Monday, May 11, 2020

താന്ത്രിക രതി (thantric sex)

രതിയുടെ താന്ത്രിക തലം
.......................................................
രണ്ടു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. രതിയിലെ  മൂർദ്ധന്യാവസ്ഥ അഥവാ ക്ലൈമാക്സ് രണ്ടുവിധത്തിലുണ്ട്. രണ്ടു തരം രതി മൂർച്ഛ. ഒന്ന്  പരക്കെ അറിയപ്പെടുന്നത്, അതായത് നിങ്ങൾ ഉത്തേജനത്തിന്റെ  കൊടുമുടിയിൽ എത്തുന്നു, അതിൽ കൂടുതൽ ഉത്തേജനം സാധ്യമല്ലാതാകുന്നു,സംഭോഗം പരിസമാപ്തിയിൽ എത്തുന്നു. ഉത്തേജനം നിങ്ങളുടെ ഇച്ഛക്ക് വിധേയമല്ലാതാവുന്ന  ഒരു ഘട്ടത്തിൽ, നിങ്ങൾക്കുള്ളിൽ ഊർജ്ജത്തിന്റെ ഒരു എടുത്തുചാട്ടം സംഭവിക്കുകയും, ഊർജ്ജം ബഹിർഗമിക്കുകയും  ചെയ്യുന്നു. നിങ്ങൾക്ക് ഒരു ശമനം ലഭിക്കുകയും ഭാരം ഇറക്കി വെച്ച പോലെ അനുഭവപ്പെടുകയും, തുടർന്ന് ഒരു വിശ്രാന്തി യിലേക്ക് അല്ലെങ്കിൽ ഉറക്കത്തിലേക്ക് നിങ്ങൾ വീണു പോവുകയും ചെയ്യുന്നു. 

 നിങ്ങൾ രതിയെ ഒരു  tranquilizer ( മനഃക്ഷോഭ ശമന ഔഷധം) പോലെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരുതരം സ്വാഭാവിക ഉറക്കഗുളിക പോലെ, തുടർന്ന് ഉറക്കം സംഭവിക്കുന്നു - നിങ്ങൾ മതപരാമായ  പ്രബോധനങ്ങളുടെ ഭാരം മനസ്സിൽ പേറുന്ന ഒരു വ്യക്തി അല്ലെങ്കിൽ മാത്രം. അതല്ല വിശ്വാസപ്രമാണങ്ങളും, സദാചാര സംഹിതകളും തലയിൽ ചുമന്നു നടക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഉറങ്ങാനും  സാധിക്കില്ല, കുറ്റബോധം കൊണ്ട് നിങ്ങൾ അസ്വസ്ഥനാകും. ഇനി ലൈംഗിക തൃഷ്ണക്ക് അടിപ്പെടില്ലെന്നു ശപഥമെടുത്തെന്നു വരും. മതവും, സദാചാര സിദ്ധാന്തങ്ങളും കൊണ്ട്  കളങ്കപ്പെട്ടിട്ടില്ലാത്ത  ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ലൈംഗികത നിങ്ങൾക്കൊരു, tranquilizer ആയി ഉപയോഗപ്പെടും. ഇതാണ് സാമാന്യേന അറിയപ്പെടുന്ന രതിമൂർച്ഛ. ഉത്തേജനത്തിന്റെ  ഉത്തുംഗാവസ്ഥയിലെത്തി  തിരികെ വരൽ.
 തന്ത്രയുടേത്  മറ്റൊരു തരത്തിലുള്ള രതിമൂർച്ഛയാണ്. ആദ്യത്തേതിനെ നമുക്ക് കൊടുമുടിയുടെ  രതിമൂർച്ഛ എന്ന് വിളിക്കാമെങ്കിൽ രണ്ടാമത്തേതിനെ നമുക്ക് താഴ്‌വരയുടെ രതിമൂർച്ഛ എന്ന് വിളിക്കാം. താന്ത്രിക സുരതക്രിയയിൽ നിങ്ങൾ ഉത്തേജനത്തിന്റെ ഉത്തുംഗ ശൃംഗത്തിലേക്കു   പോകുന്നില്ല, പകരം ആഴമുള്ള വിശ്രാന്തിയുടെ  താഴ്വരകളിൽ  വിഹരിക്കുന്നു. തുടക്കത്തിൽ ഇവ രണ്ടും ഒരുപോലെയാണ്, അതായത് ആരംഭത്തിനായി  ഉത്തേജനത്തെ  ഉപയോഗപ്പെടുത്തുന്നു. പക്ഷേ അവസാനത്തിൽ ഇവ രണ്ടും പാടെ വ്യത്യസ്തമാകുന്നു.നിങ്ങൾ പോവുന്നത്  ഉത്തേജനത്തിന്റെ  കൊടുമുടിയിലേക്കായിക്കൊള്ളട്ടെ, താഴ്‌വരയിലേക്കായിക്കൊള്ളട്ടെ, ഇവ രണ്ടിലും തുടക്കത്തിൽ ഉത്തേജനത്തെ  ഉപയോഗപ്പെടുത്തുന്നുണ്ട്.

