ കുട്ടികളോട് പറയാറുണ്ട് 650 കോടിയോളം വരുന്ന ജീവജാലങ്ങളിൽ മനുഷ്യനെ മാത്രം ബാധിക്കുന്ന ഒരു സ്ക്രിപ്റ്റ് ആണിത് എന്തുകൊണ്ടാണ് കുരങ്ങനും പട്ടിക്കും പൂച്ചയ്ക്കും  ആനയ്ക്ക്കും മഴകൊണ്ടാൽ പനി വരാത്തത്
 മഴ കൊണ്ടാൽ പനി വരും എന്ന
സ്ക്രിപ്റ് കൊടുക്കുന്നതിനാൽ ആണിത് . അല്ലെങ്കിൽ മഴകൊണ്ടാൽ പനിക്കുന്ന ഒരു കുട്ടിക്ക് കുളിച്ചാലും പനി വരേണ്ടതല്ലേ

നിനക്ക് ആത്മവിശ്വാസ കുറവാണ് 
നിനക്ക് മരത്തിൽ കയറാൻ കഴിയില്ല 
നീ പഠിക്കാൻ മണ്ടനാണ്
നീ മന്ദബുദ്ധി ആണ് 
നിനക്ക് ഓർമ്മശക്തി കുറവാണ് 

തുടങ്ങി അനേകായിരം സ്ക്രിപ്റ്റ് കളാണ് ഓരോ ദിവസവും രക്ഷിതാക്കൾ കുട്ടികൾക്ക് കൊടുക്കുന്നത് 
അങ്ങനെ ആത്മവിശ്വാസത്തോടുകൂടി ഭൂമിയിലേക്ക് വന്ന ഓരോ കുട്ടിയും ഇത്തരം സ്ക്രിപ്റ്റിനാൽ ആത്മവിശ്വാസമില്ലാത്ത ഒരു കുട്ടിയായി മാറുന്നു 
ഓരോകുട്ടിയും ജനിക്കുന്നത് രാജകുമാരനും രാജകുമാരിയും ആയിട്ടാണ് നിങ്ങളവളെ തവളകൾ ആക്കി മാറ്റുന്നു എന്നാണ്
എറിക് ബേൺ പറയുന്നത്

എന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത അനുഭവങ്ങൾ ഇവിടെ പങ്കുവച്ചുകൊണ്ട് ഞാൻ അത് വിശദീകരിക്കാം ഞാൻ വളരെ കുഞ്ഞായിരുന്ന സമയത്ത്
 വൈകുന്നേരങ്ങളിൽ ഞാനും ചേച്ചിയും അച്ഛനൊപ്പം നടക്കാനിറങ്ങുമ്പോൾ നാട്ടുകാർ അച്ഛനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് 

എങ്ങനെയുണ്ട് മക്കളുടെ പഠനമൊക്കെ?

മൂത്തമകൾ അത്യാവശ്യം പഠിക്കും അവളെ പഠിപ്പിച്ച ഒരു നിലയിലെത്തിക്കണം രണ്ടാമത്തെ ആളുടെ കാര്യം പോക്കാണ് പശുവിനെ  കറക്കുക പാൽ സൊസൈറ്റി കൊണ്ട് കൊടുക്കുക ഇതൊക്കെയാണ് താല്പര്യം എങ്ങനെയെങ്കിലും പത്താംക്ലാസ് കയറ്റിവിടണം "

ഇതാണ് ഈ ചോദ്യത്തിന് മറുപടിയായി അച്ഛൻ എല്ലാവർക്കും കൊടുത്തിരുന്നത് ഒരു ദിവസം പലതവണ ഈ ചോദ്യം  ഈ ഉത്തരം കേൾക്കുന്ന എന്റെ ഉപബോധമനസ്സിൽ എഴുതപ്പെട്ടതാണ് പത്താംക്ലാസ് എങ്ങനെയെങ്കിലും പാസാകേണ്ട ഒരു വ്യക്തിയാണ് ഞാനെന്നത് 

ചേച്ചിയുടെയും എന്റെയും  ഒന്നാം ക്ലാസിലെ മാർക്ക് നോക്കിയിട്ടാണ് അച്ഛൻ ഈ വിധി നിശ്ചയിച്ചത് എന്നതുകൂടി ഇവിടെ ഓർമ്മിക്കണം

ഞാൻ പത്താം ക്ലാസ് പാസായത് എങ്ങിനെയോ കഷ്ടപ്പെട്ടാണ്  ആണ് പക്ഷേ ക്ലാസ്സിൽ ഞാൻ എപ്പോഴും ഒന്നാമനായിരുന്നു ടീച്ചർ ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ആദ്യം ഉത്തരം പറയുന്നത് ഞാനായിരുന്നു പക്ഷേ പരീക്ഷക്ക് എപ്പോഴും എനിക്ക് വളരെ കുറവായിരുന്നു എന്തായിരുന്നു കാരണം പത്താം ക്ലാസ് എങ്ങനെയെങ്കിലും കയറി വിടണെന്ന  എൻറെ ഉപബോധമനസ്സിൽ ഉള്ള ചിന്തയാണ്  ഇങ്ങനെ സംഭവിക്കാൻ കാരണം

കുഞ്ഞുണ്ണിക്ക് രണ്ടു വയസ്സുള്ളപ്പോൾ മുതൽ അവൻ ചുവരിലോ കടലാസിലോ എന്തെങ്കിലുമൊക്കെ  വരയ്ക്കുന്ന സമയത്ത്  ഞാനവനെ എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നത് അവൻ നല്ല ചിത്രകാരനാണ് അസാധ്യമായി ചിത്രം വരയ്ക്കും എന്നു പറഞ്ഞായിരുന്നു ആരോടെങ്കിലും ഫോൺ ചെയ്യുന്ന സമയത്ത് അവർ ചോദിച്ചാലും ഇല്ലെങ്കിലും അതിനിടക്ക് ഞാനവരോട് പറയുമായിരുന്നു

 "കുഞ്ഞുണ്ണി ഇവിടെയുണ്ട് നന്നായി ചിത്രം വരയ്ക്കും "

 എന്ന് ഞാൻ പലപ്പോഴും പരിചയപ്പെടുത്താറുണ്ട് അതിന്റെ റിസൽട്ട് കണ്ടുതുടങ്ങിയത് പിന്നീടാണ് അവൻ ഇന്ന് നല്ലൊരു ചിത്രകാരൻ ആണ്

നമ്മൾ കുട്ടികളോട് പറയുന്ന ഓരോ വാക്കുകളും അവൻറെ തലയിലെഴുത്ത് ആയി മാറുകയാണ്

അതുകൊണ്ടുതന്നെ കുട്ടികളോട് സംസാരിക്കുമ്പോൾ എന്താണ് പറയുന്നത് എന്ന് വ്യക്തമായി ധാരണ ഉണ്ടായിരിക്കണം

