കൃഷ്ണൻ ചിന്താകുലനായിരുന്നു.
സദാ പുഞ്ചിരി വിളയാടിയിരുന്ന ആ മുഖം ഇന്ന് ഗൗരവഭാവത്തിലാണ് .
യുധിഷ്ഠിരന്റെ അപേക്ഷയിൽ പാണ്ഡവർക്കുവേണ്ടി ദൂതനായി കൗരവസഭയിൽ എത്തിയ കാര്യങ്ങളായിരുന്നു ആ മനസ്റ്റിൽ .
അർദ്ധരാജ്യം പോയിട്ട്
അഞ്ചുപേർക്കുമായി ഒരു ഗൃഹം പോലും കൊടുക്കില്ലെന്ന ദുര്യോധനൻ്റ
വാശിക്ക് മുന്നിൽ ധൃത രാഷ്ട്രരും ഭീഷ്മ പിതാമഹനുമൊക്കെ തികഞ്ഞ മൗനത്തിലുമായി.
ഇനി യുദ്ധം.
ഇരു പക്ഷങ്ങളും യുദ്ധത്തിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ധൃഷ്ടദ്യുമ്നൻ സർവ്വസേനാധിപനായും വിരാടൻ,ദ്രുപദൻ ,ശിഖണ്ഡി,
ഭീമൻ ,സാത്യകി,നകുലൻ ,സഹദേവൻ എന്നിവർ ഉപസൈന്യാധിപൻമാരായും
വിരാടം,പാഞ്ചാലം,കാശി,മാത്സ്യം,ചേദി
പാണ്ഡ്യം,മഗധ,കേകേയം,,മഥുര,വിദർഭ തുടങ്ങിയ രാജ്യങ്ങളും 7അക്ഷൗഹിണികളായി
പാണ്ഡവ സേന:
ഭീഷ്മർ സർവ്വസേനാധിപനായും
ദ്രോണർ ,അശ്വത്ഥാമാവ്,കൃപർ,ശല്യർ
ത്രിഗർത്തൻ,കൃതവർമ്മാവ്,ഭഗദത്തൻ,
ജയദ്രഥൻ,സൗമദത്തി ,ശകുനി
ദുശ്ശാസനൻ എന്നിവർ .ഉപസൈന്യാധിപൻമാരായും
ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി ,മാഹിഷ്മതി, ഗാന്ധാരം, മാദ്രം ,കംബോജം ,പ്രാഗ്ജ്യോതിഷ , കലിംഗം,കേകേയം, ദ്വാരക, മഥുര, വിദർഭ ,വാൽഹികം എന്നീ രാജ്യങ്ങൾ
11അക്ഷൗഹിണികളായി കൗരവസേനയും
യുദ്ധത്തിന് തയ്യാറായി :
ഇനി സമയവും സ്ഥലവും തീരുമാനിക്കണം .
എല്ലാവരും കൃഷ്ണൻ്റെ തീരുമാനത്തിനായി കാത്തുനിൽക്കുകയാണ്
അതെ , യുദ്ധ സ്ഥലം തീരുമാനിക്കണം. പല സ്ഥലങ്ങളും മനസ്സിലൂടെ കടന്നു പോയി .പല രാജാക്കന്മാരും അവരവരുടെ രാജ്യത്ത് സൗകര്യം ചെയ്യാം എന്ന് വാഗ്ദ്ധാനം ചെയ്തു.
പക്ഷേ ഒന്നും കൃഷ്ണന് തൃപ്തിയായില്ല.
"മഹാഭാരത യുദ്ധത്തിന് വളരെ പ്രത്യേകതയുള്ള ഒരു ഭൂമിക തന്നെ വേണം ." കൃഷ്ണൻ വിദൂരതയിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു
12 അക്ഷൗണി പടകൾക്ക് നിരന്ന് നിന്ന് യുദ്ധം ചെയ്യാനുള്ള എല്ലാ സൗകര്യവും വിരാട രാജ്യത്തുണ്ട് അവിടെ വേണ്ട ഏർപ്പാടുകൾ ചെയ്യാം എന്ന് വിരാട് രാജാവ് പറഞ്ഞു.
നിഷേധാർത്ഥത്തിൽ തലയാട്ടുക മാത്രമാണ് കൃഷ്ണൻ ചെയ്തത്.
