പ്രാരബ്ധ കർമ്മങ്ങളുടെ ഫലമായിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ ജനിക്കുന്നത്. അല്ലാതെ നിങ്ങളുടെ സ്വന്തം പ്രവൃത്തി കൊണ്ടോ ശ്രമം കൊണ്ടോ അല്ല. ശ്രമം കൊണ്ടുമാത്രമത് സംഭവിക്കുകയില്ല. ജീവിതത്തിൽ നിങ്ങൾക്ക് വന്നു ചേരുന്ന സുഖഭോഗങ്ങൾ, വീട്, ധനം, മറ്റുപല ഐശ്വര്യങ്ങൾ ഇവയെല്ലാം നിങ്ങളുടെ പ്രാരബ്ധ കർമ്മങ്ങളുടെ ഫലങ്ങളാണ്. എന്നാൽ, മാനസികവും അധ്യാത്മികവുമായ ഉയർച്ച നിങ്ങളുടെ ശ്രമം കൊണ്ടു മാത്രമുണ്ടാകുന്നതാണ്. പക്ഷെ, നാമത് വിപരീതമായിട്ടാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്. ലൗലിക കാര്യങ്ങൾക്കു വേണ്ടി വിയർപ്പൊഴുക്കുവാനും കഠിനാധ്വാനം ചെയ്യാനും നാം തയ്യാറാണ് പക്ഷെ, ധ്യാനത്തെക്കുറിച്ച് പറയുമ്പോൾ അതെല്ലാം ഈശ്വരാനുഗ്രഹത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെയൊരു ലോകത്തിലാണു നാം ജീവിക്കുന്നത്.
ലോകത്തെ സംഹരിക്കുക എന്നതിന്റെ അർത്ഥം ലോകത്തെ വിട്ട് ഓടിപ്പോകുക എന്നല്ല. അത് ബുദ്ധിശൂന്യതയാണ്. സ്വജനങ്ങൾ, വീട്, ബന്ധുക്കൾ, സ്വത്തുക്കൾ എന്നിവയെല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിലെ ഒരു ഗുഹയിലൊളിച്ചിരിക്കലല്ല അതിന്റെ വഴി. അങ്ങനെ ഒരു ഗുഹയിലിരുന്നതുകൊണ്ട് സന്തോഷമോ ആനന്ദമോ ലഭിക്കുകയില്ല. ഈ ലോകമാണ് നിങ്ങളുടെ തലയ്ക്കുള്ളിൽ അത് നിങ്ങൾതന്നെ സൃഷ്ടിച്ചതുമാണ്. ഈ വിലങ്ങിൽനിന്ന് നിങ്ങൾ സ്വയം പുറത്തു വരണം. നിങ്ങൾക്കു മാത്രമെ നിങ്ങളെ സ്വതന്ത്രനാക്കാൻ കഴിയൂ - ശ്രീ ശ്രീ
No comments:
Post a Comment