ജീവിക്കാനുള്ള അറിവ് 
ജീവനെക്കുറിച്ചുള്ള അറിവ് 
ജീവിതത്തെ കുറിച്ചുള്ള അറിവ് 

എന്നീ മൂന്നു തരത്തിലുള്ള അറിവുകൾ കേന്ദ്രീകരിച്ചായിരുന്നു ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നത് 
എന്നാൽ പിന്നീട് വന്ന ചില കൈകടത്തൽ , മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ വന്ന മാറ്റങ്ങൾ നമ്മുടെ സംസ്കാരത്തെയും വിദ്യാഭ്യാസ രീതികളെയും ആകെ താറുമാറാക്കി ഇന്ന് വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നത് ജീവിക്കാനുള്ള അറിവ് അതായത് അക്കാഡമിക്കൽ കോളിഫിക്കേഷൻ മാത്രമാണ് 

എന്നാൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെയാണ് ജീവിതം ആഘോഷിക്കുന്നത് എന്നുമുള്ള അറിവ് ലഭിക്കുന്നില്ല 

അതുപോലെതന്നെയാണ് ജീവനെക്കുറിച്ചുള്ള അറിവ് 
ആധ്യാത്മിക അറിവും അവനവനെക്കുറിച്ചുള്ള അന്വേഷണവും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും മുഴുവൻ ജീവജാലങ്ങളോടുള്ള സമീപനവും സ്നേഹവും ചേർന്നതാണ് ജീവനെക്കുറിച്ചുള്ള അറിവ് അത് ഉയർന്ന ആധ്യാത്മിക അനുഭവമാണ് 

ഈ മൂന്ന് തരത്തിലുള്ള അറിവും ലഭിക്കുമ്പോഴാണ് ഒരു കുട്ടി പൂർണമാവുന്നത്

കുട്ടികളിലെ ഭക്ഷണ സംസ്ക്കാരം

ഉത്തമ രക്ഷാകർത്തൃത്വം 
കുട്ടികളിലെ ഭക്ഷണ സംസ്കാരം
ചോദ്യം കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് രക്ഷിതാക്കൾ നേരിടുന്ന വലിയ ഒരു സാഹസമാണ് ഇതിനായി അവർ ടിവിയും മൊബൈലുമൊക്കെ ഉപാധികളാക്കുകയാണ്  എങ്ങനെയാണ് ശരിയായ രീതിയിൽ ഭക്ഷണം കഴിപ്പിക്കേണ്ടത്?


കുട്ടി വേണ്ടത് ഭക്ഷണം കഴിക്കുന്നില്ല എന്നുള്ളതല്ല ഒരു അമ്മയുടെ പരാതി അമ്മ കഴിക്കുന്ന അത്രയും ഭക്ഷണം കുട്ടി കഴിക്കുന്നില്ല എന്നുള്ളതാണ്

കുട്ടികൾക്ക് നിങ്ങൾ കഴിക്കുന്ന അത്ര ഭക്ഷണം ആവശ്യമില്ല അവർക്ക് പ്രകൃതിതന്നെ ഒരുപാട് ഊർജ്ജം നൽകുന്നുണ്ട് രണ്ടോ മൂന്നോ ദിവസത്തേക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും ജീവിക്കാനുള്ള ഊർജം പ്രകൃതി അവർക്ക് നല്കികൊണ്ടിരിക്കുന്നുണ്ട്

 ഒരാൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഊർജ്ജമുള്ളവരായി കാണുന്നത് അയാളുടെ ചെറുപ്പകാല ഘട്ടത്തിലാണ് എപ്പോഴും ഓടിച്ചാടി നടക്കുകയും തലകുത്തി മറിയും ചെയ്യും .

അങ്ങനെ തുള്ളിച്ചാടി നടക്കുന്ന ഒരു കുട്ടിയോടൊപ്പം നിങ്ങൾക്ക് അരമണിക്കൂറിലധികം കളിക്കാൻ സാധിക്കില്ല 
അപ്പോഴേക്കും നിങ്ങൾ വളരെ ക്ഷീണിച്ചവശനായിട്ടുണ്ടാവും അപ്പോഴും കുട്ടി ചാടിക്കൊണ്ടിരിക്കുന്നുണ്ടാവും

കാട്ടി പ്രസവിക്കുമ്പോൾ കുട്ടി ഓടി രക്ഷപ്പെടുന്നു കാരണം ഇല്ലെങ്കിൽ അമ്മ സ്നേഹം കൊണ്ട് കുട്ടിയെ നക്കുകയും വളരെ തീക്ഷ്ണമായ നാവുകൊണ്ട് മൃദുലമായ കുട്ടിയുടെ ശരീരത്തിൽ നക്കുമ്പോൾ തൊലി പോകാനുള്ള സാധ്യത കൂടുതലായതിനാൽ കുട്ടി ഓടി രക്ഷപ്പെടുകയും രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അമ്മയെ കണ്ടു പിടിച്ച അമ്മക്ക് അരികിലേക്ക് വരികയും ചെയ്യുന്നു ഈ മൂന്നു ദിവസം അല്ലെങ്കിൽ നാലുദിവസം ഈ കുഞ്ഞിന് ജീവിക്കാനുള്ള ഊർജ്ജം എവിടെ നിന്നാണ് ലഭിക്കുന്നത് നിർബന്ധിച്ച് ഭക്ഷണം കഴിപ്പി ക്കുന്നുണ്ടോ?
പ്രകൃതി നൽകുന്നതാണ് അത് '



കുട്ടികൾക്ക് ധാരാളം ഊർജ്ജം പ്രകൃതി നൽകുന്നുണ്ട് വളരെ കുറച്ച് ഭക്ഷണം  മാത്രമേ കുട്ടികൾക്ക് ആവശ്യമുള്ളൂ 

 രണ്ടുകയ്യും ചേർത്തുവച്ചാൽ കൈവെള്ളയിൽ കൊള്ളുന്നതാണ് ഒരു മനുഷ്യന് ഒരു നേരം വേണ്ട ഭക്ഷണത്തിന്റെ അളവ് (രണ്ടുകയും ചേർത്ത് വെച്ച് 18 ചപ്പാത്തി ഇങ്ങോട്ട് വെച്ചാളൂ ചേട്ടാ എന്ന് പറയരുത് ) അങ്ങനെ രണ്ടു നേരമാണ്  മനുഷ്യന് ഭക്ഷണം ആവശ്യമുള്ളത് അതിലധികം അയാൾ കഴിക്കുന്ന ഭക്ഷണം  അനാരോഗ്യത്തെ ആണ് പ്രധാനം ചെയ്യുന്നത് .

കുട്ടികൾക്ക് ഭക്ഷണം വേണ്ടപ്പോൾ അവർ കരയുകയും ഭക്ഷണത്തിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്യും അപ്പോൾ മാത്രമാണ് ഭക്ഷണം കൊടുക്കേണ്ടത് ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടാകുമ്പോൾ  കുട്ടികൾ പൂർണ്ണമായും ഭക്ഷണം ഉപേക്ഷിക്കുകയും വിശ്രമിക്കുകയും ചെയ്യും അപ്പോൾ പൂർണമായും അതിന് അനുവദിക്കുകയാണ് ചെയ്യേണ്ടത് കാരണം കുട്ടികൾ അപ്പോൾ  ആവശ്യപ്പെടുന്നത് വിശ്രമമാണ് ഭക്ഷണമല്ല ഓരോ മനുഷ്യനുള്ളിൽനിന്നും പ്രാണൻ അയോളോട് സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് ആ പ്രാണന്റെ ഭാഷ കേൾക്കുകയും മനസിലാക്കുകയും ചെയ്യുമ്പോൾ ആണ് അയാൾ പൂർണ ആരോഗ്യവാനായി തീരുന്നത്

കൂടുതൽ ഭക്ഷണം കൂടുതൽ ആരോഗ്യം എന്ന ചിന്ത അകാലത്തിൽ ശവമഞ്ചം ഒരുക്കുമെന്ന് ഗാന്ധിജിയുടെ വചനങ്ങൾ ശ്രദ്ധേയമാണ്

പിന്നെ ടിവി കണ്ടും മൊബൈൽഫോൺ കണ്ടും ഒക്കെ ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തോടുള്ള ശ്രദ്ധ കുട്ടികൾക്ക് കുറയുകയും അത് യാന്ത്രിക പ്രവർത്തിയായി മാറുകയും ചെയ്യും അതുകൊണ്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക മാത്രം ചെയ്യുക

കുട്ടികൾ ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഭക്ഷണം കൊടുക്കുക


ഉത്തമ രക്ഷാകർത്തൃത്വം എന്ന കല

ഉത്തമ രക്ഷാകർത്തൃത്വം

രക്ഷാകർത്തൃത്വം എന്ന കല

കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ ഒരുലക്ഷത്തിലധികം കുട്ടികളുടെ കൂടെ ഇരിക്കാനും അവരെ കേൾക്കാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട് ആയിരക്കണക്കിന് രക്ഷിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചിട്ടുണ്ട് നമ്മുടെ സുഹൃത്തുക്കളുടെ രക്ഷിതാക്കളുടെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു പാരൻഡിങ് പുസ്തകം എഴുതണമെന്ന് പലകാരണങ്ങളാൽ നടന്നില്ല എന്നാൽ ഇപ്പോൾ നേരിട്ട് എത്താൻ കഴിയാത്ത വരിലേക്ക് താളുകളിലൂടെ എത്താം എന്ന്  ബോധ്യപ്പെട്ടപ്പോൾ
ഇവിടെ
ഒരു പുസ്തകം ജനിക്കുന്നു
അല്ല
ഒരു രക്ഷിതാവ് ജനിക്കുന്നു
അല്ല
ഒരു നല്ല മനുഷ്യൻ ജനിക്കുന്നു

കഴിഞ്ഞ കുറെ വർഷത്തെ കൗൺസിലിംഗ് അനുഭവങ്ങളിൽനിന്നും പരിശീലന അനുഭവങ്ങളിൽനിന്നും പല രക്ഷിതാക്കളും ചോദിച്ച ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ഒക്കെയാണ് ഈ പുസ്തകത്തിലൂടെ കടന്നുപോകുന്നു

കഥകളിലൂടെയും ഉത്തരപ്രത്യുത്തരങ്ങളിലൂടെയും ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയും ഈ ലേഖനം നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നു

സായാഹ്ന സമയത്ത് നിങ്ങളുടെ കൈപിടിച്ച് നടക്കുന്ന ഒരു സുഹൃത്ത് നിങ്ങളോട് പങ്കു വെക്കുന്ന ചില ചെറിയ കാര്യങ്ങൾ

ഒരുപക്ഷേ ഇത് നിങ്ങളെ മാറ്റിമറിച്ചേക്കാം ഇത് നിങ്ങൾക്കുള്ള സമ്മാനം അല്ല അടുത്ത തലമുറയ്ക്കുള്ള നമ്മുടെ സമ്മാനമാണ്

അധ്യായം 1

പത്താം ക്ലാസ്സുകാരുടെ രക്ഷിതാക്കളുടെ യോഗം വിദ്യാലയത്തിൽ നടക്കുകയാണ് ക്ലാസിലെ എല്ലാവരോടുമായി ഞാൻ ചോദിച്ചു നിങ്ങളുടെ കുട്ടികളെ എന്താ ക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്

പരിപൂർണ നിശബ്ദത വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ചില ഉത്തരങ്ങൾ ഓരോരുത്തരായി പറഞ്ഞു

ഒരു അമ്മ പറഞ്ഞു
എൻറെ മകൾക്ക് എന്താവാനാണോ താൽപര്യം
അതാവട്ടെ നമ്മുടെ ആഗ്രഹങ്ങൾ അല്ലല്ലോ കുട്ടികളുടെ തലയിൽ കെട്ടി വയ്ക്കേണ്ടത്?

ഞാൻ
നല്ല ചോദ്യം  അപ്പോൾ നിങ്ങളുടെ മകൾക്ക് ഒരു ഭീകരവാദിയോ ഒരു തീവ്രവാദിയോ ആവാനാണ് ആഗ്രഹമെങ്കിൽ നിങ്ങൾ അതിന് അനുവദിക്കുമോ ?

അമ്മ

ഒരിക്കലുമല്ല അവൾ ഒരു നല്ല മനുഷ്യനായി, എല്ലാവർക്കും നന്മ ചെയ്യുന്ന ഒരു വ്യക്തി ആവണം എന്നാണ് എൻ്റെ ആഗ്രഹം

ഞാൻ
അങ്ങനെയാണെങ്കിൽ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങണമെന്നും നന്നായി പഠിക്കണമെന്നും ഒക്കെ അവളോട് പറയേണ്ടതുണ്ടോ നന്മയെക്കുറിച്ച്
  നല്ല മനുഷ്യനാ വേണ്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചും ഒക്കെയല്ലേ പഠിപ്പിക്കേണ്ടത് അതിന് വിദ്യാലയത്തെ കാളും നല്ലത് സെമിനാരികളും ആശ്രമങ്ങൾ ഒക്കെയല്ലേ
അമ്മ
അങ്ങനെയല്ല സമൂഹത്തിൽ ഉന്നത ജോലിയും നല്ല വരുമാനവും നല്ല കുടുംബവും നല്ല ഉത്തരവാദിത്വവുമുള്ള വളരെ മൂല്യബോധമുള്ള ഒരു ഉത്തമ മനുഷ്യനാക്കുക എന്നതാണ് ഞാൻ ഉദ്ദേശിച്ചത്

ഞാൻ
അപ്പോൾ നിങ്ങൾ ആദ്യം പറഞ്ഞ ഉത്തരം തെറ്റാണ് നിങ്ങൾ ആദ്യം പറഞ്ഞത് അവൾ എന്താണോ ആഗ്രഹിക്കുന്നത് ആവട്ടെ എന്നായിരുന്നു പക്ഷേ ഇപ്പോൾ നിങ്ങൾ വളരെയധികം ഡിമാൻഡുകൾ വെക്കുന്നുണ്ട്


നിങ്ങൾ ഒരു ഫ്രെയിം ഉണ്ടാക്കി ആ ഫ്രെയിമിൽ മക്കളെ വളർത്തി നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പ്രോഡക്റ്റ് ആയി മക്കളെ മാറ്റാനാണ് എല്ലാശ്രമങ്ങളും ഒരുപക്ഷേ ഇന്ന് ഈയൊരു ക്ലാസിന് നിങ്ങൾ വന്നതിൻ്റെ  ഉദ്ദേശവും മകളെ പഠിപ്പിച്ച്
വലിയ നിലയിൽ,
വലിയ ഉദ്യോഗം ,
വളരെ സന്തോഷത്തോടെയുള്ള ജീവിതം  ഒക്കെയുള്ള
നിങ്ങളുടെ സ്കെയിൽ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി ആക്കി മാറ്റാനാണ്