അദ്ദേഹം അഗാധമായ ധ്യാനത്തിലേക്ക് കടന്നു. അവിടെ തൻ്റെ ഉപാസനാ ദേവതയായ ചിന്നമസ്ത ദേവിയെ
അദ്ദേഹം കണ്ടു .
" നമുക്ക് ഒരു യാത്ര പോവാം "
എന്നും പറഞ്ഞ്
ദേവി കൃഷ്ണനേയും കൂട്ടി ഒരു യാത്രെക്കൊരുങ്ങി
പല പല കഥകളും പറഞ്ഞ് പല പല നാടുകളും കണ്ട് ഒടുവിൽ അവർ ഒരു ഗ്രാമത്തിലൂടെ നടന്നു.
അപ്പോഴാണ് രണ്ട് കർഷകർ ആ വഴി നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
"നമുക്ക് അവരെ പിൻതുടർന്നാലോ ?"
ചിന്നമസ്ത ദേവി കൃഷ്ണനോട് ചോദിച്ചു
" തീർച്ചയായും അമ്മയുടെ ആഗ്രഹം പോലെ "
കൃഷ്ണനും ചിന്നമസ്തയും അദൃശ്യമായി ആ കർഷകരുടെ കൂടെ യാത്ര ചെയ്തു
അതിവൃഷ്ടിയാൽ കൃഷി എല്ലാം നശിച്ച് വലിയ ധനനഷ്ടം വന്ന ഹരി വർദ്ധനനും ഗോപാലനും ആയിരുന്നു ആ കർഷകർ .
ഗരുഡപുരിയിൽ വിശ്വജിത്ത് എന്ന് പേരുള്ള ഒരു പ്രഭു ,കൃഷിയിൽ നഷ്ടം പറ്റിയ കർഷകർക്ക് വായ്പയായി ധനം നൽകുന്നുണ്ട് എന്ന് കേട്ടു
അത് അന്വേഷിക്കാനായി അവിടേക്ക് പോവുകയായിരുന്നു അവർ.
അങ്ങനെ കർഷകരും അവരെ പിന്തുടർന്ന കൃഷ്ണനും ചിന്നമസ്താ ദേവിയും ഗരുഢ പുരിയിൽ എത്തി
എന്നാൽ പ്രഭുവിൻ്റ ഗൃഹത്തിലേക്കുള്ള വഴിയറിയാതെ അവർ ചുറ്റും നോക്കി . അടുത്തൊന്നും ആരെയും കാണാനില്ല.
അപ്പോഴാണ് വളരെ ദൂരെ ഒരു പാടത്ത് രണ്ടുപേർ കൃഷി ചെയ്യുന്നത് ഹരി വർദ്ധനൻ കണ്ടത് . എങ്കിൽ അവരോട് തന്നെ വഴി ചോദിക്കാം എന്ന് കരുതി അവർ കർഷകരുടെ അടുത്തേക്ക് നടന്നു
വൃദ്ധനായ ഒരാൾ തുമ്പ കൊണ്ട് കിളക്കുകയും യുവാവായ ഒരാൾ കാളപൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു
"ഞങ്ങൾ ദൂരെ ഒരു നാട്ടിൽ നിന്ന് വരികയാണ് ഒരു സഹായം ചെയ്യാമോ ?"
ഹരി വർധനൻ വൃദ്ധനായ കർഷകനോട് ചോദിച്ചു
"നിങ്ങൾക്ക് ഗരുഡ പുരയിലേക്ക് സ്വാഗതം
ഞാനും എൻറെ മകനും കൃഷി ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്.
എന്ത് സഹായമാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്തു തരേണ്ടത് ?.
ദയവായി പറഞ്ഞാലും
വൃദ്ധൻ പറഞ്ഞു "
"ഇവിടെ വിശ്വജിത്ത് എന്ന പേരുള്ള ഒരു പ്രഭു കർഷകർക്ക് കൃഷി ചെയ്യാനായി ധനം കടമായി കൊടുക്കുന്നുണ്ട് എന്ന് കേട്ടിട്ട് വന്നതാണ് . അവിടേക്കുള്ള മാർഗ്ഗം ഒന്ന് പറഞ്ഞു തരുമോ ?"
ഗോപാലൻ ചോദിച്ചു
"തീർച്ചയായും ....ഞാൻ പറഞ്ഞു തരാം " എന്ന് പറഞ്ഞു കൊണ്ട്
വൃദ്ധനായ കർഷകൻ വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു .
എന്നാൽ അപ്പോഴാണ് ഒരു വലിയ സർപ്പം വന്നു യുവാവിനെ കൊത്തിയത്. യുവാവ് തൽക്ഷണം മരിച്ചു വീണു.
ഇതു കണ്ട ഉടനെ ഹരിവർദ്ധനനും ഗോപാലനും ഭയന്ന് വിറച്ചെങ്കിലും
വൃദ്ധനായ കർഷകൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു
"ഓഹോ അവൻ മരിച്ചു അല്ലേ "
എന്നിട്ട് അദ്ദേഹം തൻ്റെ ജോലി തുടർന്നു. യുവാവിൻ്റെ
മരണത്തെക്കാളേറെ വിഷ്ണു വർദ്ധനയും ഗോപാലനെയും ഭയപ്പെടുത്തിയത് വൃദ്ധ കർഷകന്റെ പെരുമാറ്റരീതി ആയിരുന്നു . സ്വന്തം മകൻ മരിച്ചു കിടക്കുന്നത് കണ്ടു ജോലി തുടരുന്ന ആ അച്ഛനോട് അവർക്ക് വളരെയധികം ദേഷ്യം തോന്നി .
"സ്വന്തം അച്ഛന് ഇല്ലാത്ത ശ്രദ്ധ നമ്മൾക്ക് വേണ്ടല്ലോ "
എന്ന് പറഞ്ഞുകൊണ്ട്
യാത്ര തുടർന്ന അവരോട് അയാൾ പറഞ്ഞു.
"അതെയ് ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തുവല്ലോ .ഇനി നിങ്ങൾ എനിക്ക് ഒരു ഉപകാരം ചെയ്തു തരണം"
ഗോപാലനും ,ഹരി വർധനനും തിരിഞ്ഞുനിന്ന് ചോദ്യഭാവത്തിൽ വൃദ്ധ കർഷകനെ നോക്കി
വൃദ്ധ കർഷകൻ തുടർന്നു
" വഴിക്ക് വച്ച് ഞങ്ങൾക്കുള്ള ഭക്ഷണവുമായി വരുന്ന എൻറെ മകൻറെ ഭാര്യയെ നിങ്ങൾ കാണും. ഇവിടെ നടന്ന കാര്യങ്ങൾ അവളെ ഒന്നറിയിക്കുക
:ശരി" എന്ന് ഒറ്റ വാക്കിൽ ഉദ്യമം ഏറ്റെടുത്തു രണ്ട് കർഷകരും യാത്ര തുടർന്നു
കൃഷ്ണനും ദേവിയും വളരെയധികം ഉദ്വോഗത്തോടെ അവരെ പിന്തുടർന്നു
പിന്നീടുള്ള യാത്രയിൽ ആ കർഷകർ തമ്മിൽ സംസാരിച്ചില്ല:
യുവാവിൻ്റെ മരണവും അച്ഛൻറെ പെരുമാറ്റവും അവരുടെ മനസ്സിൽ
അത്രത്തോളം വേദന ഉണ്ടാക്കിയിരുന്നു , മാത്രവുമല്ല ഈ ദാരുണമായ കാര്യം യുവാവിൻറെ ഭാര്യയോട് പറയുമ്പോൾ എങ്ങനെയായിരിക്കും അവൾ പ്രതികരിക്കുക, അല്ലെങ്കിൽ
എങ്ങനെയാണ് ഈ കാര്യം അവളോട് പറയേണ്ടത് എന്നെല്ലാമായിരുന്നു അവരെ ചിന്താ കുഴപ്പത്തിൽ ആക്കിയത്
അങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ്
ഒരു യുവതി തലയിൽ ഒരു കുട്ടയുമായി വരുന്നത് കണ്ടത്
കർഷകർ യുവതിയുടെ അടുത്തുപോയി തൊഴുതുകൊണ്ട് പറഞ്ഞു
"ഞങ്ങൾക്ക് ഭഗവതിയോട് ചില കാര്യങ്ങൾ പറയാനുണ്ട് "
കാര്യങ്ങൾ എങ്ങനെ പറയണം എന്നറിയാതെ ഹരി വർദ്ധനനും ഗോപാലനും ശങ്കിച്ച് നിന്നു.
"എൻറെ ഭർത്താവും പിതാവും പാടത്ത് കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ് . അവർക്കുള്ള ഭക്ഷണവുമായി ഞാൻ അങ്ങോട്ട് പോവുകയാണ്.
