ധ്യാനത്തിന്റ രീതി
ധ്യാനമെന്നാൽ ജാഗരൂകത, ജാഗ്രത എന്നാണർത്ഥം. നിങ്ങൾ അറിവോടെ ചെയ്യുന്നതെന്തും ധ്യാനമാണ്. പ്രശ്നം പ്രവൃത്തിയല്ല. പ്രവൃത്തിയിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ഉണർവ്വ്. അതാണ് പ്രശ്നം. നടക്കുന്നതുപോലും ധ്യാനമാകാം, നടത്തത്തിൽ നിങ്ങൾ ജാഗ്രത കൈവരിക്കുമെങ്കിൽ. ബോധപൂർവ്വം, ഉണർവ്വോടെ ഇരിക്കാൻ കഴിയുമെങ്കിൽ ഇരിപ്പും ധ്യാനമാണ്, പക്ഷികളുടെ കൂജനം ശ്രെദ്ധിക്കുമ്പോൾ നിങ്ങൾക്ക് തിരിച്ചറിവുണ്ടെങ്കിൽ അതും ധ്യാനമാണ്. നിങ്ങളുടെ അന്തഃകരണത്തിലേക്കിറങ്ങുന്നതും ധ്യാനമാകാം, നിങ്ങൾ ജാഗ്രതയോടെയും അവബോധത്തോടെയും ആണ് അത് ചെയ്യുന്നതെങ്കിൽ. ഇപ്പറഞ്ഞതിന്റ ആകെത്തുക നിങ്ങൾ നിദ്രയിൽ ചലിക്കുകയാവരുത് എന്നതാണ് എന്നാൽ നിങ്ങൾ ചെയ്യുന്നതെന്തും ധ്യാനമായിരിക്കും.
ജാഗ്രതയുടെ ആദ്യപടി ശരീരത്തെക്കുറിച്ച് ശ്രെദ്ധയുണ്ടായിരിക്കുക എന്നതാണ്. പതുക്കെ പതുക്കെ നമ്മുടെ ഓരോ ചേഷ്ടയെക്കുറിച്ചും ചലനത്തെക്കുറിച്ചും നാം ജാഗ്രതയുള്ളവരാകും. നിങ്ങൾ കരുതലുള്ളവരാകുമ്പോൾ ഒരു അത്ഭുതം സംഭവിച്ചുതുടങ്ങും : മുൻപ് നിങ്ങൾ ചെയ്തിരുന്ന പലതും അപ്രത്യക്ഷമാകും, ശരീരം കൂടുതൽ വിശ്രമാവസ്ഥയിലാകും. ശരീരം കൂടുതൽ ലയാവസ്ഥയിലാകും. ശരീരത്തിൽ പോലും ഒരു ഗാഢമായ ശാന്തി അനുഭവപ്പെട്ടുതുടങ്ങും ശരീരത്തിൽ ലോലമായൊരു സംഗീതം സ്പന്ദിക്കാൻ തുടങ്ങും
അപ്പോൾ സ്വന്തം ചിന്തകളെക്കുറിച്ച് ബോധവാന്മാരാകുക ; അതുതന്നെയാണ് ചിന്തയെക്കുറിച്ചും ചെയ്യേണ്ടത്. അവ ശരീരത്തെക്കാൾ സൂക്ഷ്മവും ലോലവുമാണ് ; അതുകൊണ്ടുതന്നെ ആപൽക്കരവും. നിങ്ങൾ സ്വന്തം ചിന്തകളെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, നമുക്കുള്ളിലെന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് നിങ്ങൾ അത്ഭുതം കൂറും. ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നത് എഴുതിവയ്ക്കുകയാണെങ്കിൽ നിങ്ങൾക്കുതന്നെ അത് വലിയൊരാശ്ചര്യമായിരിക്കും. നിങ്ങൾക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്കുതന്നെ പ്രയാസമാകും.
എന്നിട്ട് പത്തുമിനിറ്റ് കഴിഞ്ഞു അതൊന്ന് വായിച്ചുനോക്കു -- നിങ്ങൾക്കുള്ളിലുള്ളത് ഭ്രാന്തമായ ഒരു മനസ്സാണെന്ന് നിങ്ങൾ കണ്ടെത്തും ! നമ്മൾ ജാഗരൂകരല്ലാത്തതുകൊണ്ട് ഈ ഭ്രാന്തത്രയും ഒരന്തർധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ചെയ്യുന്ന എന്തിനെയും അത് സ്വാധീനിക്കുന്നു. അതെല്ലാറ്റിനേയും സ്വാധീനിക്കുന്നു. അതിന്റെ ആകെത്തുകയാണ് നിങ്ങളുടെ ജീവിതമായിത്തീരുന്നത് ! അതുകൊണ്ട് ഈ ഭ്രാന്തിനെ മാറ്റിയെടുക്കണം ജാഗ്രതയുടെ അത്ഭുതരഹസ്യം, നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, ബോധവാനായിരുന്നാൽ മാത്രം മതി എന്നുള്ളതാണ്.
