കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ജയസൂര്യക്ക് ലഭിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും ഉണ്ടായി .കാരണം ജയേട്ടനെ വ്യക്തിപരമായി പരിചയപ്പെട്ടിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ എങ്കിലും വർഷങ്ങളായി വളരെ അത്ഭുതത്തോടുകൂടിയാണ് ഞാനദ്ദേഹത്തെ നോക്കിക്കണ്ടിട്ടുള്ളത്.
പാരമ്പര്യത്തിന്റെ പത്രാ സോ ഗോഡ്ഫാദർ മാരുടെ പിന്തുണയോ ഇല്ലാതെ മിമിക്രിയിൽ നിന്നും സ്വന്തം കഴിവു കൊണ്ടു മാത്രം സിനിമയിലെത്തി അവിടെ തനിക്കായി ഒരു കസേരയുറപ്പിച്ച ജയേട്ടൻ കഠിനാധ്വാനമാണ് തന്റെ വിജയത്തിന് പിറകിൽ എന്ന് പറയാറുണ്ട് .
മികച്ച ഒരുനടൻ മാത്രമല്ല ഒരു "നല്ല മനുഷ്യൻ " കൂടിയാണ് അദ്ദേഹം എന്ന് മനസിലാക്കാൻ കഴിഞ്ഞത് വളരെ അടുത്തറിയാൻ സാധിച്ചപ്പോൾ ആണ്.
എൻ്റെ വളരെ അടുത്ത സുഹൃത്തും ജയേട്ടൻ്റെ സഹോദരതുല്യനുമായ ശ്രീ രാംജി (രാമാനന്ദ്, കളത്തിങ്കൽ) യാണ് 2 വർഷം മുമ്പ് ജയേട്ടനെ എനിക്ക് പരിചയ പെടുത്തുന്നത് . അന്നുമുതൽ വളരെ ആശ്ചര്യത്തോട് കൂടിയാണ് ഞാൻ ആ മനുഷ്യനെ നോക്കിക്കണ്ടിട്ടുള്ളത് കലക്ക് വേണ്ടി
അദ്ദേഹം ചെയ്യുന്ന സമർപ്പണം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്
ആടിലെ ഷാജി പാപ്പനും പ്രേതത്തിലെ മെൻറ്റലിസ്റ്റും
പുണ്യാളനിലെ തൃശ്ശൂരുകാരനും പിന്നെ
ക്യാപ്റ്റനും മേരികുട്ടിയും അദ്ദേഹത്തിൻറെ നടന വൈഭവത്തിൻ്റെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രമാണ്.
"സു സുധി വാത്മീകം" എന്ന കഥാപാത്രം ഒരു സാധാരണ മലയാളിക്ക് നൽകിയ മോട്ടിവേഷൻ വളരെ വലുതായിരുന്നല്ലോ
അപ്പോഴേ ഒരു സംസ്ഥാന അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു
ഫുട്ബോളിൻ്റെ പ്രാഥമിക കാര്യങ്ങൾ പോലും അറിയാതിരുന്ന അദ്ദേഹം ക്യാപ്റ്റൻ എന്ന സിനിമയ്ക്കുവേണ്ടി മൂന്നുമാസക്കാലം നിരന്തരം ഫുട്ബോൾ കളിച്ചു പ്രഗല്ഭനായ ഒരു കളിക്കാരനായി മാറുകയായിരുന്നു കഥാപാത്രത്തിനുവേണ്ടി ശരീരത്തെയും മനസിനെയും തയ്യാറാക്കാൻ അദ്ദേഹം എടുത്തിരുന്ന എഫർട്ട് വരുംതലമുറയ്ക്ക് ഒരു മാതൃകയാണ്. അതേപോലെതന്നെ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി ഒരു സ്ത്രീയായി മാറാൻ അദ്ദേഹം എടുത്ത തപസ്സും പ്രയത്നവും വാക്കുകൾക്കതീതമാണ് .
ഒരു നടൻ എന്നതിലുപരി ഒരുനല്ല മനുഷ്യനെയാണ് എനിക്ക് ജയേട്ടനിൽ കാണാൻ സാധിച്ചത്. ഒരുപാട് തിരക്കുകൾക്കിടയിലും അദ്ദേഹം തൻറെ കുടുംബത്തിന് കൊടുക്കുന്ന പ്രാധാന്യം തികച്ചും മാതൃകാപരമാണ് .ഒരു നല്ല ഭർത്താവിനെയും നല്ല രക്ഷിതാവിനെയും ആണ് ഞാൻ അദ്ദേഹത്തിൽ കണ്ടത് ' അദ്ദേഹത്തിൻറെ ഏതൊരു വിജയത്തിനു പിന്നിലും സരിത ചേച്ചിയുടെ സപ്പോർട്ട് ഉണ്ടാവാറുണ്ട്. അക്ഷരാർത്ഥത്തിൽ ഒരു ഭർത്താവ് ഭാര്യയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് നമുക്ക് ജയേട്ടൻ നിന്നും പഠിക്കാൻ സാധിക്കും .