അമ്മ
അതുപിന്നെ മക്കളെ നല്ലവഴിക്ക് നയികേണ്ടത് രക്ഷിതാക്കളുടെ കർത്തവ്യം അല്ലേ ഇല്ലെങ്കിൽ നാളെ അവർ നമ്മളെ പഴിക്കില്ലേ അതുപോലെതന്നെ നമ്മൾക്കും ജീവിതത്തിൽ ഒരു കുറ്റബോധം ഉണ്ടാവുകയില്ല ഞാൻ വേണ്ടതുപോലെ വളർത്തിയില്ല എന്ന കാര്യത്തിൽ

അമ്മ
ഞാൻ അവൾ ഒരു തെറ്റിലേക്ക് പോവാതെ ശരിയായ രീതിയിൽ ജീവിക്കുക സാമാന്യ മാർക്ക് വാങ്ങി നല്ല ഒരു പ്രൊഫഷൻ സ്വീകരിച്ചു സന്തോഷമായി ജീവിക്കുക ഇപ്പോഴത്തെ കാലത്ത് ജീവിക്കണമെങ്കിൽ നല്ല മാർക്കും ജോലിയും വിജയവും ഒക്കെ ഉണ്ടെങ്കിൽ അല്ലെ പറ്റൂ

ഞാൻ
ഈ ശരി തെറ്റ് എന്ന് പറയുന്ന സാധനങ്ങൾ എപ്പോഴും ആപേക്ഷികമാണ് നിങ്ങളുടെ ശരിയായിരിക്കണമെന്നില്ല നിങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആളുടെ ശരി പ്രായത്തിനനുസരിച്ച് കാലഘട്ടത്തിനനുസരിച്ച് കാലത്തിനനുസരിച്ച് ശരിതെറ്റുകൾ മാറിക്കൊണ്ടേയിരിക്കും അതിനാൽ നിങ്ങളുടെ ശരിയും അവളുടെ ശരിയും ഒന്നാ,വണമെന്നില്ല നിങ്ങളുടെ ശരിയിലേക്ക് അവളെ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഒരു പക്ഷേ അവൾക്ക് നാളെ മാനസിക പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം
അമ്മ
പിന്നെ നമ്മുടെ മക്കളെ കുറിച്ച് നമ്മൾ സ്വപ്നം കാണേണ്ട എന്നാണോ സാർ പറയുന്നത് അവരെ അവരെ തോന്നുന്ന വഴിക്ക് വിട്ട് അവർ നാളെ സാമൂഹികവിരുദ്ധരോ താന്തോന്നികളുമായി മാറിയാൽ അത് ദോഷമല്ലേ

ഞാൻ
തീർച്ചയായും അങ്ങനെ തീവ്രവാദികളും സമാജത്തിന് ഉപദ്രവമുണ്ടാക്കുന്ന വരും നമുക്ക് ചുറ്റും ധാരാളമുണ്ട് അവർ എങ്ങനെ ഉണ്ടായി ?
ഈ ലോകത്തിനുവേണ്ടി പ്രവർത്തിക്കുന്നവരും ചിന്തിക്കുന്നവരും മാതൃകാ പുരുഷന്മാരും
എങ്ങനെ ഉണ്ടായി ?
ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നൊക്കെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്

അമ്മ
കുട്ടികൾ അറിവില്ലാത്തവരെ അവർക്ക് കൃത്യമായ അറിവ് കൊടുക്കേണ്ടതും ശരിയായ രീതിയിലേക്കു വളർത്തി വലുതാക്കുന്നത് നമ്മുടെ കർത്തവ്യം അല്ലെ നമ്മൾ സ്വപ്നം കണ്ടാലല്ലേ അവർക്ക് അത് ആയിത്തീരാൻ സാധിക്കുകയുള്ളൂ


ഞാൻ

നിങ്ങളുടെ അച്ഛനുമമ്മയും സങ്കല്പിച്ചത് പോലെ, സ്വപ്നം കണ്ടതുപോലെ ആയിത്തീരാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? നെഞ്ചിൽ കൈവെച്ച് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചത് പോലെ തന്നെയാണ് ഞാൻ ആയിത്തീർന്നത് എന്ന്

അമ്മ
ഒരിക്കലും എനിക്ക് സാധിച്ചിട്ടില്ല എന്നെ ഒരു ഡോക്ടർ ആകണമെന്നായിരുന്നു എൻറെ അച്ഛനും അമ്മയും ആഗ്രഹിച്ചത് പക്ഷേ എനിക്ക് പഠിക്കാൻ കഴിവില്ലാത്തതിനാൽ അവരുടെ സ്വപ്നത്തിന് അനുസരിച്ച് ഉയരാൻ എനിക്ക് സാധിച്ചില്ല

ഞാൻ
നിങ്ങളുടെ അച്ഛനെയും അമ്മയുടെയും സ്വപ്നത്തിൻ അനുസരിച്ച് ഉയരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ മക്കളെ അതായി കാണാനുള്ള അവകാശം അധികാരം നിങ്ങൾകുണ്ടോ

അമ്മ
ഇല്ല

ഞാൻ
ആരാണ് പറഞ്ഞത് ഇല്ലാന്ന് തീർച്ചയായുമുണ്ട്
നിങ്ങളുടെ അച്ഛനും അച്ഛനുമമ്മയും ആഗ്രഹിച്ചത് പോലെ നിങ്ങള്ക്ക് ആവാൻ സാധിക്കാത്തതിന് കാരണവും, നിങ്ങളെ മക്കളെ നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം എത്തിക്കാനുള്ള വഴികളും അറിയണം എന്ന് മാത്രം

അമ്മ
എസ് അതറിയാൻ ഞങ്ങൾക്ക് വളരെ താല്പര്യമുണ്ട് എന്തൊക്കെ കാര്യങ്ങളാണ് ഒരു വ്യക്തിയെ സൃഷ്ടിക്കുന്നതിൽ പ്രധാന ഘടകങ്ങൾ


ഞാൻ
നിങ്ങളുടെ കുട്ടിയുടെ ജോലിയോ സാധ്യതകളും ഒക്കെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്ക് തന്നെയാണ് അവരുടെ 13  വയസ്സിലാണ് അവർ വ്യക്തിത്വം ഉള്ളവരാകുന്നത് അവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്
അതുവരെ അവർ ആഗ്രഹങ്ങളിലൂടെയാണ് കടന്നുപോകുന്നത്
ബസ് ഡ്രൈവറെ കാണുമ്പോൾ അതാവണമെന്നും ടീച്ചറെ കാണുമ്പോൾ അതാവണം എന്നും അങ്ങനെ ഓരോ ദിവസവും ഓരോ ആഗ്രഹങ്ങൾ
എന്നാൽ ഒരു കുട്ടിയുടെ ഭാവി തീരുമാനിക്കുന്നത് അവൻ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് അവൻ എന്താകണം എന്നു തീരുമാനിക്കുന്നത് ഇതൊക്കെ എവിടെ വച്ചാണ് ആരാണ് എങ്ങനെയാണ് ഇതിന് പിന്നിലുള്ള രഹസ്യം എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായി തന്നെ പഠിക്കാം