ശ്രെദ്ധിക്കുക എന്ന പ്രതിഭാസം തന്നെ അതിനെ മാറ്റിയെടുക്കും. പതുക്കെ പതുക്കെ ഭ്രാന്തൻ അപ്രത്യക്ഷമാകുന്നു. പതുക്കെ പതുക്കെ ചിന്തകൾക്ക് ഒരുതരം ഐക്യരൂപം കൈവരുന്നു. അവയുടെ അവ്യവസ്ഥ ഇല്ലാതാകുന്നു ; അവ കൂടുതൽ കൂടുതൽ സുസംഘടിതമാകുന്നു. അതോടൊപ്പം ഗാഢമായ ഒരു ശാന്തി ബലപ്പെട്ടുവരുന്നു, മുൻകൈ ആർജ്ജിക്കുന്നു. ശരീരവും മനസ്സും ശാന്തമാകുമ്പോൾ അവയ്ക്ക് തമ്മിൽ ഒരു ലയം ഉണ്ടാകുന്നതായും അവതമ്മിൽ പരസ്പരബന്ധമുള്ളതായും അനുഭവപ്പെടും. ഇപ്പോഴവ വ്യത്യസ്ത ലക്ഷ്യങ്ങളിൽ സഞ്ചരിക്കുകയല്ല. ആദ്യമായി നിങ്ങൾ സ്വരൈക്യവും ചിട്ടയും അറിയുന്നു. ആ സ്വരൈക്യം മൂന്നാമത്തെ പടിയിലേക്ക് ചെന്നെത്തുവാൻ അത്യധികം സഹായിക്കുന്നു. അതായത് അനുഭൂതികൾ, വികാരങ്ങൾ, മാനസികാവസ്ഥകൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാകുക.
അതാണ് ഏറ്റവും സൂക്ഷ്മവും വിഷമകരവുമായ തലം. എന്നാൽ ചിന്തകളെകുറിച്ച് അവബോധമുണ്ടാകുന്നുവെങ്കിൽ ഒരൊറ്റ പടികൂടിയേ ഇനി അവശേഷിക്കുന്നുള്ളൂ. അല്പം കൂടി ഗാഢമായ അവബോധമാണാവശ്യം. അപ്പോൾ നിങ്ങൾക്കു സ്വന്തം മാനസികാവസ്ഥകളെയും, സ്വന്തം വികാരങ്ങളെയും, സ്വന്തം അനുഭൂതികളെയും പ്രതിഫലിപ്പിക്കാൻ കഴിയും. ഒരിക്കൽ ഈ മൂന്നിനേയും കുറിച്ച് ബോധവാനാകുമ്പോൾ അവയെല്ലാമൊന്നിച്ച് ഒരു പ്രതിഭാസമായി മാറും. ഇവ മൂന്നും ഒന്നിച്ച് സമഞ്ജസമായി പ്രവൃത്തിക്കുമ്പോൾ, ഒന്നിച്ചൊരു ലയവും ശ്രുതിയുമായി മാറുമ്പോൾ, മൂന്നിന്റേയും സംഗീതം നിങ്ങൾക്ക് അനുഭവവേദ്യമാകും ; അവ ഒരു സ്വരരാഗസുധയായി മാറും ; അപ്പോഴേ നിങ്ങൾക്ക് പ്രവൃത്തിക്കുവാനാകാത്ത നാലാമത്തെ കാര്യം സംഭവിക്കുകയുള്ളൂ. അത് സ്വയമേവ വരേണ്ടതാണ്. എല്ലാറ്റിന്റെയും ഐക്യത്തിൽ നിന്ന് ഉത്ഭൂതമാകുന്നതാണത്. ഇത് മൂന്നും സാധിച്ചവർക്കുള്ള ഒരു സമ്മാനമാകുന്നു അത്.
നാലാമത്തേത് നിങ്ങളെ പ്രബുദ്ധനാക്കുന്ന ആത്യന്തികമായ അവബോധമാണ് -- സ്വന്തം അവബോധത്തെക്കുറിച്ച് ഒരുവൻ ബോധവാനാകുന്നു. അത് നിങ്ങളെ ബുദ്ധന്റെ അവസ്ഥയിലെത്തിക്കുന്നു. ആ ബോധോദയത്തിൽ മാത്രമേ നിങ്ങൾക്ക് പരമാനന്ദം എന്തെന്നറിയാനാവൂ. ശരീരം സുഖത്തെയറിയുന്നു. മനസ്സ് സന്തോഷത്തെയറിയുന്നു, ഹൃദയം ആഹ്ലാദത്തെയറിയുന്നു, നാലാമത്തെ അവസ്ഥ പരമാനന്ദമറിയുന്നു, ഈ പരമാനന്ദമാണ് സന്യാസത്തിന്റ സാധനയുടെ ലക്ഷ്യം. അതിലേക്കുള്ള പാതയാണ് അവബോധം.
മുഖ്യമായ കാര്യം നിങ്ങൾ ശ്രദ്ധാലുവാണ് എന്നതത്രേ : നിങ്ങൾ ശ്രെദ്ധിക്കാൻ മറക്കുന്നില്ലെന്നത്, നിങ്ങൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നത്. ക്രമേണ നിരീക്ഷകൻ കൂടുതൽ കൂടുതൽ സാന്ദ്രതയാർജിക്കുമ്പോൾ, സ്ഥിരബുദ്ധിയാവുമ്പോൾ, അചഞ്ചലനാവുമ്പോൾ, ഒരു വമ്പിച്ച പരിവർത്തനം വന്നുചേരുന്നു. നിങ്ങൾ ശ്രെദ്ധിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അപ്രത്യക്ഷമാവുന്നു.
ആദ്യമായി നിരീക്ഷകൻ തന്നെ നിരീക്ഷണവിധേയമാകുന്നു. ശ്രദ്ധാലുതന്നെ ശ്രദ്ധാകേന്ദ്രമാവുന്നു നിങ്ങൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നു.
ഓഷോ
No comments:
Post a Comment