Sunday, March 22, 2020

സംശയ രോഗം

 സംശയരോഗവും കൗൺസിലിങ്ങും 

സാറ് ഹിപ്നോട്ടിസം ചെയ്യുമോ ? 

സുശീലൻ വന്നയുടനെ മറ്റ് ഉപചാരങ്ങൾക്കൊന്നും കാത്തുനിൽക്കാതെ ചോദിച്ചു . 

നിങ്ങൾ ഇരിക്കു . 

ഞാൻ പറഞ്ഞു . 

സുശീലൻ : സാർ എനിക്ക് ഒരാളെ ഹിപ്നോട്ടിസം ചെയ്ത് അയാളുടെ മനസ്സിലെ രഹസ്യങ്ങൾ മുഴുവൻ അറിയണം , എത്ര കാശ് വേണമെങ്കിലും തരാം . - - 

താങ്കളുടെ ഭാര്യയുടെതാണോ അതോ കാമുകിയു ടേതോ ? - 
എന്റെ ചോദ്യം കേട്ട് സുശീലൻ അത്ഭുതപ്പെട്ടു . 

സാറിനെ ങ്ങനെ മനസ്സിലായി ? 
ഭാര്യയുടെ മനസ്സിലിരുപ്പാണ് അറിയേണ്ടത് . 

ഭാര്യയെക്കുറിച്ച് എന്താണ് അറിയേണ്ടത് ഞാൻ ചോദിച്ചു . 

അങ്ങനെ സുശീലൻ തന്റെ കഥ പറഞ്ഞു തുടങ്ങി . 

ഞാൻ ബഹറിനിലാണ് ജോലി ചെയ്യുന്നത് . വർഷത്തിൽ ഒരു മാസം ലീവിന് വരും . എന്റെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷ മായി . വിവാഹത്തിനു മുമ്പും ഞാൻ ബഹറിനിൽ ആയിരുന്നു . ചെറിയ ജോലി ആയതിനാൽ ഫാമിലിയെ കൊണ്ടുപോവാൻ സാധിക്കുന്നില്ല . - എനിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ . പിന്നെ പോളിടെക്നിക്കിൽ ആണ് പഠിച്ചത് . ഇപ്പോൾ ബഹറിനിൽ കമ്പനിയിൽ ജോലി ചെയ്യുന്നു . ആദ്യമൊക്കെ എന്റെ ഭാര്യയ്ക്ക്  എന്നോട് വലിയ സ്നേഹമായിരുന്നു . എന്നാൽ ഇപ്പോൾ അവൾക്ക് അടുത്ത വീട്ടിലെ ഒരു പയ്യനുമായി ബന്ധമുണ്ട് . അതെനിക്കറിയാം , പക്ഷെ അവൾ അത് സമ്മതിക്കുന്നില്ല . സാറ് അവളെ ഒന്ന് ഹിപ്നോട്ടിസം ചെയ്ത് പറയിപ്പിക്കണം . എനിക്ക് ഒരു പ്രാവശ്യം അവളുടെ വായയിൽ നിന്ന് തന്നെ അതു കേൾക്കണം , ഞാനവളോട് ക്ഷമിക്കാൻ തയ്യാറാണ് . 
ശരി , അവൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞല്ലോ . അതിനെന്തെങ്കിലും തെളിവ് നിങ്ങളുടെ അടുത്തു ണ്ടോ ? 

എന്നു ഞാൻ ചോദിച്ചപ്പോൾ മറുപടി വിചിത്രമായിരുന്നു . 

ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് , ഇല്ലേന്ന് ചോദിച്ചാൽ ഇല്ല . 

അതെന്താ അങ്ങനെ ? , 

ഞാൻ ആശ്ചര്യഭാവത്തിൽ നോക്കി . സാറിനെ കാണിക്കാനുള്ള തെളിവൊന്നും ഇതുവരെ കിട്ടി യിട്ടില്ല . പക്ഷെ എന്റെ അനുഭവം അതാണെനിക്ക് വിശ്വാസം . 

ആട്ടെ എന്താണ് നിങ്ങളുടെ അനുഭവം? . 
ഞാൻ സുശീലനോട് ചോദിച്ചു . 

പണ്ടൊക്കെ ഞങ്ങൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാറു ണ്ടായിരുന്നു . എന്നാൽ ഇപ്പോൾ ഭാര്യ വീട്ടിൽ നിന്നും രാത്രി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു . 

അത് നല്ലതല്ലേ . 