അമ്മ
സർ ഈ ലോകത്ത് ഇപ്പോൾ ഏറ്റവും അത്യാവശ്യമുള്ള ഒരു അറിവ് തന്നെയാണ് ഇത് ഞങ്ങൾ അക്ഷമയോടെ അതിനെക്കുറിച്ച് പഠിക്കാൻ കാത്തുനിൽക്കുന്നു

ഞാൻ
ഇവിടെ ഉപ്പുമാവ് ഉണ്ടാക്കാൻ അറിയുന്നവർ ആരാണ്
ഒരു Parant  എനിക്ക് അറിയാം ഞാൻ
ഒന്ന് പറയാമോ എങ്ങനെയാണ് ഒരു ഉപ്പുമാവ് ഉണ്ടാക്കുന്നതെന്ന് (ഉപ്പുമാവ് ഉണ്ടാക്കുന്ന വിധം അയാൾ വിശദമായി തന്നെ അവിടെ ചർച്ച ചെയ്യുന്നു)

ഞാൻ
ഒരു ഉപ്പുമാവ് ഉണ്ടാക്കണമെങ്കിൽ പോലും നമ്മൾക്ക് നല്ല വൈദഗ്ധ്യം ആവശ്യമുണ്ട് ഏതൊക്കെ സമയത്ത് എന്തൊക്കെ ചേർക്കണം കൃത്യമായ സമയം കൃത്യമായ അളവ് കൃത്യമായ കൂട്ടിച്ചേർക്കൽ എന്നിവയൊക്കെ കൃത്യം ആകുമ്പോഴാണ് ഏറ്റവും നല്ല ഒരു ഉപ്പുമാവ് സൃഷ്ടിക്കപ്പെടുന്നത് എന്നാൽ ഒരു ഉപ്പുമാവ് സൃഷ്ടിക്കുന്നതിൽ നമ്മൾക്ക് ഇത്രയും വൈദഗ്ധ്യം ആവശ്യമുണ്ടെങ്കിൽ നല്ല ഒരു കുട്ടിയെ മനുഷ്യനെ സൃഷ്ടിക്കുന്നതിൽ നമുക്ക് വൈദഗ്ദ്ധ്യം ആവശ്യമില്ലേ

ഒരു കുട്ടി എവിടെയാണ് സൃഷ്ടിക്ക പെടുന്നത് ?

ഒരു ചായ എവിടെയാണ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് ?

ചായ ആദ്യം സൃഷ്ടിക്കപ്പെടുന്നത് അമ്മയുടെ മനസ്സിലാണ് അമ്മയുടെ മനസ്സിൽ വരുന്ന ചായയാണ്  നമുക്ക് ലഭിക്കുന്നത് അമ്മയുടെ സങ്കൽപ്പത്തിലെ ചായക്ക്  മധുരം കുറവാണെങ്കിൽ നമുക്ക് ലഭിക്കുന്ന ചായക്കും മധുരം കുറവായിരിക്കും
സങ്കല്ലമാണ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് അതാണ്  റിസൾട്ടായി നമ്മുടെ മുന്നിലെത്തുന്നത്
അമ്മ
ചായയുടെയും മേശയുടെയും കാര്യത്തിലൊക്കെ ഇത് ശരിയാണ് പക്ഷേ നമ്മുടെ കുട്ടി എന്ന് പറയുന്നത് ജീവനുള്ള ഒരു വസ്തുവല്ല അപ്പോൾ എങ്ങനെയാണ് ഇത് ശരിയാവുന്നത്
തുടരും


ഞാൻ
ഒരു ഭാര്യയും ഭർത്താവും ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്ന മുഹൂർത്തത്തിൽ ആ കുട്ടി സൃഷ്ടിക്കപ്പെടുന്നു എന്നാണ് ഭാരതീയ ആചാര്യന്മാർ പറയുന്നത് ഇന്ന് മോഡേൺ സയൻസ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് അൺവാണ്ടഡ് ചൈൽഡ് എന്ന വിഷയം കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് തീരുമാനിക്കുന്നത് അടുത്ത അഞ്ചുവർഷത്തേക്ക് കുട്ടികൾ വേണ്ട എന്നതാണ് എന്നാൽ അബദ്ധവശാൽ കുട്ടി വയറ്റിലുണ്ടാകുന്ന സമയത്ത് ആ കുട്ടിയെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒഴിവാക്കാതെ വന്നപ്പോൾ അതിനെ പ്രസവിക്കാൻ തീരുമാനിക്കുന്നു അങ്ങനെ പ്രസവിച്ച കുട്ടിക്ക് ഉണ്ടാകുന്ന ഒരു പ്രത്യേക മാനസികാവസ്ഥയാണ് ഞാൻ ആർക്കും വേണ്ടാത്തവനാണ് എന്നെ  ആർക്കും ഇഷ്ടമില്ല എന്നൊക്കെ  അവർ പറഞ്ഞു കൊണ്ടേയിരിക്കും അച്ഛനോടും അമ്മയോടും യാതൊരുതരത്തിലുള്ള ഇമോഷണൽ ബാങ്ക് അക്കൗണ്ടിംങ്ങും ഉണ്ടായിരിക്കില്ല
ഒരു ഗർഭിണി ഗർഭകാലത്ത് അനുഭവിക്കുന്ന ഓരോ ചിന്തകളും കുട്ടിയായി മാറുന്നുണ്ട് ഗർഭസമയത്ത് ഭാര്യയും ഭർത്താവും അനുഭവിക്കുന്ന മാനസികാവസ്ഥ കുട്ടിയെ വളരെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നാണ് ഭാരതീയ ദർശനങ്ങൾ നമുക്ക് പറഞ്ഞുതരുന്നത് വികൃതരൂപത്തിലുള്ള വ്യാസനെ കാണാനെ വയ്യ എന്ന മാനസീകാവസ്ഥയിൽ കണ്ണടച്ചു ഗർഭാധാനം  നടത്തിയതിനാൽ അന്ധനായി ജനിച്ച ധൃതരാഷ്ട്രരുടെ കഥയും വളരെ സന്തോഷത്തോടുകൂടി ഗർഭത്തെ സ്വീകരിച്ചപ്പോൾ ഉണ്ടായ മഹാനായവിദുരരുടെ കഥയും  നമ്മളെ ഓർമിപ്പിക്കുന്നു പ്രഹ്ലാദൻ്റെ കഥയും അഭിമന്യുവിനെ കഥയും കാക്കശ്ശേരി ഭട്ടതിരിപ്പാടിൻ്റെ കഥയും അഷ്ടാവക്രൻ്റെ കഥയും അങ്ങനെ അങ്ങനെ അനേകം അനേകം ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ വെക്കുന്നു