 സാമാന്യേന  അറിയപ്പെടുന്ന രതിമൂർച്ഛയിൽ, രതിമൂർച്ഛയെ കൂടുതൽ കൂടുതൽ തീവ്രമാക്കി അതിന്റെ  മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു. എന്നാൽ തന്ത്രയുടെ രതിയിൽ  ഉത്തേജനം ഒരു ആരംഭം മാത്രമാണ്. പുരുഷൻ സ്ത്രീയിൽ പ്രവേശിച്ചുകഴിഞ്ഞാൽ കമിതാക്കൾക്കിരുപേർക്കും  വിശ്രമിക്കാം.ചലനത്തിന്റെ  ആവശ്യമില്ല. പ്രണയബദ്ധമായ  ഒരു ആലിംഗനത്തിന്റെ   വിശ്രാന്തി അനുഭവിക്കാം. ഉദ്ധാരണം നഷ്ടപ്പെടുന്നു എന്ന് തോന്നുന്ന പക്ഷം - അങ്ങനെ തോന്നുമ്പോൾ മാത്രം, ആവശ്യത്തിന് ചലനവും അതിനുവേണ്ട ഉത്തേജനവുമാവാം. ആവശ്യത്തിന് ഉത്തേജനമായി കഴിഞ്ഞാൽ വീണ്ടും വിശ്രാന്തി. ആഴത്തിലുള്ള ഈ ആലിംഗനം നിങ്ങൾക്ക് മണിക്കൂറുകളോളം തുടരാം, സ്ഖലനം  സംഭവിക്കാതെ. ഇത് താഴ്വരയുടെ രതിമൂർച്ഛയാണ്. സ്‌ഖലനമില്ലാത്ത രതിമൂർച്ച. രണ്ടുപേരും വിശ്രാന്തിയിലാണ്. വിശ്രാന്തിയിൽ ഉള്ള രണ്ടുപേരുടെ സംഗമം.

 സാധാരണ സുരത കർമ്മത്തിൽ നിങ്ങൾ ഉത്തേജിതരായ രണ്ടുപേരായാണ് സമാഗമിക്കുന്നത്- ഊർജ്ജത്തിന്റെ  ഭാരം ഒഴിക്കാൻ ശ്രമിക്കുന്ന രണ്ടുപേർ. സാധാരണ രതിമൂർച്ഛ  ഭ്രാന്ത് പോലെയാണ് കാണപ്പെടുന്നത്. എന്നാൽ താന്ത്രികമായ രതിമൂർച്ച ധ്യാനാത്മകമായ വിശ്രാന്തിയാണ്. അതുകൊണ്ടുതന്നെ എത്ര തവണ സംഭോഗത്തിൽ ഏർപ്പെടാം എന്ന ഒരു ചോദ്യം അവിടെ ഉയരുന്നില്ല.എത്ര വേണമെങ്കിലുമാവാം.  കാരണം അവിടെ ഊർജ്ജ ക്ഷയം  സംഭവിക്കുന്നില്ല,ഊർജ്ജ വൃദ്ധി സംഭവിക്കുന്നുണ്ട് താനും. 