ഞാൻ ഇടക്ക് ചോദിച്ചു . 

അല്ല , അവിടെയാണ് കളി . രാത്രി എനിക്കും അമ്മയ്ക്കും തരുന്ന ഭക്ഷണത്തിൽ അവൾ ഉറക്ക ഗുളിക പൊടിച്ച് ഇട്ടുതരും . ഞങ്ങൾ സുഖമായി ഉറങ്ങിയാൽ അവൾക്ക് അവനോട് സൊള്ളി ഇരിക്കാമല്ലോ . അവനായിരിക്കും ഉറക്കഗുളിക കൊണ്ടു കൊടുക്കുന്നത് . സുശീലൻ പറഞ്ഞു . 

എന്നിട്ട് ഉറക്ക ഗുളികയുടെ കവർ നിങ്ങൾക്ക് വീട്ടിൽ നിന്നും ലഭിച്ചില്ലേ , നിങ്ങൾ നോക്കിയില്ലേ . 

അവിടെയാണ് അവളുടെ ബുദ്ധി , 
ഞാൻ വീടു മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല . പിന്നീട് വേസ്റ്റ് പാത്രം പരിശോധിച്ചിട്ടും കിട്ടിയില്ല . അവൾ അതിന്റെ കവർ ക്ലോസറ്റിലിടുകയാണെന്ന് തോന്നുന്നു . 

ചോദ്യം : എന്നിട്ട് നിങ്ങൾ നന്നായി ഉറങ്ങാറുണ്ടോ ? 

ഉത്തരം : പലപ്പോഴും ഞാൻ ഭക്ഷണം കഴിക്കുന്നതായി ഭാവിച്ച് കളയാറാണ് പതിവ് . ഉറങ്ങുന്നതുപോലെ അഭിനയിച്ച് ഉറങ്ങാതിരുന്നു . പക്ഷെ അന്നൊന്നും കണ്ടില്ല . ഇപ്പോ ഞാൻ വീട്ടിൽ CCTV വെച്ചിട്ടുണ്ട് . പക്ഷെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ല . അവസാനമാണ് ഹിപ്നോട്ടിസം ചെയ്യിക്കാം എന്നു കരുതിയത് . 

അടുത്ത ദിവസത്തേക്ക് കൂടിക്കാഴ്ച നിശ്ചയിച്ച് ഭാര്യയെയും കൂട്ടി വരാം എന്നുപറഞ്ഞ് സുശീലൻ തിരിച്ചുപോയി . 

ഇത്രയും നേരത്തെ സംഭാഷണത്തിൽ നിന്ന് സുശീലന് സംശയരോഗമാണ് ( Paronoia ) എന്ന നിഗമനത്തിലാണ് ഞാൻ എത്തിയത് . വടക്കുനോക്കി യന്ത്രത്തിലെ തടത്തിൽ ദിനേശന്റെ പെരുമാറ്റത്തോട് സാമ്യമുള്ള പ്രകടനങ്ങളാണ് സുശീലൻ കാഴ്ചവച്ചത് . ആവാം അല്ലാതിരിക്കാം , എന്തായാലും ഈ കേസ് ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു . അടുത്ത ദിവസം അവരുടെ വരവിനായി ഞാൻ കാത്തിരുന്നു . ഒരു പക്ഷെ ഇവിടെ ഇതൊന്നും സാധ്യമല്ലെന്നു പറഞ്ഞ് എനിക്ക് സുശീലനെ വിടാമായിരുന്നു . എന്നാൽ ഇതു പരിഹരിച്ചില്ലെങ്കിൽ തകരുന്നത് ഒരു കുടുംബ ജീവിതമാണെന്ന് മനസ്സിലാക്കിയാണ് ഭാര്യയെയും കൂട്ടി വരാൻ പറഞ്ഞത് . അടുത്ത ദിവസം നേരത്തെ നിശ്ചയിച്ചതനുസരിച്ച് സുശീലനും ഭാര്യ രേഷ്മയും എത്തി . 

സുശീലൻ ഓടിവന്ന് : 

ഞാൻ നേരത്തെ ഇവിടെ വന്ന കാര്യം അവളോട് പറഞ്ഞിട്ടില്ല . ആദ്യമായി വരുന്ന രീതിയിൽ സാറ് പെരുമാറിയാൽ മതി . ഇല്ലെങ്കിൽ നമ്മൾ രണ്ടുപേരും കൂടെ അവൾക്കെതിരെ സംസാരിക്കുമെന്ന് അവൾക്കു തോന്നും .  എന്നു പറഞ്ഞു . - 

ശരി ; 

ഞാൻ രണ്ടുപേരെയും വിളിച്ചു . ആദ്യം ആരോടാണ് സംസാരിക്കേണ്ടത് എന്ന ചോദ്യത്തിന് 

രേഷ്മയോട് സാറ് സംസാരിക്കു എന്നാണ് സുശീലൻ പറഞ്ഞത് .