നിങ്ങൾ വേഗം കാര്യം പറഞ്ഞാൽ എനിക്ക് അവർക്കുള്ള ഭക്ഷണവുമായി പോകാമായിരുന്നു ." യുവതി പറഞ്ഞു
"കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിലല്ലല്ലോ .....എല്ലാം ഭഗവാൻറെ ഇച്ഛയല്ലേ'' ''
ഗോപാലൻ അർദ്ധോക്തിയിൽ നിർത്തി
രണ്ടുപേരും ഒന്നും പറയാതെ പരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ
യുവതി അവരോട് ചോദിച്ചു
"നിങ്ങൾ എന്താണ് ഒന്നും വ്യക്തമായി പറയാത്തത്..?
ഇനി എൻറെ ഭർത്താവ് വല്ല സർപ്പദംശനവും ഏറ്റു മരിച്ചു പോയോ ?"
യുവതിയുടെ ചോദ്യം കേട്ടപ്പോൾ രണ്ടുപേരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി
ആ ഞെട്ടലിൽ നിന്ന് മാറാതെ തന്നെ രണ്ടുപേരും പറഞ്ഞു.
"ഭവതി ചിന്തിച്ചത് ശരിയാണ് ഭഗവതിയുടെ ഭർത്താവ് സർപ്പ ദർശനം ഏറ്റ് അൽപസമയം മുൻപ് ഇഹലോക വാസം വെടിഞ്ഞു "
ഓഹോ ഇനി അദ്ദേഹത്തിന് ഭക്ഷണം വേണ്ടല്ലോ... ഞാനിനി ഇത് വെറുതേ ചുമക്കേണ്ട കാര്യവുമില്ല ... "
എന്ന് പറഞ്ഞു കൊണ്ട് അവൾ കുട്ട താഴെ വെച്ച് അതിൽ നിന്നും ഒരു പൊതി ചോറെടുത്ത് കഴിക്കാൻ തുടങ്ങി.
ഈ കാഴ്ച കൂടി കണ്ടപ്പോൾ
വിഷ്ണു വർദ്ധനനും ഗോപാലനും
ശരിക്കും അത്ഭുതസ്തംബ്ധരായി
ഇത് എന്തൊരു നാടാണ് എന്ന് പരസ്പരം പറഞ്ഞു കൊണ്ട് അവർ അവർ പ്രഭുവിനെ ഗൃഹം ലക്ഷ്യമാക്കി നടന്നു
അവർ വിശ്വജിത്തിൻ്റ ഗൃഹത്തിലെത്തി .
കൂടെ കൃഷ്ണനും ദേവിയും അവർക്കൊപ്പമുണ്ടായിരുന്നു
വിശ്വജിത്ത് അതിഥികളെ സ്വീകരിക്കുകയും ഭക്ഷണപാനീയങ്ങൾ കൊടുക്കുകയും ചെയ്തു കൊണ്ട് ആഗമന ഉദ്ദേശം ആരാഞ്ഞു
അവർ തങ്ങളുടെ കൃഷിയിൽ ഉണ്ടായ നഷ്ടത്തെക്കുറിച്ചും തുടർ കൃഷിക്കായി വായ്പാ ലഭിക്കാനായി വന്നതാണെന്നും അദ്ദേഹത്തോട് പറഞ്ഞു.
വിശ്വജിത്ത് അകത്ത് പോയി രണ്ട് പണക്കിഴി കൊണ്ടുവന്നു രണ്ടുപേർക്കുമായി കൊടുത്തുകൊണ്ട് പറഞ്ഞു
"ഈ പണം കൊണ്ടുപോയി കൃഷി ചെയ്തു കൊള്ളുക .
നന്നായി കൃഷി ചെയ്തു ലാഭം ഉണ്ടാക്കി ഈ പണം ഇവിടെ തിരിച്ചേല്പിക്കണം.. "
"തീർച്ചയായും ..ഞങ്ങൾ നന്നായി അധ്വാനിച്ച് കൃഷി ചെയ്ത് ഈ പണം ഇവിടെ തിരിച്ചേൽപ്പിക്കാം .. " കർഷകർ പറഞ്ഞു
"ആവശ്യത്തിന് പണം ലഭിച്ചതിനാൽ സന്തോഷമായില്ലേ ഇനിയും എന്താണ് നിങ്ങളുടെ മുഖത്ത് ഒരു വിഷമം ഉള്ളത് ?"
