Thursday, May 14, 2020

ടോട്ടൗ വിന്റെ ദ്വീപിലെ ജീവിതം

ടോട്ടൗവിന്റെ  ദ്വീപിലെ ജീവിതം

ആസ്ട്രേലിയൻ നഗരമായ ബ്രിസ്ബണിൽ കഴിഞ്ഞ ഒരാഴ്ചവരെ വലിയ ബഹളമേതുമില്ലാതെ സാധാരണ പോലെ കഴിയുകയായിരുന്നു സിയോൺ ഫിലിപ് ടോട്ടൗ . എന്നാൽ , ദ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തോടെ അദ്ദേഹം ആഗോളശ്രദ്ധ നേടുകയായിരുന്നു . ടോട്ടവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അഞ്ചുപേരും ഒരു വർഷത്തിലേറെക്കാലം ആരുമറിയാതെ ഒരു ദ്വീപിലകപ്പെട്ടുപോയ കഥയായിരുന്നു അത് . അതും ആ ആറുപേരുടെയും കൗമാരകാലത്തായിരുന്നു . സംഭവം നടന്നത് . 
ഇങ്ങനെയാണ് ആ കഥ .

1965 -ലാണ് , പസഫിക് രാജ്യമായ ടോംഗയിലെ തങ്ങളുടെ ബോർഡിംഗ് സ്കൂൾ ജീവിതം വിരസമായിത്തോന്നിയ ടോട്ടൗവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് ഒരു മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് ഒരു സാഹസിക യാത്രക്കിറങ്ങി . പ്രധാനകാരണം അവിടത്തെ ഭക്ഷണം ഇഷ്ടമില്ല എന്നതായിരുന്നു . ആറുപേരിൽ ഏറ്റവും മൂത്തയാൾക്ക് 16 വയസ്സും ഇളയ ആൾക്ക് 13 വയസ്സുമായിരുന്നു പ്രായം . 500 മൈൽ അകലെയുള്ള ഫിജിയിലേക്ക് രക്ഷപ്പെടണമെന്നായിരുന്നു ഇവരുടെ ആഗ്രഹം . എന്നാൽ , ഒരാൾക്കും സ്വന്തമായി
ബോട്ടില്ലതാനും  . അങ്ങനെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ഒരു മത്സ്യത്തൊഴിലാളിയുടെ ബോട്ട് മോഷ്ടിക്കാൻ തീരുമാനിക്കുന്നത് . ഒപ്പം രണ്ട് ചാക്ക് വാഴപ്പഴം , കുറച്ച് തേങ്ങ , ഒരു ഗ്യാസ് ബർണർ എന്നിവയും കരുതി . അങ്ങനെ യാത്ര ആരംഭിച്ചു . പക്ഷേ , ഒട്ടും പ്രതീക്ഷിക്കാത്തതാണ് സഭവിച്ചത് . ഒരു കൊടുങ്കാറ്റിൽ അവരുടെ ബോട്ട് നശിപ്പിക്കപ്പെട്ടു . എട്ട് ദിവസം അവർ കടലിലൂടെ ഒഴുകി നടന്നു . എട്ടാം ദിനം , അവർ ഒരു ദ്വീപിലെത്തിച്ചേർന്നു . ജനവാസമില്ലാത്ത , ഏതെന്നും , എന്തെന്നും അറിയാത്ത ഒരു ദ്വീപിൽ ... വെള്ളമോ ഭക്ഷണമോ ഇല്ലാത്ത എട്ടുദിവസം ... അവരഞ്ചുപേരും അവശരായിരുന്നു . ടോട്ടൗവാണ് ദൂരെ ദ്വീപ് കണ്ടത് . " Ata എന്ന് പേരായ ദ്വീപായിരുന്നു അത് . ടോട്ട ദ്വീപിലേക്ക് നീന്തി . നീന്താൻ പോലും പറ്റാത്തത്രയും അവശനായിരുന്നു അപ്പോൾ ടോട്ടൗ . കരയിലൂടെ ഇഴഞ്ഞിഴഞ്ഞാണ് അവർ ദ്വീപിലെത്തിയത് . ഓരോ ഉണങ്ങിയ പുല്ല് കാണുമ്പോഴും അതിൽ കിടക്കും , പിന്നെയും ഇഴഞ്ഞ് നീങ്ങും . ഒടുവിൽ ദ്വീപിലെത്തിയപ്പോൾ ഉള്ള ജീവനെടുത്ത് മറ്റുള്ളവരോടുകൂടി അങ്ങോട്ടെത്താൻ ടോട്ടൗ പറഞ്ഞു . അങ്ങനെ അവരെല്ലാവരും ദ്വീപിലെത്തിച്ചേർന്നു . ജീവനോടെ ഏതെങ്കിലും ഒരു കരയണഞ്ഞതിൽ അവർ ദൈവത്തോട് നന്ദി പറഞ്ഞു . എന്നാലും കുടിക്കാൻ പോലും അവർക്കൊന്നും കിട്ടിയിരുന്നില്ല . ഒടുവിൽ , അവർ കടൽപക്ഷികളെ വേട്ടയാടി , അതിന്റെ രക്തം കുടിച്ചു . പിന്നെ , എല്ലാവരും തളർന്നു വീണു . പിറ്റേന്ന് സൂര്യനുദിച്ച് വേയിലേൽക്കുംവരെ അവരാ ഉറക്കം തുടർന്നു .

