Friday, April 10, 2020

ചെന്നായ്ക്കൾ തിരിച്ച് കൊണ്ടുവന്ന ഉദ്യാനം

ധർമ്മം
ചെന്നായകള്‍ തിരിച്ചു കൊണ്ടുവന്ന നദിയും പ്രക്രിതിയും
അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്‌. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു തീര്‍ത്തിരുന്നു.

1995-ല്‍ ഏറെകാലം നീണ്ടുനിന്ന ജനകീയ ആവശ്യങ്ങള്‍ക്കൊടുവില്‍ ചെന്നായകളെ യെല്ലോസ്റ്റോണില്‍ തിരിച്ചു കൊണ്ടുവരികയുണ്ടായി. അതെത്തുടര്‍ന്ന് അവിടെയുണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമായിരുന്നു. ചെന്നായ മറ്റു പല മൃഗങ്ങളെയും കൊല്ലും എന്നു നമുക്കറിയാം, പക്ഷേ അവ മറ്റു പലതിനും ജീവന്‍ നല്‍കി. 70 വര്‍ഷത്തോളം ചെന്നായകള്‍ ഇല്ലാതിരുന്ന താഴ്‌വരകളില്‍ മറ്റു ശത്രുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ മാനുകള്‍ ധരാളമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവയെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ആവതു ശ്രമിച്ചിട്ടും ഫലം കണ്ടില്ല. പുല്‍മേടുകള്‍ മുഴുവന്‍ മാനുകള്‍ തരിശാക്കി മാറ്റിയിരുന്നു. 

അപ്പോഴാണ്‌ ചെന്നായകളെ യെല്ലോസ്റ്റോണ്‍ ഉദ്യാനത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. തീരെ കുറച്ചെണ്ണമേ അവ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെന്നായകള്‍ വരുത്തിയ മാറ്റം നാമെല്ലാം നന്നായി അറിഞ്ഞിരിക്കേണ്ടതാണ്‌. തുടക്കത്തില്‍ ചെന്നായകള്‍ വേട്ടയാടി ഏതാനും മാനുകളെ കൊന്നു. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യം മറ്റൊന്നായിരുന്നു. ചെന്നായകളുടെ സാമീപ്യം മാനുകളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റം. ആരെയും ഒന്നിനെയും ഭയക്കാതെ താഴ്‌വരയിലെ അനുകൂലസാഹചര്യങ്ങളില്‍ പെറ്റുപെരുകിയിരുന്ന മാനുകള്‍ ചെന്നായകളില്‍ നിന്നും രക്ഷ നേടാനായി എളുപ്പം ആക്രമിക്കപ്പെടാന്‍ ഇടയില്ലാത്ത മലഞ്ചെരുവുകളിലേക്ക്‌ പിന്മാറി. മാനുകള്‍ ഒഴിവായതോടെ തരിശായിക്കിടന്ന താഴ്‌വരകളില്‍ സസ്യങ്ങള്‍ വളരാന്‍ തുടങ്ങി.

അഞ്ചാറു വര്‍ഷം കൊണ്ട്‌ അവിടെ കുറ്റിച്ചെടികളായി നിന്നിരുന്ന മരങ്ങള്‍ക്ക്‌ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അഞ്ചിരട്ടിയോളം ഉയരം വച്ചു. തരിശായിക്കിടന്ന ഇടങ്ങളില്‍ പലതരം മരങ്ങള്‍ വളര്‍ന്നുനിറയാന്‍ തുടങ്ങി. പിന്നാലെ തന്നെ പക്ഷികളും എത്തി. പാട്ടുപാടുന്ന പക്ഷികളും ദേശാടനക്കിളികളും നിറയെ വന്നുതുടങ്ങി. മരങ്ങള്‍ വളര്‍ന്നതോടെ മരം തിന്നുന്ന ബീവറുകളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ചെന്നായകളെപ്പോലെതന്നെ ബീവറുകളും പരിസ്ഥിതിയിലെ എഞ്ചിനീയര്‍മാരാണ്‌. അവര്‍ മറ്റുള്ള ജന്തുക്കള്‍ക്കായി പരിസരം ഒരുക്കാന്‍ വിദഗ്‌ധരാണ്‌. ബീവര്‍ ഉണ്ടാക്കിയ ഡാമുകളില്‍ ജലം നിറഞ്ഞപ്പോള്‍ അവയില്‍ നീര്‍നായകളും താറാവുകളും മല്‍സ്യങ്ങളും തവളകളും പാമ്പുകളും എത്തി. മുയലുകളുടെയും എലികളുടെയും ശത്രുവായ കയോട്ടികളെ ചെന്നായകള്‍ കൊല്ലാന്‍ തുടങ്ങിയതോടെ മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്മാരും ഉദ്യാനത്തിലെത്തി. ചെന്നായകള്‍ അവശേഷിപ്പിച്ച മാംസം ഭക്ഷിക്കുന്ന കാക്കകളും കഴുകന്മാരും പിന്നാലെ എത്തിച്ചേര്‍ന്നു. വളര്‍ന്നു തുടങ്ങിയ സസ്യങ്ങളിലുണ്ടാവുന്ന പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൂലം അടുത്തതായി വന്നവ കരടികളാണ്‌. അതോടെ മാനുകളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പുതിയ ഒരു ശത്രു കൂടിയായി.

ഇതിലും സവിശേഷമായ ഒരു കാര്യം അവിടെ സംഭവിക്കുണ്ടായിരുന്നു. നദികളുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണത്‌. നിറയെ മാനുകള്‍ മേഞ്ഞുനടന്ന കാലത്ത്‌ ഒരു പുല്ലു പോലും വളരാന്‍ കൂട്ടാക്കാത്ത നദീതീരത്ത്‌ വളര്‍ന്ന് നിറഞ്ഞപുല്ലുകള്‍ മണ്ണൊലിപ്പിനെ നന്നായി തടഞ്ഞു. വളര്‍ന്നു നില്‍ക്കുന്ന ചെറുസസ്യങ്ങളും മരങ്ങളുടെ വേരുകളും പുഴയുടെ ഒഴുക്കിന്റെ വേഗത കുറച്ചു, പുഴയുടെ ഓരം ഇടിയുന്നത്‌ ഇല്ലാതായി. മാനുകള്‍ വഴിമാറിയതും മണ്ണൊലിപ്പ്‌ നിലച്ചതും പുഴയോരത്തെ സസ്യാവരണത്തെ പോഷിപ്പിച്ചു. പുഴയ്ക്ക്‌ വീണ്ടും ജീവന്‍ വച്ചു.

അങ്ങനെ ഏതാനും ചെന്നായകള്‍ കുറഞ്ഞ കാലം കൊണ്ട്‌ ഒരു പ്രദേശത്തിന്റെ പരിസ്ഥിതി തന്നെ മാറ്റി മറിച്ചു.

ഈ ഭൂമിയിലെ എല്ലാ ജീവജാലങളും ആവിശ്യം തന്നെയാണ്.. ആവശ്യമില്ലാത്തതായി ഒന്നും ഭൂമിയില്‍ ഇല്ല...എല്ലാം ഒരു തരത്തില്‍ അല്ലങ്കില്‍ ആവശ്യമുള്ളത് തന്നെ...

No comments:

Post a Comment