കർഷകരുടെ മുഖത്ത് കണ്ട ഉത്കണ്ഠയും വിഷമവും മനസ്സിലാക്കി വിശ്വജിത്ത് ചോദിച്ചു
പണം ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം സന്തോഷം ഉള്ളവരാണ്
എന്നാൽ ഈ നാട്ടിലെ മനുഷ്യരുടെ അവസ്ഥ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു..
അവർ പറഞ്ഞു
"ഈ നാട്ടിലെ ഏതു അവസ്ഥയാണ് നിങ്ങളെ വേദനിപ്പിച്ചത് ? "
വിശ്വജിത്ത് ചോദിച്ചു
ആ നാട്ടിലേക്ക് വന്നതും പാടത്ത് അച്ഛനെയും മകനെയും കണ്ടതും യുവാവിൻ്റെ ഭാര്യ ഭക്ഷണം കഴിച്ചതും ഉൾപ്പെടെ എല്ലാ സംഭവങ്ങളും ഗോപാലൻ
വിശ്വജിത്തിനോട് പറഞ്ഞു
"ഇത്രയും സ്നേഹം ഇല്ലാത്ത ഒരു മനുഷ്യരെ ഞങ്ങൾ ഇന്നുവരെ ഒരു നാട്ടിലും കണ്ടിട്ടില്ല ...മകൻ മരിച്ചു കിടക്കുമ്പോൾ അച്ഛൻ ജോലി ചെയ്യുന്നതും, ഭർത്താവ് മരിച്ചു എന്ന് കേട്ടപ്പോൾ അദ്ദേഹത്തിനുള്ള ഭക്ഷണം ഭാര്യ കഴിക്കുന്നതും
വളരെ വിചിത്രമായ സംഭവങ്ങൾ തന്നെ "
വിഷ്ണു വർദ്ധനൻ കൂട്ടി ചേർത്തു.
ഇത് കേട്ട ഉടനെ തന്നെ വിശ്വജിത്ത് അവർക്കായി കൊടുത്ത പണക്കിഴി അവരുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി ...
അത്ഭുതത്തോടെ ഈ പ്രവർത്തി കണ്ടുനിന്ന കർഷകരോട് ആയി വിശ്വജിത്ത് പറഞ്ഞു
"ഈശ്വരൻ നൽകിയ ജീവൻ
ഈശ്വരൻ തിരികെയെടുത്തപ്പോൾ
വൈകാരികമായി ഇടപെടണം
ദുഃഖം അനുഭവിക്കണം എന്ന് പറയുന്നവരാണ് നിങ്ങൾ...
ആ നിങ്ങൾക്ക് ഇന്ന് ഞാൻ തന്ന പണം നാളെ എനിക്ക് തിരിച്ചു തരാൻ
നിങ്ങളുടെ മനസ്സ് അനുവദിക്കില്ല...
നിങ്ങൾക്ക് പോകാം "
വിശ്വജിത്ത് പണവുമായി അകത്തേക്ക് നടന്നു
മഹാഭാരത യുദ്ധത്തിൻ്റെ ഭൂമിക തീരുമാനിച്ചു.....
കൃഷ്ണൻ ധ്യാനത്തിൽ നിന്നുണർന്നു' മനോഹരമായ ആ പുഞ്ചിരി വീണ്ടും ആ മുഖത്ത് വിടർന്നു.
അച്ഛനും മകനും കൃഷിചെയ്ത പാടം തന്നെയാവട്ടെ മഹാഭാരത യുദ്ധ ഭൂമി.....
ആത്മാവിലും ധർമ്മത്തിലും നിഷ്ഠയോടെ ജീവിക്കുന്ന , മക്കളോടോ സ്വത്തിനോടോ ജീവനോടോ മമതയില്ലാത്ത ജനത താമസിക്കുന്ന ഈ ഭൂമി തന്നെയാണ്
മഹാഭാരത യുദ്ധത്തിന്റെ വേദി....
അത് കുരുക്ഷേത്രം ആയിരുന്നു.......
ഈ കഥയ്ക്ക് ചരിത്രമോ പുരാണങ്ങേളോആയി യാതൊരു ബന്ധവുമില്ല കേവലം എൻറെ ഭാവന മാത്രമാണ്
ഡോ: ശ്രീനാഥ് കാരയാട്ട്
Classic story 🙏👌
ReplyDeleteGurunathan's imagination is really incredible!!!
Delete