Tuesday, April 28, 2020

ബന്ധങ്ങളും കെട്ടുപാടുകളും

ബന്ധങ്ങളും കെട്ട്പാടുകളും
Attachment & entanglement
ഭക്തനായ
രാമൻനായര് വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. എല്ലാവർക്കും സഹായിയായ സൽക്കർമ്മിയായ നായരെ എല്ലാവർക്കും ഇഷ്ടമാണ്. 

ഒരിക്കൽ മോക്ഷം കൊടുക്കാമെന്നു കരുതി സംപ്രീതനായ
 ***മഹർഷി നായരോട് കൂടെ വരാൻ ആവശ്യപ്പെട്ടു. 
നായര് പറഞ്ഞു..ഏയ് ഇപ്പോ.. നടക്കില്ല .അച്ഛനും അമ്മക്കും ഞാൻ അല്ലാതെ ആരൂല്ല്യ.അങ്ങ്
പിന്നെ വരൂ . ഞാൻ കൂടെ വന്നോളാം..


കാലശേഷം മകന് ആരും ഇല്ലാതാവുമല്ലോ എന്ന് മാതാപിതാക്കൾ
പരാതി പറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ നായര് നിർബന്ധിതനായി.
       കുറച്ചു വർഷങ്ങൾക്കുശേഷം....മഹർഷി വീണ്ടും ആ വഴി വരികയും കൂടെ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.
അച്ഛനും അമ്മയും മരിച്ചൂലോ ഇനിയെന്താ തടസ്സം..? 
രാമൻ നായര് പറഞ്ഞു.


ഏയ് നടക്കില്ല .ഭാര്യ ഗർഭിണിയാണ്.അങ്ങ്
പോയിട്ട് പിന്നെ വരൂ.

കുറച്ചു വർഷങ്ങൾക്കുശേഷം വീണ്ടും ആ വഴി വന്നപ്പോൾ ഭക്തനായ രാമൻനായരെ തേടി  മഹർഷി വീണ്ടും വന്നു.
നായര് പറഞ്ഞു
ഏയ് വരവ് ഇപ്പോ ഒട്ടും നടക്കില്ല.
ഞാൻ ഇല്ലാതെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ഭാര്യയെക്കൊണ്ട് തനിച്ച് ആവില്ല.

രാമൻ നായരും ഭാര്യയും വാർധക്യസഹജമായ അസ്വസ്ഥതകളിലാണിപ്പോൾ..
വീണ്ടും കുറച്ചു വർഷങ്ങൾക്കുശേഷമാണ്  
മഹർഷി ആ വഴി വന്നത്.
അന്ന് ആ വീട്ടിൽ രാമൻനായരുടെ ഭാര്യ മരിച്ചതിന്റെ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
രാമൻ നായര് മരിച്ചിട്ട് രണ്ട് വർഷം ആയെന്ന് അദ്ദേഹത്തിന് മനസ്സിലായി.
എന്നാലും രാമൻ നായരങ്ങനെ വീട് വിട്ടുപൊവില്ലെന്ന് ഉറപ്പുള്ള മഹർഷി നീട്ടിവിളിച്ചു..രാമൻ നായരേ...
 കഴുത്തിൽ ഒരു ബെൽറ്റും നെറ്റിയിലൊരു പുള്ളിയുമൊക്കെയായി കുരച്ചു കൊണ്ട് വന്ന രാമൻനായര്..മഹർഷിയുടെ മുന്നിൽ വാലാട്ടിക്കൊണ്ട് നിന്നു .

  ഭാര്യയും മരിച്ചു ഇനിയെന്താ രാമൻനായരേ..വന്നൂടെ?
ഏയ് പറ്റില്ല...ഞാൻ ഇവിടെ ഉള്ളതാ ഇവർക്കൊക്കെ ഒരു ധൈര്യം.പിന്നെ പേരക്കുട്ട്യോളക്കൊക്കെ ..ന്നെ വല്ല്യ ..കാര്യാ.
ഞാൻ പിന്നെ വരാം .
മഹർഷേ..
അങ്ങ്പോയിട്ട് പിന്നെ വരൂ.
പുനർജൻമത്തിൽ ഒരു നായ ആയിട്ട് വീണ്ടും അവിടെ വന്ന്
വീടും കാത്ത് കുരച്ചു നടക്കുന്ന നായർക്ക് ഇനിയും പ്രാരാബ്ധം തന്നെ..
      വീണ്ടും കുറച്ചു വർഷങ്ങൾക്ക് ശേഷം മഹർഷി അവിടെ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നു..ആരെയും കാണുന്നില്ല..രാമൻ നായര് ഇവിടം വിട്ടു പോവില്ലെന്ന് അറിയാവുന്ന അദ്ദേഹം ചുറ്റും 
നോക്കി..നീട്ടി വിളിച്ചു .രാമൻ നായരേ..

അനക്കം കേട്ടപ്പോൾ രാമൻനായര് അവിടെയുള്ള ഒരു പൊത്തിൽ നിന്ന് ഇഴഞ്ഞു വന്ന് പത്തി വിടർത്തി.
    
രാമൻ നായര് പറഞ്ഞു .മക്കളൊക്കെ അമേരിക്കയിലാണ്.ഞാൻ ഇവിടെ ഉള്ളതുകൊണ്ട് മാത്രാണ് എന്നെ പേടിച്ച് മതിൽ ചാടി ആരും വന്ന് ഈ പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയും കൊണ്ട്പോവാത്തത്...
    ഇനിയും രാമൻനായരെ വെറുതെ വിട്ടാൽ ശരിയാവില്ലെന്ന് മനസ്സിലാക്കിയ മഹർഷി ഉറക്കെ വിളിച്ചു പറഞ്ഞു.
ഓടിവരണേ.. മൂർഖൻ പാമ്പ്...ആരെങ്കിലും ഓടിവരണേ..
ആരൊക്കെയോ വലിയ വടിയുമായി വന്ന് പാമ്പിനെ തല്ലിക്കൊന്നു.
......
ശുഭം

3 comments:

  1. സത്യമാണ്, ബന്ധങ്ങൾ ബന്ധനം ആണ്

    ReplyDelete
  2. ഈ രാമൻ നായര് ഞാനാണോ എന്ന് തോന്നാപ്പോയി

    ReplyDelete