 അങ്ങനെ രേഷ്മയോട് സംസാരിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സി ലായത് . അന്യ പുരുഷബന്ധം ആരോപിച്ച് രേഷ്മയെ വല്ലാതെ ഉപദ്രവിക്കാറുണ്ട് . ഭർത്താവിന് എന്നെ സംശയമാണെന്നും ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നും പറഞ്ഞ് രേഷ്മ പൊട്ടിക്കരഞ്ഞുതുടങ്ങി . 

തന്നെ എല്ലാവരുടെയും മനസ്സിൽ ഒരു മോശക്കാരിയാക്കി ഭർത്താവ് പ്രചരിപ്പിക്കുന്നു . 
ഞാൻ മരിച്ചാൽ പറഞ്ഞതെല്ലാം ശരിയാണെന്ന് എന്റെ ബന്ധുക്കളും ജനങ്ങളും വിശ്വസിക്കും . അതിനാലാണ് ഞാൻ ആത്മഹത്യ ചെയ്യാത്തത് . സാറ് എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം . 

എന്നെ ആരും വിശ്വസിക്കുന്നില്ല . ഭർത്താവിന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കാനറിയാം . എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എനിക്കാരുമില്ല . എന്നെ ആരും വിശ്വസിക്കുന്നില്ല എന്നു പറഞ്ഞ് കരയാൻ തുടങ്ങി . 

ശേഷം ഞാൻ സുശീലനോട് സംസാരിച്ചു . - 

സുശീലൻ കഴിഞ്ഞ ദിവസം പറഞ്ഞത് ആവർത്തിച്ച് കൊണ്ടിരുന്നു . ഇതിൽ ആര് പറയുന്നതാണ് ശരി , സുശീലൻ പറയുന്നതിൽ വല്ല സത്യവുമുണ്ടോ അതിനായി രണ്ടുപേരെയും ഒന്നിച്ച് വിളിച്ചിരുത്തി . ഭാര്യയെ മുന്നിലിരുത്തി ഭാര്യയുടെ പ്രശ്നങ്ങൾ പറയാൻ സുശീലനോടു പറഞ്ഞു . ഉറക്ക ഗുളികയുടെ കാര്യം പറഞ്ഞപ്പോൾ രേഷ്മ അത് നിഷേധിച്ചു . - 

പിന്നീട് സുശീലൻ പറഞ്ഞത് 
എല്ലാവരും സോഫയിൽ ഇരുന്ന ടി . വി . കാണുമ്പോൾ രേഷ്മ എന്തിനാണ് കോണിപ്പടിയിൽ ഇരുന്ന് ടി . വി കാണുന്നത് ?
,അത് റോഡിലേക്ക് കാണാനും കാമുകന് കണ്ണുകൊണ്ട് മെസ്സേജ് കൊടുക്കാനുമാണെന്നാണ്

സാറെ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടക്കാണ് ഞാൻ ടി . വി , കാണാറ് . സോഫയിൽ അഴുക്കാവണ്ടെന്ന് കരുതിയാണ് സാറെ ഞാൻ സോഫയിൽ ഇരിക്കാത്തത് .രേഷ്മ കരച്ചിലിനിടെ പറഞ്ഞു

 അല്ല . . അല്ല . അവൾ കയ്യുകൊണ്ടും , കണ്ണ് കൊണ്ടും ഗോഷ്ടി കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് , സുശീലൻ കയറി ഇടപെട്ടു . 

