Thursday, May 21, 2020

തന്ത്ര ലഘുവിവരണം


Know about Tantra Shasrtra Ancient Hindu Spiritual Path of Moksha

'തന്യതെ വിസ്താര്യതെ ഇതി തന്ത്ര(മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം,വാമം,സമയം,ദിവ്യം,കൗളം തുടങ്ങി അഞ്ച് ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്.


ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.

തൻ എന്ന ധാതുവിൽ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തൻ എന്ന വാക്കിനു ഞാൻ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നൽകുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതിൽ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേൾക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേൾക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു.

ദക്ഷിണാചാരം
'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ'

ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദക്ഷിണാചാരക്കാർ ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവർ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു.

വാമചാരം

വാമാചാരികൾ ശക്ത്യാരാധനിയിൽ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാൽ തർപ്പണം (പൂജ ) ചെയ്യുന്നവരായതിനാലാണ് വാമാചാരികൾ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവർ. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂർണമായും ശക്തിയിൽ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികൾ ചെയ്യുന്നത്.

സമയാചാരം

'അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ'

ബാഹ്യാരാധനയിൽ നിന്ന് ഉൾവലിഞ്ഞ് ആന്തരികാരാധനയിൽ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയർത്തി അന്തർമുഖമായ സമയാചാരത്തിൽ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തർമുഖമായി ആരാധന ചെയ്യാൻ കഴിയുന്നവൻ ആരോ അവനാകുന്നു സമയാചാരി.
ദിവ്യാചാരം

ദക്ഷിണം, വാമം, സമയം എന്നിവയിൽകൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവിൽ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയിൽ അല്ലങ്കിൽ ഖേചരീ മുദ്രയിൽ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തിൽ എത്തുമ്പോൾ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു.


കൗളാചാരം

വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന.

'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ '

(മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുൻപിൽ പ്രകടിക്കപ്പെടുന്നു. എന്നാൽ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നിൽക്കുന്നു.)


ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഭാവചൂഡാമണിയിൽ കൗളന്റെ ലക്ഷണം ശിവൻ പാർവ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദർശിച്ചു ആ ആനന്ദാനുഭൂതിയിൽ പരിലസിക്കുന്നവനാണ് കൗളൻ '

സ്വച്ഛന്ദതന്ത്രത്തിൽ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാൽ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല-അകുല അഥവാ ശിവ-ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകൾ കൊണ്ട് ഉണർത്തി ഷഡാധാരങ്ങൾ വഴി മേൽപോട്ടുയർത്തി ശിരസിൽ സഹസ്രാര പത്മത്തിൽ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേർക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം.

No comments:

Post a Comment