(നിങ്ങളുടേതെന്ന് നിങ്ങൾ അവകാശപ്പെടുന്ന കുഞ്ഞുങ്ങൾ വാസ്തവത്തിൽ നിങ്ങളുടേതല്ല .
അവർ ജീവിതത്തിന്റെ നൈരന്തര്യത്തിൻ പ്രയാണത്തിൽ നിലനിൽക്കാനുള്ള സന്തതികളത്രെ .
അവർ ഈ ലോകത്തു വന്നത് നിങ്ങളിലൂടെ .എന്നാലവരുടെ ആരൂഢം നിങ്ങളല്ല .
അവർ ജീവിച്ചുപോരുന്നത് നിങ്ങൾക്കൊപ്പം .എന്നാൽ ഉടമസ്ഥർ നിങ്ങളല്ല .നിങ്ങൾക്കവരെ സ്നേഹിക്കാം എന്നാൽ ചിന്ത അവരുടെ മേൽ ചെലുത്തരുത്‌ .അവരുടെ ദേഹങ്ങളെ നിങ്ങൾക്ക് പരിപാലിക്കാം .എന്നാലാത്‌മാവിനെ ഭദ്രമാക്കുവാൻ ശ്രമിക്കരുത് .എന്തെന്നാൽ നിങ്ങളുടെ സ്വപ്നങ്ങളിൽ പോലും അപ്രാപ്യമായ നാളെയെന്ന ഗൃഹത്തിലാണ് അവരുടെ ആത്മാക്കളുടെ വാസം .
അവർ നിങ്ങളെപ്പോലെയാകാൻ ശഠിക്കരുത് .അവരെപ്പോലെയാവാൻ നിങ്ങൾ ശ്രമിയ്ക്കുക ..
ഖലിൽ ജിബ്രാൻ 

Thursday, April 2, 2020

ഡോക്ടർ ശ്രീനാഥ് കാരയാട്ടിന്റെ അനുഭവ കഥകൾ, പെർഫക്ഷൻ

കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ ശീലങ്ങൾ , സംസ്കാരങ്ങൾ മൂല്യങ്ങൾ എന്നിവ പഠിപ്പിക്കേണ്ടത് അല്ലേ ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പറയാറ് എന്തൊക്കെ ശീലങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്

കേരളത്തിലെ പ്രമുഖമായ ഒരു വിദ്യാലയത്തിലെ പതിനേഴാമത്തെ വാർഷികം നടക്കുകയാണ് മുഖ്യപ്രഭാഷണത്തിൽ ഞാനാണ് ക്ഷണിക്കപ്പെട്ടത് വളരെ ഭംഗിയായി അലങ്കരിച്ച വേദിയിൽ വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡണ്ട് ഞാൻ (ഡോക്ടർ  ശ്രീനാഥ് കാരയാട്ട് )പിടിഎ പ്രസിഡണ്ട് സ്ഥലത്തെ എസ് ഐ ഇടവകയിലെ അച്ഛൻ സ്കൂൾ മാനേജർ എന്നിവർ ക്രമത്തിൽ ഇരിക്കുന്നു 2500 ലധികം ജനങ്ങൾ പരിപാടി കാണാൻ വേണ്ടി ഉണ്ട് സദസ്സിലിരിക്കുന്ന
 വ്യവസ്ഥ അനുസരിച്ച്
ആങ്കറിംഗ്  ചെയ്യുന്ന ഒരു പെൺകുട്ടി വേദിയിൽ വന്ന് ഓരോ ആൾക്കാരെ ക്ഷണിക്കുമ്പോൾ എൽകെജിയിൽ പഠിക്കുന്ന ചെറിയ കുട്ടികൾ ഓരോ പനിനീർപ്പൂവും  ക്ഷണിക്കപ്പെടുന്ന വ്യക്തിക്ക് കൊടുക്കുക എന്നതാണ് വ്യവസ്ഥ

പ്രധാന പ്രഭാഷകനായ എന്നെയാണ് ആദ്യം 

ക്ഷണിച്ചത് വേദിയിലേക്ക് വന്ന നാലുവയസ്സുള്ള പ്രായമുള്ള പെൺകുട്ടിക്ക് ശ്രീനാഥ് ആരാണെന്നറിയാതെ വേദിയിലിരിക്കുന്ന വാർഡ് മെമ്പർക്ക് പൂവ്  കൊടുക്കുകയും ചെയ്തു അയാൾ  അത് നിഷേധിച്ചു അൽപ്പം ആശങ്കയോടെ കുട്ടി രണ്ടാമതിരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന് പൂവ് കൊടുക്കാൻ ശ്രമിച്ചു അദ്ദേഹം നിഷേധാർത്ഥത്തിൽ അത് തട്ടി മാറ്റുകയാണ് ചെയ്തത് മൂന്നാമതിരിക്കുന്ന ഞാൻ അവളെ ചേർത്തു പിടിക്കുകയും വളരെ സ്നേഹത്തോടുകൂടി കുശലം പറയുകയും പൂവ്  വാങ്ങിക്കുകയും ചെയ്തു അപ്പോഴേക്കും രണ്ടാമത്തെ പേര് പറഞ്ഞ്  സ്വാഗതം പറഞ്ഞിരുന്നു രണ്ടാമത്തെ കുട്ടിയും ഇതേപോലെതന്നെ ചെയ്തു  പിന്നീടുവന്ന ഓരോ കുട്ടികളും നേരിട്ട് പൂവുമായി എനിക്കരികിലേക്ക് വരികയായിരുന്നു 

ഇത് കണ്ട് സ്കൂൾ പ്രിൻസിപ്പൽ വേദിയിൽ എഴുന്നേറ്റ് നിൽക്കുകയും ഉച്ചത്തിൽ , കുട്ടികളെ പറഞ്ഞയക്കുന്ന ആളോട് 
"എന്ത് തോന്നിവാസം ആണ് ഇവിടെ ചെയ്യുന്നത് ആൾക്കാരെ വിളിച്ച് അപമാനിക്കുകയാണോ " ?

 വളരെ ആക്രോശത്തോടുകൂടി 
ചോദിച്ചു.

 സന്തോഷേടെ കാര്യങ്ങൾ  ചെയ്ത
കുട്ടികൾ സിംഹത്തിനു മുന്നിൽപ്പെട്ട മാനിനെപ്പോലെ വിറക്കുകയായിരുന്നു

ഈ കുട്ടികൾ ഇനി ജീവിതത്തിൽ ഏതെങ്കിലും ഒരു വേദിയിൽ കയറി നിൽക്കുമെന്നും ഒരു സമൂഹത്തെ  അഭിമുഖീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

കുട്ടികൾ ചെയ്യുന്നത് അവരുടെ 100% തന്നെയാണ് എന്നാൽ അത് നിങ്ങളുടെ 100% ആവണമെന്നില്ല നിങ്ങളുടെ 100% ഒരിക്കലും നിങ്ങൾ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കരുത് അവരുടെ 100% സ്വീകരിക്കുക ആഘോഷിക്കുക അംഗീകരിക്കുക പ്രോത്സാഹനം കൊടുക്കുക 