 ഒരുപക്ഷേ ഇതിനെ കുറിച്ചുള്ള അവബോധം ഇപ്പോൾ നിങ്ങൾക്കുണ്ടാവില്ല,ഇത് bio energy യുമായി ബന്ധപ്പെട്ട ഒരു വസ്തുതയാണ്. സ്ത്രീയും പുരുഷനും വിരുദ്ധ ശക്തികളാണ്. നെഗറ്റീവ്-പോസിറ്റീവ് എന്നോ യിൻ-യാങ്  എന്നോ,എന്തുപേരിട്ടു നിങ്ങൾ വിളിച്ചാലും അവ പരസ്പരം വെല്ലുവിളി ഉയർത്തുന്ന ഊർജ്ജത്തിന്റെ രണ്ടു ധ്രുവങ്ങളാണ്. എന്നാൽ അഗാധമായ വിശ്രാന്തിയിൽ  അവ സംഗമിക്കുമ്പോൾ,അവ  പരസ്പരം പുതുജീവൻ നൽകുന്നു, പ്രസരിപ്പ് ഉണ്ടാക്കുന്നു, പരസ്പരം ദീപ്തമാക്കുന്നു. വിരുദ്ധ ധ്രുവങ്ങളുടെ സംഗമത്തിലൂടെ ഊർജ്ജം നവീകരിക്കപ്പെടുന്നു. 

 താന്ത്രിക രതി എത്ര വേണമെങ്കിലും നിങ്ങൾക്ക്  ഏർപ്പെടാവുന്നതാണ്. സാധാരണ രതി നിങ്ങൾക്ക് അത്രയധികം തവണ സാധ്യമല്ല. കാരണം അതിൽ നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുന്നുണ്ട്. ശരീരത്തിന് ഊർജ്ജം തിരിച്ചു കിട്ടാനായി കാത്തിരിക്കേണ്ടി വരും. ഊർജ്ജം തിരികെ കിട്ടുമ്പോൾ നിങ്ങൾ വീണ്ടും അത് നഷ്ടപ്പെടുത്തുന്നു. ഊർജ്ജം നഷ്ടപ്പെടുത്തുന്നു, വീണ്ടും ആർജ്ജിക്കുന്നു,  അത് വീണ്ടും കളയുന്നു, ഇത് തുടരുന്നു. ഇത് വിഡ്ഢിത്തമായി തോന്നുന്നില്ലേ? നിങ്ങളുടെ മുഴുവൻ ജീവിതവും നേടുന്നതിലും,  നഷ്ടപ്പെടുന്നതിലും, വീണ്ടും നേടുന്നതിലും  വീണ്ടും നഷ്ടപ്പെടുന്നതിലും  തീരുന്നു. ഒരു ഒഴിയാബാധപോലെ. 

 മറ്റൊരു കാര്യം, നിങ്ങൾ മൃഗങ്ങളെ നിരീക്ഷിക്കുകയാണെങ്കിൽ, അവ ഒരിക്കലും ഇണചേരൽ ആസ്വദിക്കുന്നതായി കാണാനാവില്ല. മൃഗങ്ങൾ അത്  യാന്ത്രികമായി ചെയ്യുന്നു എന്ന് മാത്രം,  പ്രകൃതി അവരെ നിർബന്ധിക്കുന്നത് മൂലം. ഇണചേരലിനു  ശേഷം അവ വേർപെടുന്നു. നിങ്ങൾ കുരങ്ങുകൾ ഇണ ചേരുന്നത് കണ്ടിട്ടുണ്ടോ? ഇണചേരലിനു  ശേഷം അവ പിരിഞ്ഞു പോകുന്നു, ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ. ഊർജ്ജം ഒരുപാടാകുമ്പോൾ അത് വലിച്ചെറിയാൻ വേണ്ടി മാത്രം,  ഒരു നിർബന്ധിത പ്രേരണക്കു  വിധേയമായി അവ പ്രസ്തുത  പ്രവർത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