ഇത്രയും നേരം ഇവരെ നിരീക്ഷിച്ചതിൽ രേഷ്മ സത്യസന്ധ യാണെന്നും സുശീലന്റെ സംശയരോഗമാണ് കാരണമെന്നും അവരുടെ വൈകാരിക പെരുമാറ്റത്തിൽ നിന്നും ശരീര ഭാഷയിൽ നിന്നും നോൺ വെർബൽ ക്യുസിൽ നിന്നും എനിക്ക് മനസ്സിലായി , വീണ്ടും ഞാൻ സുശീലനെ മാത്രം വിളിച്ച് കാര്യങ്ങൾ സംസാരിച്ചപ്പോൾ സുശീലൻ മനസ്സ് തുറന്നു . - 
ഇത്രയുമായപ്പോൾ സുശീലന്റെ ഡിഫൻസ് മെക്കാനിസമാണ് ഈ സംശയം എന്ന എന്റെ തോന്നൽ ശരിയാണോ എന്നറിയാൻ ഞാൻ ചോദിച്ച ചോദ്യം ശരിക്കു മർമ്മത്ത് കൊണ്ടു . ഞാൻ സുശീലനെ ഹിപ്നോട്ടിക് നിദ്രക്ക് വിധേയനാക്കി . സുശീലന്റെ മനസ്സിൽ ശക്തമായ ഒരു കുറ്റബോധം ഉണ്ട് . അത് എന്നോട് തുറന്ന് പറയാവുന്നതാണ് . ഞാൻ സുശീലന്റെ കൂടെ നിൽക്കാം . എന്നെ 100 % വിശ്വസിക്കാം . സുശീലൻ പറയുന്ന കാര്യങ്ങൾ 100 % രഹസ്യമായിരിക്കും . അപ്പോൾ സുശീലൻ പറഞ്ഞു തുടങ്ങി . 

സാറെ ഞാൻ കുറേ വർഷങ്ങളായി ബഹറിനിലാണ് . എനിക്ക് അവിടെ ഒരു സ്ത്രീയുമായി ബന്ധമുണ്ട് . ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരെ പോലെയാണ് അവിടെ ജീവിക്കുന്നത് . അത് തെറ്റാണെന്നും ഞാൻ എന്റെ ഭാര്യയോട് കാണിക്കുന്ന വഞ്ചനയാണെന്നും എനിക്ക് അറിയാം . പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് അതിൽ നിന്ന് ഒഴിവാകാൻ പറ്റുന്നില്ല . ഈശ്വരൻ പൊറുക്കാത്ത തെറ്റാണ് ഞാൻ ചെയ്യുന്നതെന്ന് എനിക്കറിയാം . ( വളരെ ശക്തമായ ഈശ്വര വിശ്വാസമുള്ള ശക്തമായ മൂല്യ ബോധമുള്ള വ്യക്തിത്വവുമാണ് ) ഞാൻ അവിടെ ചീത്തയായി ജീവിക്കുമ്പോൾ എന്റെ ഭാര്യ പാവം അവൾ ഇതൊന്നു മറിയാതെ എനിക്കു വേണ്ടി ജീവിക്കുകയാണ് . 

ഈ ഒരു കുറ്റബോധത്തിൽനിന്ന് രക്ഷപ്പെടാൻ സുശീലന്റെ ഉപബോധമനസ്സ് കണ്ടെത്തിയ നാടകമാണ് ഭാര്യയുടെ കാമുകൻ .

 നീ വിഷമിക്കണ്ട് അവളും അവിടെ അങ്ങനെയാണ് ജീവിക്കുന്നത് എന്നു വിശ്വസിക്കാൻ സുശീലനെ ഉപബോധ മനസ്സ്  പ്രേരിപ്പിക്കുകയാണ് ഉണ്ടായത് . ആ സമയത്ത് എപ്പോഴോ ഫോൺ ചെയ്തപ്പോൾ അടുത്ത വീട്ടിലെ പയ്യനാണ് സഹായിക്കാറുള്ളതെന്ന് രേഷ്മ പറഞ്ഞപ്പോൾ അയാളെ പ്രതിനായകനാക്കി ഉപബോധ മനസ്സ് നാടകം സൃഷ്ടിക്കുകയായിരുന്നു . എന്തായാലും സുശീലനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും രേഷ്മയെപ്പോലെ ഒരു ഭാര്യയെ കിട്ടിയത് ഭാഗ്യമാണെന്നും മനസ്സിലാക്കി കൊടുത്തു . രേഷ്മയോട് ക്ഷമയും എന്നോട് നന്ദിയും പറഞ്ഞ് സുശീലൻ പോയി . പിന്നീട് അവർ സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയാൻ കഴിഞ്ഞു .

സുജീവിതം കൗൺസിലിംഗിലൂടെ ഡോ: ശ്രീനാഥ് കാരയാട്ട്

1 comment:

  1. സമൂഹത്തിനു പ്രത്യേകിച്ച് കുടുംബങ്ങൾക്കു ശ്രീനാഥ് സാർ നൽകുന്നത് നല്ലൊരു സന്ദേശം ആണ്.

    ReplyDelete