നിങ്ങളുടെ സ്ഥാനത്ത് എത്തുമ്പോഴേക്കും അത് ആയിരം ശതമാനമായി മാറും 

ഇനി ഇതിനെ ഒരു കുട്ടിക്കളിയായി കാണുകയും അതിനെ ആസ്വദിക്കാനും തുടങ്ങിയാൽ എന്ത് ഭംഗിയാണ് കുട്ടികൾ മാറി കൊടുക്കുന്നതും മറ്റുള്ളവർ മാറി വാങ്ങുന്നതും ഒക്കെ കണ്ടു ചിരിക്കാനും നമ്മൾ തയ്യാറാകണം അല്ലെങ്കിൽ ഈ ജീവിതം ഒരു യാന്ത്രികമായി തീരും

കുട്ടികളെ സംസ്കാരം ചിട്ടകൾ മൂല്യങ്ങൾ പഠിപ്പിക്കേണ്ടത് ക്ലാസ് റൂമിൽ വച്ചല്ല
മാതൃകയായി കൊണ്ടാണ് നമ്മുടെ പ്രവർത്തിയാണ് അവരുടെ സംസ്കാരം ആയി മാറുന്നത് 

ഞായറാഴ്ച രാവിലെ അച്ഛൻ മകളെ പഠിപ്പിക്കുന്നത് ഹരിശ്ചചന്ദ്രനെ കുറിച്ചും സത്യെത്തെ കുറിച്ചുമാണ് ആ സമയത്ത് ഫോൺ ബെല്ലടിച്ചാൽ

അച്ഛൻ കുട്ടിയോട്
പറയുന്നത് ഫോണെടുത്ത്
 "അച്ഛനെവിടെ ഇല്ല 
 എന്ന് പറയൂ " എന്നാണ്

 ഇവിടെ ഒരേസമയം സത്യം പറയാൻ അച്ഛൻ പ്രേരിപ്പിക്കുകയും കളവ് പറഞ്ഞഞ്  കാണിക്കുകയും ചെയ്യുന്നു ഇതിൽ ഏത് 
മെസ്സേജ് ആണ് കുട്ടി സ്വീകരിക്കുന്നത്

 കാണുന്ന മെസ്സേജ് ആണ് കുട്ടി സ്വീകരിക്കുന്നത് 

നിങ്ങൾ മാതൃക കാണിക്കുക എന്നുള്ളത് മാത്രമാണ് ഇതിന് ഏക പോംവഴി


ദേഷ്യപ്പെടരുത് എന്ന പറയുന്നതെങ്കിലും ക്ഷമയോടുകൂടി പറയാൻ ശീലിക്കുക
 

ഡോക്ടർ ശ്രീനാഥ് കാരയാട്ട്

Wednesday, April 1, 2020

ബഹു:മുഖ്യമന്ത്രിക്ക് ഒരു കത്ത്

പ്രിയ മുഖ്യമന്ത്രി പിണറായി വിജയൻ സർ ഈ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി
അങ്ങ് എടുക്കുന്ന നാടപടികൾ വളരെ സ്തുത്യർഹമാണ് ,മാതൃകാപരമാണ്
തീർച്ചയായും അങ്ങയുടെ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണ് എന്ന് ഞങ്ങൾക്കുറപ്പുണ്ട് ദിവസവും വൈകുന്നേരം 6 മണി ആവാൻ കത്തുനിൽക്കാറുണ്ട് അങ്ങയുടെ പത്രസമ്മേളനം കാണാൻ


ഇനി വിഷയത്തിലേക്ക് വരാം

ഇന്നത്തെ ലോക് ഡൗൺ അവസരത്തിൽ ബാറുകളും ബീവറേജകളും അടച്ചപ്പോൾ മദ്യപാൻമാരിൽ ഉണ്ടായ അസ്വസ്ഥകൾ കണക്കിലെടുത്ത് അവരെ രക്ഷിക്കുന്നതിനായി അങ് കാണിക്കുന്ന ശ്രദ്ധ സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും കാര്യത്തിലുള്ള അങ്ങയുടെ കർത്തവ്യബോധത്തെയാണ് തുറന്ന് കാണിക്കുന്നത്.
മദ്യപാനാസക്തി വലിയ ഒരു വിപത്ത് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല . സംസ്ഥാനത്തിന്റെ വലിയ വരുമാന ശ്രോതസാണെങ്കിലും നാട്ടിലെ അമ്മമാരുടെയും ഭാര്യമാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ഒരു കണ്ണുനീർ , ശാപം ആ വരുമാനത്തിനു
പിന്നിൽ ഉണ്ട് മാത്രമല്ല സംസ്ഥാനത്തെ അക്രമങ്ങൾക്കും അപകടങ്ങൾക്കും ക്രൂര കൃത്യങ്ങൾക്കും പിന്നിൽ മദ്യം തന്നെയാണ് പ്രധാന കാരണം. ഘട്ടം ഘട്ടമായി നമുക്ക് ഇത് കുറക്കേണ്ടതുണ്ട് ചില നിരദേശങ്ങൾ ആണ് താഴെ കൊടുക്കുന്നത്


1. മദ്യം കഴിക്കുന്ന മുഴുവൻ വ്യക്തികളും മദ്യപാനികൾ അല്ല മദ്യപാനം ആസക്തി (addiction) ആയി മാറിയവരെ മാത്രമാണ് മദ്യപാനി എന്ന് നമ്മൾ വിളിക്കുന്നത്
പരമാവധി  30 ശതമാനത്തിൽ താഴെയാണ്   മദ്യം കഴിക്കുന്നവരിൽ മദ്യപാനികൾ

2.മദ്യം കഴിക്കുന്നവർ തുടക്കത്തിൽ പറയുന്നത്
"ഇതെനിക്ക് എപ്പോൾ വേണമെങ്കിലും നിർത്താം, ആസക്തി ഇല്ല "
എന്നൊക്കെയാണ് എന്നാൽ ആൾക്കഹോൾ ബ്ലഡിന്റെ ഭാഗമായാൽ  പിന്നീട് മദ്യം ലഭിച്ചങ്കിൽ മാരകമായ വിടുതൽ പ്രശനങ്ങൾ (withdrawal syndrome) ഉണ്ടാവും അത് വ്യക്തിയെ അക്രമാസക്തനാക്കാനും ആത്മഹത്യ വരെയുള്ള അവസ്ഥകളിലേക്ക് നയിക്കാനും സാധ്യതയുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ   കുറേ യുവാക്കളാണ്
ഇക്കാരണത്താൽ നമ്മുടെ സംസ്ഥാനത്തിന് നഷ്ടമായത്.

മറ്റ് ഒരു സംസ്ഥാനത്തും Lock down കാരണം മദ്യം കിട്ടാതെ വ്യക്തികൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത കണ്ടിട്ടില്ല. എന്ത് കൊണ്ട് നമ്മുടെ സംസ്ഥാനത്ത് മാത്രം ?