എട്ടാംക്ലാസിൽ പഠിക്കുന്ന തന്റെ മകൻ അവന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്ന,
ഒരു അടുത്ത സുഹൃത്തിനെ പോലെ എല്ലാകാര്യങ്ങളും തുറന്ന ചർച്ച ചെയ്യുന്ന ,ഒരു നല്ല രക്ഷാകർത്താവിനെ യാണ് ജയേട്ടനിൽ എനിക്ക് കാണാൻ സാധിച്ചത്
പ്രളയം ഉണ്ടായപ്പോൾ വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിലെ തന്റെ സുഹൃത്തുക്കളെ ചേർത്ത് വലിയ രീതിയിലുള്ള സേവനപ്രവർത്തനങ്ങൾ നടത്തുന്ന ,അതിനായി കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ മനുഷ്യസ്നേഹിയേയാണ് ഞാൻ കണ്ടത്
മാതൃഭൂമി പ്രസിദ്ധീകരിച്ച ഹിമാലയ യാത്രയെക്കുറിച്ചുള്ള പുസ്തകത്തിൽ അദ്ദേഹം എഴുതിയ ലേഖനത്തിലൂടെ ജയേട്ടനിലെ എഴുത്തുകാരനെയാണ് തിരിച്ചറിഞ്ഞത്.
എത്ര പ്രൗഢവും ലളിതവും ആയിട്ടാണ് അദ്ദേഹം കാര്യങ്ങൾ പറയുന്നത്.
പല യാത്രകളിലും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് എല്ലാവരെയും സദാസമയവും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു സാധാരണക്കാരനെപ്പോലെ ,പെട്ടിക്കടയിൽ നിന്നും ചായകുടിച്ചും തോട്ടിലും പുഴയിലും കുളിച്ചും കാട്ടിലും പാറപ്പുറത്തും കിടന്നുറങ്ങി, പ്രകൃതിയുമായി സംവദിച്ച് ഇടക്ക് ആഴത്തിലുള്ള ധ്യാനത്തിലേക്ക് പോകുന്ന ഒരു നല്ല യാത്രികനെയാണ് യാത്രയിൽ കാണാൻ സാധിച്ചത്.
എന്തെങ്കിലും സഹായങ്ങൾക്കായി അടുത്തെത്തുന്നവർക്ക് പ്രതീക്ഷിക്കുന്നതിലുമപ്പുറം നൽകി അത്ഭുതപ്പെടുത്തുന്ന ജയേട്ടനെ പലപ്രാവശ്യം കണ്ടിട്ടുണ്ട് . ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്ന രീതിയിൽ അദ്ദേഹം ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ വളരെ അഭിമാനത്തോടു കൂടി പലപ്പോഴും നോക്കി നിൽക്കാറുണ്ട് .പലർക്കും വീടുവെച്ചുകൊടുക്കുമ്പോൾ ,ആ വീട്പണിയുടെ ഓരോ ഘട്ടത്തിലും കൃത്യമായി ശ്രദ്ധിക്കുന്ന, വലിയ മനുഷ്യനെ പലപ്പോഴും അസൂയയോടെ നോക്കി നിന്നിട്ടുണ്ട്
പത്രസമ്മേളനങ്ങൾ നടത്തുകയോ പരാതികൾ പറയുകയോ ചെയ്യാതെ സ്വയം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പരിഹാരങ്ങൾ കണ്ടെത്തുന്ന സാമൂഹിക പ്രതിബന്ധതയുള്ള മനുഷ്യനെയാണ് റോഡിലെ ഗട്ടറുകളിൽ മണ്ണിട്ട് നികത്തിയപ്പോൾ നമ്മൾ കണ്ടത്.
അതിഗഹനമായ വിഷയങ്ങൾ വരെ വളരെ രസകരവും ലളിതവുമായും പറയുന്ന സെൻ രീതിയാണ് അദ്ദേഹത്തിന്റേത് . തഥാഗതയുടെ (തന്ത്ര) പുസ്തക പ്രകാശന ചടങ്ങിലും താവോ - ബുദ്ധ-ശൈവ
സെമിനാറിലും പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ ഉദാഹരണം
സന്തത സഹചാരിയായ പയ്യന് ഒരു കല്യാണം വേണം എന്ന് അദ്ദേഹം പറഞ്ഞത് ; "വർഷങ്ങളായി എന്റെ കൂടെയുള്ള ആളാണ്. എന്റെ അനിയനാണ്. അവന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചു വിവാഹം കഴിപ്പിക്കണം" എന്നാണ്
. വീട്ടിൽ കൂടെയുള്ളവരൊക്കെ സ്വന്തം വീട്ടുകാർ എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത:
തീർച്ചയായും ഈ അംഗീകാരം അങ്ങേയ്ക്ക് അർഹതപ്പെട്ട തന്നെയാണ് ഇനിയും ഒരുപാട് ഒരുപാട് അംഗീകാരങ്ങൾ അങ്ങയെ കാത്തുനിൽക്കുന്നു.
ജയേട്ടാ ഒരു പാട് അഭിമാനമുണ്ട്, നന്ദിയുണ്ട് അങ്ങയുടെ സുഹൃത് വലയത്തിൽ വരാൻ കഴിഞ്ഞതിന് . ഋതംഭരയുടെ ഭാഗമായതിന്.
രാംജി ഒരു പാട് നന്ദിയുണ്ട് ഇത്രയും മഹത്തായ ഒരു വ്യക്തിയെ പരിചയപെടുത്തിയതിന്
സരിത ചേച്ചീ ഒരു പാട് കടപ്പാടുണ്ട് ഇങ്ങനെ ഒരു മഹാനടനെ ,മനുഷ്യനെ ഞങ്ങൾക്ക് തന്നതിന്
ഡോ: ശ്രീനാഥ് കരയാട്ട്
No comments:
Post a Comment