ശ്രീരാമകൃഷ്ണ ദേവൻ
പറഞ്ഞ കഥകൾ
വിശ്വാസം
ഭക്തിയിൽ അല്പം പോലും സംശയത്തിനു സ്ഥാനമില്ല.
ഒരു നദിയ്ക്ക് അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു. ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു... അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന് മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ, അങ്ങ് തന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല... അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി, എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന് മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.
തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്? അത് ഈശ്വരനാമത്തിൽ പൂർണ്ണ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ? "
ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം..
വെള്ളത്തിൽ കാലു താണു പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല.
അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും, ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ മനസിലാക്കാം.
(ശ്രീ രാമ കൃഷ്ണപരമഹംസൻ)
No comments:
Post a Comment