ജീവൻ നിലനിർത്തണം അവിടെനിന്നും രക്ഷപ്പെടാൻ ഒരു വഴിയണയും വരെ കാത്തിരിക്കണം . ഒടുവിൽ , അതുവരെ ജീവിക്കാനുള്ളത് ആ ആറ് ആൺകുട്ടികളും ചേർന്ന് പ്ലാൻ ചെയ്ത് തുടങ്ങി . അവരൊരു ചെറിയ സമൂഹം പോലെ ജീവിച്ചു തുടങ്ങി . തോട്ടമുണ്ടാക്കി അതിൽ ഭക്ഷിക്കാനുള്ളത് നട്ടുണ്ടാക്കി . മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനമുണ്ടാക്കി , ഉള്ള സാധനങ്ങളെല്ലാം വെച്ച് ഒരു ജിംനേഷ്യം ഉണ്ടാക്കി , ബാഡ്മിന്റൺ കോർട്ടുണ്ടാക്കി എല്ലാം കൈകളുപയോ ഗിച്ചാണ് ഉണ്ടാക്കിയിരുന്നത് . രണ്ട് പേരുള്ള സംഘമായിട്ടാണ് അവർ ജോലികൾ ചെയ്തിരുന്നത് . അതിൽ അടുക്കള , തോട്ടം , ഗാർഡ് എന്നിങ്ങനെ കൃത്യമായ വിഭജനമുണ്ടായിരുന്നു . ഇടയ്ക്കെല്ലാം അവർ തമ്മിൽ വഴക്കുണ്ടായിരുന്നു . എന്നാൽ , അവർ തന്നെ അതെല്ലാം പരിഹരിച്ചു . അവരുടെ എല്ലാ ദിവസവും ആരംഭിച്ചിരുന്നത് പ്രാർത്ഥനയോടും പാട്ടോടും കൂടിയായിരുന്നു . അവസാനിക്കുന്നതും അങ്ങനെ തന്നെ . ഒരിക്കൽ കൂട്ടത്തിലൊരാൾ വീണ് കാല് പൊട്ടി .. അത് അവർക്ക് വല്ലാത്ത അവസ്ഥയായിരുന്നു . കൂട്ടുകാർ തന്നെ അവനെ പരിചരിച്ചു . ദ്വീപിൽനിന്നും രക്ഷപ്പെടാൻ ബോട്ടുണ്ടാക്കാനും അവർ ശ്രമിച്ചിരുന്നു . പക്ഷേ , നടന്നിരുന്നില്ല . മീൻ , തേങ്ങ , ചില പക്ഷികളുടെ മുട്ടയും ഇറച്ചിയും ഇവയൊക്കെ കഴിച്ചാണ് അവർ നിലനിന്നിരുന്നത് . അങ്ങനെ 15 മാസം കഴിഞ്ഞപ്പോഴാണ് സാഹസികയാത്ര നടത്താനിഷ്ടപ്പെട്ട പീറ്റർ വാർണർ അതുവഴി വന്നത് . ജനവാസമില്ലാത്ത ദ്വീപിൽ അസാധാരണത തോന്നിയിട്ടാണ് അദ്ദേഹം ശ്രദ്ധിച്ചത് . കൂട്ടത്തിൽ ഒരു കുട്ടി അദ്ദേഹത്തെ കണ്ടു . സഹായത്തിനായി വിളിച്ചുകൂവുകയായിരുന്നു . അവൻ ന ഗ്നനായിരുന്നു . മുടി ഒരുപാടൊരുപാട് നീണ്ടിട്ടുണ്ടായിരുന്നു . അവനുപിന്നാലെ മറ്റുള്ളവരും എത്തി . കാര്യങ്ങൾ വാർണറെ അറിയിച്ചു . വാർണറാകെ ഞെട്ടിപ്പോയി അവരുടെ കഥ കേട്ട് . എന്നാൽ , അവർ പറയുന്നത് സത്യമാണോ എന്നറിയാനായി വാർണർ അവരോട് ചില ചോദ്യങ്ങളെല്ലാം ചോദിച്ചു . അവർ കൃത്യമായ മറുപടി നൽകി . ഒടുവിൽ 15 മാസത്തിനുശേഷം വാർണറുടെ സഹായത്താൽ അവർ നാട്ടിൽ തിരികെയെത്തി . അപ്പോഴേക്കും അവരുടെ വീട്ടുകാർ അവരുടെ മരണാനന്തര ചടങ്ങുകൾ വരെ നടത്തിയിരുന്നു . ഈ അനുഭവം രസകരമല്ലേ എന്ന് ചോദിച്ചാൽ ടോട്ടൗവിന്റെ ഉത്തരം ഇതാണ് , നമ്മൾ പെട്ടിരുന്നത് ഏത് ദ്വീപിലാണെന്നോ , നമ്മുടെ വീട്ടുകാർ ഏതവസ്ഥയിലാണ് എന്നോ ഒന്നുമറിയാത്ത ജീവിതം അത്ര രസകരമല്ല എന്ന് . ഏതായാലും തിരികെയെത്തിയ ആറ് പേരും നേരെ പോയത് ജയിലിലേക്കാണ് . കാരണം മോഷ്ടിച്ച ബോട്ടിന്റെ ഉടമ കേസ് കൊടുത്തിരുന്നു . ഒടുവിൽ വാർണർ തന്നെയാണ് അവരെ ജയിലിൽ നിന്നിറക്കിയത് . ഇവരുടെ അനുഭവത്തെ അസ്പദമാക്കി പുസ്തകവും കുറിപ്പുകളും ഇറങ്ങിയിട്ടുണ്ട് . വാർണർ തന്നെ ഇവരുടെ അനുഭവങ്ങളെഴുതിയിട്ടുണ്ട് . ഏതായാലും ഈ ലോക്ക് ഡൗൺ കാലത്ത് അറിയാൻ പറ്റിയ ഏറ്റവും മികച്ച അനുഭവം തന്നെയാണ് ആറ് ആൺകുട്ടികളുടെ ആരുമറിയാതെയുള്ള ദ്വീപിലെ അങ്ങേയറ്റം കഠിനമായ ജീവിതം .

 ( ദ ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളോട് കടപ്പാട് ) . 

No comments:

Post a Comment