ചികിത്സയും കൗൺസിലിംങ്ങും മാത്രമാണ് ഇതിന് പോംവഴി ചികിത്സയിലൂടെ 100 ശതമാനം മദ്യപാനാസക്തി മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതിന് സംസ്ഥാനത്തെ നൂറ് കണക്കിന് ആൾക്കഹോളിക്ക് അനോണിമസ് ഗ്രൂപ്പുകൾ
തെളിവാണ് സർ


(Alcoholic anonymous:
മദ്യപാനാസക്തി ചികിത്സയിലൂടെ പൂർണ്ണമായും മാറി ഇപ്പോൾ മറ്റ് മദ്യപാനികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ)

ഈ ഒരു അവസരം മുതലാക്കി മദ്യപാന രോഗികളുടെ കണക്കെടുത്ത് എല്ലാ ജില്ലകളിലും മതിൽ / ഗേയ്റ്റ് സൗകര്യങ്ങൾ ഉള്ള സ്ക്കൂളുകൾ ഡി അഡിക്ഷൻ സെന്ററുകളാക്കി അവർക്ക് കൃത്യമായ ചികിത്സ നെൽകി അവരെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും ആൾക്കഹോളിക്ക് അനോണിമസ് പ്രവർത്തകരുടെയും കേരളാ പോലീസിന്റെയും സഹായവും നമുക്ക് ഉപയോഗ പെടുത്താം സർ

3. പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഇപ്പോൾ  മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ വാർത്തകളാണ് വർധിച്ച പ്രാധാന്യത്തോടെ കൊടുക്കുന്നത് .വിടുതൽ പ്രശനങ്ങളിൽ (withdrawal symptoms) ഇരിക്കുന്ന ഒരു വ്യക്തിക്ക്
ഇത് ആത്മഹത്യ ചെയ്യാനുള്ള ഒരു പ്രേരണയാണ് സാർ ഉണ്ടാക്കുന്നത്
ദയവായി അത്തരം വാർത്തകൾ കൾ വർധിച്ച പ്രാധാന്യത്തോടുകൂടി കൊടുക്കരുത് എന്ന് മാധ്യമങ്ങളോട് നിഷ്കർഷിക്കേണ്ടതാണ്
പകരം ഈ ഒരു അവസരത്തിൽ ചികിത്സയിലൂടെ മദ്യപാന രോഗം മാറിയവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് എങ്കിൽ അത് മദ്യപാനികൾക്ക് വലിയ ഒരു പ്രതീക്ഷ നൽകുന്നതായിരിക്കും സർ


4 കൃത്യമായ ചികിത്സയിലൂടെയും കൗൺസിലിംങ്ങിലൂടെയും മദ്യപാന രോഗം എന്ന വിപത്തിൽ നിന്നും നമ്മുടെ സംസ്ഥാനത്തെ രക്ഷിക്കാൻ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കും സർ
ഒരു പാട് അമ്മമാരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും പ്രാർത്ഥനയും മനസും അങ്ങേക്കൊപ്പം ഉണ്ടാകും അതേ

പോലെ തന്നെ പ്രധാനമാണ് കഞ്ചാവിന്റെയും മറ്റ് മയക്ക് മരുന്നുകളുടെയും കാര്യവും നമ്മുടെ സ്ക്കൂൾ കോളേജ്  കേമ്പസുകളിൽ ഇപ്പോൾ മയക്കുമരുന്നിന്റെ ഉപയോഗം വളരെ കൂടുതലാണ് എന്ന് അങ്ങേക്ക് അറിയാമല്ലോ അത്തരക്കാരെയും നമുക്ക് ഇതിൽ ഉൾപെടുത്താം


5.ഇന്നലെ എന്റെ സുഹൃത്തായ , കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ci ഉമേഷ്ജിമായി സംസാരിച്ചതിൽ നിന്നും ഉരിതിരിഞ്ഞ് വന്ന കാര്യങ്ങൾ എഴുതി എന്ന് മാത്രം

കഴിഞ്ഞ ദിവസങ്ങളിൽ, ട്രയിനിംങ്ങ് കൗൺസിലിംങ്ങ് മേഘലയിൽ പ്രാവീണ്യമുള്ള അദ്ദേഹത്തിന്റെ ഇടപെടലും കരുതലും കൊണ്ട് ഒരുപാട് മദ്യപാനികളെ തിരിച്ച് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് കോഴിക്കോട് 6 കേന്ദ്ര ങ്ങളിലായി 600 ൽ അധികം പേരെയാണ് പോലീസ് പുനരധിവസിപ്പിച്ചിട്ടുള്ളത്

ഞങ്ങൾ ശക്തമായ ഒരു ടീം അങ്ങേക്കൊപ്പമുണ്ട് സാർ ഈ ഒരു ഉദ്യമത്തിന് 

നമുക്ക് ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാം സർ മദ്യപാന മുക്തമായ സംസ്ഥാനത്തിന് വേണ്ടി

സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്

എന്താണ് വിഢിദിനം ?

എന്തുകൊണ്ടാണ് ഏപ്രിൽ 1 വിഢിദിനം ആയി ആചരിക്കുന്നത് 


ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുത്ത കഥയാണ് അവയില്‍ പ്രബലം. അക്കഥ ഇങ്ങനെയാണ്.

1582ല്‍ ഫ്രാന്‍സിലായിരുന്നു ആ കലണ്ടര്‍ മാറ്റം. 45 B C യില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലാവരും പിന്തുടര്‍ന്നിരുന്നത്. പക്ഷെ 1582ല്‍  അന്നത്തെ മാര്‍പ്പാപ്പ പോപ്‌ ഗ്രിഗറി പതിമൂന്നാമന്‍ ആ പഴയ കലണ്ടര്‍ പരിഷ്കരിച്ചു. പുതിയൊരു കലണ്ടര്‍ തുടങ്ങി. അതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍.


അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടറില്‍ ജനുവരി ഒന്നിലേക്ക് മാറ്റി. അന്ന് വാര്‍ത്താവിനിമയ ഉപാധികള്‍ നാമമാത്രമായിരുന്നു. അതിനാല്‍ രാജപരിഷ്കാരങ്ങള്‍ ജനങ്ങളില്‍ എത്തുന്നതിന്  കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു.അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു.  പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സര ആഘോഷിച്ചവരെ പുതുലോകം “മണ്ടന്മാര്‍” എന്ന് വിളിക്കാന്‍ തുടങ്ങി. മാത്രമല്ല പുത്തന്‍ പരിഷ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത യാഥാസ്ഥിതികരായ ചിലിരെയും കൂടി പരിഹിസിച്ചുകൊണ്ടാണ്‌  ഏപ്രില്‍ 1 വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌.


എന്തായാലും പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിലും വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. തുടര്‍ന്ന് ഇംഗ്ളണ്ടിന്‍റെ കോളനികളിലേക്കും ഇവ വ്യാപിച്ചു.  

പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. 

മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം. 

വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിളിക്കുന്നത്‌. ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഫിഷ്‌എന്നു വിളിക്കും. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്‍റില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ്‌ ഇന്ത്യയില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.


 എന്നാല്‍ വിഡ്‌ഢിദിനം വിഡ്‌ഢികളുടെയും വിഡ്‌ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്ന് മാര്‍ക്‌ ട്വയിന്‍. സ്വന്തം മണ്ടത്തരങ്ങളെക്കുറിച്ചോര്‍ത്ത്‌ ചിരിക്കാനും വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ ചെയ്‌തുകൊണ്ടിരുന്നതിനെക്കുറിച്ചും ഇടയിലെ അമളികളെക്കുറിച്ചും ഓര്‍ക്കാനുള്ള ദിനമാണ് ഏപ്രില്‍ 1 എന്നും മാര്‍ക് ട്വയിന്‍.