 മനുഷ്യന്റെ സാധാരണ ലൈംഗിക വേഴ്ചയും ഇതുപോലെ തന്നെയാണ്. പക്ഷേ സദാചാരവാദികൾ നേരെ തിരിച്ചാണ് പറയാറുള്ളത്. അവർ പറയും "വിനോദിക്കരുത്,  ഇതിൽ ആഹ്ലാദിക്കരുത്,  അതൊക്കെ മൃഗങ്ങളുടെ രീതിയാണ്  എന്ന്.  സദാചാരവാദികൾ ആ പറയുന്നത് തികച്ചും തെറ്റാണ്, മൃഗങ്ങൾ ഒരിക്കലും ഇണചേരൽ ആസ്വദിക്കുന്നില്ല. മനുഷ്യനുമാത്രമേ മൈഥുനം ആസ്വദിക്കാനാവൂ. നിങ്ങൾ എത്രകണ്ട് ആഴത്തിൽ ആസ്വദിക്കുന്നുവോ അത്രകണ്ട് ഔന്നത്യത്തിലുള്ള മാനവികത  ജന്മം കൊള്ളുന്നു. നിങ്ങളുടെ രതിക്രീഡ ധ്യാനാത്മകമാകുമ്പോൾ ഔന്നത്യത്തിന്റെ  പാരമ്യത്തിലെത്തുന്നു. പക്ഷെ ഓർക്കുക തന്ത്രയുടെത്  താഴ്വരകളുടെ രതിമൂർച്ഛയാണ്,കൊടുമുടികളുടേതല്ല. 

 പടിഞ്ഞാറിൽ അബ്രഹാം മാസ്ലോ ആണ് "Peak Experience " എന്ന പ്രയോഗം പ്രശസ്തമാക്കിയത്. നിങ്ങൾ ഉത്തേജനത്തിന്റെ  കൊടുമുടിയിലേക്ക് പോകുന്നു,  എന്നിട്ട് അവിടെ നിന്ന് താഴേക്ക് വീഴുന്നു. അതുകൊണ്ടാണ് ഓരോ സംഭോഗത്തിനും ശേഷം നിങ്ങൾക്ക് ഒരുതരം "പതനം"  അനുഭവപ്പെടുന്നത്. അത് സ്വാഭാവികമാണ്.നിങ്ങൾ കൊടുമുടിയിൽ നിന്നും താഴേക്ക് പതിക്കുന്നു. എന്നാൽ ഒരു താന്ത്രിക സുരതത്തിൽ നിങ്ങൾക്ക് ഒരിക്കലും അത്തരമൊരു "പതനം"  അനുഭവപ്പെടില്ല. നിങ്ങൾ താഴ്വരയിൽ തന്നെ ആയതു കൊണ്ട് നിങ്ങൾക്ക് എങ്ങോട്ടും വീഴാനില്ല, ഉയരാനെ ഉള്ളു. 
 താന്ത്രിക രതിക്രീഡക്കുശേഷം നിങ്ങൾക്ക് ഒരു നിറവ് അനുഭവപ്പെടുന്നു. നിങ്ങളുടെ ഊർജ്ജ മണ്ഡലം സജീവവും സചേതനവും ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് ആകെ ഒരു ഹർഷോന്മാദം അനുഭവപ്പെടുന്നു,  അത് ദിവസങ്ങളോളം നീണ്ടു നിൽക്കുന്നു.അത് നിങ്ങൾ അതിൽ എത്ര ആഴത്തിൽ ചെന്നിട്ടുണ്ട്  എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ സ്ഖലനം ഒരു ഊർജ്ജ വ്യയം  മാത്രമാണെന്ന്  നിങ്ങൾ തിരിച്ചറിയുന്നു. ഗർഭധാരണം ഉദ്ദേശിക്കുന്നില്ലെങ്കിൽ സ്‌ഖലനത്തിന്റെ യാതൊരു ആവശ്യവുമില്ല. താന്ത്രിക രതിക്രീഡ നിങ്ങളെ അക്ഷോഭ്യരും, ആയാസരഹിതരും, വിഷാദമോ വിദ്വേഷമോ ഇല്ലാത്തവരും ആക്കി തീർക്കുന്നു. ഇത്തരക്കാർ മറ്റുള്ളവർക്ക് ഒരിക്കലും അപകടമാവുകയില്ല. 

ഓഷോ

No comments:

Post a Comment